Read Time:9 Minute


ജി.ഗോപിനാഥന്‍

വോയേജർ പേടകങ്ങളുടെ യാത്ര അവസാനത്തിലെത്തുകയാണ്. കഴിഞ്ഞ മൂന്നു കൊല്ലമായി അവയിലെ ചൂടാക്കാനുള്ള സംവിധാനങ്ങളും അത്യാവശ്യമില്ലാത്ത മറ്റു ചിലവയും നാസ നിര്‍ത്തലാക്കി. അഭൂതപൂര്‍വ്വമായ ആ യാത്ര 2030 വരെ നീട്ടിക്കൊണ്ടുപോകുന്നതിനാണ് അത്.

സൂര്യന്റെ സ്വാധീനവലയം ഭേദിച്ചുകൊണ്ട് ആകാശഗംഗയുടെ അന്തരാളങ്ങളിലേക്ക് കുതികൊണ്ട മനുഷ്യനിര്‍മ്മിതമായ ഏക പേടകമാണ് വോയേജര്‍,  അല്ല രണ്ടുപേര്‍ – വോയേജര്‍ 1 ഉം 2 ഉം. ഒരു നാലു കൊല്ലക്കാലം പ്രപഞ്ചത്തെ പഠിക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയോടെ നാസ വിക്ഷേപിച്ച ഈ പേടകങ്ങള്‍ കഴിഞ്ഞ 45 കൊല്ലമായി ഉജ്വലമായ സേവനം മനുഷ്യരാശിക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഏതാനും ദശകങ്ങള്‍ അത് തുടരുമെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്.

ലോകം ബഹിരാകാശയുഗത്തിലേക്ക് കാല്‍ വെച്ച് ഏറെക്കഴിയും മുമ്പ് , 1977 ആഗസ്റ്റ് 20 നാണ് വോയേജര്‍ 2  തൊടുത്തുവിട്ടത്. പതിനഞ്ചു ദിവസം കഴിഞ്ഞ് സെപ്തംബര്‍ 5 ന് വോയേജര്‍ 1 ഉം. വ്യാഴം, ശനി, ശനിയുടെ വലയങ്ങള്‍, ഈ രണ്ടു ഗ്രഹങ്ങളുടെയും  പ്രധാന ഉപഗ്രഹങ്ങള്‍ എന്നിവയെ അടുത്തുനിന്ന് പഠിക്കുന്നതിനാണ്  ഇവ വിക്ഷേപിക്കപ്പെട്ടത്.  പുറമേയുള്ള ഗ്രഹങ്ങളെ മറികടന്ന് കൂടുതല്‍ ദൂരം യാത്രചെയ്യാ‍ന്‍ ഉദ്ദേശിച്ചതായതുകൊണ്ട് വോയേജര്‍ 2 ആദ്യം വിക്ഷേപിച്ചു. വോയേജര്‍ 1 ന് ചെറിയ യാത്രയേ ഉദ്ദേശിച്ചിരുന്നുള്ളു എന്നതിനാല്‍ അത് രണ്ടാമതും വിക്ഷേപിച്ചു. എന്നാല്‍ അത് 2 നെ മറികടന്ന് നേരത്തേ തന്നെ വ്യാഴത്തിനടുത്തെത്തി.

കടപ്പാട് : NASA

വിക്ഷേപണകാലത്തിന്റെ സവിശേഷത

ഇവയെ വിക്ഷേപിക്കാന്‍ ഈ കാലഘട്ടം തിടുക്കത്തില്‍ തീരുമാനിച്ചതിനു പിന്നില്‍ ചെറിയൊരു ശാസ്ത്രമുണ്ട്. സൗരയൂഥത്തിലെ വമ്പന്‍ ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവ 1970 കളുടെ അവസാനം ഒരു മുത്തുമാലപോലെ ഒരേ നിരയില്‍ വന്നുചേരുന്നുണ്ട്  എന്നു മനസ്സിലാക്കിയതിനാലാണ് ആ അവസരം മുതലാക്കിക്കൊണ്ട് ഇവയുടെ വിക്ഷേപണം പ്ലാന്‍ ചെയ്തത്. ഭൂമിയില്‍ നിന്ന് തൊടുത്തുവിട്ടാല്‍ ഓരോ ഗ്രഹത്തിന്റെയും അടുത്തുകൂടെ പോകുമ്പോള്‍ അവയുടെ ആകര്‍ഷണവലയത്തിൽ ത്വരണം നേടുകയും പിന്നീട്, അതിൽ പോയി പതിക്കാതെ വഴിമാറി പുറത്തു കടക്കുകയും അങ്ങനെ ഇന്ധനവും സമയവും ലാഭിക്കുകയും ചെയ്യുക എന്ന  കണക്കുകൂട്ടലിലായിരുന്നു അത്. ഈയൊരു സൗകര്യം പ്രയോജനപ്പെടുത്തുകയാണെങ്കില്‍  നെപ്ട്യൂണിനെ കടന്നുപോകാന്‍  12 കൊല്ലം മതിയാകും, അല്ലെങ്കില്‍ 30 കൊല്ലമെടുക്കും. പിന്നീട് അത്തരമൊരു അണിനിരക്കല്‍ 176 കൊല്ലം കഴിഞ്ഞേ ഉണ്ടാവുകയുള്ളൂ.

