2025 ലെ ആകാശ വിശേഷങ്ങൾ
മാനംനോക്കികൾക്ക് സന്തോഷം നൽകുന്ന ഒരു വർഷമായിരിക്കും 2025.
ജനുവരി 13
C/2024 G3 (ATLAS) ധൂമകേതു
C/2024 G3 – Asteroid Terrestrial-impact Last Alert System (ATLAS) – നമുക്ക് പുതുവത്സരം ആശംസിക്കാൻ ഒരു ധൂമകേതു നമുക്കടുത്തേക്ക് എത്തുന്നു. ജനുവരി 13 ന് C/2024 G3 എന്ന ധൂമകേതു സൂര്യൻ്റെ ഏറ്റവും അടുത്തു കൂടി കടന്നു പോകും. സൂര്യന് അടുത്തു കൂടി കുന്നു പോകുമ്പോൾ അത് മൊത്തം ആവിയായി ഇല്ലാതാകാൻ നല്ലസാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് തിളക്കമേറിയ (കാന്തിമാനം – 4), നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാവുന്ന ധൂമകേതു വായി ധനുരാശിയിൽ ഉണ്ടാകും. ഈ ധൂമകേതുവിനെ ദക്ഷിണാർദ്ധ ഗോളത്തിൽ ഉള്ളവർക്ക് നന്നായി കാണാൻ സാധിക്കുമെന്ന് കരുതുന്നു.
ജനുവരി 13
ജനുവരി 21
ആറു ഗ്രഹങ്ങളുടെ ആകാശ പരേഡ്
ജനുവരി 21-ന് രാത്രി ആകാശത്ത് ചൊവ്വ, വ്യാഴം, യുറാനസ്, നെപ്റ്റ്യൂൻ, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളെ ഒരുമിച്ച് കാണാവുന്നതാണ്. എന്നാൽ ഇതിൽ യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെ കാണാന്‍ നമുക്ക് ദൂരദർശിനികൾ ആവശ്യമാണ്. മറ്റു 4 ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നതാണ്. രാത്രി എട്ടുമണി മുതല്‍ പതിനൊന്ന് മണി വരെ നമുക്ക് ഈ കാഴ്ച സാധ്യമാണ്.
ജനുവരി 21
ഫെബ്രുവരി 28
എല്ലാ ഗ്രഹങ്ങളും ഒരുമിച്ച്
ഫെബ്രുവരി 28-ന് സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും കാണാൻ അവസരമുണ്ടാകും. ഭൂമിയെ കൂടാതെയുള്ള ഏഴ് ഗ്രഹങ്ങളെയും നമുക്ക് ഒരുമിച്ച് ആകാശത്തു കാണാം. അന്ന് സൂര്യാസ്തമയത്തോടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ശനി, ബുധൻ, നെപ്റ്റ്യൂണ്‍, ശുക്രൻ, യുറാനസ്, വ്യാഴം എന്നീ ക്രമത്തിലാണ് ഗ്രഹങ്ങളെ കാണാനാവുക. എന്നാൽ ഇവയില്‍ യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെ കാണുന്നതിനായി നമുക്ക് ദൂരദർശിനികൾ ആവശ്യമായി വരും. ബുധനും ശനിയും പടിഞ്ഞാറൻ ചക്രവാളത്തിനടുത്തായിരിക്കുമെന്നതിനാല്‍ ഇവയെ കാണുക ശ്രമകരമായിരിക്കും.
ഫെബ്രുവരി 28
ആഗസ്റ്റ് 12
ശുക്രനും വ്യാഴവും അടുത്തടുത്ത്
ആഗസ്റ്റ് 12-ന് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും തിളക്കമുള്ള ഗ്രഹമായ ശുക്രനും അടുത്തടുത്തായി കാണാൻ സാധിക്കും. അന്നേദിവസം അതിരാവിലെ കിഴക്കൻ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ നമുക്ക് ഈ ആകാശ വിസ്മയം കണ്ട് ആസ്വദിക്കാം.
ആഗസ്റ്റ് 12
ആകാശത്തിലെ നിഴല്‍ നാടകമായ ഗ്രഹണങ്ങള്‍ സാധാരണയായി വര്‍ഷത്തില്‍ നാലഞ്ചെണ്ണം മാത്രമേ സംഭവിക്കാറുള്ളൂ. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണ – പരിക്രമണങ്ങൾക്കിടയില്‍ ഭൂമിക്കും സൂര്യനുമിടയില്‍ കൂടി ചന്ദ്രൻ കടന്നു പോകുമ്പോള്‍ സൂര്യഗ്രഹണവും സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുന്ന സമയം ചന്ദ്രഗ്രഹണവും സംഭവിക്കുന്നു.
പൂർണ്ണചന്ദ്രഗ്രഹണം
മാർച്ച് 14-ന് ഒരു പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുന്നുണ്ട്. എന്നാൽ ചന്ദ്രഗ്രഹണം നടക്കുന്ന സമയം ഇന്ത്യയിൽ പകൽ സമയമായതിനാല്‍ (09.25 AM – 03.30 PM IST) ഇന്ത്യയിൽ ഈ ഗ്രഹണം ദൃശ്യമാകില്ല.
