Read Time:53 Minute
ഈ നിമിഷത്തിന്റെ കറുപ്പ് – ഡോ.റൊമില ഥാപ്പർ

ഈ നിമിഷത്തിന്റെ കറുപ്പ്: ഡോ. റൊമില ഥാപ്പർ നടത്തിയ സിഡി ദേശമുഖ് സ്മാരക പ്രഭാഷണത്തിന്റെ മലയാളം

വിവര്‍ത്തനം : എസ്. ഗോപാലകൃഷ്ണൻ

പോഡ്കാസ്റ്റ് : ദില്ലി ദാലി

2023 ജനുവരി പതിന്നാലാം തീയതി ഡൽഹിയിലെ India International Centre ൽ ചരിത്രകാരി ഡോക്ടർ റൊമില ഥാപ്പർ നടത്തിയ ഡോ . സി.ഡി .ദേശ്‌മുഖ് സ്മാരകപ്രഭാഷണമാണ് ‘ഞങ്ങളുടെ ചരിത്രം , നിങ്ങളുടെ ചരിത്രം , ആരുടെ ചരിത്രം ‘. ആ പ്രോജ്ജ്വലഭാഷണത്തിൻ്റെ മലയാളഭാഷ്യമാണ് ഈ പോഡ്‌കാസ്റ്റ് . ദേശീയവാദങ്ങൾ എങ്ങനെ ചരിത്രരചനയെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് റൊമില ഥാപ്പർ പ്രധാനമായും സംസാരിക്കുന്നത് . മതത്തിന്റെ മാനദണ്ഡത്തിൽ ഇന്ത്യാചരിത്രമെഴുതിയ കൊളോണിയൽ പദ്ധതിയുടെ വിജയമായിരുന്നു ഇന്ത്യാ വിഭജനമെന്നും, ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതിന്റെ വക്കിലാണ് നാം നിൽക്കുന്നതെന്നും അവർ പറയുന്നു. ഇന്ത്യാചരിത്രത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ സഹവർത്തിത്വത്തെ കുറിച്ചുള്ള ആധികാരിക ചരിത്രത്തിന്റെ രേഖയാണ് ഈ പ്രഭാഷണം .

കേൾക്കാം

ചരിത്രകാരൻ എറിക് ഹോബ്സ്ബോം ദേശീയവാദികളെക്കുറിച്ച് പറഞ്ഞ ഒരു വാചകം ഉണ്ട്. “ദേശീയവാദിക്ക് ചരിത്രം എന്നു പറയുന്നത് ഒരു ഹെറോയിൻ അടിമയ്ക്ക് കറുപ്പ് നൽകുന്നത് പോലെയാണ് ” എന്ന് . ദേശീയ വാദവുമായി ചരിത്രത്തിനുള്ള ബന്ധത്തെക്കുറിച്ചുള്ള അപാരമായ ഒരു വിശദീകരണമാണ് ഇത് എന്ന് ഞാൻ കരുതുന്നു. വർത്തമാനകാലത്തെ നിലനിർത്തുവാൻ ഭൂതകാലത്തെക്കുറിച്ചുള്ള ഒരു ഫാന്റസി, ഒരു ഭ്രമ കൽപ്പന നൽകുകയാണ് ഹെറോയിൻ ചെയ്യുന്നത്. വർത്തമാനകാലത്ത് നടക്കുന്നതിന്റെ ഒരു സാധൂകരണത്തിനു വേണ്ടിയാണ് ഇത്. കറുപ്പുസസ്യത്തിൽ നിന്നും ഹെറോയിനിലേക്കുള്ള മയക്കുമരുന്ന് അടിമയുടെ യാത്രയാണിത്. ഇന്നത്തെ ഇന്ത്യയിൽ ഈ ഭാവനാത്മക ഭ്രമകൽപ്പനയായ ചരിത്രരചനയും പ്രൊഫഷണൽ ചരിത്രകാരന്മാരും തമ്മിൽ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ചരിത്രവും ദേശീയ വാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്നത്തെ പ്രഭാഷണത്തിൽ ഞാൻ ആദ്യം പറയാം.

ഈ നിമിഷത്തിന്റെ കറുപ്പാണത്. അതിനു പിന്നാലെ ഞാൻ പറയാം എന്തുകൊണ്ടാണ് ചരിത്രം ദേശീയ വാദങ്ങളുമായി ഇങ്ങനെ ഇഴ പിരിഞ്ഞു കിടക്കുന്നത് എന്ന്. എണ്ണിയാൽ ഒടുങ്ങാത്ത ചരിത്ര സംഭവങ്ങളാൽ ക്രോഡീകരിക്കപ്പെട്ട ഒരു നീണ്ട സംസ്കാരമാണ് ഇന്ത്യയുടേത്. അതാണ് നമ്മെയൊക്കെയും മാറ്റിത്തീർത്തത്. എന്നാൽ ഈ മാറ്റങ്ങൾ ഒക്കെ ആകസ്മികമായി വന്നു ചേർന്നതൊന്നുമല്ല. നാം കടന്നുപോയ മാറ്റങ്ങളിൽ ദേശീയവാദം പ്രധാനപ്പെട്ട ഒന്നാണുതാനും. ദേശീയവാദം എന്നതിന്റെ നിർവചനത്തിൽ ഒരു ജനതയെ മുഴുവൻ അത് ഉൾക്കൊള്ളേണ്ടതാണ്. അതിന് മറ്റു ഉദ്ദേശ്യങ്ങൾ ഉണ്ടെങ്കിൽതന്നെ. എന്നാൽ ദേശീയതയുടെ ആശയങ്ങൾക്ക് പ്രാചീനകാലങ്ങളിൽ വേരോട്ടമില്ല, ഞാൻ അത് ഒന്നുകൂടി അടിവരയിട്ട് പറയുകയാണ് ദേശീയതയുടെ ആശയങ്ങൾക്ക് മനുഷ്യരാശിയുടെ പ്രാചീനകാലങ്ങളിൽ വേരോട്ടമില്ല. അത് പുതിയ സമൂഹത്തിന്റെ ഒരു ആവശ്യമായിരുന്നു. അല്ലാതെ പൂർവ്വകാല മനുഷ്യൻ പരിചയിച്ചിട്ടുള്ള ഒന്നല്ല ദേശീയത എന്നത്. ദേശീയവാദം ആധുനിക കാലത്തിന്റെ ഉൽപന്നമാണ് എന്നർത്ഥം. പുതിയ രാഷ്ട്ര സങ്കൽപത്തോടുള്ള വിശ്വാസ്യതയാണത്. എല്ലാ സമൂഹങ്ങളെയും ഏകോപിപ്പിക്കുന്നു എന്നാണ് ദേശീയ വാദം പറയുന്നത്. അതിന്റെ ഐക്യദാർഢ്യം ദേശരാഷ്ട്രം എന്ന പുതിയ ഘടനയോടുതന്നെയായിരിക്കും. ഒരു ദേശീയ സ്വത്വബോധമുള്ള പൗരന്മാരുടെ ഒരു ദേശരാഷ്ട്രം ഉണ്ടാക്കുക എന്നതാണ് അതിന്റെ ഒരേ ഒരു ഉദ്ദേശ്യം.

ഉദാഹരണത്തിന് കൊളോണിയൽ നിയന്ത്രണത്തിൽ നിന്നും വിമോചിതരായ സ്വതന്ത്ര മനുഷ്യരുടെ ഒരു രാഷ്ട്രം ഉണ്ടാക്കുക എന്നതായിരുന്നു ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. എന്നാൽ ദേശീയ വാദങ്ങൾക്ക് ഒരു രാജ്യത്തിൽ തന്നെ പല രൂപങ്ങൾ ഉണ്ടാകാം. ഒരൊറ്റ ദേശീയ സ്വത്വവും ആകാം. എന്നാൽ വ്യത്യസ്ത ദിശകളിൽ ഉള്ള വ്യത്യസ്ത സ്വത്വങ്ങളും ആകാം. ഇന്ത്യയിൽ രണ്ടുതരം ദേശീയതാ വാദങ്ങൾ ഉണ്ടായിരുന്നു. രണ്ടു മതങ്ങളാൽ നിർണയിക്കപ്പെട്ടവയായിരുന്നു അത്. ഇന്ത്യയെന്ന കൊളോണിയൽ നിർമിതിയിൽ നിന്നും വിടുതലിന് ആഗ്രഹിച്ച ഹിന്ദുക്കളുടെ ഒരു ദേശീയത. ഇന്ത്യയെന്ന കൊളോണിയൽ നിർമിതിയിൽ നിന്നും വിടുതലിന് ആഗ്രഹിച്ച മുസ്ലിംകളുടെ മറ്റൊരു ദേശീയത. ഈ രണ്ടു ദേശീയതാ വാദങ്ങൾക്കും വ്യത്യസ്ത ഉദ്ദേശ്യങ്ങൾ ആയിരുന്നല്ലോ ഉണ്ടായിരുന്നത്. മൂന്നാമത്തേത് ഇന്ത്യ എന്ന ഒരൊറ്റ ദേശീയതാ വികാരം. എല്ലാ പൗരന്മാരെയും ഉൾക്കൊള്ളുന്ന ഒരു വികാരം. സാമ്രാജ്യത്വവിരുദ്ധം മാത്രമായിരുന്നു അതിന്റെ അടിത്തറ. മറ്റു രണ്ടു ദേശീയതകളും ജനങ്ങളെ വേർതിരിച്ചു കണ്ടു. അവരാണ് ഇരു രാഷ്ട്രവാദം മുന്നോട്ടുകൊണ്ടുവന്നത്. എന്നാൽ യൂണിറ്ററി നാഷണലിസം/അഭിന്നദേശീയതയാണ് മുന്നോട്ടുവെച്ചത്. വിവിധ നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ജനതകളെ ഒരൊറ്റ സ്വതന്ത്ര രാജ്യമാക്കുക. ദേശീയത എന്ന ആശയത്തിന് ഒപ്പം സഞ്ചരിക്കുന്ന രണ്ട് സ്വാഭാവിക ആശയങ്ങൾ ആയി തീർന്നു ജനാധിപത്യവും മതേതരത്വവും. ഓരോ പൗരനും സമാനമായ അവകാശങ്ങളും സമാനമായ സാമൂഹ്യ നിലയുമാണ് അത് വിഭാവനം ചെയ്തിരുന്നത്.

