Read Time:15 Minute

2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ഇക്കാര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശുപാർശ ലോകം അംഗീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ കാർഷിക സംഘടനയാണ് (FAO) അന്താരാഷ്ട്ര തലത്തിൽ പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഭാവിയുടെ ഭക്ഷണമെന്നാണ് മില്ലറ്റിനെ അവർ വിശേഷിപ്പിക്കുന്നത് .

എത്രയെത്ര കുഞ്ഞൻ ധാന്യങ്ങൾ

തിന (Foxtail millet) ,കമ്പം (Bajra – Pearl millet) ,ചോളം (Sorghum – Great millet) മുത്താറി (Ragi – Finger millet) ചാമ (Little millet) വരക് (Proso millet) കവടപ്പുല്ല് (Barnyard millet) കൊറേലി (Brown top millet) മുതലായവയെല്ലാം പ്രധാനപ്പെട്ട ചെറുധാന്യങ്ങളാണ് .

ചെറുതല്ലാത്ത ധാന്യങ്ങൾ

കാഴ്ച്ചയിൽ കുഞ്ഞൻമാരാണെങ്കിലും പോഷക കാര്യത്തിൽ വലിയ വർ തന്നെയാണിവർ. അരി, ഗോതമ്പ് എന്നിവയെയെല്ലാം അപേക്ഷിച്ച് വളരെ ഉയർന്നതോതിലുള്ള പ്രോട്ടീൻ, മിനറൽസ്, വിറ്റാമിനുകൾ മുതലായവയും കുറഞ്ഞ കലോറി മൂല്യവും ഇവയെ ആഹാര പദാർത്ഥങ്ങളിലെ വിശിഷ്ട താരങ്ങളാക്കി മാറ്റിയിരിക്കുന്നു .ഉപാപചയ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ സഹായിക്കുന്ന നാരുകളാൽ (ഫൈബർ) സമ്പന്നമാണ് എന്നത് മില്ലറ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത യാണ്. ധാന്യങ്ങൾ ഉയർന്ന സ്റ്റാർച്ചും ഊർജ മൂല്യവും പ്രദാനം ചെയ്യുമ്പോൾ ചെറുധാന്യങ്ങളിൽ താരതമ്യേന ഇവയുടെ അളവ് കുറവായതിനാൽ മനുഷ്യൻ്റെ ആരോഗ്യ സുരക്ഷയ്ക്ക് അവയെല്ലാം ഉത്തമമാണെന്ന് ആരോഗ്യ ശാസ്ത്രം പറയുന്നു .കുറഞ്ഞപരിപാലനത്തോടെ ഏത് മണ്ണിൽ വളരാനും കാലാവസ്ഥയെ അതിജീവിക്കാനും അവയ്ക്ക് കഴിയും .അധികം ജലം ആവശ്യമില്ലാത്തതിനാൽ മില്ലറ്റ് കർഷകർക്കും വലിയ ആശ്വാസമാണ് .

പുല്ല് വർഗത്തിൽപ്പെട്ട ധാന്യ വിളകളായ മില്ലറ്റുകൾ പുരാതന കാലങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കുമുളള ഭക്ഷണമായിട്ടാണ് ഉപയോഗിച്ച് വന്നിരുന്നത്. പിന്നീടാണ് ഇവയുടെ പോഷക ഗുണം മനസ്സിലാക്കി മനുഷ്യന്റെ ആഹാരമാക്കാൻ തുടങ്ങിയത്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെടുന്നത്. നിത്യഭക്ഷണത്തിൽ മില്ലറ്റുകളുടെ അളവ് കൂട്ടുന്നത് ഡയബറ്റിസിനെ ചെറുക്കുന്നതിന് സഹായിക്കും. ഒപ്പം ധാരാളം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും. കുറേക്കാലങ്ങളോളം പാവപ്പെട്ടവരുടെ ഭക്ഷണമായും ഇപ്പോൾ സൂപ്പർ ഫുഡ് ആയും മാറിയിട്ടുള്ള ചെറുധാന്യങ്ങൾ ലോകത്താകെ ഭക്ഷ്യ സുരക്ഷയും പോഷകസമൃദ്ധിയും നൽകാൻ കഴിയുന്നവയായി മാറിയിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് കുറുക്കിക്കൊടുക്കുന്നതിനാൽ മലയാളികൾക്ക് റാഗി ഏറെ പരിചിതമാണ്. തിനയും ചാമയുമൊക്കെ ലവ് ബേർഡ്സിനുള്ള ആഹാരമെന്ന അറിവേ നമുക്കുണ്ടായിരുന്നുള്ളൂ. ക്ഷാമകാലത്ത് ഇന്ത്യൻ ജനതയുടെ ജീവൻ രക്ഷിച്ച ബദൽ ധാന്യങ്ങളിൽ ഒന്നായിരുന്നു ചാമ. ഗുണമേന്മയറിയാതെ നമ്മൾ പടിക്ക് പുറത്ത് നിർത്തിയിരുന്ന കുഞ്ഞൻ ധാന്യങ്ങളെ ഇന്ന് ലോകം മുഴുവൻ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് .

