കേടായ കൊടിമരവും മെര്‍ക്കുറി ശാസ്ത്രവും

[author title=”ഡോ. സുരേഷ് സി. പിള്ള” image=”http://luca.co.in/wp-content/uploads/2017/06/Dr-Suresh-C-Pillai.jpg”]അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോയിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് വിഭാഗം മേധാവി[/author]

ശബരിമലയിലെ കൊടിമരം മെർക്കുറി വീണപ്പോൾ എങ്ങിനെയാണ് കേടായത്? ശബരിമല ക്ഷേത്രത്തിൽ കഴിഞ്ഞദിവസം പൂജാ ദ്രവ്യങ്ങളുടെ കൂടെ മെർക്കുറി ഒഴിച്ചെന്നും, കൊടിമരം കേടായി എന്നും ഒക്കെ പത്രത്തിൽ വായിച്ചു കാണുമല്ലോ? അതിന്റെ നിയമ വശങ്ങൾ ഒക്കെ വേണ്ടപ്പെട്ടവർ അന്വേഷിക്കുന്നുണ്ടല്ലോ. അതൊക്കെ മുറയ്ക്കു, നടക്കട്ടെ. നമുക്കതി ന്റെ ശാസ്ത്രം എന്താണ് എന്ന് നോക്കാം.

മെര്‍ക്കുറി | കടപ്പാട് – izzie_whizzie, https://www.flickr.com

എന്താണ് ഈ മെർക്കുറി?

Electron shell 080 Mercury.svg
മെര്‍ക്കുറി ആറ്റം ചിത്രീകരണം

ആറ്റോമിക് നമ്പർ 80 ആയുള്ള ഒരു മൂലകം ആണ് Hg എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെർക്കുറി അഥവാ രസം. പഴയതരം തെർമോമീറ്ററുകളിലും (ഊഷ്മാവ് അളക്കാൻ), ബാരോമീറ്ററുകളിലും (മർദ്ദം അളക്കാൻ) ഒക്കെ മെർക്കുറി ഒരു പക്ഷെ കണ്ടിട്ടുണ്ടാവും. ഇത് ദ്രാവക രൂപത്തിലുള്ള ഒരു ലോഹം ആണെന്നും ശ്രദ്ധിച്ചിട്ടുണ്ടാവും. സ്റ്റാൻഡേർഡ് അവസ്ഥയിലുള്ള താപത്തിലും(0 °C) മര്‍ദ്ദത്തിലും(105 Pa) ദ്രാവക രൂപത്തില്‍ സ്ഥിതിചെയ്യുന്ന ഏക ലോഹമാണ് മെർക്കുറി.

മെർക്കുറി ഒഴിച്ചാൽ സ്വർണ്ണ കൊടിമരം എങ്ങിനെയാണ് കേടാകുന്നത്?

മെർക്കുറി മിക്കവാറും എല്ലാ ഖരരൂപത്തിലുള്ള ലോഹങ്ങളുമായും കലർന്ന് ലോഹസങ്കരം (Alloy) ആയി മാറും. ഇങ്ങനെയുണ്ടാകുന്ന ലോഹസങ്കരത്തെയാണ് അമാൽഗം (Amalgam) എന്ന് പറയുന്നത്. ഈ പ്രക്രിയയെ അമാല്‍ഗമേഷന്‍ (amalgamation) എന്നാണ് പറയുന്നത്.

