ഇരുമ്പ് – ഒരു ദിവസം ഒരു മൂലകം

അജ്മൽ തയ്യുള്ളതിൽ

അസിസ്റ്റന്റ് പ്രൊഫസർ, ഗവ കോളേജ് മടപ്പള്ളി

ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ഇരുമ്പിനെ പരിചയപ്പടാം

രുക്ക്  മനുഷ്യൻ ”  “ഉരുക്ക് വനിത ”     “ഉരുക്ക് മുഷ്ഠി “-  കാഠിന്യത്തിന്റെ പര്യായമാണ്  ഇരുമ്പ് (ഉരുക്ക് ) എന്നതാണ് മേൽ പറഞ്ഞ വാക്യങ്ങൾ എല്ലാം സൂചിപ്പിക്കുന്നത്. അനേകം ലോഹങ്ങൾ  മനുഷ്യൻ കണ്ടെത്തുകയും വരുതിയിലാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും  മനുഷ്യജീവിതത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ലോഹം ഇല്ല എന്ന് തന്നെ പറയാം. ഗുഹകളിൽ  താമസിച്ചു്, കല്ലുകൾ കൊണ്ട് ആയുധങ്ങൾ നിർമിച്ചിരുന്ന ആദിമ മനുഷ്യനിൽ നിന്നും അംബരചുംബികളിൽ താമസിച്ച്, എണ്ണമറ്റ യന്ത്രസാമഗ്രികൾ നിർമിച്ച് സുഖ സൗകര്യങ്ങളോടെ ജീവിക്കുന്ന ആധുനിക മനുഷ്യനിലേക്കുള്ള മാറ്റത്തിനു പ്രധാന കാരണക്കാരൻ  മറ്റാരുമല്ല, സാക്ഷാൽ ഇരുമ്പ് തന്നെ. ഇന്ന് നാം സംസ്കരിച്ചെടുക്കുന്ന മൊത്തം ലോഹങ്ങളുടെ 90%വും  ഇരുമ്പാണ് എന്നത്  അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. കാഠിന്യവും തുച്ഛമായ വിലയും ഇരുമ്പിനെ മറ്റു ലോഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ചരിത്രം 

കോടാനുകോടി വർഷങ്ങൾക്കു മുമ്പ്  ഏതോ ഒരു സൂപ്പർനോവാ വിസ്ഫോടനത്തിന്റെ  അവശിഷ്ടങ്ങളിൽ നിന്ന് സൗരയൂഥം (ഒപ്പം ഭൂമിയും) പിറക്കുമ്പോൾ അതിൽ ഒരു മുഖ്യ ഘടകമായി  ഇരുമ്പും ഉണ്ടായിരുന്നു. അത്യാവശ്യം ക്രിയാശീലതയുള്ളതു കൊണ്ട് അത് ഓക്സിജനും മറ്റു മൂലകങ്ങളുമായി പ്രവർത്തിച്ച് ധാതു(Minerals)ക്കളായി മാറിഇന്ന് ഭൂവൽക്കത്തിൽ സമൃദ്ധിയുടെ കാര്യത്തിൽ ഓക്സിജനും, സിലിക്കണും, അലൂമിനിയവും കഴിഞ്ഞാൽ നാലാമത്തെ സ്ഥാനത്തു   നിൽക്കുന്ന  മൂലകമാണ് ഇരുമ്പ്. പ്രപഞ്ചം മൊത്തം പരിഗണിക്കുകയാണെങ്കിൽ ആറാം സ്ഥാനവും.

ഇങ്ങനെയൊക്കെയാണെങ്കിലും  ഭൂവല്ക്കത്തില്‍ ലോഹാവസ്ഥയില്‍ കാണപ്പെടാത്തതിനാല്‍, ചെമ്പ് , ഈയം തുടങ്ങിയ ലോഹങ്ങള്‍ കണ്ടെത്തി ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം മാത്രമാണ് മനുഷ്യൻ ഇരുമ്പ് സംസ്കരിച്ചെടുക്കാനും ഉപയോഗിക്കാനും തുടങ്ങിയത്. എപ്പോൾ മുതലാണ് എന്നതിനെ കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭ്യമല്ല. വളരെ പഴക്കമേറിയ ചെമ്പും  വെങ്കലവും കണ്ടെത്താൻ പുരാവസ്തു ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും തുരുമ്പിച്ചു പോകും എന്ന ദൂഷ്യം ഉള്ളത് കൊണ്ട് അധികം പഴക്കമുള്ള ഇരുമ്പിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് അതിന് കാരണം. എങ്കിലും  പുരാതന ശിലായുഗത്തിന് ശേഷം 9500 BC  മുതൽ മനുഷ്യൻ ചെമ്പും  പിന്നീട് ചെമ്പും ഈയവും ചേർന്ന വെങ്കലവും അതിന് ശേഷം മാത്രം ഇരുമ്പും ഉപയോഗിക്കാൻ തുടങ്ങി എന്നാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. എന്നാല്‍  AD പതിനേഴാം നൂറ്റാണ്ടോടു കൂടി മാത്രമാണ്  ഇരുമ്പ് മനുഷ്യന്റെ ആത്മമിത്രമായത്.

      ഇരുമ്പിന്റെ ചരിത്രം എന്നത് ഇരുമ്പിന്റെ വ്യത്യസ്ത രൂപങ്ങളുടെ ചരിത്രം കൂടിയാണ് . അതിലേക്കു കടക്കാം.

പച്ചിരുമ്പ് ( WROUGHT IRON )

  കാർബണിന്റെ അംശം വളരെ കുറഞ്ഞ വിഭാഗമാണ് പച്ചിരുമ്പ്. വളരെ മാർദ്ദവമേറിയതും എളുപ്പത്തിൽ അടിച്ചു പരത്താനും വലിച്ചു നീട്ടാനും  തുരുമ്പിക്കലിനെ നന്നായി പ്രതിരോധിക്കാനും കഴിയുന്നതാണ് പച്ചിരുമ്പ്. ബിസി 3000 മുതൽ 2700 വരെ മെസപ്പെട്ടോമിയയിലും അനാത്തോളയില്‍  (ഇന്നത്തെ തുർക്കി)ഹിറ്റയിറ്റുകള്‍  ബിസി 1500 -1200 കാലഘട്ടത്തിലും പച്ചിരുമ്പുണ്ടാക്കിയിരുന്നു എന്നാണ് ചരിത്രം. പിന്നീട് യൂറോപ്പിൽ  വ്യാപകമായി പച്ചിരുമ്പ് ഉപയോഗിക്കാൻ തുടങ്ങി. അതോടെ ഇരുമ്പ് യുഗത്തിന് ( Iron Age ) ആരംഭം കുറിച്ചു . ഇന്ത്യയിൽ അഥർവ വേദത്തിൽ പച്ചിരുമ്പിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 

കാസ്റ്റ് ഇരുമ്പ് (Cast Iron)

2 മുതൽ 4 വരെ ശതമാനം  കാർബൺ അടങ്ങിയതാണ് കാസ്റ്റ്  ഇരുമ്പ്. ഇതിന്റെ ദ്രവണാങ്കം (Melting point) താരതമ്യേന കുറവായതു കൊണ്ട് എളുപ്പത്തിൽ വ്യത്യസ്ത രൂപങ്ങൾ ഉണ്ടാക്കാൻ കഴിയും. പെട്ടെന്ന് തേയ്മാനം സംഭവിക്കാത്തത് കൊണ്ട് പണിയായുധങ്ങളും മറ്റുപകരണങ്ങളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. BC അഞ്ചാം നൂറ്റാണ്ടിലാണ് ചൈനയിൽ ആദ്യമായി കാസ്റ്റ്  ഇരുമ്പ് ഉണ്ടാക്കാൻ തുടങ്ങിയത്. പിന്നീട് യൂറോപ്യരും പച്ചിരുമ്പിൽ നിന്നും കാസ്റ്റ്  അയേൺ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കി. AD 1709    അബ്രഹാം ഡാബി I (Abraham  Darby I), കോക്ക് ഉപയോഗിച്ച്  കാസ്റ്റ്  അയേൺ ഉണ്ടാക്കാൻ കഴിയുന്ന ബ്ലാസ്റ്റ് ഫർനസ് (Blast  Furnace ) വികസിപ്പിച്ചു. അതോടുകൂടി വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഇരുമ്പ്  ഉണ്ടാക്കാൻ കഴിഞ്ഞു.

