Home » പംക്തികൾ » പുസ്തക പരിചയം » ജൈവപരിണാമം മഹത്തായ ദൃശ്യവിസ്മയം

ജൈവപരിണാമം മഹത്തായ ദൃശ്യവിസ്മയം

ജീവപരിണാമത്തെ സംബന്ധിച്ചുള്ള ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം മിക്ക വൈജ്ഞാനിക മേഖലകളിലും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡാർവിന്റെ രണ്ടാം ജന്മശതാബ്ദിയും ജീവജാതികളുടെ ഉത്ഭവത്തിന്റെGreatest Show on Earth

രചനയുടെ നൂറ്റമ്പതാം വാർഷികവും 2009 ൽ ലോകമെമ്പാടും ആചരിക്കപ്പെട്ടത്.ശാസ്ത്രവിഷയങ്ങളിൽ മാത്രമല്ല രാഷ്ടീയ സാമ്പത്തിക രംഗങ്ങളിലും ഡാർവിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനവും അതുളവാക്കുന്ന സംവാദങ്ങളും സജീവ സാന്നിധ്യമായി ഇപ്പോഴും നിറഞ്ഞു നിൽക്കുന്നതായി കാണാൻ കഴിയും.

ഡാർവിൻ എഴുതിയ പുസ്തകങ്ങൾക്കും മറ്റ് രേഖകൾക്കും പുറമേഡാർവിന്റെ ജീവിതത്തേയും സിദ്ധാന്തങ്ങളേയും വ്യത്യസ്ത കാഴ്ചപ്പാ‍ടുകളിൽ വിലയിരുത്തിക്കൊണ്ടുള്ള നിരവധി ഗ്രന്ഥങ്ങൾ ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെട്ടുവരികയാണ്. ഡാർവിൻ പുസ്തക പ്രസിദ്ധീകരണ സംരംഭങ്ങളെ, പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ ബാഹുല്യം മൂലം ഡാർവിൻ വ്യവസായം (Darwin Industry) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഒരു പക്ഷേ മാർക്സിനെയും മാർക്സിസത്തേയും കുറിച്ച് മാത്രമാണ് സമീപകാലത്ത് ഇത്രയധികം പുസ്തകങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വിവിധമതങ്ങളിൽ പെട്ട മതമൌലികവാദികൾ ഡാർവിന്റെ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ആത്മീയതയേയും ശാസ്ത്രത്തേയും കൂട്ടുപിടിച്ചുള്ള ദുർബലശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. മതവിശ്വാസത്തേയും അതുവഴി മൂല്യബോധത്തേയും ദുർബലപ്പെടുത്തുന്ന ഒന്നായിട്ടാണ് പരിണാമസിദ്ധാന്തത്തെ മതവിശ്വാസികളിൽ പലരും കരുതുന്നത്. അതിനേക്കാളുപരിയായി പരിണാമ സിദ്ധാന്തം എതിർക്കപ്പെടാൻ കാരണം പരിണാമ പ്രക്രിയയിൽ ദൈവത്തിനൊരു പങ്കുമില്ലെന്നതാണ്. എന്നാൽ പരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്രീയതയും ദൈവവിശ്വാസവും സമന്വയിപ്പിച്ചുകൊണ്ട് പരിണാമ സിദ്ധാന്തത്തെ പുനർനിർവ്വചിക്കാൻ ശ്രമിക്കുന്ന ആത്മീയ വാദികളുമുണ്ട്. മനുഷ്യ ജിനോം പ്രോജക്ടിന് ജെയിംസ് വാട്ട്സണുശേഷം നേതൃത്വം നൽകിയ പ്രാൻസിസ് കോളിൻസ് ഈ വിഭാഗത്തിൽ പെട്ട പ്രമുഖരിൽ പെടുന്നു. പ്രപഞ്ചവും ജീവരൂപങ്ങളും വസ്തുനിഷ്ഠനിയമങ്ങൾക്ക് വിധേയമാണെങ്കിലും മനുഷ്യനെന്ന സവിശേഷജീവിയിൽ മറ്റ് ജീവജാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ആത്മബോധവും ധാർമ്മികതയും ഉളവാക്കിയത് ദൈവമാണെന്ന് “ദി ലാഗ്വേജ് ഓഫ് ഗോഡ്“(Francis Collins: The Language of God: Free Press New York: 2996)എന്ന കൃതിയിലൂടെ കോളിൻസ് വാദിക്കാൻ ശ്രമിക്കുന്നുണ്ട്. ജീവനും മൂല്യബോധവും ദൈവവും പരിണാമത്തിനായി പ്രകൃതിയും എന്ന നിലപാടാണ് കോളിൻസും ഇതേപോലെ ചിന്തിക്കുന്നവരുംഎടുക്കുന്ന നിലപാട്.

