Read Time:6 Minute

ഷാജി അരിക്കാട്

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ചുള്ള ചിന്തകൾ വളരെ വർഷങ്ങൾക്കു മുമ്പു തുടങ്ങിയതാണ്. അതിനു വേണ്ടിയുള്ള അന്വേഷണങ്ങളും, കണ്ടെത്തി എന്നുള്ള അവകാശവാദങ്ങളും, നിരവധിയുണ്ടെങ്കിലും 1992 ജനുവരി 9നാണ് ആദ്യമായി സൗരയൂഥത്തിനു പുറത്ത് ഒരു ഗ്രഹം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെടുന്നത്. പോളിഷ് ശാസ്ത്രജ്ഞനായ അലക്സ് വോൾസ്ചാൻ, കനേഡിയൻ ശാസ്ത്രജ്ഞനായ ഡെയ്‌ൽ ഫ്രെയ്‌ൽ എന്നിവരുടെ ഇതുമായി ബന്ധപ്പെട്ട പ്രബന്ധം നേച്വറിൽ പ്രസിദ്ധപ്പെടുത്തുന്നത് ഈ ദിവസമാണ്.

WOLSZCZAN
അലക്സ് വോൾസ്ചാൻ | കടപ്പാട്: വിക്കികോമൺസ്

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജിയോർഡാനോ ബ്രൂണോ പ്രപഞ്ചത്തിൽ മറ്റു പല നക്ഷത്രങ്ങൾക്കു ചുറ്റും ഭൂമിയെ പോലെ നിരവധി ഗ്രഹങ്ങൾ ഉണ്ടാകാമെന്നും അവയിൽ ജീവജാലങ്ങളും ഉണ്ടായേക്കാമെന്നും പറയുകയുണ്ടായി. അന്നത്തെ പുരോഹിത മേധാവിത്വം അദ്ദേഹത്തെ ചുട്ടുകൊല്ലുന്നതിന് ഇതും ഒരു കാരണമായിരുന്നു. അതിനു ശേഷം ഐസക് ന്യൂട്ടണും സ്ഥിരനക്ഷത്രങ്ങൾ സൂര്യനു സമാനമാണെങ്കിൽ അവയുടെ രൂപകല്പനയും ഒരേ വിധത്തിലായിരിക്കും എന്നു പറയുകയുണ്ടായി.
1855 ൽ  ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് ഒബ്‌സർവേറ്ററിയിൽ ജോലിചെയ്തിരുന്ന W.S. ജേക്കബ് ഇരട്ട നക്ഷത്രമായ 70 ഓഫിയൂച്ചിയുടെ ഭാഗമായി ഒരു ഗ്രഹമുണ്ടാവാൻ സാദ്ധ്യയുണ്ട് എന്നു പ്രവചിച്ചു. 1890ൽ ജെ,ജെ. സീ ഇങ്ങനെയൊരു ഗ്രഹം ഉണ്ടെന്നും 36 വർഷം കൊണ്ടാണ് അതിന്റെ ഒരു ഭ്രമണം പൂർത്തിയാവുന്നത് എന്നും വിശദീകരിച്ചു. 1950-60 കാലത്ത് പീറ്റർ വാൻ ഡി കാമ്പ് ,ബർണാഡ് നക്ഷത്രത്തിനു ചുറ്റും ഗ്രഹങ്ങളെ കണ്ടെത്തിയെന്നും അവകാശപ്പെട്ടു. എന്നാൽ ഇതെല്ലാം അവരുടെ വെറും അവകാശവാദങ്ങൾ മാത്രമായിരുന്നു. ഇതിനൊന്നും തന്നെ യാതൊരു വിധത്തിലുള്ള വിശ്വസനീയമായ തെളിവുകളും മുന്നോട്ടു വെക്കാൻ അവർക്കായില്ല. എങ്കിലും സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ആക്കം നൽകുന്നതിന് ഈ അവകാശവാദങ്ങളും ഉപകരിച്ചിട്ടുണ്ടാവാം.

