Read Time:19 Minute

രഹന അമീൻ

അസി. പ്രൊഫസർ, പയ്യന്നൂർ കോളേജ്‌

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് സിർക്കോണിയത്തെ പരിചയപ്പെടാം.

റ്റേതൊരു പ്രകൃതിദത്ത രത്നത്തേക്കാളും വജ്രവുമായി സാമ്യമുള്ള ഒരു രത്നമാണ് സിർക്കോണ്‍. നീല, മഞ്ഞ, പച്ച, തവിട്ട്, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ പല നിറങ്ങളിൽ കാണപ്പെടുന്ന ഇത് പണ്ട് ഇസ്രായേലിലെ പുരോഹിതന്മാർ അണിഞ്ഞിരുന്നതായി പറയപ്പെടുന്നു. മധ്യകാലഘട്ടത്തിൽ സിർക്കോൺ ദൈവികശേഷിയുള്ള ഒരു രത്നമായാണ് വിശ്വസിക്കപ്പെട്ടത്. സിർക്കോണിന്റെ രാസസൂത്രവാക്യം ZrSiO4 ആണ്. ZrO2 ഫോർമുലയുള്ള സിന്തറ്റിക് രത്നമായ ക്യൂബിക് സിർക്കോണിയത്തെക്കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാകാം.
ഇതിൽ രണ്ടിലും എന്താണ് പൊതുവായിട്ടുള്ളത്. സിർക്കോണിയം അല്ലേ?  എന്താണ് സിർക്കോണിയം?

സിർക്കോൺ – ZrSiO4 

ആവർത്തന പട്ടികയിലെ അണുസംഖ്യ 40ഉം Zr പ്രതീകവുമുള്ള ഒരു സംക്രമണ ലോഹമാണ് സിർക്കോണിയം. സിർക്കോണിയം ടൈറ്റാനിയം ഉപഗ്രൂപ്പിലാണ്, ഉപഗ്രൂപ്പ് IVB. ഇതിന്റെ രാസ ഭൗതികസവിശേഷതകൾ ടൈറ്റാനിയത്തിന് സമാനമാണ് .  സ്വർണ്ണ നിറം എന്നർത്ഥമുള്ള പേർഷ്യൻ പദത്തിൽ നിന്നാണ് സിർക്കോണിയം എന്ന പേര് ഉദ്ഭവിച്ചത്. തിളക്കമുള്ളതും ചാരനിറം കലർന്ന വെള്ള നിറമുള്ളതുമായ ഈ മൂലകത്തിന് നാശനത്തിനെതിരെ ഉയർന്ന പ്രതിരോധശേഷിയുണ്ട്.

സിർക്കോണിയം റോഡുകൾ | കടപ്പാട് : വിക്കിപീഡിയ

ചരിത്രം
വളരെക്കാലമായി സിർക്കോണിയം രത്നക്കല്ലുകളിൽ ഉപയോഗിച്ചിരുന്നുവെങ്കിലും, സിർക്കോണിയം ഒരു മൂലകമായി അറിയപ്പെട്ടിരുന്നില്ല. 1789ൽ ജർമ്മൻ രസതന്ത്രജ്ഞനായ മാർട്ടിൻ ഹെൻറിക് ക്ലാപ്രോത്താണ് സിർക്കോണിയം ഒരു മൂലകമാണെന്ന് തിരിച്ചറിഞ്ഞത് . പക്ഷേ അദ്ദേഹത്തിന് സിർക്കോണിൽ നിന്ന് സിർക്കോണിയം വേർതിരിച്ചെടുക്കുവാൻ സാധിച്ചിരുന്നില്ല.

