കോവിഡ് 19, രണ്ടാം വട്ടം അണുബാധയുണ്ടാകുമോ?

കോവിഡ് രോഗം വന്നു പോയ രാജ്യങ്ങളിൽ ഒരിക്കൽ രോഗം ബാധിച്ചവരിൽ കോവിഡിന്റെ രണ്ടാം തരംഗം വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുയർത്തിയ ചോദ്യമിതാണ്, കോവിഡ് 19 രോഗവിമുക്തി നേടിയവർക്ക് സ്ഥിരം ഇമ്മ്യൂണിറ്റി നൽകുന്നില്ല എന്നാണോ നാം കരുതേണ്ടത്? പൊതുവെ നമ്മുടെ ധാരണ ഒരിക്കൽ വന്നുപോയാൽ വൈറസ് രോഗങ്ങൾ പലതും ദീർഘകാല പ്രതിരോധശക്തി നമുക്ക് നൽകും. അങ്ങനെയുണ്ടാവുന്നില്ലെങ്കിൽ രോഗപ്രതിരോധം, ഹേർഡ് ഇമ്മ്യൂണിറ്റി, വാക്‌സിൻ, എന്നിവയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ തിരുത്തേണ്ടിവരും.

എന്നാൽ രോഗവിമുക്തി നേടിയവർക്ക് രണ്ടാമത് കോവിഡ് പോസിറ്റീവ് ആയപ്പോൾ അവരിൽ ആദ്യം ദർശിച്ചതുപോലെ രോഗലക്ഷണങ്ങൾ കാണാനായില്ല. കോവിഡ് 19 പലരിലും വലിയ രോഗലക്ഷണങ്ങൾ പ്രദര്‍ശിപ്പിക്കാറില്ലല്ലോ. അപ്പോൾ വ്യാജ പോസിറ്റീവ് ടെസ്റ്റുകളാണോ നാം കാണുന്നത്, അതോ വീര്യം കുറഞ്ഞ രണ്ടാം വരാവണോ എന്ന കാര്യം ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാലിപ്പോൾ ഇതേക്കുറിച്ചു അന്തിമമായി തീരുമാനിക്കാമെന്ന് തോന്നുന്നു.

ഇപ്പോൾപുറത്തുവന്ന കൊറിയൻ പഠനമനുസരിച്ചു, രണ്ടാം തരംഗം എന്നൊന്നില്ല എന്നകാര്യം ഉറപ്പായി. രോഗവിമുക്തിക്കു ശേഷം വീണ്ടും ടെസ്റ്റ് പോസിറ്റീവ് ആയവരെ നിരീക്ഷിച്ചപ്പോൾ അവരിൽ വൈറസ് വീണ്ടും സജീവമാകുന്നില്ലെന്നു വ്യക്തമായി.

പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്, ടെസ്റ്റിംഗ് പദ്ധതിയിൽ അന്തർലീനമായ പിഴവാണ് ഇതിനു കാരണം എന്നാണ്. രോഗമുക്തി നേടിയവരുടെ രക്തത്തിൽ കാണുന്ന നിർജീവമായ വൈറസ് ശേഷിപ്പുകൾ വ്യാജ പോസിറ്റീവ് ഫലങ്ങൾക്ക് കാരണമാകും എന്നാണ്.
പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ ഡോ. മ്യോൻഗ്‌-ഡോൺ ഓഹ് ( Dr. Oh Myoung-don) പറയുന്നത്  നിർജീവമായ വൈറസുകളുടെ റൈബോന്യൂക്ലിക് ആസിഡ് കണികകളെ കണ്ടെത്തിയതിനാൽ പറ്റിയ പിശകാണ് നാം കാണുന്നത്. നിർജീവമായ വൈറസ് ശേഷിപ്പുകൾ രക്തത്തിൽ ഉണ്ടെങ്കിൽ അവ പൂർണ്ണമായും ഒഴിവാകാൻ മാസങ്ങൾ തന്നെ വേണ്ടിവരും.

രോഗവിമുക്തിക്ക് ശേഷം പെട്ടെന്നുതന്നെ വീണ്ടും രോഗബാധിതരാകാനുള്ള സാധ്യത തീരെയില്ല. എന്നാൽ പഴയ വൈറസ് കണികകൾ മനുഷ്യശരീരത്തിൽ പുനരുജ്ജീവിപ്പിക്കുക എന്നതും അസാധ്യമെന്നു കരുതണം. എന്തായാലും കൊറിയൻ പഠനം ഇക്കാര്യത്തിൽ പൊതുധാരണയ്ക്ക് വഴിയൊരുക്കും എന്നതിൽ സംശയമില്ല.


അധികവായനയ്ക്ക്
  1. Tests in recovered patients found false positives, not reinfections

Leave a Reply