Read Time:14 Minute

ഇന്ന് കാണുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഭാരതത്തില്‍ പണ്ടേ വികസിച്ചിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് പ്രമുഖ ചരിത്രകാരി റൊമില ഥാപ്പറും, ജാമിയ മില സര്‍വ്വകലാശാലയിലെ ഭൗതിക ശാസ്ത്രവിഭാഗം പ്രൊഫസര്‍ വിക്രം സോണിയും ചേര്‍ന്ന് ദി ഹിന്ദു പത്രത്തിലെഴുതിയ പ്രതികരണത്തിന്റെ മലയാള ഭാഷാന്തരണം

Indianergötter
കടപ്പാട് : Wolfgang Sauber, commons.wikimedia.org

ചിലര്‍ വിശ്വസിക്കുന്നത് ആധുനിക ശാസ്ത്രം കണ്ടുപിടിച്ചവ പലതും അതിപുരാതനകാലത്തു തന്നെ  ഇന്ത്യാക്കാര്‍ക്ക് അറിവുള്ളതായിരുന്നു എന്നാണ്. അതേസമയം, “ഇപ്പറഞ്ഞ അറിവ് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നിരിക്കാമെങ്കിലും അത് സംരക്ഷിക്കപ്പെടുകയുണ്ടായില്ല,  അത്തരം അറിവ് ഉണ്ടായിരുന്നു എന്നത് നമുക്ക് ഉറപ്പിച്ചങ്ങനെ നിഷേധിക്കാനാകില്ല” എന്നൊക്കെ ഇത്തരം വിശ്വാസികള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ നിന്നും തങ്ങളുടെ വാദങ്ങളെ പിന്തുണയ്കുന്നതിനുള്ള ശാസ്ത്രീയമായ യാതൊരു തെളിവും ഇവരുടെ പക്കലില്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സമീപകാല വാദങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനെ ഒരിക്കല്‍ കൂടി വിലയിരുത്തണമെന്ന് ഞങ്ങള്‍ കരുതുന്നു.

[box type=”shadow” ]പുരാണങ്ങളെ പുരാണങ്ങളായി തന്നെ കാണണം – സമ്പന്നവും വ്യതിരിക്തവുമായ ഒരു വ്യക്തിത്വത്തോടുകൂടി. ഈജിപ്തിലെയും ഗ്രീസിലെയും ഇന്ത്യയിലെയും ചൈനയിലേയും പുരാതന ഇതിഹാസകര്‍ത്താക്കള്‍ ഇതിഹാസങ്ങളെ ദൈവത്തിന് പങ്കുള്ളവയായും പ്രകൃത്യാതീതശക്തിയുള്ളവയായും കണക്കാക്കിയിരുന്നു. ആയതിനാല്‍ അവയെയൊക്കെ ചരിത്രമായോ ശാസ്ത്രമായോ കൂട്ടിക്കലര്‍ത്താതിരിക്കുന്നതാണ് വിവേകം. ഐതിഹ്യങ്ങള്‍ പഴംപുരാണങ്ങളാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വിലയിരുത്തപ്പെടുന്നവയാണ് ചരിത്രം-അതില്‍ ശാസ്ത്രം ഒരു ഘടകമാണ്. രണ്ടാമത് പറഞ്ഞതിനെ ആദ്യംപറഞ്ഞതിന് പകരം വയ്ക്കുന്നത് തെറ്റാണ്. ചിലരതിനെ ചപലതയായി കണക്കാക്കും. പ്രധാനമന്ത്രി ഈയിടെ പറഞ്ഞത് ഇതിന് ഉദാഹരണമാണ്.[/box]

അസ്വാഭാവിക സ്വാഭാവികത
പുരാണേതിഹാസങ്ങള്‍ ഒരു മാന്ത്രികസ്പര്‍ശനമുള്ള യാഥാര്‍ത്ഥ്യമാണെന്ന് പറയാം- അസ്വാഭാവികമായ സ്വാഭാവികത. അഭൗമമായ വസ്തുക്കളും അഭൗമമായ ശക്തികളും ഇഴചേര്‍ന്നിരിക്കുന്ന അതില്‍  ചെറിയൊരു യാഥാര്‍ത്ഥ്യവും അതിലേറെ മാന്ത്രികതയുമുണ്ട്. മനുഷ്യന്റെ പെരുമാറ്റത്തിന്റെയും ചിന്താക്കുഴപ്പത്തിന്റെയും സ്വഭാവവിശേഷങ്ങളുടെയും അയുക്തികളുടെയും പാരമ്യതകളും പുരാണകഥകള്‍ വരച്ചുകാട്ടുന്നു. ഭാവനാവിലാസങ്ങള്‍ എടുത്തുമാറ്റിയാല്‍ അതെല്ലാം വിരസമായ സാരോപദേശങ്ങളായി  മാറും.

