Read Time:18 Minute

ശ്രേയ പി

അസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം എസ്.എൻ.കോളേജ്, കണ്ണൂർ

ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ഗാലിയത്തെ പരിചയപ്പടാം.

വെള്ളി നിറമുള്ള രണ്ടു സ്പൂണുകൾ  ചൂടു വെള്ളത്തിൽ ഇട്ടാൽ  ഒന്ന്  ഉരുകി  പോകുന്നത് എന്തുകൊണ്ട്  എന്ന്  ഏതൊരാളെയും    ഒന്ന്  ചിന്തിപ്പിക്കുന്ന  ഒരു  രസതന്ത്ര  കുസൃതി   ചോദ്യം, കേൾക്കാത്തവർ ചുരുക്കമായിരിക്കും    ഉരുകിയ സ്പൂൺ ഗാലിയം  നിർമിതമായിരിക്കും എന്നാണ് ഉത്തരംഇവിടെ നിന്ന് തുടങ്ങാം ഗാലിയത്തിൻറെ വിശേഷങ്ങളിലേക്ക്ഗാലിയത്തിൻറെ   ദ്രവണാങ്കം ശരീരതാപനിലയുടെ അടുത്തായതിനാൽ  നമ്മുടെ   കൈവെള്ളയിൽ   വെച്ചാൽ  തന്നെ  അത്  ഉരുകി പോകുന്നു, എന്നാൽ  ഉരുകിയ  ഗാലിയം  ആവട്ടെ  ഒരു ഗ്ലാസ്  പാത്രത്തിലോ ലോഹ പാത്രത്തിലോ  അടച്ചുസൂക്ഷിക്കാനും കഴിയില്ല,   കാരണം     അത് ഖര അവസ്ഥയിലേക്ക് മാറുമ്പോൾ വികസിക്കുന്നതിനാൽ സൂക്ഷിച്ച പാത്രം  പൊട്ടി പോവുന്നു. വേറൊരു     ലോഹത്തിൻറെ അടുത്തെങ്ങാനും വെച്ചാലോ അവയുടെ  ലോഹ ഘടനയിലേക്ക് വ്യാപിച്ച് അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തിരി വിക്രിയത്തരങ്ങളും  അതോടൊപ്പം അതിശയകരമായ അനവധി ഉപയോഗങ്ങളും  ഉള്ള ലോഹമാണ് ഗാലിയം.  അതിവേഗ ഇൻറർനെറ്റ്, സ്മാർട്ട് ഫോൺ മുതലായവ ദൈനംദിന ജീവിതത്തിൻറെ   ഭാഗമായി മാറിയതിൽ ഗാലിയത്തിൻറെ പ്രാധാന്യം മഹത്തരമാണ്.

എക്കാ അലൂമിനിയം ഗാലിയം ആയി മാറിയ കഥ

ഭൂവല്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മുപ്പത്തിനാലാമത്തെ  മൂലകമായ ഗാലിയത്തെ പ്രകൃതിയിൽ സ്വതന്ത്രമായി കാണാറില്ല. മറിച്ച് ഗാലിയം സംയുക്തങ്ങളായിട്ടു സിങ്കിന്റെയും അലുമിയത്തിന്റെയും അയിരുകളിലും കൽക്കരിയിലുമൊക്കെയാണ് കണ്ടുവരുന്നത്.  ആവർത്തനപ്പട്ടികയിൽ അലുമിയത്തിനു താഴെയായി മുപ്പത്തിയൊന്നാം നമ്പർ കാരനായ്‌ വരേണ്ട ഈ മൂലകത്തെ ആദ്യമായ് (1871 ൽ) പ്രവചിച്ചത്ആ വർത്തനപ്പട്ടികയുടെ സ്രഷ്ടാവും റഷ്യൻ രസതന്ത്രജ്ഞനുമായ  ദിമിത്രി മെൻഡലീഫ് ആണ്. അലുമിനിയത്തിനു സമാനമായ രാസഗുണങ്ങൾ ഉണ്ടായിരിക്കണമെന്നു  സൂചിപ്പിച്ച് അദ്ദേഹം സാങ്കൽപ്പിക മൂലകത്തിന് എക-അലുമിനിയം എന്ന് പേരിട്ടു.

പിന്നീട് 1875 ൽ ഫ്രഞ്ച് രസതന്ത്രജ്ഞനായ പോൾ-എമിലെ ലെക്കോക് ഡി ബോയിസ്ബഡ്രനാണ് ഈ മൂലകം ആദ്യമായി കണ്ടെത്തിയത്. 15 വർഷത്തോളം രാസമൂലകങ്ങളുടെ സ്പെക്ട്രത്തെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്ന അദ്ദേഹം അലൂമിനിയത്തിൻറെ സ്വഭാവവിശേഷങ്ങ1ളടങ്ങിയ മൂലകം സിങ്ക് അയിരുകളിൽ കാണാമോ എന്ന സാധ്യതാപഠനം, സ്പെക്ട്രോസ്കോപ്പ് ഉപയോഗിച്ച്  പരിശോധിക്കുമ്പോൾ ആയിരുന്നു ഈ കണ്ടെത്തൽ. പുതിയ മൂലകത്തിന്റെ സ്പെക്ട്രം ഇടുങ്ങിയതും എളുപ്പത്തിൽ  കാണാവുന്നതുമായ വയലറ്റ് രശ്മികൾ ചേർന്നതാണെന്ന് അദ്ദേഹം ആദ്യമായി  റിപ്പോർട്ട് ചെയ്തു.

ഗാലിയത്തിന്റെ സ്പെക്ട്രം

ആ വർഷത്തിന്റെ അവസാനത്തിൽ തന്നെ പൊട്ടാസ്യംഹൈഡ്രോക്സൈഡിന്റെയും (KOH), ഗാലിയംഹൈഡ്രോക്സൈഡിന്റെയും (Ga(OH)3)  മിശ്രിതത്തിൽ കൂടി വൈദ്യുതവിശ്ലേഷണം നടത്തി അദ്ദേഹം ആദ്യമായി ശുദ്ധമായ ഗാലിയം വേർതിരിച്ചെടുത്തു. ഖനിത്തൊഴിലാളികൾ അദ്ദേഹത്തിന് ഗവേഷണത്തിനായി നൽകിയ നിരവധി ടൺ സിങ്ക് അയിരിൽ നിന്ന് ഏതാനും ഗ്രാം ശുദ്ധമായ ഗാലിയം ഉത്പാദിപ്പിക്കാനും  അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന്, ഗാലിയത്തിന്റെ ഏറിയപങ്കും ഈ സിങ്കിന്റെയും അലുമിയത്തിന്റെയും അയിരുകളിൽ നിന്ന് നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വേർതിരിച്ചെടുക്കുന്നത്

 ഇന്ന് ഗാലിയത്തിന്   അറിയപ്പെടുന്ന മുപ്പത്തിയൊന്നു  ഐസോടോപ്പുകളുണ്ട്, അവ 56 മുതൽ 86 വരെ പിണ്ഡമുള്ളവയാണ്.  അതിൽ ഗാലിയം 69 ഗാലിയം 71 എന്നീ രണ്ട് ഐസോടോപ്പുകൾ മാത്രമാണ് സ്ഥിരതയുള്ളത്, സ്വാഭാവിക ഗാലിയം ഇവയുടെ മിശ്രിതങ്ങളാണ്. മറ്റെല്ലാ ഐസോടോപ്പുകളും റേഡിയോ ആക്റ്റീവ് ആണ്.

സ്വഭാവസവിശേഷതകൾ

ഗാലിയത്തിന് ശ്രദ്ധേയമായ ചില സ്വഭാവസവിശേഷതകൾ ഉണ്ട്. അവ ചുവടെ സംഗ്രഹിച്ചിരിക്കുന്നു:

