Read Time:5 Minute


പി.ആർ.മാധവപ്പണിക്കർ

അമേരിക്കൻ രസതന്ത്രജ്ഞനായ ചാൾസ് ജെ. പെദേഴ്സന്റെ (Charles J. Pedersen) ജന്മദിനമാണ് ഇന്ന്, ഒക്ടോബർ 3. 1904ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തതിനുശേഷം രസതന്ത്രത്തിൽ ഉപരിപഠനവും ഗവേഷണവും നടത്തി. എൻജിനീയറിങ് പശ്ചാത്തലം ഗവേഷണപ്രവർത്തനത്തിൽ മുതൽക്കൂട്ടായി. കൃത്രിമമായി ക്രൗൺ ഈഥറുകൾ നിർമിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഇതാണ് അദ്ദേഹത്തിനെ 1987ൽ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കിയത്.
വിശേഷപ്പെട്ട ഒരിനം യൗഗികങ്ങളാണ് ക്രൗൺ ഈഥറുകൾ. തന്മാത്രാ സമുച്ചയങ്ങൾ (molecular complexes) ഉണ്ടാവാൻ ഏതുതരം തന്മാത്രകളുമായി ബന്ധം സ്ഥാപിക്കണമോ, അവയെ തിരിച്ചറിയാനുള്ള ‘കഴിവ്’ ഇവയ്ക്കുണ്ടത്രേ. പല ഈഥർ സംഘങ്ങൾ ചേർന്ന വളയത്തിന്റെ രൂപത്തിലാണ് ക്രൗൺ ഈഥർ. കിരീടവുമായുള്ള രൂപസാദൃശ്യമാണ് ക്രൗൺ ഈഥർ എന്ന പേരു നൽകാൻ കാരണം. ചിത്രം 2ൽ ഇത്തരം രൂപം കാണിച്ചിരിക്കുന്നു.
സാധാരണ ഈഥർ തന്മാത്രകളാണെങ്കിൽ വളരെ ശോഷിച്ച (ഏറെ സ്ഥിരതയില്ലാത്ത) തന്മാത്രാ സമുച്ചയങ്ങൾ മാത്രമേ സാധ്യമാകൂ. എന്നാൽ ചില ബഹുതന്മാത്രാ (polymer) ഈഥറുകൾ വളരെ ഈടുള്ള സമുച്ചയങ്ങൾ സാധ്യമാക്കുന്നു. മറ്റ് ഈഥർ സമുച്ചയങ്ങളെക്കാൾ വളരെക്കൂടുതൽ ആയുർദൈർഘ്യമുണ്ട് ക്രൗൺ തന്മാത്രാ സമുച്ചയങ്ങൾക്ക്. അതാണ് അവയുടെ ഏറ്റവും വലിയ സവിശേഷത. പല വിശേഷപ്പെട്ട മരുന്നുകളുടേയും നിർമാണത്തിന് ക്രൗൺ ഈഥറുകളുപയോഗിക്കാൻ ഈ സവിശേഷതമൂലം സാധിക്കുന്നു.
ചില പദാർഥങ്ങളുടെ ലായനിയുണ്ടാക്കുമ്പോൾ വേഗത്തിൽ അലിയാനായിട്ട് നേരിയ അളവിൽ ചില പദാർഥങ്ങൾ ചേർക്കാറുണ്ട് (ഒരുതരം ലയിക്കൽ ത്വരകം എന്ന് പറയാം.) ഇങ്ങനെ നേരിയ അളവിൽ ചേർക്കുന്ന പദാർഥത്തിന് ഉപലായകം എന്നാണു പേര്. വ്യാവസായികപ്രാധാന്യമുള്ള ചില ലായനികളുടെ നിർമ്മാണത്തിന് അനുയോജ്യമായ ഉപലായകങ്ങളായി ക്രൗൺ ഈഥറുകൾ ഉപയോഗിക്കുന്നു. അങ്ങനെ പല മേഖലകളിലും വളരെ പ്രധാനപ്പെട്ട ഉപയോഗങ്ങളുള്ള ക്രൗൺ ഈഥറുകളെ പരീക്ഷണശാലയിൽ വിശ്ലേഷണം ചെയ്യുകയും അവ കൂടിയ അളവിൽ ഉല്പാദിപ്പിക്കുവാനാവശ്യമായ നിർമാണവഴി രേഖപ്പെടുത്തുകയും ചെയ്ത പെദേഴ്സന്റെ അറിവിനേയും കഴിവിനേയും ശ്ലാഘിക്കാം.
അദ്ദേഹത്തിന്റെ വ്യക്തിപരമായ ചില കാര്യങ്ങൾകൂടി പറയാം. കൊറിയയിലെ പുസാൻ നഗരത്തിലാണ് ജനനം. നോർവെക്കാരനായിരുന്ന മറൈൻ എൻജിനീയറായിരുന്നു അച്ഛൻ. അദ്ദേഹം ലോകം ചുറ്റിയടിച്ച് കൊറിയയിലെത്തി. അവിടെ കസ്റ്റംസ് ജീവനക്കാരനായി. അന്നവിടെ ബ്രിട്ടീഷ് മേൽനോട്ടത്തിലായിരുന്നു, കസ്റ്റംസ്. അവിടെ ഏറെക്കാലം തുടർന്നില്ല. ആ പണി ഉപേക്ഷിച്ച്, അമേരിക്കൻ ഉടമസ്ഥതയിലുള്ള ഉൺസാൻ സ്വർണഖനിയിലെ മെക്കാനിക്കൽ എൻജിനീയറായി. പേര്, ബ്രീദ് പെദേഴ്സൺ. ഇനി അമ്മയുടെ കാര്യം. ജപ്പാൻകാരി ആയിരുന്നു. പേര്,  താക്കിനോ യസൂയി. സോയാ പയറിന്റേയും പട്ടുനൂൽപുഴുവിന്റേയും വ്യാപാരികളായിരുന്നു കുടുംബക്കാർ. വ്യാപാരം വിപുലപ്പെടുത്തുന്നതിനായി അവർ വടക്കൻ കൊറിയയിൽ കുടിയേറുകയായിരുന്നു. ബ്രീഡും യസൂയിയും കണ്ടു, പരിചയപ്പെട്ടു, അടുത്തു, വിവാഹിതരായി. തീർത്തും വിത്യസ്ത നാടുകളിലെ അച്ഛനമ്മമാരുടെ മകനായി ജനിച്ച അദ്ദേഹത്തിന്റെ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും അമേരിക്കയിലായിരുന്നു. ഗവേഷണമത്രയും ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിരുന്നു. നീണ്ട 42 സംവത്സരങ്ങൾ അദ്ദേഹം ഡ്യൂപോണ്ട് എന്ന ഒരേഒരു കമ്പനിയിലാണ് പ്രവൃത്തിയെടുത്തത്. ഗവേഷണപ്രവർത്തനങ്ങൾക്ക് കമ്പനി പ്രോത്സാഹനം നൽകിയിരുന്നു. 1989 ഒക്ടോബർ 26ന് അദ്ദേഹം മരണമടഞ്ഞു.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രകാശവും മൂലകങ്ങളും
Next post ശുക്രനിലെ ഫോസ്ഫീൻ ജീവന്റെ സൂചനയോ?
Close