Read Time:6 Minute

ധന്യ സി

ഹൈസ്കൂള്‍ ടീച്ചര്‍, ഇ.എം.എസ്.ജി.എച്ച്. എസ്. എസ് പെരുമണ്ണ

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പത്താം ദിവസമായ ഇന്ന് നിയോണിനെ പരിചയപ്പെടാം.

ഞാൻ നിയോൺ.ഇത്തരം പരസ്യബോര്‍ഡുകള്‍ കണ്ടിട്ടില്ലേ ? ഈ ബോര്‍ഡുകള്‍ ഇങ്ങനെ പ്രകാശിക്കുന്നത് ഞാന്‍ കാരണമാണ്. നിങ്ങളുടെ പേരോ ഏതെങ്കിലും വാക്കോ ഒക്കെ പ്രകാശിപ്പിക്കുന്ന ഞാനാണ് നിയോണ്‍. എന്നെക്കുറിച്ചറിയേണ്ടേ ?

ത്കൃഷ്ടവാതകങ്ങള്‍ എന്നും അലസവാതകങ്ങള്‍ എന്നും അറിയപ്പെടുന്ന 18ാം ഗ്രൂപ്പു മൂലകങ്ങളില്‍ രണ്ടാമത്തെ മൂലകമാണ് നിയോണ്‍. പുതിയത് എന്നര്‍ത്ഥം വരുന്ന നിയോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് നിയോണിന് ആ പേര് ലഭിച്ചത്. ലഭ്യതയില്‍ പ്രപഞ്ചത്തില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന നിയോണ്‍, ഭൗമാന്തരീക്ഷത്തില്‍ 18ppm (Parts per Million) അളവിലുണ്ട്.

നിയോണ്‍ കണ്ടുപിടിത്തം – ചരിത്രപശ്ചാത്തലം

1898ല്‍ സ്കോട്ടിഷ് രസതന്ത്രജ്ഞനായ വില്യം റാംസെ, ഇംഗ്ലീഷ് രസതന്ത്രജ്ഞനായ മോറിസ് ട്രാവേഴ്സ് എന്നിവര്‍ സംയുക്തമായി ദ്രവീകൃത ആര്‍ഗണിന്റെ ബാഷ്പീകരണം വഴി ക്രിപ്റ്റൊണ്‍ വാതകത്തെ വേര്‍തിരിച്ചെടുക്കാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ആര്‍ഗണിനു മുകളിലായി അതിനെക്കാള്‍ ഭാരം കുറഞ്ഞ ഒരു മൂലകം ഉണ്ടായിരിക്കുമെന്ന് വില്യം റാംസേ ശക്തമായി വിശ്വസിച്ചു. 18ാം ഗ്രൂപ്പു മൂലകങ്ങളില്‍ ഹീലിയത്തിനും, ആര്‍ഗണിനും ഇടയില്‍ യോഗ്യമായ സ്ഥാനത്ത് ഒരു മൂലകത്തെ പ്രതീക്ഷിച്ചുകൊണ്ട് അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ആര്‍ത്തിച്ചു നടത്തിയ പരീക്ഷണങ്ങളില്‍, കുറഞ്ഞ മര്‍ദ്ദത്തില്‍ ഖര ആര്‍ഗണ്‍ ബാഷ്പീകരണത്തിനു വിധേയമാക്കി, ആദ്യം പുറത്തു വന്ന വാതകത്തെശേഖരിച്ചു. ഇത്തവണ അവരുടെ പരിശ്രമം വിജയം കണ്ടു. അറ്റൊമിക സ്പെക്ട്രോമീറ്ററില്‍ മിന്നുന്ന ചുവപ്പു തിളക്കംനല്‍കിയ വാതകത്തെഅവര്‍ പുതിയത് എന്നര്‍ത്ഥം വരുന്ന നിയോണ്‍ എന്നു വിളിച്ചു.