യഥാർത്ഥത്തിൽ ഈ കണ്ടുപിടുത്തമാണ് വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ചത്. 1778 ൽ ആദ്യത്തെ ഇരുമ്പു പാലം നിർമിച്ചു. തുടർന്ന് എത്ര എത്ര പാലങ്ങൾ, റെയിൽ പാളങ്ങൾ, കപ്പലുകൾ, ആവി യന്ത്രങ്ങൾ, മറ്റു വാഹനങ്ങൾ, അംബരചുംബികൾ … എഞ്ചിനീയറിംഗ് മേഖല പൂർണമായും ഇരുമ്പ്  കയ്യടക്കുകയായിരുന്നു. ഫ്രഞ്ച് ,ഇറ്റാലിയൻ, സ്പാനിഷ്, ജർമൻ ഭാഷകളിൽ റെയിൽ പാളങ്ങൾക്കു അയേൺ റോഡ് എന്നർത്ഥം വരുന്ന പദങ്ങൾ പോലുമായിരുന്നു ഉപയോഗിച്ചിരുന്നത്.

cast iron

സ്റ്റീൽ (ഉരുക്ക് )

രണ്ടു ശതമാനത്തിൽ താഴെ കാർബണും വളരെ കുറഞ്ഞ ശതമാനം മറ്റ്  മൂലകങ്ങളും ചേർന്ന ഇരുമ്പിന്റെ മറ്റൊരു രൂപമാണ് സ്റ്റീൽ അഥവാ ഉരുക്ക്. കാർബണിന്റെയും മറ്റു മൂലകങ്ങളുടെയും തോത് മാറുന്നതിനനുസരിച്ചു സ്റ്റീലിന്റെ സ്വഭാവത്തിലും മാറ്റം വരുന്നു. അത്കൊണ്ട് തന്നെ മാർദ്ദവമേറിയതും കുറഞ്ഞതും ഇലാസ്തികത കൂടിയതും കുറഞ്ഞതും എന്ന് തുടങ്ങി നമ്മുടെ അഭിലാഷത്തിനു അനുസരിച്ചുള്ള ഏതു തരം സ്റ്റീലും  ഉണ്ടാക്കാൻ കഴിയും. 1850  ൽ ഹെന്റി ബെസ്സെമർ (Henry Bessemer) പുതിയ സ്റ്റീൽ നിർമ്മാണ സാങ്കേതികവിദ്യ കണ്ടുപിടിച്ചതോടെ അതു വളരെ ലാഭകരമായി തീർന്നു. അതോടു കൂടി പച്ചിരുമ്പ് പൂർണമായും സ്റ്റീലിനു വഴി മാറി കൊടുത്തു.

ആധുനിക രസതന്ത്രത്തിന്റെ അടിത്തറ 

      1774 ൽ ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അന്തോണിയോ ലവോസിയേ (Antonio Lavoisier) ഒരു ഇൻകാന്റസെന്റ് അയേൺ ട്യൂബിൽ വെച്ച് നീരാവിയെയും ഇരുമ്പിനെയും പ്രവർത്തിപ്പിച്ച് ഹൈഡ്രജൻ വാതകം ഉണ്ടാക്കി. ഈ പരീക്ഷണമാണ് ദ്രവ്യ സംരക്ഷണ നിയമം ആവിഷ്കരിക്കുന്നതിനു കാരണമായത്. അതോടു കൂടി രസതന്ത്രം എന്നത് Qualitative Study മാത്രമല്ല Quantitative Study കൂടിയാണെന്ന് ശാസ്ത്രലോകത്തിന് മനസ്സിലായി. ഇനി നമുക്ക് ഇരുമ്പ് എന്ന മൂലകത്തിനെ കുറിച്ചുള്ള ചില വസ്തുതതകൾ പരിശോധിക്കാം.

ആവർത്തന പട്ടികയിലെ സ്ഥാനം 

അറ്റോമിക് നമ്പർ :     26  ഇലക്ട്രോൺ വിന്യാസം : 1s22s22p63s23p64s23d6
പീരിയഡ് :  4 ബ്ലോക്ക് d   
ഗ്രൂപ്പ് : 8 സംക്രമണ  മൂലകങ്ങൾ

ഇരുമ്പിന്റെ അയൽക്കാരായ കോബാൾട്ടിനും നിക്കലിനും രാസ, കാന്തിക സ്വഭാവങ്ങളിൽ ഇരുമ്പുമായി നല്ല സാമ്യമുള്ളതു കൊണ്ട്  ഇവ മൂന്നും അയേൺ തൃകങ്ങൾ (Iron Triad ) എന്നറിയപ്പെടുന്നു.

33 ഐസോടോപ്പുകളുടെ രൂപത്തിൽ ഇരുമ്പിനെ കാണാം. 

അതിൽ പ്രധാനപ്പെട്ടവ ഇവയാണ് 

   Fe56 (91.754 %,), Fe57 (2 .1 %) Fe 58(0 .28%)  

അത് കൊണ്ട് തന്നെ ഇരുമ്പിന്റെ അറ്റോമിക് ഭാരം അവയുടെ ആവറേജ് മൂല്യമായ 55.845  എന്നാണ് എടുക്കാറ്.

 രൂപാന്തരങ്ങൾ (Allotropy)

അന്തരീക്ഷ മർദ്ദത്തിൽ  ഇരുമ്പ് ആൽഫ (Alpha), ഗാമ(Gamma), ഡൽറ്റ (Delata) എന്നീ രൂപാന്തരങ്ങളിൽ കാണപ്പെടുന്നു. ഉയർന്ന മർദ്ദത്തിൽ എപ്സിലോൺ (Epsilon) രൂപാന്തരമായി മാറുന്നു. 

നിർമ്മാണം 

 i ) ലബോറട്ടറി നിർമ്മാണം 

ലബോറട്ടറിയിൽ വളരെ കുറഞ്ഞ അളവിൽ ഇരുമ്പ്  വേര്‍തിരിക്കുന്ന ചില രാസപ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു.

ii )  വ്യാവസായിക നിർമ്മാണം      

ഇരുമ്പയിരും കോക്കും കക്കയും ചൂളയുടെ മുകൾ ഭാഗത്തു നിന്നും താഴേക്കിടുന്നു. അതേ സമയം ഉയർന്ന ഊഷ്മാവുള്ള  വായു താഴെ നിന്നും മുകളിലോട്ട്  കടത്തി വിടുന്നു. ചൂളയുടെ ഉൾഭാഗം വ്യത്യസ്ത താപ നിലയിലായിരിക്കും. മുകളിൽ നിന്നും താഴോട്ട് പോകുന്തോറും താപനില കൂടുന്നു. രാസപ്രവർത്തനങ്ങളെല്ലാം.

ഊഷ്മാവിനെ ആശ്രയിച്ചായതു കൊണ്ട് വ്യത്യസ്ത സോണുകളിൽ (ZONE) വ്യത്യസ്ത രാസപ്രവർത്തനം നടക്കുന്നു.

ചിത്രം നോക്കുക 

കടപ്പാട് : http://www.technologystudent.com

ഇതിൽ കക്ക ഫ്ളക്സ് (Flux ) ആയി വർത്തിക്കുന്നു . ഇത് ഗ്യാങ് (Gangue ) ആയ സിലിക്ക(SiO2 )യുമായി പ്രവർത്തിച്ചു കാൽസ്യം സിലിക്കേറ് (CaSiO3) ഉണ്ടാവുന്നു. ഇത് വളമായും റോഡ് നിർമാണത്തിനും ഉപയോഗിക്കുന്നു. 

ഇങ്ങനെ ലഭിക്കുന്ന ഇരുമ്പിനെ പിഗ് അയേൺ (Pig Iron ) എന്ന് വിളിക്കുന്നു. ഇവയെ പിന്നീട് കാസറ്റ് അയേണും സ്റ്റീലുമൊക്കെ ആക്കി മാറ്റുന്നു

ഭൗതിക  സ്വഭാവം 

ദ്രവണാങ്കം(Melting Point ) 1538oC
 തിളനില ( Boiling Point ) 2816o
സാന്ദ്രത  (Density ) :  7.874 

നിറം : ശുദ്ധമായ ഇരുമ്പ് സിൽവർ ഗ്രേ നിറമുള്ള കണ്ണാടി പോലെയിരിക്കും. പക്ഷെ ഇത് പെട്ടെന്ന് തന്നെ ഓക്സിജനും ജലവുമായി പ്രവർത്തിച്ചു തവിട്ടു നിറമാകുന്നു.

ക്രിസ്റ്റൽ ഘടന 

BCC (  Body Centred Cubic) & FCC (Face Centred Cubic)

1180 K  വരെ ഇരുമ്പിന് BCC (  Body Centred Cubic) ക്രിസ്റ്റൽ ഘടനയാണ് ഉണ്ടാവുക. ഇതിലും ഉയർന്ന ഊഷ്മാവിൽ അത് FCC (Face Centred Cubic)   ആയി മാറും. ഈ സമയത്ത്  അവയുടെ സാന്ദ്രത 8 മുതൽ 9 ശതമാനം വരെ വർധിക്കും. അതുകൊണ്ട് തന്നെ ഇരുമ്പ് സാംപിളിന്റെ വലുപ്പം കുറയും.

കാന്തിക സ്വഭാവം 

തീവ്ര കാന്തിക സ്വഭാവത്തിൽപ്പെടുന്ന ഫെറോമാഗ്നെറ്റിക് (Ferromagnetic ) വിഭാഗത്തിൽ പെടുന്നതാണ് ഇരുമ്പ്. ഇരുമ്പിലെ കാർബണിന്റെ അംശം കൂടുന്നതിനനുസരിച്ച് കാന്തിക സ്വഭാവം കുറയുന്നു. ഒരു കാന്തിക മണ്ഡലത്തിൽ വെക്കുമ്പോൾ കാന്തിക സ്വഭാവം വർദ്ധിക്കുന്നു. അത് കൊണ്ട്  ഇലക്ട്രിക്ക് ട്രാൻസ്ഫോർമറുകൾ, മാഗ്നെറ്റിക് റെക്കോർഡിങ് ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഇരുമ്പ് ഉപയോഗിക്കുന്നു. പുറമേയുള്ള മാഗ്നെറ് എടുത്ത് മാറ്റിയാലും കാന്തിക സ്വഭാവം നില നിൽക്കും എന്നത് കൊണ്ട് കൃത്രിമ  കാന്തങ്ങൾ ഉണ്ടാക്കാൻ ഇരുമ്പ് ഉപയോഗിക്കുന്നു.   

ഓക്സീകരണാവസ്ഥ (Oxidation State)

 •  സാധാരണ ഓക്സീകരണാവസ്ഥ :+2,&+3  Eg:- FeCl2 (+2), FeCl3(+3)
 • പക്ഷെ -2 മുതൽ +7വരെ ഓക്സീകരണാവസ്ഥയുള്ള ഓർഗാനിക് സംയുക്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്. K2FeO4 (+6)   [FeO4](+7)
 • FeO4   നിർമിച്ചുവെന്നു അവകാശപ്പെട്ടെങ്കിലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല

 • Fe4[Fe(CN)6]3 Prussian Blue ൽ പുറത്തുള്ളFe  ക്ക് (+3)  ഉള്ളിലുള്ളതിനു(+2)വും

 രാസസ്വഭാവം 

 • ഓക്സൈഡുകൾ (Oxides)വളരെ യധികം ക്രിയാശീലത  ഉള്ളതുകൊണ്ട് ഇരുമ്പ് ഓക്‌സൈഡുകളായി കാണപ്പെടുന്നു
 • FeO –   ഇതൊരു കറുത്ത പൊടിയാണ്. ഗ്ലാസ് നിർമാണത്തിന് ഉപയോഗിക്കുന്നു.Fe2O3 (Haematite ) – ചുവന്ന തവിട്ടു നിറമാണിതിന്. പ്രകൃതിയില്‍ സുലഭമായി കാണുന്ന ഇരുമ്പിന്റെ പ്രധാനപ്പെട്ട ധാതുവാണിത്.
 • Fe3O4  (Magnatite ) .-ഇരുമ്പിന്റെ മറ്റൊരു പ്രധാനപ്പെട്ട ധാതുവാണിത്. കാന്തികസ്വഭാവം ഉണ്ട് എന്നതാണിതിന്റെ പ്രത്യേകത. ഇതിനെ (FeO.Fe2O3) എന്ന രൂപത്തിലും എഴുതാം
 • സൾഫൈഡുകൾ (Sulphides)

          Fe+ S→ FeS . കറുത്ത നിറമാണിതിന്.

 • ഫെറസ് ഡൈ സള്‍ഫൈഡ്  (FeS2) ന്റെ ധാതു ആണ് അയേൺ പൈറൈറ്റിസ് ( Iron Pyritis) . ഇതിന് ഇളം മഞ്ഞ നിറമായതിനാല്‍ വിഡ്ഢികളുടെ സ്വർണം എന്ന പേരിലും അറിയപ്പെടുന്നു.