ഇളംനീലപ്പൊട്ട്

വ്യാഴത്തിന്റെയും ശനിയുടെയും ചന്ദ്രന്മാരുടെ ഏറ്റവും അടുത്തുനിന്നുള്ള കാഴ്ചകള്‍ നല്‍കി വോയേജര്‍  ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. സജീവമായ അഗ്നിപര്‍വ്വതങ്ങളും വിണ്ടുകീറിയ വലിയ മഞ്ഞുപാടങ്ങളും അവയുടെ ഉപരിതലങ്ങളില്‍ കണ്ടെത്തി. അതുവരെ കരുതിയിരുന്നത് അവയെല്ലാം ചന്ദ്രനെപ്പോലെ വരണ്ടുണങ്ങിയതും കിടങ്ങുകളുള്ളവയും ആണെന്നാണ്. വ്യാഴത്തിന്റെയും ശനിയുടെയും നാളിതുവരെ കാണാത്ത സമീപദൃശ്യങ്ങള്‍ അവയേക്കുറിച്ചും വലിയ അറിവുകള്‍ പകര്‍ന്നു നല്‍കി.   1986 ല്‍ വോയേജര്‍ 2 യുറാനസിനെ മറികടന്നു പോകുന്ന ആദ്യ ബഹിരാകാശയാനം ആയി. മൂന്നുകൊല്ലത്തിനു ശേഷം അത് നെപ്ട്യൂണിന്റെയും അപ്പുറമെത്തി. ഇപ്പോള്‍ അവ 19.3 ബില്യന്‍ കിലോമീറ്ററുകള്‍ അകലെയെത്തിക്കഴിഞ്ഞു. നെപ്ട്യൂണിനെ മറികടന്നു പോകുന്ന വഴിയില്‍, ഭൂമിയില്‍ നിന്ന് ഏകദേശം 6 ബില്യന്‍ കിലോമീറ്റര്‍ ദൂരത്തിലെത്തിയപ്പോള്‍,  1990 ഫെബ്രുവരി 14 ന് ശാസ്ത്രജ്ഞര്‍ വോയേജര്‍ 1 ന്റെ ക്യാമറ പുറകിലേക്ക്  തിരിച്ചുവച്ച് പേടകം  മറികടന്ന പ്രപഞ്ചഭാഗത്തിന്റെ ഒരു ഫോട്ടോ എടുത്തു. അതില്‍ ഒരു ചെറിയ പൊട്ടായി ഭൂമിയെ കാണാമായിരുന്നു, നേരിയ സൂര്യപ്രകാശത്തില്‍ തങ്ങി നില്‍ക്കുന്ന ഒരു ചെറു തരി – കാള്‍ സാഗന്‍ അതിനെ ആഹ്ലാദത്തോടെ  “ഇളം നീലപ്പൊട്ട്” –  the pale blue dot എന്നു വിളിച്ചു.      അപ്രതീക്ഷിതമായ നിരവധി കണ്ടെത്തലുകള്‍ നടത്തി തുടർന്നും ശാസ്ത്രസമൂഹത്തെ ആഹ്ലാദഭരിതരാക്കി  വോയേജര്‍.

