എഡ്വേര്‍ഡ് ജെന്നര്‍ (1749-1823)

മേയ് 17 എഡ്വേര്‍ഡ് ജെന്നറുടെ ജന്മദിനമാണ്. മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന മസൂരിയെ തടുക്കുവാന്‍ ‘വാക്സിനേഷന്‍’ എന്ന സമ്പ്രദായം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്ന മഹാനാണദ്ദേഹം. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആശങ്കയുണർത്തുന്ന ചർച്ചകൾ നടക്കുന്ന ഈ അവസരത്തിൽ ജെന്നറുടെയും വാക്സിന്റെയും കഥ പ്രസക്തമാണ്.ഇംഗ്ലണ്ടിലെ ബര്‍ക്ക് ലിയില്‍ ഗ്ലൗസസ്റ്റര്‍ എന്ന പ്രദേശത്ത് 1749 മേയ് മാസം പതിനേഴാം തീയതി എഡ്വേര്‍ഡ് ജെന്നര്‍ ജനിച്ചു. ആദ്യകാലവിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്ര പഠനത്തില്‍ ഏര്‍പ്പെട്ടു. ലണ്ടനിലുള്ള പ്രസിദ്ധനായ ഡോ.ജോണ്‍ഹണ്ടറുടെ കൂടെ ചേര്‍ന്ന് ജെന്നര്‍ വൈദ്യശാസ്ത്രത്തില്‍ അഭ്യസനം തുടര്‍ന്നു. വൈദ്യശാസ്ത്രത്തിനുപുറമേ പല ശാസ്ത്ര വിഷയങ്ങളിലും ജെന്നര്‍ തത്പരനായിരുന്നു. പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം എന്നിവകളിലെല്ലാം ജെന്നര്‍ക്കും ശ്രദ്ധപതിപ്പിക്കുവാന്‍ കഴിഞ്ഞു. ഡോ.ജോണ്‍ഹണ്ടറുടെ കൂടെയുള്ള താമസം ജെന്നറെ ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞനാക്കി. പിന്നീട് ജെന്നര്‍ ബര്‍ക്ക് ലിയിലേക്ക് മടങ്ങി ഡോക്ടറായി പ്രാക്ടീസ് ചെയ്തു.

Edward_Jennerയുവാവായ ഡോക്ടറെ കാണുവാന്‍ വന്ന പലര്‍ക്കും ഗോവസൂരി പിടിപെട്ടിരുന്നു. പശുക്കളെ കറക്കുന്നവര്‍ക്ക് അകിടില്‍ നിന്നുമാണ് ഇതു പകരുന്നത്. ഈ അസുഖത്തെചുറ്റിപ്പറ്റി അവിടങ്ങളില്‍ പല കഥകളും ഉണ്ടായിരുന്നു. പല അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. അക്കാലത്ത് അവിടെ പ്രചാരത്തിലിരുന്ന ഒരു വിശ്വാസം ജെന്നറിന്റെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചു. ഗോവസൂരി പിടിപെടുന്ന ഒരാള്‍ക്ക് ഒരിക്കലും മസൂരി ഉണ്ടാകുകയില്ല എന്ന ചൊല്ല് വെറുതെ ആയിരിക്കുകയില്ലെന്ന് അദ്ദേഹത്തിന് തോന്നി. പ്രസ്തുത നാടന്‍ ചൊല്ലിന് എന്തെങ്കിലും ഒരു യുക്തിയും അല്‍പം യാഥാര്‍ഥ്യവും കാണുമെന്ന് ജെന്നര്‍ വിശ്വസിച്ചു. മറ്റു ഡോക്ടര്‍മാരോട് ജെന്നര്‍ ഈ സംഹിതയെക്കുറിച്ച് സംസാരിച്ചുനോക്കി. അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഒരു അമ്മൂമ്മക്കഥ മാത്രമാണ് അതെന്ന് പല ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു. എന്നാല്‍ ജെന്നറിന് അവരുടെ അഭിപ്രായങ്ങള്‍ സ്വീകര്യമായി തോന്നിയില്ല. ജെന്നര്‍ ഈ കാര്യത്തെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തി. 1775 മുതല്‍ അദ്ദേഹം പരീക്ഷണങ്ങളില്‍ മുഴുകി. തന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഗോവസൂരി പിടിപെട്ട ചിലരില്‍ മസൂരി വന്നതായി ജെന്നര്‍ കണ്ടു. അദ്ദേഹം നിരാശനായില്ല. പരീക്ഷണങ്ങള്‍ തുടര്‍ന്നു. ഗോവസൂരി രണ്ടുതരത്തില്‍ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അതില്‍ ഒരെണ്ണത്തിനു മാത്രമേ രോഗനിരോധനശക്തിയുള്ളൂ. ജെന്നര്‍ക്ക് ആശ്വാസമായി. അദ്ദേഹം പഠനങ്ങള്‍ തുടര്‍‌ന്നു.