നിയോണ്‍ സവിശേഷതകള്‍

നിറമില്ലാത്ത, ഗന്ധമില്ലാത്ത, രാസപരമായി നിഷ്ക്രിയ സ്വഭാവം കാണിക്കുന്ന, അലോഹമൂലകമായ നിയോണ്‍, ദ്രവീകരിച്ച അന്തരീക്ഷ വായുവിന്റെ അംശിക സ്വേദനം വഴിയാണ് വേര്‍തിരിച്ചെടുക്കുന്നത്. ഈ പ്രക്രിയയില്‍ നിയോണിനൊപ്പം ഹീലിയത്തെകൂടി ലഭിക്കുന്നുവെങ്കിലും, ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ഉപയോഗിച്ച് ഹിലിയത്തെ നീക്കം ചെയ്യുന്നു. 16Ne മുതല്‍ 29Ne വരെ 14 ഐസോടോപ്പുകള്‍ ഈ മൂലകത്തിനുണ്ട് എങ്കിലും 20Ne (90.48%), 21Ne (0.27%),22Ne (0.25%) ഇവയാണ് പ്രകൃത്യാലുള്ള നിയോണ്‍ ഐസോടോപ്പുകള്‍. നിയോണ്‍ വാതകം നിറച്ച വാക്വം ടൂബിലൂടെ വൈദ്യുതി കടന്നുപോവുമ്പോള്‍ തിളങ്ങുന്ന ചുവപ്പുനിറത്തില്‍ പ്രകാശിക്കുന്നു. വിഷകരമല്ലാത്ത വാതകമാണ് നിയോണ്‍. ഡിസ്ചാര്‍ജ്ജ് ട്യൂബില്‍ ഓറഞ്ചു ചുവപ്പു പ്രകാശം നല്‍കുന്ന ഈ വാതകം, അലസവാതകങ്ങളില്‍ തന്നെ ഏറ്റവും ക്രിയാശീലം കുറഞ്ഞതാണ്. നിലവില്‍ നിയോണ്‍ സ്ഥിരതയുള്ള സംയുക്തങ്ങളെ രൂപീകരിച്ചിട്ടില്ല

നിയോണ്‍ ഉപയോഗങ്ങള്‍

  • ഉയര്‍ന്ന വോള്‍ട്ടത പ്രയോഗിക്കപ്പെടുമ്പോള്‍ നിയോണ്‍ ചുവപ്പു പ്രകാശം നല്‍കുന്നു. ഈ സവിശേഷത പ്രയോജനപ്പെടുത്തി നിയോണിനെ പരസ്യഫലകങ്ങളില്‍ ഉപയോഗിക്കുന്നു.പൊതുവേ ഇവ നിയോണ്‍ സൈന്‍സ് എന്നു വിളിക്കപ്പെടുന്നു.
  • ദ്രാവക നിയോണ്‍ റഫ്രിജറന്റ് ആയി ഉപയോഗിക്കപ്പെടുന്നു.  ദ്രാവകഹീലിയത്തേക്കാള്‍ 40 മടങ്ങും ദ്രാവക ഹൈഡ്രജനേക്കാള്‍ 3 മടങ്ങും ശീതീകരണ ഗുണം ദ്രാവക നീയോണിനുണ്ട്.
  • കുറഞ്ഞ അളവില്‍ മെര്‍ക്കുറി ചേര്‍ക്കപ്പെടുമ്പോള്‍ നിയോണ്‍ ഓറഞ്ച് ചുവപ്പ് നിറത്തില്‍ നിന്ന് മാറി നീല നിറം പ്രദാനം ചെയ്യുന്നു. മെര്‍ക്കുറി, നിയോണ്‍ അനുപാതം മാറുമ്പോള്‍ ഇത് മറ്റ് നിറങ്ങളും, ഷേഡുകളും നല്‍കുന്നു. ലാന്റ് സ്കേപിങ്ങ്, ഇന്റീരിയർ ഡിസൈന്‍ എന്നിവയില്‍ ഈ നിറങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.
  • അതിശൈത്യ പ്രദേശങ്ങളില്‍ വെളിച്ചം പ്രദാനം ചെയ്യാന്‍ അനുയോജ്യമായ വയാണ് നിയോണ്‍ ലൈറ്റുകള്‍.

നിയോണ്‍ അടിസ്ഥാന വിവരങ്ങള്‍

മൂലകം നിയോണ്‍
പ്രതീകം Ne
ഗ്രൂപ്പ് 18
പിരീയ‍ഡ് 2
ബ്ലോക്ക് P
അറ്റോമിക നമ്പര്‍ 10
അറ്റോമിക മാസ് 20.180
ഇലക്ട്രോണ്‍ വിന്യാസം [He] 2s2 2p6
ഭൗതികാവസ്ഥ വാതകം
സാന്ദ്രത 0.000825 g/cm3

നിയോൺ സംയുക്തങ്ങളെക്കുറിച്ചുള്ള ഡോ.റെജിമോൻ എഴുതുന്ന ലേഖനം

നിയോണും നിയോണ്‍ സംയുക്തങ്ങളും


അധികവായനയ്ക്ക് 

  1. Advanced Inorganic chemistry; cotton Albert E & Wilkinson Geoffery 6th  edn.
  1. Chemistry of the elements ;Green wood N N and Earnshaw A
  1. Inorganic chemistry; Housecroft E
  1. Catherine & Sharpe G, Alan 4th edn.
  2. www.rsc.org
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി
Next post നിയോണും നിയോണ്‍ സംയുക്തങ്ങളും
Close