Read Time:10 Minute
എൻ. സാനു
എന്‍. സാനു

വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, കാസിയോപ്പിയ തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

Skymap2020march.svg
2020 മാർച്ചിലെ ആകാശം- കേരളത്തിൽ നിന്നുള്ള കാഴ്ച | കടപ്പാട്: ഷാജിമലയാളം വിക്കിപീടിയവഴി

മാർച്ചിലെ പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങങ്ങളും.

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ സൗര രാശികളെ മാർച്ചില്‍ നിരീക്ഷിക്കാൻ സാധിക്കും. ക്രാന്തിപഥത്തിലായാണ് ഇവയെ കാണാൻ കഴിയുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു് ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 12 സമഭാഗങ്ങളാക്കി, ഓരോന്നിനും ഓരോ നക്ഷത്രഗണത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗര രാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

മാർച്ചിലെ സൗരരാശികള്‍

സന്ധ്യയ്ക്ക് പടിഞ്ഞാറേ ചക്രവാളത്തിനു മുകളിലായി മേടം രാശിയാണ് ഉണ്ടാവുക. തുടര്‍ന്ന് പടിഞ്ഞാറുനിന്നും കിഴക്കോട്ട് യഥാക്രമം ഇടവം മിഥുനം കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളെ സന്ധ്യക്ക് നിരീക്ഷിക്കാം. (നക്ഷത്രമാപ്പ് നോക്കുക).

ശീര്‍ഷബിന്ദുവിൽ നിന്നും 30° പടിഞ്ഞാറ് മാറി ഇളം ചുവപ്പു നിറത്തിൽ പ്രഭയോടെ ബ്രഹ്മഹൃദയം (Aldebaran) എന്ന നക്ഷത്രം കാണാം. ബ്രഹ്മഹൃദയം ഉൾക്കൊള്ളുന്ന സൗരരാശിയാണ് ഇടവം (Taurus). ബ്രഹ്മഹൃദയം ഉള്‍പ്പെടുന്ന ചാന്ദ്രനക്ഷത്രഗണമാണ് രോഹിണി. Λ എന്ന ആകൃതിയിലാണ് ഈ ചാന്ദ്രനക്ഷത്രഗണം കാണപ്പെടുന്നത്. രോഹിണിയും അതിനു മുകളിൽ കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം. പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 20°-40° ഉയരത്തിലായി നീണ്ടുമെലിഞ്ഞ ത്രികോണാകൃതിയില്‍ കാണപ്പെടുന്ന രാശിയാണ് മേടം (Aries). മേടം രാശിയുടെ തുടക്കത്തിലുള്ള മൂന്നു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ചാന്ദ്രഗണമായ അശ്വതി. അശ്വതിക്കും കിഴക്കായി സമഭുജത്രികോണാകൃയില്‍ കാണപ്പെടുന്ന മങ്ങിയ നക്ഷത്രങ്ങളുടെ കൂട്ടമാണ് ഭരണി. ശീർഷബിന്ധുവിൽ നിന്നും അല്പം വടക്കുകിഴക്കുമാറി മിഥുനവും (Gemini) അതിനു കിഴക്കായി കര്‍ക്കിടകവും (Cancer) കാണപ്പെടുന്നു. കിഴക്കേ ചക്രവാളത്തിൽ 15°-45° ഉയരത്തിൽ ചിങ്ങം (Leo) രാശിയെ കാണാം.

മറ്റു നക്ഷത്രഗണങ്ങള്‍

വേട്ടക്കാരന്‍ (Orion)

വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും
വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും

മാർച്ചില്‍ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് വേട്ടക്കാരന്‍. സന്ധ്യയ്ക്ക് തലയ്ക്കു മുകളിൽ അല്പം തെക്കുപടിഞ്ഞാറായി ഇതു ദൃശ്യമാകും. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന് ബാബിലോണിയൻ – ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റെ (Orion the Hunter) രൂപമാണുള്ളത്. ഇന്ത്യൻ പേര് ശബരൻ എന്നാണ്. വടക്കോട്ടാണ് അയാളുടെ തല. മകീര്യം അഥവാ മൃഗശീർഷം എന്ന ചാന്ദ്രഗണമാണത്. കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (ആർദ്ര – Betelgeuse) പടിഞ്ഞാറേ തോൾ ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്ക് രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. വലത് കാല്പാദത്തിലുള്ളത് സെയ്ഫ് (Saiph) നക്ഷത്രം. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നുണ്ട്. ഇത് വേട്ടക്കാരന്റെ അരപ്പട്ടയായി (ബെൽറ്റ്) സങ്കല്പിച്ചിരിക്കുന്നു. അരപ്പട്ടയിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളും. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.

Orion and adjucent constellations

ഓറിയണിന്റെ ബെല്‍റ്റിൽ നിന്നും വടക്കു പടിഞ്ഞാറേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് രോഹിണിയിലും തുട‍ർന്നു കാര്‍ത്തികയിലും എത്തും. ബെൽറ്റിൽ നിന്നും തെക്കുകിഴക്കു ദിശയിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് സിറിയസ് എന്ന നക്ഷത്തിലേക്ക് നീളും.

ബൃഹദ്ച്ഛ്വാനം (Canis Major)

സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് (Sirius – രുദ്രൻ) ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹത്ശ്വാനന്‍. വേട്ടക്കാരന് തെക്ക് കിഴക്കായി (മാർച്ചിൽ ശീർഷബിന്ദുവിൽ നിന്നും തെക്കുമാറി) കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ്. രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം.

കാര്‍ത്തിക (Pleiades)

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍, ശീര്‍ഷബിന്ദുവിൽ നിന്നും ഏകദേശം 40° പടിഞ്ഞാറുമാറി, മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക. ഇതൊരു തുറന്ന താരവ്യൂഹം (Open cluster) ആണ്.

ഒരു ഭീമൻ തന്മാത്രാ മേഘത്തിൽ നിന്ന് ഏതാണ്ട് ഒരേ കാലത്ത് രൂപം കൊണ്ട നക്ഷത്രത്തങ്ങളുടെ കൂട്ടമാണ് തുറന്ന താരവ്യൂഹം.

പ്രാജിത (Auriga)

Auriga
പ്രാജിതയും ഷഡാസ്യനും

വേട്ടക്കാരന്റെ നേരേ വടക്കായി ഒരു വിഷമ ഷഡ്ഭുജാകൃതിയിൽ 6 നക്ഷത്രങ്ങളും ഉള്ളിലായി ഒരു നക്ഷത്രവും ചേര്‍ന്ന ഗണമാണ് പ്രാജിത. അതിലെ ഏറെ പ്രഭയുള്ള നക്ഷത്രമാണ് ഷഡാസ്യൻ (Capella).

മറ്റുള്ളവ

വടക്കേ ആകാശത്ത് ‘M’ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി (Cassiopeia). മാർച്ചിൽ സന്ധ്യയ്ക്ക് കാശ്യപി വടക്കുപടിഞ്ഞാറായി അസ്തമിക്കാൻ തുടങ്ങുകയാകും.

തെക്കൻ ചക്രവാളത്തിൽ അല്പം കിഴക്കുമാറി ഏകദേശം 25° ഡിഗ്രി ഉയരത്തിൽ കാണാൻ കഴിയുന്ന പ്രഭയേറിയ നക്ഷത്രമാണ് അഗസ്ത്യൻ (Canopus). പപ്പിസ് (Puppis) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്.

ഗ്രഹങ്ങള്‍

മാര്‍ച്ചിൽയില്‍ സന്ധ്യാകാശത്ത് ശുക്രനെ (Venus) മാത്രമാണ് കാണാൻ കഴിയുക. പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 30° ഉയരത്തിലായി തിളങ്ങി നില്ക്കുന്ന ശുക്രനെ തിരിച്ചറിയാൻ പ്രയാസമില്ല. ചൊവ്വ (Mars) വ്യാഴം (Jupiter) ശനി (Saturn) എന്നീ ഗ്രഹങ്ങളെ പുലര്‍ച്ചെ കാണാം. തെക്കു കിഴക്കേ ചക്രവാളത്തിൽ 30°-40° ക്ക് ഇടയിലായി ഇവയെ തിരിച്ചറിയാം. ധനു രാശിയിലാണ് ഇവ മൂന്നും കാണപ്പെടുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം
Next post വൈറസും വവ്വാലും തമ്മിലെന്ത് ?
Close