സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍

2012 ജൂലായ്. സൂര്യനെ നിരീക്ഷിക്കാന്‍ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള സോഹോ ടെലിസ്കോപ്പും സമാന ടെലസ്കോപ്പുകളും ഒരു കാഴ്ച കണ്ടു. സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍. സൂര്യന്റെ ഉപരിതലത്തില്‍ നിന്നും ദ്രവ്യമടക്കം അതിശക്തമായ പുറന്തള്ളലുണ്ടാവുന്നതിനാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്നു പറയുന്നത്. കഴിഞ്ഞ മാസം (ഏപ്രില്‍ 8 മുതല്‍ 11 വരെ) നടന്ന ബഹിരാകാശ കാലാവസ്ഥാ വര്‍ക്ക് ഷോപ്പില്‍ ശാസ്ത്രജ്ഞരും നിരീക്ഷകരും ഒത്തുകൂടി. ഈ സംഭവത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ കൊറോണല്‍ മാസ് ഇജക്ഷന്‍ മൂലമുണ്ടായ സൗരക്കാറ്റ് ഭൂമിയില്‍ എത്തിയിരുന്നെങ്കില്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഭൂമിയിലുണ്ടായേനെ എന്നതായിരുന്നു അവരുടെ നിഗമനം. ഭൂമിയിലെ എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായേനെ. ഉപഗ്രഹങ്ങളും വിമാനങ്ങളും അടക്കം ഭൂരിഭാഗം ഇലക്ട്രോണിക് ഉപകരണങ്ങളും പണിമുടക്കുമായിരുന്നു. ഊഹിക്കാന്‍ പോലുമാകാത്ത സാമ്പത്തികനഷ്ടമായിരിക്കും ഇതു മൂലം സംഭവിക്കുക. കഴിഞ്ഞ കുറച്ചുനൂറ്റാണ്ടുകള്‍ക്കിടയില്
‍ ഉണ്ടായ ഏറ്റവും വലിയ സൗരക്കാറ്റിനാണത്രേ 2012 ജൂലായ് സാക്ഷ്യം വഹിച്ചത്. പക്ഷേ ഒരു വലിയ ഭാഗ്യം ഭൂമിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഭൂമിയുടെ പരിക്രമണപഥത്തിലൂടെയാണ് സൗരക്കാറ്റ് കടന്നുപോയതെങ്കിലും ആ സമയത്ത് ഭൂമി അവിടെ ഉണ്ടായിരുന്നില്ല! കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ കാണൂ.

Leave a Reply