[email protected] [/author]
പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള ഹബിള്‍ ടെലസ്കോപ്പിന്‍റെ യാത്ര കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ബഹിരാകാശ ഗവേഷണരംഗത്തെ നാഴികക്കല്ലായ ഈ ബഹിരാകാശ ടെലസ്കോപ്പിനെക്കുറിച്ച് വായിക്കുക.
ഗലീലിയോ ടെലസ്കോപ്പ് ആകാശത്തേക്ക് തിരിച്ചിട്ട് നാനൂറ് വർഷത്തിലേറെയായി. ജ്യോതിശാസ്ത്ര ചരിത്രത്തിൽ അത്രത്തോളം പ്രാധാന്യം കൈവന്ന മറ്റൊരു ടെലസ്കോപ്പ് ഉണ്ടെങ്കിൽ അത് ഹബിളാണ്. നിങ്ങൾ കണ്ടിട്ടുള്ള മനോഹരമായ ചിത്രങ്ങളെല്ലാം ഹബിളെടുത്തതാണ്. ഹബിൾ പ്രവർത്തിച്ച് തുടങ്ങിയിട്ട് 25 വർഷമായി. ഈ കഴിഞ്ഞ ഏപ്രിൽ 24 ന് ഹബിൾ ഓർബിറ്റിലെത്തിയിട്ട് 25 വർഷം പൂർത്തിയായി. ഹബിളിനെ ഇത്ര മികച്ചതാക്കുന്നത് 25 വർഷം നിലനിന്നു എന്നതല്ല. മറിച്ച് ഹബിൾ ജ്യോതിശാസ്ത്രത്തിനു നൽകിയ സംഭാവനകളാണ്.
ബഹിരാകാശ ടെലസ്കോപ്പുകൾ എന്തിന്?
പ്രകാശം എന്നത് ഒരു വൈദ്യുത കാന്തിക തരംഗമാണ്. നാം കാണുന്ന ദൃശ്യപ്രകാശം, അതിൽ 400nm മുതൽ 700nm വരെ തരംഗ ദൈർഘ്യമുള്ള തരംഗങ്ങളാണ്. 700nmനു മുകളിലും 400nmനു താഴെയും ദൈർഘ്യമുള്ള തരംഗങ്ങളെ നമ്മുടെ കണ്ണുകൾക്ക് കാണുവാൻ കഴിയില്ല. അങ്ങനെ നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത തരംഗങ്ങൾക്ക് ജ്യോതിശ്ശാസ്ത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. ടി.വി. റിമോട്ട് കണ്ടിട്ടില്ലേ? അതിന്റെ മുന്നിലുള്ള എൽ.ഇ.ഡി കണ്ടിട്ടില്ലേ? അത് ഇൻഫ്രാറെഡ് എന്ന് പേരുള്ള വെളിച്ചമാണ് പുറത്ത് വിടുന്നത്. നമ്മുടെ കണ്ണുകൾക്ക് അവയെ കാണാൻ കഴിയില്ല. എന്നാൽ ആ എൽ.ഇ.ഡി ഒരു മൊബയിൽ ക്യാമറയിലേക്ക് പിടിച്ച് റിമോട്ട് ബട്ടൺ അമർത്തൂ. ഇപ്പോൾ ക്യാമറയിൽ നിങ്ങൾക്ക് ഇൻഫ്രാറെഡ് കാണാം!
ഇത്തരത്തിൽ കാണാൻ കഴിയാത്ത പല പ്രകാശങ്ങളുണ്ട്. റേഡിയോ തരംഗങ്ങൾ, മൈക്രോവേവ്, ഇൻഫ്രാറെഡ്, അൾറ്റ്രാവയലറ്റ്, എക്സ് റേ, ഗാമ റേ എന്നിങ്ങനെയാണവ. ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തത്തോടെ ഇതിൽ പലതും ഫിലിമിൽ പകർത്താം എന്നു മനസ്സിലാക്കി.
