Sat. Jul 11th, 2020

LUCA

Online Science portal by KSSP

ഉന്നത വിദ്യാഭ്യാസത്തിന്റെ രക്ഷയ്ക് അക്കാദമിക് സമൂഹം സജ്ജമാകുക

ഉന്നത വിദ്യാഭ്യാസമേഖലക്ക് അക്കാദമിക്ക് നേതൃത്വം നല്‍കേണ്ട കേരളത്തിലെ സര്‍വ്വകലാശാലകള്‍നിരവധി പ്രതിസന്ധികളില്‍പെട്ട് ഫലത്തില്‍ നിഷ്ക്രിയമായിക്കൊണ്ടിരിക്കയാണ്. വൈസ് ചാന്‍സലര്‍മാരുടെ നിയമനവും യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് സമീപകാല വിവാദങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറെ,   ചാന്‍സലര്‍കൂടിയായ ഗവര്‍ണ്ണര്‍ നീക്കം ചെയ്യുക എന്ന ഖേദകരമായ സംഭവം പോലും നടന്നിരിക്കുന്നു. മത-ജാതി- രാഷ്ടീയ പരിഗണനക്കതീതമായി അര്‍ഹരായവരെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കേണ്ടതാണെന്നതില്‍ സംശയമില്ല എന്നാല്‍ അതുകൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേരിടുന്ന പ്രശ്നങ്ങള്‍.

കേരളം നേരിടുന്ന വികസന പ്രതിസന്ധികള്‍ കണക്കിലെടുത്തുകൊണ്ട് ആവിഷ്കരിക്കേണ്ട ഉന്നത വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സര്‍വ്വകലാശാലകളുടെ ഘടനയും പ്രവര്‍ത്തനരീതിയുംമെല്ലാം സമഗ്രമായ പരിക്ഷ്കരണത്തിനും നവീകരണത്തിനും വിധേയമാക്കേണ്ടതാണ്. കേരള വികസനമാതൃകയുടെ അടിത്തറകളായ വിദ്യാഭ്യാസ – ആരോഗ്യമേഖലകളില്‍ എന്നാല്‍ നമുക്കിതുവരെ സമുചിതമായ വികസന പരിപ്രേക്ഷ്യമോ നയരൂപീകരണമോ നടത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍പത്തെ, കേരള ഹയര്‍ എഡ്യൂകേഷണ്‍ കൌണ്‍സില്‍ (കെ സി എച്ച് ഇ) തയ്യാറാക്കിയ ഉന്നത വിദ്യാഭ്യാസ കരട് നയരേഖയോ, ഇപ്പോഴത്തെ കെ സി എച്ച് ഇ നിയോഗിച്ച ജെ.എ.കെ. തരീന്‍ ചെയര്‍മാനും ഡോ ഷീന ഷുക്കൂര്‍ കണ്‍വീനറുമായുള്ള കമ്മറ്റിയുടെ ഉന്നത വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളോ ഗൌരവമായ ചര്‍ച്ചക്ക് വിധേയമാക്കാതെ പൂര്‍ണ്ണമായും അവഗണിക്കയാണുണ്ടായത്.

ധനപരവും ഭരണപരവും അക്കാദമിക്കുമായ മേഖലകളിലെല്ലാം സര്‍വ്വകലാശാലകള്‍ പ്രതിസന്ധികളെ നേരിടുന്നുണ്ട്. ഓരോന്നും സവിശേഷ പരിശോധനക്ക് വിധേയമാക്കി സമുചിതമായ പരിഷ്കാരങ്ങള്‍ വര്‍ത്തേണ്ടതായിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തയ്യാറാക്കിയ സ്റ്റാറ്റ്യൂട്ടിന്റെയും ആക്റ്റിന്റെയും ബലത്തിലാണ് സര്‍വ്വകലാശാലകളുടെ ഭരണ രീതികള്‍ ക്രമീകരിച്ചിട്ടുള്ളത്. സര്‍വ്വകലാശാലകളില്‍ നിക്ഷിപ്തമായിട്ടുള്ള അക്കാദമിക്ക് ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഒട്ടും പ്രാപ്തമല്ലാത്ത ഭരണ രീതികളാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നത്. ചട്ടങ്ങളിലും നിയമങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തിയും   സുതാര്യതയും കാര്യക്ഷമതയും വേഗതയും ഉറപ്പാക്കികൊണ്ടുള്ള ആധുനികവല്‍ക്കരണം നടപ്പിലാക്കിയും   സര്‍വ്വകലാശാലയില്‍ നിക്ഷിപ്തമായ അക്കാദമിക്ക് അജണ്ട സാക്ഷാത്ക്കരിക്കാന്‍ സഹായകരമായ ഭരണപരിഷ്കാരം നടപ്പിലാക്കേണ്ടതാണ്.

സിണ്ടിക്കേറ്റ്, അക്കാദമിക്ക് കൌണ്‍സില്‍, സെനറ്റ് തുടങ്ങിയ സര്‍വ്വകലാശാല ഭരണ സമിതികളുടെ ഘടന, അധികാര പരിധി , അംഗങ്ങളൂടെ തെരഞ്ഞെടുപ്പ് തുടങ്ങിയവ നാളിതുവരെയുള്ള അനുഭവങ്ങളൂടെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കി അഭിപ്രായ സമന്വയത്തോടെ ഉചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. സര്‍വ്വകലാശാല ഭരണ സമിതികള്‍ ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വേണം രൂപീകരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എന്നാല്‍ അക്കാദമിക്ക് ജനാധിപത്യമാണ് സര്‍വ്വകലാശാലയില്‍ നിലനില്‍ക്കേണ്ടതെന്ന അടിസ്ഥാനപരമായ കാര്യം വിസ്മരിക്കരുത്.

ജീവനക്കാര്‍ക്കുള്ള വേതനം, പെന്‍ഷന്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവക്കാവശ്യമായ ആവര്‍ത്തന ചെലവിനുള്ള ഫണ്ട് മിക്ക സര്‍വ്വകലാശാലകള്‍ക്കും ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ല. സ്വാഭാവികമായും വികസന ഫണ്ടുകള്‍ ഇതിലേക്കായി വകമാറ്റി ചെലവിടേണ്ടിവരുന്നു. നിലവിലുള്ള തസ്തികകളും വിരമിച്ചവരുടെ എണ്ണവും കണക്കിലെടുത്ത് വേതന-പെന്‍ഷന്‍ ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാവണം. ക്ലറിക്കല്‍ പോസ്റ്റുകളിലെ നിയമനം പി എസ് സി ക്കു വിടുകയും   സര്‍വ്വകലാശാലകളിലെ അക്കാദമിക്ക് നിയമനങ്ങള്‍ നടത്തുന്നതിനായി സര്‍വ്വകലാശാല സര്‍വ്വീസസ് കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്യുന്ന കാര്യം ഗൌരവമായി പരിഗണിക്കേണ്ടതാണ്. അതോടൊപ്പം തരീന്‍ കമ്മറ്റി ശുപാര്‍ശചെയ്തത് പോലെ എയ്ഡഡ് കോളേജിലെ നിയമനങ്ങളും പി എസ് സിക്ക് വിടേണ്ടതാണ്. അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലകള്‍ക്ക് ലഭിക്കേണ്ട ഫീസ് വിഹിതം സമയാസമയത്ത് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക, യു ജി സിയില്‍ നിന്നും ലഭിക്കാനിടയുള്ള വികസന ഫണ്ടുകള്‍ വാങ്ങിയെടുക്കുന്നതില്‍ ശുഷ്ക്കാന്തികാട്ടുക, കണ്‍സള്‍ട്ടന്‍സി വഴി ഡിപ്പാര്‍ട്ട് തലത്തില്‍ വരുമാനം വര്‍ധിപ്പിക്കുക, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ വഴി സംഭാവനകള്‍ സ്വീകരിക്കുക തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളുപയോഗിച്ച് വികസനഫണ്ടു സമാഹരിക്കാവുന്നതാണ്.

വൈജ്ഞാനിക ശാഖകളില്‍ മുന്‍ കാലങ്ങളേക്കാള്‍ അതീവവേഗതയില്‍ നടന്നു വരുന്ന മുന്നേറ്റങ്ങളെ സ്വാംശീകരിക്കുന്നതിനായി   നമ്മുടെ പാഠ്യപദ്ധതികളെ പ്രാപ്തമാക്കുന്നതിനും പഠന ബോധന രീതികള്‍ അതിനനുസൃതമായി പരിഷ്കരിക്കുന്നതിനുമുള്ള അക്കാദമിക്ക് നേതൃത്വം കൊടുക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് കഴിയുന്നില്ല.   അക്കാദമിക്ക് സമിതികളായ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍റ്റി തുടങ്ങിയവ ആധുനിക കാലത്തിന് യോജിച്ച വിധം ചടുലമായ പ്രവര്‍ത്തന ശൈലിയല്ല സ്വീകരിച്ചുവരുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. അക്കാദമിക്ക് സമിതികളുടെ ഘടനയും ചുമതലകളും പരിഷ്കരിക്കേണ്ടതുണ്ട്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പിലാക്കിയ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റവും വിവാദങ്ങളില്‍ കുടുങ്ങുകയും ബി ഹൃദയകുമാരി കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പുനസംവിധാനം ചെയ്തുവരികയുമാണ്. അതേസമയം സിലബസ്സ്, കരിക്കുലം, പഠന ബോധന രീതികള്‍ തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലകളുടെ കാര്യങ്ങളിലെല്ലാം അവ്യക്തതയും ആശങ്കകളും തുടരുകയും ചെയ്യുന്നു. അതിനിടെ ഏതാനും കോളെജുകള്‍ക്ക് ഓട്ടോണമസ് പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീര്‍ച്ചയായും അക്കാദമിക്ക് മികവ് കാട്ടുന്ന കോളേജുകള്‍ക്ക് അക്കാദമിക്ക് ഓട്ടോണമി നല്‍കേണ്ടതാണ്. എന്നാല്‍ സ്വയം ഭരണാവകാശം ഭരണ-സാമ്പത്തിക കാര്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് കൊണ്ട് അഫിലിയേറ്റഡ കോളേജുകളെ സ്വാശ്രയ കോളേജുകളാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ ഉന്നത വിദ്യാഭ്യാസം നേരിടുന്ന അടിസ്ഥാനപരമായ പല വൈകല്യങ്ങളും ഇതിനിടെ തീരെ ചര്‍ച്ചചെയ്യപ്പെടാതെ പോവുന്നുമുണ്ട്. വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും വിദ്യാസമ്പന്നരുടെ എണ്ണത്തിലുള്ള വര്‍ധനവും വ്യവസായ-കാര്‍ഷിക-ശാസ്ത്ര സാങ്കേതിക മേഖലകളുടെ നവീകരണത്തിലേക്കും വിപുലീകരണത്തിലേക്കും നയിക്കുമെന്നതാണ് നിരവധി രാജ്യങ്ങളുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. വിദ്യാഭ്യാസ മേഖല ഉല്പാദന മേഖലകളുടേയും അതുവഴി സാമ്പത്തിക മേഖലയുടേയും വളര്‍ച്ചക്ക് പ്രേരകശക്തിയായി മാറുന്നു. അതേ അവസരത്തില്‍ ഉല്പാദന-സേവന മേഖലകള്‍ തിരിച്ചും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കും വൈവിധ്യവല്‍ക്കരണത്തിനുമുള്ള ഉദ്ദീപന ശക്തിയായി മാറുന്നു. ഉല്പാദന മേഖലക്കും മറ്റും ആവശ്യമായ മനുഷ്യവിഭവശേഷി നല്‍കേണ്ടത് വിദ്യാഭ്യാസ മേഖലയാണല്ലോ. എന്നാല്‍ കേരളത്തില്‍ സംഭവിച്ചത് മറിച്ചാണ്. നമ്മുടെ വിദ്യാഭ്യാസ മേഖല വളര്‍ന്നു പന്തലിച്ചുവന്ന കാലത്താണ് ഉല്പാദന മേഖല മുരടിച്ചു പോയത്. കേരളത്തിന്റെ സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികള്‍ എറ്റെടുക്കാന്‍ പാകത്തില്‍ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞതുമില്ല. അതിനായുള്ള ഗൌരവമായ ശ്രമങ്ങളൊന്നും കാര്യമായി നടന്നില്ല. ഇതിന്റെയെല്ലാം മൊത്തം ഫലം വിദ്യാഭ്യാസ-ഉല്പാദന മേഖലകള്‍ പരസ്പരം ഉദ്ദീപിപ്പിക്കുന്ന തരത്തില്‍ ഗുണാത്മക ബന്ധം (Positive Loop) സ്ഥാപിക്കേണ്ടതിന്റെ സ്ഥാനത്ത് കേരളത്തിലേത് ഒന്നിനെ മറ്റൊന്ന് തളര്‍ത്തുന്ന തരത്തിലുള്ള വിഷമവൃത്തമായി (Vicious Cirlce) മാറിയിരിക്കുന്നുവെന്നാണ്. ഉല്പാദന മേഖല മുരടിക്കുന്നതിന്റെ ഫലമായി സമ്പത്തുല്പാദനം നടക്കാത്തതുകൊണ്ട് കേരളം ഇതിനകം കൈവരിച്ച സാമൂഹ്യ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നതുമില്ല. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബല ജനസമൂഹങ്ങളുടെയും ജീവിതം സുരക്ഷിതമാക്കുന്നതിന് ഉല്പാദന സേവന മേഖലകളുടെ വളര്‍ച്ചയിലൂടെ കൈവരിക്കേണ്ട സാമ്പത്തിക കുതിപ്പ് ആവശ്യമാണ്. അതുകൊണ്ടാണ് അക്കാദമിക്ക് ജീര്‍ണ്ണതയും ജഡത്വവും ബാധിച്ച നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ നവീകരണം കേരള വികസന മാതൃകയുടെ സുസ്ഥിരതക്കുള്ള മുഖ്യ അജണ്ടയായി മാറുന്നത്.

സങ്കുചിത കക്ഷിരാഷ്ട്രീയ പ്രവണതകളും സാമുദായിക മത സംഘടനകളുടെ ഇടപെടലുകളും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ സ്വാധീനവും   കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ ഇന്നത്തെ പ്രതിസന്ധികള്‍ക്ക് തീര്‍ച്ചയായും കാരണമാവുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസമേഖലയുടെ പരിവര്‍ത്തനത്തിന് ചാലകശക്തിയാവുകയും ദിശബോധം നല്‍കൂകയും ചെയ്യേണ്ട അക്കാദമിക് സമൂഹത്തിന്റെ നിഷ്ക്രിയതയും നിസ്സംഗതയുമാണ് വിദ്യാഭ്യാസമേഖലയുടെ നവീകരണം സാധ്യമാക്കുന്നതിന് തടസ്സം നില്‍കുന്ന പ്രധാനപ്പെട്ട ഒരു ഘടകമെന്ന വസ്തുത കണക്കിലെടുക്കാതെ പോവരുത്. അക്കാദമിക്ക് ജൈവികതയും (Academic Vibrancy), വിശാലരാഷ്ട്രീയ വീക്ഷണവും (Political Vision) ബൌദ്ധിക സത്യസന്ധതയും (Intellectual Honesty) ഒത്തിണങ്ങിയ ഒരക്കാദമിക്ക് സമൂഹത്തിന് മാത്രമേ   വിദ്യാഭ്യാസമേഖലയില്‍ കാലം ആവശ്യപ്പെടുന്ന പരിവര്‍ത്തനം വരുത്താന്‍ കഴിയൂ. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പഠിച്ച് അക്കാദമിക്ക് സമൂഹം, വിദ്യാഭ്യാസ വിചക്ഷണര്‍, അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍, എന്നിങ്ങനെ ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ചും അവരെ വിശ്വാസത്തിലെടുത്തും കൊണ്ടുള്ള സമഗ്രവും സമുചിതവുമായ ഉന്നത വിദ്യാഭ്യാ‍സ നയം ആവിഷ്കരിക്കാന്‍ സര്‍ക്കാരും മുന്‍ കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

%d bloggers like this: