Read Time:78 Minute

ചർച്ചകളും, തര്‍ക്കങ്ങളും, വാദപ്രതിവാദങ്ങളും നിത്യജീവിതത്തിന്‍റെ ഭാഗമാണ്. പക്ഷേ, കപടശാസ്ത്രങ്ങളെയും, കേട്ടുകേള്‍വികളെയും, ഒറ്റപ്പെട്ട സംഭവങ്ങളെയും ആധാരമാക്കിയുള്ള വാദങ്ങള്‍ സര്‍വ്വസാധാരണമാവുന്നു എന്നത് സമൂഹത്തിന് ഗുണകരമല്ല. അവരവരുടെ ഭാഗം സമര്‍ത്ഥിക്കുന്നതിനാവശ്യമായ തെളിവുകള്‍ യുക്തിപൂര്‍വ്വം അവതരിപ്പിക്കാതെ കുയുക്തികള്‍ (fallacies) നിരത്തുന്നത് അസ്വീകാര്യമാണ്. യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ തികച്ചും തെറ്റും എന്നാല്‍ ശരിയാണെന്ന് തോന്നിപ്പിക്കുന്നതുമായ ചിന്തകളാണ് ‘കുയുക്തികള്‍’. ആളുകൾ കുയുക്തികള്‍ നിരത്തുന്നതിന്റെ കാരണങ്ങള്‍ പലതാണ്; അന്ധവിശ്വാസം കൊണ്ടാകും, ജ്യോതിഷത്തിലുള്ള വിശ്വാസമാകും, അറിവില്ലായ്മ കൊണ്ടാകും,  അതുമല്ലെങ്കില്‍ മറ്റുള്ളവരെ മന:പൂര്‍വ്വം ചതിക്കാനുമാകും! എന്തായാലും ‘വായില്‍ത്തോന്നുന്നത് കോതയ്ക്കു പാട്ട്’ എന്ന തരത്തിലുള്ള തര്‍ക്കുത്തരങ്ങളും ‘ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന‘, അല്ലെങ്കില്‍ ‘അരിയെത്ര പയറഞ്ഞാഴി’ തര്‍ക്കങ്ങളും സ്വീകാര്യമല്ല, അത്തരം വാദങ്ങൾ ശാസ്ത്രബോധമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല.    

പത്രങ്ങള്‍, ടെലിവിഷന്‍ ചർച്ചകൾ, വാദപ്രതിവാദങ്ങള്‍, പ്രഭാഷണങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ കൂടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരന്തരം ഉണ്ടാകുന്നുണ്ട്. ഓരോരുത്തരും അവനവന്റെ  ഭാഗം സാധൂകരിക്കുന്നതിനുള്ള സമര്‍ത്ഥമായ ശ്രമം കാണാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ്  സൂത്രത്തില്‍ കുയുക്തികള്‍ പ്രയോഗിക്കുക. കുയുക്തിയാണെന്ന് പക്ഷേ, ആർക്കും പെട്ടന്ന് മനസ്സിലായെന്ന് വരില്ല.  സംശയത്തിന്‍റെ പുകമറയില്‍ ഒരു വ്യക്തിയേയൊ, സ്ഥാപനത്തെയോ തളച്ചിടാന്‍ കഴിയും. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ കൊണ്ട് സാധാരണക്കാരെ വെട്ടിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ തന്നെ! ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക, എന്ന് കേട്ടിട്ടില്ലേ? അതാണ് ചിലർ ചെയ്യുന്നത്!   എല്ലാം മനപ്പൂർവം ആകണമെന്നില്ല. ചിലത് അജ്ഞത കൊണ്ടും, ശാസ്ത്രത്തിന്റെ രീതി അറിയാത്തത് കൊണ്ടും സംഭവിക്കാം.   

കുയുക്തികൾ (fallacies) മനുഷ്യർ വാദപ്രതിവാദങ്ങൾ ആരംഭിച്ച കാലം മുതൽ ഇവിടെ ഉണ്ടായിരുന്നു! സമൂഹത്തില്‍ നിലനില്‍ക്കുന്ന പല കപടശാസ്ത്രങ്ങളും, അനാചാരങ്ങളും, ധാരണകളും കുയുക്തികള്‍ മുഖേന അരക്കിട്ടുറപ്പിച്ചതാണ്. തര്‍ക്കശാസ്ത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന അരിസ്റ്റോട്ടില്‍ തന്നെ 13 തരം കുയുക്തികളെ പറ്റി പറഞ്ഞിട്ടുണ്ട്.  ആധുനികയുഗത്തില്‍ കുയുക്തികളുടെ എണ്ണം കൂടി, ഇപ്പോൾ 200ല്‍ അധികമുണ്ട്. 2008ൽ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്നതും സാധാരണവുമായ 21 കുയുക്തികളെക്കുറിച്ച് ശാസ്ത്രഗതിയിൽ  എഴുതിയിരുന്നു(1). ഇവയുൾപ്പെടെ  42  പ്രധാനപ്പെട്ട കുയുക്തികളെക്കുറിച്ച് വായിക്കാം (2).  

