എഴുത്ത് : വിജയകുമാർ ബ്ലാത്തൂർ ചിത്രീകരണം : സതീഷ് കെ

നിന്റെ നീളൻ മൂക്ക് 'കണ്ണേറ് കോലത്തി'ന്റെ കുപ്പായക്കൈ പോലെ ആടിക്കളിക്കുന്നു എന്നായിരുന്നില്ലേ പരാതി?

പ്രസവിച്ച് വീണ് കുറച്ചുനാൾ വരെ നീളൻ മൂക്കിലെ മസിലുകളും നാഡികളും ഉറച്ച് പ്രവർത്തിക്കാൻ വിഷമിക്കും.  അതുവരെ ഇഷ്‌ടാനുസരണം പ്രവർത്തിക്കാൻ കഴിയുന്ന തുമ്പിക്കൈ ആയിരിക്കില്ല അത്.

ആ മനുഷ്യക്കുട്ടിയുടെ തല അമ്മ താങ്ങിപ്പിടിച്ചത് കണ്ടോ? നിന്റെ തുമ്പിക്കൈ പോലെ ആ തലയും ഉറയ്ക്കാൻ കുറെ നാളുകൾ വേണം.

നിന്റെ നീളൻ മൂക്ക് വെറും മൂക്കല്ല! വേറെ ആർക്കുണ്ട് ഇതുപോലെ ഉപകാരമുള്ള മൂക്ക് എല്ലാവരുടെയും മൂക്ക് ശ്വാസം കഴിക്കാനും മാത്രമുള്ളതല്ലേ?

നമ്മുടെ മൂക്ക്, കൈ കൂടി അല്ലേ? തുമ്പിയുടെ അറ്റത്തെ വിരലുകൾ കൊണ്ട് എന്തെല്ലാം പെറുക്കി എടുക്കാം!

ഈ നീളൻ മൂക്കില്ലായിരുന്നെങ്കിൽ നിന്നെ എങ്ങനെയാണ്  ഞാൻ താങ്ങിപ്പിടിച്ച് മുൻകാലുകൾക്ക് ഇടയിലെ എന്റെ മുലയൂട്ടുക?

എല്ലാരും മൂക്കള ചീറ്റുമ്പോൾ വെള്ളമെടുത്തല്ലേ ഞാൻ നിന്നെ ചീറ്റിത്തണുപ്പിക്കുന്നത്?

 വിയർപ്പില്ലാത്ത നമ്മുടെ ശരീരം തണുപ്പിക്കാൻ വെള്ളവും, ചളിയും പൊടിയും ദേഹം മുഴുവൻ പൂശാൻ കഴിയുന്നത് ഈ മൂക്കുള്ളതുകൊണ്ടല്ലേ?

ഉറുമ്പ് മൂക്കിൽ കയറി കടിക്കും എന്ന് പേടിപ്പിച്ചാലൊന്നും കുലുങ്ങണ്ട. മൂക്കിൽ വലിച്ച് കേറ്റും എന്ന് പറഞ്ഞോളൂ. തുമ്പിക്കൈ കൊണ്ട് ചീറ്റിയാൽ ഒരു ഉറുമ്പിനും പിടിച്ചു നില്ക്കാനാവില്ല.

കൈ നീട്ടി ഒടിക്കും പോലെ ഉയരക്കൊമ്പുകളിലെ ഇലകളും പഴങ്ങളും തുമ്പിക്കൈ ഉള്ളതു കൊണ്ടല്ലേ പറിച്ചെടുക്കാൻ കഴിയുന്നത്?

അധികവായനയ്ക്ക്

കുട്ടികളുടെ ശാസ്ത്രമാസിക വായിക്കാം വരിക്കാരാകാം