എന്തുകൊണ്ടാണ് ദേശീയത ഒരു ആധുനിക സങ്കല്പമാണ് എന്ന് ഞാൻ പറയുന്നത് എന്നത് വിശദമാക്കാം. പ്രാചീനകാലങ്ങളിൽ സമത്വം ഇല്ലായിരുന്നു. വളരെ ലളിതമാണത്. എല്ലാവർക്കും ഒരേ അവകാശങ്ങൾ അല്ലായിരുന്നു ഉണ്ടായിരുന്നത്. ധർമശാസ്ത്രത്തിൽ അധിഷ്ഠിതമായ ജാതിനിയമങ്ങൾ അസമത്വത്തിലാണ് അടിവരയിട്ടിരുന്നത്. സ്വാതന്ത്ര്യത്തിന്റെ പൂർണ്ണ അസാന്നിധ്യമായിരുന്നു അവിടെ. ജനാധിപത്യത്തിൽ ഒരു രാജാവിന്റെ പക്കലല്ല അധികാരം. ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏജൻസികൾക്കാണ് അധികാരം. നീതിപീഠങ്ങളും നിയമ നിർമ്മാണസഭയും സർക്കാരും എല്ലാം അതുതന്നെയാണ്. ഒരു ഭരണഘടന അടിസ്ഥാനപ്പെടുത്തിയായിരിക്കും എപ്പോഴും ഭരണം നടത്തുക. ഇന്ത്യയുടെ സാഹചര്യം നമുക്ക് പരിശോധിക്കാം. ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയിൽ രണ്ടു മതങ്ങളും ജനതകളെ വേർതിരിക്കുവാൻ ശ്രമിച്ചു. വേർതിരിവ് എന്ന് പറഞ്ഞാൽ ഏതെങ്കിലും ഒരു സമുദായത്തിന് പ്രാധാന്യം നൽകുക എന്നതാണ്. ഭൂരിപക്ഷത്തിന് കൂടുതൽ അവകാശങ്ങൾ. ഇതിന്റെ സാധൂകരണത്തിനായി ഈ കൂട്ടർ ചരിത്രത്തിലേക്ക് തിരിയുകയാണ്. പ്രാചീനകാലങ്ങളിൽ നിന്നും സാധൂകരണം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഏറ്റവും പഴക്കമുള്ളത് ഏറ്റവും മഹത്തരം എന്ന ഒരു വിശ്വാസത്തിൽ നിന്നാണ് ഇതൊക്കെ വരുന്നത്. ഇവിടെയാണ് കൃത്യമായ പദ്ധതികളിലൂടെ ഗവേഷണ മാർഗത്തിലൂടെ ചരിത്രം പഠിക്കുന്നവരും അങ്ങനെയല്ലാതെ ചരിത്രം പഠിക്കുന്നവരും തമ്മിലുള്ള തർക്കം ഉണ്ടാവുന്നത്.

രണ്ടാമത് പറഞ്ഞവർ ജനസാമാന്യത്തിന്റെ പിന്തുണയോടുകൂടി ഒരു പ്രത്യേക ചരിത്രരചനയെ ഉയർത്തിക്കാട്ടുവാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. വർത്തമാനകാലത്തിന് വേണ്ടവിധം അവർ ചരിത്രത്തെ പുനർനിർണയിക്കുകയാണ്. ഭൂരിപക്ഷത്തിന് വേണ്ടിയുള്ള ഒരു ചരിത്രം. ന്യൂനപക്ഷങ്ങൾക്ക് അവർ കുറഞ്ഞ അവകാശങ്ങൾ മാത്രം നൽകുന്നു. പണ്ടൊക്കെ ചരിത്രരചന പണ്ഡിതരുടെ കൈകളിലായിരുന്നു. ആ ധാരണയിൽ നിന്നാണ് പ്രൊഫഷണൽ ചരിത്രകാരന്മാർ എന്ന രീതിതന്നെ ഉണ്ടായത്. പതുക്കെപ്പതുക്കെ സോഷ്യൽ സയൻസസിലേക്ക്, സാമൂഹ്യശാസ്ത്രങ്ങളിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നു. വിവരസ്രോതസ്സുകൾ വായിക്കുന്നതിന് പ്രത്യേക പരിശീലനം വേണമെന്നായി. കാര്യങ്ങൾ മനസ്സിലാക്കുവാൻ ഗവേഷണ രീതികൾ(methods) ഉണ്ടാവുകയായിരുന്നു. ചരിത്രരചന എന്നാൽ ഇന്ന് സവിശേഷ പരിശീലനം വേണ്ട ഒരു ഇടമാണ്. അവിടെ പറയുന്ന കാര്യങ്ങൾ ശരിയാണ് എന്നതിന് തെളിയിക്കപ്പെട്ട തെളിവുകൾ പ്രധാനമാണ്, വളരെ പ്രധാനമാണ്. ഈ വാചകം വീണ്ടും വീണ്ടും ആവർത്തിച്ച് പറയുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. ചരിത്ര പഠനത്തിൽ വിശ്വാസസംഹിതകൾക്ക് സ്ഥാനമില്ല. ചരിത്രം തെളിയിക്കപ്പെട്ട തെളിവുകളാൽ എഴുതപ്പെട്ടതാണ്.

അങ്ങനെ നോക്കുമ്പോൾ നമ്മുടെ പക്കൽ രണ്ടുതരം ചരിത്രരചനകൾ ഉണ്ട് എന്ന് കാണാം. ഒന്ന് ഗവേഷണ പരിശീലനം ലഭിച്ച ചരിത്രകാരന്മാർ എഴുതിയത്. മറ്റൊന്ന് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ദേശീയതാ വാദങ്ങളിൽ എഴുതപ്പെട്ടവ. ഇതിൽ ഏതെങ്കിലും ഒരു ദേശീയ സ്വത്വത്തിന്റെ പ്രാമാണിത്വത്തിനായി ചരിത്രം എഴുതപ്പെടുകയാണ്. പ്രൊഫഷണൽ ചരിത്രകാരന്മാർ ഇതിനെ ചോദ്യം ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്തിട്ടുണ്ട്. അവർ ദേശീയതകൾ എഴുതുന്ന ചരിത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഗവേഷണ പദ്ധതികളിൽ പരിശീലനം കിട്ടാത്ത ഇവർ കഴിഞ്ഞകാലത്തെക്കുറിച്ച് കടുത്ത ആത്മവിശ്വാസത്തോട് കൂടി വെറും പ്രഖ്യാപനങ്ങൾ നടത്തുകയാണ് ചെയ്യുന്നത്. എവിടെയെങ്കിലും പറഞ്ഞു കേട്ടവയെയോ അവരുടെ തന്നെ സ്വന്തം ഭാവനകളെയോ അടിസ്ഥാനപ്പെടുത്തിയാണ് ഇക്കൂട്ടർ ചരിത്രരചന നടത്തുന്നത്. അവർ കഥകളെ തെറ്റായി മനസ്സിലാക്കുകയാണ് ചെയ്യുന്നത്. ഞാൻ പറയുന്നതോ നിങ്ങൾ പറയുന്നതോ അവർ തന്നെ പറയുന്നതോ ആയ കഥകളെ . കഥകൾ പറയുന്നത് രസകരവും നേരംപോക്കിന് സഹായകരവുമാണ്. നാമെല്ലാം നമ്മുടെ കുട്ടികൾക്ക് ഉറങ്ങാനായി കഥകൾ പറഞ്ഞു കൊടുക്കാറുണ്ടല്ലോ. എന്നാൽ ഈ പറയുന്ന കഥകൾ ഒക്കെ സത്യമാണെന്ന് പറഞ്ഞ് അവതരിപ്പിക്കണമെങ്കിൽ അവ സത്യമാണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള കഥ പറച്ചിലുകാർ മാധ്യമങ്ങൾ ആയി മാറിക്കഴിഞ്ഞപ്പോൾ കഥകൾ വെറും നേരമ്പോക്കുകൾ അല്ലാതായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ദേശീയതയുടെ സുപ്രധാനമായ ഘടകമാണ് ജനാധിപത്യം എന്നത്. എന്നാൽ, പ്രൊഫഷണൽ ആയി ചരിത്രം എഴുതാത്തവർക്ക് – അതായത് കഥകളെ അടിസ്ഥാനമാക്കി ചരിത്രം മെനയുന്നവർക്ക് ജനാധിപത്യം എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. ആധുനികകാലത്തെ അംഗീകരിക്കപ്പെട്ട ഒരു ആശയമാണ് ജനാധിപത്യം എന്നത്. മതേതരത്വവും അങ്ങനെതന്നെ. ദേശ – രാഷ്ട്ര സങ്കല്പത്തോട് ചേർന്ന് നിൽകുന്ന ഒന്നാണിത്. ദേശീയതാവാദം ചെയ്ത കാര്യം , ഈ ആധുനിക ആശയങ്ങൾ, അതായത് മതേതരത്വം ജനാധിപത്യം എന്നതൊക്കെ, ചിര പുരാതനമാണെന്ന വാസ്തവവിരുദ്ധമായ ഒരു കാര്യം ജനാധിപത്യത്തോടും മതേതരത്വത്തോടും കൂട്ടിക്കെട്ടി എന്നതാണ്. എന്റെ വാദത്തെ വ്യക്തമാക്കുവാൻ വേണ്ടി ഞാൻ കുറച്ചുദാഹരണങ്ങൾ പറയാം. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിന് ഗ്രീക്ക് ചരിത്രത്തിൽ വേരുകൾ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. രാജഭരണത്തിൽ നിന്നും ദേശ രാഷ്ട്രത്തിലേക്ക് മാറുവാനായി നടന്നതാണ് ഫ്രഞ്ച് വിപ്ലവം എന്ന് നമുക്കറിയാം. ഫ്രഞ്ച് വിപ്ലവത്തിന് കാരണമായ ആശയത്തെ ഗ്രീക്ക് ഭൂതകാലത്ത് കാണുവാൻ കഴിയില്ല എന്നതാണ് വാസ്തവം. ഗ്രീക്ക് ചരിത്രത്തിൽ വളരെ കുറച്ചുപേർ മാത്രമേ സ്വതന്ത്രരായിരുന്നുള്ളൂ. ബാക്കിയുള്ളവർ അടിമകളായിരുന്നു. ഏതൻസിലെ അധികാരശ്രേണിയിൽ ഒരു വിധത്തിലുമുള്ള പ്രാതിനിധ്യം അവർക്കില്ലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ നടന്ന വിപ്ലവകരമായ സാമൂഹ്യമാറ്റത്തെ സാധൂകരിക്കാനായി അതിവിദൂര ഭൂതകാലത്ത് നിലവിൽ ഇല്ലാതിരുന്ന ഒരു കാര്യം ഉണ്ടെന്നു പറഞ്ഞു ആനയിക്കുകയായിരുന്നു ചെയ്തത്. സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള വിപ്ലവത്തിന്റെ സാധുത ഭൂതകാലത്ത് അന്വേഷിക്കുകയായിരുന്നു അവർ. എന്നാൽ ഗ്രീക്ക് നഗര രാഷ്ട്രങ്ങൾക്ക് ഈ ആശയങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. ഇത്തരം ശ്രമങ്ങളാണ് നമ്മുടെ കാലത്തും നടന്നുകൊണ്ടിരിക്കുന്നത്.

ഗണതന്ത്രം, ഗണരാഷ്ട്രം എന്നിവയൊക്കെ ഇന്ത്യയിൽ ഉണ്ടായിരുന്നു ബൗദ്ധകാലത്ത് എന്നാണ് ഒരു വാദം. ചില പരാമർശങ്ങൾ ഉണ്ടെന്നതല്ലാതെ അത്തരം സ്ഥാപനങ്ങൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുകളില്ല. ജനസഭകളുടെ തലവൻ എപ്പോഴും ഒരു ക്ഷത്രിയനായിരുന്നു. ഭൂരിപക്ഷം വരുന്ന ശൂദ്രർക്കോ അവർണർക്കോ അവിടെയൊന്നും പ്രവേശനം പോലും ഇല്ലായിരുന്നു. പ്രതിനിധിസഭകൾ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന ഇടങ്ങളിൽ ഒന്നും യഥാർത്ഥ പ്രാതിനിധ്യം ഇല്ലായിരുന്നുതാനും. വർണ്ണത്തിൽ അധിഷ്ഠിതമായ ജാതി വ്യവസ്ഥ ജനാധിപത്യ ആശയത്തിന് തന്നെ കടകവിരുദ്ധമാണ്. ഗണസംഘം എന്ന ആശയം ബ്രാഹ്മണിക ഗ്രന്ഥങ്ങളെ അപേക്ഷിച്ചു ബൗദ്ധ ഗ്രന്ഥങ്ങളിൽ ആയിരുന്നു കൂടുതൽ കാണുന്നത് എന്നും നാം ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യയിലേക്ക് ജനാധിപത്യ ആശയം കടന്നുവരുന്നത് ആധുനികകാലത്താണ്. ദേശീയത, മതേതരത്വം, കൊളോണിയലിസം തുടങ്ങിയ ആശയങ്ങൾക്കൊപ്പമാണ് ജനാധിപത്യം എന്ന ആശയവും കടന്നുവരുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങൾ യൂറോപ്പിന് പുറത്തേക്ക് ചർച്ച ചെയ്യപ്പെടുകയായിരുന്നു. അമേരിക്കൻ രാഷ്ട്രീയചിന്തയുടെ ഭാഗമായിത്തന്നെ അതു മാറി. മധ്യവർഗത്തിന്റെ വളർച്ച, സാങ്കേതികവിദ്യയുടെ വളർച്ച, വ്യാവസായികതയുടെ വളർച്ച, മുതലാളിത്തം സ്വയം വരുത്തിയ മാറ്റങ്ങൾ എന്നിവയൊക്കെ ഇതിൽ വലിയ പങ്ക് നിർവഹിച്ചു. കോളനികളിലൊക്കെ ചർച്ച ചെയ്യപ്പെട്ടപ്പോൾ കൊളോണിയലിസവും ഇതേക്കുറിച്ച് സ്വയം ചിന്തിച്ചു തുടങ്ങുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യ സിദ്ധാന്തങ്ങൾ കോളനിവൽക്കരിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്ക് അവരുടെ അസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ബോധം ഉണ്ടാക്കുകയായിരുന്നു. വംശമഹിമ യെ കുറിച്ചുള്ള വാദങ്ങൾ യൂറോപ്പുകാർക്ക് കോളനികളെ നിലനിർത്താനുള്ള വാദമായി നിലനിൽക്കില്ല എന്ന അവസ്ഥയും വന്നു. വെളുത്ത തൊലിയെ അടിസ്ഥാനമാക്കിയ വംശശാസ്ത്രം അവരുണ്ടാക്കി. തൊലിയുടെ നിറം കുറഞ്ഞവരെ പലതും കുറഞ്ഞവരായി കാണുന്ന ഒരു വാദമാണിത്. ആര്യന്മാർ ഇരുണ്ട നിറമുള്ളവരെ ശൂദ്രർ (ദാസർ)എന്ന് വിളിച്ചത് നമുക്കറിയാം. വംശമഹിമ അങ്ങനെ ജാതിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ആര്യന്മാരുടെ വരവിനെ കുറിച്ചുള്ള സിദ്ധാന്തങ്ങളിലും ചരിത്രകാരന്മാരും ചരിത്രകാരന്മാരുടെ വേഷം അണിഞ്ഞവരും തമ്മിലുള്ള തർക്കം ഉണ്ടായിട്ടുണ്ട്. യഥാർത്ഥ ചരിത്രകാരന്മാർ പറയുന്നത് ആര്യന്മാർ മധ്യേഷ്യയിൽ നിന്നും പല ഘട്ടങ്ങളിലായി പതുക്കെ പതുക്കെ വിളംബിതമായ ഘട്ടങ്ങളിൽ ഈ ഭാഗത്തേക്ക് വന്നവരാണ് എന്നാണ്. എന്നാൽ ഹിന്ദുത്വവാദം പറയുന്നത് ഈ ഭൂമിശാസ്ത്ര പരിധിയിൽ പെട്ടവരാണ് അവർ എന്നാണ്. ഹിന്ദുത്വവാദം പറയുന്നതും വിശ്വസിക്കുന്നതും ഹിന്ദുത്വം ഉണ്ടായത് ഈ ഭൂമിശാസ്ത്രപരിധിയിലാണെന്നും അതിനാൽ അവർ ആദിമകാലം മുതൽ ഇവിടത്തുകാരാണെന്നും ആണ്. അവരത് പറയാൻ നിർബന്ധിതരാണ്. പക്ഷേ ഇതിനായി ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾ ഓരോ നൂറ്റാണ്ടിലും അവർക്ക് മാറ്റി മാറ്റി പറയേണ്ടിയും മാറ്റി മാറ്റി നിശ്ചയിക്കേണ്ടിയും വന്നിരുന്നു എന്നത് നാം കാണാം. ആര്യന്മാരെയും വേദഗ്രന്ഥങ്ങളെയും ബന്ധിപ്പിക്കുന്ന വിഷയം നാം കൂടുതൽ പഠിക്കേണ്ടതാണ്. വേദസംസ്കൃതം അറിയാമെങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ അത് ധാരാളമായിരുന്നു ഒരാൾ പണ്ഡിതൻ എന്നറിയപ്പെടാൻ. അത് മതിയായിരുന്നു . വേറെ ഒന്നും അറിയേണ്ട ആവശ്യം തന്നെയില്ല. എന്നാൽ പതുക്കെപ്പതുക്കെ മറ്റ് ജ്ഞാന ശാഖകൾ വരാൻ തുടങ്ങി. പുരാവസ്തുശാസ്ത്രം വിവിധ സംസ്കാരങ്ങളുടെ സംയോജനങ്ങളുടെ തെളിവു കൊണ്ടുവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഭാഷാശാസ്ത്രം വികസിച്ചുവന്നപ്പോൾ മറ്റുകാര്യങ്ങളും ഉണ്ടായി. ആദ്യകാല ഇന്തോ-ആര്യൻ കൃതികളിൽ ദ്രാവിഡഭാഷയുടെ സാന്നിധ്യം കണ്ടെത്തി എന്നതാണത്. കൂടുതൽ പഠനം ആവശ്യപ്പെടുന്ന മേഖലകളാണ് ഇവയെല്ലാം തന്നെ. സാംസ്കാരിക ചരിത്രത്തിന്റെ വേരുകളാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.

പ്രൊഫഷണൽ ചരിത്രകാരന്മാർക്കും മറ്റുള്ളവർക്കും ഇടയിൽ അടുത്തകാലത്ത് ആര്യനിസം വീണ്ടും ചർച്ചയായിട്ടുണ്ട്. ജനിതക പഠനങ്ങൾ സൂചിപ്പിക്കുന്നത് ആര്യന്മാർ ഇന്ത്യയിലേക്ക് മധ്യേഷ്യയിൽ നിന്നും വന്നവരാണെന്ന് തന്നെയാണ്. വേദകാലത്തെ കുറിച്ച് പഠിക്കുന്നവർക്ക് ഇപ്പോൾ ജനിതക വിവരങ്ങൾ കൂടി കൈവശമുണ്ട് എന്ന് നാം ഓർക്കണം. ചരിത്രകാരന്മാർ അല്ലാത്തവർ ഭാവനയുടെ ലോകത്ത് അങ്ങനെ സ്വതന്ത്രമായി വിഹരിച്ചു കൊള്ളട്ടെ. പ്രൊഫഷണൽ ചരിത്രകാരന്മാർക്ക് അതിന് കഴിയില്ല. കൊളോണിയൽക്കാലത്തിന്റെ ആദ്യഘട്ടങ്ങളിൽ ചരിത്രബോധം നമുക്ക് കുറവായിരുന്നു. ഗ്രീക്കുകാർക്കും റോമാക്കാർക്കും ചൈനക്കാർക്കും ഉണ്ടായിരുന്നത് പോലെ ഒരു പ്രാചീന ചരിത്രരചനസമ്പ്രദായം നമുക്കില്ലായിരുന്നു. കോളനി ഭരണക്കാർക്ക് അവർ ഭരിക്കുന്ന കോളനികളുടെ ചരിത്രം അറിയണം എന്ന അവസ്ഥയുണ്ടായി. അതിനാൽ ഇന്ത്യയുടെ ചരിത്രം സത്യത്തിൽ അവർ നിർമിക്കുകയായിരുന്നു. കൊളോണിയൽ ചരിത്രകാരന്മാർക്ക് ഇന്ത്യൻ ഭൂതകാലത്തെക്കുറിച്ച് അവരുടേതായ കാഴ്ചപ്പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

ആദ്യകാല യൂറോപ്പിന്റെ ചരിത്രവുമായി ഒത്തുപോകുന്ന വിധം അവർ ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ കാണാൻ ശ്രമിച്ചു. എന്നാൽ അധികം വൈകാതെ പരസ്പര വ്യത്യാസമുള്ള ഒരു പാഠവും അവർ തന്നെ നിർമിച്ചു. വേദങ്ങളെ കുറിച്ച് പഠിച്ച വില്യം ജോൺസ് ഗ്രീക്കോ-റോമൻ ഭാഷയുമായുള്ള സാമ്യങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചു. ചില സാമ്യങ്ങൾ അംഗീകരിക്കേണ്ടതായും വന്നു. എന്നാൽ മറ്റു കണ്ടെത്തലുകൾ വ്യത്യസ്തമായിരുന്നു. ബ്രാഹ്മി ലിപി വേർതിരിച്ചറിഞ്ഞ ജെയിംസ് പ്രിൻസപ്പ്, പുരാവസ്തു ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുത്ത അലക്സാണ്ടർ കണ്ണിൻഹാം എന്നീ കൊളോണിയൽ ഓഫീസർമാർക്ക് ഈ പുതിയ കണ്ടെത്തലുകൾ ആവേശകരമായി മാറുകയായിരുന്നു. ആ മാർഗത്തിൽ യാത്ര ചെയ്ത ഇന്ത്യക്കാരായ ഗവേഷകർക്കും തുല്യമായ ആവേശം ഉണ്ടായി.

എന്നാൽ ഇംഗ്ലണ്ടിൽ താമസിച്ച് ഇന്ത്യയെ കണ്ടെത്തുവാൻ ശ്രമിച്ച പണ്ഡിതന്മാർ ഇന്ത്യയിൽ വരാനോ ഇന്ത്യൻ പണ്ഡിതന്മാരെ കാണാനോ വിസമ്മതിച്ചു. അവർ പഠിച്ചത് വെച്ച് അവർ എഴുതിക്കൊണ്ടേയിരുന്നു. ജെയിംസ് മില്ലും ഫെഡറിക് മാക്സ് മുള്ളറും ആയിരുന്നു അവർ. 1817 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രം ജെയിംസ് മിൽ എഴുതി. 3 – 4 വർഷമെടുത്താണ് അദ്ദേഹം അത് ചെയ്തത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ മാത്രമായിരുന്നു അവ. അതാണ് ഇന്ത്യാ ചരിത്രം എന്ന് അദ്ദേഹം ധരിച്ചു. ഇന്ത്യയുടെ ചരിത്രം രണ്ട് രാഷ്ട്രങ്ങളുടെ ചരിത്രമാണെന്ന് ജയിംസ് മിൽ എഴുതി. ഒന്ന് ഹിന്ദു ഇന്ത്യ. രണ്ട് മുസ്ലീം ഇന്ത്യ. തികച്ചും വ്യത്യസ്തവും നിരന്തര സംഘർഷം നിറഞ്ഞതുമായ ഒന്നാണ് അതെന്നും ജെയിംസ് മിൽ കരുതി. ആദ്യകാല ഹിന്ദു ഘട്ടത്തിൽ ഹിന്ദുയിസം ശക്തമായിരുന്നു. അടുത്തഘട്ടം ഇസ്ലാമിക് കാലമാണ് ജെയിംസ് മില്ലിന്. അതിനുശേഷമാണ് ബ്രിട്ടീഷുകാർ വന്ന കാലം. ഇതായിരുന്നു മിൽ നടത്തിയ വിഭജനം. ഇത്തരത്തിലുള്ള വിഭജനം ഇന്ത്യാചരിത്ര പഠനത്തെ പിൽക്കാലത്ത് നിർണായകമായി സ്വാധീനിക്കുകയും ചെയ്തു. എന്നാൽ അത് പൂർണ്ണമായും ഇക്കാലത്ത് നിരാകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. മതത്തെ ചരിത്രം മനസ്സിലാക്കാനുള്ള അടിസ്ഥാന ഉപകരണമായി കാണുന്നത് ശരിയല്ല എന്ന് പ്രൊഫഷണൽ ചരിത്രകാരന്മാർ പറയുന്നു. എന്നാൽ ചരിത്രകാരന്മാരല്ലാത്തവർ ജീൻസ് മില്ലിന്റെ ഇന്ത്യാ ചരിത്രം പിന്നീടും ഉപയോഗിച്ചു ; ഇപ്പോഴും ഉപയോഗിച്ചുപോരുന്നു.

