Read Time:18 Minute

സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ; അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2023 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

ഒക്ടോബർ മാസം 15ന് രാത്രി 8 മണിക്ക് മധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശം. (ഗ്രഹങ്ങളെയും ചന്ദ്രനെയും ഉൾപ്പെടുത്തിയിട്ടില്ല.)

സൗരരാശികൾ

സന്ധ്യാകാശത്ത് ഏകദേശം 7.30ന് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളെ ഒക്ടോബർ മാസം നിരീക്ഷിക്കാം. തുലാംരാശി സന്ധ്യയോടെ പകുതി അസ്തമിച്ചിട്ടുണ്ടാകും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തി പഥം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 12 ഭാഗങ്ങളാക്കി വിഭജിച്ച്, ആ ഭാഗങ്ങള്‍ക്ക് അവിടെയുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

വൃശ്ചികം (Scorpion)

തെക്കുപടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും 15°-25° മുകളിലായി ഒക്ടോബർ മാസത്തില്‍ വൃശ്ചികം രാശി (Scorpion) കാണാം. തേളിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഇതിലെ തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) ആണ്. ഇതൊരു ചുവപ്പ് ഭീമന്‍ (Red giant) നക്ഷത്രമാണ്. ഈ ചുവപ്പ് ഭീമന്‍ നക്ഷത്രവും ഇരുവശവുമുള്ള പ്രഭകുറഞ്ഞ രണ്ടു നക്ഷത്രങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കേട്ട എന്ന ചാന്ദ്രഗണം. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ഒക്ടോബറിൽ തെക്കേ ചക്രവാളത്തിനു മുകളിലായി വൃശ്ചികം രാശിയെ യാതൊരു പ്രയാസവും കൂടാതെ തിരിച്ചറിയാം. വൃശ്ചികത്തിന്റെ വാൽ ഭാഗത്തുനിന്നും വടക്ക് കിഴക്കുദിശയിലായി ആകാശഗംഗയെയും (Milky way) നിരീക്ഷിക്കാവുന്നതാണ്.

ധനു (Sagittarius)

ഒക്ടോബർ മാസത്തില്‍ സന്ധ്യയ്ക്ക് തെക്കുപടിഞ്ഞാറെ ചക്രവാളത്തില്‍ നിന്നും 30°-50° മുകളിലായി ധനു രാശി (Sagittarius) കാണപ്പെടുന്നു. വില്ലിന്റെ (ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ (Milky way) കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ ധനു രാശിടെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ഇതിന്റെ പടിഞ്ഞാറേ പകുതി ചാന്ദ്രഗണമായ പൂരാടവും ബാക്കി ഉത്രാടവും ആണ്

ധനുരാശിക്കു കിഴക്കായി, തെക്കെ ചക്രവാളത്തിൽ നിന്നും 50°- 70° മുകളിലായാണ് മകരം രാശിയെ (Capricorn) ഒക്ടോബർ മാസം സന്ധ്യയ്ക്കു കാണാൻ കഴിയുക. മകരമത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശിയാണിത്. രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ പ്രഭയേറിയ നക്ഷത്രങ്ങളില്ല.

കുംഭം (Aquarius).

കുടമേന്തിയ ആളുടെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രരാശിയാണ്‌ കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളുള്ള നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് ഈ നക്ഷത്രഗണം. ഒക്ടോബർ മാസത്തിൽ തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ നിന്നും 50° മുതല്‍ 70° വരെ മുകളിലായി കുംഭം രാശിയെ കാണാം.

മീനം (Pisces)

കിഴക്കേചക്രവാളത്തിനു മുകളിൽ ഏകദേശം 10°- 50° ഇടിയിലായി, ഖഗോളമധ്യരേഖയിൽ നിന്നും അല്പം തെക്കുമാറി വ്യാപിച്ചുകിടക്കുന്ന മീനം രാശിയെ (Pisces) ഒക്ടോബറിൽ കാണാം. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

മേടം (Aries)

സന്ധ്യയ്ക്ക് കിഴക്ക്-വടക്കു കിഴക്കെ ചക്രവാളത്തിനു മകളിലായി മേടം രാശി (Aries) ഉദിച്ചുയരും. ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന മേടം നക്ഷത്രഗണത്തിലെ പ്രധാന നക്ഷത്രം ഹമാൽ (Hamal) ആണ്. തിളക്കം കുറഞ്ഞ മറ്റുരണ്ട് നക്ഷത്രങ്ങളേയും തിരിച്ചറിയാൻ സാധിക്കും. ഈ മൂന്ന് നക്ഷത്രങ്ങളും ചേര്‍ന്ന് അശ്വതി എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

മറ്റുപ്രധാന നക്ഷത്രഗണങ്ങൾ

ഗരുഡന്‍ (Aquila)

ശീർഷബിന്ദുവിൽ നിന്നും അല്പം പടിഞ്ഞാറായി കാണപ്പെടുന്ന നക്ഷത്രഗണമാണ് ഗരുഡൻ (Aquila). ഈ നക്ഷത്രഗണത്തിലെ തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair).  ശീർഷബിന്ദുവിൽ നിന്നും ഏഗദേശം 10° പടിഞ്ഞാറായി ശ്രവണനെ കാണാം. അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. ഈ ചാന്ദ്രഗണത്തിൽ മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണപ്പെടുന്നു. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്.

ഭാദ്രപഥം
ഭാദ്രപഥവും ആന്‍ഡ്രോമിഡയും

ഭാദ്രപഥം (Pegasus)

സൗരരാശികള്‍ കഴിഞ്ഞാല്‍ ഒക്ടോബറിൽ സന്ധ്യക്ക് കിഴക്കെ ആകാശത്തുകാണാൻ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം (Pegasus). പറക്കുംകുതിര എന്നും ഇതറിയപ്പെടുന്നു. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ മുകളിലുള്ള (പടിഞ്ഞാറ് ) രണ്ട് നക്ഷത്രങ്ങള്‍ പൂരുരുട്ടാതിയും, താഴെയുള്ള രണ്ടെണ്ണം ഉത്രട്ടാതിയുമാണ്. സന്ധ്യയ്ക്ക് കിഴക്ക് ദിശയില്‍, ചക്രവാളത്തിനും ശീർഷബിന്ദുവിനും മധ്യത്തിലായി (അല്പം വടക്കുമാറി) ഇതിനെ കാണാം. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

കാശ്യപി (Cassiopeia)

വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി (Cassiopeia). സന്ധ്യയോടെ ഇത് വടക്ക് കിഴക്കായി ഉദിച്ചുതുടങ്ങും. ഏഴരയോടെ വടക്കുകിഴക്കേ ചക്രവാളത്തിൽ നിന്നും 15°-30° മുകളിലായി കശ്യപിയെ കാണാം. (മുകളിലെ ചിത്രം നോക്കുക.)

മറ്റുപ്രധാന നക്ഷത്രങ്ങളും നക്ഷത്ര ഗണങ്ങളും
  • വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 50° മുകളിലായി (ശീര്‍ഷ ബിന്ദുവിൽ നിന്നും ഏകദേശം 40° വടക്കുപടിഞ്ഞാറായി) കാണാവുന്ന പ്രഭയേറിയ നക്ഷത്രമാണ് അഭിജിത്ത് (Vega). അയംഗിതി (Lyra) എന്ന നക്ഷത്രഗണത്തിലെ അംഗമാണിത്. തിളക്കത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനമുള്ള നക്ഷത്രമാണ് അഭിജിത്ത്.
  • ശീർഷബിന്ദുവിൽ നിന്നും 35° വടക്കായി കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് ഡെനനബ് (Deneb). ജായര (Cygnus) എന്ന നക്ഷത്രഗണത്തിലെ അംഗമാണ് ദെനബ്. ഈ മാസം ശീര്‍ഷബിന്ദുവിൽ നിന്നും വടക്കുമാറി കാണാൻ കഴിയുന്ന തിളക്കമേറിയ രണ്ടു നക്ഷത്രങ്ങളാണ് വേഗയും ദെനബും. ഇതിൽ പടിഞ്ഞാറുഭാഗത്തുകാണുന്ന, തിളക്കം കൂടിയ നക്ഷത്രം വേഗയും, അതിനു കിഴക്കായി കാണുന്ന നക്ഷത്രം ദെനബും ആകുന്നു.

ഗ്രഹങ്ങൾ

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ച് ഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചു ഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. 2024 ഒക്ടോബറിലെ സന്ധ്യാകാശത്ത് ശൂക്രൻ, ശനി എന്നീ ഗ്രഹങ്ങളെ കാണാനാകും. രാത്രി 10 മണിക്ക് ശേഷം വ്യാഴത്തെയും 12.15നു ശേഷം ചൊവ്വയെയും കാണാം.

ബുധൻ

സൂര്യസമീപകമായിരിക്കുന്നതിനാൽ ബുധനെ നിരീക്ഷിക്കൽ എളുപ്പമാകില്ല. പടിഞ്ഞാറെ ചക്രവാളത്തോട് ചേർന്നാകും (അല്പം തെക്കുമാറി) സന്ധ്യക്ക് ബുധനെ കാണാനാവുക. മാസാവസാനത്തോടെ അത് ചക്രവാളത്തിൽ നിന്നും 10°ക്കുമുകളിൽ ഉയരെ കാണപ്പെടും. തുലാം രാശിയിലായാണ് സ്ഥാനം.

ശുക്രൻ

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). രാത്രിയാകാശത്ത് ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള വസ്തുവും ശുക്രനാണ്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്.

സന്ധ്യക്ക് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറെ ചക്രവാളത്തിനുമുകളിൽ ശുക്രനെ കാണാം. മാസം പകുതിവരെ തുലാം രാശിയിലും പിന്നീട് വൃശ്ചികം രാശിയിലുമായാണ് ഈ മാസം ശുക്രനെ കാണാനാവുക. ഈ സമയം പടിഞ്ഞാറെ ചക്രവാളത്തോട് ചേർന്ന് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രസമാനമായ വസ്തുവാണ് ശുക്രൻ. അതിനാൽ പ്രയാസം കൂടാതെ തിരിച്ചറിയാനാകും.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രനെ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിച്ചിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു.

