Read Time:13 Minute
[author image=”http://luca.co.in/wp-content/uploads/2015/08/aravindan_K_P.jpg”]ഡോ. കെ.പി. അരവിന്ദന്‍
[email protected] [/author]

കേരളം ലെപ്റ്റോസ്പൈറോസിസ് (leptospirosis ) എന്ന രോഗവുമായി മല്ലിട്ടു കൊണ്ടിരിക്കുകയാണ്. ലെപ്റ്റോസ്പൈര ഇന്റെറോഗന്‍സ്(Leptospira interrogans) എന്ന ബാക്ടീരിയൽ രോഗാണുക്കളാണ് രോഗകാരണം. ആദ്യം കടുത്ത പനി, തലവേദന, മേൽവേദന, പേശികളിൽ വേദന, കണ്ണുകൾക്ക് ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമായി തുടങ്ങുന്ന രോഗം, ചുരുക്കം ചിലരിൽ രണ്ടാമത്തെ ആഴ്ചയാവുമ്പോഴേക്ക് കരൾ, വൃക്കകൾ എന്നിവയെ ബാധിക്കുകയും ഗുരുതര രോഗമായി മാറുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ പെനിസിലിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ, ആവശ്യമെങ്കിൽ ഡയാലിസിസ് തുടങ്ങിയ ചികിത്സ ഉടൻ നൽകിയില്ലെങ്കിൽ രോഗികൾ മരിക്കാൻ വരെ കാരണമാവുന്നു.

രൂക്ഷമായ വെള്ളപ്പൊക്കത്തിനു ശേഷം ലോകത്തിൽ പലയിടത്തും വ്യാപകമായി leptospirosis പടർന്നുപിടിച്ചതായി അനുഭവമുണ്ട്. ഈ ഘട്ടത്തിൽ രോഗപ്രതിരോധത്തിനാണ് പ്രാധാന്യം നൽകേണ്ടത്. ഭാഗ്യവശാൽ, ഡോക്സിസൈക്ലിൻ എന്ന മരുന്ന് ഏറെ ഫലപ്രദമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഉപയോഗിച്ചുകൊണ്ടുള്ള പ്രതിരോധപ്രവർത്തനം മുറയ്ക്ക് നടക്കുകതന്നെ വേണം. എന്നാൽ, ഇത്തവണത്തെ രോഗം കെട്ടടങ്ങിയതിനു ശേഷമെങ്കിലും വർഷംതോറും ഏറ്റക്കുറച്ചിലുകളോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന ഈ രോഗത്തെ പറ്റി ഒരു പുനരവലോകനം നടത്തേണ്ടതുണ്ട്.

By Savrose [CC BY-SA 3.0 , from Wikimedia Commons
[box type=”info”]എലി മൂത്രമാണ് രോഗകാരണം എന്ന ധാരണയിൽ പണ്ട് ഏതോ പത്രപ്രവർത്തകൻ നൽകിയ എലിപ്പനി എന്ന പേരിലാണ് വ്യാപകമായി ഈ രോഗം കേരളത്തിൽ അറിയപ്പെടുന്നത്. എലിപ്പനി എന്ന പേര് പല കാരണങ്ങൾ കൊണ്ട് അനുചിതമാണ്. എലി മാത്രമല്ല രോഗം പരത്തുന്നത് എന്നത് ഒരു കാര്യം. മറ്റൊരു ബാക്ടീരിയ ഉണ്ടാക്കുന്ന എലിക്കടി പനി (Rat bite fever) എന്ന മറ്റൊരു രോഗവുമായി തെറ്റിദ്ധരിക്കാനിടയുണ്ട് എന്നുള്ളത് മറ്റൊരു കാര്യം.[/box]

പരമ്പരാഗതമായി ടെക്സ്റ്റ് പുസ്തകങ്ങളിൽ പറയുന്നതിനപ്പുറം കേരളത്തിലെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ച്, കേരളത്തിൽ നിന്നുള്ള പഠനങ്ങളെ ഉൾക്കൊണ്ട് പുതിയ സമീപനങ്ങൾ നാം ഉണ്ടാക്കേണ്ടിയിരിക്കുന്നു. എലി മാത്രമാണ് രോഗകാരണമെന്ന ധാരണയിൽ പലപ്പോഴും പ്രധാന പ്രതിരോധ പ്രവർത്തനം എലിനശീകരണത്തിൽ ഒതുങ്ങാറുണ്ട്. രോഗം പരത്തുന്ന മറ്റു മൃഗങ്ങളെയും രോഗം പകരാൻ ഇടയാക്കുന്ന സാഹചര്യങ്ങളെയും അവഗണിക്കാൻ ഇത് ഇടയാക്കുന്നു.

