പഠനത്തിലെ പെണ്‍പക്ഷവും നമ്മുടെ സ്കൂളുകളും

സ്ത്രീപക്ഷ ബോധനശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിലയിരുത്തല്‍

ഒരു വിദ്യാലയത്തില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളി വന്നില്ല. പ്രഥമാധ്യാപകന്‍ ഇങ്ങനെ തീരുമാനിച്ചു -ഉച്ചവരെ ക്ലാസെടുത്തിട്ട് അവധി കൊടുക്കാം.പന്ത്രണ്ടരയ്കാണ് നോട്ടീസ് ക്ലാസുകളില്‍ വായിച്ചത്. ഉച്ചഭക്ഷണം പ്രതീക്ഷിച്ചു വന്നവരുണ്ട്. അവരുടെ മുഖം വാടി ഇതു കണ്ട ടീച്ചര്‍ പ്രഥമാധ്യാപകനോടു കയര്‍ത്തു. “പാചകത്തൊഴിലാളി വന്നില്ലെങ്കില്‍ അതിനു പരിഹാരമില്ലേ. കുട്ടികളെ പട്ടിണിക്കിടണോ? ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂന്നു നാലും പെണ്‍കുട്ടികളെ വിളിച്ചു പറഞ്ഞാല്‍ പോരായിരുന്നോ? താന്‍ ചെയ്തതില്‍ ശരികേടുണ്ടെന്നു പ്രഥമാധ്യാപകനു തോന്നി. ടീച്ചറുടെ ഈ ബദലിനും പോരായ്മയുണ്ടെന്നു സ്കൂള്‍ ലീഡര്‍ വന്നപ്പോഴാണ് മനസിലായത്. ലീഡര്‍ ഉച്ചപ്പട്ടിണിക്കാരായ മൂന്നു നാലു കുട്ടികളുടെ സമ്മര്‍ദ്ദത്തിലാണ് വന്നത്. വീട്ടില്‍ ചെന്നാലും ഭക്ഷണമില്ല. ഞങ്ങളുടെ പങ്ക് അരിയും പയറും തന്നു വിടണം. അതാണാവശ്യം. അതിനു നിയമമില്ലെന്നു ഹെഡ്മാസ്റ്റര്‍.. അപ്പോള്‍ വിശപ്പിന്റെ നോവറിയുന്ന കുട്ടി ചോദിക്കേണ്ടയിരുന്ന ചോദ്യംഎന്തായിരിക്കും? “ഇന്ന് അധ്യാപകരടക്കം എല്ലാവരും ഉപവാസിക്കാം എന്നു തീരുമാനിക്കാഞ്ഞതെന്തു കൊണ്ടാണ്?” ലീഡര്‍ പ്രഥമാധ്യാപകനോട് പറയേണ്ടിയിരുന്നത് ഇങ്ങനെ-“ഇന്നു രാവിലെ ഈ പ്രശ്നം മനസിലായപ്പോള്‍ ക്ലാസ് ലീഡര്‍മാരുടെ യോഗം വിളിക്കാമായിരുന്നു.അധ്യാപകരും കുട്ടികളും കൂടി വിചാരിച്ചാല്‍ നൂറ്റിപ്പത്തു കുട്ടികള്‍ പട്ടിണിയാകില്ലായിരുന്നു.” പാചകം ചെയ്യാനറിയാത്ത അധ്യാപകരുണ്ടോ? ഇന്ന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാചകപഠനമാക്കാമായിരുന്നു..അധികാരിയെ അന്ധമായി അനുസരിക്കുക എന്നതിനപ്പുറം ശീലമില്ലാത്ത കുട്ടികള്‍ ഇങ്ങനെ സമീപിക്കില്ല.ഏഴാം ക്ലാസിലെ പെണ്‍കുട്ടികളെ വിളിക്കാമെന്നു നിര്‍ദേശിച്ച ടീച്ചര്‍ രണ്ടു തെറ്റാണ് ചെയ്യുന്നത്. ഒന്ന് താന്‍ പാചകപ്പണിയില്‍ ഏര്‍പ്പെടില്ല. മറ്റൊന്ന് പെണ്‍കുട്ടികള്‍ തന്നെ പാചകം ചെയ്യണം. അവരുടെ മേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയും. വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കുട്ടികളുടെ അഭിപ്രായത്തിനും വിലനല്‍കണം. അങ്ങനെയല്ലേ ആ അനുഭവം നാളെ വീട്ടിലും നാട്ടിലും ശ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കേണ്ടത്? ഈ പശ്ചാത്തലത്തിലാണ് സ്ത്രീപക്ഷ ബോധന ശാസ്ത്രത്തെപ്പറ്റി നാം ആഴത്തില്‍ ചിന്തിക്കേണ്ടത്.

സ്തീപക്ഷ ബോധന ശാസ്ത്രം

പൗലോഫ്രയറുടെ മര്‍ദ്ദിതരുടെ ബോധനശാസ്ത്രം ലോകത്തെമ്പാടുമുളള പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസപ്രക്രിയയെ വിമോചക ദൗത്യത്തോടെ വീക്ഷിക്കുന്നതിനുളള വാതില്‍ തുറന്നിട്ടുവെന്നു പറയാം. സ്വാതന്ത്ര്യത്തിനായുളള സാംസ്കാരിക പ്രവര്‍ത്തനമായി വിദ്യാഭ്യാസം വിലയിരുത്തപ്പെട്ടു. സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുളള പോരാട്ടത്തില്‍ വിദ്യാഭ്യാസത്തിന്റെ സ്ഥാനം വലുതാണെന്നുളള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്ത് ബദല്‍രൂപങ്ങള്‍ വികസിപ്പിക്കുന്നതിലേക്കു നയിച്ചു. അങ്ങനെയാണ് സ്ത്രീപക്ഷ ബോധനശാസ്ത്രം ഇടം കണ്ടെത്തിയത്.

വരേണ്യ വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും തമ്മിലുളള അന്തരം ഫീസിന്റേതോ ഗുണനിലവാരത്തിന്റേയോ മാത്രമായി കാണരുത്. വരേണ്യവര്‍ഗത്തിന്റെ വീക്ഷണങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ഒരു പോറല്‍പോലുമേല്‍ക്കാതെ അവയെ കാത്തുസൂക്ഷിക്കുന്ന മനോഭാവവും അവരോട് ആദരവും സൃഷ്ടിക്കുന്ന ഏതു സിലബസും വരേണ്യവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അതു വിവേചിച്ചറിയാനുളള ഉരകല്ല് തേടാന്‍ വിദ്യാഭ്യാസ രംഗത്തുളളവര്‍ ശ്രമിക്കണം.ഇതിനര്‍ഥം പഠിക്കുകയും അന്വേഷണങ്ങളില്‍ ഏര്‍പ്പെടുകയും പുതിയ പ്രയോഗരൂപങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുകയെന്നാണ്. അധ്യാപകര്‍ വിമോചകപാഠങ്ങളുടെ സൃഷ്ടാക്കളും ഒപ്പം പഠിതാക്കളുമാണ്.സഹപ്രവര്‍ത്തകരെ അവരുടെ നിഷ്ക്രിയത്വത്തില്‍ നിന്നും വലിച്ചു പുറത്തിടേണ്ട ചുമതലയും അവര്‍ക്കുണ്ട്. പഠിതാക്കള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ചോദ്യങ്ങളുന്നയിക്കാനും പ്രശ്നങ്ങളില്‍പെട്ടുഴലിന്നതിനോ ഒളിച്ചോടുന്നതിനോ പകരം പ്രശ്നങ്ങളെ ധൈര്യമായി നേരിടുന്നതിനും ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനും അവസരം നല്കാനും കഴിയണം. ആരുടെ പക്ഷത്തു നിന്നും കാര്യങ്ങളെ നോക്കിക്കാണുന്നു? ആരുടെ താല്പര്യങ്ങളാണ് പഠിപ്പായി മാറുനന്നത് എന്ന് പരിശോധിക്കാനാരംഭിക്കുമ്പോള്‍ തന്നെ മാറ്റത്തിനു തുടക്കമിടുകയായി.

സ്ത്രീപക്ഷ ബോധനശാസ്ത്രം-ലക്ഷ്യങ്ങള്‍

ആണ്‍പെണ്‍ഭേദമന്യേ പഠിതാക്കളില്‍ ലിംഗവിവേചനത്തിനും അധികാരത്തിന്റെ മേല്‍കീഴ് ബന്ധത്തിനും വിവിധതരം അടിച്ചമര്‍ത്തലിനും എതിരായ അവബോധസൃഷ്ടിയും സാമൂഹികമാറ്റത്തിനായുളള ശാക്തീകരണശേഷീവികാസവും സ്ത്രീപക്ഷ ബോധനശാസ്ത്രം ലക്ഷ്യമിടുന്നു. വിമോചിപ്പിക്കുകയും വിമോചിതരാവുകയും ചെയ്യുക എന്നത് അവരവരുടെ അനിവാര്യ കടമയാണെന്ന് തിരിച്ചറിവ് നല്‍കുകയും പഠിതാക്കളുടെ ശബ്ദം, ജനതയുടെ ശബ്ദം എന്നീ പരികല്പനകളെ ജനാധിപത്യം, സഹവര്‍ത്തിത്വം എന്നിവയുമായി കണ്ണിചേര്‍ത്തു വ്യാഖ്യാനിച്ചു നിലപാടെടുക്കുന്നതിലേക്കു നയിക്കുകയും ലക്ഷ്യങ്ങളില്‍പെടും

സ്ത്രീപക്ഷ ബോധനശാസ്ത്രം രാഷ്ട്രീയ ഇടപെടലാണ്

എണ്‍പതുകള്‍ മുതല്‍ ലോകം സ്ത്രീപക്ഷ ബോധനശാസ്ത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഔദ്യോഗിക പാഠ്യപദ്ധതി സാമൂഹികയാഥാര്‍ഥ്യങ്ങളെ പലപ്പോഴും അകറ്റി നിറുത്തുന്നു. സാമൂഹികപ്രശ്നങ്ങളെ പഠനവുമായി കണ്ണിചേര്‍ക്കുന്ന രാഷ്ട്രീയമാനമുളളതാണ് സ്ത്രീപക്ഷ ബോധനശാസ്ത്രം.പാഠം, പഠനോപകരണം ,പാഠാസൂത്രണം, പഠനപ്രക്രിയ ഇവയിലെല്ലാം സ്ത്രീപക്ഷ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുക,വിദ്യാലയത്തെയും ക്ലാസുകളെയു തുല്യതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാക്കി മാറ്റുക, വൈവിധ്യത്തെ അംഗീകരിക്കുക, നിലനില്‍ക്കുന്ന അധീശ്വബോധനശാസ്ത്ര പ്രവണതകളെ വെല്ലുവിളിക്കുക എന്നിവയെല്ലാം സ്ത്രീപക്ഷ ബോധനശാസ്ത്രത്തിന്റെ പ്രത്യേകതകളാണ്.

സ്ത്രീപക്ഷബോധനശാസ്ത്രം പ്രായോഗികമാക്കാന്‍

മങ്ങലില്ലാത്ത കാഴ്ചപ്പാടുളളവര്‍ക്കേ സ്ത്രീപക്ഷബോധനശാസ്ത്രം പ്രായോഗികമാക്കാനാകൂ. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പക്ഷത്തുനിന്നും കാര്യങ്ങളെ സമീപിക്കണം. ചുവടെ നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ ഇടപെടലുകള്‍ക്ക് മൂര്‍ച്ഛ നല്‍കും.

1.സജീവ പങ്കാളിത്തം

പഠനപ്രക്രിയയില്‍ കുട്ടികള്‍ക്കു പങ്കാളിത്തം എന്നത് ജനായത്തപരിശീലനരീതിയാണ്. എല്ലാവര്‍ക്കും ചിന്തയും ആശയങ്ങളും അനുഭവങ്ങളും ഉണ്ട്. വ്യക്തികളെന്ന നിലയില്‍ നിശബ്ദരായിരിക്കാനല്ല മറിച്ച് തന്റെ സംഭാവന കൂട്ടിച്ചേര്‍ത്ത് ലോകത്തെ പുതുക്കാനാണ് അഭിലഷിക്കുന്നത്. പങ്കാളിത്തം വ്യാജമായിക്കൂടാ. ഞാന്‍ എല്ലാം തീരുമാനിച്ചിട്ടുണ്ട്, നിങ്ങള്‍ ചര്‍ച്ച ചെയ്ത് എന്റെ തീരുമാനത്തിലെത്തിച്ചേരുക എന്ന രിതിയലുളള പാഠരൂപകല്പന വ്യാജപങ്കാളിത്തത്തെയാണാഗ്രഹിക്കുന്നത്. വിയോജിക്കാനോ സ്വാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു സംമ്പുഷ്ടമാക്കാനോ ബദലുകള്‍ രൂപപ്പെടുത്താനോ കഴിയാത്ത പങ്കാളിത്താനുഭവങ്ങള്‍ കുട്ടികളുടെ ക്രിയാത്മകതയെ നിരാകരിക്കും

പങ്കാളിത്തപഠന പ്രക്രിയ പുതിയ മൂല്യബോധം ഉല്പാദിപ്പിക്കുന്നുണ്ട്. അത് വിവേചനരഹതിയമായ അറിവുനിര്‍മാണപ്രക്രിയുടേതാണ്. ആണിനും പെണ്ണിനും അവസരതുല്യത ലഭിക്കുന്നതിലൂടെ പിറക്കുന്ന സമത്വബോധം നിര്‍ണായകമാണ്. പരസ്പരബഹുമാനത്തിന്റെയും അംഗീകാരത്തിന്റെയും സഹായത്തിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങളാണത്നല്‍കുക.പങ്കാളിത്തം ശാക്തീകരണ പ്രക്രിയകൂടിയാണ്. ഞാനൊറ്റയ്ക്കല്ലെന്നും കൂട്ടായ്മയിലൂടെ നേട്ടം കൊയ്യാമെന്നും തിരിച്ചറിയുന്നു. തെറ്റാണെങ്കിലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അതു തിരുത്തുന്നതിനുളള ഇടപെടലുകളോട് സഹിഷ്ണുതയോടെ പെരുമാറാനാകുമെന്നും കുട്ടികള്‍ മനസിലാക്കുന്നു.വാദിക്കാനും തര്‍ക്കിക്കാനും യുക്തിപൂര്‍വം ന്യായീകരിക്കാനും തെളിവുകളുടെ പിന്ബലത്തില്‍ സംസാരിക്കാനും കാര്യകാരണബന്ധത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനും അവസരം ലഭിക്കുന്നത് പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളേയും തീരുമാനമെടുക്കലിന്റെ ശരിയായ രീതി പഠിപ്പിക്കും. ഇത് കുട്ടികള്‍ക്കു കരുത്തു പകരും. ഉത്തരവാദിത്വങ്ങള്‍ മാറി മാറി ഏറ്റെടുക്കുന്നതിനവസരം കിട്ടുന്നതും മനസിനെ ബലപ്പെടുത്തും. പങ്കാളിത്ത പഠനപ്രക്രിയയില്‍ യാതൊരു കാരണവശാലും ആശ്രിതബോധം വളരാനനുവദിക്കരുത്. പങ്കാളിത്ത പഠനാന്തരീക്ഷം അയവുളളതായിരിക്കണം. സമ്മര്‍ദ്ദങ്ങളുടെയും കര്‍ക്കശമേല്‍നോട്ടത്തിന്റെയും നിഴല്‍ പോലും വീഴാന്‍ പാടില്ല. സഹായിക്കാനായി എത്തിച്ചേരുന്ന അധ്യാപകസുഹൃത്തിനെയാണ് കുട്ടികള്‍ പ്രതീക്ഷിക്കേണ്ടത്. പൊതുനേട്ടത്തിലെത്തിച്ചേരാനുളള സംയുക്തനീക്കമായി എല്ലാവരും പഠനത്തെ പരിഗണിക്കണം.പ്രാതിനിധ്യം ബോധപൂര്‍വം നിര്‍ണയിക്കണം.ഗ്രൂപ്പുകള്‍ രൂപീകരിക്കുമ്പോള്‍ എണ്ണം ഇരട്ടസംഖ്യകളായിരിക്കണം. ഓരോ ഗ്രൂപ്പിലും തുല്യ എണ്ണം ആണും പെണ്ണും വരുന്നതിന് ഇത് ഉപകാരപ്പെടും. പകുതി ഗ്രൂപ്പുകളുടെ ലീഡര്‍മാരായി പെണ്‍കുട്ടികള്‍ വേണമെന്നു നിഷ്കര്‍ഷിക്കണം. റിപ്പോര്‍ട്ടിംഗ് നടത്തുമ്പോള്‍ ആണ്‍ പെണ്‍ അവസരങ്ങള്‍ ഒന്നിടവിട്ട് ഗ്രൂപ്പിലും പൊതു അവതരണത്തിലും ക്രമീകരിക്കപ്പെടണം. ഓരോ ദിവസവും ചുമതലകള്‍ കൈമാറ്റം ചെയ്യപ്പട്ട് എല്ലാവര്‍ക്കും നിശ്ചിത കാലയളവിനുളളില്‍ എല്ലാ റോളും വഹിക്കാനായി എന്നുറപ്പു വരുത്തണം. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനസന്ദര്‍ഭങ്ങളായി തുടര്‍ന്നുളളവയെ വരവേല്‍ക്കണം.സങ്കോചം, സഭാകമ്പം തുടങ്ങിയവ പെട്ടെന്നില്ലാതാകും.അവരവരുടെ കഴിവ് തിരിച്ചറിയും. സംഘപ്രവര്‍ത്തനം , പ്രോജക്ട്,സെമിനാര്‍, ശില്പശാലകള്‍, സംവാദങ്ങള്‍ ,പഠനയാത്രകള്‍ തുടങ്ങിയവയിലെല്ലാം പങ്കാളിത്ത പഠനത്തിന്റെ കരുത്ത് അറിവായും മനോഭാവമായും പെരുമാറ്റ രീതിയായും തുല്യതാബോധമായും വികസിച്ചുവരുന്നുണ്ടെന്നു വിലയിരുത്തുകയും വേണം.

2.ദൈനംദിന വ്യവഹാരങ്ങളെ വിശകലനം ചെയ്യുക

കുട്ടികളെ സ്വതന്ത്രരായി പുറത്തേക്കു കളിക്കാന്‍ വിടാറുണ്ട്. അവര്‍ താല്പര്യമുളള കളികളില്‍ ഏര്‍പ്പെടുകയോ ഏര്‍പ്പെടാതിരിക്കുകയോ ചെയ്യും. ഈ സമയം കുട്ടികളെ നിരീക്ഷിക്കുക. ആണ്‍കുട്ടികള്‍ എപ്രകാരമുളള കളികളിലാണ് വ്യാപൃതരാകുന്നത്? പെണ്‍കുട്ടികള്‍ ഏതൊക്കെ കളികള്‍ തെരഞ്ഞെടുക്കുന്നു? ആണും പെണ്ണും ചേര്‍ന്നുളള ഏതെങ്കിലും വിനാദം അവരുടെ പരിഗണനയില്‍ വരുന്നുണ്ടോ? കുറച്ചു കൂടി ആഴത്തില്‍ നിരീക്ഷിച്ച് കളികളിലെ നിയമങ്ങള്‍ , തീരുമാനമെടുക്കല്‍ പ്രക്രിയ,പ്രശ്നപരിഹരണരീതി എന്നിവ മനസിലാക്കണം. സ്വാഭാവികമായ ചുറ്റുപാടില്‍ കുട്ടികള്‍ അവരുടെ സങ്കല്പങ്ങളെയും യഥാര്‍ഥ പെരുമാറ്റ രീതിയേയും പ്രകടിപ്പിക്കുകയാണ്. അധ്യാപികയുടെ നിരീക്ഷണങ്ങള്‍ കുട്ടികളുമായി പങ്കുവെക്കണം. അത് വിശകലനാത്മക ചോദ്യങ്ങളെന്ന രീതിയിലാകണം. ആണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിച്ചു ,പെണ്‍കുട്ടികള്‍ ആ കളി തെരഞ്ഞെടുത്തില്ല. എന്താണ് കാരണം? നിഷേധിക്കപ്പെട്ട കളിയാണതെന്നാരെങ്കലും നിങ്ങളോടു പറഞ്ഞുവോ? വിലക്കിയ സന്ദര്‍ഭങ്ങളുണ്ടോ? പിന്നെ എന്തു കൊണ്ടു കളിച്ചില്ല? ആണ്‍കുട്ടികളെന്തു കൊണ്ട് കല്ലുകൊത്തല്‍ കളിയും വലയമെറിയല്‍ കളിയും നടത്തിയില്ല? എന്തു കൊണ്ട് എല്ലാ കളികളും ഇരുപക്ഷപങ്കാളിത്തമുളളതാക്കിക്കൂടാ? ഏതു കളി എന്നു തീരുമാനിച്ചത് ജനാധിപത്യപരമായ രീതിയിലായിരുന്നോ? ഒറ്റപ്പെട്ടുപോയവരും ഒറ്റപ്പെടുത്തപ്പെട്ടവരുമുണ്ടോ? ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ എങ്ങനെ പരിഗണിച്ചു? വിവേചനരഹതിമായ രീതിയിലുളള കായികപരിശീലനത്തിന് മാര്‍ഗരേഖ തയ്യാറാക്കിയാലോ?എന്നിങ്ങനെ ചര്‍ച്ച ചെയ്ത് തങ്ങള്‍ എങ്ങനെ നിവിലുളള വിശ്വാസങ്ങളുടെ അടിമത്വത്തില്‍ നിന്നും തങ്ങളുടെ പെരുമാറ്റങ്ങളെ എങ്ങനെ പുരോഗമനപരമാക്കാനാകുമെന്ന് പഠിക്കണം. ദൈനംദിന വ്യവഹാരങ്ങളെ വിശകലനം ചെയ്യുന്നതിനു് വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറാകണം. റോള്‍പ്ലേ നല്ല ഒരു മാര്‍ഗമാണ്. പ്രമേയമായി സാമൂഹികജീവിതത്തിലെ എതു സന്ദര്‍ഭമെടുത്താലും വിവേചനത്തിന്റെ തലങ്ങള്‍ സൂക്ഷ്മവിശകലനത്തില്‍ കണ്ടെത്താനാകും. പെരുമാറ്റ വിശകലനത്തിന് മറ്റുളളവരേയും തന്നേയും വിധേയമാക്കുകയും വേണം. പത്രവാര്‍ത്തകളിലെ സംഭവങ്ങളും ചര്‍ച്ചകളിലേക്കു കൊണ്ടുവരാം.ഇതെല്ലാം പാഠങ്ങളാണ് എന്ന തിരിച്ചറിവ് അധ്യാപികയ്ക്ക് ഉണ്ടാകണം. അവസ്ഥ വിശകലനം ചെയ്യുമ്പോള്‍ മാത്രമാണ് നിര്‍ദോഷമെന്നുകരുതുന്ന പലതിലും പക്ഷപാതിത്വമുണ്ടെന്നു കണ്ടെത്തുക. കണ്ടെത്തല്‍ പഠനപരിധിയില്‍ ഇവയും വരേണ്ടതുണ്ട്.

3.വൈവിധ്യങ്ങളെ അംഗീകരിക്കുക

താത്വികതലത്തില്‍ നാം വൈവിധ്യങ്ങളെ അംഗീകിരക്കുന്നു. പ്രായോഗികജീവിതത്തില്‍ അത് എത്രമാത്രം പാലിക്കുന്നുവെന്നു പരിശോധിക്കാറില്ല. അംഗീകരിക്കുക എന്നാലെന്താണര്‍ഥമാക്കുന്നത്? തനിക്കു പ്രയോജനപ്രദമാക്കാന്‍ കഴിയുന്നവര്‍, തന്നെ എതിര്‍ക്കാത്തവര്‍ ഇവരെ ഞാന്‍ അംഗീകരിക്കും എന്നു പറയുന്നത് വൈവിധ്യത്തെ ചൂഷണം ചെയ്യലാണ്. ഒന്നിനും കൊളളാത്തവര്‍, കഴിവുകെട്ടവര്‍, സ്വന്തമായി തീരുമാനമില്ലാത്തവര്‍, അവര്‍ ചെയ്താല്‍ ശരിയാകില്ല ഇങ്ങനെ മുദ്രകുത്തലും പഴിപറയലും അപമാനവീകരണമാണ്. അന്തസ് എന്നത് എല്ലാവര്‍ക്കുമുളളതും മറ്റുളളവരാല്‍ ഹനിക്കപ്പെടാതെ നിലനിറുത്തേണ്ടതുമാണ്. മറ്റുളളവരുടെ പക്ഷത്തു നിന്നു കാര്യങ്ങളെ കാണുക എന്നതും വൈവിധ്യത്തെ അംഗീകരിക്കലാണ്, പെണ്‍കുട്ടികള്‍ക്കു മാത്രമുളള വിദ്യാലയം അല്ലെങ്കില്‍ ഡിവിഷനുകള്‍, പ്രത്യേക മതക്കാര്‍ക്കു വേണ്ടിയുളള വിദ്യാലയങ്ങള്‍, സാമ്പത്തികമായി ഉയര്‍ന്ന നിലയിലുളളവര്‍ക്കുളള പാഠശാലകള്‍,ഒരു വിഭാഗത്തിന്റെ മാത്രം താല്പര്യങ്ങളെ പരിപാലിക്കുന്ന വിദ്യാലയാന്തരീക്ഷം എന്നവയൊക്കെ പ്രത്യക്ഷത്തില്‍ തന്നെ വൈവിധ്യത്തെ നിരാകരിക്കുന്നവയാണ്.വൈവിധ്യത്തെ മാനിക്കുന്ന വിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കുക എന്നതില്‍ തീരുമാനമെടുക്കാന്‍ മടിക്കുന്നവര്‍ ഫലത്തില്‍ ശത്രുപക്ഷത്താണ്.

4.സംഘര്‍ഷങ്ങളില്‍ നിന്നും പഠിക്കുക

സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ് സമൂഹം. വ്യക്തികള്‍ തമ്മിലും വിഭാഗങ്ങള്‍ തമ്മിലും വിവിധ താല്പര്യങ്ങളുടേയും കാഴ്ചപ്പാടുകളുടെയും ആവശ്യങ്ങളുടെയും മനോഭാവങ്ങളുടെയും പേരില്‍ ആശയപ്പൊരുത്തമില്ലാതെ വരുമ്പോള്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. സംഘര്‍ഷരഹിതമായ ഇടങ്ങള്‍ കുറവാണ്. വ്യക്തികള്‍ തമ്മിലുളള ചെറു പിണക്കം മുതല്‍ രാജ്യങ്ങള്‍ തമ്മിലുളള യുദ്ധം വരെ ഇതില്‍ പെടും. അവകാശപ്പോരാട്ടവും വിവിധതാല്പര്യങ്ങള്‍ തമ്മിലുളള സംഘര്‍ഷമാണെന്നോര്‍ക്കണം. സംഘര്‍ഷങ്ങളില്‍ നിന്നും ഒഴിഞ്ഞു ജീവിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നിരിക്കെ സംഘര്‍ഷങ്ങളെ ഉഭയസമ്മതിയിലേക്കു കൊണ്ടുവന്ന് ലഘൂകരിച്ചെടുക്കാനുളള കഴിവ് ആര്‍ജിക്കുകയാണ് വേണ്ടത്. ജീവിതത്തെ മുന്നില്‍ കാണുന്ന വിദ്യാഭ്യാസം സംഘര്‍ഷങ്ങളെ പഠിക്കാനും സംഘര്‍ഷങ്ങളില്‍ നിന്നും പഠിക്കാനും സംഘര്‍ഷങ്ങളെ അതിജീവിക്കാനും വഴിയൊരുക്കുന്നതാകണം. ക്ലാസുകളില്‍ സാമൂഹിക പ്രശ്നങ്ങള്‍ മുന്‍ വിധിയില്ലാതെ ചര്‍ച്ച ചെയ്യണം.അധ്യാപകര്‍ പക്ഷം പിടിക്കാതെ എന്നാല്‍ നിഷേധാത്മകനിലപാടുകളിലേക്കു കുട്ടികള്‍ വഴുതിപ്പോകാതെ സംവാദത്തിന്റെ സൗന്ദര്യം പരിപോഷിപ്പിക്കണം.വിശ്വാസങ്ങളേക്കാള്‍ വസ്തുതകള്‍ക്ക് പ്രാധാന്യം നല്‍കണം. സമൂഹത്തിലെ മൂല്യബോധത്തിലുണ്ടാകുന്ന പുതുക്കലുകളെ കുട്ടികള്‍ ചരിത്രപരമായി വിശകലനം ചെയ്യണം. സാമൂഹിക നിര്‍മിതയുടെ വിവിധ രീതികളും സ്വാധീനങ്ങളും മനസിലാക്കണം. ഇത്തരം ചര്‍ച്ചകള്‍ മേധാവിത്വത്തെയല്ല വസ്തുതകളെയാണ് മാനിക്കുക.മുന്‍വിധികളെ തിരസ്ഖരിക്കും.പുതിയധാരണകളില്‍ എത്തിച്ചേരും. അവബോധത്തെ പുതുക്കും.

5.വിമര്‍ശമനാത്മകമാവുക

“പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു സിംഹരാജാവുണ്ടായിരുന്നു”..ഈ അമ്മ പറയുന്ന കഥകളിലെല്ലാം രാജാക്കന്മാരേ ഉളളൂ രാജ്ഞിമാരില്ല..!അപ്പോഴാണ് അമ്മ കുട്ടിക്കഥകളെല്ലാം പരിശോധിച്ചത് നല്ല കഥാപാത്രങ്ങളെല്ലാം പുരുഷന്മാര്. ധൈര്യശാലികള്‍, രക്ഷകര്‍, പുരോഹതിര്‍, ജ്ഞാനികള്‍, സൈന്യാധിപര്‍, ഗുരുക്കള്‍,നിയമപാലകര്‍, വൈദ്യര്‍ എല്ലാവരും പുരുഷഗണത്തിലുളളവര്‍. അസൂയാലുക്കള്‍, അത്യാഗ്രഹികള്‍, ദുഷ്ടമന്ത്രവാദിനികള്‍, നര്‍ത്തകികള്‍,പാചകക്കാരികള്‍,തുന്നല്‍ക്കാരികള്‍, പാല്‍വില്പനക്കാരികള്‍, സുന്ദരികള്‍,വശീകരിക്കുന്നവര്‍ ഈ വിധ റോളുകള്‍ മാത്രം സ്ത്രീകള്‍ക്കും. പരമ്പരാഗത റോളുകള്‍ അരക്കിട്ടുറപ്പിക്കുന്ന കഥകള്‍ പുനരാഖ്യാനം ചെയ്യാന്‍ അമ്മ തീരുമാനിച്ചു.ജാതിയുടേയോ മതത്തിന്റെയോ ലിംഗപദവിയുടേയെ പേരില്‍ ഒരു വിഭാഗത്തിന് പ്രാമുഖ്യം കൂടുതല്‍ കിട്ടുന്നവയെല്ലാം മാറ്റിയെഴുതി സമീകരിച്ചെടുത്തു. ബാലസാഹിത്യം മാത്രമല്ല നമ്മുടെ പാട്ടുകള്‍, സിനിമകള്‍, മാധ്യമങ്ങള്‍, പരസ്യങ്ങള്‍,ഭാഷാ പ്രയോഗങ്ങള്‍ തുടങ്ങിയവയെല്ലാം വിമര്‍ശനാത്മകമായി കാണണം. യുണെസ്കോ ഭാഷാപ്രയോഗങ്ങളെ ലിംഗനിരപേക്ഷമാക്കുന്നതിനുളള മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്.(Guidelines on Gender-Neutral language- UNESCO .1999 ) രചനകളെ വിമര്‍ശനാത്മകമായി സമീപിച്ച് നിഗൂഢപാഠങ്ങള്‍ കണ്ടെത്തുന്നതിന് കുട്ടികള്‍ കഴിവു നേടണം. സ്ത്രീപക്ഷവായന മനുഷ്യപക്ഷ വായനകൂടിയാകണം. പാഠപുസ്തകങ്ങള്‍ ജന്‍ഡര്‍ പരിശോധനയ്ക്ക് വിധേയമാക്കുക എന്നത് എല്ലാ തലങ്ങളിലും നടക്കേണ്ട പ്രവര്‍ത്തനമാണ്. അധ്യാപികരും കുട്ടികളും ഈ ഉത്തരവാദിത്വം എറ്റെടുക്കുന്ന ക്ലാസ് മുറികളും വിദ്യാലയങ്ങളും ഉണ്ടാകണം.

6.അധികാരം പങ്കുവെക്കുക

കൂട്ടായ്മയുടെ ആധികാരികതയ്കാണ് ഊന്നല്‍ ലഭിക്കേണ്ടത്. ഒന്നിച്ചെടുക്കുന്ന തീരുമാനം ഒരുമ പോലെ ശക്തമാണ്. ഉടമസ്ഥാവകാശം എല്ലാവരിലേക്കും വിന്യസിക്കപ്പെടണം.വീട്ടിലായാലും വിദ്യാലയത്തിലായാലും നാട്ടിലായാലും ഒന്നിലധികം പേരുടെ ജീവിതത്തെ നിര്‍ണയിക്കേണ്ടി വരുമ്പോള്‍ മേല്‍ക്കോയ്മാ മനോഭാവം പാടില്ലെന്നു തിരിച്ചറിയണം. വിദ്യാലയാനുഭവങ്ങള്‍ അതിനുസരിച്ച് രൂപകല്പന ചെയ്യണം.പഠനലക്ഷ്യം തീരുമാനിക്കുന്നതിലും പഠനതന്ത്രം തെരഞ്ഞെടുക്കുന്നതിലും ചുമതലകള്‍ തീരുമാനിക്കുന്നതിലും മാത്രമല്ല പ്രതീക്ഷിത നേട്ടത്തിന്റെ ഗുണതയെക്കുറിച്ച് സ്വപ്നം കാണുന്നതിനും. കുട്ടികളുടെ അഭിപ്രായത്തിനും അധ്യാപകനിര്‍ദ്ദേശത്തിനും തുല്യമൂല്യം കിട്ടണം. നിര്‍ദ്ദേശിക്കുന്നതു പോലെ നിറവേറ്റുകയല്ല ബോധ്യപ്പെട്ട് ഏറ്റെടുക്കുകയാണ് വേണ്ടത്.

7.പരിപോഷകരായ അധ്യാപകരായി മാറുക

ഫെസിലിറ്റേറ്റര്‍ എന്ന പദവിയാണ് അധ്യാപകര്‍ക്ക് സ്ത്രീപക്ഷബോധനശാസ്ത്രം കല്പിച്ചിട്ടുളളത്. നിശ്ചിതമായ കഴിവുകളും വൈഭവവും മനോഭാവും നേടിയെടുക്കുന്നതിനുളള കര്‍മോജ്വലമായ സമത്വാധിഷ്ടിതപ്രക്രിയയില്‍ അടിതെറ്റാതെ മുന്നേറാന്‍ പഠിതാക്കളോടൊപ്പം പ്രവര്‍ത്തിക്കുകയും അവര്‍ക്കു താങ്ങും തണലുമായി നിന്നു വഴിയൊരുക്കുകയും ചെയ്യുന്നവരാണ് പരിപോഷകര്‍. ഞങ്ങള്‍ക്കു തന്നെ ലക്ഷ്യം തീരുമാനിക്കാനാകും എന്നു പറയാനുളള ആത്മവിശ്വാസതലം രൂപപ്പെടുത്തണം. അവരുള്‍പ്പെടുന്ന സാമൂഹികയാഥാര്‍ഥ്യങ്ങളും സമൂഹം നേരിടുന്നവെന്ന് അവര്‍ക്കു തോന്നുന്ന പ്രശ്നങ്ങളും പരിഗണിക്കണം. പ്രശ്നങ്ങള്‍ക്കു കാരണമുളളതു പോലെ പരിഹാരവുമുണ്ടെന്നു തിരിച്ചറിയണം. സാമൂഹികനിര്‍മിതി എന്നതിന്റെ അര്‍ഥവും അതിന്റെ രീതികളും അതില്‍ വഹിക്കേണ്ട റോളും മനസിലാക്കണം. മാറി നില്‍ക്കുകയോ മാറ്റി നിറുത്തപ്പെടുകയോ ചെയ്യുന്ന അവ‌സ്ഥയെ ഫെസിലിറ്റേറ്റര്‍ നിരാകരിക്കണം. ക്ലാസിനുളളിലെ പാര്‍ശ്വവത്കരണ പ്രക്രിയ സമൂഹത്തിലെ പാര്‍ശ്വവത്കരണ പ്രക്രിയക്ക് തുല്യമാണ്. അതേ പോലെ കൂടുതല്‍ അറിവുളളവരുടെ ഉടന്‍പ്രതികരണത്തെയും വേഗത്തില്‍ ശരി വിളിച്ചുപറയലിനേയും മേധാവിത്വത്തിന്റെ രൂപമായിത്തന്നെ കാണണം. മറ്റുളളവരുടെ ചിന്താവേഗതയെയും ഉത്തരത്തെയും മാനിക്കാതെ ഏകപക്ഷീയമായി ചിലരുടെ ശരികള്‍ക്കു മാത്രം മൂല്യം നല്‍കി എല്ലാവരുടേയും ചിന്തയായി അവതരിപ്പിക്കുന്നത് മറ്റുളളവരില്‍ ആശ്രിതമനോഭാവം വളര്‍ത്തും. ചിന്താപരമായ നിസഹായതയായി അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യും.എല്ലാവരുടേയും അനുഭവങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും പാഠത്തെ വികസിപ്പിക്കുകയാണ് വേണ്ടത്.അപ്പോള്‍ മാത്രമാണ് പഠനത്തിന്റെ ഉടമസ്ഥത എല്ലാവര്‍ക്കും ശരിക്കും അനുഭവിക്കാനാവുക.

സ്ത്രീപക്ഷ ബോധനശാസ്ത്രം ഫെസിലിറ്റേറ്ററെ വിവേചനങ്ങളെ പ്രതിരോധിക്കുന്ന വ്യക്തിയായി കാണുന്നു.
ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൂട്ടുത്തരവാദിത്വത്തില്‍ നിന്നും വഴുതിപ്പോകാനനുവദിക്കില്ല.
ഉത്തരവാദിത്വമേറ്റെടുക്കല്‍ പ്രക്രിയയിലെ വെല്ലുവിളി മുന്‍കൂട്ടിക്കാണും. സങ്കാചമുളളവര്‍, ആത്മവിശ്വാസനില താഴെയാണെന്നു കരുതുന്നവര്‍,പരിചയക്കുറവുളളവര്‍, പുറമേ നിന്നടിച്ചേല്‍പ്പിക്കുന്ന പ്രവര്‍ത്തനരീതി തന്റെ അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നു തോന്നുന്നവര്‍ ഇങ്ങനെ പലവിധകാരണങ്ങളാല്‍ ഉത്തരവാദിത്വമേറ്റെടുക്കാതെ വരാം. ചില പൊതു പ്രവര്‍ത്തനനിയമങ്ങള്‍ പങ്കാളികളെ കൊണ്ടു ആദ്യമേ രൂപീകരിക്കുകയും സഹവര്‍ത്തിതമായ പ്രവര്‍ത്തന രീതിക്ക് മാര്‍ഗരേഖയുണ്ടാവുകയും ചെയ്താലിവ മറികടക്കാനാകും.ഫെസിലിറ്റേറ്റര്‍ ആരെയും അവരില്‍ത്തന്നെ ഒതുങ്ങാനനുവദിക്കുന്നില്ല. സഹായത്തിന്റെയും പ്രചോദനത്തിന്റെയും സ്പര്‍ശം എപ്പോഴും കുട്ടികള്‍ അനുഭവിക്കും.പരമ്പരാഗതമായ റോള്‍ മോഡലുകളുടെ സ്വാധീനത്തെ പിഴുതുകളയലും ഫെസിലിറ്റേറ്ററുടെ ചുമതലയാണ്.

8.പാടുളളതും പാടില്ലാത്തതും നിലപാടുളളവരാകുക

അരുതെന്നു പറയാനുളള ആര്‍ജവം പോലെ പ്രധാനമാണ് അരുതെന്നു വിലക്കിയിതിനെ ചോദ്യം ചെയ്യലും.അരുതിനോടുളള ഈ രണ്ടു സമീപനം കുട്ടികള്‍ തിരിച്ചറിയണം. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ആ ആളുടെയോ തന്റെയോ ഇടത്തില്‍ പ്രവേശിക്കരുത്. അനുവാദമില്ലാതെയുളള അതിക്രമിച്ചു കടക്കല്‍ നാടിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക ശരീരത്തിലായാലും സ്വന്തം ശരീരത്തിലായാലും അംഗീകരിച്ചു കൊടുക്കില്ല എന്ന ചങ്കുറപ്പ് എങ്ങനെയാണ് പഠിതാക്കള്‍ നേടിയെടുക്കുക,അധ്യാപകര്‍ അത്തരം ധൈര്യവതികളായില്ലെങ്കില്‍?അധിനിവേശത്തിനെ ചെറുക്കുന്ന മനോഭാവം ധീരമാണ്. കയ്യേറ്റവും അടിമപ്പെടുത്തലും അതിക്രമിച്ചു കീഴ്പെടുത്തലുമെല്ലാം ഇതില്‍ വരും. .പ്രതിരോധപ്രതികരണത്തിന്റെ വിഭിന്ന മാര്‍ഗങ്ങള്‍ അറിയാനും പ്രയോഗിക്കാനും കഴിയണം. നിതിക്കുവേണ്ടിയുളള കലാപത്തില്‍ പങ്കാളിയാവുക എന്നത് അഹമ്മതിയല്ല. അനീതികളോട് വിട്ടുവീഴ്ചയില്ലതെ പെരുമാറാന്‍ പഠിക്കലും വിദ്യാഭ്യാസമാണ്. ഇത് സാധ്യമാകണമെങ്കില്‍ കെയ്സുകള്‍ വെച്ച് ചര്‍ച്ച ചെയ്യണം.ഈ സന്ദര്‍ഭത്തില്‍ ഞാനായിരുന്നെങ്കില്‍ എന്തു തോന്നുമായിരുന്നു?എന്തു ചെയ്യുമായിരുന്നു? ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘത്തിലാണിത്തരം ചര്‍ച്ച നടക്കേണ്ടത്. നാടകം പോലെയുളള ആവിഷ്കാരങ്ങള്‍ ഈ ലക്ഷ്യം മുന്നില്‍ വെച്ച് സംഘടിപ്പിക്കാം. ഉയര്‍ന്ന ക്ലാസുകളില്‍ പാമയുടെ സംഗതി പോലെയുളള നേവലുകളെ ആസ്പദമാക്കി ആവിഷ്കാരങ്ങളും ചര്‍ച്ചകളും നടത്താം. സിനിമാസന്ദര്‍ഭങ്ങളും പ്രയോജനപ്പെടുത്താം.

ഒരു അധ്യാപികയ്ക്കോ വിദ്യാലയത്തിനോ സ്ത്രീപക്ഷ ബോധനശാസ്ത്രത്തിന്റെ തന്ത്രങ്ങളും രീതികളും ഒറ്റയ്ക്ക് വികസിപ്പിക്കാനോ പ്രായോഗികമാക്കാനോ കഴിയില്ല. പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണ ഇവിടെയാണ് വേണ്ടത്. ബദല്‍വിദ്യാഭ്യാസത്തിനായുളള സാമഗ്രികള്‍ രൂപപ്പെടുത്താനും ആശയതലം വികസിപ്പിക്കാനും വ്യക്തത വരുത്താനും പ്രായോഗികത അന്വേഷിക്കാനും കര്‍മപരിപാടികള്‍ ഒത്തൊരുമിച്ച് തയ്യാറേക്കണ്ടിയിരിക്കുന്നു.
……………………………………………………………….
റഫറന്‍സ്
1. Revisiting Voice, Subjectivity and Circles: Feminist Pedagogy in the 21 st Century ,Leona M. English ,St. Francis Xavier University, Canada
2. Feminist pedagogy,Wikipedia
3. Feminist Group Process in Seminar Classes: Possibilities and Challenges ,Betty J. Barrett ,University of Windsor
4. What Is Feminist Pedagogy? Carolyn M. Shrewsbury
5. Visual culture and gender constructions,Karen Keifer Boyd,International journal for Art Education
6. Gender Awareness / Equality Policy,Ambleside Primary School,Nottingham.
7. Gender Equality Policy,Arden Primary School .
8. Gender issues in Education,Position paper ,National focus group,NCERT
9. Cuidelines on Gender-Neutral Language: UNESCO
10. Gender Equity: A Framework for Australian Schools. www.curriculum.edu.au/verve/_resources/genderframwk

2 thoughts on “പഠനത്തിലെ പെണ്‍പക്ഷവും നമ്മുടെ സ്കൂളുകളും

  1. പെണ്‍വിദ്യാലയങ്ങളും ആണ്‍വിദ്യാലയങ്ങളും നിരവധിയുള്ള കേരളം. കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ത്തന്നെ പെണ്ണിനും ആണിനും വെവ്വേറെ ക്ലാസുകള്‍. ഇതെല്ലാം പൊളിച്ചെഴുതി കുട്ടികളെ കുട്ടികളായിക്കാണുന്ന സ്കൂളുകള്‍ ഉണ്ടാവേണ്ടതല്ലേ….

Leave a Reply