ഭാഗിക സൂര്യഗ്രഹണം
മാർച്ച് 29-ന് (02.20 PM – 06.13 PM IST) ഒരു ഭാഗിക സൂര്യഗ്രഹണം നടക്കുന്നു. യൂറോപ്പ്, ഏഷ്യയുടെ വടക്കൻ പ്രദേശങ്ങൾ ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങൾ, അമേരിക്കയുടെ വടക്കൻ പ്രദേശങ്ങൾ, അറ്റ്ലാൻ്റിക് – ആർക്ടിക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രഹണം നിരീക്ഷിക്കാൻ സാധിക്കും. നമ്മൾ ഗ്രഹണ പാതയിലല്ലാത്തതിനാൽ ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.
പൂർണ്ണചന്ദ്രഗ്രഹണം
സെപ്റ്റംബർ 7- 8 തിയതികളിലായി ഒരു പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുന്നുണ്ട്. 7-ന് രാത്രി 9 മണിയോടുകൂടി ഗ്രഹണം ആരംഭിക്കും. 11.30 മണിയോകൂടി ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ ആകും. സെപ്റ്റംബർ 8-ന് പുലർച്ചെ 2.30 മണിയോടെ ഗ്രഹണം അവസാനിക്കുകയും ചെയ്യും. ഏഷ്യ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ പൂർണ്ണ ഗ്രഹണം കാണാൻ സാധിക്കും. ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകും.
ഭാഗിക സൂര്യ ഗ്രഹണം
സെപ്റ്റംബര്‍ 21 ന് ഒരു ഭാഗിക സൂര്യ ഗ്രഹണം നടക്കുന്നുണ്ട്. 21 ന് ഇന്ത്യന്‍ സമയം രാത്രി 10.59 ന് തുടങ്ങുന്ന ഗ്രഹണം 22 ന് പുലര്‍ച്ചെ 03.23 ന് അവസാനിക്കും. ഓസ്ട്രേലിയയുടെ തെക്കന്‍ ഭാഗങ്ങള്‍, പസഫിക്ക്, അറ്റലാന്‍റിക്ക്, അൻ്റാർക്ടിക് പ്രദേശങ്ങളിലുടെ കടന്നു പോകുന്ന ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.
മൂന്ന് സൂപ്പർ ചന്ദ്രന്മാര്‍
ഈ വർഷത്തിൽ മൂന്ന് സൂപ്പര്‍ മൂണുകള്‍ ഉണ്ടാകും. അതില്‍ ഏറ്റവും വലിയ പൂർണ്ണചന്ദ്രനെ നവംബർ 5-ന് രാത്രി കാണാം. ഇത് സാധാരണ പൂർണ്ണചന്ദ്രൻമാരിൽ നിന്നും 7.9% വലുതും 16% തിളക്കമേറിയതും ആയിരിക്കും. ഒക്ടോബര്‍ 7-നും ഡിസംബര്‍ 5-നു മാണ് മറ്റ് രണ്ട് സൂപ്പര്‍ മൂണുകള്‍.
പ്രധാന ഉൽക്കാവർഷങ്ങൾ
ഈ വർഷം ആകാശത്ത് വിസ്മയം തീര്‍ക്കുന്ന പ്രധാന ഉൽക്ക വർഷങ്ങൾ ചുവടെ ചേർക്കുന്നു.
ജനുവരി 4 – ക്വാഡ്രന്റിഡ് (Quadrantid)
ഡിസംബർ മാസം 12 മുതൽ ജനുവരി മാസം 12 വരെ – രാത്രി 1.56 മുതൽ വടക്ക് കിഴക്ക് ഭാഗത്ത്. ഈ ഉൽക്കാവർഷത്തിന്റെ പരമാവധി ദൃശ്യ അനുഭവം സാധ്യമാകുന്നത് ജനുവരി 3 ന് ആയിരിക്കും. മണിക്കൂറിൽ നൂറുകണക്കിനെ ഉൽക്കകൾ കാണാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രാത്രി 2.00 മണി മുതൽ വടക്ക് കിഴക്ക് ഭാഗത്ത് ബൂട്ടിസ് നക്ഷത്ര ഗണത്തിന് സമീപമാണ് ഉൽക്കകൾ കാണാൻ സാധിക്കുക. സൂര്യോദയം വരെ ഉൽക്കാവർഷം ദൃശ്യമാകും.
മെയ് 5-6 – ഈറ്റ അക്വാറിഡ് (η-Aquarid )
19 ഏപ്രിൽ മുതൽ 28 മെയ് വരെ ദൃശ്യമാകും – കിഴക്ക് ഭാഗത്ത് പുലർച്ചെ 01.45 മണിക്ക്. ഈറ്റ അക്വാറിഡ് ഉൽക്കാവർഷം അതിന്റെ പാരമ്യത്തിൽ എത്തുന്നത് മെയ് 5 , 6 തീയതികളിൽ ആയിരിക്കും. മണിക്കൂറിൽ 40 ഉൾക്കകളെ വരെ ദൃശ്യമാകും. കിഴക്ക് ഭാഗത്ത് പുലർച്ചെ 1.45 മണിക്ക് ഉദിക്കുന്ന കുംഭം രാശിക്ക് സമീപമായിരിക്കും ഉൽക്കാവർഷം ദൃശ്യമാവുക.
ജൂൺ 8 -9 – ഏരിയേറ്റിഡ് (Arietids)
ഏപ്രിൽ 14 മുതൽ ജൂൺ 24 വരെ – 03.34 മുതൽ കിഴക്ക് ഭാഗത്ത്. ഏപ്രിൽ 14 മുതൽ ജൂൺ 24 വരെ ദൃശ്യമാകുന്ന ഏരിയേറ്റിഡ് ഉൾക്ക വർഷം അതിന്റെ പാരമ്യത്തിൽ എത്തുന്നത് ജൂൺ 8 – 9 തിയ്യതികളിൽ ആണ് . 03.34 മണിക്ക് കിഴക്ക് ഭാഗത്ത് ഉദിക്കുന്ന മേടം രാശിക്ക് സമീപം ഉൾക്ക വർഷം ദൃശ്യമാകും. മണിക്കൂറിൽ 50 ഉൾക്കകൾ വരെ ഉണ്ടാകാമെങ്കിലും അതിൽ താഴെ മാത്രമേ ദൃശ്യമാകൂ.
ജൂലൈ 30 – സതേൺ ഡൽറ്റ അക്വറിഡ്സ് ( Southern Delta Aquariid )
ജൂലൈ 12 മുതൽ ആഗസ്റ്റ് 23 വരെ. ജൂലൈ 12 മുതൽ ആഗസ്റ്റ് 23 വരെ ദൃശ്യമാകുന്ന ഉൾക്കാവർഷം, ഏറ്റവും കൂടുതലാകുന്നത് ജൂലൈ 30 നാണ്. തെക്ക് ഭാഗത്ത് കുംഭം രാശിക്ക് സമീപം രാത്രി 08.55 മണി മുതൽ ദൃശ്യമാകുന്ന ഉൾക്ക വർഷത്തിൽ പുലർച്ചെ 02.45 മണിയോടെ മണിക്കൂറിൽ 25 ഉൾക്കകൾ വരെ കാണാൻ സാധിക്കും.
ആഗസ്റ്റ് 12 – പെർസിയഡ് (Perseid)
ജൂലൈ 17 മുതൽ ആഗസ്റ്റ് 24 വരെ. ജൂലൈ 17 മുതൽ ആഗസ്റ്റ് 24 വരെ ദൃശ്യമാകുന്ന ഉൾക്ക വർഷം ആഗസ്റ്റ് 12 ന് 22.58 മണിക്ക് ശേഷം മണിക്കൂറിൽ 100 – 150 എണ്ണം വരെയാകും. വടക്ക് കാസിയോപ്പിയ നക്ഷത്ര ഗണത്തിന് സമീപമാണ് ഉൽക്കാവർഷവും ദൃശ്യമവുക.
ഒക്ടോബർ 21- 22 -ഓറിയോനിഡ് (Orionid)
ഒക്ടോബർ 2 മുതൽ നവംബർ 7 വരെ. ഒക്ടോബർ 2 മുതൽ നവംബർ 7 വരെ ദൃശ്യമാകുന്ന ഓറിയോനിഡ് ഉൾക്ക വർഷം ഒക്ടോബർ 22 ന് രാത്രി 22.33 മണി മുതല്‍ , ഏറ്റവും കൂടുതൽ , മണിക്കൂറിൽ 20 എണ്ണം എന്ന തോതിലാകും. ഒറിയോൺ നക്ഷത്ര ഗണത്തിന് സമീപമാണ് ഉൾക്കവർഷം കാണാൻ സാധിക്കുക.
ഡിസംബർ 14 – ജെമിനിഡ് (Geminid)
ഡിസംബർ 4 മുതൽ ഡിസംബർ 20 വരെ. ഡിസംബർ 4 മുതൽ ഡിസംബർ 20 വരെയാണ് ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാവുക. ഡിസംബർ 14 ന് രാത്രി 08.03 മണിക്ക് ഉദിക്കുന്ന മിഥുനം രാശിയിൽ , മണിക്കൂറിൽ 120 വരെ ഉൾക്കകളെ കാണാൻ ആകും.
ഈ വർഷത്തിലെ ആകാശവിസ്മയങ്ങളുടെ വിശദമായ ലേഖനങ്ങൾ ലൂക്കയിൽ തുടർന്ന് പ്രസിദ്ധീകരിക്കും.
തയ്യാറാക്കിയത് :
മലയാളത്തിലെ ആദ്യ ഓൺലൈൻ ഡിജിറ്റൽ കലണ്ടർ – ശാസ്ത്രദിനങ്ങളും ശാസ്ത്രപരിപാടികളും അറിയാനുള്ള ലൂക്കയുടെ കലണ്ടർ വെബ്സൈറ്റ് സന്ദർശിക്കാം