  • ഗാലിയത്തിന് നീലയോടു കൂടിയ ചാര നിറമാണ്, എന്നാൽ തനി  ശുദ്ധമായ (അൾട്രാപ്യുവർ) ഗാലിയത്തിന് മനോഹരമായ, വെള്ളി   നിറവും ആണ്.
  • ഗാലിയത്തിന്റെ  ദ്രവണാങ്കം (Melting point)302.9146K(29.76°C)) അന്തരീക്ഷ  താപനിലയുടെ അടുത്തായതിനാൽ  ആണ് കൈവെള്ളയിൽ വച്ചാൽ തന്നെ ഉരുകുന്നത് .
  • .ഗാലിയത്തിന്റെ തിളനില (Boiling Point)2673K(2400°C) അതിന്റെ  ദ്രവണാങ്കത്തേക്കാൾ കേവല സ്കെയിലിൽ  എട്ട് മടങ്ങ്  കൂടുതലാണ് – ഏതൊരു മൂലകത്തിന്റെയും  ദ്രവണാങ്കവും തിളനിലയും തമ്മിലുള്ള ഏറ്റവും  വലിയ അന്തരം ആണ് ഇത് .
  • ദ്രാവക  രൂപത്തിലുള്ള   ഗാലിയം ഖര രൂപത്തിലേക്ക്   മാറുമ്പോൾ ലോഹം 3.1 ശതമാനം    വികസിക്കുന്നതിനാൽ ആണ് ഗ്ലാസ്   അല്ലെങ്കിൽ ലോഹ പാത്രങ്ങളിൽ സൂക്ഷിച്ചാൽ   അവ പൊട്ടിപ്പോകുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക്  കവറുകളിൽ ആണ് സാധാരണ ഗാലിയം സൂക്ഷിച്ചു വെക്കുന്നത് .
  • ഗാലിയം വേറൊരു ലോഹത്തിന്റെ ഘടനയിലേക്കു എളുപ്പത്തിൽ വ്യാപിക്കുന്നതിനാൽ  നിരവധി ലോഹങ്ങളുള്ള ഒരു ലോഹസങ്കരം  ആയി പരിവർത്തനം ചെയ്യാൻ കഴിയും
  • ഗാലിയത്തിന്റെ മറ്റൊരു അസാധാരണ സ്വഭാവം, അത് വളരെ എളുപ്പത്തിൽ സൂപ്പർകൂൾ ചെയ്യാൻ കഴിയും എന്നതാണ്. ഒരു വസ്തുവിനെ അതിന്റെ ദ്രവീകരണ സ്ഥാനത്തിന് താഴെയായി, ഖരരൂപമാക്കി മാറ്റാതെ തന്നെ ദ്രാവക  അവസ്ഥയിൽ സ്ഥിതി  ചെയ്യുന്നതിനെയാണ് സൂപ്പർ കൂളിംഗ് എന്ന് വിളിക്കുന്നത്.
  • ഇത് വായുവിലും വെള്ളത്തിലും സ്ഥിരതയുള്ളതാണ്, പക്ഷേ പ്രതിപ്രവർത്തിച്ച് ആസിഡുകളിലും ക്ഷാരങ്ങളിലും ലയിക്കുന്നു..
  • ദ്രാവകരൂപത്തിലുള്ള  ഗാലിയത്തിന് ശരീര ചർമത്തിലും , ഗ്ലാസ്സിലും എളുപ്പം ഒട്ടിപ്പിടിക്കുന്ന സ്വഭാവവുമുണ്ട്..
കടപ്പാട് : Scienceinfo.net

ഗാലിയത്തിന്റെ ഉപയോഗങ്ങൾ

ഗാലിയത്തിന്റെ ഗണ്യമായ ഉപയോഗങ്ങൾ ലോഹത്തിന്റെ അതുല്യമായ ഭൗതിക സവിശേഷതകളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അതിന്റെ ചില സംയുക്തങ്ങളുടെ പ്രത്യേക  രസതന്ത്രത്തെ അടിസ്ഥാന മാക്കിയുള്ളതാണെന്നത് ഒരു വിരോധാഭാസമാണ്.

അർദ്ധചാലകങ്ങൾ

ആവർത്തനപ്പട്ടികയിലെ അഞ്ചാം ഗ്രൂപ്പ്  മൂലകങ്ങളുമായി ഗാലിയം ഉണ്ടാകുന്ന സംയുക്തങ്ങൾ  മികച്ച അർധചാലകങ്ങളാണെന്ന് ജർമൻ ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചതോടു കൂടി ഇലക്ട്രോണിക്  യുഗത്തിൽ ഗാലിയം ഒരു നാഴികക്കല്ലായി മാറുകയായിരുന്നു. കാരണം അതുവരെ അർദ്ധചാലകങ്ങൾ എന്ന നിലയിൽ ആധിപത്യം പുലർത്തിയിരുന്ന സിലിക്കൺ , ജെർമേനിയം മുതലായ  മൂലകങ്ങളേക്കാൾ ആയിരം മടങ്ങു മികച്ചതായിരുന്നു ഗാലിയം സംയുക്തങ്ങൾ .ഇവയിൽ ഏറ്റവും പ്രധാനം ആന്റിമണി, ആർസെനിക് അല്ലെങ്കിൽ ഫോസ്ഫറസ് എന്നിവയുമായുള്ള ഗാലിയത്തിന്റെ സംയുക്തങ്ങളാണ്.  മികച്ച അർധചാലകങ്ങളുടെ വരവോടു കൂടി ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ ഉണർവ് സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ അനവധിയാണ് , കാരണം ഡയോഡുകൾ , ട്രാൻസിസ്റ്ററുകൾ, ലേസർ ഡയോഡുകൾ, ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ, സോളാർ പാനലുകൾ തുടങ്ങി നിരവധി ഇലക്ട്രോണിക്  ഭാഗങ്ങളുടെ നിർമ്മാണത്തിൽ ഈ സംയുക്തം ആണ് ഉപയോഗിക്കുന്നത്. .സൗരോർജത്തെ രാസോർജ്ജമാക്കി മാറ്റാൻ ഗാലിയം ആർസെനൈഡ് (GaAs) ഉപയോഗിച്ച് കൊണ്ടുള്ള നേർത്ത-ഫിലിം സോളാർ സെല്ലുകൾക്കു കഴിയും. ലബോറട്ടറി പരിതസ്ഥിതിയിൽ ഏകദേശം 30 ശതമാനം കാര്യക്ഷമതയിലെത്തിയിട്ടുണ്ടെങ്കിലും അവ നിർമ്മിക്കാൻ വളരെ ചെലവേറിയതുകൊണ്ട്  ബഹിരാകാശ പേടകങ്ങളിലും ഉപഗ്രഹങ്ങളിലും മാത്രം ആണ് കൂടുതലും ഉപയോഗിക്കുന്നത്. അർദ്ധചാലകങ്ങളായ ഗാലിയം നൈട്രൈഡ്, ഇൻഡിയം ഗാലിയം നൈട്രൈഡ് എന്നിവ പല വർണ്ണങ്ങളിലുള്ള ലൈറ്റ് എമിറ്റിംഗ് ഡയോഡുകളിലാണ് ഉപയോഗിക്കുന്നത്. 

കടപ്പാട്: വിക്കിപീഡിയ

ഗാലിയം ആർസെനൈഡ് (Ga-As)   സംയുക്തങ്ങളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ലോകമെമ്പാടും ഉപയോഗിക്കുന്ന ഗാലിയം ആർസെനൈഡ് ,   വാർഷിക ആഗോള ഗാലിയം ഉപഭോഗത്തിന്റെ ഏകദേശം 95% വരും . ഗാലിയം ആർസെനൈഡ് (GaAs) ഉപഭോഗത്തിലെ സമീപകാല വർദ്ധനവ് 3G , 4G സ്മാർട്ട്ഫോണുകളുടെ ആവിർഭാവവുമായി ബന്ധപ്പെട്ടതാണ്, ഇതിൽ  പഴയ മോഡലുകളേക്കാൾ 10 മടങ്ങ് കൂടുതൽ Ga-As ഉപയോഗിക്കുന്നുണ്ട്. കൂടാതെ നിരവധി സെൻസറുകളിലും ഗാലിയം ആർസെനൈഡ് (Ga-As) സംയുക്തങ്ങളാണ് ഉപയോഗിക്കുന്നത്.

വൈദ്യശാസ്ത്രം

സാങ്കേതികരംഗത്ത് മാത്രമല്ല  വൈദ്യശാസ്ത്ര രംഗത്തും ഗാലിയം വളരെയധികം പ്രയോജനം ചെയ്യുന്നു . ഗാലിയം മനുഷ്യ ശരീരത്തിൽ വളരെ ചെറിയ അളവിൽ മാത്രമേ കണ്ടെത്താൻ കഴിയുള്ളുവെങ്കിലും, ഇത് ശരീരത്തെ   ദോഷകരമായി ബാധിക്കുന്നു എന്നതിനു    തെളിവുകളൊന്നുമില്ല. വാസ്തവത്തിൽ, ഗാലിയം (III) സംയുക്തം   പല ഫാർമസ്യൂട്ടിക്കലുകളിലും ഹൈപ്പർകാൽസീമിയയ്ക്കുള്ള    ചികിത്സയ്ക്ക്   മരുന്നായി  ഉപയോഗിക്കുന്നുണ്ട്. രക്തത്തിൽ കാൽസിയത്തിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഹൈപ്പർ കാൽസീമിയ.  മിക്കവാറും വ്യക്തികൾക്കു പലതരം കാൻസർ ഉണ്ടാകുമ്പോൾ ഈ അവസ്ഥ സംജാതമാവാം,  ഇതിനു ഫലപ്രദമായി ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ഗാനയിറ്റ് എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഗാലിയം നൈട്രൈറ്റ്. ഗാലിയത്തിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ്   പലതരം ക്യാൻസറുകളുടെ നിർണയത്തിനും ചികിത്സയ്ക്കും സഹായിക്കുന്നു. റേഡിയോ ആക്റ്റീവ് ഐസോടോപ്പായ ഗാലിയം 67, ഗാലിയം 68 എന്നിവ ഗാലിയംസിട്രേറ്റ്, ഗാലിയംനൈട്രൈറ്റ് ലവണങ്ങളുടെ രൂപത്തിലാണ് മരുന്നുകളായി  ഉപയോഗിക്കുന്നത് . റേഡിയോ ആക്റ്റീവ് മരുന്നുകളിൽ നിന്നും ബഹിർഗമിക്കുന്ന വികിരണങ്ങളെ അടിസ്ഥാനമാക്കി ലഭിക്കുന്ന ചിത്രത്തെ ഗാലിയം സ്കാൻ ഇമേജ് എന്നുപറയുന്നു. ശരീരത്തിലെ ചിലതരം കാൻസർ, വീക്കം, അണുബാധ (പ്രത്യകിച്ചും വിട്ടുമാറാത്ത പനിയുടെ കാരണമായേക്കാവുന്ന പഴക്കമുള്ള  അണുബാധകൾ) എന്നിവ കണ്ടെത്താൻ ഗാലിയം സ്കാൻ ഇപ്പോഴും ഉപയോഗിക്കുന്നു. 

ഗാലിയം സംയുക്തങ്ങൾ ചെറിയ അളവിൽ ശരീരത്തിന് ദോഷകരമല്ലെങ്കിലും, ചിലസംയുക്തങ്ങൾ വളരെ അപകടകരമാണ് ,ഗാലിയം (III ) ക്ലോറൈഡുമായിട്ടുള്ള  സമ്പർക്കവും അത് ഉൽപാദിപ്പിക്കുന്ന പുക ശ്വസിക്കുന്നതും തൊണ്ടയിൽ അസ്വസ്ഥത , നെഞ്ചുവേദന തുടങ്ങിയ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കും.

ഗാലിയത്തിന്റെ  ലോഹസങ്കരം 

വഴക്കമുള്ളതും വലിച്ചു നീട്ടാവുന്നതുമായ ഗാലിയം അടങ്ങിയ ലോഹസങ്കരങ്ങൾ  (Gallium alloy paste) ഇലക്ട്രോണിക്സ് രംഗത്ത് പുതിയ നിരവധി സാധ്യതകൾ ആണ് തുറന്നു തരുന്നത് . ഇവ ഉപയോഗിച്ച് വസ്തുക്കളുടെ  ത്രിമാന ചിത്രങ്ങൾ കിട്ടുന്ന കാലം അതി വിദൂരമല്ലാതായി കൊണ്ടിരിക്കുകയാണ് . കൂടാതെ വിഷാംശം കുറഞ്ഞതും നല്ല ചാലകതയുള്ളതും വില കുറഞ്ഞതുമായതിനാൽ ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ് വിപണിയിലും  ഇവയുടെ ഉപയോഗം കുതിച്ചു കൊണ്ടിരിക്കുകയാണ്. ചുരുട്ടിയും മടക്കിയും വയ്ക്കാവുന്ന ദൃശ്യോപകരണങ്ങൾ , വൈദ്യുതചാലക തുണിത്തരങ്ങൾ, ടോർക്ക്, മർദ്ദം എന്നിവയ്ക്കനുസരിച്ച് പ്രവർത്തിക്കുന്ന സെൻസറുകൾ എന്നിവ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങൾ വിപണന  മേഖലയിൽ എത്തിയിരിക്കുന്നതിൽ ഗാലിയം  അലോയ് കളുടെ   പങ്ക് വലുതാണ്.

ഇന്ന് ഏറ്റവും  കൃത്യതയോടു കൂടി കുട്ടികളിലെ പനി അളക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഗാലിൻസ്റ്റാൻ തെർമോമീറ്ററിൽ,  ഗാലിയം, ഇൻഡിയം, ടിൻ എന്നിവ അടങ്ങിയ ലോഹസങ്കരമാണ്. ദ്രവണാങ്കം −19 ° C (.22.2° F) ). ഗാലിയം ഉപയോഗിച്ച് കുറഞ്ഞ ദ്രവണാങ്കങ്ങളുള്ള ലോഹസങ്കരം  ഉണ്ടാക്കാൻ എളുപ്പത്തിൽ കഴിയുന്നതിനാൽ മെർക്കുറി ഇല്ലാത്ത വിഷരഹിതവും പരിസ്ഥിതി സൗഹൃദ പരവുമായ തെർമോമീറ്റർ ഉണ്ടാക്കുന്നതിനു വേണ്ടി ഗാലിയം ആണ്  ഏറെയും ഉപയോഗിക്കുന്നത് .

കണ്ണാടി

ഗ്ലാസ്സിലോ സിറാമിക്‌സിലോ  ഗാലിയം പൂശിയാൽ മിഴിവുള്ള, ആകർഷകമായ   കണ്ണാടി സൃഷ്ടിക്കാൻ കഴിയും ‌ 

ന്യൂട്രിനോ പരീക്ഷണം

ഗാലിയം-ജർമ്മനിയം ന്യൂട്രിനോ ടെലിസ്കോപ്പു  ഉപയോഗിച്ചു കൊണ്ടാണ് ആദ്യകാലത്തു സൗരോർജ്ജ ന്യൂട്രിനോ പ്രവാഹം അളന്നിരുന്നത്. ഇതിനു വേണ്ടി    പ്രമുഖ ഭൗതികശാസ്ത്രജ്ഞരുടെ സഹകരണത്തോടെ രൂപം കൊണ്ട SAGE (സോവിയറ്റ്-അമേരിക്കൻ ഗാലിയം പരീക്ഷണം)നു വേണ്ടി റഷ്യയിലെ കോക്കസസ് പർവതനിരകളിലെ ബക്സൻ ന്യൂട്രിനോ പരീക്ഷണശാലയിൽ 50-57 ടൺ ദ്രാവക ഗാലിയം 2100 മീറ്റർ ഭൂമിക്കടിയിൽ സംഭരിച്ചിരുന്നു..

കടപ്പാട്‌: pixdaus.com

ഗാഡോലിനിയം ഗാലിയം ഗാർനെറ്റ്

ഗാഡോലിനിയവും  ഗാലിയവും അടങ്ങിയ  ഗാർനെറ്റ് (ഒരു വിഭാഗം സിലിക്ക ധാതു )   വര്ഷങ്ങളായി സ്വാഭാവിക വജ്രങ്ങളെ വെല്ലുന്ന കൃത്രിമ വജ്രങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ച് വരുന്നു. കൂടാതെ മാഗ്നെറ്റോ -ഒപ്റ്റിക്കൽ ഫിലിമുകളുടെ (മാഗ്നറ്റിക് ബബിൾ മെമ്മറി )  നിർമാണത്തിലും ഇവ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നു.

കടപ്പാട് : pinterest.com

സമ്പന്നമായ ചരിത്രമുള്ള, സ്വഭാവസവിശേഷതകളുള്ള  ശ്രദ്ധേയമായ ഉപയോഗങ്ങളുള്ള, ഭാവി ശോഭനം ആക്കുന്നതിൽ ഇനിയും ഏറെ പ്രതീക്ഷയുള്ള  ലോഹങ്ങളിലൊന്നാണ് ഗാലിയം എന്നതിൽ ഒരു സംശയവുമില്ല

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നാഗം ശലഭമായതല്ല നാഗ ശലഭം
Next post നിങ്ങളുടെ പ്രദേശം 750 ദശലക്ഷം വർഷം മുമ്പ് എവിടെയായിരുന്നെന്ന് കാണാം
Close