റാഗി

മുത്താറി, കഞ്ഞിപ്പുല്ല്, പഞ്ഞിപ്പുല്ല് തുടങ്ങിയ പല പേരുകളിൽ അറിയപ്പെടുന്ന ഏറ്റവും ചെറിയ ധാന്യമാണ് റാഗി. Elucin Korakana എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. കാത്സ്യത്തിന്റെ മുഖ്യ ഉറവിടമായ റാഗിയെ ‘പാവപ്പെട്ടവരുടെ പാൽ ‘എന്നും വിളിക്കാറുണ്ട്. ജീവകം ഡി-യും ഉള്ളതിനാൽ എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്ക് ഏറെ ഫലപ്രദമാണ്. കുഞ്ഞുങ്ങൾക്ക് ആദ്യ ഘട്ടത്തിൽ നൽകിയിരുന്ന ആഹാരക്രമത്തിൽ ഇത് ഉൾപ്പെടുത്തിയിരുന്നു. ഇരുമ്പ്, ഫോസ്ഫറസ് ,മാംസ്യം, നാരുകൾ മുതലായവയും ധാരാളമുള്ളതിനാൽ വിളർച്ച തടയാനും പ്രമേഹബാധിതർക്കും ഡോക്ടർമാർ ഇവ ശുപാർശ ചെയ്യാറുണ്ട് .

ബജ്റ

കമ്പം എന്നുകൂടി വിളിപ്പേരുള്ള Pennisetum glaucum എന്ന ശാസ്ത്രീയ നാമമുള്ള പേൾമില്ലറ്റ് ,ക്യാറ്റ് ടെയിൽ മില്ലറ്റ് ,ബുൾ റഷ് എന്നീ പേരുകളിലും അറിയപ്പെടുന്ന ബജ്‌റ, മില്ലറ്റ് കുടുംബത്തിലെ സവിശേഷ ഇനമാണ്. അപൂരിത കൊഴുപ്പ് അടങ്ങിയതിനാൽ കമ്പം ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഇതിലെ ഒമേഗ 3 ഫാറ്റിആസിഡ് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.

തിന

ഫോക്സ്ടെയിൽ മില്ലറ്റെന്നറിയപ്പെടുന്ന തിനയുടെ ശാസ്ത്രനാമം Settaria italica എന്നാണ്. കള സസ്യമായും വഴിയോരങ്ങളിലും വളർന്നു വരുന്ന തിന, ജർമ്മൻ മില്ലറ്റ് , ഇറ്റാലിയൻ മില്ലറ്റ് എന്നിങ്ങനെ വളരുന്ന രാജ്യങ്ങളുടെ പേരുകളിലും അറിയപ്പെടുന്നുണ്ട്. തിനയെ ലോകത്തിലെ ഏറ്റവും പുരാതന വിളയെന്നും വിശേഷിപ്പിക്കാവുന്നതാണ്. ധാതുക്കളുടേയും വിറ്റാമിനുകളുടേയും കലവറ തന്നെയാണ് തിന .

ചോളം

മെയ്സ്, കോൺ എന്നെല്ലാം അറിയപ്പെടുന്ന പുൽവർഗത്തിൽപ്പെട്ട ചോളത്തിൽ മക്കച്ചോളം (Siya Maise), മണിച്ചോളം (Sorgum Bicolor ) എന്നിങ്ങനെ രണ്ട് അവാന്തര വിഭാഗങ്ങളും ഉൾപ്പെടുന്നു. പോപ്പ് എന്ന മക്കച്ചോളമാണ് പോപ്പ്കോൺ ഉണ്ടാക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനും വൃക്ക സംബന്ധമായ തകരാറുകൾ കുറയ്ക്കാനും വിളർച്ചയെ പ്രതിരോധിക്കാനും ചോളത്തിന് കഴിവുണ്ട് .

വരക്

കോഡോമില്ലറ്റ്, പ്രോസോമില്ലറ്റ് എന്നെല്ലാം വിളിച്ച് വരുന്ന വരക് ഇന്ത്യയിൽ പശുപ്പുല്ല്, നെല്ല് പുല്ല് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിൽ കൂവരക് എന്നും വിളിക്കപ്പെടുന്നു .ആഫ്രിക്കയിൽ അരി പോലെ പാചകം ചെയ്യപ്പെടുന്ന കോഡോ മില്ലറ്റ് ഇന്ത്യയിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് പൊടിച്ച് മാവാക്കി മാറ്റി പുഡ്ഡിംഗിന് വേണ്ടിയാണ്. കാലിത്തീറ്റയായും ഇത് ധാരാളം പ്രയോജനപ്പെടുത്തുന്നുണ്ട്. ശാസ്ത്ര നാമം – Paspalum Scrobiculetum. വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള, മറ്റ് വിളകളൊന്നും വളരാത്ത നാമമാത്രമായ മണ്ണിൽ വളരാൻ കഴിയുന്നുവെന്നത് വരകിന്റെ പ്രത്യേകതയാണ്. നാരുകളുടെ മികച്ച ഉറവിടവുമാണിത് .

ചാമ

പുല്ലരി എന്ന പേരിലും ലിറ്റിൽ മില്ലറ്റായും അറിയപ്പെടുന്ന ചെറുധാന്യമാണ് Panicum Sumatranse എന്ന ശാസ്ത്ര നാമമുള്ള ചാമ .കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പണ്ട് കാലങ്ങളിൽ ഇടവിളയായി കേരളത്തിൽ കൃഷി ചെയ്തിരുന്നു. ചാമയരി കൊണ്ടുള്ള വിഭവങ്ങൾ പഴമക്കാർ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവ അന്യം നിന്നു പോയിരിക്കുന്നു.

കവടപ്പുല്ല്

പ്രോട്ടീൻ സമ്പുഷ്ടമായ, കലോറി മൂല്യം വളരെ കുറവായ ഔഷധ ഗുണമുള്ള കവടപ്പുല്ല് കുതിരവാലി എന്നും അറിയപ്പെടുന്നു. നാരുകൾ വളരെ കൂടുതലുള്ള ചെറുധാന്യമാണിത്. ഇന്ത്യൻ ബേൺയാർഡ് മില്ലറ്റിന്റെ ശാസ്ത്ര നാമം Echinochlou Frumentacea എന്നാണ്. ബില്യൺ ഡോളർ പുല്ല് എന്ന അപരനാമമുള്ള കുതിരവാലി രോഗ പ്രതിരോധത്തിനും അമ്മമാരുടെ മുലപ്പാൽ വർധനവിനും മലബന്ധം തടയുന്നതിനും ഉത്തമ ഭക്ഷണമായി പണ്ട് കാലങ്ങളിൽ ഉപയോഗപ്പെടുത്തിയിരുന്നു. ഹൃദ്രോഗികൾക്കും പ്രമേഹബാധിതർക്കും ഭക്ഷ്യയോഗ്യമാണിത് .

കൊറേലി

Brachigriya Yamosa എന്ന ശാസ്ത്രനാമമുള്ള കൊറേലിയുടെ മറ്റൊരു പേര് ബ്രൗൺ ടോപ്പ് മില്ലറ്റെന്നാണ്. മലബന്ധം തടയുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇവ പ്രയോജനപ്പെടുത്താം. മില്ലറ്റുകളിൽ അപൂർവമായി കാണപ്പെടുന്ന ഇനമാണിത് .

