Read Time:6 Minute

ശാസ്ത്രനാമം : ഹൈഡ്രോപോടെസ് ഇനെർമസ്‌ (Hydropotes inermis)
 

കസ്തൂരിമാനിനോട് സാമ്യമുള്ള ഒരു ചെറിയ ഇനം മാനാണ് ജലമാൻ. ചൈനയും കൊറിയയുമാണ് ഇവയുടെ ജന്മ ദേശം. ഇവയിൽ രണ്ട് ഉപസ്പീഷിസുകളുണ്ട്. ചൈനീസ് ജലമാനും കൊറിയൻ ജലമാനും.  ചൈനയിലെ യാങ്സീ നദിയുടെ താഴ്ന്ന പ്രദേശങ്ങളും ജിയാങ് പ്രവിശ്യയിലെ തീരദേശ തണ്ണീർത്തടങ്ങളും മധ്യ കിഴക്കൻ ചൈനയിൽ ഷെജിയാങ്ങിലെ നദീദ്വീപുകളും പിന്നെ കൊറിയയിലെ ചില പ്രദേശങ്ങളുമാണ് ഇവയുടെ ആവാസ മേഖല. നദിയോരങ്ങളാണ് ഇവ പൊതുവെ ഇഷ്ടപ്പെടുന്നത്. അവിടെ ഇടതൂർന്ന് വളർന്നുനിൽക്കുന്ന പുല്ലുകൾ ഇവയ്ക്ക് ശതുക്കളിൽ നിന്ന് മറയേകുന്നു. എന്നാൽ പലപ്പോഴും മലക ളിലും ചതുപ്പുകളിലും പുൽമേടുകളിലും ചിലപ്പോൾ കൃഷി യിടങ്ങളിൽ വരെ ഇവയെ കാണാറുണ്ട്.

ചൈനീസ് ജലമാൻ

ജലമാനുകൾക്ക് നീണ്ട് കാലുകളും താരതമ്യേന നീണ്ട കഴുത്തുമാണുള്ളത്. പിൻകാലുകൾ മുൻകാലുകളേക്കാൾ നീണ്ടതും ശക്തിയേറിയവയുമാണ്. മുയലുകൾ ചാടുംപോലെ ചാടിക്കൊണ്ടാണ് ഇവയുടെ ഓട്ടം. ഓരോ കാലിലും സവിശേഷമായ ഒരു ഗ്രന്ഥിയുണ്ട്. ഇതിൽ നിന്ന് വരുന്ന സുഗന്ധമുള്ള സ്രവംകൊണ്ട് അടയാളമിടുന്ന സ്വഭാവം ഇവയ്ക്കുണ്ട്.

കൊറിയൻ ജലമാൻ

ജലമാനുകളുടെ ശരാശരി നീളം 75 -100 സെന്റീമീറ്ററാണ്. തോൾവരെ 45 – 55 സെന്റീമീറ്റർ ഉയരം. ഭാരം 9 – 14 കിലോഗ്രാം. 6 – 7.5 – സെന്റീമീറ്റർ നീളം വരുന്ന വളരെ ചെറിയ വാലാണ്. ചെവികൾ ചെറുതും വട്ടത്തിലുള്ളതുമാണ്. ആണിനും പെണ്ണിനും കൊമ്പുകളില്ല.  സ്വർണവർണം ചാലിച്ച തവിട്ടുനിറമാണ് ഇവയുടെ രോമാവരണത്തിന്. ഇടയ്ക്കിടെ കറുത്ത പാടുകൾ കാണാം. നെഞ്ചും ഉദര ഭാഗവും വെളുത്തിട്ടാണ്. മുഖം ചുവപ്പുകലർന്ന തവിട്ടുനിറത്തിലോ ചാരനിറത്തിലോ ആയിരിക്കും. താടിയും തൊണ്ടയുടെ മുകൾഭാഗവും വെണ്ണയുടെ നിറമായിരിക്കും. ശൈത്യകാലം ആരംഭിക്കുന്നതോടെ രോമാവരണം ക്രമേണ കട്ടിയേറിയതും ഇളം തവിട്ടുനിറത്തിലുള്ളതുമായ ശീതകാലാവരണത്തിനു വഴിമാറും.  വലിയ ഉളിപ്പല്ലുകളാണ് ജലമാനിന്റെ ഏറ്റവും വലിയ പ്രത്യേകത.

ചൈനീസ് ജലമാൻ

തേറ്റകളായി രൂപം പ്രാപിക്കുന്നു മേൽത്താടിയിലെ ഇരുവശത്തുമുള്ള രണ്ട് ഉളിപ്പല്ലുകൾ. 5.5 സെന്റീമീറ്റർ മുതൽ 8 സെന്റീമീറ്റർ വരെ നീളമുണ്ടാകും ഇതിന്. ഉള്ളിലേക്ക് വലിക്കാനും ആവശ്യം വരുമ്പോൾ പുറത്തേക്ക് തള്ളിപ്പിടിക്കാനും കഴിയുംവിധമാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഉള്ളിലേക്ക് വലിയുന്ന തേറ്റകൾ, മറ്റു മാനുകളുമായി ശണം കൂടുന്ന അവസരത്തിൽ പരമാവധി പുറത്തേക്ക് തള്ളിപ്പിടിച്ച് തന്റെ മാരകായുധത്തിന്റെ ശക്തി തെളിയിക്കാൻ ഇവ ശ്രമിക്കാറുണ്ട്.  നല്ല നീന്തൽക്കാരാണ് ജലമാനുകൾ. കിലോമീറ്ററുകളോളം പുഴയിലൂടെ നീന്തി വിദൂരസ്ഥമായ നദീദ്വീപുകളിൽ ഇവ എത്തിച്ചേരുന്നു.

ജലമാൻ – അസ്ഥികൂടം – ലണ്ടനിലെ Royal Veterinary College മ്യൂസിയത്തിൽ നിന്നും

പ്രജനനകാലം കഴിഞ്ഞാൽ ജലമാനുകൾ പൊതുവെ ഒറ്റയ്ക്കാണ് കഴിയുക. തങ്ങളുടേതായ ആധിപത്യ മേഖല സ്ഥാപിക്കുന്ന പതിവ് ആൺമാനുകൾക്കിടയിലുണ്ട്. തങ്ങളുടെ അതിർത്തി അടയാളപ്പെടു ത്താൻ അവ വിവിധ മാർഗങ്ങൾ അവലംബിക്കുന്നു. കാലിലെ ഗ്രന്ഥിയിൽ നിന്നുള്ള സുഗന്ധസവം കൊണ്ട് അടയാളപ്പെടുത്തുന്നത് കൂടാതെ മൂത്രവും കാഷ്ഠവും ഇവ അതിർത്തി അടയാളപ്പെടുത്താൻ ഉപയോഗി ക്കുന്നു. അതിരിലെ സസ്യങ്ങൾ കടിച്ചെടുത്തുകൊണ്ടും ചിലപ്പോൾ ഇവ അടയാളം രേഖപ്പെടുത്താറുണ്ട്.

തങ്ങളുടെ അധികാരമേഖലയിൽ അതിക്രമിച്ചുകടക്കുന്ന മറ്റു മാനു കളുമായി അവയ്ക്ക് നിരന്തരം ശണ്ഠകൂടേണ്ടിവരാറുണ്ട്. നവംബർ – ഡിസംബർ മാസമാണ് പ്രജനനകാലം. ജലമാനുകൾ ഒരു പ്രസവത്തിൽ ഏഴ് കുഞ്ഞുങ്ങൾക്കുവരെ ജന്മം നൽകാറുണ്ട്. സാധാരണയായി 2-3 കുഞ്ഞുങ്ങളാണുണ്ടാവുക. തുറന്ന സ്ഥലത്താണ് പ്രസവം. ജനിച്ചുകഴിഞ്ഞാലുടൻ കുഞ്ഞുങ്ങളെ സസ്യജാലങ്ങൾക്കിടയിൽ ഒളിപ്പിക്കും. ഏതാണ്ട് ഒരു മാസത്തോളം കുഞ്ഞുങ്ങൾ ഇങ്ങനെ ഒളി വിൽ കഴിയും. വേനലിന്റെ അവസാനത്തോടെയാണ് ഇവ പുറത്തേക്ക് വരാൻ തുടങ്ങുക. മാൻകുട്ടികൾ ചിലപ്പോൾ കുറച്ചുകാലം കൂടി ഒന്നിച്ച് കഴിയും. പിന്നീട് തങ്ങളുടെ ഒറ്റപ്പെട്ട ജീവിതം നയിക്കാൻ വേണ്ടി പിരിഞ്ഞുപോകുന്നു.


2015 മാർച്ച് ലക്കം ശാസ്ത്രകേരളം മാസികയിലെ കാലിഡോസ്കോപ്പ് പംക്തിയിൽ പ്രസിദ്ധീകരിച്ചത്. തയ്യാറാക്കിയത്എം.ടി.മുരളി, ജസ്റ്റിൻ ജോസഫ്, സുനിൽ ദേവ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ദേശീയ ശാസ്ത്രചലച്ചിത്രോത്സവം
Next post പഴയ പ്ലാസ്റ്റിക്കെടുക്കാനുണ്ടോ, പേപ്പറാക്കിത്തരാം !
Close