Thu. Apr 9th, 2020

LUCA

Online Science portal by KSSP

ഴാങ്ങ് യിതാങ്ങും ശാസ്ത്രഗവേഷരംഗത്തെ അടിയൊഴുക്കുകളും

സംഖ്യകളുടെ ശ്രേണിയിലെ  ദ്വി അഭാജ്യ സം ഖ്യകളെ(Twin Prime Numbers) സംബന്ധിച്ചുള്ള ഗവേഷണത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഗണിതശാസ്ത്രജ്ഞനാണ് ഴാങ്ങ് യിതാങ്ങ്. ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോൾ, ഗണിതശാസ്ത്രത്തിന്റെ സാങ്കേതികതകൾക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്.

ഡോ. കെ. മുരളീകൃഷ്ണൻ

അസോ. പ്രൊഫസർ, കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് വിഭാഗം കോഴിക്കോട് എൻ.ഐ.റ്റി.

സംഖ്യകളുടെ ശ്രേണിയിലെ  ദ്വി അഭാജ്യ സംഖ്യകളെ(Twin Prime Numbers) സംബന്ധിച്ചുള്ള ഗവേഷണത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഗണിതശാസ്ത്രജ്ഞനാണ് ഴാങ്ങ് യിതാങ്ങ്. ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോൾ, ഗണിതശാസ്ത്രത്തിന്റെ സാങ്കേതികതകൾക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്.

കടപ്പാട്  © nautil.us
ഴാങ്ങ് യിതാങ്ങ് (Zhang yitang) എന്ന ഗണിതശാസ്ത്രജ്ഞനെപ്പറ്റി ശാസ്ത്രലോകം അന്വേഷിച്ചു തുടങ്ങിയത് 2014-ലാണ്. ‘അന്നൽസ്  ഓഫ് മാത്തമാറ്റിക്‌സ്’ എന്ന പ്രമുഖ ഗവേഷണ പ്രസിദ്ധീകരണത്തിന് ആ വർഷം 2014 ഏപ്രിൽ 17ന് സമർപ്പിച്ച ഗവേഷണ പ്രബന്ധം പ്രസിദ്ധീകരണത്തിനായി സ്വീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത്.

ചൈനയിലെ പീക്കിങ്ങ് സർവകലാശാലയിൽ നിന്നും ഗണിതത്തിൽ ബിരുദാനന്തരബിരുദം നേടിയ ഴാങ്ങ്, ഗവേഷണ പഠനത്തിനായി അമേരിക്കയിലെ പർഡ്യൂ (Purdue) സർവകലാശാലയിൽ 1985-ൽ എത്തിച്ചേർന്നു. ‘ജക്കോബിയൻ അനുമാനം'(Jacobian Conjecture) എന്ന ദുഷ്‌ക്കരമായ ഗണിതശാസ്ത്ര സമസ്യയുടെ ഉത്തരം കണ്ടെത്താൻ ചൈനീസ്-അമേരിക്കൻ ഗവേഷകനായ പ്രൊഫസർ ടി.ടി.മോ യുടെ (Tzuong-Tsieng Moh) മേൽ നോട്ടത്തിൽ ഏഴ് വർഷത്തോളം അദ്ദേഹം പരിശ്രമിച്ചുവെങ്കിലും ആ ഉദ്യമം ഫലവത്തായില്ല. ഗവേഷണ വഴിയിൽ കണ്ടെത്തിയ ഗണിത ശാസ്ത്രഫലങ്ങൾ ഴാങ്ങിനെ 1991-ൽ ഗവേഷണബിരുദത്തിന് അർഹനാക്കി. എന്നാൽ ജക്കോബിയൻ അനുമാനം ഉത്തരം കിട്ടാത്ത ഒരു ഗണിതശാസ്ത്ര പ്രശ്‌നമായി ഇന്നും തുടരുന്നു.

