Read Time:28 Minute

കഴിഞ്ഞ അറുപതു വർഷമായി കേരളത്തിലെ കൃഷിയുടെ പര്യായ പദമായിരുന്നു ആർ ഹേലി. മലയാള ടെലിവിഷനിൽ ഒരു വത്യസ്ത കാർഷികബന്ധ ഭാഷയുണ്ടാക്കാൻ അദ്ദേഹം നിമിത്തമായതിനെക്കുറിച്ച്, ഫാം ജേണലിസം എന്ന ശാഖയുടെ ഉത്പത്തിക്കുതന്നെ അദ്ദേഹം കാരണമായതിനെക്കുറിച്ച് ജി സാജൻ എഴുതുന്നു.

ഏറ്റവും മഹത്തായ വിശ്വ സാഹിത്യ സൃഷ്ടി എഴുതിയ പേനയെക്കാൾ മഹത്തരമാണ് എന്റെ തൂമ്പ. ;കോശിച്ചായന്റെ ചെങ്ങന്നൂരിലെ വീട്ടിലേക്കു ഞങ്ങളെ സ്വാഗതം ചെയ്തത് വലിയ ബാനറിലെഴുതിയ ഈ വരികളാണ്.

ദൈവം വിശക്കുന്ന മനുഷ്യന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നത് അപ്പത്തിന്റെ രൂപത്തിലാണ്,” എന്നും അതിനൊപ്പം കുറിച്ചിട്ടുണ്ടായിരുന്നു.

എൺപതുകളുടെ അവസാനമാണ് ഹേലിസാറുമൊത്തു നടത്തിയ വ്യത്യസ്തമായ യാത്രകളിൽ ഇപ്പോഴും മനസ്സിൽ നിന്ന് മറയാത്ത ഒരു യാത്രയായിരുന്നു കോശിച്ചായനെ തേടിയുള്ള യാത്ര. അന്ന് ആകാശവാണിയിൽ പ്രവർത്തിച്ചിരുന്ന എസ്. ഗോപാലകൃഷ്ണനും കൂടെയുണ്ട്.

കേരളത്തിലെ അതിപ്രഗത്ഭരായ കർഷകരെ തേടിയാണ് യാത്ര. തിരുവനന്തപുരം ദൂരദർശൻ നിർമിച്ച ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ എന്ന പരമ്പരയുടെ തുടക്കമായിരുന്നു അത്. ഏതൊരു സാധാരണ മനുഷ്യന്റെയും പിറകിൽ അസാധാരണമായ ഒരു കഥയുണ്ട് എന്ന പാഠം ഈ യാത്രകളിലൂടെ ഞങ്ങളെ പഠിപ്പിച്ചത് ഹേലി സാറാണ്.

കേരളത്തിന്റെ കാർഷിക ബന്ധ സാഹിത്യത്തിന്റെ പര്യായം എന്ന് പറയണമെങ്കിൽ അത് ആർ. ഹേലി ആയിരിക്കും. സുദീർഘമായ എത്ര യാത്രകൾ. സരസ സംഭാഷണത്തിന്റെ സായാഹ്നങ്ങൾ. നാല് ദശകം നീണ്ടുനിൽക്കുന്ന അനുഭവങ്ങൾ.

“സാജൻ അറിഞ്ഞോ…പുതിയൊരു ഗംഭീര കണ്ടുപിടുത്തം വന്നിട്ടുണ്ട്..കേരളത്തിലെ കേര കൃഷിയെ നിർണായകമായി സ്വാധീനിക്കാൻ പോകുന്ന ഒരു കണ്ടുപിടുത്തമാണ്… തെങ്ങിൽ നിന്ന് നേരിട്ട് നീര ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു യന്ത്രം… കോക്കനട്ട് ജേർണലിന്റെ പുതിയ പതിപ്പിലുണ്ട്… ഇതിനു നമ്മൾ നല്ല പ്രചാരം കൊടുക്കണം…”

ഓരോ തവണ ഹേലി സാർ വിളിക്കുമ്പോഴും ഞാൻ അത്ഭുതപ്പെടും… സാറിനെപ്പോലെ ഇത്രയേറെ വിവരങ്ങൾ സ്വയം അപ്ഡേറ്റ് ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. എൺപത്തി അഞ്ചാം വയസ്സിലും കേരളത്തിലെ കൃഷിയുടെ ഒരു ചലനവും ഹേലി സാറിന്റെ ശ്രദ്ധയിൽ പെടാതെ പോയിട്ടില്ല. ബംഗാൾ ക്ഷാമത്തിന് ശേഷമുള്ള കാർഷിക രംഗത്തിന്റെ തകർച്ചയായിരുന്നു കൊളോണിയൽ നുകത്തിൽ നിന്ന് പുറത്തുവരുന്ന നമ്മുടെ രാജ്യത്തിന് പ്രധാന വെല്ലുവിളി. ഗവേഷണത്തിലൂടെയും വിവര വിനിമയത്തിലൂടെയും രാജ്യത്തിൻറെ ഭക്ഷ്യ സ്വയംപര്യാപ്തത എന്നതായിരുന്നു കൃഷി വകുപ്പുകളുടെ ദൗത്യം.

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷമുള്ള ഈ സങ്കീർണമായ കാലഘട്ടത്തിലാണ് ബാംഗ്ലൂരിലെ ഹെബ്ബാൽ കാർഷിക കോളേജിൽ നിന്നും ബിരുദവുമായി ഹേലി സാർ കേരളത്തിലെത്തുന്നത്. റബ്ബർ ബോർഡിൽ ജൂനിയർ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പിൽ കൃഷി ഇൻസ്‌പെക്ടർ ആയും മല്ലപ്പള്ളിയിൽ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ ഓഫീസറായും ജോലി ചെയ്ത അദ്ദേഹം പിന്നീടുള്ള അറുപതു വർഷം കേരളത്തിലെ കൃഷിയുടെ പര്യായപദമായി മാറി. എന്നാൽ ഹേലി സാറിന്റെ വ്യക്തിത്വവും സാമൂഹിക ബന്ധങ്ങളും മനസ്സിലാവണമെങ്കിൽ അദ്ദേഹത്തിന്റെ അച്ഛനെക്കൂടി അറിയണം. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന പി. എം. രാമൻ.

അച്ഛനെക്കുറിച്ചു പറയുമ്പോൾ ഇപ്പോഴും ഹേലി സാറിന്റെ കണ്ണുകൾ ദീപ്തമാവും. ദൂരദര്ശന് വേണ്ടി ഹെൻറി സംവിധാനം ചെയ്ത ‘ഞാൻ ഹേലി’ എന്ന ആത്മകഥാപരമായ ആഖ്യാനത്തിൽ സാർ പറയുന്നു:

കടയ്ക്കാവൂർ നിന്ന് അഞ്ചുകിലോമീറ്റർ നടന്നും കടത്തു കടന്നുമാണ് അച്ഛൻ ആറ്റിങ്ങൽ ടൗൺ സ്കൂളിൽ പഠിക്കാനെത്തുന്നത്. അന്ന് ചിറയിൻകീഴ് താലൂക്കിലെ ഏക ഇംഗ്ലീഷ് സ്കൂളാണ് ആറ്റിങ്ങലുള്ളത്. അന്നവിടെ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം കിട്ടില്ല. സ്കൂളിന്റെ വെളിയിലുള്ള ഇറച്ചി കടയിലിരുന്നു പഠിക്കാൻ മാത്രമാണ് അച്ഛന് അനുവാദം കിട്ടിയത്. എന്നാൽ പിന്നീട് സ്കൂളിൽ നിന്ന് പുറത്താക്കിയതായി സ്കൂൾ ഇൻസ്‌പെക്ടറുടെ കത്ത് കിട്ടി. ഔദ്യോഗികമായി അങ്ങനെയൊരു കത്ത് സ്കൂൾ ഇൻസ്‌പെക്ടർ ഒപ്പിട്ടു നൽകാൻ പാടില്ലാത്തതാണ്. ഈ കത്തുമായി അച്ഛൻ തിരുവിതാംകൂർ രാജാവിനെ സമീപിച്ചു. രാജാവിന്റെ നിർദേശപ്രകാരം പഠനം തിരുവനന്തപുരത്തുള്ള ശ്രീമൂലം തിരുനാൾ സ്കൂളിലേക്ക് മാറ്റുകയും ചെയ്തു.”

“എന്റെ അച്ഛൻ അസാമാന്യമായ ജീവിത വീക്ഷണമുള്ള ആളായിരുന്നു. ശ്രീനാരായണ ഗുരുവുമായുള്ള സഹവാസമാണ് അദ്ദേഹത്തെ വലിയൊരു സാമൂഹിക പരിഷ്കർത്താവാക്കി മാറ്റിയത്.”

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ ചെയര്മാന് കൂടിയായിരുന്നു രാമൻ. അച്ഛനിൽ നിന്നാർജ്ജിച്ച സാമൂഹിക പരിഷ്കരണ ത്വരയും നേതൃത്വ ഗുണവും ഹേലി സാറിന്റെ വ്യക്തിത്വത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

രാമന്റെയും  ഭാരതിയുടെയും പതിനൊന്ന് മക്കളിൽ ഇളയ മകനായി ഹേലി 1934 സെപ്റ്റംബറിൽ ജനിച്ചു. രണ്ട് സഹോദരങ്ങൾ നേരത്തെ മരിച്ചു. ബാക്കിയുള്ളവരിൽ അതിപ്രശസ്തരായ ആർ. പ്രകാശവും ആർ. പ്രസന്നനും അടക്കം പ്രഗത്ഭരായ സഹോദരർക്കിടയിലാണ് ഹേലി വളർന്നത്.