ലേഖനത്തിൽ ഇനിയങ്ങോട്ട് രോഗത്തെ ‘ലെപ്റ്റൊ പനി’ എന്നാണ് വിളിക്കുന്നത്.

ലെപ്റ്റോസ്പൈറോസിസ് പകരാൻ ഇടയാക്കുന്ന രണ്ട് പ്രധാന സാഹചര്യങ്ങളാണ് നിലവിലുള്ളത്.

Leptospira 200 times enlarged with darkfield microscope.|
By bluuurgh – Own work, Public Domain, Link
  1. ഒരു തൊഴിൽജന്യ രോഗം എന്ന നിലയിൽ ചെറിയ തോതിൽ കാണപ്പെടുന്നത്. ക്ഷീരകർഷകർ, മറ്റു മൃഗപരിപാലകർ, അറവുശാല പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ പ്രത്യേകിച്ചും ഓടകളും മറ്റും വൃത്തിയാക്കുന്നവർ എന്നിവരൊക്കെയാണ് ഇത്തരത്തിൽ രോഗബാധിതരാവാൻ സാധ്യതയുള്ളവർ.
  2. കേരളത്തിൽ എല്ലാ വർഷവും വരുന്ന ലെപ്റ്റോ പനി കേസുകളിൽ ബഹുഭൂരിഭാഗവും എപ്പിഡെമിക്കുകൾ ആയാണ് വരുന്നത്. (പെട്ടെന്ന് നിരവധി പേരെ ബാധിക്കുന്ന പകർച്ചവ്യാധികളാണ് എപ്പിഡെമിക്കുകൾ)

ശക്തമായ മഴയ്ക്കു ശേഷമുള്ള നാളുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മൃഗമൂത്രം കലരുന്ന സാഹചര്യത്തിൽ ഈ വെള്ളത്തിലോ നനഞ്ഞ മണ്ണിലോ നടക്കുന്നവർക്കാണ് മുഖ്യമായും രോഗം വരുന്നത് ( https://jech.bmj.com/content/58/12/1054.1 ). കാലിൽ വ്രണങ്ങളോ വളം കടിയോ ഒക്കെ ഉള്ളവർക്ക് രോഗസാദ്ധ്യത കൂടുതലാണ്. കേരളത്തിൽ നടന്ന ഒരു പഠനത്തിൽ കണ്ടത് 2002ൽ നടന്ന ഒരു ലെപ്റ്റോ പനി എപിഡമിക്കിൽ, രോഗം വന്നവരിൽ 62.9 % പേർക്കും കാലിൽ വിള്ളലുകളോ മുറിവുകളോ ഉണ്ടായിരുന്നു എന്നാണ് ( https://www.ncbi.nlm.nih.gov/pubmed/15638302 )

അടുത്ത കാലത്തായി കാലാവസ്ഥയിൽ വന്നിട്ടുള്ള മാറ്റങ്ങളും രോഗവ്യാപനത്തിനു സഹായകമായിട്ടുണ്ട്. പശ്ചിമഘട്ട മേഖലയിൽ മൺസൂൺ കാലത്ത് ആകെയുള്ള മഴ വലിയ മാറ്റമില്ലാതെ തുടരുമ്പോഴും, ഇപ്പോൾ മഴയില്ലാത്ത ദിനങ്ങളുടെ എണ്ണം കൂടുതലാണ്. ഇതുകാരണം അതിശക്തമായ മഴയുള്ള ഏതാനും ദിവസങ്ങൾക്കുശേഷം മഴ തീരെയില്ലാത്ത കുറച്ചു ദിവസങ്ങൾ ഉണ്ടാവുന്നു. ഇതു കാരണം, കെട്ടിക്കിടക്കുന്ന വെള്ളം, നനഞ്ഞ മണ്ണ് എന്നിവയിൽ മൃഗങ്ങൾ മൂത്രമൊഴിക്കുകയും അതിലൂടെ വെള്ളത്തിലും മണ്ണിലും ലെപ്റ്റോസ് പൈര എന്ന രോഗാണു എത്തിച്ചേരുകയും നിലനിൽക്കുകയും ചെയ്യുന്നു. ക്ഷാരസ്വഭാവമുള്ള വെള്ളത്തിലും ഈർപ്പമുള്ള മണ്ണിലും ഏതാനും ആഴ്ച്ചകളോളം രോഗാണുവിന് ജീവിച്ചിരിക്കാൻ കഴിയും. തുടർച്ചയായ മഴ ആയിരുന്നെങ്കിൽ അവയെല്ലാം ഒലിച്ചു പോയേനെ.

[box type=”info”]കേരളത്തിൽ ലെപ്റ്റോ പനി പരത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന മൃഗങ്ങൾ ഏതൊക്കെയാണ്? തൊഴിൽജന്യ ലെപ്റ്റൊപനിയിൽ ഏതു തൊഴിൽ എന്നത് ആശ്രയിച്ചിരിക്കും ഇത്. ക്ഷീരകർഷകരിൽ പശുവും, ഓട വൃത്തിയാക്കുന്നവരിൽ എലിയും, അറവുശാല പ്രവർത്തകരിൽ പോത്തും, മാടും, ആടും വെറ്റിനറി പ്രവർത്തകരിൽ നായയും പശുവും ഒക്കെയായിരിക്കും രോഗാണു പകർത്തുന്നത്.[/box]

എന്നാൽ, കൂടുതൽ രോഗികളും മഴയെ തുടർന്നുണ്ടാവുന്ന കെട്ടിനിൽക്കുന്ന വെള്ളത്തിലും നനഞ്ഞ മണ്ണിലും നടക്കുന്നതിലൂടെ രോഗം ബാധിക്കുന്നവരാണ്. തുറന്ന സ്ഥലങ്ങളിലെ വെള്ളത്തിലും മണ്ണിലും എലികളുടെ മൂത്രത്തേക്കാൾ കൂടുതൽ ഉണ്ടാവാൻ സാധ്യത അതിലൂടെ നടക്കുന്ന തെരുവുനായ്ക്കളുടേയും കന്നുകാലികളുടേയും മൂത്രം ആയിരിക്കും. കേരളത്തിൽ തെരുവുനായ്ക്കൾ ആയിരിക്കും പ്രധാന പ്രതിയെങ്കിൽ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളായിരിക്കാനാണ് സാധ്യത.
മൃഗങ്ങൾ ലെപ്റ്റോ പനിയുടെ രോഗവാഹകർ ആവുന്നത് അവയുടെ വൃക്കകളിലെ ട്യൂബുലാർ കോശങ്ങളിൽ രോഗാണു പെരുകുന്ന സാഹചര്യത്തിലാണ്. ഇത്തരത്തിലുള്ള മൃഗങ്ങളിൽപലതും രോഗം വരാതെ തന്നെ രോഗാണുക്കളെ മൂത്രത്തിലൂടെ വിസർജിക്കുന്നവയായിരിക്കും. അമേരിക്കയിലെ കൻസാസിൽ നടന്ന ഒരു പഠനപ്രകാരം നായ്ക്കളിൽ 8.2 ശതമാനം ഇത്തരത്തിൽ രോഗാണുക്കളെ വിസർജിക്കുന്നവയായിരുന്നു (https://www.ncbi.nlm.nih.gov/pubmed/12725310 ). തെക്കേ ഇന്ത്യയിൽ നായ്ക്കൾക്കിടയിൽ വ്യാപകമായ തോതിൽ ലെപ്റ്റോസ്പൈര അണുബാധയുടെ ലക്ഷണമായ രക്തത്തിലെ ആന്റിബോഡികളുണ്ട്. കേരളത്തിലെ ഒരു പഠനത്തിൽ അത് 71.2% ആയിരുന്നെങ്കിൽ (http://www.veterinaryworld.org/Vol.6/January%20-%202013/Canine%20leptospirosis%20a%20seroprevalence%20study%20from%20Kerala%20India.pdf ) തമിഴ്നാട്ടിലെ നാമക്കലിൽ നടത്തിയ പഠനത്തിൽ 81.3% വാക്സിനേറ്റ് ചെയ്യാത്ത നായ്ക്കളിൽ ആന്റിബോഡി ഉണ്ടായിരുന്നു ( https://www.hindawi.com/journals/jvm/2013/971810/ ). ലെപ്റ്റോസ്പൈര ബാക്ടീരിയയെ ശരീരത്തിൽ അത് ഉണ്ടാക്കുന്ന ആന്റിബോഡികളെ ഉപയോഗിച്ച് പല ഉപവിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. കേരളത്തിൽ നടന്ന പഠനങ്ങളിൽ മനുഷ്യനിലും നായയിലും കാണുന്ന ഉപവിഭാഗങ്ങൾ ഏറെക്കുറെ സമാനമാണ്. പ്രധാനമായും നായ്ക്കളിൽ കാണുന്ന ‘കാനിക്കോള’ എന്ന ഉപവിഭാഗം മനുഷ്യരിൽ കാണുന്നതും മനുഷ്യരിൽ രോഗം പരത്തുന്നതിൽ ഇവയ്ക്കുള്ള പങ്കിലേക്ക് വിരൽ ചൂണ്ടുന്നു (http://www.ijmm.org/article.asp?issn=0255-0857;year=2006;volume=24;issue=4;spage=349;epage=352;aulast=Swapna ).