കുയുക്തികൾ
  1. 1. തിരുവായ്ക്ക് എതിര്‍വായില്ല (appeal to authority)
  2. 2. അരിയെത്ര പയറഞ്ഞാഴി (avoiding the issue)
  3. 3. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ (might makes right)
  4. 4. തെളിവു മറച്ചുവയ്ക്കുക (suppressed evidence)
  5. 5. തെറ്റായ ധർമ്മസങ്കടം (false dilemma/false dichotomy/fallacy of excluded middle)  
  6. 6. രണ്ടിലൊന്ന് (black or white)
  7. 7. തെന്നുന്ന ചെരിവ് (slippery slope)
  8. 8. സാധാരണ ആചാരമായതുകൊണ്ട് ശരി (appeal to common practice)
  9. 9. പാരമ്പര്യ സമ്പ്രദായങ്ങൾ ശരി (appeal to tradition)
  10. 10. പുതിയതെല്ലാം ശരി (appeal to novelty)
  11. 11. കാലുപിടിക്കുക (appeal to pity)
  12. 12. പരിഹസിക്കുക (appeal to ridicule) 
  13. 13. ഭയപ്പെടുത്തുക (appeal to fear) 
  14. 14. ഘോഷയാത്രയ്ക്കു പിന്നാലെ (bandwagon)
  15. 15. ആൾക്കൂട്ട സമ്മർദ്ദം (mob appeal)
  16. 16. വഴി തിരിച്ചുവിടൽ (red herring)
  17. 17. ഉണ്ടയില്ലാ വെടി (missing the point/avoiding the issue)
  18. 18. വൃത്താകൃതിയിലുള്ള ന്യായവാദം (begging the question/circular reasoning)
  19. 19. സ്വപ്നം മുറുകെ പിടിക്കുക (wishful thinking)
  20. 20. കാര്യകാരണബന്ധമില്ലാതെയുള്ള നിഗമനം (non sequitur reasoning/fallacy of false cause)  
  21. 21. കോലം കത്തിക്കുക (straw man)  
  22. 22. ഉടന്‍ സാമാന്യവത്കരണം (hasty generalization)
  23. 23. നിഗമനങ്ങളിലേക്ക് കുതിക്കുക (jumping to conclusion)
  24. 24. വിപരീത അപകടം (converse accident/fallacy of reverse accident)
  25. 25. പക്ഷപാത സാമ്പിൾ (unrepresentative sample/ biased sample)
  26. 26. ഒരുഭാഗം ശരിയായതുകൊണ്ട് മുഴുവന്‍ ശരി (false extrapolation to the whole)
  27. 27. മുഴുവന്‍ ശരിയായതുകൊണ്ട് ഭാഗങ്ങള്‍ ശരി (false extrapolation to parts or individuals)
  28. 28. വാർപ്പ് മാതൃക (stereotyping)
  29. 29. താത്കാലിക രക്ഷപ്പെടുത്തല്‍ (ad hoc rescue)
  30. 30. വ്യക്തിഹത്യ (ad hominem/ personal attack)
  31. 31. നിങ്ങളും  മോശമല്ല! (You too fallacy/ tu quoque)
  32. 32. കിണറ്റിൽ വിഷം കലക്കുക (poisoning the well)
  33. 33. അനന്തരഫലം സ്ഥിരീകരിക്കുന്നു (affirming the consequent)
  34. 34. പൂർവവൃത്തിയെ നിഷേധിക്കുന്നു (denying the antecedent)
  35. 35. വാക്കില്‍ തൊട്ടുള്ള കളി (equivocation)
  36. 36. സാക്ഷ്യപ്പെടുത്തൽ (anecdotal evidence)
  37. 37. അസാധുവൽക്കരണ ക്ഷമതയില്ല (unfalsifiability)
  38. 38. സോദ്ദേശ ന്യായം (teleological fallacy)
  39. 39. പേരിനു മാത്രം (tokenism)
  40. 40. സംശയാസ്പദമായ കാരണം (false cause/questionable cause)
  41. 41. തെറ്റായ കാര്യകാരണബന്ധം (post hoc fallacy)
  42. 43. തെളിവിന്റെ ബാധ്യത മാറ്റുക (shifting the burden of proof)
  43. ശാസ്ത്രവും കപടശാസ്ത്രവും – പ്രത്യേക പതിപ്പ്
  • “കീടനാശിനി പ്രയോഗത്തിൽ അപകടമുണ്ട്. ജീവിതത്തിലെ എല്ലാത്തിനും ഒരു അപകടസാധ്യതയുണ്ട്. നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴും ഒരു റിസ്ക് എടുക്കുകയാണ്. അതിനാൽ, കീടനാശിനികൾ ഉപയോഗിക്കാനും നിങ്ങൾ തയ്യാറായിരിക്കണം.
  • “പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം എപ്പോഴും ആവശ്യമാണ്; അതിനാൽ, പ്രകാശ തീവ്രത വർദ്ധിക്കുന്നത് ഫോട്ടോസിന്തസിസ് വർദ്ധിപ്പിക്കും
  1. “ഞാന്‍ ഈ ഗ്രാമത്തില്‍ മൂന്നു കര്‍ഷകരെ കണ്ടു.  മൂന്നുപേരും പശു വളര്‍ത്തുന്നുണ്ട്.  ഈ ഗ്രാമത്തിലുള്ള എല്ലാവരും പശു വളര്‍ത്തുന്നവരാണെന്ന കാര്യം ഉറപ്പാണ്”.
  2. “ഈ റോഡുവക്കിലുള്ള നാലു തെങ്ങുകള്‍ക്കും ആരും വളമോ, തടം തുറക്കലോ ചെയ്യുന്നില്ല. എന്നിട്ടും എന്തു വിളവാണെന്ന് നോക്കൂ! അതിനര്‍ത്ഥം തെങ്ങിന് വളവും വെള്ളവും നല്‍കിയില്ലെങ്കിലും നല്ല വിളവുതരുമെന്നാണ്”.

ഒരാൾ ഒരേക്കർ വീതം വയലിൽ ജൈവരീതിലും സാധാരണ രീതിയിലും നെൽകൃഷി ചെയ്തു. ആദ്യ വർഷം ജൈവകൃഷിയിൽ നിന്ന് 2000 കിലോഗ്രാം ധാന്യവും സാധാരണ കൃഷിയിൽ  നിന്ന് 2400 കിലോഗ്രാമും ലഭിച്ചു. രണ്ടാം വർഷം, ജൈവ പ്ലോട്ടുകളിൽ നിന്ന് 2500 കിലോയും സാധാരണ പ്ലോട്ടിൽ നിന്ന് 2450 കിലോയും ലഭിച്ചു. ഇത് കണ്ടിട്ട് വരും വർഷങ്ങളിൽ ഓർഗാനിക് പ്ലോട്ടുകളിൽ നിന്നുള്ള വിളവ് വർധിക്കുമെന്നും സാധാരണ പ്ലോട്ടുകളെ മറികടക്കുമെന്നും വാദകൻ ഉറപ്പിച്ചു പറയുകയാണ്. രണ്ടാം വർഷത്തിലെ വിളവിൽ വെറും 50 കിലോ വ്യത്യാസം എന്ന ഈ അപവാദത്തിൽ വാദിക്കുന്നയാൾ വളരെയധികം വിശ്വാസമർപ്പിക്കുകയും ജൈവകൃഷി സാധാരണ കൃഷിയേക്കാൾ കൂടുതൽ വിളവ് നൽകുമെന്ന തെറ്റായ  സാമാന്യവൽക്കരണത്തിലേക്ക് പോകുകയും ചെയ്യുന്നു. ചെറിയ വ്യത്യാസങ്ങൾ പരീക്ഷണ പിശക് (experimental error)  മൂലമോ അല്ലെങ്കിൽ ക്രമരഹിതമായ പിശക് (random error)  മൂലമോ ആകാം. നിങ്ങൾ ഈ ഡാറ്റ സ്റ്റാറ്റിസ്റ്റിക്കൽ അപഗ്രഥനത്തിന് വിധേയമാക്കുകയാണെങ്കിൽ രണ്ടും തമ്മിൽ വ്യത്യാസമില്ല  (at par ) എന്ന് കിട്ടാനാണ് സാധ്യത.  

മറ്റൊരു തെറ്റായ വാദം കാണുക: “ഈ സ്ഥാപനം നടത്തുന്ന വാര്‍ഷിക കോണ്‍ഫറന്‍സ് വളരെ പ്രശസ്തവും വിജ്ഞാനപ്രദവുമാണ്.  അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന എല്ലാ അവതരണങ്ങളും നന്നായിരിക്കും”. കോൺഫറൻസ് ജനപ്രിയവും പങ്കെടുക്കേണ്ടതുമായിരിക്കാം, പക്ഷേ വിരസമോ വിലകെട്ടതോ ആയ കുറച്ച് അവതരണങ്ങൾ ഉണ്ടായിരിക്കാം! അതുകൊണ്ട്, മുകളിലുള്ള പൊതു നിഗമനത്തിലേക്ക് പോകരുത്.

അമ്മു: നീ കുറച്ചു തുളസി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു നോക്കു.  നിന്റെ ജലദോഷം പമ്പകടക്കും.

ലക്ഷ്മി:  ഞാനത് ഒരാഴ്ച കഴിച്ചു, എന്നിട്ടും മാറിയില്ല.

അമ്മു: നീ തുളസിവെള്ളം എല്ലാ ദിവസവും കഴിച്ചുവോ?

ലക്ഷ്മി:  കഴിച്ചു.

അമ്മു: എങ്കില്‍ ഒരുകാര്യം ഉറപ്പാണ്. നീ തുളസിവെള്ളം ഉണ്ടാക്കിയ രീതിക്ക് എന്തെങ്കിലും കുഴപ്പം കാണും!

തെളിവുകൾ അവതരിപ്പിക്കുന്നതിനുപകരം വ്യക്തിപരമായ ആക്രമണത്തിലാണ് ചിലർ മുഴുകുന്നത്, ചിലപ്പോൾ ഒരു വഴിതിരിച്ചുവിടൽ തന്ത്രമായും ഉപയോഗിക്കും. വാദമുഖങ്ങളെ എതിര്‍ക്കുന്നതിനു പകരം വ്യക്തിയെ അധിക്ഷേപിക്കുകയാണിവിടെ.  എതിരാളിയുടെ സ്വഭാവം, വ്യക്തിത്വം, മാനസികനില എന്നിവ ആക്ഷേപത്തിനു പാത്രമാകും. ഇവയ്ക്കൊന്നും വാദവുമായി ഒരു ബന്ധവും കാണില്ല. ഉദാഹരണങ്ങള്‍: “വിദേശഫണ്ട് വാങ്ങി ഗവേഷണം നടത്തുന്ന ഇയാള്‍ ഒരു CIA ചാരനാണ്”, “അയാള്‍ ഒരു പിന്തിരിപ്പനായതുകൊണ്ടാണ് ഇങ്ങനെയൊക്കെ വാദിക്കുന്നത്”. “അയാളുടെ സ്വഭാവം ശരിയല്ല”. “നിങ്ങള്‍ക്ക് എത്ര കമ്മീഷന്‍ കിട്ടി?” ബന്ധപ്പെട്ട ശാസ്ത്രജ്ഞരുടെ അല്ലെങ്കിൽ വ്യക്തികളുടെ പ്രതിച്ഛായ തകർക്കാനും പൊതുജനങ്ങൾക്കിടയിൽ അവരുടെ പ്രശസ്തി കുറയ്ക്കാനും വേണ്ടിയാണ് ഈ പ്രസ്താവന നടത്തുന്നത്.