ഴാങ്ങ് യിതാങ്ങ് കടപ്പാട് വിക്കിപീഡിയ

കാര്യമായ ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും, ഗണിതശാസ്ത്രത്തോടുള്ള അഭിനിവേ ശവും അർപ്പണമനോഭാവവും ഴാങ്ങിന് കൈമുതലായിരുന്നു. പ്രസിദ്ധീകൃതമായ ഗവേഷണ പ്രബന്ധങ്ങളുടെയും അദ്ധ്യാപകരുടെ ശുപാർശക്കത്തു കളുടെയും അടിസ്ഥാനത്തിൽ നടന്നു പോരുന്ന അമേരിക്കൻ സർവകലാശാലാ അദ്ധ്യാപക നിയമനപ്രക്രിയയിൽ, അദ്ദേഹത്തിന് പരിഗണന ലഭിച്ചില്ല. ഹോട്ടൽ ജോലികളിലും കണക്കെഴുത്തിലും മറ്റ് കരാർ ജോലികളിലുമൊക്കെയേർപ്പെട്ട്, സാമ്പത്തികക്ലേശങ്ങൾക്ക് നടുവിലൂടെ ഏറെക്കാലം അദ്ദേഹം അമേരിക്കയിൽ കഴിഞ്ഞുകൂടി. എന്നാൽ ഗണിതശാസ്ത്ര മേഖലയിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുവാനും പഠിക്കുവാനും അദ്ദേഹം ഇക്കാലമത്രയും ശ്രദ്ധിച്ചിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷം ന്യൂ ഹാംഷെയറിലെ പ്രായേണ അപ്രശസ്തമായ ഒരു സർക്കാർ സർവകലാശാലയിൽ, അദ്ധ്യാപക ശ്രേണിയിലെ ഏറ്റവും താഴെയുള്ള ഉദ്യോഗമായ ലക്ചറർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. ഈ ഉദ്യോഗത്തിലിരിക്കെ, 2007ൽ, ‘ലന്താവൂ -സീഗൽ അനുമാനം’ (Landau-Siegel Zeros conjecture) എന്ന ദുഷ്‌ക്കരമായ മറ്റൊരു ഗണിത ശാസ്ത്ര പ്രശ്‌നത്തെപ്പറ്റിയും സുദീർഘമായ പഠനം നടത്തിയെങ്കിലും, പ്രസ്തുത വിഷയത്തിലും അംഗീകാരം ലഭിക്കത്തക്ക ഗവേഷണ പുരോഗതി കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇതിനിടെ, ‘ദ്വി അഭാജ്യ സംഖ്യാ അനുമാനം'(Twin Prime Conjecture) എന്ന പ്രസിദ്ധ സംഖ്യാശാസ്ത്ര സമസ്യയിൽ  ഴാങ്ങ് ആകൃഷ്ടനാവുകയും തിരക്കേറിയ അദ്ധ്യാപക ജീവിതത്തിനിടയിലും, അതിന്റെ ഉത്തരമന്വേഷിച്ച് തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ, ഏകാകിയായി, ഗവേഷണത്തിൽ മുഴുകുകയും ചെയ്തു. മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ ഈ പ്രശ്‌നത്തിന് ഭാഗികമായി ഉത്തരം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. മുൻ ഗവേഷണഫലങ്ങളിൽ നിന്നും വ്യത്യസ്തമായി ഴാങ്ങിന്റെ പുതിയ കണ്ടെത്തലുകൾ ശാസ്ത്രഗതിക്ക് നിർണായകമാണെന്ന് വ്യക്തമായതോടെ, ശാസ്ത്ര ലോകം അജ്ഞാതനായ ഈ ഗ ണിത ശാസ്ത്രജ്ഞനെത്തേടി ഇന്റർനെറ്റിലലഞ്ഞു.

