map projections
ഭൂപ്രക്ഷേപങ്ങള്‍.
ഭൂമിയെ ആവരണം ചെയ്‌തിരിക്കുന്നതായി സങ്കല്‍പിക്കുന്ന അക്ഷാംശ-രേഖാംശരേഖകളുടെ ജാലികയെ അടിസ്ഥാനമാക്കി ഗ്ലോബിലെ വിശദാംശങ്ങള്‍ ഏതെങ്കിലും പരന്ന പ്രതലത്തിലേക്ക് പകര്‍ത്തുന്ന സമ്പ്രദായമാണ് ഭൂപ്രക്ഷേപം. ഒരു ഗ്ലോബിലേതിനേക്കാള്‍ വിശദാംശങ്ങളോടെ ചെറിയ പ്രദേശങ്ങളെ പോലും വലിയ സ്‌കെയിലില്‍ ചിത്രീകരിക്കാന്‍ ഭൂപ്രക്ഷേപങ്ങള്‍ സഹായിക്കുന്നു. ത്രിമാനമായ ഭൂപ്രദേശങ്ങളെ ദ്വിമാനപ്രതലത്തിലേക്ക് പ്രക്ഷേപിക്കുമ്പോള്‍ ചില വൈകൃതങ്ങള്‍ കടന്നുകൂടുന്നു. ദൂരം, ദിശ, വിസ്‌തീര്‍ണം, ആകൃതി ഇവയിലാണ് വൈകൃതങ്ങള്‍ ഉണ്ടാവുക. ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം മാത്രമേ വൈകൃതങ്ങള്‍ ഒഴിവാക്കി ഒരേയവസരത്തില്‍ ഒരു ഭൂപടത്തില്‍ കൃത്യമായി ചിത്രീകരിക്കാനാവൂ. പ്രക്ഷേപത്തിന് ഉപയോഗിക്കുന്ന രീതിയെ ആസ്‌പദമാക്കി രൂഢപ്രക്ഷേപം, ദര്‍ശനപ്രക്ഷേപം എന്നിങ്ങനെ തരംതിരിക്കാം.. കോണിക്കല്‍ പ്രക്ഷേപം, സിലിണ്ട്രിക്കല്‍ പ്രക്ഷേപം, ബോണ്‍ പ്രക്ഷേപം, അസിമുത്തല്‍ പ്രക്ഷേപം, മെര്‍ക്കാറ്റര്‍ പ്രക്ഷേപം എന്നിവ സാധാരണ ഉപയോഗിക്കപ്പെടുന്ന പ്രക്ഷേപങ്ങളില്‍ ചിലതാണ്.