ചൊവ്വ

രാത്രി 12 മണിക്കുശേഷം കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിനു മുകളിലായി ചൊവ്വ ഉദിച്ചുയരും. മിഥുനം രാശിയുടെ അവസാന ഭാഗത്തായാണ് സ്ഥാനം. പുലർച്ചെ അഞ്ച് മണിയോടെ നോക്കിയാൽ ശീർഷബിന്ദുവിൽ നിന്നും ഏകദേശം 20° വടക്കുകിഴക്കായി ചൊവ്വയെ കാണാനാകും. ഇളം ചുവപ്പ് നിറമാണ് ചൊവ്വയ്ക്ക്.

വ്യാഴം

രാത്രി 10 മണിയോടെ കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിനു മുകളിലായി വ്യാഴം ഉദിച്ചുയരും. ഇടവം രാശിയിലാണ് സ്ഥാനം. പുലർച്ചെ അഞ്ച് മണിയോടെ നോക്കിയാൽ ശീർഷബിന്ദുവിൽ നിന്നും ഏകദേശം 20° വടക്ക് പടിഞ്ഞാറായി തിളങ്ങി നിൽക്കുന്ന വ്യാഴത്തെ കാണാനാകും. വ്യാഴത്തിന്റെ പരിക്രമണകാലം 12 വർഷമാണ്. അടുത്തവർഷം മിഥുനം രാശിയിലാകും വ്യാഴത്തെ കാണാനാവുക.

ശനി

സന്ധ്യയ്ക്ക് തെക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 50° മുകളിലായി ശനിയെ കാണാം. കുംഭം രാശിയിലായാണ് സ്ഥാനം. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്.


ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം – The Orionid meteor shower

orinoid-meteor-shower
ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം | വര – എന്‍. സാനു

ഓക്ടോബര്‍ 2 മുതല്‍ നവംബര്‍ 7 വരെ ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം (The Orionid meteor shower) കാണാനുള്ള സമയമാണ്. ഹാലിയുടെ ധൂമകേതു കടന്നുപോയ വഴിയില്‍ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളാണ് ഓറിയോനിഡ് ഉല്‍ക്കകളായി ഭൂമിയില്‍ പതിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 21വരെയാണ് പരമാവധി ഉല്‍ക്കാപതനങ്ങള്‍ കാണാന്‍ കഴിയുന്നത്. ഓറിയോണ്‍ (വേട്ടക്കാരന്‍) നക്ഷത്രസമൂഹത്തിന്റെ ഭാഗത്ത് കാണുന്നതിനാലാണ് ഇവയ്ക്ക് ഓറിയോനിഡ് എന്ന പേര് വന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം ഓറിയോണിലെ തിരുവാതിര നക്ഷത്രത്തിനുസമീപത്തുനിന്നും എല്ലാ ദിശയിലേക്കും ഇവ നിപതിക്കും.

സുചിൻഷാൻ-അറ്റ്ലസ് (C/2023 A3)

സുചിൻഷാൻ-അറ്റ്ലസ് (Tsuchinshan-ATLAS) C/2023 A3 എന്ന ധൂമകേതു ഈ മാസം പ്രധാന ആകാശദൃശ്യമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ധൂമകേതുവിനെ സ്വതന്ത്രമായി രണ്ടിടങ്ങളിൽ കണ്ടെത്തിയതിനാലാണ് ഇതിന് ഈ ഇരട്ട പേരു ലഭിച്ചത്. 2024 ഒക്ടോബറിൽ ഇതിന്റെ ഇതിന്റെ സൗരസമീപകം (perihelion – സൂര്യനോട് ഏറ്റവും അടുക്കുന്ന ബിന്ദു) 0.39 ആസ്ട്രണോമിക്കൽ യൂണിറ്റ് ദൂരം എത്തുമെന്നതിനാൽ വാനനിരീക്ഷകർക്ക് അതുല്യമായ കാഴ്ച സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുകലറിയാൻ ഈ ലേഖനം വായിക്കുക – ദൂരെ ദൂരെ നിന്നൊരു വാലൻ വിരുന്നുകാരൻ !⁣


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • ഒക്ടോബർ 15 സന്ധ്യയ്ക്ക് 7.30 നു മദ്ധ്യകേരളത്തിലെ ആകാശക്കാഴ്ച കണക്കാക്കിയാണ് (പ്രത്യേകം സൂചിപ്പിക്കാത്ത പക്ഷം) വിവരണം തയ്യാറാക്കിയിട്ടുള്ളത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post സാമൂഹ്യ സ്ഥാപനങ്ങളും അഭിവൃദ്ധിയും: സാമ്പത്തിക വികസനത്തിന്റെ ചുരുൾ നിവരുമ്പോൾ
Next post എന്താണ് നീല കാർബൺ ആവാസവ്യൂഹങ്ങൾ ?
Close