ഗണിത ശാസ്ത്രത്തിന്റെ അഭിജാത വൃന്ദങ്ങളിൽ കേട്ടുകേൾവി പോലുമില്ലാത്ത ഴാങ്ങിന്റെ പ്രബന്ധം പ്രസിദ്ധീ കരണത്തിന് ലഭിച്ചപ്പോൾ, മുൻനിര ഗവേഷകരുടെ ഉത്കൃഷ്ടമെന്ന് കരുതപ്പെടുന്ന പ്രബന്ധങ്ങൾ മാത്രം പ്രസി ദ്ധം ചെയ്യുന്ന പാരമ്പര്യമുള്ള അന്നൽസ് ഓഫ് മാത്തമാറ്റിക്‌സിന്റെ (Annals of Mathematics) പ്രസിദ്ധീകരണസമിതിയംഗങ്ങൾ, അതിനെ അശിക്ഷിതനായ ഏതോ ഗണിതശാസ്ത്രകുതുകിയുടെ അപക്വമായ അവകാശവാദമായി കരുതിയിരിക്കാം. എന്നാൽ ലേഖകന് പ്രബന്ധവിഷയത്തിലുള്ള അവഗാഹവും, പ്രബന്ധ രചനയിലെ വിസ്മയകരമായ കണിശതയും പ്രസ്തുത പ്രബന്ധം ഗൗരവമേറിയ ഒരു ശാസ്ത്രയത്‌നമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഴാങ്ങിന്റെ പ്രബന്ധം അതിവേഗ സൂക്ഷ്മ പരിശോധനയ്ക്കായി പ്രഗത്ഭരായ സംഖ്യാശാസ്ത്ര വിദഗ്ദ്ധർക്ക് അയച്ചു കൊടുക്കുവാൻ പ്രസിദ്ധീകരണ സമിതി തീരുമാനിച്ചു.

ഴാങ്ങിന്റെ പ്രബന്ധത്തിന്റെ സ്പഷ്ടതയും, വാദമുഖത്തിലും അവതരണത്തിലുമുള്ള വ്യക്തതയും, വേഗത്തിലുള്ള പരിശോധന സാദ്ധ്യമാക്കി. ഴാങ്ങിന്റെ ഗവേഷണഫലങ്ങൾ പിഴവറ്റവയും, സംഖ്യാ ശാസ്ത്രത്തിന് വഴിത്തിരിവാകുന്നവയുമാണെന്ന് വിലയിരുത്തിക്കൊണ്ടുള്ള നിരൂപണക്കുറിപ്പുകൾ സൂക്ഷ്മ പരിശോധകരിൽ നിന്നും ഒരു മാസത്തിനുള്ളിൽ തന്നെ  പ്രസിദ്ധീകരണസമിതിക്ക് ലഭിച്ചു.

ഗംഭീരമോ നൂതനമോ ആയ ആശയങ്ങളുടെയല്ല, മറിച്ച് ഗണിതശാസ്ത്രത്തിന് പരിചിതമായ സങ്കേതങ്ങളുപയോഗിച്ച് സുദീർഘവും അക്ഷീണവുമായി അനുവർത്തിച്ച ഒരു പ്രയത്‌നത്തിന്റെ പരിസമാപ്തിയാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളെന്ന്, ഴാങ്ങിന്റെ ഗവേഷണഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ കാണാൻ കഴിയും. വിശ്വപ്രസിദ്ധ സർവകലാശാലകൾ പ്രഭാഷണ ത്തിന് ക്ഷണിക്കുമ്പോഴും, ജനശ്രദ്ധയിൽ നിന്നും കഴിവതും ഒഴിഞ്ഞുമാറി, ശാസ്ത്രപ്രസക്തമായി മാത്രം സംസാരിച്ച്, വിനയാന്വിതനായി, ഴാങ്ങ് ഇന്നും തന്റെ ലക്ചറർ ഉദ്യോഗത്തിൽ തുടരുന്നു.

ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോൾ, ഗണിത ശാസ്ത്രത്തിന്റെ സാങ്കേതികതകൾക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്. ഇതിലേയ്ക്ക് കടക്കും മുമ്പ് ഴാങ്ങിന്റെ ശാസ്ത്ര നേട്ടത്തിന്റെ അന്ത:സത്ത ലളിതമായി ഒന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം.

ഴാങ്ങ് യിതാങ്ങ് സാന്റ ബാര്‍ബറ ബീച്ചില്‍. മണലിലെഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ ഗവേഷണമേഖലയായ Landau-Siegel zeros problem. ©Ryan Schude for Quanta Magazine

 