വോയേജർ 2 ന്റെ സഞ്ചാരപഥം

മഹത്തായയാത്ര അവസാനത്തിലേക്ക്

എന്നാല്‍ അവയുടെ യാത്ര അവസാനത്തിലെത്തുകയാണ്. കഴിഞ്ഞ മൂന്നു കൊല്ലമായി അവയിലെ ചൂടാക്കാനുള്ള സംവിധാനങ്ങളും അത്യാവശ്യമില്ലാത്ത  മറ്റു ചിലവയും നാസ നിര്‍ത്തലാക്കി. അഭൂതപൂര്‍വ്വമായ ആ യാത്ര 2030 വരെ നീട്ടിക്കൊണ്ടുപോകുന്നതിനാണ് അത്. വോയേജറിന്റെ തുടക്കം മുതല്‍ അവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് അത് കയ്പും വേദനയും നല്‍കുന്ന സമയമാണ്.

യാത്രയ്ക്കിടയില്‍ ഛിന്നഗ്രഹങ്ങളുടെ മേഖല കടന്നുപോവുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. ഏതിന്റെയെങ്കിലും ഇടിയേറ്റ് കേടാകാനുള്ള സാദ്ധ്യത ഏറെ. അത് നേരിടനായി വാഹനത്തിന്റെ വലിപ്പം ഒരു ചെറു കാറിന്റെയത്രയാക്കി. ശക്തമായ കമ്പ്യൂട്ടറുകൾ – 69 കിലോബൈറ്റ് മെമ്മറി (അതായത് ഇപ്പോഴത്തെ ഒരു സ്മാര്‍ട്ട് ഫോണിന്റെ ലക്ഷത്തിലൊരംശം മാത്രം!) ശേഖരിക്കുന്ന ഡാറ്റ 8 ട്രാക്കുള്ള ഒരു ടേപ്പ് റിക്കാര്‍ഡറില്‍ സംഭരിച്ച് ഭൂമിയിലേക്ക് അയയ്ക്കും. അതിന് 23 വാട്ടിന്റെ ട്രാന്‍സ്മിറ്ററാണുള്ളത് (ഒരു ഫ്രിഡ്ജിനുള്ളിലെ ലൈറ്റിന്റെ അത്ര പവര്‍!). സിഗ്നലുകളയയ്ക്കാന്‍ ഓരോന്നിലും 3.6 മീറ്റര്‍ വീതിയുള്ള  ആന്റിനകളും ഉണ്ട് . ഏതെങ്കിലുമൊരു അവസരത്തില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു കോണില്‍ വച്ച് ഏതെങ്കിലും അന്യഗ്രഹജീവികളുടെ കൈയ്യില്‍ ഈ പേടകം ചെന്നെത്തുകയാണെങ്കില്‍ അവര്‍ക്ക് അറിയാനായി ഭൂമിയിലെ ജീവിതവും സംസ്ക്കാരവും മനസ്സിലാക്കുന്നതിനുതകുന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്വര്‍ണ്ണം പൂശിയ ഓരോ ഡിസ്ക്കുo സ്ഥാപിച്ചിട്ടുണ്ട്.

നക്ഷത്രങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുന്ന ഈ പേടകങ്ങള്‍ അവിടത്തെ കോസ്മിക്ക് തരംഗങ്ങളേക്കുറിച്ചും ശക്തമായ കാന്തികമണ്ഡലത്തേക്കുറിച്ചും പ്ലാസ്മയേക്കുറിച്ചും അറിവുകള്‍ പങ്കുവച്ചുപോരുന്നു. ഭൂമിയില്‍ നിന്ന് പ്രകാശവേഗത്തില്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ വോയേജര്‍ 1 ല്‍ എത്തുന്നതിന് ഇപ്പോഴത്തെ അകലത്തില്‍ 22 മണിക്കൂറും 2 ലേക്ക് 18മണിക്കൂറും എടുക്കുന്നുണ്ട്. കുറഞ്ഞ അളവില്‍ അത്യാവശ്യവിവരങ്ങള്‍ നല്‍കിക്കൊണ്ട് ഈ പേടകങ്ങളുടെ സേവനകാലം കൂട്ടുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ അവയുടെ ഊര്‍ജ്ജോപയോഗം ചുരുക്കുന്നതിനുള്ള തീരുമാനം നാസ കൈക്കൊള്ളുന്നത്.


അധികവായനയ്ക്ക്

  1. Scientific American, July 1, 2022
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തല തിരിക്കപ്പെടേണ്ട പാരറ്റോ തത്വം !
Next post ജൂലൈ – ലൂക്കയിൽ ജനിതകശാസ്ത്ര മാസം
Close