ഒരു ചുവന്ന ഗ്ലാസ് ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ നിങ്ങൾക്ക് ചുവന്ന പ്രകാശം മാത്രമല്ലേ കണ്ണിലെത്തുക. ബാക്കിയൊക്കെ ജനാല തടയില്ലേ.. ഏതാണ്ട് അതുപോലെയാണ് നമ്മുടെ അന്തരീക്ഷം.പലതരത്തിലുള്ള പ്രകാശങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ.. അതിൽ റേഡിയോ തരംഗങ്ങളും ദൃശ്യപ്രകാശത്തിനും മാത്രമേ അന്തരീക്ഷത്തിലൂടെ കടന്ന് ഭൂമിയിലെത്താൻ സാധിക്കൂ. ബാക്കി എല്ലാത്തിനേയും അന്തരീക്ഷം തടയുന്നു. ഈ ഭൂമിയിലെത്താൻ കഴിയാതെ പോകുന്ന പ്രകാശത്തെ കാണാൻ അന്തരീക്ഷത്തിന്റെ പുറത്ത് പോയാൽ മതിയല്ലോ. ബഹിരാകാശദൂരദർശിനികളും ചെയ്യുന്നത് അത് തന്നെയാണ്. ബഹിരാകാശ ദൂരദർശിനികളുടെ പാത അന്തരീക്ഷത്തിനുപുറത്താണ്. അതിനാൽ എല്ലാ പ്രകാശത്താലും പ്രപഞ്ചത്തെ നോക്കിക്കാണാൻ അതിനു കഴിയും.
പുഴയിൽ കുളിക്കാനിറങ്ങുമ്പോൾ വെള്ളത്തിൽ മുങ്ങി പുറത്തേക്ക് നോക്കിയിട്ടില്ലേ. പുഴക്ക് പുറത്തുള്ളതിനെയൊക്കെ കാണുന്നത് വല്ലാതെ വികലമായും മങ്ങിയും രൂപവ്യത്യാസത്തിലും അല്ലേ. അതുപോലെ തീ കത്തുമ്പോൾ മറുവശത്ത് നിൽക്കുന്നവരെ കാണുമ്പോഴും ഇങ്ങനെയൊക്കെയല്ലേ കാണാറ്. വെള്ളത്തിന്റെ ഒഴുക്കും , അതേപോലെ ചൂടായ വായുവും ഒക്കെ നമ്മുടെ കണ്ണിലേക്ക് വരുന്ന പ്രകാശത്തിന്റെ പാതക്ക് വ്യത്യാസമുണ്ടാക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
നമ്മുടെ അന്തരീക്ഷവും ഇങ്ങനെയാണ്. പല താപനിലയിലുള്ള കാറ്റുകൾ, മേഘങ്ങൾ, ജലബാഷ്പം ഇവയൊക്കെ പ്രപഞ്ചത്തിലേക്കുള്ള കാഴ്ച്ചക്ക് തടസ്സമാകുന്നു. അതുപോലെ തന്നെ പകൽ സമയത്ത് ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിനും അന്തരീക്ഷം അനുവദിക്കില്ല. സൂര്യപ്രകാശം അന്തരീക്ഷത്തിൽ വിസരിതമാകുന്നതിനാലാണിത്.എല്ലാത്തരം പ്രകാശങ്ങളെ കാണാനും അന്തരീക്ഷം മൂലമുള്ള വ്യതിയാനങ്ങൾ ഒഴിവാക്കാനും ബഹിരാകാശടെലസ്കോപ്പുക്കൾ ആവശ്യമാണ്.
