മാര്‍ച്ചിലെ ആകാശവിശേഷങ്ങള്‍

star location map 2015 marchഈ മാസത്തെ പ്രധാനപ്പെട്ട ആകാശവിശേഷം സൂര്യഗ്രഹണം തന്നെയാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും ഇതൊരു വാര്‍ത്തയല്ല. കാരണം ഈ പ്രാവശ്യത്തെ ഗ്രഹണം നടക്കുന്നത് ആര്‍ടിക് സമുദ്രത്തിലാണ്. കാണണമെങ്കില്‍ ഒരു കപ്പല്‍ സംഘടിപ്പിക്കേണ്ടി വരും. മാര്‍ച്ച് 20 ന് ഗ്രീന്‍ലാന്റിനും റഷ്യയ്ക്കുമിടയിലായി വടക്കന്‍ അത്‌ലാന്റിക് സമുദ്രത്തിലും ആര്‍ടിക് സമുദ്രത്തിലുമായാണ് ഗ്രഹണം ദൃശ്യമാകുക.[http://eclipse.gsfc.nasa.gov/SEplot/SEplot2001/SE2015Mar20T.GIF]

മറ്റൊരു പ്രധാനപ്പെട്ട സംഭവം നാസ വിക്ഷേപിച്ച ഡോണ്‍ എന്ന ബഹിരാകാശ പേടകം ഛിന്നഗ്രഹവലയത്തിലെ ഏറ്റവും വലിയ വസ്തുവായ സിറസിനെ സമീപിക്കുന്നതാണ്. 950 കി.മീറ്റര്‍ വ്യാസമുള്ള ഇതിനെ ഇപ്പോള്‍ ഒരു കുള്ളന്‍ ഗ്രഹമായാണ് കണക്കാക്കുന്നത്. സിറസിന്റെ സമീപദൃശ്യങ്ങളും കൂടുതല്‍ വിവരങ്ങളും ലഭ്യമാക്കാന്‍ ഈ ദൗത്യത്തിലൂടെ ഡോണിനു കഴിയും.

പൂര്‍വ്വവിഷുവം ഈ മാസം 21നാണ്. അന്നേ ദിവസം സൂര്യന്‍ ഭൂമദ്ധ്യരേഖക്കു മുകളിലൂടെ കടന്നു പോകുകയും ഭൂമിയിലെല്ലായിടത്തും രാത്രിയും പകലും തുല്യമായി അനുഭവപ്പെടുകയും ചെയ്യും. സൂര്യന്‍ കൃത്യമായി ഭൂമദ്ധ്യരേഖക്കു മുകളിലെത്തുന്നത് അന്നേദിവസം ഇന്ത്യന്‍ സമയം രാവിലെ 4.15നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത് ഏപ്രില്‍ 14ന് ആയിരുന്നു-കേരളത്തിലെ മേടം 1. ആ കാലത്തെ കണക്ക് ആശ്രയിച്ചാണ് മേടം 1 ന് ഇന്നും നമ്മള്‍ വിഷു ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അതായത് ഇപ്പോഴത്തെ കണക്കനുസരിച്ച് ശരിക്കും വിഷു ആഘോഷിക്കേണ്ടത് മാര്‍ച്ച് 21 നാണ്. പഞ്ചാംഗം ഇനിയും മാറ്റത്തിന് വിധേയമായിട്ടില്ലെന്ന് ചുരുക്കം. നമ്മുടെ ജ്യോത്സ്യന്മാര്‍ വിഷുഫലമെന്നൊക്കെ അവകാശപ്പെട്ട് നടത്തുന്ന പ്രവചനങ്ങളുടെ ആധാരം പഴയ പഞ്ചാംഗം തന്നെ !

ബുധനെ ഈ മാസം കാണാന്‍ പ്രയാസമായിരിക്കും. സൂര്യോദയത്തിനു തൊട്ടു മുമ്പ് 5.30നടുത്തായാണ് ബുധന്റെ ഉദയം. ശുക്രനെ ഈ മാസം വളരെ നന്നായി കാണാന്‍ കഴിയും. രാത്രി 8.30വരെയും ആകാശത്തുണ്ടാവും. ദിവസവും നോക്കുകയാണെങ്കില്‍ ശുക്രന്‍ മീനം രാശിയിലൂടെ സഞ്ചരിച്ച് മേടം രാശിയിലേക്ക് കടക്കുന്നതു കാണാം. ഒരു ദൂരദര്‍ശിനിയില്‍ കൂടി നോക്കുകയാണെങ്കില്‍ ചന്ദ്രക്കലാരൂപത്തില്‍ ശുക്രനെ കാണാന്‍ കഴിയും. ഭൂമിക്കും സൂര്യനും ഇടയിലായതുകൊണ്ട് ബുധനും ശുക്രനും വൃദ്ധിക്ഷയങ്ങളുണ്ട്.

ശുക്രനോടൊപ്പം തന്നെ ചൊവ്വയെയും കാണാന്‍ കഴിയും. ഭൂമിയില്‍ നിന്നും വളരെ ദൂരെയായതുകൊണ്ട് തിളക്കം വളരെ കുറഞ്ഞതായിരിക്കും. ദിവസവും നിരീക്ഷിക്കുകയാണെങ്കില്‍ ശുക്രനും ചൊവ്വയും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു വരുന്നതായി കാണാം.

ഏറ്റവും കൂടുതല്‍ സമയം കാണാന്‍ കഴിയുന്നതു കൊണ്ട് ഈ മാസത്തെയും പ്രധാനപ്പെട്ട ഗ്രഹം വ്യാഴമാണെന്നു പറയാം. ഈ മാസം 1ന് രാവിലെ 5.14ന് അസ്തമിക്കുന്ന വ്യാഴം 31 ആകുമ്പോഴേക്കും മൂന്നു മണിയോടു കൂടി തന്നെ ദൃഷ്ടിയില്‍ നിന്നു മറയും. ഒരു ദൂരദര്‍ശിനിയുണ്ടെങ്കില്‍ നൃത്തം ചെയ്യുന്ന ഗലീലിയന്‍ ഉപഗ്രഹങ്ങളെയും വലിയ ചുവന്ന പൊട്ടും കാണാന്‍ കഴിയും. ശനിയെയും ഈ മാസം വൃശ്ചികം രാശിയില്‍ കാണാന്‍ കഴിയും. ഒന്നാം തിയ്യതി രാത്രി 12.14ന് ഉദിക്കുന്ന ശനി 31ആകുമ്പോഴേക്കും 10.16നു തന്നെ ഉദിക്കും.

[divider]

അവലംബം :

  • http://www.deshabhimani.com/news-special-kilivathil-latest_news-446545.html
  • ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം, സംസ്ഥാന സര്‍വവിജ്ഞാനകോസം ഇന്‍സ്റ്റിറ്റ്യൂട്ട്

 

[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]

Leave a Reply