Read Time:4 Minute
[author title=”ലൂക്ക എഡിറ്റോറിയല്‍ ടീം ” image=”http://”][/author]

സ്വറ്റ്‌സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്ക് ഈ വർഷത്തെ ഫിസിക്‌സ് നൗബേൽ സമ്മാനം നേടിക്കൊടുത്ത 51 പെഗാസി നക്ഷത്രത്തെക്കുറിച്ച്.

മീനത്തിനടുത്തുള്ള ഒരു നക്ഷത്രരാശിയാണ് പെഗാസസ്. അതിൽ കണ്ണുകൊണ്ട് കഷ്ടിച്ച് കാണാൻ പറ്റിയ ഒരു നക്ഷത്രമാണ് 51 പെഗാസി. അവിടേക്ക് ഭൂമിയിൽ നിന്നുള്ള ദൂരം ഏതാണ്ട് 50 പ്രകാശവർഷമാണ്. അതായതു് ആ നക്ഷത്രത്തെ നമ്മൾ കാണുമ്പോൾ അഞ്ചു ദശാബ്ദം മുമ്പ് അവിടെ നിന്നു യാത്രയായ വെളിച്ചമാണ് നമ്മുടെ കണ്ണിലെത്തുന്നത്. 1995 ൽ  ഈ നക്ഷത്രത്തിന്റെ ചുറ്റും ഒരു വൻ ഗ്രഹം ഭ്രമണം ചെയ്യുന്നുണ്ടെന്നു കണ്ടെത്തിയ സ്വറ്റ്സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്കാണ് ഇത്തവണത്തെ ഫിസിക്സ് നോബെൽ പുരസ്കാരത്തിന്റെ പാതി ലഭിച്ചിരിക്കുന്നത്.

മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz)

ഈ ഗ്രഹത്തെ ഇവർ എങ്ങനെ കണ്ടെത്തിയെന്നറിയാൻ നമുക്ക് ഐസക്ക് ന്യൂട്ടനിൽ നിന്നു തുടങ്ങാം. ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ച് ഒരു നക്ഷത്രം ഒരു ഗ്രഹത്തിൽ ചെലുത്തുന്ന ഗുരുത്വബലത്തിന് തുല്യമായ ഒരു ബലം ഗ്രഹം തിരിച്ച് നക്ഷത്രത്തിലും പ്രയോഗിക്കും. അതിന്റെ ഫലമായി നക്ഷത്രവും ചെറുതായി ചലിക്കും.  നക്ഷത്രം ചലിക്കുമ്പോൾ അതിൽ നിന്നു പുറത്തു വരുന്ന പ്രകാശത്തിന്റെ വർണരാജി (സ്പെക്ട്രം) യിലെ തരംഗദൈർഘങ്ങൾക്ക് ഏറ്റക്കുറച്ചിലുണ്ടാകും. നക്ഷത്രം നിരീക്ഷകനിൽ നിന്നകലുമ്പോൾ ചുവപ്പുനീക്കവും (red shift)  അടുക്കുമ്പോൾ നീല നീക്കവും (blue shift) ഉണ്ടാകും. ഇതാണ് ഡോപ്ലർ പ്രഭാവം എന്നറിയപ്പെടുന്നതു്. ക്രിക്കറ്റ് മാച്ചു നടക്കുമ്പോൾ പന്തിന്റെ വേഗം കണ്ടെത്തി കാണികളെ അറിയിക്കുന്നത് ഈ പ്രഭാവം പ്രയോജനപ്പെടുത്തിയാണ്. അതിവേഗതയിൽ പോകുന്ന വാഹനങ്ങളെ പോലീസ് കണ്ടെത്തുന്നതും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.

ഡോപ്ലർ പ്രഭാവം : സ്രോതസ്സിന്റെ ചലനം മൂലം നിരീക്ഷിക്കുമ്പോൾ അനുഭവപ്പെടുന്ന തരംഗദൈർഘ്യ വ്യത്യാസം

ഡോപ്ലർ പ്രഭാവം പ്രയോജനപ്പെടുത്തിയാൽ നക്ഷത്രം ചലിക്കുന്ന വേഗതയും ചലനത്തിന്റെ കാലയളവും കണ്ടെത്താൻ കഴിയും. ഇതിൽ നിന്ന് ഗ്രഹത്തിന്റെ മാസും ഭ്രമണ കാലവും നക്ഷത്രത്തിൽ നിന്നുള്ള ദൂരവും കണ്ടെത്താം. 51 പെഗാസിയുടെ കാര്യത്തിൽ അതിന്റെ ഉയർന്ന മാസും നക്ഷത്രത്തിനോടുള്ള അടുപ്പവും കാര്യങ്ങൾ എളുപ്പമാക്കി. 51 പെഗാസിയിൽ നിന്ന് ആ ഗ്രഹത്തിലേക്കുള്ള ദൂരം വെറും 80 ലക്ഷം കിലോമീറ്ററാണ്. അതു് നക്ഷത്രത്തെ ചുറ്റി വരാനെടുക്കുന്ന സമയം 4 ദിവസവും. ഭൂമിയുടെ കാര്യത്തിൽ ദൂരം 15 കോടി കിലോമീറ്ററും സമയം ഒരു വർഷവും ആണെന്നോർക്കുക.



സൗരേതര ഗ്രഹങ്ങളെ കണ്ടെത്താൻ ഈ രീതി പിന്നീട് കൂടുതൽ വ്യാപകമായി. വേറെയും രീതികൾ കണ്ടെത്തുകയും പ്രയോഗിക്കുകയും ചെയ്തുവരുന്നു. ഇതിനകം ഏതാണ്ട് 3000 നക്ഷത്രങ്ങളുടെ ചുറ്റുമായി 4000ത്തിലധികം ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ പകുതിയിലധികവും കണ്ടെത്തിയത് കെപ്ലർ സ്പേസ് ടെലിസ്കോപ്പിന്റെ സഹായത്താലാണ്.

പെഗാസസ് നക്ഷത്രരാശിയിലെ 51 പെഗാസി നക്ഷത്രം – ചുവന്ന വൃത്തത്തിനുള്ളില്‍ 

ഇന്ത്യക്കാർ സൗരയൂഥത്തിനുമപ്പുറത്ത് അങ്ങകലെ ഒരു ഗ്രഹത്തെ കണ്ടെത്തിയതിന്റെ കഥ

Happy
Happy
80 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “51 പെഗാസി – നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ച നക്ഷത്രം

Leave a Reply

Previous post വികസിക്കുന്ന പ്രപഞ്ചവും പീബിൾസിന്റെ പഠനങ്ങളും
Next post ഇന്ത്യക്കാർ സൗരയൂഥത്തിനുമപ്പുറത്ത് അങ്ങകലെ ഒരു ഗ്രഹത്തെ കണ്ടെത്തിയതിന്റെ കഥ
Close