ഴാങ്ങിന്റെ സംഭാവന

സംഖ്യകളുടെ ശ്രേണിയിൽ ഒന്നിട വിട്ടുവരുന്ന അഭാജ്യ സംഖ്യകളെയാണ്(Prime Numbers) ദ്വി അഭാജ്യ സം ഖ്യകൾ(Twin Prime Numbers) എന്ന്  വിളിക്കുന്നത്. ഉദാ:3-5,5-7,11-13,17-19 തുട ങ്ങിയവ. 9,15,21 തുടങ്ങിയ സംഖ്യകൾ അഭാജ്യങ്ങളല്ലാത്തതിനാൽ 7-9, 13-15, 19-21 തുടങ്ങിയ സംഖ്യാജോടികൾ ദ്വി അഭാജ്യ സംഖ്യകളല്ല. സംഖ്യകളുടെ ശ്രേണിയിൽ ദ്വി അഭാജ്യ സംഖ്യകൾ അനന്തമായി പ്രത്യക്ഷപ്പെടുന്നുവോ എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരം ഇന്നോളം ഗണിത ശാസ്ത്രത്തിന് അജ്ഞാതമാണ്. വളരെ വലിയ ദ്വിഅഭാജ്യസംഖ്യകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും (ഉദാ: 1000013910000141, 3071419730714199) അവയുടെ എണ്ണം പരിമിതമല്ല എന്ന് തെളിയിക്കുവാൻ ശാസ്ത്രലോകത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള അപൂർണ്ണമെങ്കിലും നിർണ്ണായകമായ ഒരു ചുവടുവയ്പാണ് ഴാങ്ങിന്റെ സംഭാവന.

100 ന് താഴെയുള്ള ദ്വി അഭാജ്യ സം ഖ്യകൾ(Twin Prime Numbers)

ഈ സമസ്യയ്ക്ക് ഒരു ഉത്തരം കണ്ടെത്താൻ നാം ശ്രമിക്കുന്നുവെന്ന്  കരുതുക. എങ്ങിനെയാണ് നാം തുടങ്ങു ക? ഒരു മാർഗ്ഗം ഇപ്രകാരമാണ്. ദ്വി അഭാജ്യങ്ങളെ പഠിക്കുന്നത് ദുഷ്‌ക്കരമാകയാൽ, കുറച്ചുകൂടി ലളിതമായ ഒരു ചോദ്യം ചോദിക്കുക. ഉദാഹരണത്തിന്, ഒന്നിടവിട്ട് വരുന്ന അഭാജ്യസംഖ്യകൾക്ക് പകരം പത്തോ അതിൽ കു റവോ വ്യത്യാസത്തിൽ വരുന്ന അഭാജ്യ സംഖ്യാജോടികളുടെ എണ്ണം അനന്തമാണ് എന്ന് സ്ഥാപിക്കുവാൻ ശ്രമി ക്കുക. ഇനി പത്തും ദുഷ്‌ക്കരമെങ്കിൽ ഈ ‘വിടവിനെ’ പത്തിൽ നിന്നും നൂറായിരമാക്കി ശ്രമിച്ചുനോക്കുക.

ബാലിശമെന്ന് തോന്നുന്ന ഇതേ മാർഗ്ഗങ്ങൾ തന്നെയാണ് ശാസ്ത്രജ്ഞരും ശാസ്ത്രവിദ്യാർഥികളും അവ ലംബിക്കുന്നത്. ഇവിടെ പ്രസക്തമായ ഒരു വസ്തുത, ഇത്തരം പ്രശ്‌നങ്ങളിൽ ആദ്യം തെളിയിക്കപ്പെടുന്ന വിടവ്- അത് പത്തോ, നൂറോ, ആയിരമോ, കോടിയോ ആവട്ടെ-സമസ്യയുടെ നിർദ്ധാരണത്തിന് തന്ത്രപ്രധാനമാണ് എന്നതാണ്. സമസ്യയുടെ മേൽ ആദ്യത്തെ ‘കുരുക്ക്’ വീണുകഴിഞ്ഞാൽ, ഈ വിടവ് ശാസ്ത്രജ്ഞരുടെ സംഘടിതമായ പരിശ്രമഫലമായി കുറവു ചെയ്‌തെടുക്കാൻ സാദ്ധ്യമാകാറുണ്ട് എന്ന അനുഭവം ശാസ്ത്രചരിത്രത്തിൽ പലവുരു ആവർത്തിച്ചിട്ടുള്ളതാണ്.

ഴാങ്ങ് തന്റെ പ്രബന്ധത്തിൽ തെളിയിച്ച വിടവ് ഏഴ് കോടിയായിരുന്നു! പക്ഷെ, ദിവസങ്ങൾക്കുള്ളിൽ ഇത് കു റഞ്ഞു വന്നു. ജൂൺ നാലാം തീയതിയിലെ സ്ഥിതിവിവരമനുസരിച്ച്, ഇത് അരക്കോടിയായി ചുരുങ്ങി എന്ന് വി ക്കിപീഡിയ രേഖപ്പെടുത്തുന്നു4. പ്രമുഖ ഗണിത ശാസ്ത്രജ്ഞനായ ടെറൻസ് താവോയുടെ(Terence Tao) നേതൃ ത്വത്തിൽ ഈ വിടവിനെ കേവലം പ ന്തീരായിരത്തിയാറാക്കി മാറ്റി എന്ന അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കു ന്നു5.

ഗണിതശാസ്ത്രലോകത്തിന് പുറത്ത് തന്റെ ഗവേഷണഫലങ്ങൾക്ക് എന്തെങ്കിലും പ്രായോഗിക നേട്ടങ്ങളുണ്ടോ എന്ന ചോദ്യത്തിന്, ‘യാതൊന്നുമില്ല’ എന്ന ഹ്രസ്വവും അർത്ഥഗർഭവുമായ മറുപടിയാണ് ഴാങ്ങ് നൽകിയത്. സാമ്പത്തിക ക്ലേശങ്ങൾക്കിടയിലൂടെ യുള്ള ജീവിതയാത്രയിലുടനീളം ഗണിതശാസ്ത്രത്തിലുള്ള ഏകാഗ്രത നില നിർത്താൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറയുകയു ണ്ടായി.

ഉപരിപ്ലവമായ ഗവേഷണഫലങ്ങളെ പെരുപ്പിച്ചുകാട്ടി, ഉന്നതവിദ്യാഭ്യാ സമേഖലയെ ആഗോളതലത്തിൽ പൊ ള്ളയാക്കിത്തീർക്കുവാൻ പര്യാപ്ത മാ യ ചില അർബുദ പ്രവണതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് ഴാങ്ങിന്റെ ജീവിതം.
ശാസ്ത്രമേഖലയുടെ ഈ അരമന രഹസ്യങ്ങളിലേക്കുള്ള ഒരു യാത്രയാകാം ഇനി.

ഴാങ്ങ് നൽകുന്ന പാഠങ്ങൾ

ലോകത്തിലെ മുൻനിര സംഖ്യാ ശാസ്ത്ര വിദഗ്ദ്ധരോടൊപ്പം നിലകൊള്ളാൻ യോഗ്യനായ ഴാങ്ങിന് എന്തു കൊണ്ടാണ് ഒരു സ്ഥിരം അദ്ധ്യാപക നിയമനം പോലും ലഭിക്കാതിരുന്നത്? ഇത്, തന്റെ ഗണിതശാസ്ത്ര മിക വിനെ, ശാസ്ത്രസമൂഹത്തിൽ സ്വന്തം സ്ഥാനമുറപ്പിക്കുന്ന ഗവേഷണ ഫലങ്ങളിലേക്കെത്തിക്കാൻ അദ്ദേഹത്തിന് സാധിക്കാത്തത് മൂലമാണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, ഇതിനുപരിയായ ചില വസ്തുതകൾ നാം അപഗ്രഥിക്കേണ്ടതുണ്ട്. ഴാങ്ങ് തന്റെ ഗവേഷണജീവിതകാലമത്രയും കീഴടക്കാൻ ശ്രമിച്ച ഗവേഷണ സമസ്യകൾ, ഗണിതശാസ്ത്രത്തിൽ സുപ്രധാനവും ദുഷ്‌ക്കരവുമായിരുന്നു. മറ്റ് മിക്ക ഗണിതശാസ്ത്രജ്ഞരും പ്രായേണ ക്ലേശകരമല്ലാത്ത ഗണിതശാസ്ത്ര പ്രശ്‌നങ്ങളുടെ പഠനത്തിലേർപ്പെട്ട്, ഗവേഷണഫലങ്ങളും ഗവേഷണപ്രബന്ധങ്ങളും തങ്ങളുടെ പേരിലുണ്ട് എന്ന് സമയാസമയങ്ങളിൽ ഉറപ്പുവരുത്തി, സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നേടിയെടുത്തു. ഇവിടെ നാം മനസ്സിലാക്കേണ്ടത്, ഇത്തരമൊരു ‘വിജയപാത’ പിന്തുടരാനുള്ള പ്രാപ്തിയില്ലാത്തതുകൊണ്ടല്ല ഴാങ്ങ്  തന്റേതായ വഴിയിൽ സഞ്ചരി ച്ചത് എന്നുള്ളതാണ്.