ഇതുമൊരു വ്യക്തിഗത ആക്രമണ രൂപമാണ്. ഒരാൾ തെളിവുകൾ നിരത്തി വാദിക്കുന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ ഇത് സംഭവിക്കാറുണ്ട്. വാദിക്കുന്ന ആൾ അതേ തെറ്റ് അല്ലെങ്കിൽ സമാനമായ തെറ്റ് ചെയ്ത ആളാണെന്ന് ചൂണ്ടിക്കാണിച്ച് ആരെങ്കിലും വാദത്തെ  പ്രതിരോധിക്കുമ്പോൾ ഈ കുയുക്തി സംഭവിക്കുന്നു. പക്ഷേ, വാദകൻ പണ്ട് എന്താണ് ചെയ്തത് എന്നത് അപ്രസക്തമാണ്. ഒരു വഴിതിരിച്ചുവിടൽ തന്ത്രമെന്ന നിലയിൽ, “നിങ്ങളും  മോശമല്ല” വളരെ ഫലപ്രദമാണ്, കാരണം വാദകനെ പ്രതിരോധത്തിലാക്കുകയും ആരോപണത്തിനെതിരെ പ്രതിരോധിക്കാൻ നിർബന്ധിതനാക്കുകയും ചെയ്യുന്നു. ഇനിപ്പറയുന്ന വാദം കാണുക: “പരീക്ഷയിൽ കോപ്പിയടി നിർത്താൻ നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നു, പക്ഷേ നിങ്ങൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരിക്കൽ കോപ്പിയടിച്ചതിന് നിങ്ങളെ പരീക്ഷയിൽ നിന്ന് ഡിബാർ ചെയ്‌തിരുന്നുവെന്ന് എനിക്കറിയാം, അതിനാൽ നിങ്ങൾക്ക് ഉപദേശിക്കാൻ അർഹതയില്ല”. രാഷ്ട്രീയക്കാർ പലപ്പോഴും തങ്ങളുടെ എതിരാളികളെ ഇകഴ്ത്താൻ ഇത്തരം വാദങ്ങൾ ഉപയോഗിക്കാറുണ്ട്.

“കിണറ്റിൽ വിഷം കലക്കുക” എന്നത് ഒരുതരം വ്യക്തിപരമായ ആക്രമണമാണ്. ഒരാളുടെ  വാദത്തെ മുൻകൂട്ടി അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള പ്രതിരോധ ആക്രമണമാണ് ഈ കുയുക്തി. വാദം ജയിക്കാന്‍ വേണ്ടി ആദ്യമേ തന്നെ കുയുക്തി നിരത്തും. തിരിച്ച് ഒരു വാദമുന്നയിക്കാന്‍ നിങ്ങളെ അശക്തനാക്കും! വാദകൻ തെറ്റായി ന്യായവാദം ചെയ്തുകൊണ്ട് ‘വിഷം കലർത്തുന്നു’, മറ്റുള്ളവരെ എതിരാളിക്ക് സ്വീകാര്യമല്ലാതാക്കുന്നു.  ഈ പ്രസ്താവന നോക്കൂ,  “കാസര്‍ഗോഡു ജില്ലയിലെ സര്‍വ്വ ആരോഗ്യപ്രശ്നങ്ങളുടെയും കാരണം എന്‍ഡോസള്‍ഫാന്‍ പ്രയോഗമാണെന്ന കാര്യത്തില്‍ സംശയമില്ല.  അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ബഹുരാഷ്ട്രകുത്തകകളുടെ പണം പറ്റുന്ന ചില ശാസ്ത്രജ്ഞന്മാർ  മാത്രമാണ്. പ്രൊഫസർ തോമസ്, ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്?” പ്രൊഫസർ തോമസിന്റെ ദുരവസ്ഥ നിങ്ങൾക്ക് ഊഹിക്കാം! 

വാദിക്കുന്നയാൾ ന്യായവാദത്തിൽ ഒരു “എങ്കിൽ……പിന്നെ …” പ്രസ്താവന ഉപയോഗിക്കുന്നു. വാദിക്കുന്നയാൾ പ്രസ്താവനയുടെ ‘പിന്നെ’ ഭാഗം സ്ഥിരീകരിക്കുകയും ‘എങ്കിൽ’  ഭാഗം അനുമാനിക്കുകയും ചെയ്യുന്നു. ഇതൊരു ഗുരുതരമായ യുക്തിഭംഗമാണ്.  ഉദാഹരണത്തിന്, “മഴ പെയ്താൽ എന്റെ കാർ നനയും. എന്റെ കാർ നനഞ്ഞതായി കാണുന്നു. അതിനാൽ, മഴ പെയ്തു എന്ന കാര്യം ഉറപ്പാണ്”. പക്ഷേ, കാർ നനഞ്ഞത്  മഴകൊണ്ട് ആകണമെന്നില്ല, വീടിന്റെ മുമ്പിലെ പുൽത്തകിടിയിൽ സ്‌പ്രിംഗളർ ജലസേചനം നടത്തിയപ്പോൾ നിങ്ങളുടെ കാറിന്റെ പുറത്തേക്ക് വെള്ളം തെറിച്ചതും ആകാം!

ഇവിടെയും വാദിക്കുന്നയാൾ “എങ്കിൽ……പിന്നെ……” പ്രസ്താവന ഉപയോഗിക്കുന്നു. പക്ഷേ, ഇവിടെ വാദകൻ ‘എങ്കിൽ’ ഭാഗം ആദ്യമേ നിഷേധിക്കുന്നു, തുടർന്ന് ‘പിന്നെ’ ഭാഗവും. പക്ഷേ, വാദത്തിന്റെ ‘എങ്കിൽ’ എന്ന ഭാഗം സംഭവിക്കുന്നില്ലെങ്കിൽ, ‘പിന്നെ’ എന്ന ഭാഗവും യാഥാർത്ഥ്യമാകില്ലെന്ന് ഉറപ്പിച്ചുപറയാനാവില്ല. ‘പിന്നെ’ എന്ന ഭാഗം മറ്റെന്തെങ്കിലും കാരണത്താലും സംഭവിക്കാം. ഉദാഹരണത്തിന്, “എൻഡോസൾഫാൻ ഉപയോഗിക്കുന്നത് നിരോധിച്ചില്ലെങ്കിൽ, പലർക്കും കാൻസർ വരുകയും മറ്റ് അസുഖങ്ങൾ ബാധിക്കുകയും ചെയ്യും. എൻഡോസൾഫാൻ സർക്കാർ നിരോധിച്ചു. അതിനാൽ, കാൻസറിന്റെയും മറ്റ് രോഗങ്ങളുടെയും അപകടസാധ്യതകളിൽ നിന്ന് നിരവധി ആളുകൾക്ക് മോചനം ലഭിക്കും”.

ഒരാള്‍ ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്തു. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി അതിലെ ഏതെങ്കിലും വാക്കിന്റെ വ്യാഖ്യാനത്തില്‍ കടിച്ചുതൂങ്ങിയുള്ള വാദം കുയുക്തിയാണ്.  പ്രശ്നത്തെ ഊതിപ്പെരുപ്പിക്കാന്‍ ബോധപൂര്‍വ്വം പത്രക്കാരും ചാനലുകാര്യം രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും ഒക്കെ സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയാണിത്.  മുമ്പൊരിക്കല്‍ “പിതൃശൂന്യ പത്രപ്രവര്‍ത്തനം” എന്ന്  ഒരു ജനപ്രധിനിധി പറഞ്ഞതിന്‍റ വ്യാഖ്യാനം “പത്രപ്രവര്‍ത്തകര്‍ പിതൃശൂന്യരാണ്” എന്ന മട്ടില്‍ പുരോഗമിച്ചുണ്ടായ കോലാഹലം മറന്നിട്ടുണ്ടാവില്ല.  ഇതുപോലുള്ള ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.

പഠനങ്ങളിലൂടെയോ നിരീക്ഷണങ്ങളിലൂടെയോ ശേഖരിച്ച തെളിവുകൾ നിങ്ങൾ അവഗണിക്കുകയും ആരെങ്കിലും വിവരിച്ച ചില സാക്ഷ്യങ്ങളിലേക്ക് അല്ലെങ്കിൽ സംഭവകഥകളിലേക്ക് പോകുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ‘സാക്ഷ്യപ്പെടുത്തൽ’ എന്ന കുയുക്തിയാണ് പ്രയോഗിക്കുന്നത്. വാദങ്ങൾ ഉറപ്പിക്കുന്നതിനായി വിവരിക്കുന്ന ചില നേർസാക്ഷ്യങ്ങളാണിവ. പക്ഷേ, ഇത്തരം സാക്ഷ്യങ്ങളുടെ അല്ലെങ്കിൽ ഉപകഥകളുടെ ഒരു പ്രധാന പ്രശ്‌നം, ആർക്കും ഒരെണ്ണം കെട്ടിച്ചമയ്ക്കാനും വിശ്വസനീയമായ ഉദാഹരണമായി അവതരിപ്പിക്കാനും കഴിയും എന്നതാണ്. പല മതഗ്രൂപ്പുകളും തങ്ങൾ പ്രസംഗിക്കുന്നത് തെളിയിക്കാൻ സാക്ഷ്യങ്ങളും ഉപകഥകളും സമർത്ഥമായി ഉപയോഗിക്കുന്നു. 

സാക്ഷ്യം  തെറ്റായി ഉപയോഗിക്കുന്നതിന്റെ ഒരു സാധാരണ ഉദാഹരണമാണ് ഇനിപ്പറയുന്നത്. “മദ്യപാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഞാൻ വായിച്ചിട്ടുണ്ട്, മദ്യപാനത്തിന്റെ എല്ലാ ദൂഷ്യങ്ങളും എനിക്കറിയാം; പക്ഷേ എന്റെ ജ്യേഷ്ഠൻ സ്ഥിരമായി കുടിക്കുന്ന വ്യക്തിയാണ്. പക്ഷേ,  ജീവിതത്തിൽ ഒരു ദിവസം പോലും അസുഖം വന്നു കിടപ്പിലായിട്ടില്ലന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട്, മദ്യപാനത്തിന് ഒരു കുഴപ്പവുമില്ലന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും”. ഇത്തരം സാക്ഷ്യങ്ങൾ സിഗരറ്റ് വലിയുമായി ബന്ധപ്പെട്ടും നിങ്ങൾ കേട്ടിട്ടുണ്ടാകും. ഒന്നുകിൽ ഇതൊരു അപവാദമായിരിക്കും (exception), അല്ലെങ്കിൽ ‘ജ്യേഷ്ഠൻ’ നുണപറയുന്നതാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. 

അസാധുവൽക്കരണ ക്ഷമത’ അഥവാ ‘ഫാൾസിഫിയബിലിറ്റി’ എന്ന തത്വമനുസരിച്ച്, ഒരു ശാസ്ത്രീയ പ്രസ്താവന അസാധുവൽക്കരണത്തിന് വഴങ്ങുന്നതാകണം. അതായത് പ്രസ്താവന നിരീക്ഷണത്തിലൂടെയോ പരീക്ഷണത്തിലൂടെയോ അസാധുവാണെന്ന് തെളിയിക്കാൻ സാധിക്കുന്നതാകണം. അസാധുവൽക്കരണ സാധ്യതയില്ലാത്ത  അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ  ഈ കുയുക്തി സംഭവിക്കുന്നു. ഈ പ്രസ്താവന നോക്കുക: “പ്രാപഞ്ചിക, ഭൗമ ശക്തികളുടെ പരസ്പരബന്ധം കാരണം ബയോഡൈനാമിക് ഫാമിംഗ് അത്ഭുതകരമായ വിളവ് നൽകുന്നു” (ബയോഡൈനാമിക് ഫാമിംഗ് ഒരു ‘ബദൽ  കൃഷി’ സമ്പ്രദായമാണ്). പ്രാപഞ്ചിക, ഭൗമ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന അവകാശവാദത്തിന് അനുകൂലമായോ പ്രതികൂലമായോ തെളിവുകൾ ശേഖരിക്കാൻ ഒരു മാർഗവുമില്ല, അതിനാൽ, ‘അത്ഭുത വിളവ്’ എന്നതിന്റെ ശരിയായ വിശദീകരണമായി ഇത് അവതരിപ്പിക്കുന്നത് ഒരു കുയുക്തിയാണ്. വൃക്ഷായുർവേദത്തിലെ ഒരു ശ്ലോകം കാണുക,  “വിധി പ്രകാരം രണ്ടു പേരാൽ  നടുന്നവൻ ശിവലോകത്തിൽ എത്തിച്ചേരുമെന്ന് മാത്രമല്ല, അപ്സരസ്സുകൾ അവനെ സേവിക്കുകയും ചെയ്യും”. അസാധുവൽക്കരണ സാധ്യതയില്ലാത്ത ഇത്തരം ധാരാളം സൂക്തങ്ങൾ വൃക്ഷായുർവേദത്തിലുണ്ട്.  

‘ടെലിയോളജിക്കൽ’ എന്ന വാക്ക് ‘അവസാനം’ അല്ലെങ്കിൽ ‘ഉദ്ദേശ്യം’ എന്ന അർത്ഥത്തിൽ ഗ്രീക്ക് പദമായ ടെലോസിൽ (telos)  നിന്നാണ് ഉരുത്തിരിഞ്ഞത്.  ടെലിയോളജി അനുസരിച്ച്, പ്രകൃതിയിലെ എല്ലാത്തിനും ഒരു ലക്ഷ്യവും, അവസാനവും, രൂപകൽപ്പനയും ഉണ്ട്. 

പാഠപുസ്തകങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു സാധാരണ ടെലിയോളജിക്കൽ പ്രസ്താവന കാണുക: “പുഷ്പങ്ങൾ പ്രാണികളെ ആകർഷിക്കാൻ നിറം വികസിപ്പിക്കുന്നു”. പരാഗണത്തിനായി പ്രാണികളെ ആകർഷിക്കുന്നതിന്റെ ഉദ്ദേശ്യം പൂക്കളിലെ നിറത്തിന്റെ വികാസത്തിന് നേരിട്ട് ഉത്തരവാദിയാണെന്ന് പ്രസ്താവന സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള വിശദീകരണങ്ങൾ സൂചിപ്പിക്കുന്നത് ഒരു പ്രത്യേക ഘടനയിൽ നിന്നോ ക്രമീകരണത്തിൽ നിന്നോ ലഭിക്കുന്ന നേട്ടം സ്വീകാര്യമായ കാരണമാണെന്നും അതിനാൽ, ഒരു പ്രവർത്തന രീതിക്കായി കൂടുതൽ തിരയേണ്ട ആവശ്യമില്ലെന്നുമാണ്. പക്ഷേ, പ്രകൃതിയിൽ ധാരാളം മനോഹരമായ നിറമുള്ള പൂക്കൾ ഉണ്ട്, അവയിലെല്ലാം പ്രാണികൾ മുഖേനയല്ല പരാഗണം നടക്കുന്നത്. നല്ലൊരു ശതമാനം മനോഹരമായ നിറമുള്ള പൂക്കൾ ഉല്പ്പാദിപ്പിക്കുന്ന സസ്യങ്ങളിൽ കാറ്റോ, വെള്ളമോ, മറ്റ് വഴിയോ പരാഗണം നടക്കുന്നു. അതിനാൽ, മുകളിൽ പറഞ്ഞ ടെലിയോളജിക്കൽ പ്രസ്താവനയെ ‘സോദ്ദേശ ന്യായം’ എന്ന കുയുക്തിയായി കാണാം.  മറ്റൊരു ഉദാഹരണം, “ചെടിയുടെ വേരുകൾ വെള്ളം തേടി മണ്ണിലേക്ക് കൂടുതൽ ആഴത്തിൽ വളരുന്നു”

കേവലം പേരിനു മാത്രമുള്ള ഒരു ഇടപെടലിനെ യഥാർത്ഥ കാര്യത്തിന് പകരമായി വ്യാഖ്യാനിച്ചാൽ ടോക്കണിസം എന്ന് വിളിക്കപ്പെടുന്ന ഒരു കുയുക്തി സംഭവിക്കുന്നു. പാർലമെന്റിൽ വനിതാ സംവരണത്തിനെതിരായ ഒരു വാദം ഇങ്ങനെയാണ്: “ഇന്ത്യയിൽ സ്ത്രീകളോട് എന്തെങ്കിലും വിവേചനമുണ്ടെന്ന് പറയാനാവില്ല. അവർക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെയാകാം. നമ്മുടെ രാഷ്ട്രപതി ഒരു സ്ത്രീയാണ് എന്നത് നിങ്ങൾ മറക്കരുത്. ഇതിന് മുമ്പും ഒരു വനിത പ്രസിഡണ്ട് ആയിരുന്നു. ഒരു വനിതാ പ്രധാനമന്ത്രിയും നമുക്കുണ്ടായിട്ടുണ്ട്. അതിനാൽ, സ്ത്രീകൾക്ക് പാർലമെന്റിൽ മൂന്നിലൊന്ന് സീറ്റ് സംവരണം നൽകേണ്ട ആവശ്യമില്ല”. യഥാർത്ഥ ഭരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വിലയിരുത്താതെ, ഈ ന്യായവാദം നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, നിങ്ങൾ ടോക്കണിസത്തിന്റെ അടിമയാവും. ഇപ്പോഴുള്ള എം.പി. മാരിലും, എം.എല്‍.എ. മാരിലും എത്ര സ്ത്രീകളുണ്ടെന്നും ഭരണത്തില്‍ അവരുടെ സ്വാധീനം എത്രയാണെന്നുമുള്ള കാര്യം പരിഗണിക്കാതെ പലരും ഇത്തരത്തിലുള്ള വാദങ്ങൾ  നടത്താറുണ്ട്. മറ്റൊരു ഉദാഹരണം: “ഞങ്ങളുടെ സ്ഥാപനത്തിൽ എങ്ങനെയാണ് ലിംഗവിവേചനം ഉണ്ടെന്ന് പറയാൻ കഴിയുക? ഞങ്ങളുടെ മാനേജിംഗ്  ഡയറക്ടർ ഒരു വനിതയാണ്”. പക്ഷേ, എം.ഡി.  കമ്പനിഉടമയുടെ മകളാണ് എന്ന വസ്തുത നിങ്ങൾ അവഗണിച്ച് കൊണ്ടാണ് ഇത് പറയുന്നത്!

കാര്യ-കാരണ ബന്ധവും ഫലവും സൂചിപ്പിക്കുന്ന ന്യായവാദം സാധുവാണ്.    പക്ഷേ, കാര്യകാരണബന്ധത്തിന് മതിയായ തെളിവില്ലാതെ ഒരു പ്രത്യേക കാരണം ഫലമുണ്ടാക്കുന്നുവെന്ന് പറഞ്ഞാൽ, ‘സംശയാസ്പദമായ കാരണം’ എന്ന കുയുക്തിയാകും. രണ്ട് കാര്യങ്ങളും ഒരുമിച്ച് പോകുകയും ഒരു കാരണ-പ്രഭാവ ബന്ധം ഉണ്ടാകുകയും ചെയ്യണം. ഈ പ്രസ്താവന കാണുക: “നല്ല പച്ചക്കറികൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തും”.  പച്ചക്കറികൾ ആരോഗ്യത്തിന് സംഭാവന നൽകിയേക്കാം, പക്ഷേ, ആരോഗ്യത്തിന്റെ ഒരേയൊരു കാരണം ഇതായിരിക്കില്ല, മറ്റ് നിരവധി കാരണങ്ങളുമുണ്ടായിരിക്കും. 

മതിയായ കാരണങ്ങളില്ലാതെ കാര്യകാരണബന്ധം ഊഹിക്കുമ്പോൾ സംഭവിക്കുന്ന ഒരു തെറ്റാണ് ‘പോസ്റ്റ് ഹോക്ക് ഫാലസി’. ‘ഇതിന് ശേഷം, അതിനാൽ ഇത് കാരണം’ (post hoc ergo propter hoc) എന്നർഥമുള്ള ഒരു ലത്തീൻ പ്രയോഗത്തിന്റെ പേരിലാണ് ഈ കുയുക്തിക്ക് പേര് നൽകിയിരിക്കുന്നത്. ഒരു സംഭവം ആദ്യം നടന്നതിനാൽ മറ്റൊന്നിന് കാരണമാകുമെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ സംഭവം നടക്കാനുണ്ടായ കാരണം മറ്റു പലതുമായിരിക്കും. ഇനിപ്പറയുന്ന പ്രസ്താവന കാണുക: “ഈ ഉപന്യാസമത്സരത്തില്‍ ഞാന്‍ ജയിക്കാനുണ്ടായ കാരണം നീലപ്പേന ഉപയോഗിച്ച് എഴുതിയതുകൊണ്ടാണ്. ഈ നീലപേനയാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്. മത്സരങ്ങള്‍ക്ക് പോകുമ്പോഴെല്ലാം ഞാനിതുതന്നെ ഉപയോഗിക്കും”. ഇവിടെ, യഥാർത്ഥ കാരണങ്ങൾ കണ്ടെത്താതെ, നീലപേനയും ഉപന്യാസ രചനയിലെ വിജയവും തമ്മിൽ കാര്യകാരണബന്ധം സ്ഥാപിക്കാൻ വാദകൻ ശ്രമിക്കുന്നു.  ശകുനം, ഭാഗ്യചിഹ്നങ്ങള്‍, മുഹൂര്‍ത്തം, കണി എന്നിവയൊക്കെ നോക്കാന്‍ ഇപ്പോഴും ആളുണ്ടാകുന്നത് ഇത്തരം കുയുക്തികള്‍ പറഞ്ഞുനടക്കാന്‍ ആള്‍ക്കാര്‍ തയ്യാറാകുന്നതുകൊണ്ടാണ്. നേർച്ച, പ്രാര്‍ത്ഥന എന്നിവയും ഈ ഗണത്തില്‍ തന്നെ വരും. സമൂഹത്തിൽ നിലനിൽക്കുന്ന മിക്ക അന്ധവിശ്വാസങ്ങളും പോസ്റ്റ് ഹോക്ക് ഫാലസികളാണ്.

യഥാർത്ഥ പരീക്ഷണങ്ങൾ നടത്താൻ കഴിയാത്തപ്പോൾ ഗവേഷകർ ഉപയോഗിക്കുന്ന ‘കേസ് കൺട്രോൾ പഠനങ്ങൾ’ (case control studies) പോലുള്ള ‘എക്സ് പോസ്റ്റ് ഫാക്റ്റോ’ (ex post facto)പരീക്ഷണങ്ങളുടെ പ്രശ്നവും പോസ്റ്റ് ഹോക്ക് ഫാലസി ആണ്. രണ്ട് ഘടകങ്ങൾ ഒരുമിച്ച് പോകുന്നതിനാൽ, ഒന്ന് കാരണവും മറ്റൊന്ന് ഫലവുമാണെന്ന് അനുമാനിക്കുന്നത് ശരിയല്ല.  ഉദാഹരണത്തിന്, കാൻസറിനെ മലിനീകരണം, കീടനാശിനി പ്രയോഗം, ഫാസ്റ്റ് ഫുഡുകൾ അല്ലെങ്കിൽ അത്തരം കാരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ജാഗ്രത ആവശ്യമാണ്. രോഗലക്ഷണങ്ങളും  കാരണങ്ങളുമായി ആശയക്കുഴപ്പത്തിലാകാനുള്ള സാധ്യതയുള്ളതിനാലും പോസ്റ്റ് ഹോക്ക് വീഴ്ച വരുത്താനുള്ള സാധ്യത കൂടുതലായതിനാലും, ഗവേഷണത്തിനായി കേസ് കൺട്രോൾ ഡിസൈൻ ഉപയോഗിക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരിക്കണം. അത്തരം പഠനങ്ങൾ ഒരു പരികൽപ്പന മാത്രമല്ല, മറ്റ് യുക്തിസഹമായ പരികൽപ്പനകളും പരീക്ഷിക്കണം.

രണ്ടുപേർ ചർച്ചയിലായിരിക്കുമ്പോൾ, അവകാശവാദം നടത്തുന്നയാൾക്ക് ആ അവകാശവാദത്തെ ന്യായീകരിക്കുന്നതിനോ സ്ഥിരീകരിക്കുന്നതിനോ സാധാരണയായി ഒരു തെളിവിന്റെ ബാധ്യത ഉണ്ടായിരിക്കും. ഒരു നിർദ്ദേശം ഇതുവരെ തെറ്റാണെന്ന് തെളിയിക്കപ്പെടാത്തതിനാൽ ശരിയാണെന്ന് അനുമാനിക്കുമ്പോൾ, അല്ലെങ്കിൽ ഒരു നിർദ്ദേശം ഇതുവരെ ശരിയാണെന്ന് തെളിയിക്കപ്പെടാത്തതിനാൽ തെറ്റാണെന്ന് അനുമാനിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ‘തെളിവിന്റെ ബാധ്യത മാറ്റുക’ എന്നതിനർത്ഥം ഒരു അവകാശവാദം തെളിയിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഒരു കക്ഷിയിൽ നിന്ന് മറ്റൊരു കക്ഷിയിലേക്ക് മാറ്റുക എന്നതാണ്. 

‘തെളിവിന്റെ ബാധ്യത മാറ്റുക’ എന്നത് ശക്തമായ വാദങ്ങൾ നേരിടുമ്പോൾ പലരും ചെയ്യുന്ന ഒരു കുയുക്തിയാണ്. വിജയിക്കുന്നതിന്, സാധാരണയായി തെളിവിന്റെ ബാധ്യതയുള്ള  വ്യക്തി ആ ബാധ്യത മറ്റൊരാളിലേക്ക് മാറ്റാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, പ്രകൃതി ചികിത്സ അതിന്റെ പ്രകൃതിയുമായുള്ള ബന്ധം കാരണം മറ്റ് ചികിത്സാ രീതികളെക്കാൾ മികച്ചതാണെന്ന് ഒരാൾ വാദിച്ചേക്കാം. വാദകന് ഗവേഷണപരമായ തെളിവുകളൊന്നും ഹാജരാക്കാൻ കഴിയുന്നില്ലെങ്കിലും, പ്രേക്ഷകരോട് ഒരു വെല്ലുവിളിയോടെ അജണ്ട മുന്നോട്ട് വയ്ക്കുന്നു: “പ്രകൃതി ചികിത്സ മികച്ചതാണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, മറിച്ചു തെളിയിക്കാനുള്ള വിവരങ്ങളുമായി വരൂ”.

പ്രധാനപ്പെട്ടതും സാധാരണവുമായ ഏതാനും കുയുക്തികളുടെ കാര്യമാണ് നാമിവിടെ കണ്ടത്. വാദങ്ങളെയും വാദത്തിന് ആധാരമാക്കി ഉന്നയിക്കുന്ന തെളിവുകളെയും ശാസ്തീയമായി വിശകലനം ചെയ്താല്‍ യുക്തിയാണോ, കുയുക്തിയാണോ എന്ന് മനസ്സിലാക്കാന്‍ പറ്റും. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, കപടശാസ്ത്രങ്ങളും, സമൂഹത്തില്‍ വളര്‍ന്നുവരുന്നതിന്റെ ഒരു കാരണം ഇത്തരം കുയുക്തികളുടെ പ്രയോഗവും, മനുഷ്യര്‍ അവ വിശ്വസിക്കാന്‍ തയ്യാറാകുന്നു എന്നതുമാണ്.  കുയുക്തികളെ യുക്തി ഉപയോഗിച്ചു തന്നെ പ്രതിരോധിക്കാന്‍ കഴിയണം.


 അധിക വായനക്ക്  

  1. തോമസ്, സി. ജി. 2008. യുക്തിചിന്തയും കപടവാദങ്ങളും. ശാസ്ത്രഗതി  3(8):6-9. 
  2. Thomas, C. G. 2021. Research Methodology and Scientific Writing (2nd ed.), Springer Nature International Edition, 620p

ശാസ്ത്രവും കപടശാസ്ത്രവും – പ്രത്യേക പതിപ്പ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭൗമദിനവും ഊർജ്ജഭാവിയും
Close