1796 മേയ് മാസം 14-ാം തീയതി സുപ്രധാനമായ ആ സംഭവം നടന്നു. അന്ന് എട്ടുവയസ്സുള്ള ജെയിംസ് ഫിപ്സ് (James Phipps)  എന്ന കുട്ടിക്ക് ജെന്നര്‍ ഗോവസൂരി പ്രയോഗം നടത്തി. ഗോവസൂരി പിടിപെട്ട ഒരു കറവക്കാരിയുടെ ശരീരത്തില്‍ നിന്നും എടുത്ത ചലമാണ് കുത്തിവച്ചത്. അതിനുശേഷം ജൂലൈ ഒന്നാം തീയതി ആ കുട്ടിയുടെ ദേഹത്ത് ശക്തിയായ മസൂരി ബാധിച്ച ആളിന്റെ ദേഹത്തുനിന്നുമുള്ള ചലം കുത്തിവച്ചു. രണ്ടാഴ്ചയോളം ജെന്നറും ആ കുട്ടിയുടെ അമ്മയും ആകാംക്ഷയോടെ കാത്തിരുന്നു. കുട്ടിക്ക് വസൂരിയുടെ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ല. പിന്നീട് മറ്റു പലരിലും ഇതേ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ഈ സമ്പ്രദായത്തിന് ജെന്നര്‍ വാക്സിനേഷന്‍ എന്നു പേരും നല്‍കി. വാക്സിനിയ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ഥം ഗോവസൂരി എന്നാണ്. 1798-ല്‍ ഗോവസൂരി പ്രയോഗത്തെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ജെന്നറുടെ വാക്സിനേഷന്‍ സമ്പ്രദായത്തിന് എതിര്‍പ്പുകള്‍ ഉണ്ടായി. വാക്സിനേഷന്‍ അപ്പാടെ അവഗണിക്കണമെന്നും പ്രയോഗിക്കരുതെന്നും ചില യാഥാസ്ഥിതികരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വാക്സിനേഷന്‍ അപകടം വരുത്തുമെന്ന് അവര്‍ പ്രചരണം നടത്തി. വാക്സിനേഷനെ പരിപൂര്‍ണ്ണമായി അനുകൂലിച്ചിരുന്ന ചില ഡോക്ടര്‍മാര്‍ക്ക് അപൂര്‍വ്വം പാകപ്പിഴകളും സംഭവിച്ചു. വാക്സിനേഷനുശേഷം ചിലര്‍ക്ക് മസൂരിപിടിപെട്ടു. സിറം ശുദ്ധമല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ജെന്നര്‍ മനസ്സിലാക്കി. ശരിയായ രീതിയില്‍ നിര്‍മാണം ആരംഭിച്ചപ്പോള്‍ അതിന് ഫലമുണ്ടായി. പതിനെട്ടു മാസംകൊണ്ട് പന്തീരായിരം ആളുകള്‍ ഇംഗ്ലണ്ടില്‍ വാക്സിനേഷന് വിധേയരായി. മസൂരിനിമിത്തമുള്ള മരണനിരക്ക് ആണ്ടില്‍ 2018-ല്‍ നിന്ന് 622 ആയി കുറഞ്ഞു. വാക്സിന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ ചൈന, ഇന്ത്യ, തെക്കെ അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലേക്കും അയച്ചുതുടങ്ങി. ജെന്നറുടെ കീര്‍ത്തിയും വാക്സിനേഷനും ഇംഗ്ലണ്ടിന് പുറമേക്ക് അതിവേഗം വ്യാപിച്ചു.

ഫ്രാന്‍സില്‍ സാര്‍വത്രികമായ ഗോവസൂരിപ്രയോഗം നടപ്പില്‍ വന്നു. വാക്സിനേഷനുവേണ്ടി നിര്‍മിച്ച ഒരു സ്ഥാപനത്തിന്റെ രക്ഷാധികാരിയായിരുന്നു നെപ്പോളിയന്‍‌. ജെന്നറെക്കുറിച്ച് നല്ല മതിപ്പ് നെപ്പോളിയനുണ്ടായിരുന്നു. ഫ്രഞ്ചുകാര്‍ തടവില്‍ പിടിച്ച കുറെ ഇംഗ്ലീഷ് ഭടന്മാരെ വിട്ടുതരണമെന്നു കാണിച്ച് ജെന്നര്‍ നെപ്പോളിയന് കത്തെഴുതി. തടവുകാരെ വിട്ടയക്കുവാന്‍ വൈമുഖ്യം കാണിച്ച നെപ്പോളിയന്‍ ജെന്നറാണ് അപ്രകാരം ആവശ്യപ്പെട്ടിരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അതിന് സമ്മതിച്ചു. എന്നാല്‍ ഇംഗ്ലണ്ടിലുള്ള ഫ്രഞ്ചുതടവുകാരെ വിട്ടയക്കുവാന്‍ ജെന്നര്‍ ചെയ്ത പരിശ്രമം വിജയിച്ചില്ല.

ജെന്നര്‍ കാതറിന്‍ കിങ്സ് കോട്ട് എന്ന യുവതിയെ വിവാഹം കഴിച്ചു. സൗഭാഗ്യകരമായ ഒരു ദാമ്പത്യജീവിതമാണ് അവര്‍ നയിച്ചിരുന്നത്. 1815-ല്‍ പത്നി അന്തരിച്ചു. ജെന്നര്‍ അതീവദു:ഖിതനായി. 1823 ജനുവരി 21-ാം തീയതി ജെന്നര്‍ തന്റെ ലൈബ്രറിയുടെ തറയില്‍ ബോധരഹിതനായി വീണു. അപ്പോപ്ലെക്സി എന്ന അസുഖമാണ് അദ്ദേഹത്തിന് പിടിപെട്ടത്. ജെന്നറുടെ വലതുവശം മരവിച്ചുപോയി. അടുത്ത ദിവസം അദ്ദേഹം എന്നന്നേക്കുമായി ലോകത്തോട് യാത്രപറഞ്ഞു. മരണം വിതയ്ക്കുന്ന മസൂരിയോട് മല്ലിട്ട് ജയിച്ച ജെന്നറെ ഒടുവില്‍ മരണം കീഴടക്കി. ജെന്നര്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞു.

Leave a Reply