Read Time:23 Minute

മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂൺ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവ ചേർന്ന് തീർക്കുന്ന വസന്ത ത്രികോണം, ചൊവ്വ ഗ്രഹം എന്നിവയെ ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂൺ 21-ന് ആണ് ഉത്തര അയനാന്തം.

പ്രധാന നക്ഷത്രങ്ങളും താരാഗണങ്ങങ്ങളും

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ രാശികളെ ഈ മാസം നിരീക്ഷിക്കാം. നേരെ കിഴക്ക്-പടിഞ്ഞാറായല്ല ഈ മാസങ്ങളില്‍ ക്രാന്തിപഥം കാണപ്പെടുന്നത്. സന്ധ്യയ്ക്ക് നിരീക്ഷിക്കുമ്പോൾ പടിഞ്ഞാറ് -വടക്കുപടിഞ്ഞാറുനിന്നും കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്കും പുലര്‍ച്ചെ നിരീക്ഷിക്കുമ്പോൾ പടിഞ്ഞആറ്-തെക്കുപടിഞ്ഞാറുനിന്നും കിഴക്ക്-വടക്കുകിഴക്ക് ദിശയിലുമാണ് ക്രാന്തിപഥം കാണപ്പെടുക.  മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തിവൃത്തം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം അഥവ ക്രന്തിപഥം. ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു് ചുറ്റുമുള്ള സാങ്കല്പിക വളയമാണ് രാശിചക്രം (Zodiac).
രാശിചക്രത്തെ 12 സമഭാഗങ്ങളാക്കി, ഓരോന്നിനും അവിടെയുള്ള ഓരോ താരാഗണത്തിന്റെ
പേരു നൽകിയിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നിരീക്ഷിക്കാനാകും.

ജൂൺ മാസം പടിഞ്ഞാറെ ചക്രവാളത്തില്‍ നിന്നും (അല്പം വടക്കു മാറി), ചക്രവാളം മുതൽ ഏകദേശം 20° വരെ മുകളിലായി  ഈ രാശിയെ കാണാനാകും. ഈ ഭാഗത്ത് തിളക്കമേറിയ രണ്ടു നക്ഷത്രങ്ങളെ കാണാം. ഇവയിൽ വടക്കുപടിഞ്ഞാറായുള്ളത് കാസ്റ്ററും (Castor) തെക്കുകിഴക്കായുള്ളത് പോളക്സും (Pollux) ആണ്. കാസ്റ്ററും പോളക്സും പ്രധാന നക്ഷത്രങ്ങളായി വരുന്ന നക്ഷത്രഗണമാണ് മിഥുനം (Gemini). ഭാരതീയ സങ്കല്പപ്രകാരം യുവമിഥുനങ്ങളുടെ ആകൃതിയാണ് മിഥുനത്തിന് നൽകിയിരിക്കുന്നത്.

കര്‍ക്കിടക രാശി

പടിഞ്ഞാറെ ചക്രവാളത്തില്‍ നിന്നും (അല്പം വടക്കു മാറി) ഏകദേശം 20° മുതൽ 40° വരെ മുകളിലായി (മിഥുനം രാശിയ്ക്കു മുകളിലായി) ജൂൺ മാസം സന്ധ്യയ്ക്ക് കര്‍ക്കിടകം രാശിയെ കാണാൻ കഴിയുന്നത്. മങ്ങിയ ഒരുകൂട്ടം നക്ഷത്രങ്ങൾ ചേർന്നതാണ് കര്‍ക്കിടക (Cancer) രാശി. തെളിഞ്ഞ നക്ഷത്രങ്ങളൊന്നും തന്നെ ഈ രാശിയിലില്ല. പോളക്സ്, ലഘുലുബ്ധകൻ (Canis Minor) എന്നീ നക്ഷത്രഗണങ്ങൾക്ക് മധ്യത്തിൽ നിന്നും അല്പം മുകളിലേക്ക് നോക്കിയാൽ കർക്കിടകത്തിലെ മങ്ങിയ നാലു നക്ഷത്രങ്ങളെ, നല്ല ഇരുട്ടുള്ള രാത്രിയിൽ തിരിച്ചറിയാം. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം.

ശീർഷബിന്ദുവിൽ നിന്നും പടിഞ്ഞാറ്, ഏകദേശം 10°യ്ക്കും 45°യ്ക്കും ഇടയിലായി ചിങ്ങം (Leo) രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (Regulus/ α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് വാൽഭാഗത്ത് കാണപ്പെടുന്ന ഉത്രം അഥവ ദെനെബോല (Denebola / β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. (ചിലർ റഗുലസിനെ മാത്രമായും മകം എന്നു വിളിക്കും.) നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ ചേർന്നതാണ് പൂരം എന്ന ചാന്ദ്രഗണം. ദെനെബോലയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രം എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

ജൂൺ മാസം സന്ധ്യക്ക് നോക്കുമ്പോൾ, ശീർഷ ബിന്ദുവിൽ നിന്നും ആരംഭിച്ച് തെക്കുകിഴക്ക് ദിശയിൽ ഏകദേശം 35° വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രരാശിയാണ് കന്നി. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. ശീർഷബിന്ദുവിൽ നിന്നും ഏകദേശം 25° തെക്കുകിഴക്കായി തിളങ്ങി നിൽക്കുന്ന ചിത്രയെ ഈ മാസം നമുക്ക് കാണാനാകും.  മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര.

ജൂൺ മാസത്തിൽ, ശീർഷബിന്ദുവിനും തെക്കുകിഴക്ക് ചക്രവാളത്തിനും മധ്യത്തിലായി, ചക്രവാളത്തിൽ നിന്നും മുകളിൽ ഏകദേശം 35°യ്ക്കും 50°യ്ക്കും ഇടയിലായി തുലാം രാശിയെ കാണാം. കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ വെളിച്ചമുള്ള രാത്രിയിൽ തിരിച്ചറിയാന്‍ പ്രയാസമാണ്.

ജൂൺ മാസത്തില്‍ സന്ധ്യയ്ക്ക് തെക്ക്-കിഴക്കെ ആകാശത്തിൽ ചക്രവാളത്തിൽ നിന്നും ആരംഭിച്ച് ഏകദേശം 30° വരെ മുകളിലായി വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ്. ചക്രവാളത്തിൽ നിന്നും ഏകദേശം 25° മുകളിലായാമ് തൃക്കേട്ടയെ കാണാനാകുന്നത്. ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ചിത്രത്തിന്റെ സഹായത്തോടെ യാതൊരു പ്രയാസവും കൂടാതെ വൃശ്ചികത്തിനെ തിരിച്ചറിയാം.

മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍

പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 15° മുകളിലായി സന്ധ്യക്ക് തിളക്കമുള്ള ഒരു നക്ഷത്രത്തെയും അടുത്തായി തിളക്കം കുറഞ്ഞ ഒരു നക്ഷത്രത്തെയും കാണാം. ഇവ ചേർന്നുണ്ടാകുന്ന നക്ഷത്രഗണമാണ് ലഘുലുബ്ധകൻ. ഇതിലെ തിളക്കമേറിയ നക്ഷത്രം പ്രോസിയോണും (Procyon) തിളക്കം കുറഞ്ഞ നക്ഷത്രം ഗൊമൈസയും (Gomeisa) ആണ്.

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷിമണ്ഡലം (വലിയ കരടി / Big Bear / Big dipper). ജൂൺ മാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കെ ചക്രവാളത്തിനും ശീർഷബിന്ദുവിനും മധ്യത്തിലായി കാണപ്പെടുന്നു. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merak), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Alkaid) എന്നിവയാണ്.

  • സപ്തർഷികളിലെ പുലഹൻ, ക്രതു എന്നീ നക്ഷത്രങ്ങളെ ചേർത്ത് ഒരു രേഖ സങ്കല്പിച്ച് നീട്ടിയാൽ അത് ധ്രുവനക്ഷത്രത്തിൽ എത്തും.
  • അത്രി, പുലസ്ത്യൻ എന്നീ നക്ഷത്രങ്ങൾ യോജിപ്പിക്കുന്ന രേഖ തെക്കുപടിഞ്ഞാറ് ദിശയിൽ നീട്ടിയാൽ അത് ചിങ്ങത്തിലെ റെഗ്യുലസ് എന്ന നക്ഷത്രത്തിൽ എത്തും.
  • അംഗിരസ്-വസിഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും.

ശീർഷബിന്ദുവിൽ നിന്നും വടക്കുകിഴക്കായി, ചക്രവാളത്തിൽ നിന്നും മുകളിൽ ഏകദേശം 45°യ്ക്കും 70°യ്ക്കും ഇടയിലായി അവ്വപുരുഷന്‍ എന്ന താരാഗണത്തെ കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ശീർഷബിന്ദുവിൽ നിന്നും ഏകദേശം 25° വടക്കുകിഴക്കായാണ് ചോതിയെ കാണാനാകുന്നത്. ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ചോതിയുടെ സ്ഥാനം. (മുകളിലെ ചിത്രം നോക്കുക)

തെക്കന്‍ ചക്രവാളത്തിൽ നിന്നും അല്പം കിഴക്കുമാറി ഏകദേശം 15° മുകളിലായി തിളക്കമുള്ള രണ്ടു നക്ഷത്രങ്ങളെ കാണാവുന്നതാണ്. അവയിൽ കിഴക്കുഭാഗത്തുകാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ആൽഫാ സെന്റോറി അഥവ റിഗിൽ കെന്റ് (Rigil Kentarus/Alpha Centauri). ആൽഫാ സെന്റോറിക്ക് തൊട്ടുപടിഞ്ഞാറായി ഹദാര്‍ അഥവ ബീറ്റ സെന്റോറി (Hadar/Beta Centauri) എന്ന നക്ഷത്രം കാണാം. ഇവയുൾപ്പെടുന്ന നക്ഷത്രഗണമാണ് മഹിഷാസുരൻ (Centaurus). ആകാശഗംഗ ഈ താരാഗണത്തിലൂടെ കടന്നുപോകുന്നതായി കാണാൻ സാധിക്കും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തു സ്ഥിചെയ്യുന്ന ദൃശ്യ നക്ഷത്രമാണ് ആൽഫാ സെന്റോറി, തൊട്ടടുത്ത് രണ്ടാം സ്ഥാനത്തുള്ളത് ഹദാറും.

തെക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി നാലു നക്ഷത്രങ്ങൾ ചേർന്ന തെക്കൻകുരിശ് അഥവ ത്രിശങ്കു (Crux) എന്ന നക്ഷത്രഗണം കാണാം. ഇതിലെ കുത്തനെയുള്ള രണ്ട് നക്ഷത്രങ്ങൾ ചേർത്ത് ചക്രവാളത്തിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് ദക്ഷിണ ദിശ കാണിച്ചുതരും.

മറ്റുള്ളവ

  • വടക്ക്-കിഴക്ക് ആകാശത്തിൽ, ചക്രവാളത്തിൽനിന്നും ഏകദേശം 8° മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് അഭിജിത് (Vega). അയംഗിതി (Lyra) എന്ന താരാഗണത്തിന്റെ ഭാഗമാണിത്.
  • വടക്കെ ആകാശത്തിന്റെ മധ്യത്തിലായി (ശീർഷ ബിന്ദുവിൽ നിന്നും വടക്ക് ഏകദേശം 35°യ്ക്കും 45°യ്ക്കും ഇടയിലായി) ചിത്രയ്ക്ക് തെക്കുപടിഞ്ഞാറായി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തക്കാക്ക Corvus).
  • വടക്കന്‍ ചക്രവാളത്തിന് തൊട്ട് മുകളിലായി ലഘുബാലു (Ursa Minor) എന്ന നക്ഷത്ര സമൂഹം കാണപ്പെടുന്നു. ഇതിന്റെ വാൽഭാഗത്ത് കാണുന്ന നക്ഷത്രമാണ് ധ്രുവൻ (Polaris). വടക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 10° മുകളിലായാണ് ധ്രുവന്റെ സ്ഥാനം.
  • വൃശ്ചികം രാശിയിലെ തൃക്കേട്ട, കന്നി രാശിയിലെ ചിത്ര, അവ്വപുരുഷനിലെ ചോതി എന്നിവ ചേർന്ന് രൂപപ്പെടുന്ന നക്ഷത്രക്കൂട്ടമാണ് വസന്ത ത്രികോണം (Spring Triangle).
വസന്ത ത്രികോണം

ചന്ദ്രൻ

ചന്ദ്രന്റെ മുഖങ്ങൾ

അമാവസി കഴിഞ്ഞ് അഞ്ചാം ദിവസമാണ് ജൂൺ 1. അന്ന് സന്ധ്യക്ക് ശീർഷ ബിന്ദുവിൽ നിന്നും ഏകദേശം 30 ഡിഗ്രി പടിഞ്ഞആറായി വലിയ കലയുടെ രൂപത്തിൽ ചന്ദ്രനെ കാണാം. തുടർന്നുള്ള സന്ധ്യകളിൽ  അത് കിഴക്ക് ദിശയിലേക്ക് നീങ്ങുകയും മുഖം വലുതായി വരികയും ചെയ്യും.

  • ജൂൺ 3-ന് സന്ധ്യക്ക് ചന്ദ്രനെ അർദ്ധചന്ദ്ര രൂപത്തിൽ തലക്കു മുകളിലായി കാണാം. ചന്ദ്രന്റെ ഈ മുഖത്തിന് ഒന്നാപാദം എന്നു വിളിക്കുന്നു. അന്നേദിവസം ചന്ദ്രൻ ചൊവ്വക്ക് അടുത്തായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
  • ജൂൺ11-ന് ആണ് പൗർണ്ണമി. അന്ന് സന്ധ്യക്ക് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കെ ചക്രവാളത്തിൽ ചന്ദ്രൻ ഉദിച്ചുയരും. തുടർന്നുള്ള ദിവസങ്ങളിൽ ചന്ദ്രമുഖം ശോഷിച്ചുകാണുകയും ഉദയം വൈകിവരികയും ചെയ്യും.
  • ജൂൺ 19-ന് ചന്ദ്രൻ ഉദിക്കുന്നത് അർദ്ധരാത്രി ആയിരിക്കുകയും അതിന്റെ മുഖം അർദ്ധവൃത്താകാരമായിരിക്കുകയും ചെയ്യും: അതാണ് ചന്ദ്രന്റെ അവസാന പാദം.
  • ജൂൺ 25 ന് വീണ്ടും അമാവാസിയാകും.

ചന്ദ്രന്റെ സ്ഥാനങ്ങൾ

  • ജൂൺ 2 – ചന്ദ്രൻ ചിങ്ങം രാശിയിലെ റെഗുലസ് നക്ഷത്രത്തിനടുത്ത് (മകം ചാന്ദ്രഗണം).
  • ജൂൺ 6 – ചന്ദ്രൻ ചിത്ര നക്ഷത്രത്തിനടുത്ത്.
  • ജൂൺ 10 – ചന്ദ്രൻ തൃക്കേട്ട (Antares) നക്ഷത്രത്തിനടുത്ത്.
  • ജൂൺ 19 – ചന്ദ്രൻ ശനി (Saturn) ഗ്രഹത്തിനടുത്ത്.
  • ജൂൺ 23 – ചന്ദ്രൻ കാർത്തികയ്ക്ക് (Pleiades) അടുത്ത്.
  • ജൂൺ 30 – ചന്ദ്രൻ പോളക്സ് നക്ഷത്രത്തിനടുത്ത്.
  • ജൂൺ 27 – കാസ്റ്റർ, പോളക്സ് എന്നീ നക്ഷത്രങ്ങൾക്കടുത്ത് (പുണർതം ചാന്ദ്രഗണത്തിന് സമീപം) ചന്ദ്രൻ കാണപ്പെടും. അന്ന് ചന്ദ്രനെ ബുധനടുത്തായും കാണാം.
  • ജൂൺ 29 – ചിങ്ങം രാശിയിലെ റെഗുലസ് നക്ഷത്രത്തിനടുത്ത് (മകം ചാന്ദ്രഗണം) കാണപ്പെടും
  • ജൂൺ 30 – ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്.

ഗ്രഹങ്ങൾ

ബുധൻ (Mercury)

മാസാദ്യം ബുധൻ സൂര്യസമീപമായിരിക്കുന്നതിനാൽ നിരീക്ഷണം സാധ്യമാകില്ല. മാസം പകുതിയോടെ സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 8° മുകളിലായി ബുധന്റെ കാണാനാകും. ആ സമയം ആകാശത്ത് ചന്ദ്രന്റെ സാന്നിദ്ധ്യം ഇല്ലാത്തതിനാൽ, പ്രകാശ മലിനീകരണം ഇല്ലാത്ത, ഉയർന്ന സ്ഥലത്തുനിന്നു നിരീക്ഷിച്ചാൽ ബുധനെ കാണാനാകും. മാസാവസാനത്തോടെ പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും 15° വരെ മുകളിലേക്ക് ബുധനെ ഉയർന്ന് കാണാനാകും, മാസാദ്യം ഇടവം രാശിയിലായിരിക്കുന്ന ബുധൻ തുടർന്ന് മിഥുനം രാശിയിലും മാസാവസാനത്തടെ കർക്കിടകം രാശിയിലുമായി കാണപ്പെടും.

Venus-real color

ശുക്രൻ (Venus)

പുലർച്ചെ കിഴക്കെ ചക്രവാളത്തിനു മുകളിലായാണ് ശുക്രനെ (Venus) കാണാനാവുക. കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 30° മുകളിലായി മാസം മുഴുവനും ശുക്രനെ കാണാനാകും. ഈ മാസം കിഴക്കെ ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായിതോന്നുന്ന വസ്തുവാണ് ശുക്രൻ. മാസാദ്യം മീനം രാശിയിലും തുടർന്ന് മേടം രാശിയിലും മാസാവസാനത്തോടെ ഇടവം രാശിയിലുമായാണ് ശുക്രന്റെ സ്ഥാനം.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചതും ഈ ഗ്രഹത്തെയാണ്.

ചൊവ്വ (Mars)

മാസാദ്യം സന്ധ്യത്ത് ശീർഷ ബിന്ദുവിൽ നിന്നും ഏകദേശം 30° പടിഞ്ഞാറായി ചിങ്ങം രാശിയുടെ തുടക്കത്തിൽ ചൊവ്വയെ കാണാം. ആ ഭാഗത്ത് ഇളം ചുവപ്പ് നിറത്തിൽ തിളങ്ങുന്ന നക്ഷത്ര സമാനമായ വസ്തുവാണ് ചൊവ്വ. തുടർന്നുള്ള ദിവസങ്ങളിൽ സന്ധ്യത്ത് ചൊവ്വ അല്പാല്പം പടിഞ്ഞാറേക്ക് നീങ്ങി കാണപ്പെടും. മാസം പകുതിയോട ചിങ്ങത്തിലെ റെഗ്യുലസ് നക്ഷത്രത്തിനടുത്തായി കാണാം. പിന്നീട് അത് റെഗ്യൂലസിൽ നിന്നും തെക്കുകിഴക്ക് ദിശയിലേക്ക് അകലുന്നതായി കാണാം.

വ്യാഴം (Jupiter)

വ്യാഴം

സൂര്യസമീപം ആയിരിക്കുന്നതിനാൽ വ്യാഴത്തെ ഈ മാസം നിരീക്ഷിക്കാനാകില്ല. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. ഈ മാസം വ്യാഴത്തിന്റെ സ്ഥാനം മിഥുനം രാശിയിലാണ്.

ശനി (Saturn)

മാസാദ്യം പുലർച്ചെ 5 മണിക്ക് കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 45° മുകളിൽ, മീനം രാശിയിൽ ശനിയെ കാണാം. ആ ഭാഗത്ത് കാണാൻ കഴിയുന്ന തിളക്കമുള്ള നക്ഷത്രസമാനമായ വസ്തു ശനിയാണ്. ക്രമേണ അത് തലക്ക് മുകളിലേക്ക് മാറി മാറി പോകുന്നതായി കാണാം. അവസാന വാരമാകുമ്പോഴേക്കും അത് ശീർഷബിന്ദുവിന് അടുത്തായി എത്തും.

ഈ മാസത്തെ പ്രധാന വിശേഷങ്ങൾ

തീയതിസംഭവം
1ശുക്രൻ സൂര്യനിൽ നിന്നും പരമാവധി കോണീയ അകലത്തിൽ
11പൗർണ്ണമി
21ഉത്തര അയനാന്തം (Summer Solstice)
25അമാവാസി
30ചന്ദ്രൻ ചൊവ്വയുമായി അടുത്ത് വരികയും ചൊവ്വയെ പൂർണ്ണമായും മറയ്ക്കുകയും (Occultation) ചെയ്യും.

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2025 ജൂൺ15-നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭൂമിയിലെത്തിയ വിരുന്നുകാർ 6
Next post മൈക്രോസ്കോപ്പിന്റെ റെസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്
Close