ഒരു അദ്ധ്യാപന്റെയോ ഗവേഷകന്റെയോ മൂല്യം സർവകലാശാലകൾ അളക്കുന്നത് അയാളുടെ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചാണ് ഗവേഷകർ തങ്ങളുടെ ‘മൂല്യം’ അധികാരികളെ ബോദ്ധ്യപ്പെടുത്തുന്നത്. പ്രസ്തുത ഗവേഷണം സർവകലാശാലക്ക് പേറ്റന്റുകൾ, പ്രോജക്റ്റുകൾ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ എത്രമാത്രം വരുമാനം നേടിക്കൊടുക്കുന്നു എന്നതാണ് മറ്റൊരു മാനദണ്ഡം. ഈ മാനദണ്ഡങ്ങളിലൂടെ സഹാദ്ധ്യാപകരുമായി മത്സരിച്ചും സ്വന്തം മൂല്യം സ്ഥാപിച്ചും മാത്രമേ ഒരദ്ധ്യാപകന്  സർവകലാശാലയിലെ തന്റെ ഔദ്യോഗിക ശ്രേണിയിലെ പ്രയാണമോ, എന്തിന് നിലനിൽപ്പ് പോലുമോ സാദ്ധ്യമാവുകയുള്ളൂ.

ശാസ്ത്രജ്ഞന്മാരുടെയും ശാസ്ത്ര സൃഷ്ടികളുടെയും മൂല്യം ഇപ്രകാരം കീറിമുറിച്ച് അളക്കപ്പെടുമ്പോൾ, പ്രധാനമായും രണ്ട് വിധത്തിലുള്ള ദുഷ്പ്രവണതകൾ അക്കാദമിക് രംഗത്ത് പ്രകടമാകുന്നു.

ഒന്നാമത്, നിർവ്യാജമായ ശാസ്ത്രാന്വേഷണത്തിൽ മുഴുകുന്ന ഴാങ്ങിനെ പോലെയുള്ള ശാസ്ത്രസ്‌നേഹികളേക്കാൾ, സമയബന്ധിതമായി പൂർത്തിയാക്കാവുന്ന ഗവേഷണപ്രശ്‌നങ്ങളിൽ മുഴുകി, തങ്ങളുടെ വ്യക്തി വിവരണ രേഖകളെ ശ്രദ്ധാപൂർവം പരിപോഷിപ്പിക്കുന്ന മത്സരാർത്ഥികൾക്ക് മാത്രം ഈ മത്സരപ്രക്രിയയിൽ സ്ഥാനമാനങ്ങൾ നേടിയെടുക്കാനാകുന്നു. പലപ്പോഴും, പ്രമുഖ ശാസ്ത്രജ്ഞരുമായി മത്സരിക്കേണ്ടിവരുന്ന ഗവേഷണ മേഖലകളെ ഒഴിവാക്കിയും, എളുപ്പത്തിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ സാദ്ധ്യമാകുന്ന മേഖലകളിൽ ഉപരിപ്ലവമായ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തിയുമാണ് ഇവർ മൂല്യനിർണ്ണയ പ്രക്രിയയെ പരാജയപ്പെടുത്തുന്നത്. സ്ഥാനമാനങ്ങളിലെത്തിയതിന് ശേഷം ഇക്കൂട്ടർ മൂല്യനിർണ്ണയ സമിതികളിൽ അംഗങ്ങളാവുകയും, തങ്ങളെത്തന്നെ മാതൃകാഗവേഷകരായി സ്ഥാപിക്കുന്ന വിധത്തിലുള്ള അളവുകോലുകൾ മറ്റ് ഗവേഷകരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ, നില വാരമുള്ളതോ മൗലികമോ ആയ യാതൊരു ഗവേഷണവും സാദ്ധ്യമാകാത്ത നിലയിലേക്ക് സർവകലാശാലകൾ അധഃപതിക്കുന്നു. യഥാർത്ഥ ശാസ്ത്ര ഗവേഷകർ ഈ പ്രക്രിയയിൽ സ്വാഭാവികമായും പുറന്തള്ളപ്പെടുന്നു.

ഭാഗ്യവശാൽ, ഇന്നും ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും മിക ച്ച ശാസ്ത്രസ്ഥാപനങ്ങളെ ഈ പ്രവണത വിഴുങ്ങിക്കഴിഞ്ഞിട്ടില്ല. എന്നാൽ രണ്ടാം നിരയിലും അതിന് താഴെയുമു ള്ള സ്ഥാപനങ്ങളുടെ സ്ഥിതി ഇപ്പോൾ ത്തന്നെ ദയനീയമാണ്. കൂൺ പോലെ പൊട്ടിമുളച്ചുവരുന്ന ‘അന്താരാഷ്ട്ര’ ശാസ്ത്ര സമ്മേളനങ്ങളും, നാടൻ അന്താ രാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണങ്ങളും ഈ പ്രതിഭാസത്തെ സാക്ഷ്യപ്പെടുത്തുന്നു. മുൻനിര ഗവേഷണസ്ഥാപനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന നിരക്കിലാണ് ഇത്തരം വേദികളിലൂടെ ‘ഗവേഷണ പ്രബന്ധങ്ങൾ’ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഗവേഷണ മൂല്യനിർണ്ണയ സംവി ധാനം സർവകലാശാലകളിൽ സൃഷ്ടി ക്കുന്ന രണ്ടാമത്തെ പ്രതിസന്ധി കൂടുതൽ മൗലികവും വിദ്യാഭ്യാസത്തിന്റെപരമമായ ലക്ഷ്യത്തെ തന്നെ പരാജപ്പെടുത്തുന്നതുമാണ്.  അദ്ധ്യാപകരിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് വിദ്യാർത്ഥികൾ ശാസ്ത്രജ്ഞരും ചിന്തകരുമായി വളർന്നുവരുന്നത്. ഒരു സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കേണ്ട യുവതലമുറയെ സൃഷ്ടിക്കേണ്ടത് വിദ്യാഭ്യാസസ്ഥാപനങ്ങളാണല്ലോ. സമൂഹഗതിയിൽ നിർണ്ണായകമായ സ്ഥാനം വഹിക്കുന്ന അദ്ധ്യാപക സമൂഹത്തെ, പരസ്പരം മത്സരിച്ച് സ്വന്തം ഉയർച്ചയിൽ മാത്രം ശ്രദ്ധയൂന്നി, നിലവാരമില്ലാത്ത ഗവേഷണ പ്രവർത്തനങ്ങളുമായി കഴിയുന്ന ഒരു രണ്ടാംകിട സമൂഹമാക്കുന്ന നിലയിലേക്ക് സർവകലാശാലാ സംവിധാനം അധഃപതിച്ചാൽ, അത് വിദ്യാർത്ഥികളി ലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വിനാശകരമായിരി ക്കും.

ഏതെല്ലാം മേഖലകളിലാണ് ‘ലാഭകരമായ’ ഗവേഷണം സാദ്ധ്യമാകുന്നത് എന്നതിനെപ്പറ്റി അദ്ധ്യാപകർക്കും ഗവേഷകർക്കും പ്രമുഖ സർവകലാശാലകളും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന പ്രവണത ഇന്ന് ഏറിവരികയാണ്. സ്വന്തം ശാസ്ത്രാന്വേഷണ താൽപര്യങ്ങൾ ബലികഴിച്ച് ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഗവേഷണം ചെയ്യേണ്ടിവരുന്ന, മുഖം നഷ്ടപ്പെട്ട ഒരു അദ്ധ്യാപകസമൂഹ ത്തെയാണ് ഈ വ്യവസ്ഥിതി സൃഷ്ടിക്കുന്നത്. പ്രതിബദ്ധത, ആത്മാർത്ഥത, പൗരബോധം എന്നീ മൂല്യങ്ങൾക്കൊ ന്നും വിലകൊടുക്കാത്ത, സ്വന്തം ഉയർച്ചയിൽ മാത്രം ശ്രദ്ധയൂന്നുന്ന ഒരു വിദ്യാർത്ഥിസമൂഹത്തെയാണ് ഇത്തരം സർവകലാശാലകളിലെ അദ്ധ്യാപകസമൂഹം വാർത്തെടുക്കുക.