സൂര്യൻ എന്ന അർഥം വരുന്ന ഹേലി എന്ന പേരാണ് അച്ഛൻ എനിക്ക് തന്നത്, സാർ പറയുന്നു. മുപ്പത്തിയഞ്ചു വർഷത്തിലേറെ പഴക്കമുണ്ട് ഹേലി സാറുമായുള്ള എന്റെ സൗഹൃദത്തിന്. ഞാനന്ന് ദൂരദർശനിൽ കാർഷിക പരിപാടിയുടെ പ്രൊഡ്യൂസർ ആയി ചേർന്നിട്ടേ ഉള്ളൂ. ടെലിവിഷൻ സെറ്റ് പോലും കണ്ടിട്ടില്ലാത്ത ഒരു സംഘം ചെറുപ്പക്കാരാണ് മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യത്തെ പ്രൊഡ്യൂസേഴ്‌സ് ആയി നിയമിതരായത്.

അതിലൊരാളായി കാർഷിക കോളേജിൽ നിന്നും നേരിട്ട് ഞാൻ ദൂരദർശനിൽ എത്തിയതാണ്. ടെലിവിഷന്റെ ഭാഷയും കാർഷിക വിജ്ഞാന വ്യാപനത്തിന്റെ ചരിത്രവും എനിക്ക് ഏറെക്കുറെ അപരിചിതമായിരുന്നു. എന്നാൽ പുതിയൊരു ചരിത്ര രചനയുടെ ഭാഗമാണിത് എന്ന അറിവും ഉണ്ടായിരുന്നില്ല. സത്യത്തിൽ ഹേലി സാറുമായുണ്ടായ സംസർഗ്ഗമാണ് മലയാള ടെലിവിഷനിൽ വ്യത്യസ്തമായ ഒരു കാർഷിക ബന്ധ ഭാഷയുണ്ടാക്കാൻ ഞങ്ങളെ സഹായിച്ചത്.

എൺപതുകളുടെ മധ്യത്തിൽ ഇന്ത്യയെമ്പാടും പ്രാദേശിക ഭാഷയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം ദൂരദർശൻ പിറവി എടുക്കുന്നത്.

1985 ജനുവരി ഒന്നാം തീയതി മുതലാണ് കേരളത്തിലെ മലയാളം ടെലിവിഷന്റെ ചരിത്രം രചിക്കപ്പെടുന്നത്. 1985 ജനുവരി മൂന്നിനു ആദ്യത്തെ കാർഷിക പരിപാടി ‘നാട്ടിൻപുറം’ സംപ്രേഷണം ചെയ്യുന്നു. യഥാർത്ഥത്തിൽ വികാസനോന്മുഖമായ ആശയ പ്രചാരണത്തിനാണ് രാജ്യമൊട്ടാകെ ഇത്ര വിപുലമായ ഒരു സംപ്രേഷണ ശൃംഖല രൂപം കൊണ്ടത്. നിർഭാഗ്യവശാൽ മാധ്യമത്തിന്റെ സവിശേഷ സ്വഭാവം കാരണം പ്രാഥമികമായും ഒരു വിനോദ ഉപാധി എന്ന നിലക്കാണ് സമൂഹം ഇത് സ്വീകരിച്ചത്. എങ്കിലും തുടക്കം മുതൽ തന്നെ കൃഷിയും ആരോഗ്യവും വിദ്യാഭ്യാസവും ഒക്കെ അടങ്ങുന്ന വിപുലമായ വിവര വിനിമയ പരിപാടികളും തിരുവനന്തപുരം ദൂരദർശന്റെ സംപ്രേഷണത്തിൽ ഉൾപ്പെട്ടിരുന്നു.

തിരുവനന്തപുരം ദൂരദർശൻ ആദ്യ ഡയറക്ടർ കെ കുഞ്ഞികൃഷ്ണൻ കാർഷിക രംഗവുമായി ഏറെ ബന്ധമുള്ള ഒരു വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെ തുടക്കം മുതൽതന്നെ കാർഷിക ബന്ധമുള്ളപരിപാടികൾക്കു ഏറെ പ്രാധാന്യം കിട്ടുകയും ചെയ്തു.

കേരളത്തിൽ അക്കാലത്തു നിലനിന്നിരുന്ന കാർഷിക വിജ്ഞാന വ്യാപന വ്യവസ്ഥയാകട്ടെ രാജ്യത്തെ തന്നെ ഏറ്റവും വ്യാപകവും വിപുലവുമായിരുന്നു. ഈ സംവിധാനത്തിന് അന്ന് മൂന്നു ദശകങ്ങളുടെ പഴക്കമുണ്ട്.

അമ്പതുകളിൽ കേരളപ്പിറവിക്കൊപ്പം അഗ്രിക്കൾച്ചർ ഇൻഫൊർമേഷൻ യൂണിറ്റിന്റെയും ‘കേരള കർഷകൻ’ എന്ന മാസികയുടെയും ചുമതല ഹേലി സാറിനായിരുന്നു. സി. അച്യുതമേനോൻ ആയിരുന്നു കൃഷിവകുപ്പിന്റെ ചുമതലയുള്ള മന്ത്രി. അദ്ദേഹമാണ് ഹേലി സാറിനെ ‘കേരള കർഷകന്റെ’ പത്രാധിപർ ആക്കുന്നത്. പിൽക്കാലത്ത് എം. എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരിക്കുമ്പോഴാണ് ഫാം ഇൻഫർമേഷൻ ബ്യുറോ രൂപീകരിക്കുന്നത്.

“അതൊരു പ്രധാനപ്പെട്ട തുടക്കമായിരുന്നു” ഹേലി  സാർ പറയുന്നു. “കൃഷിയെയും കർഷകരെയും കർഷക സാഹിത്യത്തെയും മനസ്സിലാക്കാനും ഗവേഷണ ഫലങ്ങൾ ലളിതമായ ഭാഷയിൽ കർഷകരിൽ എത്തിക്കാനും ആണ് ഞങ്ങൾ ശ്രമിച്ചത്. വളരെ ദുഷ്കരമെങ്കിലും തികഞ്ഞ സംതൃപ്തി തന്ന ദിവസങ്ങൾ ആയിരുന്നു അത്. ഒരുപക്ഷെ ഫാം ജേർണലിസം എന്ന ആശയം തന്നെ രൂപീകരിക്കപ്പെടുന്നത് ഈസമയത്തായിരിക്കണം.”

കാർഷിക വിജ്ഞാന വ്യാപന വ്യവസ്ഥയുടെ തലതൊട്ടപ്പൻ എന്നുതന്നെ വിളിക്കാവുന്ന ഹേലി സാർ പറയാറുള്ളതുപോലെ ഒരു വര്ഷം ഇത്രയേറെ പേജുകൾ കൃഷിക്ക് മാത്രമായി മാറ്റിവെക്കുന്ന പ്രാദേശിക ഭാഷാപത്രങ്ങൾ തന്നെ മറ്റു സംസ്ഥാനങ്ങളിൽ വിരളമായിരുന്നു. അതോടൊപ്പമാണ് ആകാശവാണിയുടെ ‘വയലും വീടും’ കർഷകരുമായി സൃഷ്‌ടിച്ച ഹൃദയ ബന്ധം. ആകാശവാണിയും ഫാം ഇൻഫർമേഷൻ ബ്യുറോയും ചേർന്ന് ആരംഭിച്ച കാർഷിക വാർത്തകളും ഹേലി സാറിന്റെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്.

ഈ വിശാല ഭൂമികയിലേക്കാണ് താരതമ്യേന പ്രായവും പരിചയവും കുറഞ്ഞ ഈ ലേഖകൻ നിയുക്തനാവുന്നത്. കർഷകർക്ക് വിവര വിനിമയത്തിന്റെ വിപുലമായ സംവിധാനം നിലവിലുണ്ട്. അതിൽ വ്യത്യസ്തമായ എന്ത് പങ്കു വഹിക്കാനാണ് ദൃശ്യ മാധ്യമത്തിന് സാധിക്കുക? സ്വാഭാവികമായും വിനിമയത്തിന്റെ ദൃശ്യ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താം. അതിനപ്പുറം ഉള്ളടക്കത്തിൽ കാര്യമായ എന്ത് മാറ്റമാണ് കൊണ്ടുവരാൻ കഴിയുക? ക്യാമറയുമായി കർഷക ഭവനങ്ങളിൽ എത്തിയപ്പോഴാണ് കേരളത്തിലെ കാർഷിക രംഗവുമായിബന്ധപ്പെട്ട പല സവിശേഷ പ്രശ്നങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽ വരുന്നത്.

“നിങ്ങൾ കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കും. എന്നാൽ ഈ സമൂഹത്തിൽ കർഷകന് എന്ത് മാന്യതയാണ്‌ ഉള്ളത്? കൃഷി സാമൂഹിക അന്തസ്സുള്ള ഒരു ജോലിയായി ആരെങ്കിലും കരുതുന്നുണ്ടോ? കർഷകരുടെ കുട്ടികൾ പോലും കൃഷി ഒരു ജീവിതമാർഗമായി സ്വീകരിക്കുന്നില്ലല്ലോ?”

