ഹാന്‍സ് ബെഥെ

അണുകേന്ദ്ര പ്രതിപ്രവര്‍ത്തനങ്ങളെ കുറിച്ചും നക്ഷത്രങ്ങളില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നതിനെ കുറിച്ചും പഠനങ്ങൾ നടത്തിയ നോബൽ സമ്മാന ജേതാവായ ഹാന്‍സ് ബെഥെയുടെ ജന്മ ദിനമാണ് ജൂലായ് 2.Hans_Betheഒരു പ്രൊഫസറുടെ മകനായ ബെഥെ, 1906 ജൂലായ് 2-ാം തീയതി, സ്ട്രാസ് ബര്‍ഗിലാണ് ജനിച്ചത്. മ്യൂണിക്കില്‍ നിന്നു ഡോക്ടര്‍ ബിരുദമെടുത്ത ശേഷം പ്രശസ്ത ഭൗതികജ്ഞരായ സോമര്‍ഫെല്‍ഡ്, റഥര്‍ഫോര്‍ഡ്, ഫെര്‍മി എന്നിവരുടെ കൂടെ ഗവേഷണം ചെയ്തു. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നതോടെ, ജര്‍മ്മനി വിടുന്നതായിരിക്കും നല്ലതെന്ന് ബെഥെ തീരുമാനിച്ചു. അങ്ങനെ കുറച്ചുനാള്‍ ഇംഗ്ലണ്ടില്‍ തങ്ങിയശേഷം അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ ജോലി സ്വീകരിച്ചു.

നക്ഷത്രങ്ങളില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നതിനെ കുറിച്ച് നടത്തിയ പഠനങ്ങളാണ്, ബെഥെയുടെ ഏറ്റവും വലിയ കണ്ടുപിടിത്തം. ഒരു ഹൈഡ്രജന്‍ ന്യൂക്ലിയസ്സും (പ്രോട്ടോണ്‍) ഒരു കാര്‍ബണ്‍ ന്യൂക്ലിയസ്സുമായി കൂടിച്ചേരുന്നു. അപ്പോള്‍ പ്രതിപ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പര തന്നെ നടക്കും. അവസാനം കാര്‍ബണ്‍ ന്യൂക്ലിയസ് പുനരുത്പാദിപ്പിക്കപ്പെടുകയും, നാല് ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകള്‍ ചേര്‍ന്ന് ഒരു ഹീലിയം ന്യൂക്ലിയസ് ഉണ്ടാകുകയും ചെയ്യും. അങ്ങനെ നക്ഷത്രങ്ങളുടെ ഇന്ധനം ഹൈഡ്രജനും, കാര്‍ബണ്‍ കത്തിയതിനു ശേഷമുള്ള ‘ചാര’ വുമാണ്. സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളുടെ ഭൂരിഭാഗവും ഹൈഡ്രജന്‍ ആണ്. അതിനാല് അവയ്ക്ക് കോടാനുകോടി വര്‍ഷങ്ങള്‍ കത്തിജ്വലിക്കുവാന്‍ കഴിയും.

ആദ്യ അണുബോബ് നിര്‍മ്മാണത്തില്‍ ബെഥെക്ക് പ്രധാന പങ്കുണ്ട്. എന്നാല്‍ അതിനുശേഷം അണുബോബ് നിര്‍മ്മാണത്തിനെതിരായും ലോകസമാധാനത്തിനു വേണ്ടിയും പ്രസംഗങ്ങള്‍ ചെയ്തു. 1967-ല്‍ ബെഥെക്ക് നോബല്‍ സമ്മാനം ലഭിച്ചു.

2005 മാർച്ച് 6 ന് ന്യൂയോർക്കിലെ സ്വന്തം വസതിയിൽ വച്ച് അദ്ദേഹം നിര്യാതനായി. മരിക്കുമ്പോൾ കോർണൽ സര്‍വ്വകലാശാലയില്‍ എമരിറ്റസ് പ്രൊഫസർ ആയിരുന്നു ബെഥെ.

MoreDetails

Leave a Reply