എന്താണ് ജെയിംസ് മില്ലിന്റെ ഇന്ത്യാ ചരിത്രരചനയിലെ പ്രശ്നങ്ങൾ ? ഹിന്ദു ചരിത്രം സംസ്കൃത ഗ്രന്ഥങ്ങളെയും ഇസ്ലാം ഇന്ത്യ ചരിത്രം സുൽത്താൻ – മുഗൾ രേഖകളെയും അടിസ്ഥാനപ്പെടുത്തിയാണ് ജെയിംസ് മിൽ എഴുതിയത്. രണ്ടാം ഭാഗത്തിൽ ജെയിംസ് മിൽ പ്രധാനമായിട്ടും എഴുതിയത് മുസ്ലീങ്ങളുടെ വിജയകരമായ അധിനിവേശങ്ങൾ, ഹിന്ദു ക്ഷേത്രങ്ങളുടെ നശീകരണം, ഹിന്ദുക്കളെ പീഡിപ്പിച്ചത് എന്നിവയൊക്കെയാണ്. പുതിയ പുതിയ ഭരണാധികാരികൾ വരുമ്പോൾ അവർക്കായി എഴുതിയ സ്തുതിപാഠങ്ങളാണ് ജെയിംസ് മില്ലിന്റെ ഗവേഷണത്തിനുള്ള അടിസ്ഥാനം. ഇത്തരം ചരിത്രരചനാരീതിയോട് പ്രൊഫഷണൽ ചരിത്രകാരന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. എല്ലാ കാര്യങ്ങളെയും മതപരമായ വ്യത്യാസത്തിലേക്ക് ചുരുക്കിക്കളയുന്നു എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. മറ്റെല്ലാ സൂചനകളെയും അവഗണിക്കുകയോ തൃണവൽക്കരിക്കുകയോ ചെയ്യുക എന്നതായിരുന്നു ജീൻസ് മില്ലിന്റെ രീതി. യൂറോപ്യൻ ചരിത്രത്തെ സസൂഷ്മം സശ്രദ്ധം മനസ്സിലാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇന്ത്യാ ചരിത്രത്തോട് ഇത്തരത്തിലുള്ള ഒരു അനവധാനത അവർ കാണിച്ചത്. ഏഷ്യൻ സമൂഹം അനങ്ങാതെ കെട്ടിക്കിടക്കുന്ന ഒന്നാണ് എന്ന് അവർ വ്യാഖ്യാനിക്കുകയും ചെയ്തു. എല്ലാ സ്വത്തുക്കളും രാജാവില്‍ കേന്ദ്രീകരിക്കുന്ന ഒരു പിരമിഡിന്റെ സ്വഭാവം അവർ ഏഷ്യൻ രാജ്യങ്ങളിലും, ഇന്ത്യയിലും ആരോപിച്ചു. പിൽക്കാലത്തെ ഏഷ്യാചരിത്ര വായനയെ തെല്ലൊന്നുമല്ല ഇത് സ്വാധീനിച്ചത്. ഏഷ്യാ ചരിത്ര രചനയിലെ മാറ്റങ്ങൾ കാണുവാനായി ഇരുപതാം നൂറ്റാണ്ടു വരെ നാം കാത്തിരിക്കേണ്ടി വന്നു.

ജെയിംസ് മില്ലിന്റെ ഇരു രാഷ്ട്ര സിദ്ധാന്തം കൊളോണിയൽ ഇന്ത്യയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. മത വൈരുദ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഇരു രാഷ്ട്രവാദത്തിന്റെ തുടക്കം അവിടെയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള രാഷ്ട്ര വിഭജനം അങ്ങനെ കൊളോണിയൽ ചരിത്രരചനയുടെ വിജയമായി മാറുകയായിരുന്നു. എന്നാൽ നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം അതല്ല ലക്ഷ്യമാക്കിയത്. പക്ഷേ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുസ്ലിം ദേശീയ വാദക്കാർ പാകിസ്ഥാൻ സ്വന്തമാക്കി. ഹിന്ദു ദേശീയവാദികൾ ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അങ്ങനെ കൊളോണിയൽ പദ്ധതി ഇവിടെ വിജയം കാണുകയാണുണ്ടായത്. കൊളോണിയൽ ചരിത്രകാരന്മാരും സമീപകാല ഹിന്ദു രാഷ്ട്ര ചരിത്രകാരന്മാരും പറയുന്നത് ആയിരത്തോളം വർഷങ്ങൾ മുസ്ലിം ഭരണാധികാരികൾ ഹിന്ദുക്കളെ അടിമകളാക്കി വെച്ചു എന്നാണ്. എന്തുകൊണ്ടാണ് പ്രൊഫഷണൽ ചരിത്രകാരന്മാർ ഈ വാദത്തെ എതിർക്കുന്നത്? മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ അധിനിവേശം നടത്തിയപ്പോൾ ഇങ്ങനെയൊക്കെ ആയിത്തീർന്നു എന്നാണ് കൊളോണിയൽ ചരിത്രം പറയുന്നത്. എന്നാൽ ഹിന്ദുക്കൾ ഇന്ന് അധികാരത്തിൽ വരുമ്പോൾ പഴയതിനൊക്കെ പകരം വീട്ടുവാനുള്ള അധികാരം ഉണ്ടോ ? പ്രൊഫഷണൽ ചരിത്രകാരന്മാർ ഇത്തരം വാദങ്ങളെ അപ്പാടെ തള്ളുകയാണ് ചെയ്യുന്നത്. ഇരു രാഷ്ട്ര ചരിത്രം കൊളോണിയൽ സൃഷ്ടി തന്നെയാണ്.

