Read Time:20 Minute
യുറീക്കയുടെ അമ്പതാം വാർഷികവേളയിൽ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം. എഴുതിയത് : ഡോ.പി.വി.പുരുഷോത്തമൻ, അവതരണം : മണികണ്ഠൻ കാര്യവട്ടം, യുറീക്ക അമ്പതാംവാർഷിക ഗാനം : രചന : ഇ ജിനന്‍ സംഗീതം : വി കെ ശശിധരന്‍

കേൾക്കാം


മലയാളത്തിലെ ബാലശാസ്ത്ര മാസികയായ യുറീക്ക പ്രസിദ്ധീകരണ രംഗത്ത് അരനൂറ്റാണ്ട് പൂർത്തീകരിക്കുകയാണ്. ബാലമാസികകളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായിരുന്നു യുറീക്കയുടെ വളർച്ച.

കുട്ടികളെ രസിപ്പിക്കുക, ഒപ്പം അവരെ നല്ല മനുഷ്യരാവാൻ സഹായിക്കുക- ഇതത്രേ നല്ല ബാലപ്രസിദ്ധീകരണങ്ങൾ എന്നും ചെയ്തു പോന്നിട്ടുള്ളത്. നന്മയുടെ വഴിയില്‍ യുറീക്ക – 50 വർഷം പിന്നിടാൻ പോകുന്നു എന്നത് കുട്ടികളെ സ്നേഹിക്കുന്ന ഏവരും നന്ദിയോടെയും ആനന്ദത്തോടെയുമാണ് ഉൾക്കൊള്ളുക.

1751 ല്‍ ഇംഗ്ലണ്ടിൽ ജോൺ ന്യൂബെറി പുറത്തിറക്കിയ മാഗസിനാണ് ലോകത്തിലെ ആദ്യത്തെ ബാലപ്രസിദ്ധീകരണമായി കരുതപ്പെടുന്നത്. കുട്ടികളെ ഉപദേശിച്ചു നന്നാക്കാൻ ലക്ഷ്യമിട്ട ഈ പ്രസിദ്ധീകരണത്തിന് പിന്തുടർച്ചക്കാരായി എത്തിയത് മതമൂല്യങ്ങൾ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട കുറെ പ്രസിദ്ധീകരണങ്ങൾ ആയിരുന്നു. അടുത്ത ഘട്ടത്തിൽ എണ്ണമറ്റ മതേതര പ്രസിദ്ധീകരണങ്ങൾ രംഗത്തെത്തി. പിന്നീടാണ് ബാലപ്രസിദ്ധീകരണങ്ങളുടെ വിപണനസാധ്യത പലരും വ്യാപകമായി പ്രയോജനപ്പെടുത്തിയത്. ഇന്നാകട്ടെ വയാക്കോം, ന്യൂസ് കോർപ്പറേഷൻ, ഡിസ്നി തുടങ്ങിയ ആഗോള കുത്തകകളുടെ കയ്യിലാണ് വിറ്റഴിക്കപ്പെടുന്ന ബാലപ്രസിദ്ധീകരണങ്ങളുടെ സിംഹഭാഗവും.
ഇന്ത്യൻ- കേരള സാഹചര്യങ്ങളും ഇതിൽ നിന്നും ഏറെ വ്യത്യസ്തമല്ല. പശ്ചാത്യ മിഷണറിമാരാണ് മിക്ക ഇന്ത്യൻ ഭാഷകളിലും ബാലപ്രസിദ്ധീകരണങ്ങൾക്ക് തുടക്കമിട്ടത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന പുതുചിന്തകളാണ് ചില ദിശാമാറ്റങ്ങൾ അതിനു സമ്മാനിച്ചത്. പിന്നീട് അമർ ചിത്രകഥ, ചന്ദാമാമ തുടങ്ങിയവ സവർണ ഹൈന്ദവതയുടെ സഹായത്തോടെ വിപണി കൈയ്യടക്കി. മലയാളത്തിലാകട്ടെ സവിശേഷമായ ബാലപ്രിയ ചേരുവകളുടെ സഹായത്തോടെ ബാലരമയും ബാലഭൂമിയും മറ്റും വിപണിയിൽ ആധിപത്യം നേടി. 1911ല്‍ ആരംഭിച്ച മലയാളത്തിലെ ആദ്യ ബാലപ്രസിദ്ധീകരണമായ “നമ്മുടെ മാസിക” അതിന്റെ മതപരമായ ഉള്ളടക്കത്താലും ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും, ചുരുങ്ങിയത് എൺപത് പ്രസിദ്ധീകരണങ്ങളെങ്കിലും ഇക്കാലയളവിനിടയിൽ നിലച്ചു പോയിട്ടുണ്ട്. പ്രസിദ്ധമായ ‘പൂമ്പാറ്റ’യും ‘ബാലയുഗ’വും ഒക്കെ പരാജിതഗണത്തില്‍പ്പെടുന്നു എന്നു വരുമ്പോഴാണ് യുറീക്കയുടെ അമ്പതാണ്ടിന്റെ അതിജീവനം ശ്രദ്ധേയമായി തീരുന്നത്.

കഴിഞ്ഞ അമ്പതാണ്ട് എന്നത് കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തിലും സുപ്രധാനമാണ്. എഴുപതുകളോടെ കേരള സംസ്ഥാനത്ത് ലോവർ-പ്രൈമറി സ്കൂളുകൾ വ്യാപകമായിരുന്നു എന്നുകാണാം. എന്നാൽ അവിടെ എത്തിച്ചേർന്ന കുട്ടികളെ കാത്തിരുന്ന ക്ലാസുകൾ അസൗകര്യങ്ങളാൽ ദരിദ്രവും പഴഞ്ചൻ സമീപനങ്ങളാല്‍ അനാകര്‍ഷകവുമായിരുന്നു. പാഠപുസ്തകത്തിന്റെ ആ ആധിപത്യനാളുകളിൽ ബാലമാസിക, ക്ലാസ്സിലായാലും വീട്ടിലായാലും കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തുന്ന വില്ലന്മാരായാണ് കരുതപ്പെട്ടിരുന്നത്. മിക്ക കുട്ടികൾക്കും അവ കിട്ടുമായിരുന്നില്ല. കിട്ടിയവർക്ക് പാഠപുസ്തകത്തിൽ ഒളിപ്പിച്ചു വായിക്കേണ്ട അവസ്ഥയും ഏറെക്കുറെ ഉണ്ടായിരുന്നു.

എന്നാൽ തൊണ്ണൂറുകൾ തൊട്ട് സ്ഥിതി മാറി. ബാലമാസികകൾ കുട്ടികളുടെ ഭാഷാശേഷിയേയും പൊതുവിജ്ഞാനത്തേയും ബലപ്പെടുത്തുന്ന പഠനസാമഗ്രികളായി ക്ലാസുകളില്‍ തിരിച്ചറിയപ്പെട്ടു. വായനാമൂലകളിലും ചുമരിലെ പ്രദർശന അയകളിലും അവ അന്തസ്സോടെ ഇടംപിടിച്ചു. പാഠ്യപദ്ധതി സമീപനത്തെ ഏതാണ്ട് സമ്പൂർണ്ണമായി ഉള്‍ക്കൊണ്ട പ്രസിദ്ധീകരണം എന്ന നിലയില്‍ യുറീക്കയ്ക്ക് അക്കൂട്ടത്തില്‍ സവിശേഷമായ അംഗീകാരവും ലഭിച്ചു തുടങ്ങി.

യുറീക്കയുടെ നിലനിൽപ്പിനു പിന്നിൽ പല കാരണങ്ങൾ കണ്ടെത്താനാവും. അതിൽ മുഖ്യമായത്, അതൊരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ സന്താനവും ആശയവാഹകയുമാണെന്നതാണ്. ആദ്യകാല പരിഷത്ത് പ്രവര്‍ത്തകര്‍ സ്കൂളുകളിലും തെരുവുകളിലും ബസ് സ്റ്റാൻഡുകളിലും കൊണ്ടുനടന്നു വിറ്റാണ് യുറീക്കയ്ക്ക് ഒരു വായനാസമൂഹത്തെ ഉണ്ടാക്കിയെടുത്തത്. പരിഷത്തുകാരുടെ തോൾസഞ്ചി തന്നെ ജന്മമെടുത്തത് യുറീക്കയും (1970), അതിനും ഒരു വർഷം മുമ്പ് ആരംഭിച്ച ശാസ്ത്രകേരളവും (1969) ഒപ്പം പരശതം പരിഷത്ത് പുസ്തകങ്ങളും കൊണ്ടുനടന്ന് വിൽക്കുന്നതിന്റെ ഭാഗമായാവണം. ആ പ്രവർത്തകർക്ക് യുറീക്കയില്‍ വിശ്വാസവുമുണ്ടായിരുന്നു. ആ വിശ്വാസം പിന്നീട് വായനക്കാരുടെ, രക്ഷിതാക്കളുടെ, അധ്യാപകരുടെ വിശ്വാസമായി മാറി. ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലും കലാശാലകളിലും സ്കൂളുകളിലും മറ്റുമായി എത്തപ്പെട്ട കേരളത്തിന്റെ ധൈഷണികസമൂഹം പലപ്പോഴായി അവരുടെ യുറീക്കക്കാലത്തെ ഗൃഹാതുരതയോടെ ഓർമിച്ചെടുക്കുന്നത് കാണാം.

ഇന്നത്തെ നല്ല ശാസ്ത്രജ്ഞരെയും, വിദ്യാഭ്യാസ പ്രവർത്തകരെയും, സാമൂഹ്യ പ്രവർത്തകരെയും, രാഷ്ട്രീയ പ്രവർത്തകരെയും, പരിസ്ഥിതി പ്രവർത്തകരെയുമൊക്കെ രൂപപ്പെടുത്തുന്നതിൽ മറ്റൊരു പ്രസിദ്ധീകരണത്തിനും അവകാശപ്പെടാനാവാത്ത പങ്ക് യുറീക്കയിലെ വൈജ്ഞാനികവും മതേതരവും ഭാവനാത്മകവുമായ ഉള്ളടക്കം വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

ശാസ്ത്രവും സാമൂഹ്യവിജ്ഞാനവും വിശ്വമാനവികതയും ഭാഷാഭിമാനവുമൊക്കെ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതുകൊണ്ട് മാത്രമല്ല യുറീക്ക പ്രസക്തമാവുന്നത്. തളിരും തത്തമ്മയും കുട്ടികളുടെ ദീപികയും ഒക്കെ ഇത്തരം കാര്യങ്ങൾക്കു കൂടി പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ സർക്കാർ പ്രസിദ്ധീകരണമായ തളിര് ഒഴിച്ച് മറ്റെല്ലാം തന്നെ പരസ്യങ്ങളിലൂടെയും വിൽപനയിലൂടെയും നിലനിൽക്കാൻ വിധിക്കപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ ബാലരമാദികൾ വളർത്തിയെടുത്ത ബാലപ്രിയ ചേരുവകൾ മതിയാം വിധം ചേർത്തേ അവയ്ക്കും കമ്പോളത്തില്‍ പിടിച്ചു നിൽക്കാനാവൂ. ബാലരമയുടെ മുഖ്യ ആകർഷണം ശിക്കാരിശംഭു, സൂത്രന്‍, ജംഗിൾബുക്ക്, മായാവി ,ലുട്ടാപ്പി തുടങ്ങിയ തുടർചിത്രകഥകളാണ്. അതിനോട് മത്സരിച്ചു കൊണ്ടിരിക്കുന്ന ബാലഭൂമി, മീശമാർജാരൻ, മാജിക് മാലു, ഇ-മാൻ, മല്ലനുണ്ണിയും വില്ലനുണ്ണിയും, കോമഡി നഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ അപരന്മാരെ സൃഷ്ടിച്ചും വളര്‍ത്തിയുമാണ് വിപണനമൂല്യം കൈവരിച്ചത്. സമീപകാലത്താകട്ടെ എൽ.എസ്.എസ്, യു.എസ്.എസ് പരിശീലന ചോദ്യങ്ങൾ ചേർത്തും നാലുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ സിലബസ് അനുസരിച്ച് തയ്യാറാക്കിയ ഉള്ളടക്കം ഉണ്ടെന്ന് പരസ്യം ചെയ്തുമാണ് രക്ഷിതാക്കൾ വഴി കുട്ടികളുടെ വായനാമേശയിലേക്ക് ബാലഭൂമി പ്രവേശനം സമ്പാദിക്കുന്നത്. ഇത്തരം ഉള്ളടക്കത്തിന്റെ ഉപയോഗമൂല്യത്തെ പൂർണമായും തള്ളിക്കളയുന്നില്ല. എന്നാൽ മാർക്കറ്റിലെ മത്സരമാണ് രക്ഷാകർത്തൃപ്രിയതയുടെ പുതിയൊരു ചേരുവ അന്വേഷിക്കാൻ ബാലഭൂമിയെ പ്രേരിപ്പിച്ചത് എന്ന വസ്തുത ബാക്കിനിൽക്കുന്നു. എന്നാൽ ചിത്രകഥകളിലെ സൂപ്പർഹീറോ നിർമ്മിതിയെ തീർത്തും ഒഴിവാക്കാനും, ഒരളവുവരെ വെല്ലുവിളിക്കാനും യുറീക്കയ്ക്ക് ഇക്കാലമത്രയും കഴിഞ്ഞു. രക്ഷിതാക്കളുടെ കാര്യത്തിലാവട്ടെ അവരുടെ ഇച്ഛയ്ക്ക് വഴങ്ങുക എന്ന എളുപ്പവഴി ഉപേക്ഷിക്കാനും, അവരെ വിദ്യാഭ്യാസം ചെയ്യിച്ചു കൊണ്ട് ബദൽ വഴിയിലൂടെ നയിക്കാനും യുറീക്കയുടെ സൃഷ്ടാക്കള്‍ ശ്രമിക്കുകയും ചെയ്തു.

ഒടുവിൽ പറഞ്ഞ കാര്യം അല്പം കൂടി വിശദീകരിക്കേണ്ടതുണ്ട്. ഇന്നത്തെ രക്ഷിതാക്കൾ ഇന്നലത്തെ കുട്ടികളാണ്. അവർ പഠിച്ചു വന്ന രീതിയിലല്ല ഇന്ന് സ്കൂളിലെ പഠനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിലേറെ കുട്ടികളുടെ പഠനത്തിൽ അവര്‍ വഹിക്കുന്ന പങ്കിനെപ്പറ്റിയുള്ള അവ്യക്തത അവരില്‍ നിലനില്ക്കുന്നുണ്ട്.

ഒരു വിഭാഗം പ്രസിദ്ധീകരണങ്ങൾ ഇതിനെ മറികടക്കാൻ ശ്രമിക്കുന്നത് ആക്ടിവിറ്റികളുടെ ലളിത രൂപങ്ങൾ നൽകിക്കൊണ്ടാണ്. നിറം നൽകൽ, വഴി കണ്ടെത്തൽ, വ്യത്യാസം കണ്ടെത്തൽ തുടങ്ങിയ ഇനങ്ങള്‍ പേജുകളിൽ വാരിവിതറുന്നത് ഇതിന്റെ ഭാഗമാണ്. എന്നാൽ ഇത്തരം പ്രി പ്രൈമറി ഇനങ്ങളല്ല, ഉയർന്ന മാനസിക പ്രക്രിയകള്‍ ലക്ഷ്യമിടുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ തലം എന്നത് വിസ്മരിക്കപ്പെടുന്നു.

മറ്റൊരു ഭാഗത്താവട്ടെ, ശാസ്ത്രവിഷയങ്ങളുടെ ഗുളികച്ചെപ്പുകള്‍ ശാസ്ത്രപംക്തികളായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. കുട്ടികളുടെ നിരീക്ഷണ ശേഷിയും യുക്തിചിന്തയും ചോദ്യങ്ങൾ ഉയർത്താനുള്ള കഴിവും ഭാവനയും മറ്റും, വിജ്ഞാനമെഴുത്ത് സ്ഥിരം തൊഴിലാക്കിയ പലരുടെയും രചനകളില്‍ ഇല്ലെന്നുതന്നെ പറയാം. ഇവിടെയാണ് ഉയർന്ന പാഠ്യപദ്ധതി ലക്ഷ്യത്തെ മുൻനിർത്തിയുള്ള രചനകൾ ഉൾപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നത് പ്രധാനമാകുന്നത്. അതാകട്ടെ, ഗൈഡ് കോച്ചിംഗ് രീതിയിലല്ലാതെ ചെയ്യാനുമാവുന്നു.