വിഖ്യാത പരിണാമശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ റിച്ചാർഡ് ഡോക്കിൻസ് പരിണാമസിദ്ധാന്തത്തിനെതിരെ കപട ശാസ്ത്രസിദ്ധാന്തങ്ങളുടേയും ആത്മീയതയുടേയും അകമ്പടിയോടെയും നടന്നുവരുന്നഇത്തരം വാദങ്ങൾക്കും സമീപനങ്ങൾക്കുംതന്റെ ഏറ്റവും പുതിയ കൃതിയായ ദി ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്: എവിഡൻസ് ഫോർ എവല്യൂഷനിലൂടെ(Richard Dawkins: The Greatest Show on Earth: Bantam Press: London: 2009) ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ശക്തവും സുവ്യക്തവും സമഗ്രവുമായ മറുപടി നൽകുന്നു. ഡാർവിൻ ജീവിച്ചിരുന്ന കാലത്ത് പരിണാമ സിദ്ധാന്തത്തിന്റെ എതിരാളികളെ നേരിട്ടുകൊണ്ട് ഡാർവിനെശക്തമായി പ്രതിരോധിച്ചിരുന്ന തോമസ് ഹെൻട്രി ഹക്സിലിയുടെ ചുമതലയാണ് ആധുനിക കാലത്ത് ഡോക്കിൻസ് ഫലവത്തായി നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ജൈവപരിണാമമാണ് ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്നും അതിന്റെ തെളിവുകളും അടയാളങ്ങളും ഭൂമിയിലാകെ വാരിവിതറിയിരിക്കയാണെന്നും നിരവധി തെളിവുകളുടെ അവതരണത്തിലൂടെ ഡോക്കിൻസ് ബോധ്യപ്പെടുത്തുന്നു. ജൈവപ്രപഞ്ചവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ പ്രധാനപ്പെട്ട തെളിവായി ഡോക്കിൻസ് അവതരിപ്പിക്കുന്നത്.

പരിണാമസിദ്ധാന്തം ന്യായീകരിക്കുന്നതിനായി അവതരിപ്പിക്കാറുള്ള പല പഴയ തെളിവുകളും ആധുനിക കണ്ടെത്തുലുകളുടെ സഹായത്തോടെ ഡോക്കിൻസ് പുന:പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്. ഉദാഹരണത്തിന് പരിണാമത്തിന്റെ ഇപ്പോഴും ജീവിച്ചിരിക്കുന്ന തെളിവുകളായി ഹാ‍ജരാക്കാറുള്ള ഫോസിലുകളെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന മാറാലകളും തെറ്റിദ്ധാരണകളും ഡോക്കിൻസ് നീക്കം ചെയ്യുന്നു. നമ്മുടെ ഭാവനാതീതമായ സുദീർഘമായ കാലയളവിനുള്ളിൽ നടക്കുന്നതായതുകൊണ്ടാണ് പരിണാമത്തെ മനസ്സിലാക്കാൻ പലർക്കും കഴിയാതെ പോവുന്നതെന്നും പരിണാമകാ‍ലദൈർഘ്യവുമായി മാനസികമായി പൊരുത്തപ്പെട്ടുമാത്രമേ പരിണാമസിദ്ധാന്തത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂതയും ദുർഗ്രാഹ്യതയും ഒഴിവാക്കാനാവൂ എന്നും ഡോക്കിൻസ് വ്യക്തമാക്കുന്നുണ്ട്.

ജീവശാസ്ത്രത്തെ പറ്റി പ്രാഥമിക ധാരണയുള്ളവർക്ക് പോലും അനായാസം വായിച്ചുപോകാവുന്ന അയത്നലളിതമായ ഭാഷയിലാണ് ഡോക്കിൻസ് പരിണാമസിദ്ധാന്തത്തിന്റെ അത്യധികം സങ്കീർണ്ണങ്ങളായ തലങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നത്. പ്രസിദ്ധ ശാസ്ത്രജ്ഞനും ജനപ്രിയ ശാസ്ത്രസാഹിത്യകാരനുമായ ജെയിംസ് വാട്ട്സനെ പോലെ നർമ്മം കലർത്തി ശാസ്ത്രസത്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പരിണാമവിരുദ്ധരെ കടന്നാക്രമിക്കുകയും അശാസ്ത്രീയചിന്തകളോട് വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യുന്ന ക്രുദ്ധനായ ശാസ്ത്രപ്രേമിയെയാണ് ഡോക്കിൻസിന്റെ മറ്റ് കൃതികളോടൊപ്പം ഈ പുസ്തകത്തിലും കാണാൻ കഴിയുക. ഡോക്കിൻസ് ബോധപൂർവ്വം തന്നെ സ്വീകരിച്ചിട്ടുള്ള ഈ രചനാരീതിമൂലമാണ്ശാസ്ത്രവിരുദ്ധരെ നിരന്തരം നേരിടേണ്ടിവരുന്ന ജനകീയശാസ്ത്രപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഹരമായി മാറികൊണ്ടിരിക്കുന്നത്.

