സഡാക്കൊയും ആയിരം കടലാസു പക്ഷികളും

സഡാക്കൊയും ആയിരം കടലാസു പക്ഷികളും | രചന: എലനോർ കോയർ
മലയാളപരിഭാഷ – ജയ് സോമനാഥൻ കടപ്പാട്: ഭാരത് ഗ്യാൻ വിഗ്യാൻ സമിതി

ഓർമ്മദിനം

ഇന്ന് സഡാക്കൊ നേരത്തെ തന്നെ ഉണർന്നു. അവളുടെ സഹോദരിയും രണ്ട് സഹോദരന്മാരും അപ്പോഴും ഉറക്കത്തിലായിരുന്നു. അവൾ ചേട്ടൻ മാസാഹിരോവിനെ തട്ടിയുണർത്തി

‘ എന്തൊരു ഉറക്കമാ ഇത്, എണീറ്റേ….

ഇന്ന് ശാന്തി ദിനമാണെന്നത് അറിയാവുന്നതല്ലേ? എണീറ്റേ…

മാസാഹിരൊ കണ്ണു തുറന്നു ,ഒപ്പം തന്നെ സഡാക്കൊവിന്റെ കുഞ്ഞനിയത്തി മിത്സുയി, ഇളയ സഹോദരൻ ഈജി എന്നിവരും ഉറക്കമുണർന്ന് എഴുന്നേറ്റു. സഡാക്കൊ വിരിപ്പെല്ലാം ശരിയാക്കി, എന്നിട്ട് അടുക്കളയിലുള്ള അമ്മയുടെ അടുത്തേയ്ക്കു ചെന്നിട്ടു പറഞ്ഞു.

‘പ്രഭാതഭക്ഷണം വേഗം തയ്യാറാക്കു അമ്മേ.. ഇന്ന് മേളയ്ക്ക് പോണ്ടതാ..

അവർ പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അവർ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

‘സഡാക്കൊ , നിനക്ക് ഇപ്പോൾ  പതിനൊന്നു വയസ്സ് തികഞ്ഞു. എന്താണ് യാഥാർത്ഥ്യം എന്നൊക്കെ നിനക്ക് അറിയേണ്ട പ്രായമായി.

‘നമ്മുടെ ഹിരോഷിമാ നഗരത്തിൽ ആറ്റംബോംബിട്ടതിനെ തുടർന്ന് മരിച്ചു പോയവരെ എല്ലാവർഷവും ആഗസ്ത് ആറിനു എല്ലാവരും ഒത്തുകൂടി ഓർമ്മിക്കാറില്ലേ?

ഇന്ന് ആ ഓർമ്മദിനമാണ്.’

സഡാക്കൊവിന്റെ അച്ഛൻ മിസ്റ്റർ സസാക്കി പറഞ്ഞു .

‘ഇന്നത്തെ ദിവസമാണ് ആ ഭാഗ്യം കെട്ട ആറ്റം ബോംബ്  ഈ നഗരത്തിൽ വീണതിനെ തുടർന്ന് നിന്റെ മുത്തശ്ശി മരണപ്പെട്ടത് , ഇന്നൊരു അശുഭ ദിനമാണ്.

അതിനു ശേഷം കുടുംബാംഗങ്ങളെല്ലാം ഒരു മേശയ്ക്കു ചുറ്റും പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. സ്വർണ്ണ നിറമുള്ള ഫ്രെയിമോടെയുള്ള മുത്തശ്ശിയുടെ ഫോട്ടൊ മേശപ്പുറത്ത് വെച്ചിട്ടുണ്ടായിരുന്നു..

ഞങ്ങളുടെ പൂർവ്വികരുടെ ആത്മാവിനു ശാന്തി ലഭിക്കേണമേ…

മിസ്റ്റർ സസാക്കി പ്രാർത്ഥിച്ചു.

ആറ്റംബോംബിട്ടതിന്റെ ഫലമായി ഉണ്ടാകുന്ന കാൻസർ രോഗം വരാതെ ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം പ്രാർത്ഥിച്ചു.

ആറ്റംബോംബിട്ട് ഒമ്പത് വർഷം കഴിഞ്ഞിരിയ്ക്കുന്നു. എന്നിട്ടും അതിന്റെ ഫലമായുണ്ടാകുന്ന വികിരണങ്ങൾ ,അതു മൂലമുള്ള വിഷം ഇപ്പോഴും ആളുകളുടെ മരണത്തിന് കാരണമാകുന്നുണ്ട്.

 

സമാധാന ദിനം

എല്ലാവരും കൂടി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴേക്കും നിരത്തെല്ലാം ജനം കയ്യടക്കി കഴിഞ്ഞിരുന്നു.സഡാക്കൊ തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി ചുസൂക്കോവിനോടൊപ്പം മുന്നിൽ ഓടുന്നുണ്ടായിരുന്നു.ഒന്നാം ക്ലാസു മുതൽ അവർ ഒരുമിച്ചാണ്, അതു കൊണ്ടു തന്നെ അടുത്ത കൂട്ടുകാരുമാണ്.

‘നമ്മളെന്തിനാ ഇങ്ങനെ ഓടിപ്പോകുന്നത്, മേളയൊക്കെ കണ്ട് സാവകാശം പോകാം’

സഡാക്കൊ പറഞ്ഞു.

‘സഡാക്കൊ, നല്ല വെയിലാണ് മോളേ, മെല്ലെ പോയാൽ മതി ‘

പിറകിൽ നിന്ന് അമ്മയും വിളിച്ചു പറഞ്ഞു.

എന്നാൽ അതുകൊണ്ടൊന്നും കാര്യമായുണ്ടായില്ല, അവർ രണ്ടു പേരും റോഡിലൂടെ ഓടിക്കൊണ്ടിരുന്നു.

ശാന്തിപാർക്കിലെ കെട്ടിടത്തിനു മുന്നിൽ ആളുകൾ  നിശ്ശബ്ദരായി നിൽപ്പുണ്ടായിരുന്നു.

ചുമരിൽ ആറ്റംബോംബിട്ടതിനെ തുടർന്ന് തകർന്ന് തരിപ്പണമായ നഗരത്തിന്റേയും , മരിച്ചുപോയവരുടേയും ചിത്രങ്ങൾ പതിച്ചിരിയ്ക്കുന്നത് കാണാം. ആറ്റംബോംബ് ഹിരോഷിമ നഗരത്തെ ഒരു  മരുഭൂമിയാക്കി മാറ്റിയിരുന്നു.

‘ആറ്റംബോംബു വീണപ്പോളുണ്ടായ ഭയങ്കരശബ്ദം എനിയ്ക്ക് ഓർമ്മയുണ്ട്. ‘

സഡാക്കൊ ചുസുക്കോവിനോടു പറഞ്ഞു.

‘കോടിക്കണക്കിനു സൂര്യന്മാർ ഒന്നിച്ച്  കത്തിജ്വലിക്കുന്ന പോലുള്ള പ്രകാശമായിരുന്നു അപ്പോൾ ‘

‘ നിനക്കെങ്ങനെ ഓർമ്മയുണ്ടാവും?  , വെറും രണ്ടു വയസ്സുള്ള കുട്ടിയായിരുന്നില്ലേ നീയപ്പോൾ? ‘

ചുസുക്കൊ ചോദിച്ചു.

‘എനിയ്ക്ക് ഓർമ്മണ്ട് ‘ -സഡാക്കൊ ഉറപ്പിച്ചു പറഞ്ഞു.

ബുദ്ധ സന്യാസിമാരുടെ പ്രാർത്ഥനയ്ക്കു ശേഷം ,അസംഖ്യം വെള്ളപ്രാവുകളെ കൂട്ടിൽ നിന്നും സ്വതന്ത്രരാക്കി, അവർ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തോടെ  തുറസ്സായ ആകാശത്തിലേയ്ക്ക് പറന്നുയർന്നു. മേളയിൽ പല തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന നിരവധി കടകളുണ്ടായിരുന്നു. അവിടെ നിന്ന് വരുന്ന രുചികരമായ ഭക്ഷണവിഭവങ്ങളുടെ  ഗന്ധം സഡാക്കൊയ്ക്ക് ഇഷ്ടപ്പെട്ടു,

എന്നാൽ വിളർത്ത മുഖങ്ങളിൽ വിരൂപമായ അടയാളങ്ങളോടുകൂടിയ നിരവധി മനുഷ്യരേയും സഡാക്കൊവിനു അവിടെകാണാൻ കഴിഞ്ഞു.

ആറ്റംബോംബു വർഷിച്ചതിനെ തുടർന്നുണ്ടായ ഭീഷണമായ ചൂടേററ് പൊള്ളിപ്പോയ പാടുകളുള്ളതിനാൽ ആ മുഖങ്ങൾ മനുഷ്യമുഖങ്ങളാണെന്ന് തോന്നിച്ചതേയില്ല. അത്തരം വ്യക്തികൾ സഡാക്കൊവിന്റെ സമീപത്തേയ്ക്ക് വരുമ്പോൾ അവൾ മറ്റൊരു വശത്തേക്ക് പോകും.

സൂര്യാസ്തമയത്തിനു ശേഷം ആകാശത്ത് മിന്നൽപ്പിണറുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ജനങ്ങൾ കടലാസ് കൊണ്ട് നിർമ്മിച്ച റാന്തൽവിളക്കുമായി പുഴയോരത്തേയ്ക്ക് നീങ്ങിത്തുടങ്ങി.

