പകർച്ചപനി വീണ്ടും : മാലിന്യ നിർമ്മാർജ്ജനം ജനകീയ പ്രസ്ഥാനമാക്കണം

മഴക്കാലം വന്നതോടെ കേരളമെങ്ങും ഭീതി പരത്തികൊണ്ട് പകർച്ചപ്പനി പടർന്നു പിടിച്ചിരിക്കയാണ്.സർക്കാർ കണക്കനുസരിച്ച് തന്നെ 15 ലക്ഷം പേർക്കാണ് പലതരത്തിലുള്ള കാരണങ്ങൾ മൂലം പനി ബാധിച്ചത്. ഇവരിൽ 40 പേർ മരണമടഞ്ഞു. ഇതിൽത്തന്നെ ഒൻപതു പേർ ഗർഭിണികളായിരുന്നു ഇത്തവണ ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുപരത്തുന്ന ഡങ്കി പനിയാണ് കൂടുതലായി കണ്ടുവരുന്നത്. സർക്കാർ കണക്കനുസരിച്ച് 40 പേരും അനൌദ്യോഗിക വിലയിരുത്തൽ പ്രകാരം ഇതിനകം 80 പേരും പനി ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. മുൻ കാലങ്ങളേത് പോലെ ഡങ്കി, എച്ച് വൺ എൻ വൺ, എലിപ്പനി തുടങ്ങിയവക്ക് പുറമേ ചില പുതിയ ഇനം വൈറസ് രോഗവും വ്യാപിച്ചിട്ടിണ്ട്.

ഒരു ഭാഗത്ത് പകർച്ചവ്യാധികളും മറുഭാഗത്ത് ജീവിതശൈലീ രോഗങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങിയവയും വർധിച്ചുവരുന്നതുമൂലം ഇരട്ടരോഗഭാരം പേറുന്ന ജനസമൂഹമായി കേരളീയർ മാറിയിട്ടുണ്ട്. കേരളത്തിൽ പകർച്ചവ്യാധികൾ കൊണ്ടുള്ള , മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടിയിരിക്കുന്നതിനു കാരണം ജീവിതശൈലി രോഗമുള്ളവരെ ബാധിക്കുമ്പോൾ ഇത്തരം രോഗങ്ങൾ കൂടുതൽ മാരകമാവാൻ സാധ്യതയുള്ളതുകൊണ്ടാണ്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് സമുചിതമായ ഒരു ആരോഗ്യനയം രൂപീകരിക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയും ചെയ്തു. രോഗം പടർന്നു പിടിച്ച് മാധ്യമശ്രദ്ധ ആകർഷിക്കുമ്പോൾ ചില താത്ക്കാലിക നടപടികൾ സ്വീകരിക്കുക മാത്രമാണ് ഇക്കാര്യത്തിൽ അധികൃതർ കൈകൊണ്ടുവരുന്ന സമീപനം.

മാലിന്യ നിർമ്മർജ്ജനം, പരിസരശുചിത്വം, കൊതുക് നശീകരണം, ശുദ്ധജലവിതരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ശ്രമിച്ച പരിപാടികളൊന്നും വേണ്ടത്ര വിജയിക്കാതെ പോയതാണ് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനുള്ള അടിസ്ഥാനകാരണം. വിജയകരമായ ഏതാനും ചില സംരംഭങ്ങൾ ഒഴിച്ചാൽ മാലിന്യ നിർമ്മാർജ്ജനം ഫലവത്തായി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല. കേരളത്തിലെ നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി അഖിലേന്ത്യാതലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിർമ്മൽ പുരസ്കാരത്തിനു അർഹരായിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തെ വിളപ്പിൽശാല, കോട്ടയത്തെ വടവാതൂർ, തൃശൂരിലെ ലാലൂർ, തുടങ്ങിയ വൻ മാലിന്യനിർമ്മാർജ്ജന പദ്ധത്തികളൊന്നുപോലും പല കാരണങ്ങൾ മൂലം പൂർത്തിയാക്കാൻ കഴിയാതെ വഴിമുട്ടി നിൽക്കയാണ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ തദ്ദേശസ്വയംഭരണ വകുപ്പാരംഭിച്ച മാലിന്യ വിമുക്തകേരള പദ്ധതി വേണ്ടത്ര വിജയിച്ചതുമില്ല. വ്യക്തിശുചിത്വത്തിൽ പേരുകേട്ട കേരളീയരുടെ സാമൂഹ്യ ശുചിത്വബോധം നഷ്ടപ്പെട്ടതും മാലിന്യ വസ്തുക്കൾ നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെങ്ങും കുന്നുകൂടുന്നതിനു കാരണമാവുന്നുണ്ട്. സമ്പന്നർപോലും വീട്ടിലെ മാലിന്യങ്ങൾ യാതൊരു മടിയുമില്ലാതെ റോഡിലെറിയുന്ന തരത്തിലേക്ക് കേരളീയരുടെ സമൂഹ്യബോധവും പൌരബോധവും അധ:പതിച്ചിരിക്കയാണ്. സ്വാഭാവികമായും മലിനവസ്തുക്കൾ കേരളമൊട്ടാകെ കുന്നുകൂടുകയും കൊതുകുകൾ പെരുകുകയും കുടിവെള്ളം മലിനീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതുമൂലം പകർച്ചവ്യാധികൾ ആവർത്തിച്ച് വ്യാപിക്കുകയും വിലപ്പെട്ട ജീവനുകൾ അപഹരിക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ല.

മാലിന്യ വിമുക്ത കേരളം പരിപാടി ഇതുവരെ വിജയിക്കാതെ പോയതിനുള്ള വസ്തുനിഷ്ട കാരണങ്ങൾ കണ്ടെത്തി കുറവുകൾ പരിഹരിച്ച് ബദ്ധപ്പെട്ട എല്ലാ ഡിപ്പാർട്ടുമെന്റുകളുടേയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനപങ്കാളിത്തത്തോടെ ബൃഹത്തായ ഒരുപുതിയ “ശുചിത്വകേരളം സുന്ദരകേരളം” പരിപാടിക്ക് സർക്കാർ തുടക്കം കുറിക്കണം. കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിന്റെ മാതൃക ഇക്കാര്യത്തിൽ പിന്തുടരാവുന്നതാണ്. മാലിന്യങ്ങൾ അതിന്റെ ഉത്ഭവസ്ഥാനത്ത് വച്ച് തന്നെ സംസ്കരിക്കുന്നതിനുള്ള ബോധവൽക്കരണവും സമുചിത സാങ്കേതികവിദ്യകളുടെ വ്യാപനവുമാണ് വിഭാവനം ചെയ്യേണ്ടത്. വികേന്ദ്രീകരിച്ച് മാലിന്യസംസ്കരണം നടത്തിയാൽ വൻകിട മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ ഒഴിവാക്കാനുമാവും. സ്കൂൾ-കോളെജ് വിദ്യാർത്ഥികളെ എൻ എസ് എസ്, റെഡ് ക്രോസ് എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ വീട്ടിലും നാട്ടിലും ശുചിത്വ പരിപാടികൾ നടപ്പിലാക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ്. ശുചിത്വബോധം മലയാളികളുടെ സാമൂഹ്യബോധത്തിന്റെ ഭാഗമാക്കാനും ശുചിത്വസംസ്കാരം നാട്ടിലെങ്ങും വ്യാപിപ്പിക്കാനും നമുക്ക് കഴിയണം. ഇതിൽ കുറഞ്ഞ ഒന്നുകൊണ്ടും മാലിന്യ വിമുക്തമായ ശുചിത്വസുന്ദര കേരളം നമുക്ക് കെട്ടിപ്പടുക്കാനാവില്ല.

മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള ജനകീയപ്രസ്ഥാനം രൂപീകരിക്കുന്നതോടൊപ്പം ആരോഗ്യവകുപ്പ് പ്രത്യേകമായി ചെയ്യേണ്ട കടമകൾ കൂടി കൂടുതൽ ഫലവത്തായി നിർവ്വഹിക്കാൻ കഴിയണം. രോഗനിരീക്ഷണവും മുന്നറിയിപ്പും (Disease Monitoring and Surveillance) തക്കസമത്ത് നടത്താൻ കഴിയാത്തതുകൊണ്ടാണ് മുൻകൂട്ടി പകർച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയാതെ പോവുന്നതും മരണനിരക്ക് വർധിക്കുന്നതും. പകർച്ചാവ്യാധികളൂടെ കാര്യത്തിൽ മാത്രമല്ല ജീവിതരീശൈലി രോഗങ്ങളുടെ സാന്നിദ്ധ്യവും സ്വഭാവവും പഠിച്ച് ഉചിതമായ കരുതൽ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന രോഗനിരീക്ഷണ സംവിധാനം സംഘടിപ്പിക്കേണ്ടതാണ്.

നാട്ടുരാജ ഭരണകാലത്തുണ്ടായിരുന്ന ആരോഗ്യബോധവൽക്കരണത്തിനും രോഗനിരീക്ഷണത്തിനും മറ്റുമുള്ള പ്രത്യേക പൊതുജനാരോഗ്യവിഭാഗം (Public Health Department) കേരളസംസ്ഥാന രൂപീകരണത്തെ തുടർന്ന് നിലവിലില്ലാതായി. ഇപ്പോൾ ആ ചുമതല കൂടി നിർവഹിക്കേണ്ടത് ഹെൽത്ത് സർവീസസ്സ് ഡിപ്പാർട്ടുമെന്റാണ്. ഇവർക്ക് മാത്രമായി വർധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങൾ നേരിടാനാവില്ല. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ പൊതുജനാരോഗ്യത്തിൽ പ്രത്യേകപരിശീലനം കിട്ടിയവരും കുറവാണ്. അതേയവസരത്തിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളുമേറെ പൊതുജനാരോഗ്യ സംവിധാനങ്ങളും വിദഗ്ദരും ലഭ്യമായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്നുമുണ്ട്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ സാമൂഹ്യാരോഗ്യവിഭാഗം (Community Medicine Departments), പകർച്ചാവ്യാധി രോഗനിവാരണ വിഭാഗം (Infectious Disease Departments), വിവിധ ഡിപ്പാർട്ടുമെന്റുകൾ ചേർന്ന് രൂപീകരിച്ചിട്ടൂള്ള പി ഇ ഐ ഡി സെൽ (Prevention of Epidemic and Infectious Diseases Cell), അന്തരാഷ്ട്ര സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്ലിനിക്കൽ എപ്പിഡമിയോളജി നെറ്റ് വർക്ക് (InCLan- Infectious Disease Network), ശ്രീ ചിത്ര മെഡിക്കൽ സെന്ററിന്റെ അനുബന്ധസ്ഥാപനമായ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ് തുടങ്ങി പൊതുജനാരോഗ്യത്തിനായി മാത്രം കേരളത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആരോഗ്യവകുപ്പ് ശ്രമിച്ചാൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും സ്വാശ്രയ, സഹകരണ മെഡിക്കൽ കോളേജുകളിലെ സാമൂഹ്യാരോഗ്യവിഭാഗത്തിലെ വിദ്ഗദഡോക്ടർമാരുടെ സഹകരണവും തേടാവുന്നതാണ്.

ആലപ്പുഴ മെഡിക്കൽ കോളേജ് കാമ്പസ്സിൽ തന്നെ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് എന്ന സ്ഥാപനത്തെ (Kerala Institute of Virology and Infectious Diseases) പൂനയിലെ ദേശീയ വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയർത്താമെന്ന വാഗ്ദാനം സർക്കാർ ഇനിയെങ്കിലൂം നടപ്പിലാക്കാൻ ശ്രമിക്കണം. അതെപോലെ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, (National Virology Institue), സെന്റർ ഫോർ ഡിസീസ് കൺ ട്രോൾ (Centre for Disease Control) തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ഏകോപിക്കാൻ ശ്രമിക്കേണ്ടതാണ്. എതാണ്ട് സമാനസ്വാഭാവുമുള്ള ഈ സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലകൾ കൃത്യമായി നിർവചിച്ചാൽ ആവർത്തന സ്വഭാവമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കി ഇവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഫലവത്തും ആക്കാൻ കഴിയും. ആരോഗ്യ സർവ്വകലാശാലയുടെ കീഴിൽ അമേരിക്കയിലെ വിഖ്യാതമായ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാതൃകയിൽ സെന്റർഫോർ എപ്പിഡമിയോളജി ആന്റ് പബ്ബ്ലിക്ക് ഹെൽത്ത് (Centre for Epidemiology and Public Health) രൂപീകരിക്കേണ്ടതാണെന്ന നിർദ്ദേശം ഗൌർവമായി പരിഗണിക്കേണ്ടതാണ്.
മറ്റൊരു വലിയ ആപത്തിന്റെ വക്കിലാണ് കേരളം നിലകൊള്ളുന്നതെന്നുകൂടി സൂചിപ്പിക്കേണ്ടതായിട്ടുണ്ട്. ചിക്കുൻ ഗുനിയ ഡങ്കി പനി എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് ഇജിപ്തി കൊതുകളെ നശിപ്പിക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. ഈ രോഗങ്ങളെക്കാളെല്ലാം എത്രയോ ഇരട്ടി മരണ സാധ്യതയുള്ള മഞ്ഞപ്പനി (Yellow Fever) പരത്തുന്നതും ഇതേ കൊതുകുകളാണ്. ലോകാരോഗ്യ സംഘടന കൊതുകുകളുടെ സാന്ദ്രത കൂടിയ രാജ്യങ്ങൾക്ക് മഞ്ഞപ്പനി മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്. കൊതുക് നിവാരണത്തിന്റെ കാര്യത്തിൽ ഇനിയും കേരളം അലംഭാവം കാട്ടിയാൽ വൻ ദുരന്ത സാധ്യതയുള്ള മഞ്ഞപനികൂടി കേരളത്തിൽ വ്യാപിക്കാൻ സാധ്യതയുണ്ട്.

മാലിന്യനിർമ്മാർജ്ജനം ജനകീയ പ്രസ്ഥാനമാക്കി വിജയകരമായി നടപ്പിലാക്കികൊണ്ടും ശുചിത്വബോധം മലയാളികളുടെ സാമൂഹ്യ ബോധത്തിന്റെ ഭാഗമാക്കിക്കൊണ്ടും മാത്രമെ പകർച്ചവ്യാധികളുടെ നിരന്തരമായ കടന്നാക്രമണത്തിൽ നിന്നും കേരളീയ ജനതയെ നമുക്ക് രക്ഷപ്പെടുത്താനാവൂ. പർച്ചവ്യാധി വ്യാപനം, ജീവിതശൈലിരോഗ വർധന, വർധിച്ചുവരുന്ന ആരോഗ്യചെലവ് ഇവയെല്ലാം പരിഗണിച്ചുകൊണ്ട് കേരളത്തിനു സമുചിതമായ ഒരു ആരോഗ്യനയം കരുപ്പിടിക്കാൻ കൂടി സർക്കാർ ശ്രമിക്കേണ്ടതാണ്. രോഗചികിത്സക്ക് മാത്രം ഊന്നൽ നൽകികൊണ്ടുള്ള സൂപ്പർസ്പെഷ്യാലിറ്റി സംസ്കാരമാണ് സർക്കാർ സ്വകാര്യ മേഖലകൾ കേരളത്തിൽ പിന്തുടർന്നു വരുന്നത്. ചികിത്സയോടൊപ്പം, രോഗപ്രതിരോധത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും തുല്യപ്രാധാ‍ന്യം നൽകികൊണ്ടുള്ള ആരോഗ്യനയമാണ് കരുപ്പിടിപ്പിക്കേണ്ടത്.

Leave a Reply