ചെറുധാന്യങ്ങൾ പോഷകങ്ങളുടെ കലവറ

ഉയർന്ന പോഷകഗുണമുള്ളവയാണ് മില്ലറ്റുകൾ. മിക്കതിനും ഔഷധ ഗുണവുമുണ്ട്. പ്രോട്ടീൻ, ഫൈബർ, ഫാറ്റ് , കാർബോഹൈഡ്രേറ്റ്, -മാംഗനീസ്, അയേൺ, സിങ്ക്, സോഡിയം, പൊട്ടാസ്യം- തുടങ്ങിയ സൂക്ഷ്മമൂലകങ്ങൾ , ആൻ്റിഓക്സിഡൻ്റുകൾ മുതലായവയെല്ലാം ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ജീവിത ശൈലി രോഗങ്ങൾ ചെറുക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും അരി, ഗോതമ്പ് മുതലായ ധാന്യങ്ങളുടെ ഉപഭോഗം കുറച്ച് മില്ലറ്റുകളുടെ ഉപയോഗം വർധിപ്പിക്കണം.

നാട്ടിൽ വ്യാപകമായ ‘എണ്ണക്കടികളിൽ‘ നിന്നും ബേക്കറി പലഹാരങ്ങളിൽ നിന്നും പുതുതലമുറയെ രക്ഷപ്പെടുത്തി അവർക്കായി ആരോഗ്യദായകവും സ്വാദിഷ്ട വുമായ ധാരാളം വിഭവങ്ങൾ മില്ലറ്റുകളുപയോഗിച്ച് തയ്യാറാക്കുകയും അവ കുട്ടികളെ ചെറുപ്പം മുതലേ ശീലിപ്പിക്കുകയും വേണം. ചെറുധാന്യങ്ങൾ ഉപയോഗിച്ച് വിവിധ പലഹാരങ്ങൾ ഉണ്ടാക്കാവുന്നതാണ്. ഫാസ്റ്റ്ഫുഡ് സംസ്ക്കാരത്തിനുള്ള ഒരു ബദൽ മാർഗമാകാൻ തീർച്ചയായും മില്ലറ്റുകൾക്ക് കഴിയും.

മറയൂർ മില്ലറ്റ് ഗ്രാമം

സംസ്ഥാന കൃഷിവകുപ്പും വനംവകുപ്പും ചേർന്ന് ഇടുക്കി ജില്ലയിലെ മറയൂർ ഗ്രാമപഞ്ചായത്തിലെ തടയണ്ണൻകുടി കേരളത്തിലെ മില്ലറ്റ് ദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 21ഇനം റാഗി വർഗങ്ങൾ ഇവിടെത്തെ തദ്ദേശീയരായ മുതുവാൻ വിഭാഗക്കാർ പരമ്പരാഗതമായി സൂക്ഷിച്ച് വരുന്നുണ്ട് .ഇവിടത്തെ മില്ലറ്റ് ഗ്രാമം പദ്ധതിയിൽ റാഗിയെ കൂടാതെ ചാമ ,തിന, കുതിര വാലി, വരക് ,ചോളം തുടങ്ങിയവയും സംരക്ഷിക്കുന്നുണ്ട്. അട്ടപ്പാടിയിൽ മില്ലറ്റ് കഫേ പോലെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്

ചെറുധാന്യങ്ങളുടെ വ്യാപനം

മില്ലറ്റുകൾ ജനങ്ങളിലാകെ വ്യാപിപ്പിക്കുന്നതിന് ചുവടെ കൊടുത്ത നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടതുണ്ട് .