നമുക്ക് അതൊന്ന് വിശദമായി നോക്കാം. Victimize അഥവാ ഇരകളാക്കുക എന്നതിന്റെ നിഘണ്ടുവിലെ അർത്ഥം ഒന്നു നോക്കുവാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാർ ആയിരുന്നു എന്നും അവർ മുസ്ലിങ്ങൾക്ക് പ്രത്യേകം നികുതി കൊടുക്കേണ്ടി വന്നിരുന്നു എന്നും ഹിന്ദുക്കൾക്ക് ആകെ കുലത്തൊഴിലുകൾ ഉപേക്ഷിക്കേണ്ടിവന്നു എന്നൊക്കെയാണ് ഇക്കൂട്ടർ വാദിക്കുന്നത്. Victimization എന്നത് ആധുനിക ചരിത്രത്തിന് അറിയാൻ വയ്യാത്ത കാര്യമൊന്നുമല്ലല്ലോ. അധികാരമോ സമ്പത്തോ ഇല്ലാത്തവരോട് സവർണ്ണഹിന്ദുക്കൾ 2000 കൊല്ലങ്ങളായി പ്രവർത്തിച്ചിരുന്നത് എങ്ങനെയാണ് എന്ന് നമുക്ക് അറിയാവുന്നതുമാണ്. അസ്പൃശ്യരെ തൊട്ടാൽ മലിനമാകുന്ന ശരീരമായിരുന്നല്ലോ സവർണ്ണ ഹിന്ദുവിന്റേത്. വർണ്ണ വ്യവസ്ഥയിൽ പോലും വരാത്തവരെ അവർണർ എന്ന് നമ്മൾ വിളിച്ചില്ലേ. ഇന്ത്യയിലെ എല്ലാ മതങ്ങളിലും ഇത്തരം വിഭജനങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഉപരിവർഗ്ഗ ഹിന്ദുക്കളിലായിരുന്നു അത് ഏറ്റവും കൂടുതൽ. ജാതിയില്ല എന്ന് വിശ്വസിക്കുന്ന മതങ്ങളിലേക്ക് മതപരിവർത്തനം നടത്തി വന്നവരെപ്പോലും വേറെ ജാതിയായിട്ടാണ് കരുതിയത് എന്ന് നമുക്കറിയാം. മുസ്ലിം പസ്മന്റകൾ, സിഖ് മസബികൾ, ദലിത് ക്രിസ്ത്യാനികൾ തുടങ്ങിയവരെയൊക്കെ നമുക്കറിയാം. എന്നാൽ ഈ മതങ്ങളെല്ലാം തത്വത്തിൽ വിശ്വസിക്കുന്നത് ദൈവം എല്ലാ മനുഷ്യരെയും തുല്യരായി സൃഷ്ടിച്ചു എന്നാണ്. പ്രാചീന സംസ്കൃത കൃതികളിൽ മുസ്ലീങ്ങളെ മുസ്ലീങ്ങൾ എന്നല്ല പരാമർശിക്കുന്നത് യവന, പാർസി, തുരിഷ്ക എന്നൊക്കെയുള്ള വംശീയ നാമങ്ങളിലാണ് അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ഒരായിരം വർഷങ്ങളിൽ ഹിന്ദു മുസ്ലിം ബന്ധങ്ങൾ എങ്ങനെയായിരുന്നു എന്ന് നമുക്കൊന്നു നോക്കാം. നമുക്ക് അഭിജാതരുടെ ഇടയിൽ നിന്ന് തുടങ്ങാം. രാജാക്കന്മാർ അവരവരുടെ രാജ്യങ്ങളിൽ അധികാരത്തിൽ നിന്നു പോയെങ്കിലും ഭരണ നിർവഹണത്തിന്റെ തലപ്പത്ത് തന്നെ അവർ തുടരുകയായിരുന്നു. രാജാ എന്ന നാമധേയം തന്നെ അവർ തുടരുകയായിരുന്നു. രാജാധികാരം ഉണ്ടായിരുന്ന സമയത്ത് അവർ ജീവിച്ചിരുന്ന അതേ സമ്പത്തോടുകൂടി സമ്പന്നമായി ജീവിക്കുവാനുള്ള വരുമാനവും അവർക്ക് ഉണ്ടായിരുന്നു. അറേബ്യൻ പ്രദേശങ്ങളുമായും, കിഴക്കൻ ആഫ്രിക്കയുമായും ഇന്ത്യൻ നാട്ടുരാജ്യങ്ങൾക്ക് ക്രിസ്തുവിന് മുമ്പ് തന്നെ വാണിജ്യബന്ധം ഉണ്ടായിരുന്നു. ഇസ്ലാം മതം ഉണ്ടായതിനുശേഷവും വാണിജ്യാവശ്യങ്ങൾക്ക് മാത്രമായിരുന്നു അവർ ഈ പ്രദേശത്തേക്ക് വന്നിരുന്നത്. ഇന്ത്യൻ തീരപ്രദേശങ്ങളിൽ അവർ താമസിക്കുകയും ചെയ്തു. സിന്ധു പ്രവിശ്യയിൽ മാത്രമാണ് ഒരു അപവാദം ഉള്ളത്. എത്രയോ അറബികൾ ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച് ഇവിടെത്തന്നെ താമസിച്ചു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ പുതിയ ജനസമൂഹങ്ങൾതന്നെ ഇതുമൂലം ഉണ്ടായി എന്ന് നമുക്കറിയാം. പുതിയ മതവിഭാഗങ്ങൾ തന്നെ ഈ മിശ്രണത്തിൽനിന്ന് ഉണ്ടായി. ഖോജകൾ, ബോഹ്റകൾ, നവായത്തുകൾ, മാപ്പിളമാർ ഇങ്ങനെ നിരവധി. ഇനി മറ്റൊരു കാര്യംകൂടി പറയാം. പ്രാദേശിക ഭരണനിർവഹണത്തിൽ അറബികൾക്ക് തൊഴിൽ പോലും ലഭിച്ചിരുന്നു ഇന്ത്യയിൽ. പൊതു വർഷം ഒമ്പതാം നൂറ്റാണ്ടിൽ രാഷ്ട്രകൂട രാജാക്കന്മാർ ഇന്ത്യയിൽ ഒരു അറബ് ഗവർണറെത്തന്നെ നിയമിച്ചു . അദ്ദേഹത്തിന്റെ ധനസഹായം ഹിന്ദു ക്ഷേത്രങ്ങൾക്കും പാർസികൾക്കും ലഭിച്ചതായി രേഖകളുണ്ട്. അഭിജാതരായ ഹിന്ദുക്കൾ സുൽത്താന്റെ ഭരണത്തിൽ പ്രധാന പദവികൾ അലങ്കരിച്ചു പോന്നു. സുൽത്താൻ ഭരണത്തിൽ ഉടനീളം മുസ്ലിം രാജാക്കന്മാർ രജപുത്രരെ വിശ്വസിച്ചിരുന്നു. മുഗൾ ചക്രവർത്തിയുടെ ഖജനാവ് രാജാ തോഡർമാലിന്റെ കയ്യിൽ സുരക്ഷിതമായിരുന്നു എന്ന് നമുക്കറിയാം. ഹൽദി ഖാട്ടി യുദ്ധത്തിൽ മുഗൾ പടയുടെ തലവൻ രാജാ മാൻസിങ് ആയിരുന്നു. അദ്ദേഹമാണ് മഹാറാണാ പ്രതാപനെ പരാജയപ്പെടുത്തിയത്. ഒരു മുസ്ലിം അല്ല പരാജയപ്പെടുത്തിയത്. അതേസമയം മഹാറാണാ പ്രതാപിന്റെ സൈന്യത്തിന്റെ കാര്യവും നമുക്ക് പരിശോധിക്കാം. ഒട്ടുമുക്കാലും അഫ്ഗാനികളായിരുന്നു ആ സൈന്യത്തിൽ. പടത്തലവൻ ഹക്കീംഖാൻ ഷേർഷ സൂരിയുടെ പരമ്പരയിൽ പെട്ട ആളായിരുന്നു.

അതിനാൽ അതിസങ്കീർണമായിരുന്നു ഭരണനിർവഹണത്തിലെ മത വൈജാത്യങ്ങൾ. ചരിത്രകാരന്മാർ ഇതൊക്കെ ശ്രദ്ധിച്ചേ മതിയാകൂ. പരസ്പര വിരുദ്ധമായ ധ്രുവങ്ങളിൽ നില്ക്കുമ്പോഴും വിവിധ രജപുത്ര വംശങ്ങൾക്ക് വിശ്വാസ്യതയുണ്ടായിരുന്നു എന്നതൊരു വസ്തുതയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാലത്തും ഈ വൈരുദ്ധ്യം രജപുത്രരുടെ ഇടയിൽ തുടർന്നതായി കാണാം. അതിനാൽ പലപ്പോഴും അവർ എതിർപക്ഷങ്ങളിൽ നിന്ന് പരസ്പരം പോരാടിയിട്ടുണ്ട്. ബുന്തേൽഖണ്ഡിലെ രാജാവും മുഗൾ ചക്രവർത്തി ജഹാംഗീറും തമ്മിലുള്ള ബന്ധം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുഗൾ ഭരണവുമായി അദ്ദേഹം അടുത്ത് ഇടപഴകി. ഏറ്റവും വരുമാനം ഉണ്ടായിരുന്ന പ്രവിശ്യയായിരുന്നു ബുന്തേൽഖണ്ഡ്. അക്ബറിന്റെ ജീവചരിത്രകാരനും അക്ബറിന്റെ അടുത്ത സുഹൃത്തുമായിരുന്നു അദ്ദേഹം. അബുൽ ഫസലിന്റെ കൊലപാതകത്തിൽ പോലും ബുന്തേൽഖണ്ഡിലെ രാജാവിന് പങ്കുണ്ടായിരുന്നു.

ഇനി ചില ചരിത്ര സ്തംഭങ്ങളിലേക്ക് (pillars) ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. പ്രത്യേകിച്ച് അശോക സ്തംഭങ്ങൾ. അവയിൽ ചിലത് ഡൽഹിയിൽ നിങ്ങൾക്ക് കാണാൻ കഴിയും. അശോകന്റെ ഒരു മൗര്യസ്തംഭം മാത്രം എടുക്കാം. അദ്ദേഹത്തിന്റെ ഭരണകാര്യങ്ങൾ എല്ലാം അതിൽ എഴുതിയിട്ടുണ്ട്. പിൽക്കാലത്ത് വന്ന രാജാക്കന്മാർ അതിൽ കൂട്ടിച്ചേർക്കുകയോ സ്തംഭങ്ങൾ അവിടെനിന്നു മാറ്റി പ്രതിഷ്ഠിക്കുകയോ ചെയ്തിട്ടുണ്ട്. ഈ വിജയസ്തംഭങ്ങൾ മാറ്റുന്നതിലെ ചരിത്ര പ്രാധാന്യം എന്താണ് ? സുൽത്താന്മാരുടെ വിജയത്തെ ആഘോഷിക്കാൻ വേണ്ടിയായിരുന്നോ ഇത് ? ഈ സ്തംഭങ്ങൾ തകർക്കാതെ അനേക കിലോമീറ്റർ സശ്രദ്ധം വള്ളങ്ങളിലും വഴികളിലും ആനകളെ കൊണ്ട് വലിപ്പിച്ചും ഒക്കെ കൊണ്ടുവരികയായിരുന്നു. എന്തിനാണിത് ചെയ്തത് ? എന്തുകൊണ്ടാണവ തകർക്കാതിരുന്നത് ? ഒരു അശോകസ്തംഭത്തിൽ – എനിക്ക് ഏറ്റവും പ്രിയപ്പെട്ട അശോകസ്തംഭമാണിത് – ആ അശോകസ്തംഭത്തിൽ ചരിത്രരേഖകൾ തന്നെയുണ്ട്. അലഹാബാദ് കോട്ടയിൽ ഒരു സവിശേഷ സ്ഥലത്ത് ഈ അശോകസ്തംഭം പ്രതിഷ്ഠിച്ചിരിക്കുന്നു. അതിൽ സമുദ്രഗുപ്തന്റെ ഒരു ലിഖിതം ഉണ്ട്. അത് അശോക ലിഖിതത്തിനു മേൽക്കൂട്ടിച്ചേര്‍ത്തിരിക്കുന്നതാണ്. അതുകൊണ്ട് നമുക്ക് പഴയത് വായിക്കാൻ ഇപ്പോൾ കഴിയില്ല. സമുദ്രഗുപ്തനാണത് ചെയ്തത്. അതിന് താഴെ ഫിറോസ് ഷാ തുഗ്ലക്കിന്റെ വരികൾ ഉണ്ട്. അതിനു താഴെ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ വംശാവലി എഴുതി ചേർത്തിട്ടുണ്ട്. ഇന്ത്യൻ ഭൂതകാലത്തിന്റെ അതിമനോഹരമായ ഒരു പ്രതിനിധിയാണ് ഈ അശോകസ്തംഭം എന്ന് ഞാൻ പറയും. മൂന്നു ചക്രവർത്തിമാരുടെ ലിഖിതങ്ങൾ നമുക്കിവിടെ വായിക്കാൻ കഴിയും. 3000 ത്തോളം വർഷങ്ങളിലൂടെയാണ് ഇത് യാത്ര ചെയ്തിരിക്കുന്നത്. ഫിറോസ് ഷാ തുഗ്ലക്കിന് വിഷമമായി. ഈ സ്തംഭത്തിലെ വരികൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന ബ്രാഹ്മണ പണ്ഡിതർക്ക് മനസ്സിലാകുന്നില്ല എന്നതിനാൽ. അത് വായിച്ചെടുക്കാൻ പറ്റിയില്ല.

ഒരു അശോകസ്തംഭം ഇപ്പോൾ ഡൽഹിയിലെ ഫോർട്ട് ലൈനിൽ ഉണ്ട്. അതിപ്പോഴും അവിടെയുണ്ട്. ഫിറോസ് ഷാ തുഗ്ലക്കിന് അദ്ദേഹത്തിന്റെ ഭൂതകാലവുമായി ഈ ഭൂഖണ്ഡത്തിലെ ഭൂതകാലവുമായി ബന്ധപ്പെട്ട് നിൽക്കുവാൻ ആഗ്രഹമുണ്ടായിരുന്നു എന്നതാണ് നാം ആലോചിക്കേണ്ടത്. കാരണം അദ്ദേഹത്തിന്റെ അമ്മതന്നെ പഞ്ചാബിലെ രജപുത്ര വനിതയായിരുന്നു. ഫിറോസ് ഷാ കോട്ല ഇപ്പോൾ സന്ദർശിക്കുന്നവരിൽ വളരെ കുറച്ചുപേർക്ക് മാത്രമേ ഈ അശോകസ്തംഭത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ച് അറിയൂ. അവിടം സാധാരണയായി സന്ദർശിക്കുന്നവർ അവിടുത്തെ ജിന്നുകളുടെ പ്രീതിക്കുവേണ്ടി പ്രാർത്ഥിക്കാനാണ് വരാറുള്ളത്. എല്ലാ മതത്തിലുള്ളവരും അവിടെ വരാറുണ്ട്. തുഗ്ലക്കോ, മുഗൾ ചക്രവർത്തിമാരോ ഈ അശോകസ്തംഭങ്ങൾ നശിപ്പിച്ചില്ല എന്ന് കാണാം. അവർ ഇന്ത്യയിലെ ഭരണത്തുടർച്ചയുടെ സാധുത ആഗ്രഹിച്ചു എന്നുവേണം കരുതാൻ. ഇന്ത്യയിലെ ഭരണത്തുടർച്ചയുടെ ഭാഗമാണ് അവർ എന്ന് ചരിത്രത്തിൽ അറിയപ്പെടുവാൻ ആഗ്രഹിച്ചിരുന്നു എന്നുവേണം കരുതാൻ. സുൽത്താൻ ഭരണ കാലത്തിനും മുൻപുള്ള രാജാക്കന്മാരുടെ യശസ്സിന്റെ പങ്ക് എടുക്കുകയായിരുന്നു അവർ. എന്തായിരുന്നിരിക്കണം ഈ സ്തംഭങ്ങളിലെ കൂട്ടിച്ചേർക്കലിനെപ്പറ്റി അന്നത്തെ ഹിന്ദു മുസ്ലിം യാഥാസ്ഥിതികരുടെ പ്രതികരണങ്ങൾ? ഈ സ്തംഭങ്ങളിലെ പുതിയ ചേർക്കലുകളെക്കുറിച്ച്? നമുക്കറിയാം മുഗൾ ചക്രവർത്തിമാർ രജപുത്ര കുടുംബങ്ങളിൽ നിന്നും വിവാഹം കഴിച്ചിരുന്നു എന്ന കാര്യം. യാഥാസ്ഥിതിക ഹിന്ദുകുടുംബങ്ങൾ മുസ്ലീങ്ങളെ മ്ലേച്ഛന്മാർ ആയിട്ടാണ് കരുതിയിരുന്നത്. അപ്പോൾ മുഗൾ ചക്രവർത്തിയെ വിവാഹം കഴിക്കുമ്പോൾ രജപുത്ര കുടുംബങ്ങൾക്ക് മാനഹാനി വരാറുണ്ടായിരുന്നോ ? ഇല്ല എന്ന് വേണം വിശ്വസിക്കുവാൻ. അക്കാലത്ത് ലൗ ജിഹാദ് ഇല്ലായിരുന്നു. ഒരാളുടെ പോലും ആത്മകഥയോ ജീവചരിത്രമോ പറയുന്നില്ല ആ വിവാഹങ്ങളൊക്കെ നിർബന്ധപൂർവ്വം നടത്തിച്ചതാണ് എന്ന്. അക്കാലത്തെ ചുമർ ചിത്രങ്ങളും പുസ്തകങ്ങളിലെ രേഖാചിത്രങ്ങളും ഒക്കെ പറയുന്നുണ്ട് എങ്ങനെയാണ് മുസ്ലിം ചക്രവർത്തിമാർ ഹിന്ദു ഉത്സവങ്ങളിൽ പങ്കെടുത്തിരുന്നത് എന്നും.

ഡൽഹിയിലെ പാലം ഭാഗത്ത് നിന്ന് കിട്ടിയ ഒരു രേഖയിൽ ഒരു ഹിന്ദു സമ്പന്ന വ്യാപാരി മുഹമ്മദ് ബിൻ തുഗ്ലക്കിനെ മാതൃകാ രാജാവായി പറയുന്നുണ്ട്. എന്നാൽ ഒരു കാര്യം കൂട്ടി ചേർക്കുന്നുമുണ്ട്. മ്ലേച്ഛനാണെങ്കിലും എന്ന്. അതായത് മുഹമ്മദ് ബിൻ തുഗ്ലക്ക് ഒരു മാതൃകാ രാജാവാണ്, മ്ലേച്ഛൻ ആണെങ്കിലും എന്ന്. മ്ലേച്ഛൻ എന്ന വാക്ക് ഒരു അപമാനകരമായ വാക്ക് ആയിരുന്നില്ല എന്ന് വേണം കരുതാൻ. കാരണം അപമാനകരമായ ഒരു വാക്ക് തുഗ്ലക്കിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ആ സമ്പന്നനായ വ്യാപാരി പിന്നെ ജീവിച്ചിരിക്കാൻ ഇടയില്ലല്ലോ. മ്ലേച്ഛൻ എന്നാൽ വർണ്ണ വ്യവസ്ഥയ്ക്ക് പുറത്തുള്ളയാൾ എന്നേ അർത്ഥമുണ്ടായിരുന്നുള്ളൂ. അതായത് തുഗ്ലക്ക് ഹിന്ദു വ്യവസ്ഥയ്ക്ക് തന്നെ പുറത്തുള്ളയാൾ എന്ന അർത്ഥമേയുള്ളൂ. പതിനാറാം നൂറ്റാണ്ടിലെ സർവദർശന സംഗ്രഹം, അതിൽ ബൗദ്ധർ, ജൈനർ, ചാർവാകർ, തുരുഷ്കര്‍ അതായത് തുർക്കിയിൽ നിന്നുള്ളവർ, മുസ്ലീങ്ങൾ എല്ലാവരും നാസ്തികരാണ്. അവരെ നാസ്തികരായിട്ടാണ് കാണുന്നത്. പതിനേഴാം നൂറ്റാണ്ടിൽ നിന്നുള്ള മറ്റൊരു രേഖ കൂടിയുണ്ട്. അക്ബറിന്റെ കാലത്ത് ബ്രജ ഭാഷയിൽ ബനാറസ്സീദാസ് എഴുതിയ ആത്മകഥ. അർദ്ധ കഥാനകം, ഒരു നീണ്ട കവിതയാണത്. ബനാറസ്സീദാസിന്റെ മുത്തച്ഛൻ ബംഗാളിലെ നവാബിന്റെ ദിവാനായിരുന്നു. ബനാറസിലും ആഗ്രയിലും മുഗൾക്കാലത്ത് ജീവിച്ച ജൈന വ്യാപാരിയുടെ ജീവിതത്തിലേക്ക് ഈ നീണ്ട കവിത വെളിച്ചം വീശുന്നു. ഉത്തരേന്ത്യയിലെ കമ്പോളങ്ങളെക്കുറിച്ച് ഈ കവിത വ്യക്തമായി പറയുന്നുണ്ട്. ജയ്പൂരിൽ മാത്രം 52 വികസിച്ച കമ്പോളങ്ങൾ ഉണ്ടായിരുന്നു എന്നു പറയുന്നു. മുഗൾ ഭരണ തലത്തിലുള്ളവർ കച്ചവടക്കാരിൽ നിന്നും പണം ഈടാക്കുന്നതും ഈ കവിതയിൽ പരാമർശിക്കുന്നുണ്ട്. ഇടക്കാലത്ത് ശൈവ വിശ്വാസിയായി മാറിയെങ്കിലും ബനാറസ്സീദാസ് ജൈനവിശ്വാസത്തിലേക്ക് തിരിച്ചു നടക്കുകയായിരുന്നു.

പതിനാലാം നൂറ്റാണ്ടിൽ ഡൽഹിയിലെ കുത്തബ്മിനാറിന് മിന്നലേറ്റു. അറ്റകുറ്റപണിയുടെ ആവശ്യം വന്നു. അറ്റകുറ്റപ്പണികൾ ചെയ്തവർ മിനാറിന്റെ അകത്ത് പലയിടങ്ങളിലായി പലതും ഭിത്തിയിൽ കുറിച്ചിട്ടിട്ടുണ്ട്. ഹിന്ദിയും തെറ്റായ സംസ്കൃതവും. എന്തായാലും നാഗരി ലിപിയിലാണ് അവ. അതിലൊരു വംശാവലിയുണ്ട്. കുത്തബ്മിനാർ ഇരിക്കുന്ന കോംപ്ലക്സിൽ, അവിടെ ഭരിച്ച രാജാക്കന്മാരുടെ വംശാവലി എഴുതിച്ചേർത്തിട്ടുണ്ട്. തുടങ്ങുന്നത് ധ്വമാറിലാണ്. ധ്വമാർ, ചൗഹാൻ, രാജപുത്, ശക ഇങ്ങനെ തുടങ്ങി സുൽത്താൻ വരെയുള്ള വംശാവലി അതിൽ എഴുതിവച്ചിട്ടുണ്ട്. പുതുക്കിപ്പണിതവർ ബ്രാഹ്മണരോ ഹിന്ദുക്കളോ ആയിരുന്നു. കാരണം അവരുടെ പേരുകളും അതിൽ എഴുതിയിട്ടുണ്ട്. അവർ പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ പേരും എഴുതിയിട്ടുണ്ട്. ഗണേഷ് – ഗണപതിയുടെ പേര് എഴുതിയിട്ടുണ്ട്. വിശ്വകർമയുടെ പേര് എഴുതിയിട്ടുണ്ട്. അപ്പോൾ ഉറപ്പാണല്ലോ ബലാൽക്കാരമായി പണി ചെയ്യിച്ചതല്ല ഇതൊക്കെ എന്ന്. ഈ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന ആളുകൾ അവർ പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ പേര് അതിനകത്ത് എഴുതി വെക്കുകയും വംശാവലിയിൽ ധ്വമാർ മുതൽ ചൗഹാൻമാർ രജപുത്രന്മാർ, പിന്നെ അവരുടെ ഭാഗമായി വന്ന മുസ്ലിം ഭരണാധികാരികളുടെ പേരുകളും എഴുതിയിരിക്കുന്നു എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിലുള്ള കുറിപ്പുകൾ കുത്തബ്മിനാറിൽ മാത്രമല്ല ചില മുസ്ലിം പള്ളികളിൽ പോലും നമുക്ക് കാണാൻ കഴിയും.

സുവ്യക്തമായ ഒരു ചോദ്യം ചോദിച്ചു കൊണ്ട് ഞാൻ ഈ പ്രഭാഷണം അവസാനിപ്പിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദു ജീവിതത്തെ മുൻനിർത്തി ഞാൻ ചോദിക്കട്ടെ എന്തായിരുന്നു ഇന്ത്യയിലെ വിവിധ മതവിശ്വാസികൾ തമ്മിലുള്ള ജീവിതം ? ഇത് വ്യാജ വാർത്തകളുടെ കാലമാണ്. നാം ഏത് വിശ്വസിക്കും ഏത് അവിശ്വസിക്കും? ഞങ്ങളെപ്പോലുള്ള ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം ചരിത്രം എന്നത് നമ്മൾ എങ്ങനെ ഇങ്ങനെയൊക്കെ ആയിത്തീർന്നു എന്ന് അന്വേഷിക്കലാണ്. യുക്തിസഹമായ വിശദീകരണം അതിനു നൽകുക എന്നത് മാത്രമാണ്. നമ്മുടെ ഭൂതകാലത്തെ സ്വാംശീകരിക്കണമെങ്കിൽ വിവിധ സമുദായങ്ങൾ എങ്ങനെ സഹവർത്തിച്ചു എന്ന് നാം മനസ്സിലാക്കേണ്ടി വരും. തെളിയിക്കാവുന്ന വസ്തുതകളും ഭാവനകളും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയേണ്ടതുണ്ട് . ഞാൻ അവകാശപ്പെടുന്നില്ല സമൂഹങ്ങൾ തമ്മിൽ, മതങ്ങൾ തമ്മിൽ എന്നും ശാന്ത സുരഭിലമായ സഹവർത്തിത്വം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത് എന്ന്.

തീർച്ചയായും എന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നു, കലാപങ്ങൾ ഉണ്ടായിരുന്നു. പക്ഷേ നാം അതിനെയൊക്കെ അതിജീവിച്ചാണ് ഇവിടം വരെ വന്നത്. എന്നാൽ മതങ്ങൾ തമ്മിൽ മാത്രമായിരുന്നോ പ്രശ്നങ്ങൾ ? വ്യാകരണകാരൻ പതഞ്ജലി പറഞ്ഞത് ബ്രാഹ്മണരും ശ്രമണരും തമ്മിലുള്ള ബന്ധം പാമ്പും കീരിയും തമ്മിലുള്ളതു പോലെയാണ് എന്നാണ്. കൽഹണൻ പറഞ്ഞത് കാശ്മീരിൽ സാമ്പത്തിക പ്രശ്നങ്ങൾ വന്നപ്പോൾ ഒക്കെ അവിടത്തെ ഹിന്ദു രാജാക്കന്മാർ ക്ഷേത്രങ്ങളെ കൊള്ളയടിച്ചു എന്നാണ്. പരാജയപ്പെട്ട ഹിന്ദു രാജാക്കന്മാർ തങ്ങളെ പരാജയപ്പെടുത്തിയ ഹിന്ദു രാജാക്കന്മാരെ മാത്രമല്ല പശുക്കളെയും ബ്രാഹ്മണരെയും കൊന്നതായും ചരിത്രം പറയുന്നുണ്ട്. എല്ലാ മതങ്ങളും അവകാശപ്പെടുന്നു അവർക്ക് ജീവിതത്തിന്റെ സത്യമെന്താണെന്ന് അറിയാമെന്ന്. മറ്റുള്ളവരെക്കാൾ നന്നായി ജീവിതത്തിന്റെ സത്യം ഞങ്ങൾക്കറിയാമെന്ന് എല്ലാ മതങ്ങളും അവകാശപ്പെടുന്നു. ഞാൻ എറിക് ഹോബ്സ്ബിലേക്ക് തിരിച്ചു പോകട്ടെ. കറുപ്പ് സസ്യവും ഹീറോയിൻ മയക്കുമരുന്നും. നമ്മെ മയക്കുന്ന മയക്കുമരുന്നിന്റെ മൂല്യത്തെ നാം ചോദ്യം ചെയ്യേണ്ടതല്ലേ. ഏതൊരു പരിഷ്കൃത നാഗരികതയിലും എല്ലാ അറിവുകളും ചോദ്യം ചെയ്യപ്പെട്ടേ മതിയാകൂ.


What History Really Tells Us About Hindu-Muslim Relations, The wire, Jan 18, 2023

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഈ നിമിഷത്തിന്റെ കറുപ്പ് – ഡോ.റൊമില ഥാപ്പർ

  1. ഇന്ന് രാവിലെ വായിച്ച ചിന്തോദ്വീപകവും മനോഹരവുമായ കുറിപ്പ്. മത രാഷ്ട്ര വാദത്തെ പ്രതിരോധക്കാനുള്ള ചരിത്രപരമായ ഉൾകാഴ്ച നൽകുന്നതാണ് ഇത്. രാഷ്ട്ര സങ്കൽപനത്തിന്റെ ആധുനിക പരികൽപനകൾ ഇതിലൂടെ മനസ്സിലാക്കാനായി .

Leave a Reply

Previous post ആർത്തവ അവധിക്കൊപ്പം വേണം അടിസ്ഥാന സൗകര്യങ്ങൾ
Next post C/2022 E3 ZTF ധൂമകേതു – കേരളത്തിൽ നിന്നുള്ള കാഴ്ചകൾ
Close