Read Time:13 Minute
[author title=”എൻ. സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg”]അമച്വ‍ർ അസ്ട്രോണമര്‍, ലൂക്ക അസോസിയേറ്റ് എഡിറ്റർ[/author]

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.


ജൂലൈയിലെ സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളെ ഫെബ്രുവരി മാസം നിരീക്ഷിക്കാം. നേരെ കിഴക്ക്-പടിഞ്ഞാറായല്ല ഈ മാസങ്ങളില്‍ ക്രാന്തിപഥം കാണപ്പെടുന്നത്. സന്ധ്യയ്ക്ക് നിരീക്ഷിക്കുമ്പോൾ വടക്ക്-പടിഞ്ഞാറുനിന്നും തെക്ക് കിഴക്ക് ദിശയിലേക്കും പുലര്‍ച്ചെ നിരീക്ഷിക്കുമ്പോൾ തെക്ക് പടിഞ്ഞാറുനിന്നും വടക്ക് കിഴക്ക് ദിശയിലുമാണ് ക്രാന്തിപഥം കാണപ്പെടുക.  ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

[box type=”info” align=”” class=”” width=””]ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും. [/box]

ചിങ്ങം

പടിഞ്ഞാറേ ചക്രവാളത്തില്‍ സന്ധ്യയ്ക്ക് ഏഴ് മണിയോടെ 300യ്ക്കും 600യ്ക്കും ഇടയിലായി ചിങ്ങം രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് ദെനെബോല (β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം (റഗുലസിനെ മാത്രമായും മകം എന്നു വിളിക്കുന്നുണ്ട്). നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം ചാന്ദ്രഗണവും ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രവും രൂപപ്പെടുന്നു.

കന്നി

പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി ജൂലൈ മാസത്തിന്റെ ആരംഭത്തിൽ സന്ധ്യക്ക് കന്നിരാശി മദ്ധ്യാകാശത്തായി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്.  മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര.

തുലാം

ജൂലൈ മാസത്തിൽ തലക്ക് മുകളിലായി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം

ജൂലൈ മാസത്തില്‍ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം തെക്ക്-കിഴക്കായി വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ്. ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ജൂലൈ 15ന് രാത്രി 7.30ന് തെക്ക്-കിഴക്ക് ചക്രവാളത്തിനു മുകളിലും അവിടെ നിന്നും മെല്ലെ പടിഞ്ഞാറേക്ക് നീങ്ങി രാത്രി 10 മണിയോടെ തെക്കൻ ചക്രവാളത്തിനു മുകളിലായും എത്തുന്ന വൃശ്ചികത്തിനെ ചിത്രത്തിന്റെ സഹായത്തോടെ യാതൊരു പ്രയാസവും കൂടാതെ തിരിച്ചറിയാം. ഇതിലാണിപ്പോൾ വ്യാഴത്തിന്റെ സ്ഥാനം.

ധനു

ജൂലൈ മാസത്തില്‍ രാത്രി 8 മണിയോടെ തെക്ക് കിഴക്ക് ചക്രവാളത്തില്‍ ധനു രാശി പൂര്‍ണമായും ഉദിച്ചുയരും. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.

മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍

സപ്തര്‍ഷിമണ്ഡലം

വടക്കേ ചക്രവാളത്തില്‍ ഈ സമയത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാന നക്ഷത്രസമൂഹമാണ് സപ്തര്‍ഷിമണ്ഡലം. വടക്കന്‍ ചക്രവാളത്തിനുമുകളില്‍ ഏകദേശം 30-45ഡിഗ്രി മുകളിലായാണ് സന്ധ്യയ്ക്ക് ഇതിന്റെ സ്ഥാനം. ഒരു വലിയ സ്പൂണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണിത്. വലിയ കരടി എന്നും ഇതിന് പേരുണ്ട്.

സപ്തര്‍ഷിമണ്ഡലത്തിലെ ഏഴ് പ്രധാന നക്ഷത്രങ്ങൾക്ക് വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിങ്ങനെയാണ് പേര്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി . സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചോതിയിലും തുടര്‍ന്ന് ചിത്രയിലുമെത്തും.

അവ്വപുരുഷന്‍

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക് ,ചിത്രയ്ക്കും അല്പം വടക്ക് മാറി, അവ്വപുരുഷന്‍ (Bootes ബുവുട്ടസ്) എന്ന നക്ഷത്രസമൂഹം കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി(Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.

മറ്റുള്ളവ

വടക്ക്-കിഴക്ക് ചക്രവാളത്തിന് മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ. ലൈറ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണിത്. ദക്ഷിണ ആകാശത്ത് തെക്കന്‍ ചക്രവാളത്തിന് മുകളിലായി ആറ് പ്രഭയുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കാം. ഏറ്റവും പ്രഭയേറിയ രണ്ടെണ്ണം, കിഴക്ക് പടിഞ്ഞാറായി കാണുന്നത് സെന്റാറസ് നക്ഷത്രസമൂഹത്തിലെ ആല്‍ഫാ സെന്റോറിയും ബീറ്റാ സെന്റോറിയുമാണ്. മറ്റുള്ള നാല് നക്ഷത്രങ്ങള്‍, ഡൈമണ്‍ ആകൃതിയില്‍ കാണുന്നത്, തെക്കന്‍ കുരിശും.

ഗ്രഹങ്ങള്‍

ശുക്രന്‍

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്. ഇടവം രാശിയിലാണ് ഈ മാസം ശുക്രന്റെ സ്ഥാനം. ജൂലൈ തുടക്കത്തിൽ സൂര്യൻ മിധുനം രാശിയിലായതിനാൽ തൊട്ടടുത്ത ഇടവം രാശിയിലുള്ള ശുക്രനെ നിരീക്ഷിക്കാൻ പ്രയാസമാണ്. ജൂലൈ ആദ്യ ദിവസങ്ങളിൽ ഉയര്‍ന്ന സ്ഥലങ്ങളിൽ നിന്നും നോക്കിയാൽ പുലര്‍ച്ചെ ശൂക്രനെ കാണാൻ സാധിക്കും. ക്രമേണ ശൂക്രനും സൂര്യനും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുകയും നിരീക്ഷണം അസാധ്യമാവുകയും ചെയ്യും.

[box type=”info” align=”” class=”” width=””]Venus-real color

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.[/box]

വ്യാഴം

2019 ജൂലൈമാസം സൂര്യാസ്തമനത്തോടെ തന്നെ തെക്കുകിഴക്ക് ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന തിളക്കമാര്‍ന്ന ആകാശ വസ്തുവാണ് വ്യാഴം. മറ്റ് ആകാശ ഗോളങ്ങള്‍ ദൃശ്യമാകുന്നതിനും വളരെ മുമ്പേതന്നെ നമുക്ക് വ്യാഴത്തെ കാണാന്‍ കഴിയും. സന്ധ്യാകാശത്ത് തെക്കുകിഴക്ക് ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വസ്തു, അത് വ്യാഴമാണെന്ന് സംശയമില്ലാതെ ഉറപ്പിക്കാം. വൃശ്ചികം രാശിയിലെ തൃക്കേട്ടയുടെ സമീപത്തായാണ് വ്യാഴത്തെ കാണുക. ചെറിയ ദൂരദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കാണാന്‍ സാധിക്കും. വ്യാഴം 12 വര്‍ഷങ്ങള്‍ കൊണ്ട് ക്രാന്തിവൃത്തത്തിലൂടെ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞവര്‍ഷം തുലാം രാശിയിലായിരുന്ന വ്യാഴം 2020ല്‍ ധനു രാശിയിലേക്ക് മാറും.

ശനി

സന്ധ്യയ്ക്ക് തെക്ക് കിഴക്കേ ആകാശത്ത് ധനു രാശിയിലാണ് ഈ മാസം ശനി കാണപ്പെടുന്നത്. വ്യാഴത്തിനു താഴെ പ്രഭയേറിയ നക്ഷത്രസമാനമായ വസ്തു ശനിയാണ്. എട്ടുമണിക്ക് ശേഷം മാത്രമേ ചക്രവാളത്തിൽ നിന്നും ഉയര്‍ന്ന് ദൃശ്യമാകൂ. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്ത വര്‍ഷം ഡിസംബറോടെ മകരം രാശിയിലേക്ക് ശനി പ്രവേശിക്കും. അപ്പോൾ ശനിയും വ്യാഴവും ഒരേ സ്ഥാനത്ത് ദൃശ്യമാകും.

ചൊവ്വ, ബുധൻ

ചൊവ്വ ഈ മാസം കര്‍ക്കിടകം രാശിയിലാണ്. മാസാദ്യം മിഥുനത്തിലും തുടര്‍ന്ന് കര്‍ക്കിടകത്തിലും നില്ക്കുന്ന സൂര്യന്റെ പ്രഭ കാരണം ചൊവ്വയെ നിരീക്ഷിക്കാൻ സാധിക്കില്ല. ബുധനും ഈ മാസം കര്‍ക്കിടകം രാശിയിലാണ്. സൂര്യസമീപമായതിനാല്‍ (യുതിയില്‍) ബുധനെയും നിരീക്ഷിക്കാന്‍ പ്രയാസമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗ്രഹണം ഒരുക്കിയ വഴികളും കുഴികളും
Next post ടാറിട്ട റോഡിന്റെ ചൂട്‌ …. എന്ത് ചെയ്യും? – പ്രതികരണങ്ങള്‍
Close