ഡോക്കിൻസിന്റെ ആഖ്യാനശൈലിയുടെ പ്രത്യേകതയും വിഷയത്തിന്റെ ഗഹനതയും പുസ്തകത്തിന്റെ വലിപ്പവും കണക്കിലെടുക്കുമ്പോൾ ഈ വിശ്രുതഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമചെയ്തവതരിപ്പിക്കാൻ പെട്ടെന്നാരും മുതിരുമെന്ന് തോന്നുന്നില്ല. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട് ഏതാനും മാസങ്ങൾക്കകം തന്നെ ശ്രമകരമായ ഈ ദൌത്യം അത്യധികം സ്തുത്യർഹമായി ഏറ്റെടുത്ത് നിർവഹിച്ചിരിക്കുന്നു പ്രസിദ്ധ യുക്തിചിന്തകനും പ്രഭാഷകനും എഴുത്തുകാരനും ഇംഗ്ലീഷ് അധ്യാപകനുമായ ശ്രീ. രവിചന്ദ്രൻ സി. മൂലഗ്രന്ഥത്തിൽ ചേർത്തിട്ടുള്ള കളർ ചിത്രങ്ങളും പ്ലേറ്റുകളും സഹിതം ഡി സി ബുക്ക്സാണ് പുസ്തകത്തിന്റെ വലിപ്പവും ഉള്ളടക്കത്തിന്റെ ഗരിമയുംപരിഭാഷയുടെ മികവും പരിഗണിക്കുമ്പോൾ താരതമ്യേന വിലക്കുറവിന് “ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം”(2012 പേജ് 552 വില 350 രൂപ) എന്ന പേരിൽ ലോകമെമ്പാടും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രസിദ്ധ ഗ്രന്ഥം കേരള സമൂഹത്തിന് ലഭ്യമാക്കിയിരിക്കുന്നത്. പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷം (2006) ൽ തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ ഡോക്കിൻസിന്റെ ദൈവവിഭ്രാന്തിയുടെ (Richard Dawkins: The God Delusion: Houghton Mifflin Company: Boston: 2006) പഠനവും വിശകലനവും “നാസ്തികനായ ദൈവം” എന്ന പേരിൽ രവിചന്ദ്രൻ 2009 ൽ പ്രസിദ്ധീകരിച്ചിരുന്നു. അഞ്ഞൂറിലേറെ പുറങ്ങളുള്ള നാസ്തികനായ ദൈവത്തിന്റെ മൂന്നു പതിപ്പുകൾ 2012-നകം പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ഡോക്കിൻസിന്റെ ശാസ്ത്രചിന്തകൾക്കും യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള രവിചന്ദ്രനെപ്പോലുള്ള എഴുത്തുകാർക്കും കേരളസമൂഹം നൽകുന്ന അംഗീകാരത്തിന്റെ കൂടി തെളിവായി കണക്കാക്കേണ്ടിയിരിക്കുന്നു.

Check Also

ജനിതക വിപ്ലവം: ധാര്‍മിക സമസ്യകളും നിയമദത്ത വെല്ലുവിളികളും 

ജിനോമിക്‌സിന്റെ ധാര്‍മികതയെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്ന പുസ്തകമാണ് വാണി കേസരി രചിച്ച ‘The Saga of Life: Interface of Law and Genetics'

3 comments

  1. please gave a brief note in Malayalam about Gadgil report.

  2. മഹത്തായ ഉദ്യമം .. നന്ദി ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തിയതിനു :)

  3. ഭൂമിയിലെ ഏറ്റവും മഹത്തായ ദ്രിശ്യവിസ്മയം പരിണാമം തെളിയിക്കുന്നോ?

    https://www.facebook.com/photo.php?fbid=10154423335575063&set=gm.722604657824146&type=1&theater

Leave a Reply

%d bloggers like this: