എഴുത്ത് : അഞ്ജുഷ സൂകി വര : ശബ്ന കെ.കെ.
അതിൽ ടോം തന്റെ ആഹാരമാക്കുവാൻ മോഷ്‌ടിച്ചുകൊണ്ടുവരുന്ന താറാവിന്റെ മുട്ട വിരിയുകയും, ആ കുഞ്ഞു താറാവ് നിമിഷങ്ങൾക്കകം ടോമിനെ മമ്മി എന്നു കരുതി അവൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയുന്നു.
ടോം കൊല്ലാൻ ശ്രമിച്ചിട്ടുപോലും, അത് നിന്റെ അമ്മയല്ല എന്നു ജെറി എത്ര പറഞ്ഞിട്ടും കേൾക്കാതെ ടോമിനെ പിന്തുടരുന്ന ഈ കാർട്ടൂൺ കഥ യഥാർത്ഥത്തിൽ സംഭവിക്കാം എന്നതാണ് ഇന്നത്തെ വിഷയം.
താറാവ്, അരയന്നം ഇവയൊക്കെ മുട്ടവിരിഞ്ഞു നിമിഷങ്ങൾക്കകം അതിന്റെ അമ്മയായി തിരിച്ചറിയുന്നത് ആദ്യ ചലനവസ്തുവിനെയാണ്.
ഈ പറഞ്ഞത് ജനനസമയത്തു മാത്രം നടക്കുന്നതും, ആ ചെറിയ സമയത്തിനുള്ളിൽ തന്നെ അമ്മയെ തിരിച്ചറിയുകയും അതു പിന്നെ തിരുത്താൻ കഴിയാത്ത വിധത്തിൽ തലച്ചോറിൽ പതിയുകയും ചെയ്യുന്നതാണ്.
1930-35 ൽ കൊൺറാഡ് ലോറൻസ് (Konrad Lorenz) എന്ന ഇത്തോളജിസ്‌റ്റ് (മൃഗങ്ങളുടെ പെരുമാറ്റം പഠിക്കുന്ന ശാസ്ത്രശാഖയാണ് ഇത്തോളജി) ഇവയെ പറ്റി പഠിച്ച് ഈ പ്രക്രിയക്ക് ഇമ്പ്രിന്റ്റിങ് (Imprinting) എന്ന് നാമകരണം ചെയ്തു.
ഇമ്പ്രിന്റിംഗ് എന്നത് മുൻകൂട്ടി നിർണയിക്കപ്പെട്ട ഒരു പ്രോഗ്രാം ആണെങ്കിലും ഒരു ഉത്തേജനം (Stimulus) വരുമ്പോഴേ അവ പ്രകടമാകൂ.
ഇത് പരീക്ഷിക്കാനായി ലോറൻസ് ഒരു കൂട്ടം മുട്ടകൾ രണ്ടു തരത്തിൽ വിരിയിച്ചു. ഒന്ന്, അമ്മയുടെ ചൂടിൽ, മറ്റൊന്ന് ഇൻക്യൂബറ്ററിൽ.
അമ്മത്താറാവിന്റെ ചൂടുകൊണ്ട് വിരിഞ്ഞത് സ്വന്തം അമ്മയെ തിരിച്ചറിയുകയും അതിന് പുറകെ പോവുകയും ചെയ്തു. എന്നാൽ ഇൻക്യൂബറ്ററിൽ വിരിഞ്ഞ കുഞ്ഞുങ്ങളാകട്ടെ, അവരുടെ മുമ്പിലുള്ള ആദ്യ ചലന വസ്തുവിന്റെ അടിസ്ഥാനത്തിൽ, ലോറൻസിനെ അമ്മയായി കരുതുകയും ചെയ്തു.
ലോറൻസ് ആകാശത്തേക്ക് നോക്കി അവരുടെ ശബ്ദം അനുകരിച്ചാൽ ദൂരെ നിന്ന് ആ പക്ഷികൾ പറന്നു വരും. ലോറൻസ് അവരുടെ കൂടെ നീന്തുകയും, പോകുന്നിടത്തെല്ലാം താറാവ് കുഞ്ഞുങ്ങൾ ലോറൻസിനെ പിൻതുടരുകയും ചെയ്യും.
മനുഷ്യനായാലും മൃഗമായാലും സ്വഭാവങ്ങളെ രണ്ടായി തരംതിരിക്കാം, ജന്മസിദ്ധവും (instincts) സ്വായത്തവും (learned). ഇമ്പ്രിന്റിങ് എന്നത് ജന്മസിദ്ധമായ ഒന്നാണ്. ഒരു ശിശുവിന് അതിന്റെ അമ്മയുമായു ള്ള ബന്ധത്തിനും അതിലൂടെ ആ വർഗത്തിന്റെ നിലനില്പിനു തന്നെയും സഹായക മാവുന്ന സ്വഭാവമാണ് ഇമ്പ്രിന്റിങ് എന്നുപറയാം.
ചിലന്തി വല ഉണ്ടാക്കുന്നത്, ഇണയെ ആകർഷിക്കാൻ വേണ്ടി കരടികളുടെ മരത്തിന്മേലുളള ഉരസൽ, പട്ടുനൂൽപുഴു നൂൽ നൂറ്റി കൊക്കൂൺ നിർമിക്കുന്നത്, കുഞ്ഞുങ്ങളുടെ കരച്ചിൽ എന്നിവ പ്രകൃതിയിലെ ജന്മസിദ്ധമായ വാസനകൾക്ക് ഉദാഹരണമാണ്.