അത്യന്തം അപകടകരമായ ഈ പ്രവണത മുൻനിര സ്ഥാപനങ്ങളിലേ ക്കും ക്രമാനുഗതമായി പടർന്നുകയറു ന്നത് ആശങ്കയോടെ മാത്രമേ നോക്കി ക്കാണാനാവൂ. വിദ്യാഭ്യാസ മേഖലയെ അധഃപതനത്തിലേക്ക് നയിക്കുന്ന ഈ പ്രവണതക്ക് തടയിടണമെങ്കിൽ, നിസ്വാർത്ഥമായ ഗവേഷണ പ്രവർത്തനം ആത്മഹത്യാപരമാകാത്ത വിധത്തിൽ ഗവേഷണ മൂല്യനിർണ്ണയ സംവിധാനം അടിമുടി ഉടച്ചുവാർക്കേണ്ടതുണ്ട്. നിലനിൽപ്പിനായി പര സ്പരം മത്സരിക്കുന്ന ഒരുകൂട്ടം അദ്ധ്യാപകരെയല്ല സർവകലാശാലകൾ സമൂഹത്തിന് നൽകേണ്ടതെന്ന വസ്തുത അംഗീകരിച്ചുകൊണ്ട് മാത്രമേ ഇത്തരമൊരു പരിഷ്‌ക്കരണം സാദ്ധ്യമാവുകയുള്ളൂ.

ഴാങ്ങിലേക്ക് നമുക്ക് തിരികെ വരാം. ശാസ്ത്രഗതിക്ക് അപ്രസക്തമെന്ന് സ്വന്തം മന:സാക്ഷിക്ക് ബോ ദ്ധ്യമുള്ളതും എന്നാൽ മൂല്യനിർണ്ണയ സമിതികൾക്ക്  സ്വീകാര്യമാകുന്നതുമായ ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകി, മുൻനിര സർവകലാശാലകളിൽ തന്റെ സ്ഥാനമുറപ്പിക്കുവാൻ അദ്ദേഹം തൽപ്പരനായിരുന്നില്ല. അദ്ധ്യാപക നിയമനത്തിനായുള്ള ശുപാർശക്കത്തിന് വേണ്ടി ഒരിക്കൽ പ്പോലും ഴാങ്ങ് തന്നെ സമീപിച്ചിട്ടി ല്ലെന്നും, അമേരിക്കയിലെ മത്സരാധിഷ്ഠിതമായ ഗവേഷണ സംസ്‌ക്കാര ത്തിന് തികച്ചും ‘അസ്വീകാര്യമായ സ മീപനമായിരുന്നു ഴാങ്ങിന്റേതെന്നും, അദ്ദേഹത്തിന്റെ ഗവേഷണ മാർഗനിർദ്ദേശിയായിരുന്ന പ്രൊഫസ്സർ ടി. ടി. മോ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടാംകിട ഗവേഷണപ്രവർത്തനങ്ങളിലൂടെ അനായാസം എത്തിപ്പിടിക്കാനാവുമായിരുന്ന നേട്ടങ്ങളുപേക്ഷിച്ച്, സത്യസന്ധമായ ശാസ്ത്രാന്വേഷണത്തിൽ മുഴുകുവാൻ ഇക്കാലമത്രയും അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ജീവിതക്ലേശങ്ങൾക്കിടയിലും ഈ വിഷയത്തിൽ ഴാങ്ങ് കാട്ടിയ ആർജ്ജവമാണ് അദ്ദേഹത്തിന്റെ ജീവിതകഥയെ ഹൃദയസ്പർശിയാക്കുന്നത്.


അവലംബം:

  1. Yitang Zhang, ‘Bounded gaps between primes’, to appear in: Annals of Mathe matics. annals.math.princeton. edu/articles
  2. Wikipedia article, ‘Yitang Zhang’,
  3. Erica Klarreich, ‘Unheralded Mathemati cian Bridges the Prime Gap’, Quanta Maga zine, Simons Foundation
  4. Wikipedia article, ‘Twin prime’,
  5. Polymath8 project home page, ‘Bounded gaps between primes’,
  6. T. T. Moh, ‘Zhang, Yitang’s life at Purdue (Jan. 1985-Dec, 1991)
%d bloggers like this: