Friday , 16 March 2018
Home » ശാസത്രജ്ഞര്‍ » കാള്‍ ലാന്‍ഡ്സ്റ്റെയ്നര്‍

കാള്‍ ലാന്‍ഡ്സ്റ്റെയ്നര്‍

രക്തഗ്രൂപ്പുകളെ കണ്ടുപിടിക്കുക വഴി രക്തം മാറ്റിവയ്ക്കല്‍ സുരക്ഷിതമാക്കിയ കാള്‍ ലാന്‍ഡ്സ്റ്റെയ്നറുടെ ജന്മദിനമാണ് ജൂണ്‍ 14. MN ഗ്രൂപ്പുകൾ കണ്ടുപിടിച്ചതിനും പോളിയൊ വൈറസ്സിനെ കണ്ടു പിടിച്ചതിനും ഉള്ള അംഗീകാരവും നോബല്‍ സമ്മാന ജേതാവായ അദ്ദേഹത്തിനാണ്.

ഒരു വര്‍ത്തമാനപ്പത്രത്തിന്റെ ഉടമയുടെ മകനായ ലാന്‍ഡ്സ്റ്റെയ്നര്‍ 1868 ജൂണ്‍ 14ന് ആസ്ട്രിയയിലെ വിയന്നയിലാണ് ജനിച്ചത്. 1891-ല്‍ വിയന്ന സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്ര ബിരുദമെടുത്തു. പ്രശസ്ത രസതന്ത്രജ്ഞനായ എമില്‍ ഫിഷറി ന്റെ കീഴില്‍ പ്രവര്‍ത്തിച്ചതിനാല്‍ രസതന്ത്രത്തില്‍ നല്ല അടിത്തറയുണ്ടായിരുന്നു. അതിനാല്‍ പില്‍ക്കാലത്ത് ബാക്ടീരിയാ വിജ്ഞാനത്തിലും രോഗപ്രതിരോധശാസ്ത്രത്തിലും ഗവേഷണം നടത്തുമ്പോള്‍ അദ്ദേഹം പ്രശ്നങ്ങളെ സമീപിച്ചിരുന്നത് ഒരു രസതന്ത്രത്തിന്റെ കാഴ്ചപാടിലൂടെയാണ്.

17-ാം നൂറ്റാണ്ടില്‍തന്നെ രക്തം മാറ്റിവയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പക്ഷേ മിക്കവാറും അപകടത്തിലാണ് കലാശിക്കാറ് പലപ്പോഴും രക്തം മാറ്റിയതുകൊണ്ടു മാത്രമാണ് രോഗികള്‍ മരിച്ചിരുന്നത്. പിന്നീട് ആടിന്റെ രക്തമുപയോഗിച്ചും രക്തം മാറ്റിവയ്ക്കല്‍ നടത്താറുണ്ട്. അവസാനമത് പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടു. മാറ്റിവയ്ക്കാനുപയോഗിക്കുന്ന രക്തം കട്ടപിടിക്കുന്നതായിരുന്നു പ്രശ്നം. വിയന്നയിലെ ഹൈജിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ലാന്‍ഡ്സ്റ്റെയ്നര്‍, ഈ പ്രശ്നം പഠിക്കുവാനാണ് തീരുമാനിച്ചത്. വ്യക്തികളുടെ രക്തം തമ്മില്‍ കലര്‍ത്തുമ്പോള്‍ ചിലപ്പോള്‍ കട്ടപിടിക്കുകയും, ചിലപ്പോള്‍ കട്ടപിടിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ഇതായിരുന്നു ലാന്‍ഡ്സ്റ്റെയ്നറെ കുഴക്കിയ പ്രശ്നം.Karl_Landsteiner

അദ്ദേഹം തന്റെ സ്ഥാപനത്തിലെ ജോലിക്കാരുടെ രക്തസാമ്പിളുകളെടുത്ത് തമ്മില്‍ കലര്‍ത്തിനോക്കി ചില ജോടികള്‍ തമ്മില്‍ കലര്‍ത്തുമ്പോള്‍ കട്ടപിടിക്കല്‍ നടന്നിരുന്നു, മറ്റു ചിലവ തമ്മിലാകുമ്പോള്‍ അങ്ങനെ ഉണ്ടായതുമില്ല. 1900-ല്‍ തന്റെ പരീക്ഷണഫലങ്ങളുടെ അപഗ്രഥനം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ A, B, O എന്നിങ്ങനെ മൂന്നു രക്തഗ്രൂപ്പുകളുണ്ടായിരുന്നു. AB എന്ന നാലാമത്തെ ഗ്രൂപ്പ് തൊട്ടടുത്ത വര്‍ഷമാണ് കണ്ടുപിടിക്കപ്പെട്ടത്. ചുവന്ന രക്തകോശത്തിലുള്ള പ്രോട്ടീന്‍ പ്രതിവസ്തുക്കളാണ് ഇതിന് അടിസ്ഥാനം. അങ്ങനെ സുരക്ഷിതമായി രക്തം മാറ്റിവയ്ക്കാന്‍ സാധ്യമായി.

1928-ല്‍ ലാന്‍ഡ്സ്റ്റെയ്നര്‍ക്ക്, റോക്ക്ഫെല്ലര്‍ ഗവേഷണ കേന്ദ്രത്തിലേക്ക് ക്ഷണം കിട്ടി. അങ്ങനെ അദ്ദേഹം ന്യൂയോര്‍ക്കിലേക്ക് പോകുകയും 1929-ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു. അതിനിടെ അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് MN എന്നൊരു രക്തഗ്രൂപ്പുകൂടി കണ്ടുപിടിക്കുകയുണ്ടായി. Rh രക്തഗ്രൂപ്പിന്റെ കണ്ടുപിടിത്തത്തിലും അദ്ദേഹത്തിന് പങ്കുണ്ട്. 1908-ല്‍ ആദ്യമായി പോളിയോ വൈറസ്സിനെ വേര്‍തിരിച്ചെടുത്തത് ലാന്‍ഡ്സ്റ്റെയ്നറാണെന്ന വസ്തുത അധികം ശ്രദ്ധിക്കപ്പെടാറില്ല.

1930-ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടി. 1939-ല്‍ ഔപചാരികമായി വിരമിച്ചെങ്കിലും അവസാനംവരെ ഗവേഷണത്തില്‍ തുടര്‍ന്നു. ലാബറട്ടറിയില്‍ ഇരിക്കവെ ഉണ്ടായ ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരിച്ചത്.

Use Facebook to Comment on this Post

Check Also

ഗ്രിഗർ മെൻഡൽ

ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ കൈമുതൽ. മുപ്പതിനായിരത്തോളം ചെടികളാണ്, തന്റെ പരീക്ഷണങ്ങൾക്കുവേണ്ടി അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.

Leave a Reply

Your email address will not be published. Required fields are marked *