നമുക്ക് ഭാവനാവിലാസങ്ങള്‍ വേണ്ടുവോളമുണ്ട്; ആകാശയാനങ്ങള്‍, അനേകം തലകളും കൈകളുമുള്ളവര്‍, എല്ലാത്തരം യന്ത്രങ്ങളും, അങ്ങിനെ നോക്കിയാല്‍ ശാസ്ത്ര കല്‍പ്പിത കഥകളെവെല്ലുന്നതെന്നോ ഹൈ ഫൈ എന്നോ ഒക്കെ പറയാവുന്നവ തന്നെയാണത്. അവയെല്ലാം തന്നെ പൗരാണികഗതകാലകഥകളില്‍ അധിഷ്ടിതമായ ഫലപുഷ്ടിയുള്ള ഭാവനാസമ്പന്നതയുടെ സന്തതികളാണ്. ഇക്കാര്യത്തില്‍ പുരാതന ഐതിഹ്യങ്ങളില്‍ അധിഷ്ടിതമായ മറ്റു സമൂഹങ്ങളില്‍നിന്ന് നാം ഒട്ടും വ്യത്യസ്തരല്ലതന്നെ. അപ്പോള്‍പിന്നെ ഇതിന്റയൊക്കെ അടിസ്ഥാനത്തില്‍ ആധുനിക കണ്ടുപിടുത്തങ്ങള്‍  പണ്ടും ഉണ്ടായിരുന്നു എന്ന് പറയാന്‍ കഴിയുമോ? ഊഹിക്കാന്‍ പറ്റുന്ന എല്ലാ വസ്തുക്കളും പണ്ടേ കണ്ടുപിടിച്ചിരുന്ന വസ്തുക്കളുടെ ഭാഗമാണ് എന്ന വാദഗതിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. മിത്തുകള്‍ മനുഷ്യരുടെ വിശ്വാസത്തിന്റെ ഭാഗമാകുമ്പോള്‍ ഐതിഹ്യം മതവുമായി കൂടിക്കുഴയുന്നു.

ഇപ്പറഞ്ഞ അറിവ് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നിരിക്കാമെങ്കിലും അത് സംരക്ഷിക്കപ്പെടുകയുണ്ടായില്ല,  അത്തരം അറിവ് ഉണ്ടായിരുന്നു എന്നത് നമുക്ക് ഉറപ്പിച്ചങ്ങനെ നിഷേധിക്കാനാകില്ല” എന്നൊക്കെ ഇത്തരം വിശ്വാസികള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ നിന്നും തങ്ങളുടെ വാദങ്ങളെ പിന്തുണയ്കുന്നതിനുള്ള ശാസ്ത്രീയമായ യാതൊരു തെളിവും ഇവരുടെ പക്കലില്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്

സര്‍ഗ്ഗവാസനയുടെ ശക്തിയാണ് ഭാവന. അതങ്ങനെതന്നെ തുടരുകയും ചെയ്യും. കാലികമായ ഭാവനകളെ ഉള്‍ക്കൊള്ളുന്ന മിത്തുകളും നമുക്കുണ്ട്. ജൂള്‍സ് വേണെയോ ആര്‍തര്‍ സി. ക്ലാര്‍ക്കിനെയോ വായിക്കുമ്പോള്‍ നാം സ്പേസ് ഒഡീസിയുടെ കാലത്തേയ്ക്ക് ആനയിക്കപ്പെടും- ഈ സ്പേസുകള്‍ രണ്ടും തികച്ചും വ്യത്യസ്തമാണെങ്കില്‍ക്കൂടി. ഇനി ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ 1984 എടുത്താലോ, റോബോട്ടിനെയും കമ്പ്യൂട്ടറിനെയും പോലുള്ള അധികാരിവര്‍ഗ്ഗം നമ്മെ കീഴ്പെടുത്തുന്നതും ഭരിക്കുന്നതുമാണ് കാണുക.  അമ്മാതിരി ഭാവനകള്‍ ചില അവസരങ്ങളിലെങ്കിലും പ്രവചനങ്ങളായി മാറാറുണ്ട്. എന്നാലവയും പുരാണേതിഹസങ്ങളും തമ്മില്‍ സാരമായ ഒരു വ്യത്യാസമുണ്ട്. ഈ ഭാവനകള്‍ ചിലപ്പോള്‍ ഭാവിയ്ക്കുവേണ്ടിയുള്ള പദ്ധതികളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി മാറാം. എന്നാല്‍ ഇന്ത്യയിലെ അവകാശവാദം, പുരാതനകാലത്തെ ഒരു യാഥാര്‍ത്ഥ്യത്തിന്റെ രൂപത്തിലേക്ക് അതിനെ ബന്ധിപ്പിക്കുന്നു എന്നതാണ്. അപ്പോള്‍ കാലഘടനയില്‍ എവിടെയാണ് ഇതിനെ പ്രതിഷ്ടിക്കേണ്ടത്? ഭാവിയിലോ ഭൂതകാലത്തിലോ?

പുരാണങ്ങളെ  പുരാണങ്ങളായി തന്നെ കാണണം – സമ്പന്നവും വ്യതിരിക്തവുമായ ഒരു വ്യക്തിത്വത്തോടുകൂടി. ഈജിപ്തിലെയും ഗ്രീസിലെയും ഇന്ത്യയിലെയും ചൈനയിലേയും പുരാതന ഇതിഹാസകര്‍ത്താക്കള്‍  ഇതിഹാസങ്ങളെ ദൈവത്തിന് പങ്കുള്ളവയായും പ്രകൃത്യാതീതശക്തിയുള്ളവയായും കണക്കാക്കിയിരുന്നു. ആയതിനാല്‍ അവയെയൊക്കെ ചരിത്രമായോ ശാസ്ത്രമായോ കൂട്ടിക്കലര്‍ത്താതിരിക്കുന്നതാണ് വിവേകം. ഐതിഹ്യങ്ങള്‍ പഴംപുരാണങ്ങളാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വിലയിരുത്തപ്പെടുന്നവയാണ് ചരിത്രം-അതില്‍ ശാസ്ത്രം ഒരു ഘടകമാണ്.  രണ്ടാമത് പറഞ്ഞതിനെ ആദ്യംപറഞ്ഞതിന് പകരം വയ്ക്കുന്നത് തെറ്റാണ്. ചിലരതിനെ ചപലതയായി കണക്കാക്കും. പ്രധാനമന്ത്രി ഈയിടെ പറഞ്ഞത് ഇതിന് ഉദാഹരണമാണ്. ഇപ്പോഴുള്ള കണ്ടുപിടുത്തങ്ങളെല്ലാം നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയതായിരുന്നു എന്നാണ് പുരാതന ഐതിഹ്യങ്ങളെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

സ്വപ്നം Vs യാഥാര്‍ത്ഥ്യം

City_of_Myth_(1949)ശാസ്ത്രം അടിസ്ഥാനമാക്കുന്നത് അറിവുകളും ആര്‍ജ്ജിത വിജ്ഞാനവുമാണ്. ഈ അറിവുകളും  വിജ്ഞാനവും അടുക്കോടെയും യുക്തിസഹമായും വിശകലനം ചെയ്യേണ്ടതുണ്ട്.  പ്രമാണമായി അംഗീകരിക്കുന്നതിനു മുമ്പ് തെളിവുകളുടെ വിശ്വാസ്യത കൂലങ്കഷമായി പരിശോധിക്കണം. സ്വാഭാവികമായും ഭാവനകളുടെ കാര്യത്തില്‍ ഈ ചിട്ട ബാധകമാകില്ല.

ഭാവനകളുടെ വെറും നൈമിഷികമായ കുതിച്ചുചാട്ടമല്ല  കണ്ടുപിടുത്തങ്ങള്‍. അവയ്ക്ക് ഒരു നീണ്ട ഗര്‍ഭകാലമുണ്ട്.  ഒട്ടോറെ വ്യത്യസ്തമായ തലങ്ങളിലൂടെയും ആവര്‍ത്തനങ്ങളിലൂടെയും കടന്നുപോയാല്‍ മാത്രമേ അവസാനം അത് വിമാനംപോലുള്ള ഒരു യഥാര്‍ത്ഥ ഉല്‍പന്നമായി മാറുകയുള്ളു. പഴമയുടെ പുരാണ ഉല്‍പന്നങ്ങള്‍ക്ക് ഇത്തരം വികസനത്തിന്റെ തെളിവുകളൊന്നും തന്നെയില്ല. ശാസ്ത്രവും അതിന്റെ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളുമെല്ലാം ഭാവനകളുടെയും കണ്ടുപിടുത്തങ്ങളുടെയും സര്‍ഗ്ഗാത്മക നിക്ഷേപങ്ങളിലാണ് ഉരുത്തിരിയുന്നത് എന്നത് സത്യമാണ്. എന്നാലവ ഭാവനയെ മാത്രം  ആശ്രയിക്കുന്നവയല്ല. അങ്ങിനെയായാല്‍ അവ സ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കും. ഒരിക്കലും യാഥാര്‍ത്ഥ്യമായി മാറുകയില്ല.
Forme del Mito, Forms of Myth 04

ഈ പുതിയ കാലാവസ്ഥയില്‍  ഇപ്പോള്‍ ഔദ്യോഗികഭാവം കൈവരിച്ചുകഴിഞ്ഞ ഈ പ്രചാരണം നമ്മെ കൊണ്ടെത്തിക്കുന്നത് പരിണാമസിദ്ധാന്തം നിഷേധിക്കുകയും അതിന്റെ സ്ഥാനത്ത്  ഇന്റലിജന്റ് ഡിസൈനിനെ അവരോധിക്കുകയും ചെയ്ത ജോര്‍ജ്ജ് ബുഷിനെയും അമേരിക്കക്കാരെയും കാള്‍ ഒരു ചുവടുകൂടെ പിന്നില്‍ ആണ് – ദൈവീകത്വത്തിന്റെ മനോഗതത്തില്‍ നിന്ന് പൂര്‍ണ്ണമുക്തരാകാത്ത ഒരു ജനതയായിട്ട്. ദൈവത്തോട് കൂടുതല്‍ അടുപ്പമുണ്ടെന്ന് കരുതപ്പെടുന്ന പോപ്പ് പോലും സമീപകാലത്ത് പരിണാമത്തെ അംഗീകരിച്ചിട്ടുണ്ട്.

ആളുകള്‍ തങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം പൊതുവെ നിഷ്കളങ്കരാണ്. കാരണം വിശ്വാസങ്ങളെ സാധാരണമായി ആരും ചോദ്യം ചെയ്യാറില്ല. അത്തരം ആളുകളുടെ വിധേയത്വം അവരെ ചൂഷണത്തിനിരയാക്കാന്‍ എളുപ്പമാക്കുന്നു. ഇമ്മാതിരി ജല്‍പനങ്ങള്‍ അതില്‍ വിശ്വസിക്കുന്നവരെ തീവ്രദേശീയവാദികളും യുക്തിരഹിതരും ശാസ്ത്രവിരോധികളും പഴമയെക്കുറിച്ച് ഒരു പ്രത്യേക കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നവരുമൊക്കെയാക്കും.   ആ കണ്ടുപിടുത്തങ്ങളിലേയ്ക്ക് നയിക്കുന്ന ശാസ്ത്രീയ വിജ്ഞാനത്തിന്റെ യാതൊരു സാഹചര്യവുമില്ലാതിരുന്ന ഒരു കാലത്ത്  ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിരുന്നു എന്നു പറയുന്നതിലൂടെ ശാസ്ത്രത്തിന്റെ സാധുതയെ തള്ളിപ്പറയുന്നതിന്റെ ഒരു രീതിയാണിത്.

[box type=”note” ]പുരാണേതിഹാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആശയങ്ങളുടെ ഒരു മദ്യമിശ്രിതം ഉണ്ടാക്കിയെടുക്കുന്നതില്‍ നാം മൊളോട്ടോവിനേയും അപ്പുറത്തേക്കാണ് പോകുന്നത്. നാം പോകാനാഗ്രഹിച്ചത് അവിടേയ്ക്കല്ല.[/box]

പുരാണേതിഹാസങ്ങളും മതവും എളുപ്പം കൂടിച്ചേരും.. മതവും രാഷ്ട്രീയവും തമ്മിലുള്ള സ്ഫോടനാത്മകമായ  സംയുക്തത്തെക്കുറിച്ച് എല്ലാവരും ഉത്കണ്ഠപ്പെടേണ്ടതുണ്ട്. ശാസ്ത്രത്തിലേയ്ക്കും രാഷ്ട്രീയത്തിലേയ്ക്കും മതത്തിലേയ്ക്കും  പുരാണേതിഹാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആശയങ്ങളുടെ ഒരു മദ്യമിശ്രിതം ഉണ്ടാക്കിയെടുക്കുന്നതില്‍ നാം മൊളോട്ടോവിനേയും അപ്പുറത്തേക്കാണ് പോകുന്നത്. നാം പോകാനാഗ്രഹിച്ചത് അവിടേയ്ക്കല്ല.

[divider]

കടപ്പാട് : [button color=”black” size=”small” link=”http://www.thehindu.com/opinion/op-ed/mythology-science-and-society/article6571525.ece” ]ദി ഹിന്ദുവിലെ ലേഖനം : Mythology, science and society[/button]

Note : Copy right of the original work belongs to authors and The Hindu Daily

[author image=”http://luca.co.in/wp-content/uploads/2014/11/gopinath.png” ]പരിഭാഷ : ജി. ഗോപിനാഥന്‍[/author]

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബ്ലാക് ഹോള്‍ – നവംബര്‍ / 1
Next post ആൽബർട്ട് ഐൻസ്റ്റൈൻ: ജീവിതവും ശാസ്ത്രവും
Close