 • ക്ലോറൈഡുകൾ (Chlorides)

 • ഗ്രീൻ വിട്രിയോൾ  (Green Vitriol)

 • മോർ സാൾട് (Mohr Salt)-  FeSO4.(NH4)2SO4.6H2O – ഇത് ഒരു ഡബിൾ സാൾട്ടാണ്
 •  കിപ്പ്സ്  ബേസ് (Kipps Base)

 ഹൈഡ്രജൻ സൾഫൈഡ്  ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കിപ്പ്സ് ഉപകരണത്തിൽ ഈ രാസപ്രവർത്തനമാണ് നടത്തുന്നത്.

 • ഇരുമ്പ് മെർക്കുറിയുമായി അമാൽഗം(Amalgam) ഉണ്ടാക്കില്ല .അത് കൊണ്ട്  മെർക്കുറി സൂക്ഷിക്കാൻ ഇരുമ്പ് പാത്രം ഉപയോഗിക്കുന്നു
 • ഓക്‌സൈഡ് ആവരണം ഉണ്ടാക്കുന്നത് കൊണ്ട്  ഗാഢ   നൈട്രിക് ആസിഡു(Conc.HNO3)മായി പ്രവർത്തിക്കില്ല . അതേ സമയം ഹൈഡ്രോക്ളോറിക്(HCl) ആസിഡുമായി പ്രവർത്തിക്കുന്നു .
 • തുരുമ്പിക്കൽ എന്നത് ഒരു ഇലെക്ട്രോകെമിക്കൽ പ്രവർത്തനമായതു കൊണ്ട് രണ്ടു വ്യത്യസ്ത ലോഹങ്ങളുടെ  സന്ധികളിൽ പെട്ടെന്ന് തുരുമ്പിക്കുന്നു. അത് കൊണ്ട് സ്റ്റീൽ ശുദ്ധമായ ഇരിമ്പിനേക്കാൾ വേഗം തുരുമ്പിക്കുന്നു.

ഇരുമ്പ് ജൈവ മണ്ഡലത്തിൽ

 • പ്രായപൂർത്തിയായ ഒരു മനുഷ്യ ശരീരത്തിൽ 4  ഗ്രാം വരെ ഇരുമ്പ് കാണപ്പെടുന്നു.
രക്തത്തിലെ ഹീമോഗ്ലോബിനിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു.
 • ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ(Metabolic Activities)ക്ക് സഹായിക്കുന്ന എൻസൈമുകളിലും (Enzymes) ഓക്സിജൻ -കാർബൺ ഡയോക്‌സൈഡ് ട്രാൻസ്പോർട്ടേഷന് സഹായിക്കുന്ന ഹീമോഗ്ളോബിനിലും(Haemoglobin) പേശികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന മയോഗ്ലോബിനിലും(Myoglobin) ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

 • നൈട്രജൻ ഫിക്‌സേഷന് സഹായിക്കുന്ന നൈട്രജനേസ് (Nitrogenase) എന്ന എൻസൈമിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
 • ഇരുമ്പും ഓക്സിജനും തമ്മിലുള്ള പ്രത്യേക തരത്തിലുള്ള ബന്ധനമാണ് രക്തത്തിന്റെ ചുവപ്പ് നിറത്തിനു കാരണം
 • ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞാൽ ഹീമോഗ്ളോബിൻ ഉൽപ്പാദനം കുറയുകയും അത് വിളർച്ച (അനീമിയ – anemia) ക്ക് കാരണമാവുകയും ചെയ്യുന്നു. ഇരുമ്പ് കുറവുകൊണ്ടുള്ള വിലർച്ച ഇന്ത്യയിൽ വളരെ വ്യാപകമാണ്. സ്ത്രീകളിലാണ് ഇത് കൂടുതലുള്ളത്. ഗർഭിണികളിൽ പൂർണ വളർച്ചയെത്താത്ത പ്രസവത്തിനു കാരണമാകുന്നു

ഭക്ഷണത്തിൽ നിന്നും നമുക്ക് രണ്ട്  തരത്തിലാണ് ഇരുമ്പു ലഭിക്കുക 

1. Heme Iron 

ഇവ പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു . ചുവന്ന മാംസം ,മീൻ ,മുട്ട , കോഴി ഇറച്ചി , താറാവ് ഇറച്ചി എന്നിവയിൽ ധാരാളമായി ഇത് അടങ്ങിയിട്ടുണ്ട് .

