ജൂണ്‍ 8, തന്മാത്രാ ജൈവശാസ്ത്രത്തിലെ അതികായനായ ഫ്രാൻസിസ് ക്രിക്കിന്റെ ജന്മദിനമാണ്. ഡി.എന്‍.എയുടെ ഇരട്ട ഹെലിക്സ് ഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. ജനിതക കോഡ്, പ്രോട്ടീന്‍ സംശ്ലേഷണം എന്നിവയിലും അദ്ദേഹത്തിൻറെ മൗലികമായ സംഭാവനകളുണ്ട്.
1916 ജൂണ്‍ 8-ാം തീയതി ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണിലാണ് ഫ്രാന്‍സിസ് ഹാരികോംപ്ടണ് ക്രിക്ക് ജനിച്ചത്. ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു. വടക്കന്‍ ലണ്ടനിലെ ഒരു സാധാരണ പബ്ലിക്ക് സ്കൂളിലാണ് പഠിച്ചത്. വീട്ടില്‍ ആര്‍ക്കും ശാസ്ത്രത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, അച്ഛന് ഒരു ‘കുട്ടികളുടെ വിജ്ഞാനകോശം’ വാങ്ങിക്കൊടുത്ത കാര്യം ക്രിക്ക് പ്രത്യേകം ഓര്‍മിക്കുന്നുണ്ട്. ചെറുപ്പത്തില്‍തന്നെ ശാസ്ത്രത്തില്‍ തത്പരനായിരുന്നു. അങ്ങനെ ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്നു ബിരുദമെടുത്തശേഷം അവിടെ തന്നെ ഗവേഷണ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. വളരെ കൃത്യമായ അളവെടുക്കുവാനുള്ള ഒരു ഉപകരണം നിര്മിക്കുവാനാണ്, ഗവേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന പ്രൊഫസര്‍ ക്രിക്കിനെ ഏല്പിച്ചത്. എന്തെങ്കിലും ഒന്ന് ചെയ്യുവാനുള്ള താത്പര്യത്തില്‍, ക്രിക്ക് വിരസമായ ആ പണിചെയ്തു തീര്‍ത്തു. പിന്നെ കൂടുതലായൊന്നും ചെയ്യേണ്ടിവന്നില്ല. കാരണം ബോംബാക്രമണത്തില്‍ (രണ്ടാം ലോകമഹായുദ്ധകാലമായിരുന്നു) ലാബറട്ടറിയും ഉപകരണവുമെല്ലാം നശിച്ചു.
യുദ്ധകാലത്ത് നാവികസേനയില്‍ മൈനുകള്‍ ഉണ്ടാക്കുന്ന വിഭാഗത്തില്‍ ജോലി കിട്ടി. യുദ്ധം കഴിഞ്ഞപ്പോള്‍ വീണ്ടും പഠിക്കുവാനാണ് തീരുമാനിച്ചത്. പഠനത്തിനായി ജീവശാസ്ത്രമാണ് തിരഞ്ഞെടുത്തത്. അങ്ങനെ 1947-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എത്തി. കലകളെപ്പറ്റി പഠിക്കുന്ന ഒരു ലാബറട്ടറിയില്‍ അല്പനാള് തങ്ങിയശേഷം പ്രശസ്തമായ കാവെന്‍ഡിഷ് ലാബറട്ടറിയിലേക്ക് മാറി. അവിടെ വിഖ്യാത തന്മാത്രാ ജൈവശാസ്ത്രജ്ഞനായ മാക്സ് പെരുട്സിന്റെ (ഹീമോഗ്ലോബിന്റ തന്മാത്രാ ഘടന നിര്‍ണ്ണയിച്ചത് ഇദ്ദേഹമാണ്) കീഴില്‍ ഡോക്ടര്‍ ബിരുദത്തിനുള്ള വിദ്യാര്‍ത്ഥിയായി. എക്സ്റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് പ്രോട്ടീനുകളുടെ ഘടന നിര്‍ണ്ണയിക്കുന്നതിനെ സംബന്ധിച്ചതായിരുന്നു ഗവേഷണ വിഷയം.
ഇതിനിടെ കയ്യില്‍കിട്ടുന്ന ജീവശാസ്ത്രപുസ്തകങ്ങളെല്ലാം വായിച്ചുതീര്‍ത്തു. അങ്ങനെ വെറും രണ്ടുകൊല്ലം കൊണ്ട് ജീവശാസ്ത്രത്തില്‍ വേണ്ടത്ര പ്രാഗദ്ഭ്യം നേടി. ഈ സന്ദര്‍ഭത്തിലാണ് ജെയിംസ് വാട്സണ് അവിടെ എത്തിയത് അവര്‍ തമ്മില്‍ പരിചയപ്പെടുകയും ഡി.എന്‍.എയുടെ പ്രാധാന്യം മനസ്സിലാക്കി അതില്‍ ഗവേഷണം ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു. അക്കാലത്ത് കേംബ്രിഡ്ജില്‍ ഡി.എന്‍.എ താത്പര്യമുള്ള ആരും ഉണ്ടായിരുന്നില്ല. ഔപചാരികമായി നോക്കിയാല്‍ വാട്സന്റെയും ക്രിക്കിന്റെയും ഗവേഷണവിഷയവും അതല്ലായിരുന്നു. എങ്കിലും ദീര്‍ഘദൃഷ്ടിയോടെ ഡി.എന്‍.എയുടെ പ്രാധാന്യം മനസ്സിലാക്കി അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചു. അധികൃതര്‍ക്ക് ഇതറിയാമായിരുന്നെങ്കിലും അവരതിനെ എതിര്‍ത്തില്ല.
വാട്സണും ക്രിക്കും നീണ്ട സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക പതിവായിരുന്നു. ആ സമയങ്ങളില്‍ ക്രിക്കിന് ജനിതകത്തെക്കുറിച്ച് പലതും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അതേസമയം വാട്ട്സന് എക്സ്-റേ ക്രിസ്റ്റലോഗ്രാഫിയെപ്പറ്റി സാമാന്യവിജ്ഞാനം നേടുവാനും സാധിച്ചു. അന്നുവരെ രസതന്ത്രപരമായി ഡി.എന്‍.എയെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ വിവരങ്ങളും അവര്‍ മനസ്സിലാക്കി. ലണ്ടനില്‍ മൗറിസ് വില്‍കിന്‍സും, ഫ്രാങ്കിളിനും എടുത്ത ഡി.എന്‍.എയുടെ എക്സ്-റേ ചിത്രങ്ങളും അവര്‍ക്ക് കാണുവാന്‍ കഴിഞ്ഞു. തന്മാത്രയില് ആറ്റങ്ങള്‍ എങ്ങനെയാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് അറിയാന്‍ എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ചുള്ള പഠനങ്ങള്‍ കൂടിയേ കഴിയൂ. കൂടാതെ ലിനസ് പൗളിങ്ങിന്റെ ഘടനാപര സ്രോതസ്സുകളും അവര്‍ ഉപയോഗപ്പെടുത്തി. അങ്ങനെ 1953-ല്‍ ഇന്ന് ലോകപ്രശസ്തമായ ഇരട്ട ഹെലിക്സിനെ കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചു.
ക്രിക്ക് പിന്നീട് തന്മാത്രാ ജൈവശാസ്ത്രത്തിലെ (ഇരട്ട ഹെലിക്സിന്റെ കണ്ടുപിടിത്തത്തോടെയാണ് തന്മാത്രാ ജൈവശാസ്ത്രം എന്നൊരു ശാസ്ത്രശാഖ നിലവില്‍വന്നതെന്ന് പറയാം) മറ്റു സുപ്രധാന പ്രശ്നങ്ങളിലേക്ക് തിരിഞ്ഞു. കോശത്തിനകത്ത് പ്രോട്ടീനുകളെ സംശ്ലേഷിപ്പിക്കുന്നതെങ്ങനെയെന്നതില് ക്രിക്ക് മൗലികമായ സംഭവനകള്‍ നല്കി. റൈബോസോമുകളിലേക്ക് അമിനോ അമ്ലങ്ങളെ കൊണ്ടുചെല്ലുന്ന ട്രാന്‍സ്ഫര്‍ ആര്.എന്‍.എ ഉണ്ടെന്ന ആശയം മുന്നോട്ടുവച്ചതും ക്രിക്കാണ്. അടുത്തടുത്തുള്ള മുമ്മൂന്ന് ന്യൂക്ലിയോ ടൈഡുകളാണ് ജനിതകകോഡ് എന്ന് തെളിയിക്കുന്ന ജനിതക പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. ജീവന്റെ ഉത്പത്തിയെക്കുറിച്ചും ക്രിക്ക് ചിന്തിച്ചിട്ടുണ്ട്. മറ്റെവിടെനിന്നോ എത്തിപ്പെട്ട വിത്തുകളില്‍ നിന്നുമാണ് ഭൂമിയില്‍ ജീവന് ഉണ്ടായതെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ക്രിക്ക് കാലിഫോര്‍ണിയയിലെ സാക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ പ്രൊഫസറായിരുന്ന സമയത്ത് തന്മാത്രാ നാഡീവിജ്ഞാനീയത്തിൽ ഗവേഷണം നടത്തിയിരുന്നു. 1962-ല്‍ ക്രിക്കിന് നോബല്‍ സമ്മാനം ലഭിച്ചു.
2004 ജൂലൈ 28 ന് കാൻസർ മൂലം ക്രിക്ക് മരണമടഞ്ഞു.