Thu. Apr 2nd, 2020

LUCA

Online Science portal by KSSP

മുഖപ്രസംഗം

കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൽ വളർന്നു വന്ന വിവിധ പ്രസ്ഥാനങ്ങൾ സാമൂഹ്യ നീതിയിലും തുല്യതയിലും മനുഷ്യാവകാശ സംരക്ഷണത്തിലും അടിയുറച്ച കേരള സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. സമുദായികാടിസ്ഥാനത്തിലാണ്  നവോത്ഥാന കാലത്ത് പല സംഘടനകളും  രൂപീകരിക്കപ്പെട്ടത്.  എന്നാൽ അന്ധവിശ്വാസങ്ങളും പ്രാകൃത അനാചാരങ്ങളും തിരസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നവോത്ഥാനനായകർ ഊന്നൽ നൽകി. നവോത്ഥാനകാലഘട്ടത്തിന്റെ അവസാനമായപ്പോഴെക്കും ആരംഭിച്ച ബ്രിട്ടീഷാധിപത്യത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനം അയിത്തതിനും അവസരസമത്വത്തിനുമുള്ള പോരാട്ടങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തെ വളർത്തിയെടുത്തത്.  യുക്തിചിന്തയും  ശാസ്ത്രബോധവും സമൂഹത്തിൽ വ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിനായും  സാമുദായിക അസമത്വത്തിനെതിരെയും  നിലകൊണ്ടവർ എറ്റെടുത്തിരുന്നു.  ഇവയെല്ലാം ചേർന്നാണ് പിൽക്കാലത്ത് പ്രകീർത്തിക്കപ്പെട്ട കേരള വികസന മാതൃകക്ക് അടിത്തറപാകിയത്.

നവോത്ഥാന-സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ മൂല്യങ്ങൾ പലതും തിരസ്കരിച്ച് തിരിഞ്ഞു നടക്കുന്ന കേരളസമൂഹത്തെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്. പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തു കഴിഞ്ഞിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്ന രീതിയിൽ കേരള സമൂഹം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതൽ ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. വിദ്യാസമ്പന്നരായ മധ്യ-ഉപരിവർഗ്ഗങ്ങളിലാണ് ഇത്തരം അനഭിഷണീയമായ പ്രവണതകൾ കൂടുതലായി കണ്ടുവരുന്നത്. വാണിജ്യവൽക്കരിക്കപ്പെട്ട, കപട ആത്മീയതയാണ് കേരള സമൂഹത്തിൽ മേധാവിത്വം വഹിക്കുന്നത്. മത-ജാതി സംഘടനകൾ അവയുടെ മഹത്തായ കേരളീയ പാർമ്പര്യം വിസ്മരിച്ചുകൊണ്ട് അനാചാരങ്ങളുടെ വ്യാപനത്തിലുള്ള ഏജൻസികളായി മാറുന്നു. കച്ചവടക്കൽക്കരിക്കപ്പെട്ട ആത്മീയതയുടെ മറപറ്റി നടക്കുന്ന സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങൾ മതനിരപേക്ഷകർക്ക് മാത്രമല്ല  ശുദ്ധ ആത്മീയവാദികൾക്ക്   അംഗീകരിക്കാൻ കഴിയില്ല.   സാർവ്വദേശീയ പ്രശസ്തിയുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ സാന്നിധ്യമുള്ള കേരളത്തിൽ യുവാക്കളിൽ പോലും ശാസ്ത്രീയ സമീപനം കുറഞ്ഞുവരുന്നു എന്നത് നമ്മെ അന്ധാളിപ്പിക്കുന്നു. ഈ സ്ഥിതി ഇങ്ങനെ തുടർന്നാൽ ഫ്യൂഡൽ മുല്യങ്ങളും അന്ധവിശ്വാസങ്ങളും രൂഢമൂലമായിരുന്ന പ്രാക്തനകാലത്തേക്ക് കേരളം തിരിച്ചു പോവാനുള്ള സാധ്യതായാണ് വളർന്നുവരുന്നത്.

ശാസ്ത്രബോധവും യുക്തിചിന്തയും കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇന്നത്തെ കേരളത്തിന്റെ അതീവഗുരുതരമായ അവസ്ഥ വിരൽ ചൂണ്ടുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, യുക്തിവാദപ്രസ്ഥാനങ്ങൾ തുടങ്ങി നിരവധി ചെറുതും വലുതുമായ സംഘടനകൾ ശാസ്ത്രചിന്ത പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ കൂടുതൽ ജനവിഭാഗങ്ങളുമായി സംവദിച്ച്കൊണ്ടുള്ള അതിശക്തവും ഫലവത്തുമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകേണ്ടത് ചരിത്രപരമായ ഒരു ആവശ്യവും ചുമതലയുമായി മാറികഴിഞ്ഞിട്ടുണ്ട്.
കേരളം ഇന്ന് നേരിടുന്ന യുക്തിരാഹിത്യത്തിന്റേയും അശാസ്ത്രീയതയുടെയും അന്തരീക്ഷം മാറ്റിയെടുക്കുന്നതിനുള്ള ഒരു എളിയ ശ്രമം എന്ന നിലയിലാണ് നവ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ലൂക്കാ ഇ പ്രസിദ്ധീകരണം ഞങ്ങൾ ആരംഭിക്കുന്നത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളുടേയും പ്രസ്ഥാനങ്ങളുടേയും സഹായസഹകരണം അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങൾ ലൂക്ക കേരള സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നു.

%d bloggers like this: