Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
mean deviation | മാധ്യവിചലനം. | ഒരു കൂട്ടം സംഖ്യകളുടെ പ്രകീര്‍ണ്ണനം കാണിക്കുന്ന ഒരളവ്. കൂട്ടത്തിലെ സംഖ്യകളുടെ മാധ്യവും ഓരോ അംഗവും തമ്മിലുള്ള വ്യത്യാസത്തിന്റെ ശരാശരിയാണിത്. x1, x2, ....xn സംഖ്യകളുടെ മാധ്യം ആയാല്‍, മാധ്യവിചലനം =ആണ്. |
mean free path | മാധ്യസ്വതന്ത്രപഥം | ( λ). ഒരു വാതകത്തിലെ തന്മാത്രകള്‍, ക്രിസ്റ്റലിലെ ഇലക്‌ട്രാണുകള്‍ മുതലായവ സംഘട്ടനങ്ങള്‍ക്കിടയ്‌ക്ക് സഞ്ചരിക്കുന്ന ശരാശരി ദൂരം. ഇത് മര്‍ദം, സാന്ദ്രത ഇവയെ ആശ്രയിച്ചിരിക്കും. |
mean life | മാധ്യ ആയുസ്സ് | ( τ) ഒരു റേഡിയോ ആക്‌റ്റീവ് പദാര്‍ഥത്തിലെ ആറ്റങ്ങളുടെ ശരാശരി ആയുസ്സ്. ഇത് ക്ഷയസ്ഥിരാങ്കത്തിന്റെ വ്യുല്‍ക്രമത്തിന് തുല്യമായിരിക്കും. τ = 1/λ . radio active dacay നോക്കുക. |
meander | വിസര്‍പ്പം. | നദികള്‍ നദീ പാര്‍ശ്വങ്ങളെ ചെത്തിയെടുക്കുകയും തല്‍ഫലമായുണ്ടാകുന്ന അപക്ഷരണം കാരണം നദികളുടെ വീതി വര്‍ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ കാര്‍ന്നെടുക്കുന്ന മണ്ണ് മറ്റു ഭാഗത്ത് നിക്ഷേപിക്കപ്പെടും. വിസ്‌തൃതവ്യാപ്‌തിയുള്ള അനേകം വളവുകളുണ്ടാക്കാന്‍ ഈ പ്രക്രിയ കാരണമാകുന്നു. ഇതാണ് മിയാന്ററുകള്‍ അഥവാ വിസര്‍പ്പങ്ങള്‍. ഈ വളവുകളിലൂടെ വളഞ്ഞു പുളഞ്ഞാണ് നദികള്‍ പിന്നീടൊഴുകുന്നത്. ഇത്തരം നദികളെയും മിയാന്ററുകള്‍ എന്നു പറയും. |
mechanical deposits | ബലകൃത നിക്ഷേപം | യാന്ത്രികമോ ഭൗതികമോ ആയ ബലം നിമിത്തം ഉണ്ടാകുന്ന അവസാദ നിക്ഷേപം. |
mechanics | ബലതന്ത്രം. | ബലം പ്രയോഗിക്കുമ്പോള്‍ ഭൗതികവസ്‌തുക്കളിലും ചുറ്റുപാടിലും ഉണ്ടാകുന്ന പ്രഭാവം പഠന വിധേയമാക്കുന്ന ശാസ്‌ത്രശാഖ. |
meconium | മെക്കോണിയം. | നവജാത ശിശുവിന്റെ വയറ്റില്‍ നിന്ന് ആദ്യം പുറത്തുവരുന്ന പച്ചനിറം കലര്‍ന്ന കൊഴുപ്പുള്ള ദ്രാവകം. |
median | മാധ്യകം. | 1. ത്രികോണത്തിലെ ഒരു ശീര്‍ഷവും എതിര്‍ഭുജത്തിലെ മധ്യബിന്ദുവും യോജിപ്പിച്ചു വരയ്‌ക്കുന്ന രേഖ. ഒരു ത്രികോണത്തിന് മൂന്ന് മാധ്യകങ്ങളുണ്ട്. അവ ഒരേ ബിന്ദുവില്‍ ഖണ്ഡിക്കുന്നു. ഈ ബിന്ദുവാണ് കേന്ദ്രകം. 2. തന്നിരിക്കുന്ന സംഖ്യകളെ വലുപ്പക്രമത്തിലെഴുതിയാല്‍ നടുവിലുള്ളതിനെ മീഡിയന്‍ എന്നു പറയാം. നടുവില്‍ രണ്ടു സംഖ്യകള്‍ വരുന്നുവെങ്കില്‍ അവയുടെ ശരാശരിയാണ് മീഡിയന്‍. |
mediastinum | മീഡിയാസ്റ്റിനം. | സസ്‌തനങ്ങളുടെ ശ്വാസകോശങ്ങള്‍ക്കിടയിലുള്ള സ്ഥലം. ഹൃദയം, അന്നനാളം തുടങ്ങിയവ ഇവിടെയാണ്. |
medium steel | മീഡിയം സ്റ്റീല്‍. | 0.2 മുതല്‍ 0.6 വരെ ശതമാനം കാര്‍ബണ്‍ അടങ്ങിയ സ്റ്റീല്‍. റെയില്‍ പാളങ്ങള്‍, ഗര്‍ഡറുകള്‍ എന്നിവ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നു. |
medulla oblengata | മെഡുല ഓബ്‌ളേംഗേറ്റ. | കശേരുകികളുടെ മസ്‌തിഷ്‌കത്തിന്റെ പിന്‍ഭാഗം. സുഷുമ്‌നാനാഡിയുടെ തുടര്‍ച്ചയായി സ്ഥിതിചെയ്യുന്നു. |
medullary ray | മജ്ജാരശ്‌മി. | കാണ്ഡത്തിനുള്ളിലെ സംവഹനവ്യൂഹങ്ങള്‍ക്കിടയില്‍ മജ്ജയില്‍നിന്ന് ആവൃതിവരെ നീണ്ടു കിടക്കുന്ന പാരന്‍കൈമ കോശങ്ങളുടെ നിര. |
medusa | മെഡൂസ. | സീലെന്റെറേറ്റുകളുടെ ജീവിതചക്രത്തിലെ ഒരു ഘട്ടം. കമിഴ്‌ത്തിവെച്ച ബെല്ലിന്റെ ആകൃതിയാണ്. |
mega | മെഗാ. | 10^6 എന്ന് സൂചിപ്പിക്കുന്ന ഉപസര്‍ഗം. meganucleus സ്ഥൂല ന്യൂക്ലിയസ്. macronucleus നോക്കുക. |
megaphyll | മെഗാഫില്‍. | ശാഖകളായി പിരിഞ്ഞ സിരകളുള്ളതും താരതമ്യേന വലുതുമായ ഇല. വിത്തുത്‌പാദിപ്പിക്കുന്ന സസ്യങ്ങളില്‍ സാധാരണ കാണുന്നു. ചിലയിനം പന്നലുകളിലും കാണാം. |
megasporangium | മെഗാസ്‌പൊറാന്‍ജിയം. | മെഗാ സ്‌പോറുകള്‍ ഉണ്ടാകുന്ന സ്‌പൊറാന്‍ജിയം. സപുഷ്‌പികളില്‍ ഇത് ഓവ്യൂള്‍ എന്നറിയപ്പെടുന്നു. |
megaspore | മെഗാസ്‌പോര്‍. | വിഷമസ്‌പോറിതയുള്ള സസ്യങ്ങളുടെ വലുപ്പം കൂടിയ സ്‌പോര്‍. സപുഷ്‌പികളിലും ചിലയിനം പന്നലുകളിലും കാണുന്നു. |
megasporophyll | മെഗാസ്‌പോറോഫില്‍. | അപുഷ്‌പി സസ്യങ്ങളില്‍ അണ്ഡാശയങ്ങള്‍ സ്ഥിതി ചെയ്യുന്ന അവയവം. മെഗാസ്‌പൊറാന്‍ജിയങ്ങള്‍ സ്ഥിതി ചെയ്യുന്ന രൂപാന്തരപ്പെട്ട ഇലകള്‍. macrosporophyll എന്നും പേരുണ്ട്. |
meiosis | ഊനഭംഗം. | ബീജോത്‌പാദനത്തോട് അനുബന്ധിച്ച് നടക്കുന്ന കോശവിഭജന പ്രക്രിയ. പുത്രികാ കോശങ്ങളില്‍ ക്രാമസോമുകളുടെ സംഖ്യ നേരെ പകുതിയായി കുറയുന്നു. |
Meissner effect | മെയ്‌സ്‌നര്‍ പ്രഭാവം. | ഒരു അതിചാലക പദാര്‍ഥത്തിന്റെ താപനില ക്രാന്തിക താപനിലയില്‍ താഴെയാകുമ്പോള്‍ അതിനുള്ളിലെ കാന്തിക ഫ്‌ളക്‌സ് പുറംതള്ളപ്പെടുന്ന പ്രതിഭാസം. |