Frail
ഡെയ്‌ൽ എ. ഫ്രെയിൽ | കടപ്പാട്: വിക്കികോമൺസ്

എന്നാൽ 25 വർഷങ്ങൾക്കു മുമ്പ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വോൾസ്ചാനും ഫ്രെയിലും തങ്ങളുടെ കണ്ടെത്തൽ ശാസ്ത്രലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തു. കന്നി രാശിയിൽ, ഭൂമിയിൽ നിന്ന് 2300 പ്രകാശവർഷങ്ങൾക്കപ്പുറം സ്ഥിതി ചെയ്യുന്ന PSR B1257+12 എന്ന പൾസാറിനെ രണ്ടു ഗ്രഹങ്ങൾ ചുറ്റുന്നുണ്ട് എന്നാണ് ഇവർ അവകാശപ്പെട്ടത്. പ്യുവർട്ടോ റിക്കോയിലെ അരെസിബോ ഓബ്സർവേറ്ററി ഉപയോഗിച്ചു നിരീക്ഷണം നടത്തി കണ്ടെത്തിയ ഈ ഗ്രഹങ്ങൾക്ക് ഭൂമിയുടെ നാലു മടങ്ങ് പിണ്ഡമുണ്ട് എന്നും അവർ പറഞ്ഞു. ഒന്നാമത്തെ ഗ്രഹം 66 ദിവസമെടുത്തും രണ്ടാമത്തെ ഗ്രഹം 98 ദിവസമെടുത്തുമാണ് പൾസാറിനു ചുറ്റും ഒരു പ്രാവശ്യം കറങ്ങി വരുന്നത് എന്നും കണ്ടെത്തി. 1994ൽ വോൾസ്ചാനും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ മസീജ് കൊണാക്കിയും ചേർന്ന് ഇതേ പൾസാറിന്റെ മൂന്നാമത്തെ ഗ്രഹത്തെയും കണ്ടെത്തി.  PSR B1257+12b, PSR B1257+12c, PSR B1257+12d എന്നിങ്ങനെയാണ് ഈ ഗ്രഹങ്ങൾക്ക് പേരു നൽകിയിരിക്കുന്നത്.
യഥാർത്ഥത്തിൽ 1988ൽ തന്നെ സൗരയൂഥത്തിനു പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തിയിരുന്നു. ബ്രൂസ് കാംബെൽ, ജി.എ.എച്ച്. വാക്കർ, എസ്. യാങ്ങ് എന്നിവർ ഗാമ സീഫി എന്ന നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹം ഉണ്ട് എന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതിന് കൃത്യത വരുത്തുന്നതിന് പിന്നെയും കുറേ വർഷങ്ങളെടുത്തു. 2002ലാണ് ഇത് ഗ്രഹം തന്നെയാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞത്. എന്നാൽ PSR B1257+12b, PSR B1257+12c എന്നിവക്ക് 1992ൽ തന്നെ സ്ഥിരീകരണം കിട്ടിയിരുന്നു.ഒരു സാധാരണ (മൃതമല്ലാത്ത) നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ആദ്യഗ്രഹമായി സ്ഥിരീകരണം കിട്ടിയത് 1995 ഒക്ടോബർ മാസത്തിൽ കണ്ടെത്തിയ പെഗസി ബി എന്ന ഗ്രഹത്തിനായിരുന്നു.

PSR B1257+12ഉം ഗ്രഹങ്ങളും ചിത്രകാരന്റെ ഭാവനയിൽ | കടപ്പാട്: വിക്കി കോമൺസ്
PSR B1257+12ഉം ഗ്രഹങ്ങളും ചിത്രകാരന്റെ ഭാവനയിൽ | കടപ്പാട്: വിക്കി കോമൺസ്

25 വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നതിനേക്കാൾ നിരീക്ഷണോപാധികളും സൗകര്യങ്ങളും ഇന്ന് വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. സൗരേതരഗ്രഹങ്ങളെ കണ്ടുപിടിക്കുന്നതിനു വേണ്ടി  കെപ്ലർ എന്ന ഒരു ബഹിരാകാശ നിരീക്ഷണ നിലയം തന്നെ ഇന്ന് നമുക്കുണ്ട്. കെപ്ലർ കണ്ടെത്തിയ 2330 ഗ്രഹങ്ങളടക്കം 3557 സൗരേതരഗ്രഹങ്ങൾ 2017 ജനുവരി 1 വരെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ്‌ മൈറ്റ്‌നർ
Next post Intergalactic Space
Close