[box type=”info”]കേരളത്തിൽ പലയിടങ്ങളിലും ഉള്ള സവിശേഷ സാഹചര്യങ്ങൾ ലെപ്റ്റൊ പനി പടരാനുള്ള സ്ഥിതി സൃഷ്ടിക്കുന്നു. ഒരു വശത്ത  ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന വെള്ളവും സ്ഥിരമായി നനഞ്ഞ മണ്ണും; മറുവശത്ത് മാലിന്യ കൂമ്പാരങ്ങളും അവ ഭക്ഷിച്ച്പെരുകുന്ന തെരുവു നായ്ക്കളും. ഈ സാഹചര്യങ്ങളെ നേരിടുകയാണ് ലെപ്റ്റൊ പനി തടയാനുള്ള ശാശ്വതമായ
പരിഹാരം. അവസാനമായി, ലെപ്റ്റൊ പനിയെ നിയന്ത്രിക്കാനായി ചില ഹൃസ്വകാല-ദീർഘകാല നിർദേശങ്ങൾ സമർപ്പിക്കുന്നു.[/box]

ലെപ്റ്റോ പനിയെ നേരിടാനുള്ള നിര്‍ദേശങ്ങള്‍

  1. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് രോഗസാധ്യതയുള്ള എല്ലാവർക്കും ഡോക്സിസൈക്ലിൻ, ആസിത്രോമൈസിൻ, അമോക്സിസിലിൻ തുടങ്ങിയ, രോഗാണുക്കളെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകൾ നിശ്ചിത തോതിൽ കൊടുക്കുക.
  2. വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ ബ്ലീച്ചിംഗ് പൗഡറോ, സോപ്പുവെള്ളമോ മറ്റോ ഉപയോഗിച്ച് അണുനശീകരണം നടത്തുക.
  3. സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ വെള്ളത്തിന് ഒഴുകിപ്പോകാനുള്ള ചാലുകൾ കീറുകയോ മറ്റു മാർഗ്ഗങ്ങൾ അവലംബിക്കുകയോ ചെയ്യുക.
  4. ഏതു കെട്ടിടടമോ, റോഡോ മറ്റെന്തെങ്കിലുമോ കെട്ടുമ്പോൾ അതു വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പു നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക.
  5. നായ്ക്കൾ പെരുകാൻ ഇടയാക്കുന്ന വിധം തുറന്ന സ്ഥലത്ത് മാലിന്യങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തുക. അത്തരം മാലിന്യങ്ങൾ സംസ്കരിക്കാൻ നടപടികളെടുക്കുക.
  6. തെരുവുനായ്ക്കളെ ഇല്ലാതാക്കാനുള്ള ഫലപ്രദമായ നടപടികൾ കൈക്കൊള്ളുക.
  7. വളർത്തുനായ്ക്കളേയും കന്നുകാലികളെയും ലെപ്റ്റോസ്പൈരക്കെതിരെ വാക്സിനേറ്റ് ചെയ്യുക.
  8. എലി നശീകരണം ഫലപ്രദമായി നടപ്പാക്കുക.
  9. തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കുക

Reference

  1. Pappachan MJ, Mathew S, Aravindan KP et al. Risk factors for mortality in patients with leptospirosis during an epidemic in northern Kerala. Natl Med J India. 2004;17:240-2.
  2. Pappachan MJ, Sheela M, Aravindan KP. Relation of rainfall pattern and epidemic leptospirosis in the Indian state of Kerala. J Epidemiol Community Health. 2004;58:1054.
  3. Harkin KR, Roshto YM, Sullivan JT, Purvis TJ, Chengappa MM. Comparison of polymerase chain reaction assay, bacteriologic culture, and serologic testing in assessment of prevalence of urinary shedding of leptospires in dogs. J Am Vet Med Assoc.  2003;222:1230-3.
  4. Ambily R, Mini M, Joseph S, Krishna SV, Abhinay G (2013) Canine leptospirosis – a seroprevalence study from Kerala, India , Vet World6(1):42-44.
  5. Senthil NR, Palanivel KM, Rishikesavan R. Seroprevalence of Leptospiral Antibodies in Canine
  6. Population in and around Namakkal. J Vet Med. 2013;2013:971810.
  7. Swapna RN, Tuteja U, Nair L, Sudarsana J. Seroprevalence of leptospirosis in high risk groups in Calicut, North Kerala, India. Indian J Med Microbiol. 2006;24:349-52.
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൂക്ഷ്മജീവികളുടെ ലോകം – പോസ്റ്ററുകൾ
Next post നോബല്‍ സമ്മാനം 2018 – ഭൗതികശാസ്ത്രം – പ്രകാശം കൊണ്ടുണ്ടാക്കിയ ചവണ
Close