കേരളത്തിലെവിടെയും ഏത് കർഷക ഭവനത്തിലും സ്ഥിരമായി കേൾക്കുന്ന വാക്കുകളായിരുന്നു ഇത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഇത് കൂടുതൽ ശരിയുമായിരുന്നു.

ഭൂപരിഷ്കരണത്തിന് ശേഷം പ്രതിശീർഷ ഭൂലഭ്യത കുറഞ്ഞിരുന്നു. ഉള്ള ഭൂമി ആദായകരമായി പ്രയോജനപ്പെടുത്താനുള്ള സാമൂഹിക സംവിധാനങ്ങൾ ഉരുത്തിരിഞ്ഞിരുന്നില്ല. ഭൂമിയിൽ പണിയെടുക്കുന്ന കർഷക തൊഴിലാളിക്ക് ഭൂമിയിൽ ഉടമസ്ഥതയില്ല. ഭൂ ഉടമയുടെ അസാന്നിധ്യത്തിലാണ് കൃഷി. ഒരുതരം അബ്‌സെന്റീ ലാൻഡ്‌ലോർഡ്‌ എന്ന അവസ്ഥ.

കൃഷി കുടുംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗമല്ല. ആർ.വി.ജി.മേനോൻ കണക്ക് കൂട്ടിയതുപോലെ സർക്കാർ സർവീസിൽ ഗ്രൂപ്പ് 4 ജോലിയുള്ള ഒരുവ്യക്തിക്ക് കിട്ടുന്ന വരുമാനം പോലും രണ്ടേക്കർ ഭൂമിയുള്ള ഒരു കർഷകന് ലഭിക്കുന്നില്ല. എങ്കിൽ ആർക്കുവേണ്ടിയാണ് ഈ വിപുലമായ വിജ്ഞാന വ്യാപന സംവിധാനം? സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വ്യവസ്ഥയിൽ എന്ത് സംഭാവനയാണ് ഇത് നൽകുന്നത്?

കർഷകരുമായുണ്ടായ ഈ സംവാദമാണ് ഞങ്ങളുടെ കണ്ണ് തുറപ്പിച്ചത്. നിലനിൽക്കുന്ന വിജ്ഞാന വ്യാപന വ്യവസ്ഥയെ അല്പം വിമർശനാത്മകമായി പരിശോധിക്കാൻ ഞങ്ങൾ ശ്രമിച്ചു. മുകളിൽ നിന്ന് താഴോട്ട് വിവരങ്ങൾ പ്രവഹിക്കുന്ന ഏകമാനവും ഏകമുഖവുമായ വിവര വിനിമയ ഘടനയും സാങ്കേതിക പരിഹാരങ്ങൾ എന്ന ലളിതവൽക്കരണവും ഒരുപോലെ ചോദ്യം ചെയ്യപ്പെടണം എന്ന് ഞങ്ങൾക്ക് തോന്നി. ഇതിന്റെ ഭാഗമായാണ് ഞാൻ ഹേലി സാറിനെ കാണുന്നത്.

ഈ രംഗത്ത് ചെറുതെങ്കിലും നിർണായകമായ ഒരു മാറ്റം വരുത്തിയ ഒരു കാർഷിക പരമ്പരയായിരുന്നു 1980കളുടെ അവസാനം സംപ്രേഷണം ചെയ്ത ‘നൂറുമേനിയുടെ കൊയ്ത്തുകാർ.’ അക്കാലത്താണ് കൃഷിവകുപ്പിന്റെ തലവനായി ഹേലി സാർ വിരമിച്ചത്. ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം സാറാണ് ഈപരമ്പരയെ മുന്നോട്ടു നയിച്ചത്.

ഞങ്ങൾ കേരളത്തിലെ 12 പ്രമുഖ കർഷകരെ തിരഞ്ഞെടുത്തു. അവരുടെ തോട്ടത്തിൽ വച്ച് ഹേലി സാർ ഈ കർഷകരുമായി സംസാരിച്ചു. സ്വന്തം ജീവിതത്തെക്കുറിച്ചും കൃഷി അനുഭവങ്ങളെക്കുറിച്ചും അവർ സ്വയം വികസിപ്പിച്ച സാങ്കേതിക വിദ്യകളെക്കുറിച്ചുമൊക്കെ കർഷകർ പറഞ്ഞു. കാർഷിക രംഗത്തെ വിവിധ പ്രശ്നങ്ങളും അവയ്ക്ക് വേണ്ട പരിഹാരവുമെല്ലാം അവർ നിർദേശിച്ചു.

ഈപരമ്പര യഥാർത്ഥത്തിൽ വിവര വിനിമയത്തിന്റെ ഒഴുക്കിനെ തലകീഴാക്കി. ഇവിടെ, സംസാരിക്കുന്നതു ശാസ്ത്രജ്ഞനല്ല. മറിച്ചു കർഷകനാണ്. സാധാരണക്കാരായ മനുഷ്യർ അവരുടെ അനുഭവങ്ങൾ . വിശദീകരിക്കുകയാണ്.അവരുന്നയിക്കുന്നതെല്ലാം ദൈനംദിന പ്രശ്നങ്ങളാണ്. അവർ നിർദേശിക്കുന്നത് പ്രായോഗിക പരിഹാര മാർഗങ്ങളാണ്.