ഹബിൾ സ്പേസ് ടെലസ്കോപ്പ്
1962-ൽ, ഒരു ബഹിരാകാശ ടെലസ്കോപ്പ് നിർമ്മിക്കണമെന്ന ആശയം മുന്നോട്ടു വരികയും, അമേരിക്ക അവരുടെ ശാസ്ത്രപരിപാടികളിൽ ഇതിനാവണം പ്രാധാന്യം നൽകേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്തു. ബഹിരാകാശ ടെലസ്കോപ്പ് എന്നത് സാക്ഷാത്കരിക്കാന്‍ ഭാരിച്ച ചിലവ് വേണ്ടി വരുമെന്നതിനാൽ ഈസയുടെ കൂടി സഹകരണത്തോടുകൂടി പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്നും ധാരണയായി. അങ്ങനെ അമേരിക്കൻ പാർലമെന്റ് 1977ൽ പദ്ധതിക്കാവശ്യമായ പണം അനുവദിക്കുന്നു. സോളാർ പാനൽ, ബാറ്ററികൾ അങ്ങനെ കുറെ ഭാഗങ്ങള്‍ ഈസ നിര്‍മ്മിച്ചു നല്‍കി. ഇതിനു പകരമായി നിരീക്ഷണ സമയത്തിന്റെ കാൽ ഭാഗം ഈസക്ക് നൽകുകയും ചെയ്തു. ദർപ്പണങ്ങളുണ്ടാക്കാനുണ്ടായ കാലതാമസം, ചലഞ്ചർ ദുരന്തം എന്നിവ കാരണം വിക്ഷേപണം വൈകി. ഒടുവിൽ 1990 ഏപ്രിൽ 24നു ഡിസ്കവറി സ്പേസ് ഷട്ടിലിൽ ഹബിളിനെ ബഹിരാകാശത്ത് 593 കി/മി ഉയരത്തിലുള്ള ഓർബിറ്റിൽ എത്തിച്ചു. ഓരോ 96 മിനിറ്റിലും ഹബിൾ ഒരു തവണ ഭൂമിയെ വലം വെക്കുന്നു. 7.5 കിലോമീറ്റർ ഓരോ സെക്കന്റിലും സഞ്ചരിക്കുന്നു. അതായത് ഇന്ത്യയെ മറി കടക്കാൻ വെറും 6.5 മിനിട്ട് ധാരാളം!
പേരു വന്ന വഴി
ഹബിളിന്റെ ആദ്യപേര് ലാർജ് സ്പേസ് ടെലസ്കോപ്പ് എന്നായിരുന്നു. പിന്നീട് 1983ലാണ് പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനായ എഡ്വിൻ ഹബിളിനോടുള്ള ബഹുമാനാർഥം ഹബിൾ സ്പേസ് ടെലസ്കോപ്പ് എന്ന പേരു നൽകിയത്. ആൻഡ്രോമിഡ അടക്കമുള്ള ഗ്യാലക്സികൾ നമ്മുടെ ആകാശഗംഗയിലെ നെബുലകൾ ആണെന്നായിരുന്നു ശാസ്ത്ര ലോകം അതുവരെ കരുതിയിരുന്നത്. എന്നാൽ ഇവയിലേക്കുള്ള ദൂരം വേരിയബിൾ നക്ഷത്രങ്ങളെ ഉപയോഗിച്ച് അളക്കുകയും, ആകാശഗംഗ പോലെ മറ്റൊരു ഗ്യാലക്സിയാവാം ഇതെന്നും കണ്ടെത്തുന്നത് എഡ്വിന്‍ ഹബിളാണ്. ഗ്യാലക്സികളൊക്കെ ( ആൻഡ്രോമിഡ ഒഴികെ) അകന്ന് പോവുകയാണെന്നും പ്രപഞ്ചം വികസിക്കുകയാണെന്നും അദ്ദേഹം കണ്ടെത്തി. അക്കാലത്ത് ഉണ്ടായിരുന്ന ഏറ്റവും വലിയ ടെലസ്കോപ്പുകളാണ് തന്റെ നിരീക്ഷണങ്ങൾക്കായി അദ്ദേഹം ഉപയോഗിച്ചത്.
2.5 ബില്ല്യൺ മുടക്കി അയച്ച ഹബിളിൽ നിന്ന് ആദ്യം ലഭിച്ച ചിത്രങ്ങളെല്ലാം നിരാശജനകമായിരുന്നു. ഭൂമിയിൽ നിന്നെടുക്കുന്ന ചിത്രങ്ങളെക്കാൾ അത്ര മേന്മയുള്ളതൊന്നുമായിരുന്നില്ല ചിത്രങ്ങൾ. ഇത്രയധികം പണം മുടക്കി അയച്ച ഹബിളിന്റെ പ്രധാന ദർപ്പണം കൃത്യതയുള്ളതായിരുന്നില്ല. ആകൃതിയിൽ 2.3 മൈക്രൊമീറ്ററിന്റെ വ്യത്യാസം. നാം കടയിൽ നിന്ന് ഒരു രൂപക്ക് വാങ്ങുന്ന കവറിന്റെ കനം പോലും 20 മൈക്രോമിറ്ററിൽ താഴെയാണ്. ഏകദേശം ഒരു മുടിനാരിഴയുടെ നാലിലൊന്ന്. അത്ര ചെറിയ വ്യത്യാസമായിരുന്നു ഹബിളിന്ന്റെ പ്രധാന ദർപ്പണത്തിലുണ്ടായത്. ദർപ്പണത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശം പലയിടങ്ങളിലാണ് ഫോകസ് ചെയ്യപ്പെട്ടത്. ഹബിളിന്റെ ഈ പ്രശ്നം വലിയ വിവാദമായി. ഇത്രയധികം പണം നഷ്ട്ടപ്പെടുത്തി എന്ന ചീത്തപ്പേരും.
എന്നാല്‍ ബഹിരാകാശത്ത് പോയി വീണ്ടും നന്നാക്കാൻ കഴിയുന്ന രീതിയിലായിരുന്നു ഹബിൾ നിർമ്മിച്ചത്. ഇത്തരത്തിലുള്ള ഏക ബഹിരാകാശ ടെലസ്കോപ്പും ഹബിൾ തന്നെ. 1993 ൽ ഹബിളിന്റെ ആദ്യ സർവീസ് മിഷൻ, ഹബിളിന് കോസ്റ്റാർ എന്നു വിളിക്കുന്ന ഒരു കണ്ണട വച്ച് കൊടുക്കാൻ. ഏതാണ്ട് ഒരു കണ്ണട പോലെ തന്നെയാണ് കോസ്റ്റാറും. കണ്ണിൽ വീഴുന്ന വെളിച്ചം റെറ്റിനയിൽ പതിക്കാതെ വരുമ്പൊൾ ഫോക്കസ്സ് ചെയ്യിക്കാൻ വേണ്ടി നാം കണ്ണട വക്കാറില്ലേ, ഏതാണ്ട് അതുപോലെ തന്നെ. പിന്നീടങ്ങോട്ട് ഹബിളിന്റെ സമയമായിരുന്നു.
38,000 ജ്യോതിശാസ്ത്ര വസ്തുക്കളുടെ ചിത്രങ്ങൾ. 23000 ലധികം ഡിവിഡിയിൽ ശേഖരിക്കാനുള്ള ഡാറ്റ ഹബിൾ കഴിഞ്ഞ 25 വർഷം കൊണ്ട് അയച്ചിരിക്കുന്നു.
ഒരു ദശലക്ഷം നിരീക്ഷണങ്ങൾ. 11,000ലധികം ശാസ്ത്ര പേപ്പറുകൾ ഹബിളിൽ നിന്നുള്ള നിരീക്ഷണങ്ങളേ അടിസ്ഥാനമാക്കി എഴുതപ്പെട്ടിരിക്കുന്നു. ഏറ്റവും ഫലവത്തായി ഉപയോഗിക്കപ്പെട്ട ശാസ്ത്രോപകരണം. ഹബിളിന്‍റെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി ഒരു നോബെൽ പ്രൈസ്. അങ്ങനെ ഹബിളിന്‍റെ റെക്കോർഡുകൾ ഏറെ.