എല്ലാ കടലാസ് റാന്തൽവിളക്കിനുമുള്ളിൽ ഒരു മെഴുകുതിരി കത്തിച്ചു വെച്ചിട്ടുണ്ടായിരുന്നു.റാന്തൽ വിളക്കിന്റെ മുകൾഭാഗത്ത് മരിച്ച് പോയ വ്യക്തികളുടെ പേരുകൾ എഴുതിയിട്ടുണ്ടായിരുന്നു.സഡാക്കൊ തന്റെ കയ്യിലുള്ള റാന്തൽ വിളക്കിൽ മരിച്ച് പോയ മുത്തശ്ശിയുടെ പേരെഴുതി. ഓരോരുത്തരായി റാന്തൽ വിളക്കുകൾ നദിയിലേക്ക് ഒഴുക്കിവിട്ടു. അസംഖ്യം റാന്തൽ വിളക്കുകളുടെ കൂട്ടത്തിൽ നിന്നുള്ള വെളിച്ചം   കൂരിരുട്ടിൽ മിന്നാമിനുങ്ങുകൾ മങ്ങി മങ്ങി പ്രകാശിക്കുന്നതു പോലെ അനുഭവപ്പെട്ടു.

ഒളിഞ്ഞിരുന്ന രഹസ്യം

ശരത്കാലത്തിന്റെ വരവ് വിളിച്ചറിയിച്ചു കൊണ്ട് കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങി. ഒരു ദിവസം സ്കൂൾ വിട്ടു ഓടി വന്ന സഡാക്കൊവിന് ഒരു സന്തോഷവാർത്ത അമ്മയോട് പറയാനുണ്ടായിരുന്നു.

‘ അമ്മേ, ഇന്ന് വലിയൊരു സംഭവം നടന്നു, റിലേഓട്ടമത്സരത്തിനായി എൻ്റെ ക്ലാസിൽ നിന്ന് എന്നേയും ഉൾപ്പെടുത്തിയിട്ടുണ്ട്’.

സഡാക്കൊ സന്തോഷത്തോടെ തൻ്റെ സ്കൂൾബേഗ് വായുവിലിട്ടു കറക്കിക്കൊണ്ട് തുടർന്നു.

‘ ഇതിൽ  ജയിച്ചാൽ അടുത്ത വർഷത്തെ ജൂനിയർ ഹൈസ്ക്കൂൾ ടീമിൽ ഞാൻ ഇടം നേടും എന്നുള്ള കാര്യം ഉറപ്പാണ് ‘.

യഥാർത്ഥത്തിൽ സ്കൂളിലെ റിലേ ഓട്ടമത്സരത്തിനായുള്ള ടീമിൽ ഇടം നേടുക എന്നത് സഡാക്കൊവിൻ്റെ വലിയ ആഗ്രഹമായിരുന്നു.

ആ ദിവസത്തിനു ശേഷം സഡാക്കൊവിൻ്റെ മനസ്സിൽ  എപ്പോഴും ഓട്ടത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു. സ്കൂളിൽ എന്നും ഓട്ടം പരിശീലിക്കുന്ന കാര്യത്തിൽ സഡാക്കൊ ശ്രദ്ധിച്ചു. സ്കൂൾ വിട്ടാൽ വീട്ടിലേയ്ക്ക് വരുന്നതും ഓടിക്കൊണ്ടാണ് .ഒരു ദിവസം സഡാക്കൊവിൻ്റെ ചേട്ടൻ മാസാഹിരൊ അച്ഛൻ്റെ വാച്ച് ഉപയോഗിച്ച് സഡാക്കൊ ഓടുന്നതിന്റെ ചലനവേഗം മനസ്സിലാക്കി.

എല്ലാവരും അദ്ഭുതപ്പെട്ടു പോയി,

‘ഇവൾ എന്ത് വേഗത്തിലാണ് ഓടുന്നത്, കാറ്റിനോട് സംസാരിക്കുന്നതു പോലെ.’

അവസാനം ഓട്ടമത്സരം നടക്കുന്ന ദിവസമെത്തി.മത്സരം കാണാൻ കുട്ടികളുടെ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹുത്തുക്കൾ എല്ലാം ഉണ്ടായിരുന്നു. സഡാക്കൊവിന് അൽപ്പം പരിഭ്രമമൊക്കെ തോന്നി. ഓട്ടം തുടങ്ങുന്ന സമയത്ത് തൻ്റെ കാലുകൾ ചലിക്കാതിരിക്കുമോ? , അവൾ ആശങ്കിച്ചു. എതിർ ടീം തങ്ങളേക്കാൾ ശക്തരും ഉയരമുള്ളവരുമാണെന്നത് ഒറ്റ നോട്ടത്തിൽ വ്യക്തമായിരുന്നു.

അമ്മ അവൾക്ക് ധൈര്യം കൊടുത്തു.

‘ആദ്യമായി മത്സരിയ്ക്കുമ്പോൾ കുറച്ച് പരിഭ്രമമൊക്കെ ഉണ്ടാവുക സാധാരണയാണ്. അതോർത്ത് നീ വിഷമിക്കേണ്ട. ഗ്രൗണ്ടിൽ നിനക്ക് നല്ല വേഗത്തിൽ ഓടാനാവും’

അമ്മയുടെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ട  സഡാെക്കൊ ആശ്വസിച്ചു, അവളുടെ ആത്മവിശ്വാസം ഇരട്ടിച്ചു.

സഡാക്കൊവിന്റെ മുഴുവൻ ശ്രദ്ധയും ഓട്ടത്തിൽ മാത്രമായിരുന്നു. ബാക്കി പുറത്തെന്തെന്തു നടക്കുന്നുവെന്ന് അവൾ ഗൗനിച്ചതേയില്ല.

ഓട്ടത്തിനായുള്ള വിസിൽ മുഴങ്ങി, അവളുടെ ഊഴം വന്നപ്പോൾ സർവ്വശക്തിയും സംഭരിച്ച് അവൾ ഓടി. ഓട്ടം പുത്തിയാക്കിയപ്പോൾ അവളുടെ  ഹൃദയം ശക്തിയായി മിടിയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾക്ക് തല കറങ്ങുന്നതായി തോന്നി.

‘ സഡാക്കൊ, നിൻ്റെ ടീം വിജയിച്ചു’

കൂട്ടുകാർ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ അവൾക്കൊന്നും മനസ്സിലായില്ല. തലയ്ക്കകത്തെ മിന്നൽ കുറച്ചു നേരം അനുഭവപ്പെട്ടു, പിന്നെ അതു പോയി. തണുപ്പുകാലം മുഴുവൻ സഡാക്കൊ തന്റെ ഓട്ടത്തിന്റെ വേഗത മെച്ചപ്പെടുത്താനായി എല്ലാ ദിവസവും  പരിശീലനത്തിലേർപ്പെട്ടു.

സ്കൂൾ ടീമിൽ ഇടം നേടണമെങ്കിൽ സ്ഥിര പരിശീലനം കൂടിയേ തീരൂ എന്ന് അവൾക്കറിയാം.എന്നാൽ പരിശീലന ഓട്ടത്തിനു ശേഷം തല കറങ്ങുന്ന അനുഭവം സഡാക്കൊവിന് പലപ്പോഴും ഉണ്ടായി.എന്നാൽ അവൾ ഇക്കാര്യം വീട്ടിലാരോടും പറഞ്ഞില്ല. സത്യത്തിൽ അവളാകെ അങ്കലാപ്പിലായിരുന്നു, അതു കൊണ്ടു തന്നെ പ്രിയ കൂട്ടുകാരി ചുസൂക്കുവിനോടു പോലും പറഞ്ഞില്ല.

ഒരു ദിവസം സഡാക്കൊവിനോട് അമ്മ പറഞ്ഞു

‘നിൻ്റെ പ്രായത്തിലുള്ള പെൺകുട്ടികൾ ഈ പ്രായത്തിൽ കിമോണൊ(ജപ്പാനിലെ വനിതകൾ ധരിക്കുന്ന ഒരു വസ്ത്രം) ധരിക്കേണ്ടതാണ്.അമ്മ ഒരുക്കൂട്ടി വെയ്ക്കുന്ന പൈസ തികഞ്ഞാൽ മോൾക്ക് ഞാനത് വാങ്ങിച്ചു തരും. ‘

അമ്മയുടെ കിമോണൊ വാഗ്ദാനത്തിന് അവൾ സന്തുഷ്ടി പ്രകടിപ്പിച്ചു.

സത്യത്തിൽ അവൾക്ക് കിമോണോയോട് വലിയ താൽപ്പര്യമൊന്നും ഉണ്ടായിരുന്നില്ല. അവളുടെ ശ്രദ്ധ മുഴുവൻ സ്കൂളിൽ നടക്കാൻ പോകുന്ന ഓട്ടമത്സരത്തിൽ  ആയിരുന്നു. രഹസ്യം പുറത്താവുന്നു. ഏതാനും ആഴ്ച്ചകൾ എല്ലാം സുഗമമായിരുന്നു.എന്നാൽ ഫെബ്രുവരിയിലെ ഒരു തണുപ്പുദിനത്തിൽ പതിവ് പോലെ സഡാക്കൊ സ്കൂൾ ഗ്രൗണ്ടിൽ ഓടുകയായിരുന്നു. പെട്ടെന്ന് അവൾക്ക് തലകറക്കം അനുഭവപ്പെട്ടു. അവൾ നിലത്തേയ്ക്ക് കുഴഞ്ഞു വീണു. ഒരു ടീച്ചർ അതു കൊണ്ട് ഓടിച്ചെന്ന് അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

‘എനിയ്ക്ക് നല്ല ക്ഷീണം തോന്നുന്നു, ‘

സഡാക്കൊ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

അവൾ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും വീഴുകയാണ് ഉണ്ടായത്.

മിസ്റ്റർ സസാക്കിയെ വിളിപ്പിച്ചു. എല്ലാവരും കൂടി  സഡാക്കൊവിനെ റെഡ്ക്രോസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ പ്രവേശിച്ചതും ഒരു ഭയം അവളെ ഗ്രസിച്ചു. ആശുപത്രിയുടെ ഒരു ഭാഗം തന്നെ ആറ്റംബോംബിൻ്റെ ഭവിഷ്യത്തുകൾ അനുഭവിയ്ക്കുന്ന രോഗികൾക്കു വേണ്ടിയുള്ളതായിരുന്നു. കുറച്ച് സമയത്തിനകം സഡാക്കൊയുടെ നെഞ്ചിൻ്റെ എക്സ് റേ എടുത്തു, രക്ത പരിശോധന നടത്തി.ഡോക്ടർ നുമാട്ട സഡാക്കൊവിനെ പരിശോധിച്ചു, രോഗാവസ്ഥയെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കി.

അപ്പോഴേക്കും സഡാക്കോവിന്റെ വീട്ടുകാർ എല്ലാവരും ആശുപത്രിയിലേക്കെത്തിയിരുന്നു. സങ്കടത്തോടെയുള്ള അമ്മയുടെ പതിഞ്ഞ സംസാരം അവൾ കേട്ടു.

‘ലുക്കീമിയ  – അതായത് രക്താർബുദം – ഇല്ല ,അങ്ങനെ ഒരിക്കലും സംഭവിക്കില്ല”

വേണ്ട, ഇനി സഡാക്കൊവിന് ഒന്നും കേൾക്കണ്ട,

അവൾ രണ്ടു ചെവികളും കൈകൾ കൊണ്ട് അടച്ചു പിടിച്ചു. കുറച്ച് കഴിഞ്ഞ് നഴ്സ് വന്ന് അവളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നഴ്സ് കോട്ടൺ തുണി കൊണ്ട് നിർമ്മിച്ച  ഒരു കിമോണൊ അവൾക്ക് ധരിക്കാൻ കൊടുത്തു.

അവൾ കിടക്കയിൽ മെല്ലെ കിടന്നു ,അപ്പോഴേയ്ക്കും വീട്ടുകാർ അവളെ കാണാൻ വന്നു. സഡാക്കൊവിനെ അവളുടെ അമ്മ മാറോടണച്ചു കൊണ്ട് പറഞ്ഞു.

‘ഒരു പക്ഷെ ഏതാനും ദിവസം നിനക്കിവിടെ കഴിയേണ്ടി വരും,

എന്നും വൈകീട്ട് മോളെ കാണാൻ അമ്മ വരും,’

മാസാഹിരൊ, മിത്സുയി, ഈജി എന്നിവരും സ്കൂൾ വിട്ടതിനു ശേഷം സഡാക്കൊവിനെ കാണാൻ വരാമെന്ന് ഉറപ്പു നൽകി. സഡാക്കൊ അവളുടെ അച്ഛനോട് ചോദിച്ചു

‘സത്യത്തിൽ ആറ്റംബോംബിട്ടത് കൊണ്ടുണ്ടാവുന്ന രോഗമാണൊ എനിയ്ക്ക്?’

മിസ്റ്റർ സസാക്കി തൻ്റെ സങ്കടം പ്രകടിപ്പിക്കാതിരിക്കാൻ  പരമാവധി ശ്രദ്ധിച്ചു കൊണ്ടു ഇത്രമാത്രം പറഞ്ഞു.

‘മോളെ , ഡോക്ടർ ചില പരിശോധനകൾ നടത്താനുണ്ടെന്നു പറഞ്ഞു, അതിനാണ് നിന്നോട് ഏതാനും ആഴ്ച്ച ആശുപത്രിയിൽ കഴിയണമെന്നു പറഞ്ഞത്. ഏതാനും ആഴ്ച്ചകൾ..

ഏതാനും ആഴ്ച്ചകൾ..? സഡാക്കൊവിനെ സംബന്ധിച്ചേടത്തോളം അത് വർഷങ്ങളാണ്. എങ്ങിനെയാണ് തനിയ്ക്ക് സ്കൂളിലെ ഓവട്ടമത്സരത്തിൽ പങ്കെടുക്കാനാവുക? അവൾ കരച്ചിലടക്കാനും സ്വയം നിയന്ത്രിക്കാനും പരമാവധി ശ്രമിച്ചു.

സഡാക്കൊ ഭയപ്പെട്ടു.ഈ ആശുപത്രിയിൽ അഡ്മിറ്റാവുന്ന പലരും

തിരിച്ചതുപോലെ സ്വന്തം വീട്ടിലേയ്ക്ക് പോകാറില്ല എന്ന കാര്യം അവൾക്കറിയാം.

അന്ന് രാത്രി അവൾ ഒരു പാട് നേരം കരഞ്ഞു. ഇതിനു മുമ്പ് ഇത്രയും ഏകാന്തത അവൾക്കൊരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ല.

സ്വർണ്ണപ്പക്ഷി

അടുത്ത ദിവസം സഡാക്കൊ അൽപ്പം വൈകിയാണ് ഉറക്കമുണർന്നത്. നഴ്സ് വന്ന് ഒരു ഇൻജക്ഷൻ നൽകിക്കൊണ്ട് പറഞ്ഞു.

‘ആസ്പ്പത്രില് ഇനി എന്നും ഇൻജക്ഷനൊക്കെ ഉണ്ടാവും ട്ടൊ,

ക്രമേണ സഡാക്കൊ ഇവിടുത്തെ അന്തരീക്ഷവുമായി പരിചയപ്പെട്ടോളും.’

അന്ന് ഉച്ചയ്ക്ക് സഡാക്കൊവിൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി ചുസൂക്കൊ വന്നു. ചുസൂക്കോവിൻ്റെ ചുണ്ടിൽ എന്തൊ ഒളിപ്പിച്ചുവെച്ചൊരു പുഞ്ചിരിയുണ്ടായിരുന്നു, അവൾ പിറകിൽ എന്തൊ മറച്ചു പിടിച്ചിരുന്നു.

‘നീ ആ കണ്ണുകളൊന്നു അടച്ചേ’

ചുസൂക്കൊ കൂട്ടുകാരിയോടു പറഞ്ഞു. സഡാക്കൊ കണ്ണുകൾ അടച്ചുപിടിച്ചു. അൽപ്പനേരം കഴിഞ്ഞ് സഡാക്കൊ കണ്ണു തുറന്നപ്പോൾ അവളുടെ മുമ്പിൽ  സ്വർണ്ണവർണ്ണമുള്ള ഒരു കടലാസും കത്രികയും ഇരിപ്പുണ്ടായിരുന്നു.

‘ഇതെന്താണ് ? ‘

കടലാസ്സിലേയ്ക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് സഡാക്കൊ ചോദിച്ചു. ചുസൂക്കൊ തൻ്റെ സന്തോഷം മറച്ചു വെയ്ക്കാതെ കൂട്ടകാരിയോടു പറഞ്ഞു.

‘ ഞാൻ നിന്റെ അസുഖം മാറാനായി ഒരു ഉപായം അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്.’

എന്നിട്ട് അവൾ ആ കടലാസിൽ നിന്ന് ആദ്യം ഒരു സമചതുരത്തിൽ ഒരു ഭാഗം കൃത്യമായി മുറിച്ചെടുത്തു.എന്നിട്ട് അവൾ ആ കടലാസിനെ പല മടക്കുകളാക്കി മനോഹരമായ ഒരു സ്വർണ്ണ പ്പക്ഷിയെ ഉണ്ടാക്കി. സഡാക്കൊവിന് ഒന്നും മനസ്സിലായില്ല.

‘ഈ കടലാസു പക്ഷി എന്റെ അസുഖം എങ്ങിനെ മാറ്റാനാണ്?’

അവൾ ചോദിച്ചു.

‘കൊക്കിനെക്കുറിച്ചുള്ളൊരു പഴങ്കഥ നീ കേട്ടിട്ടില്ലേ? കൊക്കുകൾക്ക് ആയിരം വർഷത്തെ ആയുസ്സ് ഉണ്ടെന്നാണ് ആ കഥ. ആയിരം കടലാസ് കൊക്കുകൾ നിർമ്മിച്ചാൽ  ആ ആളിന്റെ അസുഖം പൂർണ്ണമായും ഭേദമാവും’

ചുസൂക്കൊ മറുപടി  പറഞ്ഞു.

ചുസൂക്കൊ അവളുണ്ടാക്കിയ കടലാസ്കൊക്കെ സഡാക്കൊയ്ക്ക് നൽകിക്കൊണ്ട് പറഞ്ഞു.

‘ഇത് വാങ്ങിക്കോളു, നിന്റെ ആദ്യത്തെ കടലാസ്പക്ഷി’ സഡാക്കോവിന്റെ കണ്ണുകൾ നിറഞ്ഞു, അവൾ കൂട്ടുകാരിയോട് നന്ദി പറഞ്ഞു.

സഡാക്കൊ ഒരു സമചതുര കടലാസ് എടുത്ത് കൊക്കിനെ നിർമ്മിക്കാൻ തുടങ്ങി.

‘ഇത് ശരിയാവുന്നില്ലല്ലൊ, കണ്ടപ്പോൾ വളരെ എളുപ്പമാണെന്നാണ് കരുതിയത്’

അവൾ പറഞ്ഞു, കടലാസ് കൊക്ക് നിർമ്മിക്കാൻ ചുസൂക്കൊ  അവളെ സഹായിച്ചു. ചുസൂക്കോവിന്റെ സഹായത്തോടെ കടലാസ് മടക്കി കൊക്കുകളെ ഉണ്ടാക്കുന്ന വിധം അവൾ മനസ്സിലാക്കി. സഡാക്കൊ അൽപ്പം പ്രയാസപ്പെട്ടാണെങ്കിലും പത്ത് കൊക്കുകൾ നിർമ്മിച്ചു. അവൾ കൂട്ടുകാരി സ്നേഹപൂർവ്വം സമ്മാനിച്ച സ്വർണ്ണപ്പക്ഷി യോടൊപ്പം എല്ലാ പക്ഷികളേയും മനോഹരമായി അടുക്കി വെച്ചു.സഡാക്കൊ നിർമ്മിച്ച എല്ലാ കൊക്കുകളും ശരിയായ രീതിയിലായിരുന്നില്ല.ചിലതെല്ലാം അൽപ്പം വളഞ്ഞും എങ്കോണിച്ചുമെല്ലാമിരുന്നു.

അത് സാരമില്ല , ഇത് തുടക്കമാണല്ലൊ. സഡാക്കൊ മനസ്സിൽ വിചാരിച്ചു.

‘ഇനി എനിയ്ക്ക് തൊള്ളായിരത്തി തൊണ്ണൂറ് കടലാസ് കൊക്കുകളെ നിർമ്മിക്കണം.’

സഡാക്കൊ പറഞ്ഞു. ഈ മനോഹരമായ പക്ഷികൾ തനിയ്ക്ക് സുരക്ഷിതത്വം തരുന്നുണ്ടെന്ന് അവൾക്ക് തോന്നി. ആയിരം കടലാസ്പക്ഷികളെ നിർമ്മിക്കാൻ തനിയ്ക്ക് കഴിയുമെന്ന് അവൾക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. എല്ലാം പൂർത്തിയായിക്കഴിയുമ്പോഴേയ്ക്കും താൻ ആരോഗ്യവതിയാകും. വീട്ടിലേയ്ക്ക് തിരിച്ച് പോകാൻ പറ്റും – അവൾ കരുതി. അന്ന് മാസാഹിരൊ സ്കൂൾ വിട്ട് സഡാക്കൊവിനെ കാണാൻ വന്നപ്പോൾ പക്ഷികളെ കണ്ടിട്ട് പറഞ്ഞു.

‘സഡാക്കൊ, നിന്റെ മേശ ചെറുതാണല്ലൊ.

ഇത്രയും പക്ഷികളെ എങ്ങിനെയാ ഇതിൽ അടുക്കി വെയ്ക്കാനാവുക? ഞാൻ മുകളിൽ ഒരു നൂൽ വലിച്ച് കെട്ടി അതിൽ തൂക്കിയിടാം,’

സഡാക്കൊവിനു സന്തോഷമായി, അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

‘ഞാൻ ഉണ്ടാക്കുന്ന പക്ഷികളേയൊക്കെ അങ്ങിനെ തൂക്കിയിടാമൊ?’

‘പിന്നെന്താ, എല്ലാം  തൂക്കിയിടാം’ – മാസാഹിരൊ സഡാക്കൊവിനു ഉറപ്പുകൊടുത്തു.

‘അങ്ങിനെയാണെങ്കിൽ മൊത്തം ആയിരം കടലാസുകൊക്കുകളെ തൂക്കിയിടേണ്ടി വരും.’

സഡാക്കൊ പറഞ്ഞു. അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം ദൃശ്യമായിരുന്നു.

‘ആയിരമൊ?’ – മാസാഹിരൊ അദ്ഭുതപ്പെട്ടു.

‘ നീ തമാശ പറയുകയാണൊ?’

മാസാഹിരൊ നഴ്സിനോട് നൂലും ടേപ്പും ചോദിച്ചു വാങ്ങി. എന്നിട്ട് പക്ഷികളേയെല്ലാം വരിവരിയായി തൂക്കിയിട്ടു. സ്വർണ്ണപ്പക്ഷിയെ  സഡാക്കൊ മേശപ്പുറത്ത് തന്നെ വെച്ചു. വൈകീട്ട് അമ്മയോെടൊപ്പം മിത്സുയിയും, ഈജിയും സഡാക്കൊവിനെ കാണാൻ വന്നു. പക്ഷികൾ തൂങ്ങിക്കിടക്കുന്നത് കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു.അമ്മയ്ക്ക്

ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു കുഞ്ഞിപ്പക്ഷിയേയാണ്.

‘കടലാസ് മടക്കി കുഞ്ഞിപ്പക്ഷിയെ ഉണ്ടാക്കാൻ നല്ല പ്രയാസമാണ്’

അവർ പറഞ്ഞു. എല്ലാവരും പോയപ്പോൾ സഡാക്കൊ വിനു വീണ്ടും ഒറ്റപ്പെടൽ അനുഭവപ്പെട്ടു. കടലാസ് എടുത്ത് അവൾ കൊക്കിനെ നിർമ്മിക്കാൻ തുടങ്ങി.

പതിനൊന്ന് – ഞാൻ വേഗം സുഖമാവും

പന്ത്രണ്ട്      – ഞാൻ വേഗം സുഖമാവും

കെൻജി

കടലാസ് പക്ഷി ഒരു ശുഭപ്രതീകമായിരുന്നു. എല്ലാവരും സഡാക്കൊവിനു വേണ്ടി കടലാസ് ശേഖരിക്കാൻ തുടങ്ങി.ചുസൂക്കൊ തന്റെ ക്ലാസിൽ നിന്നും കുറച്ച് വർണ്ണക്കടലാസ് സംഘടിപ്പിച്ചു കൊണ്ടുവന്നു. പിതാവ് തന്റെ ബാർബർ ഷോപ്പിൽ നിന്നും പരമാവധി കടലാസുകൾ വൃത്തിയായി സൂക്ഷിച്ച് വെച്ച് മകൾക്ക് നൽകി. മരുന്നിനോടൊപ്പമുള്ള കടലാസുകൾ നഴ്സും സഡാക്കൊവിനു നൽകാനായി ശേഖരിച്ചു വെച്ചു .

മാസാഹിരൊ വാഗ്ദാനം ചെയ്ത പ്രകാരം എന്നും വന്ന് ഓരൊ കടലാസ് പക്ഷിയേയും ചിട്ടയായി തൂക്കിയിടും. ചിലപ്പോൾ കുറെ പക്ഷികളെ ഒന്നിച്ചൊരു നൂലിൽ തൂക്കിയിട്ടിരിക്കുന്നതു കാണാം. ഒരു വലിയ പക്ഷി മറ്റൊരു നൂലിൽ ഒറ്റയ്ക്ക് പറക്കുന്നതും ദൃശ്യമാവും. തുടർന്നുള്ള ഏതാനും മാസങ്ങളിൽ സഡാക്കൊവിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്ന തോന്നലുളവാക്കിയിരുന്നു. എന്നാൽ അവൾ ആശുപത്രിയിൽ തന്നെ കഴിയുന്നതാണ് നല്ലതെന്ന് ഡോക്ടർ നുമാട പറഞ്ഞു.

ഇത്രയുമായപ്പോഴേയ്ക്കും തന്റെ അസുഖം ലൂക്കിമിയ അഥവാ രക്താർബുദമാണെന്ന കാര്യം സഡാക്കൊ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.എന്നാൽ ഈ അസുഖം വന്ന പലർക്കും രോഗം മാറിയിട്ടുണ്ടെന്നും അവൾക്കറിയാമായിരുന്നു. അവൾ പ്രതീക്ഷ കൈവിട്ടില്ല. തന്റെ ആരോഗ്യവും  മെച്ചപ്പെടും ഒരു ദിവസം പൂർണ്ണമായും രോഗം മാറും എന്നൊരു ശുഭാപ്തി വിശ്വാസം അവൾക്കുണ്ടായിരുന്നു.

നല്ല ദിവസങ്ങളിൽ സഡാക്കോവിന് പിടിപ്പതു ജോലിയുണ്ടായിരുന്നു. സ്കൂളിലെ ജോലികളെല്ലാം ചെയ്തു തീർത്തു.കൂട്ടുകാർക്ക് കത്തുകളെഴുതി. തന്നെ കാണാനത്തിയ കൂട്ടുകാരോടൊപ്പം കടങ്കഥകൾ പറഞ്ഞു, കളിച്ചു, പാട്ടുകൾ പാടി. വൈകുന്നേരങ്ങളിൽ സമചതുരകടലാലാസു മടക്കി പക്ഷികളെ ഉണ്ടാക്കി.ഇതു വരേയായി മുന്നൂറിലേറെ പക്ഷികൾ സഡാക്കൊനിർമ്മിച്ചു കഴിഞ്ഞു.ഇപ്പോൾ കടലാസു മടക്കി കൊക്കിനെ ഉണ്ടാക്കുന്നതിൽ അവൾക്ക് നല്ല വേഗതയുണ്ട്. കൊക്കിനെ ഉണ്ടാക്കുമ്പോൾ കടലാസിൻ്റെ മടക്കുകളെങ്ങനെയെന്ന് അവളുടെ വിരലുകൾ പെട്ടെന്ന് തന്നെ കണ്ടു പിടിയ്ക്കുമായിരുന്നു. മാത്രമല്ല അവളുണ്ടാക്കുന്ന പക്ഷികളെക്കുറിച്ച് ഇപ്പോൾ ആർക്കും ഒരു പരാതിയും പറയാനാവില്ല, അത്രയും ജീവനുള്ളതാണ്.

 

എന്നാൽ സഡാക്കോവിന്റെ ശരീരത്തിനകത്ത് ആറ്റംബോംബിന്റെ ഫലമായുണ്ടാകുന്ന രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു. അവൾക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി. ചിലപ്പോൾ അസഹ്യമായ തലവേദന വന്നു, അപ്പോൾ എന്തെങ്കിലും വായിക്കാനൊ, എഴുതാനൊ ഒന്നിനും പറ്റുമായിരുന്നില്ല. ചിലപ്പോൾ അവൾക്ക് എല്ലുകൾ നുറുങ്ങുന്ന വേദന അനുഭവപ്പെടും. അസഹ്യമായ വേദന, അത്തരം സമയങ്ങളിൽ അവളുടെ കണ്ണുകൾക്ക് മുമ്പിൽ ആകെ ഇരുട്ടായിരിയ്ക്കും. ഇത്തരം സന്ദർഭങ്ങളിൽ സഡാക്കോവിനു  ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. അവൾ ജനാലയ്ക്കരികിൽ നിന്ന് പുറത്ത് മരങ്ങളിലേക്ക് നിർന്നിമേഷയായി നോക്കി നിൽക്കും. ആ സ്വർണ്ണപ്പക്ഷിയേയും മടിയിൽ വെച്ച് മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിയ്ക്കും. ഒരു ദിവസം അവൾ ആകെ ക്ഷീണിച്ച് ഇരിയ്ക്കുമ്പോഴാണ് നഴ്സ് വന്ന് സഡാക്കോവിനെ പുറത്ത് വരാന്തയിലേക്ക് ചക്രകസേരയിൽ കൂട്ടിക്കൊണ്ടുപോയത്. അവിടെ ചെറുതായി വെയിലുണ്ടായിരുന്നു.

അവിടെ വെച്ചാണ് അവൾ ആദ്യമായി കെൻജിയെ കാണുന്നത്. കെൻജിക്ക് ഒമ്പതു വയസ്സായിരുന്നു, എന്നാൽ പ്രായത്തെ അപേക്ഷിച്ച് അവൻ വളരെ ചെറുതായിരുന്നു. സഡാക്കൊ അവന്റെ കുഞ്ഞു മുഖത്തേക്കും തിളങ്ങുന്ന കണ്ണുകളിലേക്കും നോക്കിക്കൊണ്ടിരുന്നു.

‘ ഹലൊ ‘ അവൾ പറഞ്ഞു ,’ ഞാൻ സഡാക്കോ’.

കെൻജി വളരെ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.

കുറച്ചു സമയത്തിനകം അവർ പഴയ ചങ്ങാതിമാരെപ്പോലെ സംസാരിക്കാൻ തുടങ്ങി.

കെൻജി ആശുപത്രിയിൽ വന്നിട്ട് എത്രയൊ മാസങ്ങൾ പിന്നിട്ടു. എന്നാൽ വളരെ കുറച്ചു പേരെ അവനെ കാണാൻ വരാറുണ്ടായിരുന്നുള്ളു. അവന്റെ അച്ഛനും , അമ്മയും മരണപ്പെട്ടു പോയിരുന്നു. മുത്തശ്ശിയോടൊപ്പം തൊട്ടടുത്തുള്ളൊരു നഗരത്തിലായിരുന്നു അവൻ താമസിച്ചിരുന്നത്.

‘എൻ്റെ മുത്തശ്ശിക്ക് ഒരു പാട് വയസ്സായി. .ആഴ്ച്ചയിൽ ഒരിക്കൽ മാത്രമേ അവർക്ക് എന്നേ കാണാൻ വരാൻ പറ്റാറുള്ളു’.

കെൻജി പറഞ്ഞു.

‘അതിനാൽ അധിക സമയവും ഞാനെന്തെങ്കിലും വായിച്ചു കൊണ്ടിരിയ്ക്കും.

സഡാക്കൊ കെൻജിയുടെ മ്ലാനമായ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

‘ അല്ല ഇനി ഇപ്പൊ ഒരു വ്യത്യാസവും സംഭവിയ്ക്കാനില്ല’

അതു പറഞ്ഞ് കൊണ്ട് കെൻജി തുടർന്നു-

‘ അധികം താമസിയാതെ ഞാൻ മരണപ്പെടും, ആറ്റംബോംബിൻ്റെ ഫലമായി എനിയ്ക്ക് രക്താർബുദമാണ് ‘

‘അതെങ്ങനെ? നിനക്ക് ഒരിക്കലും ലുക്കീമിയ വരില്ല , ആറ്റംബോംബ് ഇട്ട സമയത്ത് നീ ജനിച്ചിട്ടു പോലും ഉണ്ടായിരുന്നില്ലല്ലൊ.

സഡാക്കൊ പറഞ്ഞു.

‘ അതുകൊണ്ടൊരു വ്യത്യാസവും വരാൻ പോകുന്നില്ല, രോഗാണുക്കൾ എൻ്റെ അമ്മയുടെ ശരീരത്തിൽ കയറിക്കൂടിയിരുന്നു.’

കെൻജി മറുപടി പറഞ്ഞു.

സഡാക്കൊ കെൻജിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, അവനു സ്വർണ്ണപ്പക്ഷിയേക്കുറിച്ചു പറഞ്ഞു കൊടുത്തു.

‘എനിയ്ക്ക് പക്ഷികളെക്കുറിച്ച് അറിയാം, എന്നാൽ ഒരു പാട് വൈകിപ്പോയി. ഇനി ഈശ്വരനും എന്നെ രക്ഷിക്കാൻ കഴിയില്ല.’

കെൻജി പറഞ്ഞു. തിരിച്ച് മുറിയിലെത്തിയ സഡാക്കൊ കുറെ നേരം കെൻജിയെക്കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു. അവൾ വർണ്ണകടലാസെടുത്ത് ഏതാനും പക്ഷികളെ നിർമ്മിച്ചു, എന്നിട്ട് കെൻജിക്ക് വേണ്ടി കൊടുത്തയച്ചു.

‘ഈ പക്ഷികൾ ഒരു പക്ഷെ കെൻജിയുടെ ദു:ഖത്തെ അകറ്റിയേക്കും , അവൾ കരുതി.

എന്നിട്ട് അവൾ തനിക്കു വേണ്ടിയും ഏതാനും കടലാസ് കൊക്കുകൾ ഉണ്ടാക്കി.

മുന്നൂറ്റി എൺപത്തൊമ്പത്…..

മുന്നൂറ്റി തൊണ്ണൂറ്…….

ഒരു ദിവസം വരാന്തയിൽ കെൻജിയെ കണ്ടില്ല. നഴ്സ് വന്ന് സാഡാക്കോവിനോട് പറഞ്ഞു.

‘ ഇന്നലെ രാത്രി അവൻ നമ്മളെ വിട്ടു പോയി ‘.

സഡാക്കോവിനത് സഹിക്കാനായില്ല, അവൾ ചുമരിനോട് മുഖം ചേർത്ത് വിങ്ങിവിങ്ങിക്കരഞ്ഞു. കരഞ്ഞ് കരഞ്ഞ് കുറെ സമയം പോയതറിഞ്ഞില്ല. ചുറ്റും നന്നായി ഇരുട്ട് പരന്നിരുന്നു. സഡാക്കൊ ജനലിലൂടെ ആകാശത്തേക്ക് നോക്കി. നക്ഷത്രങ്ങളാതാ മിന്നി ക്കൊണ്ടിരിയ്ക്കുന്നു. അപ്പോഴാണ് നഴ്സ് അങ്ങോട്ട് വന്നത്, അവർ ചോദിച്ചു.

‘ എന്താ  നമ്മുടെ കെൻജിയും ആ എണ്ണമറ്റ നക്ഷത്രങ്ങളിലൊന്നിലേക്ക് പോയിക്കാണുമോ?’

‘ അവനെവിടെയായാലും  സന്തോഷമായി ഇരിയ്ക്കുന്നുണ്ടാവും എന്ന് എനിയ്ക്ക് തോന്നുന്നു’.

‘രോഗം വന്ന് തളർന്ന് ആകെ പരവശമായ ആ ശരീരം അവൻ ഉപേക്ഷിച്ചു. അവൻ്റെ ആത്മാവ് ഇപ്പോൾ സ്വതന്ത്രമായി’

നഴ്സ് തൻ്റെ ദു:ഖം പങ്കുവെച്ചു.

കാററിൽ ഇളകിയാടുന്ന വൃക്ഷശിഖരങ്ങളുടെ മർമ്മരം കേൾക്കുകയായിരുന്ന സഡാക്കൊ പെട്ടെന്ന് തിരിഞ്ഞ് നഴ്സിനോട് ചോദിച്ചു.

‘ അടുത്തതായി ഞാൻ മരണപ്പെടും അല്ലേ? ‘

‘ ഒരിക്കലുമില്ല’

നഴ്സ് നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. അവർ ഒരു വർണ്ണക്കടലാസെടുത്ത് കട്ടിലിൽ നിവർത്തിവെച്ചിട്ട് സഡാക്കോയോട് പറഞ്ഞു.

‘ഇതെങ്ങനെയാ മടക്കുക എന്ന് ഉറങ്ങുന്നതിനു മുമ്പ് എനിയ്ക്കും ഒന്നു പറഞ്ഞു തരു. ‘ നീ ആയിരം കടലാസുകൊക്കുകൾ ഉണ്ടാക്കിക്കഴിയുമ്പോഴേയ്ക്കും അസുഖമെല്ലാം മാറും.പിന്നെ മുതുമുത്തശ്ശിയാവുന്നതു വരെ ജീവിയ്ക്കും.’

നഴ്സ് പറഞ്ഞത് സഡാക്കോവിനു വിശ്വസിക്കാൻ പ്രയാസമായിരുന്നു.

സാവധാനത്തിൽ കടലാസ് മടക്കി അവൾ പക്ഷികളെ ഉണ്ടാക്കിക്കൊണ്ടിരുന്നു

നാനൂറ്റി അറുപത്തിമൂന്ന്………

നാനൂറ്റി അറുപത്തിനാല്………..

അസംഖ്യം മംഗളാശംസകൾ

ജൂൺ മാസം വന്നതോടെ മഴയും എത്തി.ദിവസം മുഴുവൻ മഴത്തുള്ളികൾ ജനൽകണ്ണാടിയിൽ ടപ് ടപ് sപ് ടപ് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. സഡാക്കോവിന്റെ മുഖത്തിന് ഇപ്പോൾ മഞ്ഞനിറം കാണുന്നുണ്ട്. അച്ഛനും അമ്മയ്ക്കും പിന്നെ ചേട്ടനും മാത്രമെ ആശുപത്രിയിൽ വരാൻ ഇപ്പോൾ അനുമതി നൽകിയിരുന്നുള്ളു.

സഡാക്കോവിന്റെ ക്ലാസിൽ നിന്നും മരം കൊണ്ടു നിർമ്മിച്ച ഒരു ജാപ്പനീസ് പാവക്കുട്ടി സഡാക്കോവിനു വേണ്ടി കൊടുത്തയച്ചിരുന്നു. അവൾ ആ പാവക്കുട്ടിയേയും തന്റെ സ്വർണ്ണപ്പക്ഷിയോടെപ്പം ഭദ്രമായി വെച്ചു. സഡാക്കോവിന്റെ അമ്മ വളരെയേറെ ദു:ഖിതയായിരുന്നു. ഇപ്പോൾ ഭക്ഷണം വളരെ കുറച്ചെകഴിയ്ക്കുന്നുള്ളു. ഒരു ദിവസം അവർ മകൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നു. എന്നാൽ അവൾക്ക് അതിൽ നിന്ന് ഒരു ഉരുള മാത്രമാണ് കഴിക്കാനായത്. സഡാക്കോവിന്റെ താടിയെല്ല് വീർത്തിരുന്നു, ഒന്നും ചവയ്ക്കാൻ പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു.

സഡാക്കോവിന്റെ വീട്ടുകാർ വളരെ പാവപ്പെട്ടവരായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് നല്ല ഭക്ഷണം അവൾക്കായി അവർ തയ്യാറാക്കി കൊണ്ടു വന്നിരുന്നത്. അവൾക്കത് നന്നായി അറിയാമായിരുന്നു, അതെല്ലാം ആലോചിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയും.

സഡാക്കോവിന്റെ അമ്മ മകളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

‘മോളെ ,നീ വിഷമിക്കരുത്, നിൻ്റെ അസുഖം ഭേദമാവും. ഈ മഴദിവസം മാറി സൂര്യനുദിച്ചു വരുമ്പോഴേയ്ക്കും നീയും ഉഷാറാവും”

എന്നിട്ട്  സ്കൂൾ ബൂക്കിലെ ഏതാനും കവിതകൾ മകൾക്കു വേണ്ടി ചൊല്ലി. അൽപ്പം കഴിഞ്ഞ് മാസാഹിരൊ വന്നപ്പോൾ പോക്കറ്റിൽ നിന്നും വെള്ളി നിറമുള്ള മടക്കി വെച്ചിരുന്ന ഒരു കടലാസ് പുറത്തെടുത്തു.

‘ഇത് ഈജി തന്നതാണ്.ഇത് കൊണ്ട് നിനക്ക് ഒരു പക്ഷിയേ കൂടി നിർമ്മിക്കാമല്ലൊ.’

സഡാക്കൊ ആ കടലാസ് മണത്തു നോക്കി.

‘ഇതിന് നല്ല ചോക്ലേറ്റിൻ്റെ മണമാണല്ലൊ.

ഭഗവാന് ഒരു പക്ഷെ ചോക്ലേറ്റിൻ്റെ മണം ഇഷ്ടമായേക്കും.’ സഡാക്കൊ പറഞ്ഞു.

എല്ലാവരും പൊട്ടിച്ചിരിച്ചു.

ഒരു പാട് ദിവസങ്ങൾക്കു ശേഷമാണ് സഡാക്കൊ ഇങ്ങനെ ചിരിയ്ക്കുന്നത്. അതൊരു ശുഭസൂചനയായിരുന്നു. ഒരു പക്ഷെ സ്വർണ്ണപ്പക്ഷിയുടെ മായാജാലം പ്രവർത്തിച്ചു തുടങ്ങിക്കാണും. അവൾ വെള്ളി നിറമുള്ള കടലാസ് എടുത്ത് നിവർത്തി. അതു മടക്കി പ്രയാസപ്പെട്ടാണെങ്കിലും മനോഹരമായൊരു പക്ഷിയെ നിർമ്മിച്ചു.

അഞ്ഞൂറ്റി നാൽപ്പത്തൊന്ന്..

എന്നാൽ അവൾ ക്ഷീണിതയായിരുന്നു’കടലാസ് മടക്കി പക്ഷിയെ നിർമ്മിയ്ക്കാനുള്ള ശക്തി അവളിൽ അവശേഷിച്ചിരുന്നില്ല. സഡാക്കോവിന്റെ അമ്മ പോകുന്നതിനു മുമ്പ് ഒരു കവിത കൂടി ചൊല്ലി.

കുട്ടിക്കാലത്ത് സഡാക്കോവിന്

ചൊല്ലിക്കൊടുത്തതായിരുന്നു അത്.

‘സ്വർഗ്ഗത്തിലെ സ്വർണ്ണപക്ഷികളേ

നിങ്ങൾ തൻ ചിറകുകളാൽ

എന്റെ മോൾക്ക് കവചമൊരുക്കു’

അവസാന ദിനങ്ങൾ

ജൂലായ് മാസം അവസാനിയ്ക്കാൻ പോവുകയാണ്.  ഇളംവെയിൽ പരന്ന്  തുടങ്ങിയിരിയ്ക്കുന്നു.  കാറ്റിനു പോലും ചൂടുണ്ട്. സഡാക്കോവിന്റെ ആരോഗ്യം അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്.

‘ ആയിരത്തിൽ പകുതിയിലേറെ പക്ഷികളെ ഞാനിപ്പോൾ ഉണ്ടാക്കിക്കഴിഞ്ഞു’

അവൾ മാസാഹിരൊയോടു പറഞ്ഞു.

‘ അതു കൊണ്ടു തന്നെ എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് എനിയ്ക്ക് തോന്നുന്നു’

അതുതന്നെയാണ് സംഭവിച്ചതും. അവൾക്ക് വിശപ്പ് തിരിച്ചുകിട്ടി. ഇപ്പോൾ വേദനയില്ല. ഈ പുരോഗതിയിൽ ഡോക്ടർ നുമാട്ടയും സന്തുഷ്ടനായി. വീട്ടിലൊന്ന് പോയിട്ടു വരാനുള്ള അനുമതി അദ്ദേഹം സഡാക്കോവിനു നൽകി. വീട്ടിൽ പോകാമെന്ന് കേട്ട് അവൾ ഏറെ സന്തോഷിച്ചു. അന്നു രാത്രി ഉറക്കമേ വന്നില്ല. അവൾ കടലാസ് മടക്കി പക്ഷികളെ ഉണ്ടാക്കിക്കൊണ്ടിരുന്നു.

അറുനൂറ്റി ഇരുപത് ……

അറുന്നൂറ്റി ഇരുപത്തൊന്ന്……

വീട്ടിൽ വന്ന് എല്ലാവരേയും കണ്ടപ്പോൾ അവളുടെ സന്തോഷം പതിന്മടങ്ങുവർദ്ധിച്ചു. അവളുടെ അമ്മയും, മിത്സുയിയും കൂടി സഡാക്കൊ വരുന്നതിൻ്റെ മുമ്പ് തന്നെ വീടിൻ്റെ ഓരോ ഭാഗവും തുടച്ചു വൃത്തിയാക്കിയിരുന്നു. സഡാക്കൊ ആശുപത്രിയിൽ നിന്നും പോരുന്നതിന് മുമ്പ് സ്വർണ്ണപ്പക്ഷിയേയും പാവക്കുട്ടിയേയും കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. സ്വാദിഷ്ഠമായ ഭക്ഷണം ഉണ്ടാക്കുന്നതിൻ്റെ സുഗന്ധം വിടാകെ പരക്കുന്നുണ്ട്. സഡാക്കൊ സന്തോഷവതിയായിരുന്നു, ഒരു പക്ഷെ അവൾക്കിനി ആശുപത്രിയിലേക്ക്  പോകേണ്ടി വരില്ലായിരിയ്ക്കും.വീട്ടിൽ തന്നെ കഴിയാൻ പറ്റുമായിരിക്കാം.

ദിവസങ്ങളോളം അവളെ കാണാൻ സസാക്കി കുടുംബക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേർ  വന്നുകൊണ്ടിരുന്നു. എന്നാൽ ഒരാഴ്ച്ചകഴിഞ്ഞപ്പോഴേയ്ക്കും വീണ്ടും അവളുടെ മുഖത്ത് ക്ഷീണ ഭാവം വരാൻ തുടങ്ങി.അവൾ നിശ്ശബ്ദയായി ഇരുന്നു, വീട്ടിൽ വരുന്ന അതിഥികളെ കാണുക മാത്രം ചെയ്തു. സഡാക്കോവിന്റെ ആരോഗ്യം മോശമാവുന്നത് വീട്ടിൽ എല്ലാവരേയും ദു:ഖത്തിലാഴ്ത്തി.അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്നിരുന്ന പ്രിയപ്പെട്ട സഡാക്കോവിനെക്കുറിച്ച് അവളുടെ അമ്മ ഓർമ്മിച്ചു.

അടുത്ത ദിവസം തന്നെ സഡാക്കോവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആശുപത്രിയിലെ ശാന്തമായ ഏകാന്തമായ തൻ്റെ മുറി ആദ്യമായി സഡാക്കൊ ഇഷ്ടപ്പെട്ടു. അവളുടെ അമ്മയും അച്ഛനും ഏറെ നേരം അവളോടൊപ്പമിരുന്നു. ഉറക്കത്തിനിടയിലും  അവൾഎന്തൊക്കെയൊ പിറുപിറുത്തു കൊണ്ടിരുന്നു. അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല, അവർ അവളുടെ കൈകളെ തൻ്റെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു.

മിസ്റ്റർ സസാക്കി  പറഞ്ഞു

‘ഒന്നുമില്ലമേളെ കുറച്ച് പക്ഷികളേ കൂടിയെ മോൾക്കിനി ഉണ്ടാക്കാനുള്ളു, അത് പൂർത്തിയാവുമ്പോഴേയ്ക്കും സുഖമാവും’

അപ്പോഴേയ്ക്കും നഴ്സ് വന്ന് അവൾക്ക് മരുന്നു കൊടുത്തു. കണ്ണടയ്ക്കുന്നതിനു മുമ്പ് സഡാക്കൊ തൻ്റെ സ്വർണ്ണപ്പക്ഷിയെ കയ്യിലെടുത്തു കൊണ്ടു പറഞ്ഞു.

”ഒരു ദിവസം ഞാൻ സുഖമായി വരും ,എന്നിട്ട് കാറ്റിൻ്റെ വേഗതയിൽ ഞാൻ ഓടും’

അതിനു ശേഷം ഏതാണ്ട് എല്ലാ ദിവസവും ഡോക്ടർ നുമാട്ട അവളുടെ ശരീരത്തിലേയ്ക്ക് രക്തം കയറ്റിക്കൊണ്ടിരുന്നു.

‘നീ ഏറെ ക്ലേശം സഹിയ്ക്കുന്നുണ്ടെന്നത് എനിയ്ക്കറിയാം.

എന്നാൽ സാധിക്കാവുന്നത്രയും ശ്രമിയ്ക്കും’

ഡോക്ടർ പറഞ്ഞു.

സഡാക്കൊ അതു കേട്ട് തലയാട്ടി. തന്റെ വേദന അവൾ പുറത്ത് കാണിക്കാറില്ല. അഗാധമായൊരു ദുഖം അവൾക്കുള്ളിൽ വളരുന്നുണ്ടായിരുന്നു, മരണത്തെക്കുറിച്ചുള്ള ഭയമായിരുന്നു അത്. രോഗത്തേയും ആ ഭയത്തേയും അവൾക്ക് എതിർത്ത് തോൽപ്പിക്കണമായിരുന്നു. ഈ പോരാട്ടത്തിൽ അവൾക്ക് സഹായകരമായിരുന്നത് സ്വർണ്ണപ്പക്ഷിയായിരുന്നു. അത് അവളിൽ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. അമ്മ ഇപ്പോൾ എല്ലാ സമയവും അവളോടൊപ്പം ആശുപത്രിയിൽ തന്നെയായിരുന്നു. അമ്മയുടെ മുഖത്തെ ദു:ഖചിന്തകൾ കാണുമ്പോൾ അവളുടെ ഹൃദയം നുറുങ്ങുമായിരുന്നു. വൃക്ഷങ്ങളിലെ ഇലകൾക്കിപ്പോൾ നിറവ്യത്യാസം വന്നു തുടങ്ങിയിരിയ്ക്കുന്നു. അവസാനമായി സഡാക്കോവിൻ്റെ വീട്ടിലുള്ള എല്ലാവരും അവളെ കാണാൻ വന്നു. ഈജി സഡാക്കോവിനൊരു പെട്ടി സമ്മാനിച്ചു.സ്വർണ്ണവർണ്ണമുള്ള കടലാസുകൊണ്ട് അതിനെ ആകർഷകമായി പൊതിഞ്ഞിരുന്നു. ചുവന്ന റിബ്ബൺ കൊണ്ട് കെട്ടിയിട്ടുമുണ്ട്. ക്ഷീണിതയായിരുന്ന അവൾ വളരെ മെല്ലെ റിബൺ അഴിച്ച് പെട്ടി തുറന്നു. പെട്ടിയ്ക്കുള്ളിൽ സഡാക്കോവിനുള്ള മനോഹരമായൊരു കിമോണൊയായിരുന്നു. അതിൽ ചെറി പുഷ്പങ്ങൾ കൊണ്ടുള്ള ചിത്രപ്പണികൾ ഉണ്ടായിരുന്നു. അമ്മ എത്ര ആഗ്രഹിച്ച് തുന്നിച്ചതാണ്, അതോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

‘അമ്മേ, ഇതെന്തിനാ തുന്നിച്ചത്? ഇതൊന്നും ഒരിക്കലും ഇടാൻ പറ്റില്ല, പട്ടിനൊക്കെ നല്ല വിലയല്ലേ? ‘

അവൾ ആ മിനുമിനുത്ത പട്ടുകിമോണൊയിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു.

‘സഡാക്കൊ, നിൻ്റെ അമ്മ ഇന്നലെ രാത്രി മുഴുവൻ ഉറക്കമിളച്ച് തുന്നിയതാണിത്. അമ്മയ്ക്കു വേണ്ടി ഒരിക്കലെങ്കിലും നീ ഇതൊന്ന് ഇട്ടു നോക്കു’

അവളുടെ അച്ഛൻ പറഞ്ഞു.

വളരെ പ്രയാസപ്പെട്ട് അവൾ എഴുന്നേറ്റ്  കട്ടിലിൽ ഇരുന്നു. കിമോണൊ ധരിക്കാൻ അമ്മ അവളെ സഹായിച്ചു.

അവൾ സന്തോഷിച്ചു, കാരണം സഡാക്കോയുടെ വീക്കമുള്ള കാലുകൾ കിമോണൊയുടെ ഉള്ളിലായിരുന്നു. അവൾ മെല്ലെ എഴുന്നേറ്റു ,പതുക്കെ നടന്ന് ജനലിനരികിലെത്തി കസേരയിൽ ഇരുന്നു.പട്ടുകിമോണൊ ധരിച്ചപ്പോൾ സഡാക്കൊ ഒരു രാജകുമാരിയെപ്പോലെയുണ്ടെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഡോക്ടർ നുമാടൊയുടെ പ്രത്യേക അനുവാദം വാങ്ങിച്ച് ചുസൂക്കൊ കൂട്ടുകാരിയെ കാണാനെത്തി.

ചുസൂക്കൊ സഡാക്കോയെ കണ്ട് ഒന്നു മടിച്ചാണെങ്കിലും പറഞ്ഞു.

‘ സ്കൂൾ ഡ്രെസ്സിനെ അപേക്ഷിച്ച്

കിമോണൊയിൽ നീ ഒരു പാട് സുന്ദരിയായിട്ടുണ്ട്. എല്ലാവരും അതു കേട്ട് ചിരിച്ചു, സഡാക്കൊയും ചിരിച്ചു.

‘അതെ, അസുഖം മാറീട്ട് വേണം ഈ കിമോണൊ ധരിച്ച് എന്നും സ്കൂളിൽ വരാൻ’

സഡാക്കൊ ഒരു തമാശ പറഞ്ഞു.

മിത്സുയിയും, ഈജി യും അതു കേട്ട് പൊട്ടിച്ചിരിച്ചു. വീട്ടിലെ പഴയ നാളുകൾ തിരിച്ച് വന്ന പ്രതീതിയായിരുന്നു കുറച്ചു നേരം.അവർ അന്താക്ഷരി കളിച്ചു.സഡാക്കോവിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടു പാടി. സഡാക്കൊ കസേരയിൽ നിശ്ശബ്ദയായി ആ ഇരിപ്പ് കുറെ നേരം ഇരുന്നു. സഡാക്കൊ തന്റെ ദു:ഖം കടിച്ചമർത്തിയതായിരുന്നു. ഒരു പക്ഷെ അതായിരിയ്ക്കാം ശരി. അവളുടെ മാതാപിതാക്കളുടെ മുഖത്ത് സന്തോഷം ദൃശ്യമായിരുന്നു.

ഉറങ്ങുന്നതിനു മുമ്പ് ഒരു പക്ഷിയെ മാത്രമെ  സഡാക്കോവിനു നിർമ്മിക്കാനായുള്ളു.

അറുനൂറ്റി നാൽപ്പത്തിനാല്……

സഡാക്കൊ നിർമ്മിച്ച അവസാനത്തെ പക്ഷിയായിരുന്നു അത്.

കാറ്റിനൊപ്പമുള്ള ഓട്ടം

ഓരോ ദിവസം കഴിയുന്തോറും സഡാക്കോവിന് ക്ഷീണം കൂടിക്കൊണ്ടിരുന്നു. മരണത്തെക്കുറിച്ചുള്ള അവളുടെ ചിന്തകളും കൂടി വന്നു.

സ്വർഗ്ഗത്തിൽ മലനിരകളിലാവുമൊ തന്റെ വാസം? മരണസമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടാവുമോ ? അതൊ ഒരു നീണ്ട ഉറക്കം പോലെയാകുമൊ മരണം? അവൾ മരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു നോക്കി, എന്നാൽ അവൾക്കതിൽ വിജയിക്കാനായില്ല.

എല്ലാ ശ്രമങ്ങളേയും തോൽപ്പിച്ചു കൊണ്ട് മരണചിന്തകൾ അവളോടൊപ്പം തന്നെ കൂടി. ഒക്ടോബർ പകുതിയായതോടെ സഡാക്കോവിനു രാത്രിയും പകലും തിരിച്ചറിയാനാവാത്ത അവസ്ഥയായി ഒരു ദിവസം ഉണർന്നപ്പോൾ അമ്മ അടുത്തിരുന്ന് കരയുന്നത് അവൾ ശ്രദ്ധിച്ചു.

‘കരയാതെ അമ്മേ’

സഡാക്കൊ അമ്മയോട് അപേക്ഷിച്ചു,

‘ ദയവായി കരയാതിരിയ്ക്കു’

സഡാക്കൊ മറ്റെന്തൊ കൂടി പറയാനാഗ്രഹിച്ചിരുന്നു, എന്നാലവളുടെ വായയുടേയും , നാവിന്റെയും ചലനം നിലച്ചിരുന്നു. അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണൂനീർ നിലത്ത് വീണു. താൻ എത്ര വലിയ ദു:ഖമാണ് എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് നൽകിയത്.

സഡാക്കോവിന് ഇപ്പോൾ ഒന്നും ചെയ്യാൻ വയ്യാതായിരിയ്ക്കുന്നു. കടലാസ് പക്ഷിയെ മടക്കാം, പിന്നെ ദൈവീകമായ എന്തെങ്കിലും അദ്ഭുതസിദ്ധി സംഭവിക്കുന്നതിനായി കാത്തിരിയ്ക്കാം. അവൾ ഒരു കടലാസ് എടുത്തു. എന്നാൽ അവളുടെ ശോഷിച്ച വിരലുകൾ കൊണ്ട് ആ കടലാസ് മടക്കാൻ അവൾക്കായില്ല.

‘ഇപ്പോൾ ഞാൻ കടലാസ് മടക്കി പക്ഷിയെ നിർമ്മിക്കാനും കൂടി കഴിയാത്ത സ്ഥിതിയിലായിരിയ്ക്കുന്നു”

അവൾ സ്വയം പറഞ്ഞു. സഡാക്കൊ സർവ്വശക്തിയും സംഭരിച്ചു കൊണ്ട് ഒരിക്കൽ കൂടി കടലാസ് മടക്കി കൊക്കിനെ ഉണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ അവളുടെ കണ്ണുകളിൽ ഇരുട്ട് പരന്നിരുന്നു. കുറച്ച് സമയത്തിനകം ഡോക്ടർ നുമാട്ട അവളെ പരിശോധിച്ചു.

സഡാക്കോവിൻ്റെ നെറ്റിയിൽ അദ്ദേഹം തന്റെ കൈകൾ വെച്ചു. അദ്ദേഹം വളരെ സാവധാനം അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്ന കടലാസ് വലിച്ചെടുത്തു.എന്നിട്ട് പറഞ്ഞു.

‘ഇപ്പോൾ നീ വിശ്രമിയ്ക്ക്, പക്ഷിയെ നമുക്ക് നാളെ നിർമ്മിയ്ക്കാം.

സഡാക്കൊ ബോധം നശിച്ച അവസ്ഥയിലും തലയാട്ടി.

നാളെ……

നാളെ അവളെ സംബന്ധിച്ചേടത്തോളം ഒരു പാട് ദൂരെയായിരുന്നു. കുറെ കഴിഞ്ഞ് പിന്നീട് കണ്ണുതുറന്നപ്പോൾ വീട്ടുകാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എല്ലാവരേയും നോക്കി അവൾ പുഞ്ചിരിച്ചു. അതവരുടെയെല്ലാം ഹൃദയങ്ങളിലുണ്ടാവുമെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. പ്രകാശകിരണങ്ങൾ അവളുടെ കണ്ണുകൾക്ക് മുന്നിൽ നൃത്തം ചവിട്ടുന്നതു പോലെ ആയിരുന്നു അത്. സഡാക്കൊ തന്റെ മെലിഞ്ഞ് ക്ഷീണിച്ച കൈ സ്വർണ്ണപ്പക്ഷിയെ തൊടാനായി നീട്ടി.. ജീവശക്തി പതുക്കെ ഇല്ലാതായിക്കൊണ്ടിരിയ്ക്കുമ്പോഴും സ്വർണ്ണപ്പക്ഷി അവളിൽ പ്രതീക്ഷ ജനിപ്പിക്കുന്നുണ്ടായിരുന്നു. മുകളിൽ തൂങ്ങിക്കിടക്കുന്ന കടലാസു പക്ഷികളിലേക്ക് അവൾ നോക്കി. പെട്ടെന്ന് വീശിയടിച്ച ശിശിരമാസക്കാറ്റിന്റെ ആഘാതത്തിൽ തൂങ്ങിക്കിടന്നിരുന്ന കടലാസ് പക്ഷികളവിടെ നിന്ന് വേർപെട്ട് കറങ്ങി നടന്നു. അവ ജീവനുള്ള പക്ഷികളേപ്പോലെ തോന്നിച്ചു. ജനലിനു പുറത്ത് കാണുന്ന നീലാകാശപ്പരപ്പിലേക്ക് പറന്നുയരാൻ അവയ്ക്കു കൊതിയുള്ളത് പോലെ… ആ പക്ഷികൾക്ക് എന്തൊരു ഭംഗിയാണ്, എത്ര സ്വതന്ത്രരാണ് അവർ. സഡാക്കൊ ഒന്ന് ദീർഘനിശ്വാസം വിട്ടതിനു ശേഷം തന്റെ കണ്ണുകളടച്ചു. പിന്നീട് ഒരിയ്ക്കലും അത് തുറന്നില്ല.

1955 ഒക്ടോബർ 25 ന് ആയിരുന്നു. സഡാക്കൊ മരണപ്പെട്ടത്. അവളുടെ ക്ലാസിലെ കുട്ടികൾ ചേർന്ന് 356 കടലാസ് പക്ഷികളെ കൂടി മടക്കിയുണ്ടാക്കി, അത് കൂടി ചേർത്ത് 1000 തികച്ചാണ് സഡാക്കോയുടെ മൃതദേഹം സംസ്കരിച്ചത്. സഡാക്കോയുടെ കൂട്ടുകാർ അവളേയും, ആറ്റം ബോംബുമൂലം മരണപ്പെട്ട മറ്റു കുട്ടികളേയും ഓർമ്മിയ്ക്കാനായി ഒരു സ്മാരകം നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾ ഇതിനു വേണ്ട സഹായങ്ങൾ നൽകി. 1958ൽ ഈ സ്മാരക നിർമ്മാണം പൂർത്തിയായി.

ഹിരോഷിമയിലെ ശാന്തി പാർക്കിലാണ് ഈ ഈസ്മാരകമുള്ളത്. സ്വർണ്ണവർണ്ണമുള്ള മലനിരകളിൽ ഇരു കൈകളിലും പക്ഷികളുമായി നിൽക്കുന്ന സഡാക്കോവിന്റെ രൂപം സ്മാരകത്തിൽ ദൃശ്യമാണ്.

എല്ലാ വർഷവും ശാന്തിദിനത്തിൽ കടലാസ് പക്ഷികൾ കൊണ്ടുള്ള മാലകളുമായി കുട്ടികൾ സഡാക്കൊ സ്മാരകത്തിലേക്ക് വരും, അത് അണിയിയ്ക്കും. സഡാക്കൊ സ്മാരകത്തിൽ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്.

ഇതാണ് ഞങ്ങളുടെ കണ്ണുനീർ

ഇതാണ് ഞങ്ങളുടെ പ്രാർത്ഥന

ലോകസമാധാനം ഉണ്ടാവട്ടെ.


സഡാക്കോയുടെയും അവളുടെ കടലാസ് പക്ഷികളുടെയും കഥപറയുകയാണ് പെരുമ്പാവൂര്‍ സെന്റ് മേരീസ് സ്കൂള്‍, ക്രാരിയേലി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് പ്രസാദ്. കടലാസ് കൊണ്ട് സഡാക്കോ കൊക്ക് എങ്ങനെ ഉണ്ടാക്കാമെന്നും ആദര്‍ശ് വിശദീകരിക്കുന്നു..

Leave a Reply