സ്വന്തം തട്ടകത്തു നിന്ന് സംസാരിക്കുന്ന കർഷകനോട് മറ്റു കർഷകർക്ക് കൂടുതൽ ആത്മഭാവം തോന്നും. അയാളുന്നയിക്കുന്ന പ്രശ്നങ്ങൾ തങ്ങളുടേത് തന്നെയെന്നും പരിഹാര നിർദേശങ്ങൾ പ്രായോഗികമാണെന്നും തോന്നും. പരീക്ഷണശാലയിലെ യാന്ത്രിക സമീപനം ഇവർക്കില്ല. സ്വന്തം കൃഷിയിടത്തിൽ നടത്തുന്ന പരീക്ഷണങ്ങളോട് സൈദ്ധാന്തിക താല്പര്യങ്ങളില്ല. അവർക്കിത് ഒരു ജീവിത പ്രശ്നമാണ്. അതുകൊണ്ടുതന്നെ തികച്ചും സത്യസന്ധമാണ് അവരുടെ മാർഗങ്ങൾ. കൂടുതൽ വിശ്വസനീയവും.

എല്ലാ പ്രശ്നങ്ങൾക്കും കർഷകൻ തന്നെ സ്വയം പരിഹാരം കണ്ടെത്തും എന്നല്ല ഇതിന്റെ അർഥം. പരീക്ഷണ ശാലയിലെ പ്രയോഗങ്ങൾ പ്രധാനമാണ്. അവയെ പ്രായോഗിക അനുഭവങ്ങളുമായി തട്ടിച്ചുനോക്കണം എന്നുമാത്രം. ഏതൊരു പരീക്ഷണത്തിന്റെയും അംഗീകാരം കർഷകന്റെ രംഗഭൂമിയിൽ ആയിരിക്കണം.

‘നൂറുമേനിയുടെ കൊയ്ത്തുകാർ’ പരമ്പരയുടെ ഭാഗമായി ഹേലി സാർ തിരഞ്ഞെടുത്ത 12 കർഷകർ വൈവിധ്യവും നവീനവു മായ പ്രയോഗശൈലിയാൽ ഏറെ പ്രത്യേകത ഉള്ളവരായിരുന്നു. ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ അതിൽ ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്. എങ്കിലും എല്ലാവരും തന്നെ സവിശേഷമായ ആശയ വിനിമയപാടവം ഉള്ളവരായിരുന്നു. കൃഷിഭൂമിയിൽ ഏറെ പരീക്ഷണങ്ങൾ നടത്തുന്നവരും ആയിരുന്നു. പിൽക്കാലത്തു കാർഷിക രംഗത്തു ഏറെ പുരസ്കാരങ്ങൾ അവർ നേടുകയും ചെയ്തു.

ഹേലി സാറും ഇവരുമായിട്ടുള്ള സംഭാഷണം ഹൃദയാവർജ്ജകമായിരുന്നു. ദൂരദർശൻ പരിപാടികളിൽ അവ വേറിട്ടുനിന്നു. അവരിൽ ചെങ്ങന്നൂരിലെ കോശിച്ചായനെയും കൊല്ലത്തെ ശങ്കുവേട്ടനെയും വയനാട്ടിലെ വർഗീസിനെയുമൊന്നും മറക്കാൻ കഴിയുന്നില്ല.

അസാധാരണ പ്രതിഭയും വിപ്ലവകാരിയുമായിരുന്നു കോശിച്ചായൻ. കർഷകൻ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നയാൾ.

“അമേരിക്ക പ്രസിഡന്റ് ആയിരുന്ന ലിൻഡൻ ജോൺസൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.” കോശിച്ചായൻ ഞങ്ങളോട് വിശദീകരിച്ചു. “War on Poverty. കർഷകരുടെയും കൃഷിയുടെയും മാഹാത്മ്യം വിശദീകരിക്കുന്ന പുസ്തകമാണ്. എനിക്ക് ഈ പുസ്തകം വളരെ ഇഷ്ടപ്പെട്ടു. ഞാൻ അദ്ദേഹത്തിന് ഒരു കത്തെഴുതി. ഉടനെ തന്നെ മറുപടിയും വന്നു. അമേരിക്കയിൽ വരാനിടയായാൽ വൈറ്റ് ഹൌസ് സന്ദർശിക്കണം എന്നും പറഞ്ഞു.