ഒരു വോൾവോ ബസിനോളം നീളവും(3.3മി) രണ്ടാനയുടെ ഭാരവുമുള്ള(1110) ഹബിളിന്റെ പ്രധാന ദർപ്പണത്തിനു 2.4 മീറ്റർ വ്യാസമുണ്ട്. കസ്സെഗ്രിയൻ രീതിയിലുള്ള ടെലസ്കൊപ്പ് ആണ് ഹബിളിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രൈമറി മിററിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശം സെക്കണ്ടറി മിററിൽ പതിക്കുന്നു. അവിടെ നിന്നും പ്രൈമറിമിററിലുള്ള ദ്വാരത്തിലുടെ പ്രൈമറി മിററിനു പിന്നിൽ ഫോക്കസ് ചെയ്യപ്പെടുന്നു. ഫോക്കസ് ചെയ്യപ്പെടുന്ന ദൃശ്യങ്ങളേ ചിത്രമാക്കി മാറ്റാം. അവയെ പലതരത്തിലുള്ള പഠനത്തിനു വിധേയമാക്കം. ഇതിനൊക്കെ ആവശ്യമായ പലതരം ശാസ്ത്രീയോപകരണങ്ങൾ ഹബിളിലുണ്ട്.
- വൈഡ് ഫീൽഡ് ക്യാമറ -3
പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു ക്യാമറയാണ്. വളരെ വിശാലമായ ഫീൽഡ് ഓഫ് വ്യൂ ഉള്ള ഈ ക്യാമറക്ക് ദൃശ്യപ്രകാശത്തോടൊപ്പം അൾട്രാവയലറ്റിലും ഇൻഫ്രാറെഡിലും കാണാൻ കഴിയും.
- കോസ്മിക് ഒർജിൻ സ്പെക്ട്രോഗ്രാഫ്
അൾട്രാവയലറ്റിലാണ് ഇതിന്റെ കാഴ്ച്ച. സ്പെക്ട്രോഗ്രാഫ് എന്നത് വരുന്ന പ്രകാശത്തെ ഒരു പ്രിസത്തിലൂടെ കടത്തിവിട്ട് അതിലേതൊക്കെ തരംഗ ദൈർഖ്യമുള്ള പ്രകാശം ഉണ്ട് എന്ന് കണ്ടെത്താനും അതുവഴി പ്രകാശസ്രൊതസ്സിന്റെ രാസഘടന, താപനില, അവയുടെ ചലനം എന്നിവ മനസിലാക്കാനും ഉപകരിക്കുന്നു.
- അഡ്വാൻസ്ഡ് ക്യാമറാ ഫോർ സർവെയിങ്ങ്
ശ്യാമദ്രവ്യത്തിന്റെ സാന്നിധ്യം, പ്രപഞ്ചോൽപ്പത്തി, അന്യഗ്രഹങ്ങൾ കണ്ടെത്തൽ, ഗ്യാലക്സിക്കൂട്ടങ്ങളുടെ പരിണാമം എന്നിങ്ങനെ പല ദൗത്യങ്ങളാണ് ഇതിനുള്ളത്. ദൃശ്യപ്രകാശത്തിലാണ് ഇതിന്റെ കാഴ്ച്ച.
- സ്പേസ് ടെലസ്സ്കോപ്പ് ഇമേജിങ്ങ് സ്പെക്ട്രോഗ്രാഫ്
ദൃശ്യപ്രകാശത്തിലും, ഇൻഫ്രാറെഡിലും, അൾട്രാവയലറ്റിലും പ്രവർത്തിക്കുന്ന സ്പെക്ട്രോഗ്രാഫാണിത്. ബ്ലാക് ഹോളുകളുടെ കണ്ടെത്തലുകൾക്ക് സഹായിച്ചിട്ടുള്ളതാണ് സ്പേസ് ടെലസ്സ്കോപ്പ് ഇമേജിങ്ങ് സ്പെക്ട്രോഗ്രാഫ്.
- നിയർ ഇൻഫ്രാ റെഡ് ക്യാമറ ആൻഡ് മൾട്ടി ഒബ്ജെക്ട് സ്പെക്ട്രോഗ്രാഫ്
ഇൻഫ്രാറെഡിൽ പ്രവർത്തിക്കുന്ന ഇതിന് പ്രപഞ്ചത്തിലെ ചൂടുപിടിക്കലുപ്രക്രിയയെകുറിച്ച് കളെയും നോക്കിക്കാണാനാകും. ഇൻഫ്രാറെഡിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ കൂടുതൽ ദൂരം കാണാനും. നക്ഷത്രങ്ങളുടെ ജനനത്തെക്കുറിച്ച് പഠിക്കാനുമുള്ള കഴിവുണ്ട്
ഹബിൾ സുപ്രധാന കണ്ടെത്തലുകൾ
- പ്രപഞ്ചത്തിനെത്ര വയസ്സായി
1920ൽ എഡ്വിൻ ഹബ്ബിൾ ആകാശഗംഗക്ക് പുറത്തുള്ള ഗ്യാലക്സികളൊക്കെ അകന്നു പോവുകയാണെന്നും. ഗ്യാലക്സികളിലേക്കുള്ള ദൂരം കൂടുന്നതനുസരിച്ച് അകലൽ വേഗവും കൂടും. കൂടുതൽ ദൂരെയുള്ളവ, കൂടുതൽ വേഗത്തിൽ അകലുന്നു. ദൂരവും, അകലൽ വേഗവും കണ്ടെത്തിയാൽ, വീഡിയോ പിറകോട്ടോടിക്കുന്നത് പോലെ, പ്രപഞ്ചോൽപ്പത്തിയിലേക്ക് തിരികെപ്പൊയ് നോക്കാവുന്നതാണ്. ഗ്യാലക്സികളിലേക്കുള്ള ദൂരമളക്കുന്നത് വേരിയബിൾ നക്ഷ്ത്രങ്ങളുടെ സഹായത്തോടെയാണ്. ലൈറ്റ് ഹൗസ് പോലെയാണവ. കൃത്യമായ ഇടവേളകളിൽ കണ്ണുചിമ്മികൊണ്ടിരിക്കും. കണ്ണു ചിമ്മുന്നതിന്റെ നിരക്കും നക്ഷ്ത്രത്തിന്റെ തിളക്കവും തമ്മിൽ ബന്ധമുണ്ട്. കണ്ണു ചിമ്മുന്നതിന്റെ നിരക്ക് അറിഞ്ഞാൽ അവക്ക് ഉണ്ടായിരിക്കേണ്ട തിളക്കം കണക്കാക്കാം. ഭൂമിയിൽ നിന്നും നോക്കുമ്പോഴുള്ള തിളക്കവുമായി ഇതിനെ താരതമ്യം ചെയ്താൽ തീവ്രത എത്ര കുറഞ്ഞെന്നും അതുവഴി ആ നക്ഷത്രത്തിലേക്കുള്ള ദൂരവും കണ്ടെത്താം. എന്നാൽ വിദൂര ഗ്യാലക്സികളിലെ നക്ഷ്ത്രങ്ങളെ ഇവിടെ നിന്നും കാണുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അവിടെയാണ് ഹബ്ബിൾ സഹായത്തിനെത്തിയത്. രണ്ട് ഡസനോളം ഗ്യാലക്സികളിലേക്കുള്ള ദൂരം ഹബ്ബിൾ കണക്കാക്കി. അങ്ങനെ പ്രപഞ്ചത്തിന്റെ പ്രായം ഇന്നറിയാവുന്നതിൽ വച്ച് ഏറ്റവ്യ്ം കൃത്യമായി ഹബ്ബിൾ കണക്കുകൂട്ടി. 13.8 ബില്ല്യൺ വർഷങ്ങൾ.
- പ്രപഞ്ച വികാസത്തിന്റെ വേഗത കൂടുന്നു.
പ്രപഞ്ചം വികസിക്കുകയാണല്ലോ. അതിന്റെ തോത് അളക്കാനുള്ള ശ്രമത്തിലായിരുന്നു Saul Perlmutter ഉം Brian Schmidtഉം. അതി വിദൂര ഗ്യാലക്സികളിലേക്കുള്ള ദൂരം കണക്കാക്കേണ്ടതായ് വന്നു. പക്ഷെ ഇവിടെ വേരിയബിൾ സ്റ്റാർസിനെ ഉപയോഗിക്കുന്നത് സാധ്യമായിരുന്നില്ല. അവർ അതിനുപകരമായി ഉപയോഗിച്ചത് റ്റൈപ്പ് 1 എ സൂപ്പർനോവകളാണ്. ഭൗമ ടെലസ്കോപ്പുകൾ ഈ നിരീക്ഷണത്തിനു പോരാതെ വന്നു. വിദൂര ഗ്യാലക്സികളിൽ നിന്നും വളരെ കുറഞ്ഞ അളവിൽ മാത്രമാണ് പ്രകാശം എത്തുന്നത്. അത് കാണാൻ ഹബ്ബിൾ വേണ്ടി വന്നു. ഗ്യാലക്സികളിലേക്കുള്ള ദൂരവും അവയുടെ അകലൽ വേഗവും അളന്നു. കണക്കുകൂട്ടിയപ്പോൾ കിട്ടിയ നിഗമനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗ്യാലക്സികൾ അകലുന്നു എന്നതിലുപരി, ഈ അകലൽ ത്വരിതപ്പെട്ടുകൊണ്ടിരിക്കയാണ്. എന്തുകൊണ്ടാണ് ഈ ത്വരിതപ്പെട്ട വികാസം എന്നതിനു ഉത്തരം ലഭിച്ചില്ല. ശ്യാമോർജം ആയിരിക്കാം എന്നാണ് ഇപ്പോഴത്തെ സിദ്ധാന്തം.
- ഹബ്ബിൾ ഡീപ് ഫീൽഡ്
1995 ൽ, ആകാശത്ത് താരതമ്യേന നക്ഷത്രങ്ങൾ ഇല്ലാത്ത ഭാഗത്തേക്ക് ഹബ്ബിളിനെ തിരിച്ചു. നമ്മുടെ സപ്തർഷികളുടെ സമീപത്തായിട്ടായിരുന്നു ഈ സ്ഥാനം. ഒരു പത്തുപൈസ നാണയം ഒരു കൈയ്യകലത്തിൽ പിടിച്ചാൽ മറയുന്ന ആകാശഭാഗം, അത്ര ചെറിയ ആകാശകഷ്ണത്തിലേക്കാണ് ഹബ്ബിൾ നോക്കിയത്. ഒരാഴ്ച്ച സമയം കൊണ്ട് ഈ ഭാഗത്തിന്റെ 342 ചിത്രങ്ങൾ ഹബ്ബിളെടുത്തു. ചിത്രങ്ങളെല്ലാം കൂട്ടിയോജിപ്പിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന ചിത്രമാണ് ലഭിച്ചത്.അത്ര ചെറിയ ഒരു ഭാഗത്ത് ആയിരത്തിയഞ്ഞൂറോളം ഗ്യാലക്സികളെയാണ് ഹബ്ബിൾ കണ്ടത്.പിന്നീട് ആകാശത്തിന്റെ പലഭാഗങ്ങളും ഹബ്ബിൾ സൂഷ്മമായി നിരീക്ഷിച്ചു. അൾട്രാഡീപ് ഫീൽഡ് മറ്റൊരു ചിത്രമാണ്
- സൗരേതര ഗ്രഹങ്ങൾ
സൂര്യന് എട്ടു ഗ്രഹങ്ങളെന്ന പോലെ മറ്റു നക്ഷത്രങ്ങൾക്കും ഉണ്ടാകാം. ഇത്തരം ഗ്രഹങ്ങളെ സൗരേതര ഗ്രഹങ്ങൾ അഥവാ എക്സോ പ്ലാനറ്റുകൾ എന്ന് വിളിക്കുന്നു. ഭൂമിയിൽ നിന്നുള്ള നിരീക്ഷണം വഴി തന്നെ, 1995 മുതൽ, ഇത്തരം നിരവധി ഗ്രഹങ്ങളെ കണ്ടെത്തി തുടങ്ങിയിരുന്നു. സൗരേതര ഗ്രഹങ്ങളെ കണ്ടെത്താാൻ വിവിധ മാർഗങ്ങളുണ്ട്. അതിലൊന്നാണ് ട്രാൻസിറ്റിങ്ങ് രീതി. വലിയ നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹം പോകുമ്പോൾ നക്ഷ്ത്രത്തിൽ നിന്നുള്ള പ്രകാശത്തിന്റെ തീവ്രതക്ക് വ്യതിയാനമുണ്ടാകുന്നു. ഗ്രഹ സംതരണങ്ങൾ കണ്ടിട്ടില്ലേ, അതുപോലെ. നക്ഷത്രത്തിൽ നിന്നും, ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നു വരുന്ന പ്രകാശം പരിശോധിച്ചാൽ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ ഘടകങ്ങളെ കണ്ടെത്താം. സ്പെക്ട്രോസ്കോപ്പി എന്നാണ് ഈ പരിപാടിയുടെ പേര്.ഹബ്ബിൾ നിരവധി എക്സോപ്ലാനെറ്റുകളെ കണ്ടെത്തിയിട്ടുണ്ട്. ആദ്യമായി ഓർഗാനിക് തന്മാത്രയുടെ സാന്നിധ്യം സൗരേതര ഗ്രഹത്തിൽ കണ്ടെത്തുന്നതും ഹബ്ബിളാണ്. വ്യാഴത്തിന്റെ വലിപ്പമുള്ള HD 189733b എന്ന ഗ്രഹത്തിൽ മീഥേന്റെ സാന്നിധ്യം കണ്ടെത്താൻ,2008 ൽ, ഹബ്ബിളിനു കഴിഞ്ഞു. - സൂപ്പർ മാസ്സീവ് ബ്ലാക് ഹോൾ
എല്ലാ ഗ്യാലക്സികളുടെയും നടുവിൽ ബ്ലാക് ഹോളുകൾ അഥവാ തമോഗർത്തങ്ങളുണ്ട്. ഗ്യാലക്സിയുടെ കേന്ദ്രത്തിനടുത്തുള്ള നക്ഷ്ത്രങ്ങളുടെ വേഗത കണക്കാക്കുന്നതിലൂടെ ഈ ബ്ലാക് ഹോളുകളിന്റെ മാസ് കണെത്താം. ഇങ്ങനെ എം 87 എന്ന ഭീമാകാരനായ ഗ്യാലക്സിയുടെ നടുവിൽ, സൂര്യന്റെ മാസിന്റെ 3 ബില്ല്യൺ മടങ്ങ് മാസുള്ള ഒരു സൂപ്പർ മാസ്സീവ് ബ്ലാക് ഹോൾ ഉണ്ടെന്നും ഹബ്ബിൾ കണ്ടെത്തി..
പിൻഗാമി : ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്.
ഹബ്ബിളിന്റെ പിൻ ഗാമിയായി, ബഹിരാകാശ ടെലസ്കോപ്പുകളുടെ പട്ടികയിലേക്ക് ഇനി വരാനുള്ളത് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഇൻഫ്രാറെഡിൽ മാത്രമായിരിക്കും ജദ്ജ്ക പ്രവർത്തിക്കുക.ആറര മീറ്ററാണ് ഇതിന്റെ പ്രൈമറി മിററിന്റെ വലിപ്പം.2018 ഒക്ടോബറിലാവും ഇത് ഓർബിറ്റിലെത്തുക
[divider] [ചിത്രങ്ങള്‍ക്ക് കടപ്പാട്:https://commons.wikimedia.org ]