Read Time:7 Minute


ജി.സാജൻ

 

ഡോ.ബി.ഇക്ബാൽ എഴുതിയ മഹാമാരികൾ – പ്ലേഗ് മുതൽ കോവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം എന്ന പുസ്തകം ജീ.സാജൻ പരിചയപ്പെടുത്തുന്നു…

‘കൈകഴുകി തുടയ്ക്കുകീ കൊടിയെടുക്കാൻ’ എന്ന് വള്ളത്തോൾ എഴുതിയത് ആത്മീയ ശുദ്ധിക്ക് വേണ്ടിയാവണം . എന്നാൽ ‘കൈകഴുകൂ ആരോഗ്യം സംരക്ഷിക്കൂ’ എന്ന് നമ്മൾ തുടർച്ചയായി കേട്ടുതുടങ്ങിയത്  കോവിഡ് കാലം മുതൽക്കാണ്. ഈ കൈകഴുകൽ  ആധുനിക ആരോഗ്യ ശാസ്ത്രചരിത്രത്തിലെ പ്രധാനപ്പെട്ട ഏടുകളിൽ ഒന്നാണ് എന്ന് നമ്മൾ അറിയണമെന്നില്ല.

ഏതാണ്ട് രണ്ടു നൂറ്റാണ്ടു മുൻപ് ഹംഗേറിയൻ ഭിഷഗ്വരനായിരുന്ന ഇഗ്‌നാസ് ഫിലിപ് സെമ്മർവെയ്‌സ് (Semmel weis Ignaz Philip) ആണ് ചരിത്രത്തിൽ ആദ്യമായി കൈകൾ ശുചിയാക്കുന്നതിലൂടെ രോഗാണു സംക്രമണം തടയാൻ കഴിയും എന്ന് നിർദേശിച്ചത്.  പ്രത്യേകിച്ച് ഡോക്ടർമാർ ഹൈപോക്ളോറൈറ്റ് ലായനി കൊണ്ട് കൈ കഴുകണമെന്നും അദ്ദേഹം നിർദേശിച്ചു. രോഗാണു സിദ്ധാന്തം ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനമാകുന്നതിന് മുൻപാണ് ഇദ്ദേഹം ഇത് പറഞ്ഞത്. അതുകൊണ്ടുതന്നെ അന്നത്തെ യാഥാസ്ഥിതിക വൈദ്യ സമൂഹം അദ്ദേഹത്തെ വേണ്ടത്ര ഉൾക്കൊണ്ടില്ല. അദ്ദേഹത്തിനെതിരെ പലരും വ്യക്തിപരമായ ആക്രമണം നടത്തുക പോലും ചെയ്തു. വൈദ്യ സമൂഹത്താൽ തിരസ്കൃതനായി മാനസിക അസ്ഥിരത ബാധിച്ചു ഒരു ഭ്രാന്താശുപത്രിയിൽ മരിക്കുകയായിരുന്നു ഡോ സമ്മർവെയ്‌സ്.  ഇദ്ദേഹത്തെക്കുറിച്ചു പുറത്തുവന്ന ബയോഗ്രഫിക്കൽ നോവലാണ് The Cry and the Covenant. ധാരാളം ബയോഗ്രഫിക്കൽ സിനിമകളും അദ്ദേഹത്തെക്കുറിച്ചു വന്നിട്ടുണ്ട്.ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചും ലോക ചരിത്രത്തെ മാറ്റിമറിച്ച മഹാമാരികളെക്കുറിച്ചുമുള്ള ‘മഹാമാരികൾ: പ്ലേഗ് മുതൽ കോവിഡ് വരെ എന്ന ഡോ ഇക്‌ബാലിന്റെ പുസ്തകം ഇത്തരം അപൂർവമായ അറിവുകളാൽ സമ്പന്നമാണ്.

പ്ലേഗ്, കോളറ, വസൂരി, ഇൻഫ്ളുവന്സ, എയ്‌ഡ്‌സ്‌, പോളിയോ, സാർസ്, മെർസ്എന്നിവയിലൂടെ സഞ്ചരിച്ചാണ് നമ്മൾ കോവിഡിൽ എത്തുന്നത്.   ഒരു ന്യൂറോ സർജൻ എന്ന നിലക്കാണ് കേരളം ഡോ ഇക്‌ബാലിനെ ആദ്യം അറിഞ്ഞതെങ്കിലും ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ ഒരു ജനകീയാരോഗ്യ പ്രവർത്തകൻ എന്ന നിലക്കാണ് അദ്ദേഹം പിന്നീട് കേരളത്തിലും ഇന്ത്യയൊട്ടാകെയും ശ്രദ്ധിക്കപ്പെട്ടത്.

പീറ്റർ ബ്രൂജൽ വരച്ച ‘മരണത്തിന്റെ ജയാഘോഷം (The Triumph of Death – Pieter Bruegel the Elder) കടപ്പാട് വിക്കിപീഡിയ

ആരോഗ്യ രംഗം മാത്രമല്ല ഇക്‌ബാലിന്റെ ഇഷ്ടവിഷയം.  സിനിമയും സംഗീതവും ഫിലോസഫിയും രാഷ്ട്രീയവുമെല്ലാം ഇക്‌ബാലിന് പ്രിയപ്പെട്ട വിഷയങ്ങളാണ്. അതുകൊണ്ടു തന്നെ ഈ പുസ്തകത്തിൽ രോഗവുമായി ബന്ധപ്പെട്ട സിനിമകൾ, സാഹിത്യം, ചിത്രകല എന്നിവയെല്ലാം ഉൾച്ചേർന്നിരിക്കുന്നു. ചിത്രത്തിന്റെ കവർ  പതിനാറാം നൂറ്റാണ്ടിൽ പ്രശസ്ത ചിത്രകാരൻ പീറ്റർ ബ്രൂജൽ വരച്ച ‘മരണത്തിന്റെ ജയാഘോഷം’ എന്ന എണ്ണച്ചായ ചിത്രമാണ്. ബൈബിളിന്റെ അന്ത്യവിധി നാളിനെ വിവരിക്കുകയും അതിനെ സമകാലിക പ്ളേഗ് മഹാമാരി സൃഷ്ടിച്ച ഭീകരതയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു രചന. ഇതോടൊപ്പം ആൽബേർ കമ്യുവിന്റെ പ്ലേഗ്, സോമർസെറ്റ് മോമിൻറെ പെയിന്റഡ് വെയിൽ, ബൊക്കാച്ചിയോയുടെ ഡെക്കമറോൺ തുടങ്ങി സരമാഗോയുടെ അന്ധത വരെയുള്ള സാഹിത്യ സൃഷ്ടികളും അവ സമൂഹത്തിൽ സൃഷ്ടിച്ച നവീനമായ സംവേദന സാധ്യതകളും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

ഒരു ശാസ്ത്ര ഗ്രന്ഥം സാംസ്കാരിക ധാരകളുമായി സജീവമായി ബന്ധപ്പെടുത്തി തയ്യാറാക്കുക എന്ന അപൂർവമായ കൃത്യമാണ് ഡോ ഇക്‌ബാൽ ഇവിടെ ചെയ്തിരിക്കുന്നത്.  കേരളത്തിലെ മഹാമാരികളുടെ ചരിത്രവും ഈ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. ഡോ പല്പുവിന്റെ മഹത്തായ പാരമ്പര്യം ഇതിൽ സവിശേഷമായി എടുത്തുകാട്ടുന്നു.  മഹാമാരിയുടെ രാഷ്ട്രീയമാണ് മറ്റൊരു പ്രധാന മേഖല. Inequality Virus, Pandemic within a pandemic, വാക്‌സിൻ ദേശീയത, വാക്‌സിൻ അപാർതീഡ് എന്നീ സങ്കല്പനങ്ങളിലൂടെ ഈ രാഷ്ട്രീയത്തിന്റെ വിവിധ വശങ്ങൾ ഇക്‌ബാൽ വിശദീകരിക്കുന്നു. കോവിഡ് വാക്‌സിൻ ഗവേഷണത്തിൽ സംഭാവന നൽകിയ ശാസ്ത്രജ്ഞകൾ എന്ന് പ്രത്യേക വിഭാഗവുമുണ്ട്. മഹാമാരികളുടെ പ്രതിരോധത്തിനായി ഓപ്പൺ സോഴ്സ് പ്രസ്ഥാനത്തിലേക്ക് പോകേണ്ടതിന്റെ ആവശ്യകതയും ഇക്‌ബാൽ ഊന്നിപ്പറയുന്നുണ്ട്.

മനുഷ്യന്റെ അതിജീവനചരിത്രം മഹാമാരികളുമായുള്ള പോരാട്ടങ്ങളുടെ കഥ കൂടിയാണ്. ഈ പോരാട്ടത്തിന്റെയും അതിനായി ശാസ്ത്രം സമർത്ഥമായി ഉപയോഗിച്ചതിന്റെയും വിപുലവും ഗഹനവുമായ ചരിത്രമാണ് ഈ പുസ്തകം.

ചരിത്രത്തിലൂടെയുള്ള സർഗ്ഗസഞ്ചാരത്തിനൊപ്പം രോഗചികിത്സയുടെ ശാസ്ത്രീയ വസ്തുതകൾ, ഈ രംഗത്തു പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതകഥകൾ എന്നിവയും ഈ പുസ്തകത്തിലുണ്ട്.  മനുഷ്യന്റെ നിലനില്പിനെ പ്രകൃതിയുടെ നിലനില്പിൽ നിന്ന് വ്യത്യസ്തമായി കാണാൻ കഴിയില്ല എന്ന ഏകലോകം ഏകാരോഗ്യം എന്ന സങ്കൽപനമാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ഈ പുസ്തകം മനോഹരമായി ലേ ഔട്ട്‌ ചെയ്തിരിക്കുന്നത് ഗോഡ്ഫ്‌റേ ദാസും ആനന്ദ് ഗോഡ്ഫ്രെ ദാസുമാണ്. മഹാമാരികളെക്കുറിച്ചും അവയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹമുള്ളവരൊക്കെ വാങ്ങി സൂക്ഷിക്കേണ്ടതാണ് ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം.


 


 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post റിച്ചാർഡ്സണിന്റെ സ്വപ്നവും 100 വർഷങ്ങളും
Next post തല തിരിക്കപ്പെടേണ്ട പാരറ്റോ തത്വം !
Close