ലോക ചൂര ദിനം


മെഹബൂബ് ഖാൻ ലക്ഷദ്വീപ് 

ഹായ്….ഞാനാണ് ചൂര. നിങ്ങൾക്കറിയുമോ ഇന്ന് മെയ് 2 ഞങ്ങളുടെ ദിനമാണ്. അതായത്  ലോക ചൂര ദിനം (World Tuna day). ഞങ്ങൾക്കായി ഒരു ദിനമുണ്ട് എന്നത്  അഭിമാനം തന്നെയാണ്. പക്ഷെ എന്തിനാണ് ഞങ്ങൾക്കായി ഒരു ദിനം?!  നിങ്ങൾക്കറിയാമോ..?!

പോഷകഗുണങ്ങൾ കണക്കിലെടുത്താൽ ഒമേഗ 3, ധാതുക്കൾ, പ്രോട്ടീൻ, വിറ്റാമിൻ ബി 12, സെലീനിയം  എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് ഞങ്ങളുടെ മാംസം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഊർജ്ജം നിലനിർത്താനും ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാനുമൊക്കെ ഞങ്ങളുടെ മാംസം നല്ലതാണ്.  അതുകൊണ്ടുതന്നെ ഒട്ടുമിക്ക രാജ്യങ്ങളിലും ഞങ്ങൾ ഒരു പ്രധാനഭക്ഷ്യവിഭവം തന്നെയാണ്. സത്യം പറഞ്ഞാൽ ആഗോള വിപണിയിൽ ചെമ്മീൻ കഴിഞ്ഞാൽ ഏറ്റവും വിറ്റുവരവുള്ള സമുദ്രഭക്ഷ്യവിഭവം ഞങ്ങളാണ്. സമുദ്രോപരിതല താപനിലയെ അടിസ്ഥാനമാക്കി സഞ്ചരിക്കുന്ന ഞങ്ങൾ ഏകദേശം എല്ലാ സമുദ്രങ്ങളിലേക്കും യാത്രകൾ നടത്താറുണ്ടെങ്കിലും ചൂടു കൂടിയ ജലവും  കുറഞ്ഞ ജലവും ഒന്നിക്കുന്നതിനിടയിലുള്ള താപസൗഹൃദ മേഖലകളിലാണ് ഞങ്ങൾ താമസിക്കാറുള്ളത്. ചെമ്മീൻ പോലെയുള്ള ക്രിൽ എന്ന ചെറിയ കടൽജീവിയാണ് ഞങ്ങളുടെ  പ്രധാന ആഹാരം. കൂടാതെ  ചെറിയ മത്സ്യങ്ങളെയും ആഹാരമാക്കാറുണ്ട്.  ഭക്ഷണത്തിനായി 3000 അടി താഴ്ചയിലേക്ക് വരെ നീന്താൻ ഞങ്ങൾക്ക്  കഴിയും…! സാധാരണയായി ഒരു മുതൽ 2 മീറ്റർ വരെ നീളമുണ്ട് ഞങ്ങൾക്ക്. ഇനത്തിനനുസരിച്ചു വലിപ്പം വ്യത്യാസപ്പെട്ടിരിക്കും ഞങ്ങളിലെ പസഫിക് ബ്ലൂഫിൻ ട്യൂണകൾക്ക് 4 മീറ്റർ വരെ നീളമുണ്ടാകും. ഏകദേശം 800 കിലോഗ്രാം ഭാരവും…! ഞങ്ങളിൽ പ്രധാനമായും എട്ടുതരക്കാരുണ്ട്: അൽബാകോർ ട്യൂണ, അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണ, ബിഗെ ട്യൂണ, ബ്ലാക്ക്ഫിൻ ട്യൂണ, ലോങ്ടെയിൽ ട്യൂണ, യെല്ലോഫിൻ ട്യൂണ, പസഫിക് ബ്ലൂഫിൻ ട്യൂണ.

ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ;  ഒട്ടുമിക്ക രാജ്യങ്ങളിലെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഞങ്ങൾ എന്ന്. ഞങ്ങളുടെ പോഷകഗുണങ്ങളും മറ്റും ഞങ്ങളുടെ ആവശ്യക്കാരെ കൂട്ടുന്നു. ഏഴ് മില്യൺ മെട്രിക് ടണ്ണിൽ കൂടുതൽ ഓരോ വർഷവും പിടിക്കപ്പെടുന്നുണ്ട്. ഇത് ഒരുവർഷം പിടിക്കുന്ന  മൊത്തം സമുദ്രവിഭവങ്ങളുടെ ഇരുപത്ശതമാനതത്തോളവും  ആഗോള വ്യാപാരം നടത്തുന്ന സമുദ്രവിഭവങ്ങളിൽ എട്ട് ശതമാനതത്തോളവും വരും. ഇതുപറയുമ്പോൾ തന്നെ മനസ്സിലാവില്ലേ ഞങ്ങൾ എത്രത്തോളം ഭീഷണിയിലാണ് ജീവിക്കുന്നതെന്ന്…..! അമിത മത്സ്യ ബന്ധനത്തിന്റെ ഫലമായി ഞങ്ങളിൽ പലരും ഇപ്പോൾ വംശനാശത്തിന് വക്കിലാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ അനുസരിച് ഞങ്ങളുടെ സപീഷിസിലെ 33.3 ശതമാനത്തോളം പേർ സുസ്ഥിരമല്ലാത്ത രീതിയിൽ മത്സ്യബന്ധനം നടത്തപ്പെടുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് യു. എൻ  ജനറൽ അസംബ്ലി 2016 ഡിസംബറിൽ ഒരു പ്രമേയം പാസാക്കുകയും 2017  മുതൽ മെയ് 2  ലോക ചൂര ദിനമായി ആചരിച്ചും വരുന്നു. ഇന്ന് 96 ഓളം രാജ്യങ്ങൾ ഞങ്ങളുടെ സംരക്ഷണ പരിപാല ദൗത്യം ഏറ്റെടുത്തിരിക്കുന്നു.

നിങ്ങൾക്കറിയാമോ കേരള തീരത്തു നിന്ന് രണ്ടായിരത്തിലേറെ കിലോമീറ്റർ അകലെ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഡിയഗോ ഗാർസ്യ ദ്വീപ് ഞങ്ങളുടെ കേന്ദ്രമാണ്. എത്രയെത്ര മത്സ്യ തൊഴിലാളികളാണെന്നോ ഇവിടേക്ക് എത്താറുള്ളത്. ഇന്ത്യൻ തീരങ്ങളിൽ തന്നെ ഏകദേശം മൂന്നു ലക്ഷം ടൺ അളവോളം ഞങ്ങൾ ഉണ്ടെന്നാണു കണക്ക്.

ലക്ഷദ്വീപിൽനിന്നുമുള്ള കാഴ്ച്ച ഫോട്ടോ മെഹബൂബ്ഖാൻ

ലക്ഷദ്വീപും ചൂരയും

ഞങ്ങളെക്കുറിച്ചു പറയുമ്പോൾ ഞങ്ങളിൽ അധിഷ്ഠിതമായ മത്സ്യബന്ധനം പ്രധാന ഉപജീവനമാർഗമാക്കിയ ലക്ഷദ്വീപ് സമൂഹത്തെയും അവിടുത്തെ മത്സ്യബന്ധനരീതിയെയും പറയാതിരിക്കുന്നതെങ്ങനെ…

പവിഴദ്വീപുകളായ ലക്ഷദ്വീപ്‌ സമൂഹം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഏകദേശം 400 കി.മി. അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. അറുപത്തയ്യായിരത്തോളം വരുന്ന ഇവിടുത്തെ ആളുകളുടെ പ്രധാന ഉപജീവനമാർഗം കടൽവിഭവങ്ങളാണ് എന്ന് പറയേണ്ടതില്ലല്ലോ. അതിൽ തന്നെ ഞങ്ങളാണ് പ്രധാനം. ഞങ്ങളിലോ; പുറംകടലിൽ നിന്ന് പിടിക്കുന്ന പൂർണ വളർച്ച എത്തിയ skipjack tuna  എന്ന വിഭാഗവും. 1959 കാലയളവിൽ മാലിദ്വീപിൽ നിന്ന്  ലക്ഷദ്വീപിൽ എത്തിയ, ചെറിയ ഇര മീനുകളെ എറിഞ്ഞുള്ള പോൾ ആൻഡ് ലൈൻ എന്നറിയപ്പെടുന്ന ഒരുതരം സുസ്ഥിരമായ മൽസ്യബന്ധന രീതിയാണ് ഞങ്ങളെ പിടിക്കാൻ ഇവരവലംബിക്കുന്നത്. ലക്ഷദ്വീപിൽ ഫിഷറീസ് വകുപ്പും ഈ മത്സ്യ ബന്ധനരീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്‌. സമുദ്ര ജൈവ സന്തുലനാവസ്ഥയ്ക്കോ, ദ്വീപിലെ സമ്പദ് വ്യവസ്ഥയ്ക്കോ  കോട്ടം തട്ടാതെ ഉള്ള ഈ മത്സ്യബന്ധനരീതിയിലൂടെ മാസ്സ് ചൂര (Skipjack tuna, വരയൻ ചൂര) എന്ന വിഭാഗത്തെയാണ് പ്രധാനമായും ലഭിക്കുന്നത്. അങ്ങനെ കിട്ടുന്ന ഞങ്ങളിൽ നിന്നുണ്ടാക്കുന്ന വിഭവമായ മാസ്സിന് (പുഴുങ്ങി പുകച്ച് ഉണക്കിയ ചൂര ) തൂത്തുക്കുടി, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലെല്ലാം ആവശ്യക്കാരേറെയാണ്.

ലക്ഷദ്വീപിൽനിന്നുമുള്ള കാഴ്ച്ച ഫോട്ടോ മെഹബൂബ്ഖാൻ

കാലം മാറുന്നതിനനുസരിച്ച് മത്സ്യ ബന്ധനരീതികൾക്ക് വ്യത്യാസം വന്നെങ്കിലും  ജൈവസമ്പത്തിനെ നശിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു രീതിയല്ല ഇവിടുത്തുകാർ അവലംബിക്കുന്നത്. യന്ത്ര മോട്ടറുകളോ ഇന്ധന ടാങ്കോ ഘടിപ്പിക്കാതെ, ഏഴോളം പേർക്ക് യാത്രചെയ്യാവുന്നതരത്തിലുള്ള  25 അടി നീളമുള്ള ചെറിയ ബോട്ടുകളായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നതെങ്കിൽ കാലംമാറിയതിനനുസരിച്ച്  60  അടി നീളമുള്ളതും13 പേരെ സൗകര്യപ്രദമായി ഉൾക്കൊള്ളാവുന്നതുമായ തരത്തിൽ  8 ടണ്ണോളം സംഭരണശേഷിയുമുള്ള ഫൈബർ ബോട്ടുകളിലേക്ക് മാറുകയുണ്ടായി. എന്നാൽ ഈ ഒരു മാറ്റം സംഭവിച്ചത് നാൽപ്പതുകൊല്ലം കൊണ്ടാണ് എന്നതാണ് യാഥാർഥ്യം.

ആദ്യകാലങ്ങളിൽ 50 മൈൽ യാത്രചെയ്യുന്നിടത് ഇപ്പോൾ കേരളം വരെ  യാത്രചെയ്യുവാനും മത്സ്യ വിപണനം നടത്തുവാനും സാധിക്കുന്നു.  എത്രയൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും ഇവിടുത്തുകാർക്ക് ഇപ്പോഴും പ്രിയം ജീവനുള്ള ഇര മീൻ നൽകി ചൂണ്ടയും ഉപയോഗിച്ചുള്ള (Pole and Line Fishing) മത്സ്യബന്ധനത്തോടാണ്. ഈ രീതിക്ക്  കഴിവും ശാരീക ക്ഷമതയും വേണം എന്നത് തന്നെയാണ് പ്രധാന കാരണം.

ലക്ഷദ്വീപിൽനിന്നുമുള്ള കാഴ്ച്ച ഫോട്ടോ മെഹബൂബ്ഖാൻ

ധാരാളം കടവിഭവങ്ങൾ സംഭരിച്ചുവെക്കുന്ന ശീലം ഇവിടെ ഇല്ല. ലക്ഷദ്വീപിൽ ഐസ് സുലഭമല്ലാത്തത് ഇതിനൊരുകാരണമാണ്. അധികമായി പിടിച്ചു കിട്ടുന്ന മീനുകൾ കരയിൽ നിന്നും ദ്വീപിലേയ്ക്ക് വരുന്ന വലിയ മീൻ ബോട്ടുകൾക്ക് തുച്ഛമായ വിലയ്ക്ക് കൊടുക്കുകയാണ് പതിവ്.  പലപ്പോഴും മത്സ്യ വിപണനത്തിനുള്ള യാത്ര ഇവർക്ക് പ്രയാസമേറിയതാവാറുണ്ട്. ചിലപ്പോൾ നഷ്ടങ്ങളും സംഭവിച്ചേക്കാം. ഞങ്ങളിൽ നിന്നുണ്ടാക്കുന്ന മാസ്സ്മിന്റെ വിലയിലുണ്ടാവുന്ന ഏറ്റകുറച്ചിലുകളും  ഇവരെ സാരമായി ബാധിക്കാറുണ്ട്. ഇങ്ങനെ ഒക്കെ ആണെങ്കിൽ കൂടിയും ജൈവസമ്പത്തിൽ ഇവർക്കുള്ള ബോധവും ജൈവസന്തുലിതാവസ്ഥക്ക്  കോട്ടം തട്ടാത്ത രീതിയിലുള്ള ഇവരുടെ സമുദ്രവിഭവശേഖരണവും പ്രശംസവാഹമാണ്.

സ്വാർഥതാൽപര്യങ്ങൾക്കുപരിയായി, പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ഈ ഭൂമിയുടെ ഭാഗമാണെന്നും ഓരോന്നിന്റെയും നിലനിൽപ്പ് ഭൂമിയുടെ സന്തുലിതാവസ്ഥക്കും നിലനിപ്പിനും ആവശ്യമാണെന്നുമുള്ള ബോധം ഓരോരുത്തർക്കും ഉണ്ടാവേണ്ടതുണ്ട്‌.  ഈ World Tuna Day-ൽ സുഖലോലുപതയേക്കാളുപരി  സുസ്ഥിരവികസനം എന്നുള്ള ലക്ഷ്യമാണുണ്ടാവേണ്ടത്.  ഇങ്ങനെ ഒരു തീരുമാനം ഉണ്ടാവുന്നത് ഞങ്ങൾക്ക് വേണ്ടിയുള്ള ദിനത്തിലാവുമ്പോൾ……അതെത്ര സന്തോഷമാണെന്നോ നൽകുന്നത്….!


ലൂക്ക ശാസ്ത്രകലണ്ടർ

tunatuna dayചൂരലക്ഷദ്വീപ്