ജോൺസ് ബെർസെലിയസ്

1824ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ ജോൺസ് ബെർസെലിയസ് ആയിരുന്നു സിർക്കോണിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്. പക്ഷേ, അത് അത്രത്തോളം ശുദ്ധമായിരുന്നില്ല. 1925ൽ ഡച്ച് രസതന്ത്രജ്ഞരായ ആൻറൺ എഡ്വാർഡ് വാൻ ആർക്കലും ജാൻ ഹൈൻഡ്രിക് ഡി ബോയറും ശുദ്ധമായ സിർക്കോണിയം ഉൽപാദിപ്പിക്കാനുള്ള മാർഗ്ഗം ആദ്യമായി കണ്ടെത്തി . ചൂടുള്ള ടങ്സ്റ്റൺ ഫിലമെന്റിൽ സിർക്കോണിയം ടെട്രയോഡൈഡ് വിഘടിച്ച് സിർക്കോണിയത്തിന്റെ ഒരു ക്രിസ്റ്റൽ ബാർ സൃഷ്ടിക്കുന്നു. ഇതിനെ ‘ക്രിസ്റ്റൽ ബാർ പ്രോസസ്സ്’ എന്നു വിളിക്കുന്നു. പക്ഷേ ഇത് വളരെയധികം ചെലവു കൂടിയ ഒരു പ്രക്രിയയായിരുന്നു. 1945-ൽ വില്യൻ ജസ്റ്റിൻ ക്രോൾ, ‘മഗ്നീഷ്യം’ ഉപയോഗിച്ച് സിർക്കോണിയം ടെട്രാക്ലോറൈഡിനെ നിരോക്സീകരണം നടത്തുകയും ശുദ്ധമായ സിർക്കോണിയം വേർതിരിച്ചെടുക്കുകയും ചെയ്തു. താരതമ്യേന ചെലവ് കുറഞ്ഞ ഈ പ്രക്രിയ ഉപയോഗിച്ച് വളരെ വലിയ അളവിൽ ,വ്യാവസായിക രീതിയിൽ  സിർക്കോണിയം നിർമിക്കുന്നതിനു കഴിഞ്ഞു.

സിർക്കോണിയം പ്രകൃതിയിൽ
സാധാരണയായി പ്രകൃതിയിൽ സ്വതന്ത്ര ലോഹമായി സിർക്കോണിയം കാണപ്പെടുന്നില്ല. പ്രധാനമായും ആഗ്നേയ ശിലയിൽ കാണപ്പെടുന്ന സിർക്കോണിയം ചരൽ, മണൽ എന്നിവയിലും കാണപ്പെടുന്നു. ഈ രൂപത്തിൽ ഇത് പലപ്പോഴും ഇൽമനൈറ്റ്, റുട്ടൈൽ എന്നിവയുമായി കലരുന്നു. ഭൗമോപരിതലത്തിൽ സിർക്കോണിയം 130mg/Kg സാന്ദ്രതയിൽ കാണപ്പെടുന്നുണ്ട്, എന്നാൽ സമുദ്രത്തിൽ ഇതിന്റെ സാന്നിദ്ധ്യം  0.026µg/L ആണ് .
ലോകത്തിലെ ഏറ്റവും വലിയ സിർക്കോണിയം ഖനികൾ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക , അമേരിക്ക എന്നിവിടങ്ങളിലാണ്. ഇതു കൂടാതെ, ബ്രസീൽ ,ചൈന, റഷ്യ, ഇറ്റലി, നോർവേ, തായ്‌ലൻഡ്, മഡഗാസ്കർ , കാനഡ എന്നിവിടങ്ങളിലും സമ്പന്നമായ സ്രോതസ്സുകൾ കണ്ടുവരുന്നുണ്ട്. S -type നക്ഷത്രങ്ങളിൽ സിർക്കോണിയം ധാരാളമായി കാണപ്പെടുന്നു. ഇതിന്റെ സാന്നിദ്ധ്യം സൂര്യനിലും ഉൽക്കാശിലകളിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ചന്ദ്രനിലേക്കുള്ള വിവിധ അപ്പോളോ ദൗത്യങ്ങളിൽ ലഭിച്ച ചാന്ദ്രശിലാ സാമ്പിളുകളുടെ വിശകലനത്തിൽ, ഭൂമിയിലെ പാറകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിശയകരമായ ഉയർന്ന അളവിൽ സിർക്കോണിയം ഓക്സൈഡിന്റെ സാന്നിദ്ധ്യം ഇവ  കാണിക്കുന്നു.

ഐസോട്ടോപ്പുകൾ
സിർക്കോണിയത്തിന് സ്വാഭാവികമായ അഞ്ച് ഐസോട്ടോപ്പുകൾ ഉണ്ട്- 90Zr (51.46%), 91Zr( 11.23% ), 92Zr (17.11%), 94Zr (I7.40%), 96Zr (2.80%) . ഇവ കൂടാതെ 26 റേഡിയോ ഐസോട്ടോപ്പുകളും ഉണ്ട്. സിർക്കോണിയത്തിന്റെ ഏറ്റവും കൂടുതൽ അർദ്ധായുസ്സുള്ള റേഡിയോ ഐസോടോപ്പ് 96Zr  ആണ്. ഇതിന്റെ അർദ്ധായുസ്സ് 2.4X10^9 വർഷമാണ്. 78 മുതൽ 110 വരെ അണുസംഖ്യയുള്ള  സിർക്കോണിയത്തിന്റെ 28 കൃത്രിമ ഐസോട്ടോപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. സിർക്കോണിയത്തിന്റെ ഏറ്റവും ഭാരം കൂടിയ ഐസോട്ടോപ്പായ 110Zr മറ്റുളളവയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ റേഡിയോ ആക്ടീവ് ആണ്. (അർദ്ധായുസ്സ്-30 മില്ലി സെക്കൻഡ്). തൊണ്ണൂറ്റി മുന്നോ അതിൽ കൂടുതലോ മാസ്സ്നമ്പറുള്ള റേഡിയോ ആക്ടീവ് ഐസോട്ടോപ്പുകൾ ബീറ്റാവികിരണം മൂലം ക്ഷയിക്കുന്നു. 89 അല്ലെങ്കിൽ അതിൽ താഴെയുള്ളവ പോസിട്രോൺ വികിരണം വഴിയാണ് ക്ഷയിക്കുന്നത്.
സിർക്കോണിയത്തിന്റെ അഞ്ച് ഐസോട്ടോപ്പുകൾ മിതസ്ഥായി (metastable) ഐസോമറുകളാണ്- 83mZr, 85mZr, 89mZr, 90mZr, 91mZr എന്നിവ. 90mZr ന് 131 നാനോ സെക്കൻഡ് മാത്രമേ അർദ്ധായുസ്സുള്ളൂ. ഇവയിൽ 89mZr ത്തിനാണ് ഏറ്റവും കൂടുതൽ അർദ്ധായുസ്സുള്ളത്( 4.161 മിനിറ്റ്).

ക്രിസ്റ്റൽ ഘടന
സിർക്കോണിയത്തിന് പ്രധാനമായും α-രൂപവും β-രൂപവും ഉണ്ട്. സാധാരണ താപനിലയിൽ ആറ്റങ്ങൾ ഷഡ്ഭുജാ കൃതിയിലുള്ള α- സിർക്കോണിയമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 863° C-ൽ BCC ഘടനയുള്ള β – സിർക്കോണിയമായി മാറുന്നു.

ഭൗതിക- രാസ ഗുണങ്ങൾ
സിർക്കോണിയം തിളക്കമുള്ളതും ചാരനിറം കലർന്ന വെള്ള നിറമുള്ളതും മൃദുലവുമായ ഒരു ലോഹമാണ്. ഇതിനെ മററു സംക്രമണ ലോഹങ്ങളെപ്പോലെ  അടിച്ചു പരത്താനും (malleable), കമ്പികളാക്കാനും (ductility) കഴിയും. അശുദ്ധമായ ലോഹം (99% ശുദ്ധമാണെങ്കിൽ പോലും), കഠിനവും പൊട്ടുന്നതുമാണ്. സിർക്കോണിയം ക്ഷാരം, അമ്ലം, ലവണ ജലം എന്നിവയിൽ നിന്നുള്ള നാശനത്തെ പ്രതിരോധിക്കുന്നു. പക്ഷേ ഇത് ഹൈഡ്രോക്ലോറിക് , സൾഫ്യൂരിക് ആസിഡ് എന്നിവയിൽ ലയിക്കുന്നു , പ്രത്യേകിച്ച് ഫ്ലൂറിൻ ഉള്ളപ്പോൾ . പൊടിരൂപത്തിൽ ലോഹം വായുവിൽ സ്വമേധയാ കത്തുന്നതാണ്‌. പ്രത്യേകിച്ചും ഉയർന്ന താപനിലയിൽ. പക്ഷേ, ഖരാവസ്ഥയിൽ ലോഹം താരതമ്യേന സ്ഥിരതയുള്ളതാണ്.
സിർക്കോണിയത്തിന്റെ ഉരുകൽ നില (melting point) 1885oC ഉം തിളനില(boiling point) 4409oCഉം ആണ്. പോളിങ്ങ് സ്കെയിലിൽ 1.33 ആണ് ഇതിന്റെ ഇലക്ട്രോനെഗറ്റിവിറ്റി.

 

ഖനനവും ലോഹനിഷ്കർഷണവും
മുപ്പതോളം ധാതു ഇനങ്ങളിൽ Zr കാണപ്പെടുന്നു. അവയിൽ പ്രധാനം സിലിക്കേറ്റ് ധാതുവായ സിർക്കോൺ , ഓക്സൈഡ് ധാതുവായ ബാഡ് ലൈറ്റ് എന്നിവയാണ്. പ്രധാനമായും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഓരോ വർഷവും 15 ദശലക്ഷം ടണ്ണിലധികം സിർക്കോൺ ഖനനം ചെയ്യുന്നുണ്ട്.
സിർക്കോണിയത്തിൽ നിന്ന് വ്യത്യസ്തമായി, വാണിജ്യ പരമായി ലാഭകരമായ ബാഡ്‌ലൈറ്റ് നിക്ഷേപങ്ങളിൽ താരതമ്യേന ഉയർന്ന അളവിൽ സിർക്കോണിയം ഓക്സൈഡ് അടങ്ങിയിരിക്കുന്നു. അതിനാൽ  ശുദ്ധീകരിക്കാതെ തന്നെ ബാഡ് ലൈറ്റ് ഉപയോഗിക്കാം. പക്ഷേ ബാഡ്‌ലൈറ്റ് ധാതുക്കൾ സിർക്കോണിയത്തേക്കാൾ വളരെ കുറവാണ്. ബ്രസീലിലും ഫ്ലോറിഡയിലും മാത്രമാണ് കാര്യമായ രീതിയിൽ ബാഡ് ലൈറ്റ് കാണപ്പെടുന്നത്.
സിർക്കോണിയം അയിരുകളിൽ ഹാഫ്നിയം കാണപ്പെടുന്നു . സിർക്കോണിയവുമായുള്ള സാമ്യം കാരണം ഹാഫ്നിയത്തെ സിർക്കോണിയത്തിൽ നിന്ന് വേർതിരിക്കാൻ പ്രയാസമാണ് .വാണിജ്യ ആവശ്യത്തിനുള്ള സിർക്കോണിയത്തിൽ 1% മുതൽ 3% വരെ ഹാഫ്നിയം അടങ്ങിയിരിക്കുന്നു. റിയാക്റ്റർ- ഗ്രേഡ് Zr പ്രധാനമായും ഹാഫ്നിയത്തിൽ നിന്ന് മുക്തമാണ്.
സിർക്കോൺ അടങ്ങിയിരിക്കുന്ന ചരലും മണലും തീരദേശ ജലത്തിൽ നിന്ന് ഒരു ഫ്ലോട്ടിംഗ് ഡ്രെഡ്ജിലൂടെ ശേഖരിച്ചതിനു ശേഷം അവ Spiral Concentrators ഉപയോഗിച്ച് ശുദ്ധീകരിക്കുന്നു.. തുടർന്ന് അനാവശ്യ വസ്തുക്കൾ കാന്തിക – ഇലക്ട്രോസ്റ്റാറ്റിക് വേർതിരിക്കൽ യന്ത്രം  ഉപയോഗിച്ച് നീക്കം ചെയ്യുന്നു. ഏറ്റവുമവസാനം ശുദ്ധമായ സിർക്കോൺ സിർക്കോണിയമായി തരം തിരിച്ചെടുക്കുന്നതിനായി ക്ലോറിൻ ഉപയോഗിച്ച് സിർക്കോണിനെ സിർക്കോണിയം ക്ലോറൈഡാക്കി മാറ്റുകയും, തുടർന്ന് മഗ്നീഷ്യം ഉപയോഗിച്ച് ക്ലോറൈഡിനെ നിരോക്സീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലാണ് സിർക്കോണിയം ലോഹം വാണിജ്യ പരമായി ഉൽപാദിപിക്കുന്നത്.

 

ഓക്സീകരണാവസ്ഥ 
മറ്റ് സംക്രമണ ലോഹങ്ങളെ പോലെ, സിർക്കോണിയവും അനേകം അജൈവ സംയുക്തങ്ങളും ഏകോപന സംയുക്തങ്ങളും ഉണ്ടാക്കാറുണ്ട്. പൊതുവേ, ഇവ നിറമില്ലാത്ത ഡയാ മാഗ്നറ്റിക് സ്വഭാവമുള്ള ഖരപദാർത്ഥങ്ങളാണ്. ഇവയിൽ സിർക്കോണിയത്തിന്റെ ഓക്സീകരണാവസ്ഥ +4 ആണ്. ഇതു കൂടാതെ +3, +2 ഓക്സീകരണാവസ്ഥയിലും കാണപ്പെടാറുണ്ട്. ഇതിൽ ഏറ്റവും കുറവ് +2 ഓക്സീകരണാവസ്ഥയാണ്.
സംയുക്തങ്ങൾ
ഏറ്റവും സമ്പന്നമായ ഓക്സൈഡ് സിർക്കോണിയം ഡൈഓക്സൈഡ്(ZrO2) ആണ്. ഇത് , അതിന്റെ പല സംയുക്തങ്ങളെയും പോലെ വെളുത്തതാണ്. സിർക്കോണിയം ടങ്സ്റ്റേറ്റ് (ZrW208) അസാധാരണമായ ഒരു പദാർത്ഥമാണ്. കേവല പൂജ്യത്തിൽ നിന്ന് 7800C വരെ ചൂടാക്കുമ്പോൾ ഇത് ചുരുങ്ങുന്നു. സിർക്കോണിയം നൈട്രൈഡ്, സിർക്കോണിയം കാർബൈഡ് എന്നിവ റിഫ്രാക്ടറി സോളിഡുകളാണ്. പൊതുവായ നാല് ഹാലൈഡുകളും അറിയപ്പെടുന്നു – ZrF4, ZrCl4, ZrBr4, ZrI4 എന്നിവ. കാർബൺ – സിർക്കോണിയം ബന്ധനമുള്ള ആദ്യത്തെ അറിയപ്പെടുന്ന സംയുക്തമാണ് സിർക്കോനോസീൻ ഡൈബ്രോമൈഡ്.

സിർക്കോണിയം ഉത്പാദനത്തിൽ വന്ന മാറ്റം | കടപ്പാട് വിക്കിപീഡിയ

ഉപയോഗങ്ങൾ

    • സിർക്കോണിയം ന്യൂട്രോണുകളെ ആഗിരണം ചെയ്യില്ല. അതു കൊണ്ട് തന്നെ ഇത് ന്യൂക്ലിയർ പവർ സ്റ്റേഷനുകളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഒരു വസ്തുവാണ്. 90% സിർക്കോണിയവും ഈ രീതിയിൽ ഉപയോഗിക്കുന്നു. പക്ഷേ, ഇത്തരത്തിൽ ഉപയോഗിക്കുന്ന സിർക്കോണിയം, ഹാഫ്നിയത്തിൽ നിന്ന് മുക്തമായിരിക്കണം. ന്യൂക്ലിയർ റിയാക്ടറുകൾക്ക് 100,000 മീറ്ററിൽ കൂടുതൽ സിർക്കോണിയം ലോഹസങ്കര ട്യൂബിംഗ് ഉണ്ടാകും. സിർക്കോണിയം ലോഹത്തിന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന നേർത്ത ഓക്സൈഡ് പാളി ഇതിനെ നാശനത്തിൽ നിന്ന് പ്രതിരോധിക്കാൻ ശക്തിയുള്ളതാക്കുന്നു. ഇക്കാരണത്താൽ രാസ വ്യവസായം ഇതിനെ വ്യാപകമായി ഉപയോഗിക്കുന്നു. അൾട്രാസ്ട്രോംഗ് സെറാമിക്സിൽ സിർക്കോണിയം (IV) ഓക്സൈഡ് ഉപയോഗിക്കുന്നു. ചൂട് – ഷോക്ക് എന്നിവ നേരിടാൻ കഴിയുന്ന ക്രൂസിബിളുകൾ , ചൂള ലൈനിംഗ്, ഗ്ലാസ് സെറാമിക്സ് വ്യവസായങ്ങൾ എന്നീ ഇടങ്ങളിലെല്ലാം ഇതുപയോഗിക്കുന്നു.
      നിയോബിയത്തിനൊപ്പം, സിർക്കോണിയം കുറഞ്ഞ താപനിലയിൽ സൂപ്പർ കണ്ടക്റ്റീവ് ആകുന്നതു കൊണ്ട്, സൂപ്പർ കണ്ടക്റ്റിംഗ് കാന്തങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.
ന്യൂക്ലിയർ റിയാക്ടറുകളിൽ സിർക്കോണിയം ലോഹസങ്കരം ഉപയോഗിക്കുന്നു | കടപ്പാട് : Framatome
  • സൗന്ദര്യ വർദ്ധക വസ്തുക്കൾ ആന്റിപെർസ്പിറന്റുകൾ, ഫുഡ് പാക്കേജിംഗ്, മൈക്രോവേവ് ഫിൽട്ടറ്ററുകൾ എന്നിവയിലും ഇവ ഉപയോഗിക്കുന്നു. സിർക്കോൺ, വനേഡിയം അല്ലെങ്കിൽ പ്രസിയോഡൈമിയം കലർത്തി മൺപാത്രങ്ങൾ തിളങ്ങുന്നതിനുള്ള ചായക്കൂട്ട് നിർമ്മിക്കുവാൻ ഉപയോഗിക്കുന്നു.
  • ശസ്ത്രക്രിയ ഉപകരണങ്ങൾ, ടെലിവിഷൻ ഗ്ലാസ്, വാക്വം ട്യൂബുകളിൽ നിന്ന് ശേഷിക്കുന്ന വാതകങ്ങൾ നീക്കം ചെയ്യൽ,   സ്റ്റീൽ പോലുള്ള ലോഹസങ്കരങ്ങളിൽ കാഠിന്യം വർദ്ധിപ്പിക്കൽ എന്നീ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു.
  • സിർക്കോണിയം  പൊടിക്ക് സ്വമേധയാ കത്താനുള്ള കഴിവുള്ളതുകൊണ്ട് , അത് ചിലപ്പോൾ സ്ഫോടകവസ്തുക്കളുടെ നിർമ്മാണത്തിലും  ഉപയോഗിക്കുന്നു.
  • സിർക്കോൺ, .ക്യുബിക് സിർക്കോണിയ എന്നിവ കുറഞ്ഞ ചിലവിൽ വജ്രത്തിന് പകരമായി ഉപയോഗിക്കുന്നു .
    കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാൻ ലിഥിയം സിർക്കോണേറ്റ് ഉപയോഗിക്കാം. അന്തരീക്ഷത്തിലേക്ക് CO2 വിടുന്നതിനെക്കുറിച്ചുള്ള പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്നതിന് ഈ രീതി ഉപയോഗപ്രദമാകും. സിർക്കോണിയം സീഗ്ലർ- നാറ്റ ഉൾപ്രേരകങ്ങളുടെ (Zeigler – Natta catalyst) ഒരു ഘടകമാണ്. (C2H5)2ZrHCl എന്ന സൂത്രവാക്യത്തോടു കൂടിയ രാസസംയുക്തത്തിന്റെ  പൊതുവായ പോരാണ് Schwartz reagent (സിർക്കോനോസീൻ ഹൈഡ്രോക്ലോറൈഡ്). ആൽക്കീനുകളുടെയും ആൽക്കൈനുകളുടെയും വിവിധ പരിവർത്തനങ്ങൾക്ക് ഇതുപയോഗിക്കുന്നു.

    Schwartz reagent – സിർക്കോനോസീൻ ഹൈഡ്രോക്ലോറൈഡ്
  • വൈദ്യശാസ്ത്രത്തിൽ സിർക്കോണിയം സംയുക്തങ്ങളുടെ ഉപയോഗം കൃത്രിമ ശ്രാണീഫലകം (hip bone) നിർമ്മിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ചു. ടൈറ്റാനിയം അലൂമിനിയം എന്നിവയ്ക്കു പകരമായി ഇത്തരത്തിൽ ഉപയോഗിക്കുന്ന സിർക്കോണിയം മനുഷ്യ ശരീരവുമായി കൂടുതൽ പൊരുത്തപ്പെടുന്നതും യോജിച്ചു പോകുന്നതുമാണ്. ദന്ത മേഖലയിൽ യിട്രിയം – സിർക്കോണിയം സംയുക്തങ്ങൾ ഉപയോഗിച്ചു വരുന്നു.

ജൈവീകപങ്ക്
ഇതിന് വളരെ കുറഞ്ഞ വിഷാംശം ഉണ്ട്. അൽപസമയത്തേക്ക് സിർക്കോണിയം പൊടിയുമായി സമ്പർക്കത്തിൽ വന്നാൽ അത് ചെറിയ അസ്വസ്ഥതയ്ക്ക് കാരണമാകും. സിർക്കോണിയം സംയുക്തങ്ങൾ ശ്യസിക്കുന്നത് ത്വക്കിലും ശ്വാസകോശത്തിലും ഗ്രാന്യുളോമ ഉണ്ടാകുന്നതിന് കാരണമാകുന്നു. മനുഷ്യൻ പ്രതിദിനം 50 മൈക്രോഗ്രാം സിർക്കോണിയം  കഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ആഗിരണം ചെയ്യപ്പെടാതെ ദഹന വ്യവസ്ഥയിലൂടെ കടന്നു പോകുന്നു.

Happy
Happy
0 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
33 %

Leave a Reply

Previous post സ്റ്റെല്ലേറിയം – ഭാഗം 1
Next post ഗോമൂത്രത്തിലെ സ്വർണ്ണം
Close