  • സ്ക്കൂളുകളിലും അങ്കണവാടികളിലും ആഴ്ചയിൽ ഒരിക്കലെങ്കിലും മില്ലറ്റുകൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുക.
  • മില്ലറ്റ് ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കൾ ഹോട്ടലുകളിലും മറ്റും ലഭ്യമാക്കുക.
  • ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യമേളകളും മറ്റും സംഘടിപ്പിക്കുക.
  • മില്ലറ്റുകളുടെ ഓൺലൈൻ വിൽപ്പന പ്രോത്സാഹിപ്പിക്കുക.
  • സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നൽകി അവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക.
  • ‘മില്ലറ്റ് ചാലഞ്ച്’ പോലുള്ള പരിപാടികൾ ഏറ്റെടുക്കുക.
  • എല്ലാ പൊതുസ്ഥലങ്ങളിലും മില്ലറ്റ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കുക.
  • പൊതുവിതരണ കേന്ദ്രങ്ങൾ വഴി ഗുണനിലവാരമുള്ള മില്ലറ്റുകൾ വിതരണം ചെയ്യുക.
  • റസ്റ്റോറകളുടെ ഡയറ്റ് ഫ്രൻഡ്ലി വിഭാഗത്തിൽ മില്ലറ്റ് വിഭവങ്ങൾ അവതരിപ്പിക്കുകയും പ്രചാരം നൽകുകയും ചെയ്യുക.
Happy
Happy
72 %
Sad
Sad
4 %
Excited
Excited
14 %
Sleepy
Sleepy
2 %
Angry
Angry
3 %
Surprise
Surprise
4 %

2 thoughts on “ചെറുതല്ല ചെറുധാന്യങ്ങൾ – 2023 – ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം

  1. ബഹു. ലേഖകൻ അറിയുന്നതിന്,
    കേരള സർക്കാർ അട്ടപ്പാടി ആദിവാസി മേഖലയിലെ കാർഷിക രംഗത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ചെറുധാന്യ ഗ്രാമം പദ്ധതിയിലെ ജീവനക്കാരനാണ് ഞാനിപ്പോൾ. ചെറു ധാന്യങ്ങൾക്ക് വേണ്ടിയുള്ള ഒരു പദ്ധതിയിലാണ് ഞാൻ ജോലി ചെയ്യുന്നത് എന്നറിയാവുന്ന ഒരു ചങ്ങാതിയാണ് എനിക്ക് ലൂക്കായിലെ ഈ ലേഖനം പങ്കു വെച്ചത്. ഞാൻ ഈ ലേഖനം ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഷെയർ ചെയ്തു.
    “ചെറുതല്ല ചെറു ധാന്യങ്ങൾ ” എന്ന ലേഖനം വായിച്ചപ്പോൾ കിട്ടിയ പ്രതികരണം പങ്കു വെക്കാനാണ് ഈ കുറിപ്പ്. ആഴത്തിലുള്ള ഗവേഷണ- നിരീക്ഷണങ്ങളുടെയും, സ്ഥിതി വിവര കണക്കുകളുടെയും അഭാവം ലേഖനത്തിൽ മുഴച്ച് നിൽക്കുന്നുണ്ട് എന്നാണ് താങ്കളുടെ ലേഖനം വായിച്ച അസിസ്റ്റൻ്റ് ഡയറക്ടറുടെ നിരീക്ഷണം.
    ഉയർന്ന മാതൃ ശിശു മരണ നിരക്ക്, വിളർച്ച തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക വികസന ഉദ്ദേശങ്ങളോടെ ചെറുധാന്യങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും സംസ്കരണവും മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ വിപണനവും വർദ്ധിപ്പിക്കുക, അട്ടപ്പാടിയിലെ പരമ്പരാഗത വിളകൾക്ക് ഓർഗാനിക് സർട്ടിഫിക്കേഷൻ, ഭൗമ സൂചിക നിർണ്ണയം, തുടങ്ങിയവയാണ് മില്ലറ്റ് വില്ലേജ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ. റാഗി, ചാമ, തിന, വരഗ്, പനി വരഗ്, കുതിരവാലി, സൊർഗ്ഗം, കമ്പ് തുടങ്ങിയ ചെറു ധാന്യങ്ങളും പയർവർഗ്ഗ വിളകളും എണ്ണക്കുരുക്കളും പദ്ധതിയിലൂടെ കൃഷി ചെയ്യുന്നു. ചെറുധാന്യ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ആറാമത്തെ വർഷമാണ് 2023. അഞ്ച് വർഷത്തെ അധ്വാനത്തിന് ശേഷം UN അന്താരാഷ്ട്ര ചെറു ധാന്യ വർഷം ആഘോഷിക്കുമ്പോൾ സംസ്ഥാന വ്യാപകമായി ചെറു ധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ബോധവത്ക്കരണ ശ്രമത്തിലാണ് ഞങ്ങൾ.
    മറയൂരിലെ ചെരുധാന്യ കൃഷിയേക്കാളും വിസ്തൃതിയിലും ഉൽപാദനത്തിലും ഒരുപാട് മുൻപിൽ നിൽക്കുന്ന അട്ടപ്പാടിയിലെ പദ്ധതിയെ എന്ത് കൊണ്ട് കേവലം ഒരു വാചകത്തിൽ ഒതുക്കി? പ്രതി വർഷം 1500 ഹെക്ടറിൽ 8 തരം ചെറുധാന്യങ്ങൾ കൃഷിയിറക്കി ശരാശരി 700 മെട്രിക് ടൺ ഓർഗാനിക് സെർട്ടിഫൈഡ് ഉൽപ്പാദനം നടത്തുന്ന അട്ടപ്പാടി യിലെ പദ്ധതിയെ ഈ ലേഖനത്തിൽ തഴഞ്ഞത് പദ്ധതിയിലെ ജീവനക്കാരുടെ ഇടയിലും ഗുണഭോക്താക്കളായ കർഷകർക്കും അമർഷം ഉണ്ടാക്കുന്നുണ്ട്. കൂടാതെ അട്ടപ്പാടിയിലെ പരമ്പരാഗത വിളകളായ ആട്ടുക്കൊമ്പൻ അവര, അട്ടപ്പാടി തുവര എന്നിവക്ക് പദ്ധതിയിലൂടെ ഭൗമ സൂചിക നിർണ്ണയ പദവിയും ലഭ്യമായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഏകദേശം ആയിരം കർഷകരുടെ ഭൂമി ഓർഗാനിക് സെർട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ആദിവാസി കാർഷിക ഉദ്പാദക കമ്പനി (ചെയർമാനും സി ഇ ഓ യും ഗ്രോത്രവർഗ്ഗക്കാർ) അട്ടപാടിയിലെ ചെറുധാന്യ കർഷകരുടെയാണ് എന്നറിയുമ്പോഴെ ചെറു ധാന്യ ഗ്രാമം പദ്ധതിയുടെ വലുപ്പം താങ്കൾക്ക് മനസിലാവുകയുള്ളു. പൂർണ്ണമായും ജൈവ രീതിയിൽ ഉൽപാദിപ്പിക്കുന്ന ചെറു ധാന്യങ്ങൾ ഈ കമ്പനി സംഭരിച്ച് സംസ്ക്കരിച് ഇന്ത്യയിലും വിദേശത്തും വിപണിയിലെത്തിക്കുന്നു.
    മറയൂർ മില്ലെറ്റ് ഗ്രാമം എന്ന ഉപശീർഷകത്തിന് തൊട്ടു മുകളിൽ ഉള്ള പടം അട്ടപ്പാടിയിലെ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സംസ്ക്കരണ ശാലയുടെ ഉദ്ഘാടന ചടങ്ങിലെ എക്സിബിഷനിൽ നിന്ന് എടുത്തതാണ്. കൈ കെട്ടി നിൽക്കുന്ന മനുഷ്യൻ എന്റെ സഹ പ്രവർത്തകൻ ആണ്.
    അന്തർദേശിയ ചെറുധാന്യ വർഷം ആഘോഷിക്കുമ്പോൾ ഇവയുടെ ഉൽപാദനത്തിൽ കേരളത്തിൽ അനിഷേധ്യമായി പ്രഥമസ്ഥാനത്ത് നിൽക്കുന്ന ചെറു ധാന്യ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു
    Check us on
    https://milletvillage.com/
    https://www.facebook.com/Milletvillageattappady

Leave a Reply

Previous post സയൻസ് @ 2022
Next post അമേരിക്കയിൽ ശീതകാല കൊടുങ്കാറ്റും ബോംബ് ചുഴലിക്കാറ്റും
Close