ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024 എന്ന പ്രഖ്യാപനം വരുന്നത്. ശരാശരി കണക്കിൽ നോക്കിയാൽ 2024 ൽ വ്യാവസായിക പൂർവ താപനിലയേക്കാൾ (1850-1900 ശരാശരിയെ അപേക്ഷിച്ച്) ഏതാണ്ട് 1.6 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണം ലോകത്തിന്റെ പലഭാഗങ്ങളിലും അനവധിയായ ദുരന്തങ്ങൾ സംഭവിക്കുന്നു. ആഗോളതാപനവുമായി ബന്ധപ്പെട്ട ഒരു ഗുരുതരമായ പ്രശ്നം അതിതീവ്ര പ്രതിഭാസങ്ങളുടെ വർദ്ധനവാണ്. അതായത്, ചെറിയ സമയത്തിനുള്ളിൽ പെയ്തൊഴിയുന്ന വലിയ അളവിലുള്ള മഴ, ശക്തിയേറിയ ചുഴലിക്കാറ്റുകൾ, രൂക്ഷമായ വരൾച്ച, കാട്ടുതീ എന്നിങ്ങനെ പല പ്രതിഭാസങ്ങളും അടുത്ത കാലങ്ങളിലായി വർദ്ധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല, നമ്മുടെ മൺസൂണിന്റെ കാര്യമെടുത്താലും മഴയുടെ വിതരണത്തിൽ പ്രകടമായ മാറ്റങ്ങൾ കാണാം. ചുരുക്കിപ്പറഞ്ഞാൽ, ആഗോളതാപനം കേവലം ചൂടുകൂടുന്ന അവസ്ഥ മാത്രമല്ല, മറ്റു പല കാലാവസ്ഥാ ദുരന്തങ്ങളായും അത് പ്രത്യക്ഷമാവുന്നു.
താപനില വർദ്ധിക്കുന്നതിനനുസരിച്ച് വായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ഈർപ്പത്തിന്റെ അളവും വർദ്ധിക്കും. ഇതേ കാരണത്താലാണ് ഈർപ്പം നിറഞ്ഞ വായു മുകളിലേക്ക് പോകുമ്പോൾ തണുത്തുറഞ്ഞു മേഘങ്ങളായി മാറുന്നത്. വേണ്ടുവോളം ഈർപ്പം ലഭ്യമാകുന്ന സാഹചര്യമാണെങ്കിൽ ചൂടേറിയ അന്തരീക്ഷത്തിൽ വളരെയധികം നീരാവിയുണ്ടാകും എന്നതിനാൽ വലിയ മഴയ്ക്കുള്ള സാഹചര്യവും കൂടുതൽ അനുകൂലമായി വരുന്നു. ഇങ്ങനെയാണ് പ്രധാനമായും ആഗോളതാപനം കൂടുതൽ അതിതീവ്രമഴക്ക് വഴിവെക്കുന്നത്. ഇക്കാരണത്താൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡാനിയൽ സ്വെയിൻ അന്തരീക്ഷത്തെ ഒരു സ്പോഞ്ചിനോട് ഉപമിക്കുന്നു. സ്‌പോഞ്ച് വെള്ളം വലിച്ചെടുക്കുന്നപോലെ അന്തരീക്ഷവായു ഈർപ്പം ഉൾക്കൊള്ളുകയും അതിൽ കുറെയധികം മഴയായി പെയ്യുകയും ചെയ്യുന്നു. ആ അർത്ഥത്തിൽ ആഗോളതാപനം ഈ സ്പോഞ്ചിന്റെ വലുപ്പം കൂട്ടുന്നതുപോലെയാണെന്ന് പറയാം. വലുപ്പം കൂടുന്നതിനനുസരിച്ച് കൂടുതൽ വെള്ളം വലിച്ചെടുക്കാമല്ലോ.
എന്നാൽ വേണ്ടത്ര നീരാവി ലഭ്യമല്ലാത്ത അവസ്ഥയിൽ അന്തരീക്ഷം കൂടുതൽ വരണ്ടതായി മാറും. പരമാവധി എത്ര ഈർപ്പം ഉൾക്കൊള്ളാം എന്നതും എത്രത്തോളം ഈർപ്പം നിലവിൽ അന്തരീക്ഷത്തിൽ ഉണ്ട് എന്നതും തമ്മിലുള്ള അന്തരം (vapour pressure deficit) വളരെ കൂടുന്നു. അതായത്, അന്തരീക്ഷം വീണ്ടും വീണ്ടും ഈർപ്പം വലിച്ചെടുക്കാൻ ഒരുങ്ങി നിൽക്കുന്ന അവസ്ഥ! ഇത് മരങ്ങളും മറ്റും വരണ്ടുണങ്ങുന്നതിന് കാരണമാകുന്നു. ഇതാണ് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ സ്ഥിതി വളരെ ഗുരുതരമാവാൻ കാരണം. കഴിഞ്ഞ വർഷം ഫെബ്രുവരി ആദ്യവാരം ലോസ് ഏഞ്ചൽസിൽ റെക്കോർഡ് മഴയും അതേത്തുടർന്നുള്ള പ്രളയവും ആയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് മഴ തീരെ കുറവായിരുന്നു. കനത്തമഴയെത്തുടർന്ന് വളർന്ന ചെടികളും മറ്റും പിന്നീട് വരണ്ടുണങ്ങി തീപിടിക്കാൻ പാകമായി മാറിയെന്ന് പറയാം. ഇത് എളുപ്പം തീ കൂടുതൽ ഭാഗത്തേക്ക് പടർന്ന് പിടിക്കുന്നതിന് കാരണമായി. 1972-2018 കാലയളവിൽ ലോസ് ഏഞ്ചൽസിൽ മാത്രം കാട്ടുതീയിൽ പെടുന്ന പ്രദേശത്തിന്റെ വിസ്തൃതി അഞ്ചിരട്ടി വർദ്ധിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ കാട്ടുതീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതായി പടങ്ങൾ സൂചിപ്പിക്കുന്നു. സ്വാഭാവികമായ കാട്ടുതീയുടെ തുടക്കം പ്രധാന ഇടിമിന്നലാണ്. ആഗോളതാപനത്തിന്റെ ഫലമായി മഴയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. അതിതീവ്രമഴയ്ക്ക് വഴിവെക്കുന്നതരം മേഘങ്ങൾ (deep-convective clouds) ഇടിമിന്നലിന് കൂടുതൽ സാഹചര്യമൊരുക്കുന്നവയാണ്. ഇക്കാരണത്താലും കാട്ടുതീ ഉണ്ടാവുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഇങ്ങനെ തീവ്രമഴയും വരൾച്ചയും അടിക്കടി മാറിവരുന്ന അവസ്ഥ (climate whiplash) കൂടുതൽ ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് വഴിവെക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ വർദ്ധിച്ചേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി ഇത്തരം ദുരന്തങ്ങൾ (compound events) സംഭവിക്കുന്നതിന്റെ പ്രശ്നം കൂടി പരിഗണിക്കുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് കാണാം. ഒരു ദുരന്തത്തിന് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനെ (climate resilience), വിശേഷിച്ചും സാമ്പത്തികമായി പിന്നിലുള്ള സമൂഹങ്ങളെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നു.
ശാസ്ത്രസമൂഹം കണക്കുകൂട്ടിയതിലും വേഗത്തിൽ താപനില വർദ്ധിച്ചുവരുന്നു എന്ന രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതുവരെയുള്ള താപനില വർധനനവ് തന്നെ വളരെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കാർബൺ പുറന്തള്ളുന്നത് ഈ രീതിയിൽ അധികനാൾ മുന്നോട്ടുപോകുന്നത് ഒട്ടും തന്നെ ആശാസ്യമല്ല. അതിനാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതിനും അതുവഴി കാർബൺ അന്തരീക്ഷത്തിലേക്ക് എത്തുന്നതും കുറക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ അടിയന്തരമായ ഇടപെടലുകൾ വേണ്ടതുണ്ട്.
അനുബന്ധ വായനയ്ക്ക്
കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ
മറ്റു ലേഖനങ്ങൾ
കോഴ്സ് സൈറ്റ് സന്ദർശിക്കാം
- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും