ഒക്ടോബറിലെ ആകാശവിശേഷങ്ങള്‍

മഴക്കാറില്ലെങ്കിൽ ഈ മാസത്തെ ഏറ്റവും നല്ല ആകാശക്കാഴ്ച ഒറിയോണിഡ് ഉൽക്കാവർഷം ആയിരിക്കും. ബുധനെ കാണാൻ ഏറ്റവും സൗകര്യപ്പെടുന്ന മാസമാണിത്. ഒക്ടോബർ മാസം ആദ്യദിവസങ്ങളിൽ ശുക്രനെ വളരെ തിളക്കത്തിൽ രാവിലെ കിഴക്കുഭാഗത്തു കാണാനാകും. രാവണൻ കട്ടിൽ എന്നു കൂടി അറിയപ്പെടുന്ന ഭാദ്രപദചതുരം അത്താഴശേഷം കാണാം. 
sky 2014 oct

മഴക്കാറില്ലെങ്കിൽ ഈ മാസത്തെ ഏറ്റവും നല്ല ആകാശക്കാഴ്ച ഒറിയോണിഡ് ഉൽക്കാവർഷം ആയിരിക്കും. ഒറിയോൺ നക്ഷത്രഗണത്തിന്റെ ദിശയിൽ നിന്നും ഉൽക്കകൾ വർഷിക്കുന്നതുകൊണ്ടാണ് ഇതിനെ ഒറിയോണിഡ് ഉൽക്കാവർഷം എന്നു വിളിക്കുന്നത്. ഏഴരവെളുപ്പിനെഴുന്നേറ്റാൽ ഈ കാഴ്ച കാണാനാകും. ഹാലി ധൂമകേതു കടന്നു പോയപ്പോൾ അവശേഷിപ്പിച്ച വസ്തുക്കളാണ് ഭൂമി ആ പ്രദേശത്തു കൂടി കടന്നുപോകുമ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച് തീപിടിച്ച് കൊള്ളിമീനുകളായി നമുക്ക് ദൃശ്യമാകുന്നത്.

രാവണൻ കട്ടിൽ എന്നു കൂടി അറിയപ്പെടുന്ന ഭാദ്രപദചതുരം അത്താഴശേഷം കാണാം. ചതുരത്തിന്റെ ഒരു ഭാഗം കുറച്ചു വീതി കൂടിയതുകൊണ്ടാണത്രെ ഇതിന് രാവണൻ കട്ടിൽ എന്ന പേരു വന്നത്. രാവണന് പത്തു തലകളുള്ളതു കൊണ്ട് തല വെക്കുന്ന കട്ടിൽ ഭാഗം വീതി കൂടിയിരിക്കണമല്ലോ. വൃശ്ചികത്തിൽ നിന്ന് കാസിയോപ്പിയയിലേക്കു നീളുന്ന ആകാശഗംഗയെയും കാണാം.

ബുധനെ കാണാൻ ഏറ്റവും സൗകര്യപ്പെടുന്ന മാസമാണിത്. ഈ മാസം 27ന് ബുധൻ സൂര്യനിൽ നിന്ന് ഏറ്റവും അകലം പാലിക്കുന്ന ദിവസമാണ്. ഈ ദിവസം രാവിലെ 5.10ന് ബുധൻ കിഴക്കുദിക്കും. കന്നിരാശിയിലെ ചിത്ര നക്ഷത്രത്തിന് അൽപം വടക്കു-കിഴക്കു ഭാഗത്തായി ബുധനെ കാണാം. സൂര്യൻ 6.16നാണ് അന്നേ ദിവസം ഉദിക്കുക. അതുകൊണ്ടു തന്നെ ഏതാണ്ട് 5.45വരെ ബുധനെ കാണാൻ കഴിഞ്ഞേക്കും.

ഒക്ടോബർ മാസം ആദ്യദിവസങ്ങളിൽ ശുക്രനെ വളരെ തിളക്കത്തിൽ രാവിലെ കിഴക്കുഭാഗത്തു കാണാനാകും. ചൊവ്വ ഭൂമിയിൽ നിന്നും വളരെ ദൂരെ ആയിരിക്കുന്ന സമയം ആയതുകൊണ്ട് അധികം തിളക്കമില്ലാതെ കാണാൻ കഴിയും. 21 വരെ ഒഫിയൂക്കസ് ഗണത്തിലും അതിനു ശേഷം ധനു രാശിയിലും  ചൊവ്വയെ കാണാൻ കഴിയും. രാത്രി പത്തുമണിയോടെ അസ്തമിക്കും.

വ്യാഴം രാത്രി രണ്ടു മണിയോടെ ഉദിച്ച് കർക്കടകം രാശിയോടൊപ്പം മുകളിലേക്ക് കയറിവരും. ശനിയെ മാസാദ്യത്തിൽ എട്ടുമണിവരെയും അവസാനം 7.30വരെയും പടിഞ്ഞാറൻ ആകാശത്തിൽ കാണാൻ കഴിയും. തുലാം രാശിയിലാണ് ഇതിന്റെ സ്ഥാനം.

 ഇന്നത്തെ ആകാശക്കാഴ്ചയ്ക് ഈ വീഡിയോയും കാണൂ

http://hubblesite.org/explore_astronomy/tonights_sky/episodes/56/embed.js"

 

[divider]

[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]

Leave a Reply