അപോഫിസ് വന്നുപോകും… ആശങ്ക വേണ്ട
350 മീറ്ററോളം വലിപ്പം വരുന്ന ഒരു വലിയ പാറക്കല്ല്. പ്രത്യേകതയെന്തെന്നാൽ അത് ഭൂമിയിലല്ല. മറിച്ച് ബഹിരാകാശത്തൂകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 2004ൽ കണ്ടുപിടിക്കപ്പെട്ട അപോഫിസ് (99942 Apophis) എന്ന ഈ കല്ലാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. അപോഫിസ് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യത കൂടുതലാണെന്നൊക്കെ പല മാധ്യമങ്ങലും വാർത്ത പ്രസിദ്ധീകരിച്ചു. അപോഫിസിന്റെ വരവിൽ നമ്മൾ ആശങ്കപ്പെടേണ്ടതുണ്ടോ ?
അപോഫിസിന്റെ കഥ
എന്തായാലും നമുക്ക് അപോഫിസിന്റെ കഥകളിലേക്കു വരാം. 2004 ജൂണിലാണ് അപോഫിസിന്റെ കണ്ടുപിടുത്തം. അമേരിക്കയിലെ കിറ്റ് പീക്ക് നാഷണൽ ഒബ്‌സർവേറ്ററിയിലെ ചില ശാസ്ത്രജ്ഞരായിരുന്നു ഈ കണ്ടെത്തലിനു പുറകിൽ. 2004 ഡിസംബറിൽ ഈ കല്ല് ഭൂമിയിൽനിന്ന് 1.4കോടി കിലോമീറ്റർ അകലെക്കൂടി കടന്നുപോയി. അന്നു മുതൽ ഈ പാറക്കല്ലിന്റെ സഞ്ചാരപാതയെ സയന്റിസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൃത്യമായ പാത കണ്ടെത്താൻ പക്ഷേ വളരെ ബുദ്ധിമുട്ടായിരുന്നു എന്നു മാത്രം. അവസാനം 2021 മാർച്ചിൽ നടത്തിയ നിരീക്ഷണമാണ് അപോഫിസിന്റെ പാത കൂടുതൽ കൃത്യതയോടെ നിർണ്ണയിക്കാൻ സഹായിച്ചത്. അതോടുകൂടി ഒരു കാര്യം വ്യക്തമായി. അടുത്ത ഒരു നൂറ്റാണ്ടെങ്കിലും അപോഫിസ് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കുറവാണ്.
2028–2029 വർഷത്തെ പാത – അനിമേഷൻ
🟨 സൂര്യൻ· 🟦 ഭൂമി 🟪 99942 അപോഫിസ് 🟧 ചന്ദ്രൻ
2029ൽ ഭൂമിയുമായി അടുത്തു വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽപ്പോലും കൂട്ടിയിടിക്കുള്ള സാധ്യത ശാസ്ത്രജ്ഞർതന്നെ തള്ളിക്കളയുന്നു. അന്ന് ഭൂമിയുടെ ഉപരിതലത്തിൽനിന്ന് മുപ്പതിനായിരം കിലോമീറ്ററിൽ കുറയാത്ത അകലത്തിലൂടെ അപോഫിസ് കടന്നുപോകും. ഇത് പക്ഷേ അത്ര നിസ്സാരമായി കാണാവുന്ന അകലമല്ല. ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ അടുത്തുകൂടിയാവും അന്ന് അപോഫിസ് കടന്നുപോവുക. ഇത്ര വലിയ വസ്തു ഭൂമിയുടെ ഇത്രയും അടുത്തുകൂടി കടന്നുപോകുന്നത് നിലവിലെ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം അത്യപൂർവമായ കാഴ്ചയാണ്.
ഭൂമിയുമായി കൂട്ടിയിടിക്കുമോ ?
നിലവിൽ കണക്കാക്കിയിരിക്കുന്ന പാതയിൽ സഞ്ചരിച്ചാൽ അപോഫിസ് ഭൂമിക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കാതെ കടന്നുപോകും. എന്നാൽ മറ്റേതെങ്കിലും ചെറിയ പാറക്കല്ലുകളുമായി അപോഫിസ് അതിനു മുമ്പ് കൂട്ടിയിടിച്ചാൽ അതിന്റെ സഞ്ചാരപാതയ്ക്ക് വ്യതിയാനം വന്നേക്കാം. ആ പുതിയ പാത ഒരു പക്ഷേ ഭൂമിക്ക് കൂടുതൽ അകലെക്കൂടിയാവാം. അല്ലെങ്കിൽ ഭൂമിയോട് കൂടുതൽ അടുത്തുകൂടിയും ആവാം. ഒരുപക്ഷേ ഭൂമിയുമായി കൂട്ടിയിടിക്കാനും മതി. പക്ഷേ ഇതിനുള്ള സാധ്യത വളരെ വളരെ വിരളമാണ് എന്നു മാത്രം. ഈ അതിവിരളമായ സാധ്യതയെ മുൻനിർത്തിയാണ് ഇപ്പോഴുള്ള കോലാഹലം മുഴുവൻ. ഒരു കാര്യം എന്തായാലും ഉറപ്പാണ്. നിലവിലുള്ള പാതയിൽക്കൂടി കടന്നുപോയാൽപ്പോലും ലോകത്തുള്ള മുഴുവൻ ജ്യോതിശാസ്ത്രജ്ഞർക്കും അതൊരു അത്യപൂർവ പഠനാവസരമായിരിക്കും.
ഉൽക്കകൾ
ഭൂമിക്കു പുറത്ത് ബഹിരാകാശത്തുകൂടി പല വലുപ്പത്തിലുള്ള നിരവധി കല്ലുകളും മറ്റും നിരന്തരം സഞ്ചരിക്കുന്നുണ്ട് എന്നറിയാമോ? ഉൽക്കകൾ എന്നാണ് ഇവയെ പൊതുവിൽ വിളിക്കുക. ഉൽക്കകൾ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് വലിയ പാറക്കല്ലുകളാവും ആവും. പക്ഷേ ബഹുഭൂരിപക്ഷം ഉൽക്കകൾക്കും വലിയ വലിപ്പമൊന്നും ഇല്ല. മൺതരിയെക്കാൾ വലിപ്പം കുറഞ്ഞ കുഞ്ഞുതരികളാണു കൂടുതലും. എന്തിനേറെ കണ്ണുകൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതായ മൈക്രോ ഉൽക്കകൾവരെയുണ്ട്. ഇവയെ സ്‌പേസ് ഡസ്റ്റ് അഥവാ ബഹിരാകാശത്തെ പൊടി എന്നു വിളിക്കുന്നതാണ് കൂടുതൽ അഭികാമ്യം എന്നേയുള്ളൂ.
എന്തായാലും മൈക്രോമീറ്റർ മുതൽ കിലോമീറ്ററുകൾ വലിപ്പമുള്ള പാറക്കല്ലുകളാണ് ബഹിരാകാശത്തുകൂടി ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിക്കുന്നത്. ചിലത് സൂര്യനെ ചുറ്റിയാവും സഞ്ചാരം, ചിലതാകട്ടേ ഭൂമിയെ ചുറ്റിയും. ഇതല്ലാതെ ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും ചുറ്റിസഞ്ചരിക്കുന്ന വസ്തുക്കളും അനേകമുണ്ട്. ബഹിരാകാശത്തിലൂടെ ഇങ്ങനെയുള്ള സഞ്ചാരത്തിനിടയിൽ ഇവയിൽ പലതും ഭൂമിക്കരികിലൂടെ കടന്നുപോകാറുണ്ട്. ചിലതാകട്ടേ ഭൂമിയുമായി കൂട്ടിയിടിക്കാറുമുണ്ട്. രസകരമായ കാര്യമെന്തെന്നാൽ ഇത്തരം കൂട്ടിയിടികളില്ലാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല എന്നതാണ്. പക്ഷേ ഇവയിൽ ബഹുഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തിച്ചേരാറില്ല. അന്തരീക്ഷത്തിൽവച്ചുതന്നെ ഇവ കത്തിയമർന്നുപോകും. രാത്രിയാകാശം നിരീക്ഷിക്കുന്നവർക്ക് ഇങ്ങനെ കത്തിയമരുന്ന ചെറുകല്ലുകളെ എല്ലാ ദിവസവും കാണാനാകും.
സംഗതി വളരെ ചെറുതാണെങ്കിലും വലിയ ഊർജ്ജം വഹിക്കുന്നവയാണ് ഉൽക്കകൾ. വലിപ്പമല്ല, മറിച്ച് വേഗതയാണ് ഇവയ്ക്ക് ഊർജ്ജം നൽകുന്നത്. സെക്കൻഡിൽ 70കിലോമീറ്റർവരെയൊക്കെ വേഗതയിൽ സഞ്ചരിക്കുന്ന പാറക്കല്ലുകളുണ്ട്. ഇവയുടെ ഊർജ്ജത്തെക്കുറിച്ച് ഏകദേശധാരണ കിട്ടാൻ ഒരു കണക്കു പറയാം. സെക്കൻഡിൽ ഇരുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു പൊടിത്തരിയെ പരിഗണിക്കാം. ഒരു ഗ്രാമിന്റെ ആയിരത്തിൽ ഒരു അംശം മാത്രമേ ഈ പൊടിക്ക് മാസുള്ളൂ. പക്ഷേ അതിന്റെ ഊർജ്ജം വളരെ വലുതാണ്. 200ജൂൾ ഊർജ്ജവും പേറിയാണ് അത്തരമൊരു കണിക സഞ്ചരിക്കുക. ഇരുന്നൂറ് ജൂൾ എന്നാൽ എത്രത്തോളം ഊർജ്ജം വരുമെന്ന് അറിയാമോ? ഒരു ഉദാഹരണം പറയാം. 2 കിലോഗ്രാം ഉള്ള ഒരു കല്ല് പത്തു മീറ്റർ മുകളിൽനിന്നും നമ്മുടെ കാലിലേക്ക് ഒന്ന് ഇട്ടുനോക്കൂ. നല്ല രസമുണ്ടാകും ല്ലേ! ഏതാണ്ട് 200ജൂൾ ഊർജ്ജമുണ്ടായിരുന്ന കല്ലാണ് നിങ്ങളുടെ കാലിൽ വന്നു വീണത്. അതേ ഇംപാക്റ്റ് ഉണ്ടാക്കാൻ ഒരു ഗ്രാമിന്റെ ആയിരത്തിൽ ഒരംശം മാസുള്ള ഒരു ഉൽക്കയ്ക്കു കഴിയും എന്നു ചുരുക്കം! ഒരു ഗ്രാം മാസുള്ള ഉൽക്കയാണെങ്കിലോ? 2000കിലോഗ്രാം കല്ല് പത്തു മീറ്റർ മുകളിൽനിന്ന് വീണാലുള്ള ഊർജ്ജം! അപ്പോൾ 6.1×1010 kg മാസും സെക്കൻഡിൽ 30 കിലോമീറ്റർ വേഗതയുമുള്ള അപോഫിസിന്റെ ഊർജ്ജം എത്ര വലുതായിരിക്കും. ഭൂമിയുമായി കൂട്ടിയിടിച്ചാൽ ഉള്ള അവസ്ഥ ചിന്തിക്കാൻപോലുമാവില്ല!
ബഹിരാകാശത്തുകൂടി സഞ്ചരിക്കുന്ന വസ്തുക്കൾക്ക് ചെറിയ കേടുപാടുകൾ ഒക്കെ ഉണ്ടാക്കാൻ മണൽത്തരിയുടെ വലിപ്പമുള്ള ഒരു ഉൽക്കയുടെ കൂട്ടിയിടി മതി. ബഹിരാകാശപേടകങ്ങളുടെ ഗ്ലാസ് മുതൽ ലോഹം വരെയുള്ള എന്തിലും സുഷിരങ്ങൾ സൃഷ്ടിക്കാൻപോലും ഇത്തരം മൈക്രോ ഉൽക്കകൾക്കാവും.
രസകരമായ കാര്യം ഇത്തരത്തിലുള്ള അനേകലക്ഷം ഉൽക്കകളാണ് ഓരോ ദിവസവും ഭൂമിയിലെത്തുന്നതെന്നാണ്. ഇങ്ങനെ ഒരു വർഷം ആകെ ഭൂമിയിലെത്തുന്ന ഉൽക്കകളുടെയും സ്‌പേസ് ഡസ്റ്റിന്റെയും മാസ് ഇരുപതിനായിരം ടൺ മുതൽ നാൽപ്പതിനായിരം ടൺവരെയൊക്ക വരും! പണ്ടത്തെ കണക്കനുസരിച്ച് അത് വർഷം ഒരു ലക്ഷം ടൺവരെയൊക്കെ ആയിരുന്നു.
ഇത്രയൊക്കെ ഊർജ്ജം പേറിയ ഉൽക്കകൾ ഭൂമിയിലേക്കു വന്നിട്ടും ഭൂമിക്ക് ഒന്നും പറ്റാത്തത് എന്താണെന്നറിയാമോ? അതിനു നന്ദി പറയേണ്ടത് അന്തരീക്ഷത്തോടാണ്. വളരെ വേഗതയിൽ ഇങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കയറുന്ന ഉൽക്കകൾ വായുതന്മാത്രകളുമായിട്ടുള്ള നിരന്തരകൂട്ടിയിടിമൂലം ചൂടാവും. ചൂടെന്നു പറഞ്ഞാൽ ആ ഉൽക്കയെ ഉരുക്കി ബാഷ്പമാക്കാൻ ഉള്ളത്രയും ചൂട്. അങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിൽവച്ചുതന്നെ ചെറു ഉൽക്കകളെല്ലാം കത്തിത്തീരും. നല്ല പ്രകാശവും അപ്പോൾ പുറത്തുവരും. കൊള്ളിമീനുകളായി രാത്രിയാകാശത്തിൽ കാണുന്നത് ഇത്തരം കത്തിയമരലുകളാണ്. അൻപത് മുതൽ എൺപത് കിലോമീറ്റർ വരെ ഉയരത്തിൽവച്ചാവും മിക്കവയും ഇങ്ങനെ എരിഞ്ഞമരുന്നത്. അത്യാവശ്യം വലിപ്പമേറിയ ഉൽക്കകൾ മാത്രമേ കത്തിത്തീരാതെ ഭൂമിയുടെ ഉപരിതലത്തിൽ എത്തൂ. വായുവുമായിട്ടുള്ള ഘർഷണംമൂലം അവയുടെ വേഗവും കുറെയൊക്കെ കുറഞ്ഞിട്ടുണ്ടാവും. അതിനാൽത്തന്നെ അധികനാശനഷ്ടമൊന്നും വരുത്താതെ അവ ഉപരിതലത്തിൽ വീഴും!
എന്നാൽ നിശ്ചിത വലിപ്പത്തിൽ കൂടുതലുള്ള ഉൽക്കയാണെങ്കിൽ അതല്ല അവസ്ഥ. വലിയ നാശനഷ്ടമാവും ഫലം. ഏതാനും മീറ്ററുകൾ വലിപ്പമുള്ള ഉൽക്കയ്ക്ക് ഒരു ചെറിയ പ്രദേശത്തെ മുഴുവനായും നശിപ്പിക്കാനാവും. പ്രത്യാഘാതങ്ങൾ വേറെയും. ഒരു കിലോമീറ്ററോളം വലിപ്പമുള്ള ഉൽക്ക പതിച്ചാൽ കാലാവസ്ഥയും ജീവലോകവും മാറിമറിയും. വലിയതോതിൽ വംശനാശംവരും. സുനാമികളും ഭൂമികുലുക്കങ്ങളും മർദ്ദതരംഗങ്ങളും വേറെ. ഇവയൊക്കെക്കൂടി നാമറിയുന്ന ഭൂമിയെ ഏതാണ്ട് ഇല്ലാതാക്കും. പത്തോ ഇരുപതോ വർഷം കഴിയേണ്ടിവരും ഭൂമി ഒന്ന് നേരെയാവാൻ.
പത്തുകിലോമീറ്ററൊക്കെ വലിപ്പമുള്ള ഉൽക്കയാണെങ്കിൽപ്പിന്നെ ഈ ഭൂമുഖത്ത് മനുഷ്യരുണ്ടാവില്ല, ബഹുഭൂരിപക്ഷം സ്പീഷീസുകളും ഉണ്ടാവില്ല. വലിപ്പം അതിലും കൂടിയാൽ എന്തു സംഭവിക്കും എന്നത് പറയാനാവില്ല. അങ്ങനെയൊന്ന് സംഭവിച്ചാൽ ഭൂമി എന്തായാലും പിന്നെ ഇന്നത്തെ ഭൂമിയായിരിക്കില്ല എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.
ബഹിരാകാശത്തൂകൂടി കറങ്ങിനടക്കുന്ന ഇത്തരം പാറക്കല്ലുകളിലൊന്ന് ഭൂമിയിലേക്ക് വന്നിടിച്ചാലോ എന്ന കാര്യത്തിൽ നമ്മളെക്കാളും ആശങ്കയുള്ളവരാണ് ശാസ്ത്രജ്ഞർ. NEO (Near Earth Objects) എന്നാണ് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാൻ സാധ്യതയുള്ള വസ്തുക്കളെ വിളിക്കുന്ന പേര്. ഇങ്ങനെ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന വസ്തുക്കളെ കണ്ടെത്താൻ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് എന്നൊരു സ്ഥാപനത്തിന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രൂപം കൊടുത്തിട്ടുണ്ട്. അനേക വർഷങ്ങളായി അവർ നിരന്തരം ഇത്തരം വസ്തുക്കളെ കണ്ടെത്തുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ഭൂമിയിലും സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ഇത്തരം വസ്തുക്കളെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഇങ്ങനെ ഒരു വസ്തുവിനെ കണ്ടെത്തിയാൽ അതിന്റെ വേഗത, പാത എന്നിവ മനസ്സിലാക്കാനാവും ആദ്യശ്രമം. ഇതു രണ്ടും കിട്ടിയാൽ ആ വസ്തു ഭൂമിയുടെ അരികിലൂടെ കടന്നുപോകുമോ, ഭൂമിക്ക് അപകടകരമാണോ എന്നൊക്കെ അറിയാൻ കഴിയും.
ഭൂമിക്കരികിലൂടെ കടന്നുപോകുന്ന വസ്തുക്കളുടെ വാർത്തകൾ കൊടുക്കാനാണെങ്കിൽ എല്ലാ ദിവസവും അതിന് അവസരമുണ്ടാവും. ഒരു ഉദാഹരണം പറഞ്ഞാൽ 2024 സെപ്തംബർ 20 മുതൽ നവംബർ 14വരെ ചെറുതും വലുതുമായി 47 നിയർ എർത്ത് ഒബ്ജക്റ്റുകൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നുണ്ട്. 2 മീറ്റർ മുതൽ 310 മീറ്റർവരെ വലിപ്പമുള്ള 47 വസ്തുക്കൾ! സെക്കൻഡിൽ 23കിലോമീറ്റർ മുതൽ സെക്കൻഡിൽ 1കിലോമീറ്റർവരെ വ്യത്യസ്തമായ വേഗതയിലാണ് ഇവ കടന്നുപോവുക. ഭൂമിയിൽനിന്ന് ഒരു ലക്ഷം കിലോമീറ്റർ മുതൽ 72ലക്ഷം കിലോമീറ്റർ അകലെക്കൂടിയാവും ഇവയുടെ സഞ്ചാരപാത. https://cneos.jpl.nasa.gov/ca/ എന്ന ലിങ്കിൽ പോയാൽ ഇവയെക്കുറിച്ച് കൂടുതൽ അറിയാനാകും.
കടപ്പാട് : 2024 സെപ്റ്റംബർ 22 ഞായറാഴ്ച്ച ദേശാഭിമാനിയുടെ കിളിവാതിലിൽ പ്രസിദ്ധീകരിച്ചത്