ശാസ്ത്ര ഉള്ളടക്കത്തെ കുട്ടികളിൽ എത്തിക്കുന്ന രീതിയിലും യുറീക്ക സ്വീകരിക്കുന്ന തനിമ മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കും വഴികാട്ടിയാവേണ്ടതാണ്. അതിൽ പ്രധാനം, കുട്ടികളുടെ പ്രകൃതത്തോടും താൽപര്യങ്ങളോടുമുള്ള അനുകൂലഭാവമാണ്. കുട്ടികള്‍ കഥ ഇഷ്ടപ്പെടുന്നവരും, കളിയെ കാര്യമാക്കുന്നവരും, ജിജ്ഞാസയില്‍ മുഴുകുന്നവരും, തമാശ ആഗ്രഹിക്കുന്നവരും ഒക്കെയാണ്. അവരുടെ ലോകത്ത് മൃഗങ്ങൾക്ക് ഭാഷയും, അചേതന വസ്തുക്കൾക്ക് വികാരങ്ങളുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ആഖ്യാന തന്ത്രങ്ങൾ യുറീക്കയുടെ ഏത് ലക്കത്തിലും എഴുത്തുകാർ പരീക്ഷിക്കുന്നത് കാണാം, വിറ്റാമിന്‍ വേണോ വിറ്റാമിൻ എന്ന രചനയിൽ ഫാന്റസി തന്മയത്വത്തോടെ ഉപയോഗിച്ചുകൊണ്ട് നാലുപുറത്തോളം നീങ്ങുന്ന ഒരു കഥയിലൂടെ വിറ്റാമിനുകളെ സമഗ്രമായി പരിചയപ്പെടുത്താൻ സി.എം.മുരളീധരൻ ശ്രമിക്കുന്നു (2019 ജൂലൈ 16). പരിചയസമ്പന്നനായ കെ. പാപ്പുട്ടി ഭക്ഷണവുമായി ബന്ധപ്പെട്ട പല മിഥ്യാധാരണകളും പൊളിച്ചെഴുതാൻ വായനശാലയിൽ ഒരു ഭക്ഷണമേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പൊതുചർച്ചയെ പ്രയോജനപ്പെടുത്തുന്നു. ഭക്ഷണത്തിന്റെ ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവുമെല്ലാം വളരെ സ്വാഭാവികമായി അവതരിപ്പിക്കാൻ ചർച്ചയിൽ മികച്ച മറ്റൊരു ആഖ്യാനതന്ത്രം ഇല്ലെന്ന് അത് വായിച്ചാൽ നമുക്ക് ബോധ്യമാവും (2019 ജൂലൈ 1).

കവിതയിലൂടെ ശാസ്ത്രബോധം എങ്ങനെ അവതരിപ്പിക്കാമെന്ന് നമ്മെ ബോധ്യപ്പെടുത്തിയ അന്തരിച്ച പി മധുസൂദനൻ യുറീക്കക്കളരിയിൽ കൂടി വളർന്നു വന്ന എഴുത്തുകാരനാണ്. അമ്മൂന്റെ സ്വന്തം ഡാര്‍വിന്‍ (രചന- ഇ എന്‍ ഷീജ) എന്ന മികച്ച സമീപകാല ബാലശാസ്ത്രകൃതി പുറത്തുവന്നതും ഈ ദ്വൈവാരികയിലൂടെയാണ്. സി ജി ശാന്തകുമാർ, കെ.കെ.കൃഷ്ണകുമാർ, കെ.ടി. രാധാകൃഷ്ണൻ എന്നിവരുടെ പിന്തുടർച്ചക്കാരായി. എം എം സചീന്ദ്രൻ, ജനു, രാമകൃഷ്ണൻ കുമരനല്ലൂർ, ഇ.ജിനന്‍, പി.വി. വിനോദ് കുമാർ, എം.ഗീതാഞ്ജലി, എന്‍. ശാന്തകുമാരി തുടങ്ങി ഒട്ടേറെ പേരെ വളർത്തിയെടുക്കാൻ ഈ കളരിക്ക് കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. എഴുത്തുകാർ ഉൾപ്പെടുന്ന ഒരു പത്രാധിപസമിതിയാണ് യുറീക്ക ഒരുക്കുന്നത്. അവർ മാസാമാസം നടത്തുന്ന കൂടിയിരിപ്പുകളും പ്രത്യേക പതിപ്പുകളുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന രചനാ ക്യാമ്പുകളും ഈ പ്രസിദ്ധീകരണത്തെ കൂട്ടായ്മയുടെ സദ്ഫലമായി മാറ്റിയെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ പലയിടത്തും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നുണ്ട്. മധ്യപ്രദേശിലെ ചക് മക്, ഹിമാചൽപ്രദേശിലെ ഇന്ദ്രധനുഷ് , തമിഴ്നാട്ടിലെ തുളിര്‍, അസ്സമിലെ വി‍ജ്ഞാന്‍ ജ്യോതി, ബംഗാളിലെ ഇ- ജുഗര്‍ കഷോര്‍ ഭാരതി എന്നിവ ഈ ഗണത്തിൽപ്പെടുന്നു. എന്നാൽ ഇവയ്ക്കൊന്നും തന്നെ യുറീക്കയുടെ ജനസമ്മതിയോ വൈവിധ്യമോ അവകാശപ്പെടാനാവില്ല. ഒരുപക്ഷേ കേരളത്തിലെ ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസവും മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി യുറീക്കയ്ക്ക് അനുകൂലമായ ഒരു പശ്ചാത്തലം ഉണ്ടാക്കിയിരിക്കാം. കേരളത്തിൽ പാഠ്യപദ്ധതിയില്‍ വന്ന മാറ്റവും ഈ പ്രസിദ്ധീകരണത്തിന്റെ നവീകരണത്തിന് കാരണമായിട്ടുണ്ടാകാം. അന്ധവിശ്വാസത്തെ നിരന്തരം ചോദ്യം ചെയ്തും, ശാസ്ത്രബോധത്തെ അടിസ്ഥാന ലക്ഷ്യമായി പ്രഖ്യാപിച്ചും, ആവിഷ്ക്കരണ രീതിയിലും ചിത്രീകരണത്തിലും ലേഔട്ടിലും നിരന്തരം പരീക്ഷണങ്ങള്‍ നടത്തിയും, കുട്ടികളുടെ പതിപ്പുകള്‍ ഇറക്കിയും അമ്പതാം പിറന്നാളിലേക്ക് കടക്കുന്ന യുറീക്ക മലയാളത്തിന്റെ അഭിമാനങ്ങളിലൊന്നായി ഇനിയും മുടങ്ങാതെ മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കാം. മലയാളത്തിൽ യുറീക്കയ്ക്ക് പകരമായി മറ്റൊന്നില്ല എന്നത് തന്നെ അതിന്റെ വേറിട്ട മൂല്യത്തിന്റെ പ്രഖ്യാപനമായി മാറിയിരിക്കുന്നു.


  1. യുറീക്ക ഓൺലൈനായി വരിചേരുവാൻ സന്ദർശിക്കുക
  2. യുറീക്ക പഴയലക്കങ്ങൾ
  3. യുറീക്കയുടെ ആദ്യകാല ലക്കങ്ങൾ
  4. യുറീക്കയുടെ ഫേസ്ബുക്ക് പേജ്‌
Happy
Happy
40 %
Sad
Sad
0 %
Excited
Excited
60 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “യുറീക്ക എന്ന ബദൽ മാതൃക

  1. തീര്‍ച്ചയായും മാഷേ, കുട്ടിക്കാലത്തെപ്പോഴോ കിട്ടിയ യൂറീക്കയുടെ വായന ഇപ്പോഴും തുടരുന്നു. ഒപ്പം മറ്റ് പരിഷത്ത് പ്രസിദ്ധീകരണങ്ങളും. നമ്മുടെ കുട്ടികള്‍ യൂറീക്ക നന്നായി വായിച്ച് അറിയട്ടെ വളരട്ടെ. ഓര്‍മ്മപ്പെടുത്തലിന് നന്ദി

Leave a Reply

Previous post ജീവിതശൈലിയും ആരോഗ്യവും – ഡോ.കെ.ജി.രാധാകൃഷ്ണന്‍
Next post ഭിന്നശേഷിയുള്ളവർക്കായുള്ള ഡിജിറ്റൽ അജണ്ട
Close