[box type=”info” align=”” class=”” width=””]ഉദാഹരണത്തിന് മെര്‍ക്കുറി വെള്ളിയുമായി(Silver -Ag) ചേർന്ന് വെള്ളി അമാല്‍ഗം ഉണ്ടാവും. ഇത് ഒരു പക്ഷെ നമ്മളിൽ ചിലരുടെ പല്ലിന്റെ ഉള്ളിൽ കാണും. പല്ലിന്റെ ഓട്ട (പോട്/കിഴുത്ത) അടയ്ക്കുവാനായി വെള്ളി അമാല്‍ഗം ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്. 50% മെർക്കുറി, 20 –30% വെള്ളി, 15% വെളുത്തീയം (tin), 8% ചെമ്പ് ഇവ ചേർന്ന മിശ്രിതമാണ് (Low-copper amalgam) പല്ല് അടയ്ക്കുവാനായി ഉപയോഗിച്ചിരുന്നത്. (ഇപ്പോൾ പല രാജ്യങ്ങളിലും ആധുനിക പോളിമർ കോംപോസിറ്റ് മെറ്റീരിയലുകൾ ആണ് ഉപയോഗിക്കുന്നത്.) അതുപോലെ സ്വർണ്ണവുമായി മെർക്കുറി കലരുമ്പോൾ സ്വര്‍ണ്ണ അമാൽഗം ആയി മാറും. സ്വർണ്ണം അതിന്റെ അയിരിൽ നിന്ന് വേർതിരിച്ചു് എടുക്കുവാനായി പഴയ കാലത്ത് മെർക്കുറി ഉപയോഗിച്ചിരുന്നു.[/box]
ശബരിമലയിലെ കേടായ സ്വര്‍ണ്ണക്കൊടിമരം | ചിത്രത്തിന് കടപ്പാട് : മാതൃഭൂമി

അയ്യപ്പന്മാർ, സ്വർണ്ണ കൊടിമരത്തിൽ മെർക്കുറി ഒഴിച്ചപ്പോൾ സ്വർണ്ണം മെർക്കുറിയുമായി പ്രവർത്തിച്ചു് ഗോൾഡ്-മെർക്കുറി അമാൽഗം ഉണ്ടായതു കൊണ്ടാണ് നിറം മാറിയത്. ഇത് പൂർവ്വ സ്ഥിതിയിൽ ആക്കാൻ കൂടിയ താപനിലയിൽ ചൂടാക്കിയാൽ മതി. കാരണം മെർക്കുറിയുടെ തിളനില 357 °C ആണ്. ഇത് മറ്റ് ലോഹങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്. ഉദാഹരണത്തിന് സ്വർണ്ണത്തിന്റെ തിളനില 2,700 °C ആണ്. അപ്പോൾ, നന്നായി ചൂടാക്കുമ്പോൾ (357 °Cന് മുകളിൽ) മെർക്കുറി ബാഷ്പമായി പോകും.

ഇവിടെ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. മെർക്കുറിയുടെ ബാഷ്പം വിഷലിപ്തമാണ്. അതുകൊണ്ടു ശ്വാസവായുവിൽ ഒരിക്കലും മെർക്കുറിയുടെ ബാഷ്പം കലരാതെ നോക്കണം. വേണ്ട രീതിയിലുള്ള സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ഒരിക്കലും മെർക്കുറി ചൂടാക്കരുത്.


കൂടുതൽ വായനയ്ക്ക് :

The Dental Amalgam Toxicity Fear: A Myth or Actuality, Toxicol Int. Monika Rathore 2012 May-Aug; 19(2): 81–88.
doi: 10.4103/0971-6580.97191

Mercury from Gold and Silver Mining: A Chemical Time Bomb?
By Luiz D.de Lacerda, Wim Salomons, Springer Science & Business Media, 6 Dec 2012 – Nature – 147 pages

Environmental fate of mercury from gold mining in the Brazilian Amazon, W. C. Pfeiffer, , L. D. Lacerda, , W. Salomons, and , O. Malm, Environmental Reviews, 1993, 1(1): 26-37, https://doi.org/10.1139/a93-004

WHO : EXPOSURE TO MERCURY:A MAJOR PUBLIC HEALTH CONCERN

Children’s Health and the Environment WHO Training Package for the Health Sector World Health Organization

Agency for Toxic Substances and Disease Registry, A Warning about Continuing Patterns of Metallic Mercury Exposure

ഇത് സംബന്ധിച്ച് ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം –

ശബരിമലയിലെ കൊടിമരം മെർക്കുറി വീണപ്പോൾ എങ്ങിനെയാണ് കേടായത്?

Leave a Reply