2. Non Heme Iron 

ഇവ പെട്ടെന്ന്  ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നില്ല. ചീര , തക്കാളി, ബ്രോക്കോളി, സിട്രസ് ,ഉരുളക്കിഴങ്ങ്, ബീൻസ്, പയർ വർഗ്ഗങ്ങൾ തുടങ്ങിയവയിലും ഇത്തരം അയേൺ ധാരാളമുണ്ട്

ചില വസ്തുതകൾ 

 • ചൊവ്വ   ഗ്രഹത്തിന്റെ ചുവപ്പു നിറത്തിനു കാരണം അയേൺ ഓക്‌സൈഡ് (Fe2O3 ) ആണ് .
 • നക്ഷത്രങ്ങളിൽ രൂപപ്പെടുന്ന ഏറ്റവും ഭാരമേറിയ ലോഹം ഇരുമ്പ് ആണ്..സൂപ്പർനോവയുടെ സമയത്താണ് ഇരുമ്പിനേക്കാള്‍   ആറ്റോമികഭാരമുള്ള ലോഹങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്.
 • Bloom  Iron :  ബ്ലൂമറി എന്നറിയപ്പെടുന്ന പ്രത്യേക തരം ചൂളയിൽ  അയേൺ ഓക്‌സൈഡിനെ സ്മെൽട്ടിങ് നടത്തിയാണ് Bloom  Iron ഉല്പാദിപ്പിക്കുന്നത് . ഇത് പൊള്ളയായ ഇരുമ്പാണ് .
 • ഭൂമിക്കടിയിലുള്ള ദ്രവ രൂപത്തിലുള്ള ഇരുമ്പ്  ഒരു ഇലക്ട്രിക്ക് കറന്റ് ഉണ്ടാക്കുന്നു. അതിൽ നിന്നും ഉണ്ടാകുന്ന കാന്തിക വലയമാണ് ഭൂമിയെ സംരക്ഷിക്കുന്നത് 
 • ഉൾക്കകളിൽ കാണപ്പെടുന്ന ഇരുമ്പിന്റെ രൂപമാണ് Siderite
  സിഡറൈറ്റ്‌ – FeCO3

ഭൂമിയിലെ ഇരുമ്പു തീരാറായോ?

 • ആഗോളതലത്തിൽ പ്രതിവർഷം ഉല്പാദിപ്പിക്കുന്ന ഇരുമ്പിന്റെ അളവ് ഒരു  ബില്യൺടൺ ആകുന്നു. അതുകൊണ്ട് തന്നെ രണ്ടു ലക്ഷം കോടി വർഷത്തേക്കുള്ള ഇരുമ്പ് ഭൂമിയിൽ നിന്ന് ഇനിയും ഖനനം ചെയ്തെടുക്കാം. അലുമിനിയത്തിന്റെ അളവ് അതി ഭീമമാണ്. പക്ഷെ കോപ്പറിന്റെ അളവ് കുറഞ്ഞു കൊണ്ടേ യിരിക്കുന്നു.
 • ചൈനയാണ് ലോകത്തിൽ ഏറ്റവും അധികം ഇരുമ്പ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യ നാലാം സ്ഥാനത്താണ്.
 • ഇന്ത്യയിൽ ഒറീസ്സ, ഛത്തീസ്‌ ഘട്ട്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഗോവ, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ഇരുമ്പ് കാണപ്പെടുന്നു. ഏറ്റവും അധികം നിക്ഷേപം ഒറീസ്സയിൽ ആണ്. 

 • ഉൽക്ക ഇരുമ്പ് –  ബിസി 3500ൽ  ഉണ്ടായതെന്ന് കരുതപ്പെടുന്ന ഉൽക്ക വർഷത്തിലുണ്ടായ ഉൽക്ക ഇരുമ്പ് ഈജിപ്ത്തിൽ നിന്നും കണ്ടെത്തി. ഇതിൽ 7.5 % ഇരുമ്പ് ഉണ്ട്. ഇതിനെ ജനങ്ങൾ സ്വർഗത്തിൽ നിന്നുള്ള ഇരുമ്പ് എന്ന് വിശ്വസിച്ചു. അവ ആയുധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചു.

Leave a Reply