Read Time:11 Minute

​[author title=”ഡോ: ദീപക് ഗോപാലകൃഷ്ണൻ” image=”https://luca.co.in/wp-content/uploads/2019/10/deepak-gopalakrishnan.jpg”]Indian Institute of Tropical Meteorology[/author]

2019 ലെ കാലാവസ്ഥാ സവിശേഷതകളെ വിശദമായി അവലോകനം ചെയ്യുന്ന ഒരു റിപ്പോർട്ട് ഡിസംബർ 3 ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (WMO, World Meteorological Organization) പുറത്തുവിട്ടു.

[dropcap]2019[/dropcap] ലെ കാലാവസ്ഥാ സവിശേഷതകളെ വിശദമായി അവലോകനം ചെയ്യുന്ന ഒരു റിപ്പോർട്ട് ഡിസംബർ 3 ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (WMO, World Meteorological Organization) പുറത്തുവിട്ടു. മനുഷ്യന്റെ ഇടപെടലുകൾമൂലമുള്ള   കാലാവസ്ഥാ മാറ്റങ്ങൾ ചർച്ചചെയ്യുന്ന റിപ്പോർട്ടിൽ അതീവ ഗുരുതരമായ സാഹചര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്നായിരുന്നു 2019. ഈ ദശകത്തിലെ തന്നെ  ഏറ്റവും ചൂടേറിയ വർഷം 2016ഉം. മറ്റൊരു ശ്രദ്ധേയമായ വസ്തുത സമുദ്ര താപനിലയിലെ വർദ്ധനവും അതോടനുബന്ധിച്ചുള്ള “മറൈൻ ഹീറ്റ് വേവ്സ്” എന്ന പ്രതിഭാസവുമാണ്. ആഗോളതാപനത്തിന്റെ
അനന്തരഫലമെന്നകണക്കെ തീവ്രതയേറിയ ചുഴലിക്കാറ്റുകളും അതിതീവ്ര മഴപ്പെയ്ത്തുകളും വരൾച്ചയും വർദ്ധിച്ചുവരുന്നു. പ്രതിസ്ഥാനത്ത് അന്തരീക്ഷത്തിൽ കൂടിവരുന്ന ഹരിതഗൃഹ വാതകങ്ങളാണ്.
 

 

കാർബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നുതന്നെയാണ് നിലവിലെ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. 2018 ൽ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് ഏതാണ്ട് 407 ppm ൽ എത്തിനിൽക്കുന്നു (1 ppm (parts per million), എന്നാൽ 10 ലക്ഷത്തിൽ ഒരംശം). CO2 കൂടാതെ മറ്റ് ഹരിത ഗൃഹ വാതകങ്ങളായ മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയും ഏറ്റവും ഉയർന്ന അളവിൽ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി വ്യാവസായിക വിപ്ലവ കാലഘട്ടത്തെ അപേക്ഷിച്ച് (1850 – 1900) അന്തരീക്ഷ താപനിലയിൽ 1.1 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവാണ് 2019 ൽ രേഖപ്പെടുത്തിയത്. അതിലുപരി, 2010 മുതൽ 2019 വരെയുള്ള 10 വർഷക്കാലമാണ് രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ ദശകം എന്നും പരാമർശിക്കുന്നു.

മറ്റൊരു ശ്രദ്ധേയമായ വസ്തുത സമുദ്ര സ്വഭാവത്തിൽ വരുന്ന വ്യതിയാനമാണ്. ഈ വർഷം തന്നെ സെപ്റ്റംബർ 25 നു ഐപിസിസി (IPCC) പുറത്തിറക്കിയ സ്‌പെഷ്യൽ റിപ്പോർട്ടിൽ സൂചിപ്പിച്ചതുപോലെ, സമുദ്ര താപനിലയിൽ സാരമായ വർദ്ധനവാണ് അടുത്തകാലത്തായി രേഖപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഫലമായി മറൈൻ ഹീറ്റ് വേവ്സ്  (marine heatwaves, സമുദ്ര താപനിലയിൽ വരുന്ന അസാധാരണമായ വർദ്ധനവ്) എന്ന പ്രതിഭാസം കൂടിവരുന്നതായി പറയുന്നു. കടലിൽ താപനില വർധിക്കുന്നത് തീവ്രതയേറിയ ചുഴലിക്കാറ്റുകൾക്കും മറ്റും  കാരണമാകുന്നു. അന്തരീക്ഷത്തിലെ CO2 കടലിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നതുമൂലം സമുദ്രജലത്തിന്റെ അസിഡിക് സ്വഭാവം വർദ്ധിക്കുന്നതായും 1850-1900 കാലത്തെ അപേക്ഷിച്ച് അസിഡിക് സ്വഭാവം ഏതാണ്ട് 26% വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വർധിച്ച താപനിലയും അസിഡിറ്റിയും മറ്റും സമുദ്ര ജീവജാലങ്ങൾക്ക് വലിയതോതിൽ പ്രതിസന്ധിയ്ക്ക് കാരണമാകുന്നു. വിശേഷിച്ചും പവിഴപ്പുറ്റുകളുടെയും മറ്റും നിലനിൽപ്പിന് വലിയ വെല്ലുവിളിയാണ് താപനിലയിലെ വലിയ വ്യതിയാനങ്ങൾ.

മറ്റൊന്ന്, സമുദ്രനിരപ്പിൽ വർദ്ധനവാണ്. ആർട്ടിക്, അന്റാർട്ടിക്, ഗ്രീൻലാൻഡ് എന്നിങ്ങനെ പല ഭാഗങ്ങളിലെയും മഞ്ഞുപാളികൾ ദ്രുതഗതിയിൽ ഉരുകിക്കൊണ്ടിരിക്കുന്നു. 2016 നു ശേഷം അന്റാർട്ടിക് ഭാഗത്തെ മഞ്ഞുപാളിയിലെ വിസ്തൃതിയിൽ കാര്യമായ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2019 ലെ പലമാസങ്ങളിലും വിസ്തൃതിയിൽ കാര്യമായ കുറവുരേഖപ്പെടുത്തിയിരുന്നു. പല പ്രദേശങ്ങളിൽ നിന്നും മഞ്ഞുരുകി കടലിൽ ചേരുന്നതിന്റെയും സമുദ്ര താപനില വർദ്ധിക്കുന്നതിന്റെയും ഫലമായി സമുദ്രനിരപ്പുയരുന്നു. 1993 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2019 ഒക്ടോബർ മാസത്തിലാണ് സമുദ്രനിരപ്പ് റെക്കോർഡ് നിരക്കിൽ എത്തിയതെന്ന് കാണാം. സാറ്റലൈറ്റ് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് സമുദ്രനിരപ്പ് ശരാരാശി ഒരുവർഷത്തിൽ ഏതാണ്ട് 3.25 മില്ലിമീറ്റർ എന്ന നിരക്കിൽ വർധിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. എന്നാൽ ഇതൊരു ശരാശരി കണക്കാണ്. പല പ്രദേശങ്ങളിലും നിരക്ക് ഇതിലും വളരെ വലുതാണ്. ഉദാഹരണത്തിന് പസിഫിക്, അറ്റലാന്റിക് സമുദ്രങ്ങളുടെ തെക്കു ഭാഗത്തു (ന്യൂസിലാൻഡ്, സൗത്ത് അമേരിക്ക എന്നിവയോടടുത്ത പ്രദേശങ്ങളിൽ) സമുദ്രനിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നു. 

ലോകത്തിലെ പലഭാഗത്തേയും അന്തരീക്ഷാവസ്ഥ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കാണ് എൽ നിനോ (El Nino) എന്ന പ്രതിഭാസത്തിന്. പസിഫിക് സമുദ്രത്തിലെ താപനിലയിൽ വരുന്ന അസ്വാഭാവിക വ്യതിയാനമാണ് എൽ നിനോ. 2016 ൽ വളരെ ഉയർന്ന സമുദ്രതാപനില റെക്കോർഡ് ചെയ്യപ്പെട്ടതിനു പിന്നാലെ രൂപമെടുത്ത എൽ നിനോ അസാധാരണമാം വിധം തീവ്രതയുള്ളതായിരുന്നു. മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ (Indian Ocean Dipole) എന്ന പ്രതിഭാസവും ഈ വർഷം ഏറെ തീവ്രത രേഖപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ തന്നെ, അറബിക്കടലിൽ പതിവിലധികം ചുഴലിക്കാറ്റുകൾ രൂപമെടുത്തിരുന്നു. 

കാലാവസ്ഥാ മാറ്റത്തിനോടനുബന്ധിച്ചുള്ള മറ്റൊരു പ്രധാന പ്രത്യാഘാതമാണ് വർദ്ധിച്ചുവരുന്ന അതിതീവ്ര പ്രതിഭാസങ്ങൾ. പലഭാഗങ്ങളിലും കടുത്ത വരൾച്ചയും അതി തീവ്ര മഴയും സംഭവിക്കുന്നു. കൂടാതെ കാട്ടുതീ, ഹീറ്റ് വേവ്സ് (ഉഷ്‌ണതരംഗങ്ങൾ, അന്തരീക്ഷ താപനില വളരെ കൂടിനിൽക്കുന്ന അവസ്ഥ), കോൾഡ് വേവ്സ് (ശീത തരംഗങ്ങൾ, അന്തരീക്ഷ താപനില വളരെ കുറഞ്ഞു നിൽക്കുന്ന അവസ്ഥ) എന്നിങ്ങനെ പല തീവ്ര പ്രതിഭാസങ്ങളും ഏറിവരുന്നു. ഫ്രാൻസ് ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ 2019 ലെ ജൂൺ, ജൂലൈ മാസത്തിൽ 46 ഡിഗ്രി സെൽഷ്യത്തിലധികം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഫലമായി 1462 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുൾപ്പെടെ പലയിടത്തും അതിതീവ്ര മഴപ്പെയ്ത്തുകൾ ഉണ്ടായി. അതിനോടനുബന്ധിച്ചുള്ള വെള്ളപ്പൊക്കത്തിലും മറ്റും ആയിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഓസ്‌ട്രേലിയ, ചൈന, അമേരിക്ക, ബ്രസീൽ, അർജന്റീന, ഉറുഗ്വായ് എന്നിവിടങ്ങളിൽ കനത്ത സാമ്പത്തിക നഷ്ടത്തിനും  കൃഷിനാശത്തിനും വഴിവച്ചു. ചൈന, ആഫ്രിക്ക, ഓസ്‌ട്രേലിയ, ചിലി, അമേരിക്ക എന്നിങ്ങനെ പലയിടത്തും കടുത്ത വരൾച്ചയും രേഖപ്പെടുത്തി. ഇതിനുപുറമെയാണ് പലയിടങ്ങളിലും രൂപമെടുത്ത ശക്തിയേറിയ ചുഴലിക്കാറ്റുകളും നാശം വിതച്ചത്. സാധാരണയിലധികം തീവ്രതയേറിയ ഫോനി, ക്യാർ എന്നീ ചുഴലിക്കാറ്റുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുത്തു. വർഷത്തെ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റ് – ഡോറിയൻ- ഉണ്ടായത് അറ്റ്ലാന്റിക് സമുദ്രത്തിലായിരുന്നു. ഏതാണ്ട് 80 പേർക്ക് ജീവൻ നഷ്ടമാവുകയും 3 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും കാരണമായി. പസിഫിക് സമുദ്രത്തിലും ഹാഗിബിസ്, ലേക്‌മ എന്നിങ്ങനെ പതിവിലധികം ചുഴലിക്കാറ്റുകൾ റിപ്പോർട്ട് ചെയ്തു. 

കാലാവസ്ഥാ മാറ്റം ആരോഗ്യമേഖലയിലും കാര്യമായ വെല്ലുവിളികൾ സൃഷ്ഠിക്കുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിശേഷിച്ചും ഡെങ്കു വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് അനുകൂല സാഹചര്യമായതിനാൽ പലയിടത്തും വളരെയധികം ഡെങ്കു കേസുകൾ റിപ്പോർട്ട് ചെയ്തതായി പറയുന്നു. ഇതിനുപുറമെ വായുമലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും വർദ്ധിച്ചിവരുന്നതായിറിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. 

[box type=”warning” align=”” class=”” width=””]കഴിഞ്ഞയാഴ്ച പൂനെയിൽ നടന്ന ഒരു അന്താരാഷ്ട്ര കാലാവസ്ഥാ കോൺഫറൻസിൽ  പ്രസ്‍ത്ര അന്തരീക്ഷ ശാസ്ത്രജ്ഞനായ കെരി ഇമ്മാനുവൽ (പ്രൊഫസർ, MIT), കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രത്യാഘാതങ്ങൾക്ക് ഇനിയും കാത്തിരിക്കേണ്ടതില്ലെന്നും അവ ഇതിനോടകം സംഭവിച്ചുതുടങ്ങിയെന്നുമാണ് അഭിപ്രായപ്പെട്ടത്. [/box] WMO പുറത്തിറക്കിയ റിപ്പോർട്ട് പരിശോധിച്ചാലും സ്ഥിതി മറ്റൊന്നല്ല. വർദ്ധിച്ചുവരുന്ന അതിതീവ്ര പ്രതിഭാസങ്ങൾ ഇതെല്ലാം ശരിവയ്ക്കുന്നു. 

 


അധിക വായനയ്ക്ക്‌

  1. റിപ്പോർട്ട് പൂർണരൂപം
  2. WMO റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “2019 ലെ കാലാവസ്ഥാ സവിശേഷതകളെ അവലോകനം ചെയ്യുന്ന റിപ്പോർട്ട് പുറത്തുവിട്ടു

Leave a Reply

Previous post ലൂക്ക സയൻസ് ക്വിസ് സംസ്ഥാനതല ഫൈനൽ വിജയികൾ
Next post യുറേനിയം – ഒരു ദിവസം ഒരു മൂലകം
Close