Read Time:24 Minute

മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവ ചേർന്ന് തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത്, തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

Sky chart for the Month of July at 7:30pm as seen from Kerala, India

ജൂലൈയിലെ സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളെ ജൂലൈ മാസം നിരീക്ഷിക്കാം. സന്ധ്യയ്ക്ക് നിരീക്ഷിക്കുമ്പോൾ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറുനിന്നും കിഴക്ക്-തെക്കുകിഴക്കായും പുലര്‍ച്ചെ നിരീക്ഷിക്കുമ്പോൾ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറുനിന്നും കിഴക്ക്-വടക്കുകിഴക്ക് ദിശയിലുമാണ് ക്രാന്തിപഥം കാണപ്പെടുക.  മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തിവൃത്തം

പടിഞ്ഞാറേ ചക്രവാളത്തില്‍ സന്ധ്യയ്ക്ക് ഏഴരയോടെ നോക്കിയാൽ, ചക്രവാളത്തിൽ നിന്നും മുകളിൽ 20°യ്ക്കും 50°യ്ക്കും ഇടയിലായി ചിങ്ങം (Leo) രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (Regulus/ α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് വാൽഭാഗത്ത് കാണപ്പെടുന്ന ഉത്രം അഥവ ദെനെബോല (Denebola / β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. (ചിലർ റഗുലസിനെ മാത്രമായും മകം എന്നു വിളിക്കും.) നടുവിലുള്ള സോസ്മ (Zosma), ചോർട്ട് (Chertan) എന്നിവ ചേർന്നതാണ് പൂരം എന്ന ചാന്ദ്രഗണം. ദെനെബോലയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രം എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

കന്നി

ഏകദേശം ശീർഷബിന്ദുവിൽ (zenith) നിന്നും ആരംഭിച്ച് തെക്കുപടിഞ്ഞാറ് ദിശയിൽ 40° വരെ വ്യാപിച്ചാണ് ഈ മാസം കന്നി (Virgo) രാശിയുടെ സ്ഥാനം. പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങവും കിഴക്കു ഭാഗത്ത് തുലാം രാശിയുമാണുള്ളത്. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. ശീർഷബിന്ദുവിൽ നിന്നും ഏകദേശം 30° തെക്കുപടിഞ്ഞാറായാണ് ചിത്രയുടെ സ്ഥാനം.  മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര.

തുലാം

ജൂലൈ മാസത്തിൽ തലക്ക് മുകളിലായി, ശീർഷബിന്ദുവിൽ നിന്നും തെക്കുകിഴക്ക് മാറി ഏകദേശം 20°യ്ക്കും 40°യ്ക്കും ഇടയിലായി തുലാം (Libra) രാശിയെ കാണാം. കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം

ജൂലൈ മാസത്തില്‍ സന്ധ്യയ്ക്ക് തെക്ക്-കിഴക്കെ ആകാശത്തിൽ ചക്രവാളത്തിനും ശീർഷബിന്ദുവിനും മധ്യത്തിലായി വൃശ്ചികം (Scorpius) രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) യാണ്. ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ചിത്രത്തിന്റെ സഹായത്തോടെ യാതൊരു പ്രയാസവും കൂടാതെ വൃശ്ചികത്തിനെ തിരിച്ചറിയാം.

ധനു

ജൂലൈ മാസത്തില്‍ സന്ധ്യക്ക് തെക്ക് കിഴക്ക് ചക്രവാളത്തിനു മുകളിലായി ധനു (Sagittarius) രാശി പൂര്‍ണമായും ഉദിച്ചുയരും. സന്ധ്യക്ക് നിരീക്ഷിക്കുമ്പോൾ ഇത് തെക്കുകിഴക്കെ ചക്രവാളം മുതൽ മുകളിലേക്ക് ഏകദേശം 30° വരെ വ്യാപിച്ചിരിക്കുന്നതായി കാണാം. വില്ലിന്റെ (ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശഗംഗയുടെ (Milky way) കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം എന്ന ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.

മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍

സപ്തർഷി മണ്ഡലം

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷിമണ്ഡലം (Ursa Major). ജൂലൈമാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കുപടിഞ്ഞാറെ ആകാശത്തിന്റെ മദ്ധ്യഭാഗത്തായി കാണപ്പെടുന്നു.

ഇതൊരു നക്ഷത്ര രേഖാചിത്രം ആണ്, ധ്രുവനക്ഷത്രം, ചിങ്ങം, കന്നി, ചിത്ര, വൃശ്ചികx അവ്വപുരുഷൻ എന്നിവയുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ അടങ്ങിയതാണ്.
  • സപ്തർഷികളിലെ പുലഹൻ, ക്രതു എന്നീ നക്ഷത്രങ്ങളെ ചേർത്ത് ഒരു രേഖ സങ്കല്പിച്ച് നീട്ടിയാൽ അത് ധ്രുവനക്ഷത്രത്തിൽ എത്തും.
  • അത്രി, പുലസ്ത്യൻ എന്നീ നക്ഷത്രങ്ങൾ യോജിപ്പിക്കുന്ന രേഖ തെക്കുപടിഞ്ഞാറ് ദിശയിൽ നീട്ടിയാൽ അത് ചിങ്ങത്തിലെ റെഗ്യുലസ് എന്ന നക്ഷത്രത്തിൽ എത്തും.
  • അംഗിരസ്-വസിഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും.

അവ്വപുരുഷൻ

തലയ്ക്കുമുകളില്‍, ശീർഷബിന്ദുവിൽ നിന്നും അല്പം വടക്ക് മാറി അവ്വപുരുഷന്‍ (Bootes) എന്ന താരാഗണത്തെ കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ചോതിയുടെ സ്ഥാനം. (മുകളിലെ ചിത്രം നോക്കുക)

മഹിഷാസുരനും ത്രിശങ്കുവും

തെക്കന്‍ ചക്രവാളത്തിൽ നിന്നും ഏകദേശം 20° മുകളിലായി തിളക്കമുള്ള രണ്ടു നക്ഷത്രങ്ങളെ കാണാവുന്നതാണ്. അവയിൽ കിഴക്കുഭാഗത്തുകാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ആൽഫാ സെന്റോറി അഥവ റിഗിൽ കെന്റ് (Rigil Kentarus/Alpha Centauri). ആൽഫാ സെന്റോറിക്ക് തൊട്ടുപടിഞ്ഞാറായി ഹദാര്‍ അഥവ ബീറ്റ സെന്റോറി (Hadar/Beta Centauri) എന്ന നക്ഷത്രം കാണാം. ഇവയുൾപ്പെടുന്ന നക്ഷത്രഗണമാണ് മഹിഷാസുരൻ (Centaurus). ആകാശഗംഗ ഈ താരാഗണത്തിലൂടെ കടന്നുപോകുന്നതായി കാണാൻ സാധിക്കും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തു സ്ഥിചെയ്യുന്ന ദൃശ്യ നക്ഷത്രമാണ് ആൽഫാ സെന്റോറി, തൊട്ടടുത്ത് രണ്ടാം സ്ഥാനത്തുള്ളത് ഹദാറും.

തെക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി നാലു നക്ഷത്രങ്ങൾ ചേർന്ന തെക്കൻകുരിശ് അഥവ ത്രിശങ്കു (Crux) എന്ന നക്ഷത്രഗണം കാണാം. ഇതിലെ കുത്തനെയുള്ള രണ്ട് നക്ഷത്രങ്ങൾ ചേർത്ത് ചക്രവാളത്തിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് ദക്ഷിണ ദിശ കാണിച്ചുതരും.

ഗരുഡന്‍

കിഴക്കെ ചക്രവാളത്തോട് ചേ‍ർന്ന്, ചക്രവാളത്തിനും 30°-യ്ക്കും ഇടയിലായി ജൂലൈമാസം സന്ധ്യയ്ക്ക് കാണാന്‍ കഴിയുന്ന നക്ഷത്രമസൂഹമാണ് ഗരുഡൻ (Aquila). ഇതിലെ തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair). ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രഗണം. ഒരു വരിയിലെന്ന പോലെ മൂന്നു നക്ഷത്രങ്ങള്‍ ഇവിടെ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്.

  • വടക്കുകിഴക്കെ ചക്രവാളത്തിനു തൊട്ടു മുകളിലായി, ചക്രവാളത്തിനും 20°-യ്ക്കും ഇടയിലായി കാണാൻ കഴിയുന്ന നക്ഷത്രഗണമാണ് ജായര (Cygnus). ഇതിലെ പ്രഭയേറിയ നക്ഷത്രമാണ് ഡെനബ് (Deneb).
  • വടക്ക്-കിഴക്ക് ആകാശത്തിൽ, ചക്രവാളത്തിൽനിന്നും ഏകദേശം 30° മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് അഭിജിത് (Vega). അയംഗിതി (Lyra) എന്ന താരാഗണത്തിന്റെ ഭാഗമാണിത്.
  • തെക്കുപടിഞ്ഞാറെ ആകാശത്തിന്റെ മധ്യത്തിലായി (ചക്രവാളത്തിൽ നിന്നും മുകളിൽ ഏകദേശം 40°യ്ക്കും 50°യ്ക്കും ഇടയിലായി) ചിത്രയ്ക്ക് തെക്കുപടിഞ്ഞാറായി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തക്കാക്ക (Corvus).
  • വടക്കന്‍ ചക്രവാളത്തിന് തൊട്ട് മുകളിലായി ലഘുബാലു (Ursa Minor) എന്ന നക്ഷത്ര സമൂഹം കാണപ്പെടുന്നു. ഇതിന്റെ വാൽഭാഗത്ത് കാണുന്ന നക്ഷത്രമാണ് ധ്രുവൻ (Polaris).
  • ഗരുഡൻ, ജായര, അയംഗിതി എന്നീ നക്ഷത്രരാശികളിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളായ ശ്രവണൻ, ഡെനബ്, അഭിജിത്ത് എന്നീ നക്ഷത്രങ്ങൾ ചേർന്ന് രൂപപ്പെടുന്ന നക്ഷത്രരൂപമാണ് വേനൽത്രികോണം (Summer Triangle). ഉത്തരാർദ്ധഗോളത്തിലെ വേനൽക്കാല (ജൂൺ-ഓഗസ്റ്റ്) രാത്രികളിൽ ശ്രവണൻ, ഡെനബ്, അഭിജിത്ത് എന്നീ തിളക്കമുള്ള നക്ഷത്രങ്ങൾ രൂപപ്പെടുത്തുന്ന ത്രികോണരൂപം വളരെയധികം ശ്രദ്ധയാകർഷിക്കുന്നതാണ്. അതിനാൽ വേനൽക്കാല രാത്രികളിൽ ആകാശത്തെ മനോഹരമാക്കുന്ന ഈ നക്ഷത്രരൂപത്തെ 20-ആം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞർ ഈ പേരിൽ ജനകീയമാക്കി.
  • ചിങ്ങം രാശിയിലെ റെഗ്യുലസ് (മകം), കന്നി രാശിയിലെ ചിത്ര, അവ്വപുരുഷനിലെ ചോതി എന്നിവ ചേർന്ന് രൂപപ്പെടുന്ന നക്ഷത്രക്കൂട്ടമാണ് വസന്ത ത്രികോണം (Spring Triangle).
വസന്ത ത്രികോണം

ചന്ദ്രൻ

ചന്ദ്രന്റെ മുഖങ്ങൾ

അമാവസി കഴിഞ്ഞ് ആറാം ദിവസമാണ് ജൂലൈ 1. അന്ന് സന്ധ്യക്ക് ശീർഷ ബിന്ദുവിൽ നിന്നും ഏകദേശം 30° പടിഞ്ഞാറായി വലിയ കലയുടെ രൂപത്തിൽ ചന്ദ്രനെ കാണാം. തുടർന്നുള്ള സന്ധ്യകളിൽ  അത് കിഴക്ക് ദിശയിലേക്ക് നീങ്ങുകയും മുഖം വലുതായി വരികയും ചെയ്യും.

  • ജൂലൈ 3-ന് സന്ധ്യക്ക് ചന്ദ്രനെ അർദ്ധചന്ദ്ര രൂപത്തിൽ തലക്കു മുകളിലായി കാണാം. ചന്ദ്രന്റെ ഈ മുഖത്തിന് ഒന്നാപാദം (First Quarter) എന്നു വിളിക്കുന്നു.
  • ജൂലൈ11-ന് ആണ് പൗർണ്ണമി. അന്ന് സന്ധ്യക്ക് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കെ ചക്രവാളത്തിൽ ചന്ദ്രൻ ഉദിച്ചുയരും. തുടർന്നുള്ള ദിവസങ്ങളിൽ ചന്ദ്രമുഖം ശോഷിച്ചുകാണുകയും ഉദയം വൈകിവരികയും ചെയ്യും.
  • ജൂലൈ 18-ന് ചന്ദ്രൻ ഉദിക്കുന്നത് അർദ്ധരാത്രി ആയിരിക്കുകയും അതിന്റെ മുഖം അർദ്ധവൃത്താകാരമായിരിക്കുകയും ചെയ്യും: അതാണ് ചന്ദ്രന്റെ അവസാന പാദം (Last Quarter).
  • ജൂലൈ 25 ന് വീണ്ടും അമാവാസിയാകും.

ചന്ദ്രന്റെ സ്ഥാനങ്ങൾ

  • ജൂലൈ 1 – ചിങ്ങം രാശിയിലെ ഉത്രം (Denebola )നക്ഷത്രത്തിനടുത്ത്.
  • ജൂലൈ 4 – ചിത്ര (Spica) നക്ഷത്രത്തിനടുത്ത്.
  • ജൂലൈ 7 – തൃക്കേട്ട (Antares) നക്ഷത്രത്തിനടുത്ത്.
  • ജൂലൈ 9 – ധനു രാശിയിൽ പൂരാടം ചാന്ദ്രഗണത്തിനടുത്ത്.
  • ജൂലൈ 10 – ധനു രാശിയിൽ ഉത്രാടം ചാന്ദ്രഗണത്തിനടുത്ത്.
  • ജൂലൈ 16 – കാർത്തികയ്ക്ക് (Pleiades) അടുത്ത്.
  • ജൂലൈ 20 – കാസ്റ്റർ, പോളക്സ് എന്നീ നക്ഷത്രങ്ങൾക്കടുത്ത് (പുണർതം ചാന്ദ്രഗണത്തിന് സമീപം).
  • ജൂലൈ 28 – ചിങ്ങം രാശിയിലെ ഉത്രം നക്ഷത്രത്തിനടുത്ത്, ഈ ഭാഗത്തായി ചൊവ്വയെയും കാണാം.
  • ജൂലൈ 31 – ചിത്ര നക്ഷത്രത്തിനടുത്ത്

ഗ്രഹങ്ങൾ

A celestial chart for the night sky showing the positions of zodiac constellations and planets as of July 15, 2025.

ബുധൻ

മാസാദ്യം സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 15° മുകളിലായി ബുധനെ (Mercury) കാണാനാകും. പ്രകാശ മലിനീകരണം ഇല്ലാത്ത, ഉയർന്ന സ്ഥലത്തുനിന്നു നിരീക്ഷിച്ചാൽ ബുധനെ കാണാനാകും. തുടർന്നുള്ള ദിവസങ്ങളിൽ സന്ധ്യക്ക് ബുധൻ ചക്രവാളത്തോട് അടുത്ത് വരികയും, നിലാവ് അധികമായി ഉണ്ടിയിരിക്കുകയും ചെയ്യുന്നതിനാൽ നിരീക്ഷണം പ്രയാസമാകും. മാസാവസാനത്തോടെ ബുധൻ സൂര്യസമീപത്തായി കാണപ്പെടുന്നതിനാൽ നിരീക്ഷണം സാധ്യാമാകാതെ വരും. കർക്കിടകം രാശിയിലായിരിക്കും ബുധന്റെ സ്ഥാനം.

Venus-real color

ശുക്രൻ

പുലർച്ചെ കിഴക്കെ ചക്രവാളത്തിനു മുകളിലായാണ് ശുക്രനെ (Venus) കാണാനാവുക. കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 20-25° മുകളിലായി മാസം മുഴുവനും ശുക്രനെ കാണാനാകും. ഈ മാസം കിഴക്കെ ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായിതോന്നുന്ന വസ്തുവാണ് ശുക്രൻ. ഇടവം രാശിയിലായാണ് ശുക്രന്റെ സ്ഥാനം. മാസാവസാനത്തോടെ മിഥുനം രാശിയിലേക്ക് പ്രവേശിക്കും.

  • സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തു കാണാൻ കഴിയുന്ന ഏറ്റവും തിളക്കമേറിയ വസ്തുവാണ് ശുക്രൻ.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചതും ഈ ഗ്രഹത്തെയാണ്.

ചൊവ്വ

മാസാദ്യം സന്ധ്യത്ത് ശീർഷ ബിന്ദുവിൽ നിന്നും ഏകദേശം 45° പടിഞ്ഞാറായി ചിങ്ങം രാശിയിൽ ചൊവ്വയെ (Mars) കാണാം. ആ ഭാഗത്ത് ഇളം ചുവപ്പ് നിറത്തിൽ തിളങ്ങുന്ന നക്ഷത്ര സമാനമായ വസ്തുവാണ് ചൊവ്വ. തുടർന്നുള്ള ദിവസങ്ങളിൽ സന്ധ്യത്ത് ചൊവ്വ അല്പാല്പം പടിഞ്ഞാറേക്ക് നീങ്ങി കാണപ്പെടും. മാസം പകുതിയോട ചിങ്ങത്തിലെ പൂരം ചാന്ദ്രഗണത്തിനടുത്തായും മാസാവസാനത്തോടെ ഉത്രം നക്ഷത്രത്തിനടുത്തായും കാണപ്പെടും. അപ്പോൾ അത് പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 30° ഉയരത്തിലായിരിക്കും.

വ്യാഴം

വ്യാഴം

സൂര്യസമീപം ആയിരിക്കുന്നതിനാൽ വ്യാഴ (Jupiter) നിരീക്ഷണം പ്രയാസകരമായിരിക്കും. മാസം പകുതിയോടെ സൂര്യോദയത്തിനു മുമ്പായി കിഴക്ക്-വടക്കുകിഴക്ക് ദിശയിൽ വ്യാഴം ഉദിച്ചുയരുന്നത് കാണാനാകും. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. ഈ മാസം വ്യാഴത്തിന്റെ സ്ഥാനം മിഥുനം രാശിയിലാണ്.

ശനി

മാസാദ്യം ഏകദേശം 12 മണിയോടെ കിഴക്കെ ചക്രവാളത്തിൽ ശനി (Saturn) ഉദിച്ചുയരും. പുലർച്ചെ 5 മണിക്ക് കിഴക്കെ ശീർഷബിന്ദുവിൽ നിന്നും ഏകദേശം 20° തെക്കുകിഴക്കായി മീനം രാശിയിൽ കാണാനാകും. ആ ഭാഗത്ത് കാണാൻ കഴിയുന്ന തിളക്കമുള്ള നക്ഷത്രസമാനമായ വസ്തു ശനിയാണ്. ക്രമേണ അത് പടിഞ്ഞാറ് ദിശയിലേക്ക് മാറി മാറി പോകുന്നതായി കാണാം. അവസാന വാരമാകുമ്പോഴേക്കും അത് ശീർഷബിന്ദുവിൽ നിന്നം ഏകദേശം 20° തെക്കുപടിഞ്ഞാറായി എത്തും.

ഈ മാസത്തെ പ്രധാന വിശേഷങ്ങൾ

തീയതിസംഭവം
4ഭൂമി സൂര്യനിൽ നിന്നും പരമാവധി അകലെ (Aphelion)
ബുധൻ സൂര്യനിൽ നിന്നും പരമാവധി കോണീയ അകലത്തിൽ
11പൗർണ്ണമി
13ശുക്രൻ രോഹിണിയിലെ ബ്രഹ്മർഷി (Aldebaran) എന്ന നക്ഷത്രത്തിനടുത്ത്.
16ശനിയും ചന്ദ്രനും അടുത്തടുത്ത്
23വ്യാഴവും ചന്ദ്രനും അടുത്തടുത്ത്

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2025 ജൂലൈ15-നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).

LUCA ASTRO PAGE

Happy
Happy
43 %
Sad
Sad
0 %
Excited
Excited
43 %
Sleepy
Sleepy
0 %
Angry
Angry
14 %
Surprise
Surprise
0 %

Leave a Reply

Previous post ദേവദാരു പൂക്കുമോ ?
Next post അച്ഛൻ: മാറുന്ന ഉത്തരവാദിത്തങ്ങളും മാനസികാരോഗ്യവും
Close