റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ (1918-1990)

മേയ് 11, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ് എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാവായ റിച്ചാർഡ് ഫെയ്ന്മാൻറെ ജന്മദിനമാണ്. ഇലക്ട്രോണിന്റെ സ്വഭാവം അന്നേവരെ വിശദീകരിച്ചിരുന്നതിലും, കൃത്യമായി പ്രവചിക്കുവാന്‍ ഇലക്ട്രോഡൈനാമിക്സ് വഴി കഴിഞ്ഞു. ഇതിനുവേണ്ടിയുള്ള ഫ്രെയ്മാന്‍ ചിത്രങ്ങള്‍ എന്ന സങ്കേതം, നിസ്തുലമായ ഒരു കണ്ടുപിടിത്തമായി ഗണിക്കപ്പെടുന്നു.Richard_Feynmanന്യൂയോര്‍ക്കിലെ ഫാര്‍റോക്ക്വേ എന്ന ചെറുനഗരത്തില്‍ 1918 മേയ് പതിനൊന്നിന് ഫെയ്ന്‍മാന്‍ ഭൂജാതനായി. പ്രാഥമിക വിദ്യാഭ്യാസം ന്യുയോര്‍ക്കില്‍ തന്നെയായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ പ്രതിഭയുടെ സ്ഫുരണങ്ങള്‍ ഫെയ്ന്‍മാനില്‍ പ്രകടമായിരുന്നു. ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ തന്നെ ഒരു പ്രൊഫഷണല്‍ റേഡിയോ മെക്കാനിക്കായി ഫെയ്ന്‍മാന്‍ അറിയപ്പെട്ടിരുന്നുപോലും. പതിനേഴാമത്തെ വയസ്സില്‍ അദ്ദേഹം വിഖ്യാതമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എത്തിച്ചേര്‍ന്നു. ഫെയ്ന്‍മാന്റെ പ്രതിഭയെ തേച്ചു മിനുക്കിയെടുത്തത് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. നാലുവര്‍ഷത്തിനുശേഷം, 1939-ല്‍ അദ്ദേഹം പ്രന്‍സ്ടണ്‍ സര്‍വകലാശാലയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കേളികൊട്ടു നടക്കുന്ന കാലമാണത്. അക്കാലത്തെ എല്ലാ പ്രഗത്ഭശാസ്ത്രജ്ഞന്മാരും ബോംബു നിര്‍മ്മാണത്തിനുള്ള‘മാന്‍ഹാട്ടന്‍ പ്രോജക്ടില്‍’ അംഗങ്ങളായിരുന്നു. സ്വാഭാവികമായി ഫെയ്ന്‍മാനും ഈ പ്രോജക്ടില്‍ അംഗമായി. ആദ്യത്തെ പരീക്ഷണ അണുബോംബ് സ്ഫോടനം വീക്ഷിക്കാനെത്തിയവരില്‍ ഫെയ്ന്‍മാനുമുണ്ടായിരുന്നു. യുദ്ധാനന്തരം ഫെയ്ന്‍മാന്‍ കോര്‍ണല്‍ സര്‍വ്വകലാശാലയിലേക്ക് മാറി. 1950-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ചേരുന്നതുവരെ അദ്ദേഹം അവിടെ തുടര്‍ന്നു. 1940-കളിലാണ്, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സിന്റെ ബാലപാഠങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെടുക്കുന്നത്. അപാണവലോകത്തിലെ നിഗൂഢതകളെ അനാവരണം ചെയ്യുന്നതില്‍ പില്‍ക്കാലത്ത് ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ് വഹിച്ച പങ്ക് നിസ്തുലമാണ്. (ഷ്വിങ്ങറും ടോമോനാഗയും സ്വതന്ത്രമായിതന്നെ ഫെയ്ന്‍മാന്‍റെ നിരീക്ഷണങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു). 1965-ല്‍ ഈ രണ്ടുപേരോടൊപ്പം ഫെയ്ന്‍മാന്‍ നോബല്‍ സമ്മാനം നേടി. 1957-ല്‍ കാല്‍ടെക്കില്‍ (Caltech) എത്തിച്ചേര്‍ന്നശേഷം ഫെയ്ന്‍മാന്‍ മരണംവരെ അവിടെ തുടര്‍ന്നു.

ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഫെയ്ന്‍മാന്‍. കൃതഹസ്തനായ ഒരു ചിത്രകാരന്‍, സംഗീതജ്ഞന്‍, സരസനായ ഒരു പ്രഭാഷകന്‍ എന്നിങ്ങനെ ആ വ്യക്തിത്വത്തിനു നിരവധി മുഖങ്ങളുണ്ടായിരുന്നു. “കൗതുകകരമായ വ്യക്തിത്വത്തിന്റെ” ഉടമ എന്ന് പരക്കെ അറിയപ്പെടത്തക്കവിധം, പെരുമാറുക എന്നത് ഇദ്ദേഹത്തിന്റെ ഒരു സവിശേഷതയായിരുന്നു. ഈ സ്വഭാവത്തിന്റെ നഖചിത്രം വരയുന്ന ആത്മകഥയ്ക്ക് ഫെയ്ന്‍മാന്‍ നല്‍കിയ പേരുതന്നെ (Surely You Are Jocking Mr. Feynman) ഇത് വെളിവാക്കുന്നുണ്ട്. 1990-ല്‍ കാന്‍സര്‍ രോഗം മൂലം അദ്ദേഹം നിര്യതനായി.

Leave a Reply