റൊണാള്‍ഡ് റോസ്സ് (1857-1932)

മെയ് 13 നോബൽ സമ്മാന ജേതാവായ റൊണാള്‍ഡ് റോസ്സ് എന്ന ശാസ്ത്രജ്ഞൻറെ ജന്മദിനമാണ്.രോഗാണു വാഹകരായ കൊതുകിനെ കണ്ടുപിടിച്ചതുവഴി മലമ്പനി രോഗനിയന്ത്രണത്തിന് വഴിതെളിച്ചു.. ഇന്ത്യയിൽ ജനിച്ച റോസ്സിൻറെ കണ്ടുപിടുത്തത്തിൻറെ കഥയാണിത്.

Ronald Ross
Ronald Ross

1857 മെയ് 13-ാം തീയതി ഉത്തരേന്ത്യയിലെ അല്‍മോറയിലാണ് റൊണാള്‍ഡ് റോസ്സ് ജനിച്ചത്. അഛ്ചന്‍ഇന്ത്യന്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനായ ഒരു ബ്രിട്ടീഷുകാരനായിരുന്നു; അമ്മ ഇന്ത്യക്കാരിയും. 8 വയസ്സായിരുന്നപ്പോള്‍ റൊണാള്‍ഡിനെ മാതാപിതാക്കള്‍ ഇംഗ്ലണ്ടിലേക്കയച്ചു. ലണ്ടനില്‍ ഒരമ്മാവന്റെ കൂടെയാണ് താമസിച്ചിരുന്നത്. 1881-ല്‍‌ ലണ്ടനില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം ഇന്ത്യന്‍ പട്ടാളത്തിലെ മെഡിക്കല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ഇംഗ്ലണ്ടിലായിരിക്കുമ്പോള്‍ തന്നെ മലമ്പനിയുടെ ഉദ്ഭവവും കാരണവും കണ്ടുപിടിക്കുന്നതില്‍ റൊണാള്‍ഡിന് താത്പര്യമുണ്ടായിരുന്നു. ലണ്ടനില്‍വച്ച് ഉഷ്ണമേഖലാ വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കാവുന്ന പാട്രിക് മാന്‍സണെ കണ്ട് ചര്‍ച്ചകള്‍ നടത്തി. മാന്‍സണ്‍, മലേറിയ രോഗാണുവിനെ റോസ്സിന് കാണിച്ചുകൊടുത്തു. മലമ്പനി പരത്തുന്നതില്‍ കൊതുകുകള്‍ക്ക് പങ്കുണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

1895 മാര്‍ച്ച് 28-ാം തീയതി റോസ്സ് ഇന്ത്യയിലേക്ക് മടങ്ങി വരുന്ന സമയത്ത് ഒരു മൈക്രോസ്കോപ്പും വാങ്ങിയിരുന്നു. ഇന്ത്യയിലെത്തിയ റോസ്സ് ഏപ്രില്‍ 25-ാം തീയതി സെക്കന്തരാബാദില്‍ വന്നുചേര്‍ന്നു. അടുത്ത 4 വര്‍ഷം ജോലി കഴിഞ്ഞുള്ള മുഴുവന്‍ സമയവും മലേറിയ സംബന്ധിച്ച് ഗവേഷണങ്ങള്‍ക്കായി വിനിയോഗിച്ചു. പ്ലാസ്മോഡിയം എന്ന മലമ്പനിയുടെ രോഗാണു കൊതുകില്‍ ഉണ്ടോ എന്ന് നോക്കുകയായിരുന്നു അദ്ദേഹം. തന്റെ ഓഫീസ്മുറിയുടെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊതുകുകളെ കീറി പരിശോധിക്കുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരിക്കല്‍ ഒരു കീഴ് ഉദ്യോഗസ്ഥന്‍ ഒരു പ്രത്യേക തരത്തില്‍പെട്ട കൊതുക്, ഭിത്തിയില്‍ ഇരിക്കുന്നത്  റോസ്സിന് കാണിച്ചുകൊടുക്കുകയുണ്ടായി. റോസ്സ് അതിനെ കുപ്പിയിലാക്കി. അടുത്തദിവസം ഈ വിഭാഗത്തില്‍പെട്ട കുറെ അധികം കൊതുകുകളെ ശേഖരിക്കാന്‍ റോസ്സിന് കഴിഞ്ഞു. ആശുപത്രയിലെ രോഗികളിലൊരാളായ ഹുസൈന്‍ഖാന്‍ ഈ കൊതുകിനെക്കൊണ്ട്, തന്നെ കടിപ്പിച്ചുകൊള്ളുവാന്‍ അനുവധിച്ചു. അത്തരത്തിലുള്ള കൊതുകുകളെ കീറിമുറിച്ചുകൊണ്ട്, റോസ്സ് 3 ദിവസം കഴിച്ചുകൂട്ടി. ആയിരക്കണക്കിന് കൊതുകുകളെ കീറിമുറിച്ചിട്ടും, അവയിലൊന്നിലും പ്ലാസ്മോഡിയത്തെ കാണുവാന്‍ സാധിച്ചില്ല. അവസാനം റോസ്സ് ശേഷിച്ച രണ്ടു കൊതുകുകള്‍ ഉള്ളതില്‍, ഒന്നിന്റെ മേലും കൈവച്ചു. അപ്പോള്‍ അതില്‍ ലണ്ടനില്‍ വച്ച് മാന്‍സണ്‍ കാണിച്ചുകൊടുത്ത അതേ രോഗാണുവിനെ കാണാന്‍ കഴിഞ്ഞു. ഈ ജീവികള്‍ കൊതുകിന്റെ ഉദരത്തില്‍ വ്യാപിച്ചുകിടക്കുന്നത് കണ്ടു. അനോഫെലിസ് എന്ന ഇനം കൊതുകിന്റെ ഉദരത്തില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. അന്ന് ആഗസ്റ്റ് 20-ാം (1897) തീയതിയായിരുന്നു. അടുത്തദിവസം ശേഷിച്ച കൊതുകിനെയും അദ്ദേഹം പരിശോധിച്ചു. അതിന്റെ ഉദരത്തിലും പ്ലാസ്മോഡിയത്തെ കാണുവാന്‍ കഴിഞ്ഞു. കൊതുകിന്റെ ഉദരത്തില്‍ പ്ലാസ്മോഡിയത്തിന് വളരുവാന്‍ കഴിയുമെന്നും അത്തരം കൊതുക് മനുഷ്യനെ കടിക്കുമ്പോള്‍ മലമ്പനി രോഗബാധയുണ്ടാകുമെന്നും റോസ്സ് തീരുമാനിച്ചു.
പിന്നീട് ഇംഗ്ലണ്ടിലേക്കു മടങ്ങിയ റോസ്സ്, ലണ്ടനില്‍ ഉഷ്ണമേഖലാ വൈദ്യശാസ്ത്ര പ്രൊഫസറായിരുന്നു. 1902 –ല്‍ അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നല്‍കപ്പെട്ടു. ലണ്ടനില്‍വച്ച് 1932 സെപ്തംബര്‍ 16-ാം തീയതി റോസ്സ് നിര്യാതനായി.

Leave a Reply