“അതിനിടക്ക് അമേരിക്കയിലുള്ള മകന്റെ വീട്ടിൽ പോകാൻ എനിക്ക് അവസരം കിട്ടി. വൈറ്റ് ഹൗസിൽ പ്രസിഡന്റിനെ പോയി കാണുകയും ചെയ്തു. പിറ്റേ ദിവസം ഇറങ്ങിയ പത്രത്തിൽ അത് വാർത്തയുമായി: ‘വിയറ്റനാം ചർച്ചക്കിടയിൽ പ്രസിഡന്റ് ഇന്ത്യയിൽ നിന്നുള്ള കർഷകനെ കാണുന്നു’ എന്നായിരുന്നു വാർത്ത.

“എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് പ്രസിഡന്റ് എന്നോട് ചോദിച്ചു. ‘വാഷിഗ്ടൺ നഗരം ആകാശത്തിൽ കറങ്ങി ഒന്ന് കാണണം എന്നുണ്ട്,’ ഞാൻ പറഞ്ഞു. പ്രസിഡന്റ് തന്റെ ഹെലികോപ്റ്ററിൽ എന്നെ കയറ്റി ആഗ്രഹം സാധിപ്പിക്കുകയും ചെയ്തു.”

കൃഷിയിടംമുഴുവൻഞങ്ങളെകൊണ്ടുനടന്നുകാണിച്ചു കോശിച്ചായൻ.

“കേരളത്തിൽ സൂര്യപ്രകാശം ഏറ്റവും സമർത്ഥമായി ഉപയോഗിക്കാൻ കഴിയുന്നയാളാണ് ഏറ്റവും നല്ല കർഷകൻ,” ഹേലി സാർപറഞ്ഞു. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് കോശിച്ചായൻ.”

കൃഷിയിടത്തിൽ നിർമൽ എന്ന് പേരിട്ട വലിയൊരു നീന്തൽ കുളമുണ്ട്. “ വൃത്തിയും അനുസരണയുമുള്ള എല്ലാ കുട്ടികൾക്കും പ്രവേശനം” എന്ന് ബോർഡും വച്ചിട്ടുണ്ട്.

വലിയ വിപ്ലവകാരിയാകയാൽ പള്ളിയുമായി പിണങ്ങി സ്വന്തം കുഴിമാടവും നിർമിച്ചിട്ടുണ്ട്‌ കോശിച്ചായൻ. അതിലെ ഫലകത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “Here lies K.E. Koshy in the midst of his poor neighbours. പള്ളിപ്പെരുന്നാൾ നടത്തിയവരേയും പൊന്നിൻ കുരിശ് ചുമന്നവരെയുമല്ല കർത്താവ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിപ്പിച്ചത്.”

കോശിച്ചായനെപ്പോലുള്ള അവിസ്മരണീയറായ വ്യക്തികളെയായാണ് ഈ പരമ്പര പരിചയപ്പെടുത്തിയത്. ഹേലി സാർ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവരോടു സംസാരിക്കും. അങ്ങോട്ട് നിർദേശങ്ങൾ ഒന്നും നൽകുകയില്ല. അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കും. കൃഷിയിടം മുഴുവൻ ചുറ്റി നടന്നു കാണും.

എന്തായാലും ഈ പരമ്പര കേരളത്തിലെ കാർഷിക വിജ്ഞാന വ്യാപന പരീക്ഷണങ്ങളിൽ നിർണായകമായി. കർഷകന്റെ സാമൂഹിക അന്തസ്സും പൊതുവായ സ്ഥാനവും ചർച്ച ചെയ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി കേരള സർക്കാരും മലയാള മനോരമ അടക്കമുള്ള സ്ഥാപനങ്ങളും കർഷകർക്ക് അംഗീകാരം നൽകുന്ന ധാരാളം പുരസ്കാരങ്ങളുമായി മുന്നോട്ടു വന്നു. ഈ പുരസ്‌കാര സമിതികളിലൊക്കെ ഹേലി സാർ ഒരു അവിഭാജ്യ ഘടകമായിരുന്നു.

ഡോ. എം എസ് സ്വാമിനാഥന്‍, കെ എം മാത്യൂ, ഡോ. വര്‍ഗീസ്‌ കുര്യന്‍ എന്നിവര്‍ക്കൊപ്പം ഹേലി

ഇതൊരു ചെറിയ തുടക്കമായിരുന്നു. മൂന്ന് ദശകങ്ങൾക്ക് ശേഷം അന്നത്തെ ആ ചെറിയ ചുവട് കേരളത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമായി എന്ന് തോന്നുന്നു. ഇന്ന് കേരളത്തിൽ ഏത് മേഖലയിൽ ലഭിക്കുന്നതിലും കൂടുതൽ പുരസ്കാരങ്ങൾ കാർഷിക മേഖലയിലുണ്ട്. കൊടുക്കുന്ന തുക പോലും സാഹിത്യ ചലച്ചിത്ര മേഖലകളിലെ തുകകൾക്കൊപ്പമോ അതിലും ഉയർന്നതോ ആണ്. എന്നാൽ ഈ പ്രവർത്തനങ്ങൾ കാർഷിക മേഖലയിലും ഉൽപാദനത്തിലുമെല്ലാം എന്ത് മാറ്റമുണ്ടാക്കി എന്ന് നോക്കിയാൽ അത് കൂടുതൽ വിശദമായി ചർച്ച ചെയ്യേണ്ടി വരും. എന്തായാലും വാഴക്കുളം പിന്നീട് ഒരു പ്രമുഖ കൈതച്ചക്ക കൃഷി വിപണന കേന്ദ്രമായതും മറ്റും ഈ പരമ്പരയുടെ തുടർച്ചയായിട്ടായിരുന്നു.

ദൂരദർശന്റെ ‘ഗ്രീൻ കേരള എക്സ്‌പ്രസ്’ എന്ന സോഷ്യൽ റിയാലിറ്റി ഷോയിൽ നിർമല സാനു ജോർജ്, വിനീത മേനോൻ, ആർവിജി മേനോൻ, കൽപന എന്നിവർക്കൊപ്പം ആർ ഹേലി

വികസനോന്മുഖ ആശയ പ്രചാരണം കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. ജനങ്ങളെ കർമോന്മുഖരാക്കാനും ഏകീകരിക്കാനും സാമൂഹികവൽക്കരണ പ്രക്രിയയെ ശക്തിപ്പെടുത്താനുമൊക്കെ ഇതിലൂടെ കഴിയും. എന്നാൽ ഇത് തന്നെ കൃത്രിമമായ ഏകീകരണവുമാകാം. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരേയും കാർഷിക വിജ്ഞാന വ്യാപന രംഗത്തെ വിദഗ്ദ്ധരെയും അലട്ടിയിരുന്ന ഒരു പ്രശ്നമായിരുന്നു ഇത്. ഇതിന്റെ തുടർച്ചയായാണ് ബ്രിട്ടനിലെ സസ്സെക്സ് സർവകലാശാല 1987ൽ ഫാർമർ ഫസ്റ്റ് എന്ന സംവാദം സംഘടിപ്പിച്ചത്. കർഷകരുടെ പങ്കാളിത്തത്തോടെ കാർഷിക ഗവേഷണം എന്നതായിരുന്നു അതിന്റെ കാതൽ. ഏകദേശം അതെ കാലത്തു കേരളത്തിൽ നടന്ന ഒരു ചെറു പരീക്ഷണം ഇതേ ചിന്തയെ കേരളത്തിൽ പരിപോഷിപ്പിച്ചു എന്നത് നമുക്ക് അഭിമാനകരം തന്നെ.

കാർഷിക വിജ്ഞാന വ്യാപനം അത്രയേറെ മുഖ്യധാരയിൽ എത്തുന്നതിനു മുൻപാണ് ഹേലി സാറും സീരി (കെ. ടി. രവിവർമ) സാറുമൊക്കെ ഈ രംഗത്തേക്ക് വരുന്നത്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പോലും അവരുടെ കാർഷിക ലേഖനങ്ങൾ വന്നു.

ലോകമെമ്പാടും കാർഷിക ഗവേഷണ വാർത്തകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്തു എല്ലാ ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളും നിരന്തരമായി ഹേലി സാർ പരിശോധിച്ച്കൊണ്ടിരുന്നു. എപ്പോൾ കാണുമ്പോഴും സാർ ചോദിക്കും…സാജൻ കണ്ടിരുന്നോ ആ റിപ്പോർട്ട്? അമേരിക്കയിൽ നടന്ന ഗവേഷണത്തിന്റെ ഫലമാണ്… എന്നൊക്കെ… അന്നത്തെ അതേ ഉത്സാഹത്തോടെ എൺപത്തി അഞ്ചാം വയസ്സിലും ഇപ്പോഴും ഹേലി സാർ തന്റെ അന്വേഷണം തുടരുന്നു.

ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എവിടെ നിന്നുമുള്ള പുതിയ അറിവുകൾ സ്വാംശീകരിക്കുന്നു. കർഷകരുടെ എല്ലാ തലമുറയുമായും സംസാരം തുടരുന്നു. ഒരു പഴയ കാലത്തിന്റെ പ്രതിനിധിയാണ് ആർ. ഹേലി. എന്നാൽ ഏതു കാലത്തിനും പഠിക്കാനുള്ള വലിയൊരു ജീവിത പാഠവും.


കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ് മലയാളം പോർട്ടൽ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് കാലത്തെ ഗർഭകാല പരിചരണം
Next post Scientific Racism- വേർതിരിവിന്റെ കപടശാസ്ത്രം
Close